Latest News

പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിലാണ് കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) മരണപ്പെട്ടത് . പാലാ പൊൻകുന്നം റോഡിൽ ഏകദേശം പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . ഉടൻ തന്നെ കാ ഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് പോകുവാൻ ടിക്കറ്റ് വാങ്ങി തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത് . മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. തോമസ് ജോസ് (സ്റ്റോക്ക് ഓൺ ട്രെന്റ് ), ആനി ജോസ് (അബർഡീൻ),മോളി തോമസ് (മാഞ്ചസ്റ്റർ), സാലി എബ്രഹാം (റിപ്പബ്ലിക് ഓഫ് അയർലൻഡ്) എന്നിവർ പരേതൻെറ പിതാവിൻെറ സഹോദരങ്ങളാണ് .

ജോസ് സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ.റോയൽ കോളജ് ഓഫ് സർജൻസിന്റെ കണക്കുപ്രകാരം ഇംഗ്ലണ്ടിൽ 5.6 മില്യൺ രോഗികളാണ് നിലവിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിൽസ കാത്തിരിക്കുന്നത്.

ഹിപ്പ് റീപ്ലേസ്മെന്റ്, ക്നീ റിപ്ലേസ്മെന്റ്, ജനറൽ സർജറി, ഗാൾബ്ലാഡർ നീക്കം ചെയ്യൽ, ഹെർണിയ തുടങ്ങിയ മുൻകൂട്ടി നിശ്ചയിക്കുന്ന ഓപ്പറേഷനുകളാണ് ഇത്തരത്തിൽ പലവട്ടം നീട്ടിവയ്ക്കപ്പെട്ടവയുടെ പട്ടികയിൽ ഏറ്റവും കൂടുതൽ.

കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം.

ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, ശ്വസതടസം, മറ്റ് അപകടങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ആംബുലൻസ് സേവനത്തിനായി വിളിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ എൻഎച്ച്എസ് സംഘം സ്ഥലത്ത് എത്തണമെന്നതാണ് ലക്ഷ്യം.

എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെ ശരാശരി സമയദൈർഘ്യം ഇപ്പോൾ എട്ടര മിനിറ്റാണ്. എൻഎച്ച്എസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി നാഷനൽ ഇൻഷുറൻസ് ടാക്സ് 1.25 ശതമാനം വർധിപ്പിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ എൻ. എച്ച്. എസിന് മേലുള്ള അമിത ജോലിഭാരമാണ് പ്രശ്നങ്ങളുടെ കാതലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

വിവാദ വ്ളോഗര്‍ സഹോദരങ്ങളായ ഇബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ ട്രാവലറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.

ഇബുള്‍ ജെറ്റിനെതിരായ കേസില്‍ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂര്‍ ആര്‍ടിഓഫീസില്‍ എത്തി ബഹളം വയ്ക്കുകയും, പൊതുമുതല്‍ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും ചെയ്ത കേസിലാണ് ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായത്. റിമാന്‍ഡിലായതിന്റെ പിറ്റേ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അമ്മയെ മകള്‍ വെട്ടിക്കൊന്നു. മകള്‍ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. രാവിലെ 8 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.

അന്നമ്മയ്ക്ക് തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പോലീസ് പറഞ്ഞു. അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി.

ലീല വിവാഹിതയാണെങ്കിലും മക്കളും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഇവരെ വീട്ടില്‍ വരാന്‍ ലീല സമ്മതിച്ചിരുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ പോലീസുകാരനെ കണ്ടെത്തി. മൂക്കന്നൂരിലെ ലോഡ്ജിൽ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ സിപിഒ ആയ മുളംതുരുത്തി കരോട്ട് കുരിശ് ഇളത്തിക്കര വീട്ടിൽ രാഹുൽ വാസു (32)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുത്തൻകുരിശ് സ്റ്റേഷനിൽ ജോലി കഴിഞ്ഞ് വൈകുന്നേരത്തോടെയാണ് മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്.

ലോഡ്ജിലെ മുറി ഇന്ന് ഏറെ വൈകിയും മുറി തുറക്കാതെ വന്നപ്പോൾ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി പരിശോധിച്ചപ്പോഴാണ് രാഹുൽ വാസുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു . ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല

 

ആലപ്പുഴ:ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃപാഠമായി പാടുന്ന മലയാളി സഹോദരിമാരായ ആഗ്നസിനും തെരേസയ്ക്കും യു.ആർ.എഫ് ലോക റെക്കോർഡ്.

ഓസ്ട്രേലിയ ബ്രിസ്ബണിൽ താമസക്കാരായ ഇവർ കഴിഞ്ഞ 9 വർഷമായി ലോകത്തിലെ മുഴുവൻ രാജ്യങ്ങളെ കുറിച്ചും രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളെകുറിച്ചും അന്താരാഷ്ട്ര ഭാഷകളെ കുറിച്ചും ഇതിനോടകം ഗവേഷണം നടത്തി കഴിഞ്ഞു.

യു.ആർ.എഫ് വേൾഡ് റിക്കാർഡ് സിഇഒ ഗിന്നസ് സൗദീപ് ചാറ്റർജി, ഇൻ്റർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫ്, ജൂറി അംഗങ്ങളായ ഡോ.ജോൺസൺ വി. ഇടിക്കുള, ഡോ.പീറ്റർ കാറ്റ് , അനറ്റ് ബ്രൗൺലേ, ബ്രൈഡി ലീ ബാർട് ലെറ്റ് (ഓസ്ട്രേലിയ) എന്നിവരടങ്ങിയ സമിതിയാണ് ലോക റിക്കോർഡിനായി പരിഗണിച്ചത്.

ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില്‍ ‘സല്യൂട്ട് ദി നേഷൻ’ എന്ന ഈ പ്രോഗ്രാം അവതരിപ്പിച്ച് ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുമായുള്ള പരിശ്രമത്തിന്റെ ഭാഗമാകാനും ഇതിലൂടെ ലഭിക്കുന്ന പണം യുണൈറ്റഡ് നേഷന്റെ സമാധാന പ്രവർത്തങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കും വ്യക്തികൾക്കും നൽകാനാണ് ഇവർ ആഗ്രഹിക്കുന്നത്. ലോക സമാധാന ദിനമായ സെപ്റ്റംബർ 21ന് ഓസ്‌ട്രേലിയയി ബ്രിസ്‌ബെൻ സിറ്റിയിലുള്ള സെൻ്റ് ജോൺസ് കാത്തീഡ്രൽ ഹാളിൽ രാവിലെ 9.30 മുതൽ തുടർച്ചയായി 6 മണിക്കൂർ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃ പാഠമായി പാടി ആഗ്നസും തെരേസയും ലോക റിക്കോർഡിൽ മുത്തമിടും.യുആർഎഫ് വേൾഡ് റെക്കോർഡ് ടീമുകൾ സാക്ഷ്യം വഹിക്കും.ഐക്യരാഷ്ട്രസഭ അസോസിയേഷന്‍ ഓസ്‌ട്രേലിയയും ആഗ്നസ് ആന്റ് തെരേസ പീസ് ഫൗണ്ടേഷനുമാണ് സംഘാടകർ.

ആലപ്പുഴ ജില്ലയിൽ ചേർത്തല തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ എഴുത്തുകാരനും സംവിധായകനുമായ ജോയ് കെ മാത്യുവിന്റേയും നഴ്സ് ആയ ജാക്‌ല്യിൻ്റെയും മക്കളാണ് ആഗ്നസും തെരേസയും.

അരീക്കര: മുപ്രാപ്പള്ളിൽ കെ സി പീറ്റർ (74 ) നിര്യാതനായി. പരേതൻ കരുണാകരൻ മന്ത്രിസഭാ കാലത്ത് കേരളാ സ്‌റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട് , മൃതസംസ്കാരം പിന്നീട് അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തപ്പെടും. ഭാര്യ അനിയമ്മ കല്ലറ വിരുത്തികുളങ്ങര കുടുംബാഗമാണ്. മക്കൾ: ജയൻ പീറ്റർ (യുകെ) , പ്രിയൻ പീറ്റർ (യുകെ ), പ്രീതി അരുൺ മരുമക്കൾ: ബിനി ആയാംകുടിയിൽ( യുകെ ) ,ഷൈനി പുത്തൻപുരയിൽ(യുകെ ) ,അരുൺ കൊടിയന്തറ.

കെ സി പീറ്ററിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

അന്തരിച്ച നടന്‍ സിദ്ധാര്‍ഥ് ശുക്ലയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വര്‍ദ്ധനവ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 4.5 മില്യണ്‍ ആയി. സിദ്ധാര്‍ഥ് മരണത്തിന് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ ഒരു മില്യണ്‍ ആളുകളാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുടേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 2ന് ആണ് സിദ്ധാര്‍ഥ് അന്തരിച്ചത്. 40 വയസായിരുന്നു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പെട്ടന്നുണ്ടായ ഹൃദയാഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മോഡലിംഗിലൂടെയാണ് സിദ്ധാര്‍ഥ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലിക വധു ആണ് ആദ്യ സീരിയല്‍. നിരവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ത്ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 വിന്നറായത് കരിയറില്‍ വഴിത്തിരിവായി. ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.

ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരുന്നു ഷെഹ്നാസ് ഗില്ലുമായുള്ള സൗഹൃദം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ജനപ്രിയ സംഗീത വീഡിയോകളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമരം. അടുത്തിടെ അന്തരിച്ച നിര്‍മ്മാതാവ് നൗഷാദിന് ഭ്രമരം സിനിമയുടെ നിര്‍മ്മാണത്തിലുള്ള പങ്കിനെ കുറിച്ചാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ഭ്രമരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നൗഷാദിന് നിര്‍മ്മാണ പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. എന്നാല്‍ താന്‍ അതേ കുറിച്ച് നെറ്റില്‍ അടിച്ചു നോക്കുമ്പോള്‍ ഭ്രമരത്തില്‍ നൗഷാദിന്റെ പേര് കാണുന്നില്ല. വേറൊരു മുസല്‍മാന്റെ പേരാണുളളത്. രണ്ട് നിര്‍മ്മാതാക്കളാണ് അതിനുളളത്.

അമേരിക്കയില്‍ നിന്നുളള ഒരു നിര്‍മ്മാതാവ് തന്നെ വിളിച്ചിട്ട് പറഞ്ഞത് ആ പടത്തിന് വേണ്ടി ആറു കോടി രൂപ മുടക്കിയിട്ട് തന്റെ നാല് കോടി പോയി സാര്‍ എന്നാണ്. അദ്ദേഹം സെപ്റ്റംബര്‍ 15-ാം തീയതി നാട്ടിലേക്ക് വരുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നൗഷാദിന് അതില്‍ മുതല്‍ മുടക്കുണ്ടെന്ന് പറയുന്നു.

തനിക്ക് അറിയില്ല. താന്‍ ഇതൊക്കെ ബ്ലെസിയെ വിളിച്ച് ചോദിക്കുന്നത് എങ്ങനെയാ എന്ന് വീഡിയോയില്‍ ശാന്തിവിള ദിനേശ് പറയുന്നു. 2009ല്‍ പുറത്തിറങ്ങിയ ഭ്രമരം രാജു മല്ലിയത്, എ.ആര്‍ സുള്‍ഫിക്കര്‍ എന്നിവരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം ഭൂമിക ചാവ്‌ല, സുരേഷ് മേനോന്‍, മുരളി ഗോപി എന്നിവരും വേഷമിട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പങ്കുവെച്ച ഒരു വിഡിയോ. താഴ്ന്ന് പറക്കുന്ന ഡ്രോൺ ഇരയാണെന്ന് കരുതി വായിലാക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ ആകർഷിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് വിഡിയോ. ഡ്രോൺകമ്പനി മാനേജർ പങ്കുവെച്ച വിഡിയോ പിച്ചെ അടക്കം നിരവധിപ്പേർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

വെള്ളത്തിൽ കിടക്കുകയായിരുന്ന ചീങ്കണ്ണിയുടെ തലയ്ക്ക് മുകളിലൂടെ പറന്ന ഡ്രോൺ ഇരയാണെന്ന് കരുതി ചീങ്കണി വായിലാക്കി. തുടർന്ന് വായിലിട്ട് ഡ്രോൺ കടിച്ച് പൊട്ടിക്കുന്നതും വായിൽ നിന്ന് പുക പടരുന്നതും വിഡിയോയിൽ കാണുന്നുണ്ട്. അതേസമയം വെള്ളത്തിൽ കിടക്കുന്ന ചീങ്കണ്ണിയുടെ ക്ലോസപ്പ് ഷോട്ട് എടുക്കുന്നതിടെയിലാണ് ചീങ്കണ്ണി ഡ്രോൺ വായിലാക്കിയത്.

വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായതോടെ നിരവധിപ്പേരാണ് ഡ്രോൺ നിയന്ത്രിച്ച ആൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കണമെന്നും ഇത് മൃഗങ്ങളുടെ ജീവനെ ദോഷമായി ബാധിക്കും എന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നത്. ഈ ക്രൂരതയ്‌ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.

 

RECENT POSTS
Copyright © . All rights reserved