Latest News

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം മലയാള സിനിമയില്‍ പ്രസിദ്ധമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഗൗരവത്തിനും ശുണ്ഠിക്കുമൊപ്പം ചെറിയ കുറുമ്പുകളും മമ്മൂട്ടിക്കുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട്. അത് താന്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുമുണ്ട്. ഉദാഹരണം പറയാം, നമുക്ക് അടുത്ത 16-ാം തീയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തീയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം എന്ന ‘ഇല്ല, അന്ന് പറ്റില്ല എന്നായിരിക്കും’.

അതുകൊണ്ട് ഒരിക്കലും 16-ാം തീയതിയാണ് നമ്മുടെ ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തീയതിയോ 13-ാം തീയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തീയതി എന്ന് ചോദിക്കുക. അത് ഓക്കെയിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നു തന്നെയാണ്. ഇതിനെ സ്‌നേഹ കുറുമ്പ് എന്നാണ് താന്‍ വിളിക്കാറുള്ളത് എന്നും മോഹന്‍ലാല്‍ പറയുന്നു.

വെള്ളിത്തിരയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. താരത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ആശംസ.

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയില്‍ ലക്നോവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. ബാല ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്നമില്ലെന്നും ബാല അറിയിച്ചതായി രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടതയാണ് വിവരം.

സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. വിവാഹം കേരളത്തില്‍ വെച്ചു തന്നെയായിരിക്കുമെന്നാണ് സൂചന.

സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മിഷേലിന്റെ കുടുംബം.

മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ പൊലീസ് കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. 2017 ലാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ മിഷേല്‍ ഷാജിയെ കണ്ടെത്തിയത്.

2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്ത് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി മുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

മിഷേലിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ 2017 മാര്‍ച്ച് അഞ്ചിനാണ് കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊച്ചി കായലില്‍നിന്നും അടുത്ത ദിവസം മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്പോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു.

എന്നാല്‍ ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. കൂടാതെ മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ നാടുവിട്ട യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

കൃഷ്ണഗിരി കാവേരിപ്പട്ടണത്തിനു സമീപത്തായാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്.

എന്നാല്‍ ഇവിടെയെത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു. കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്നു ഇന്നലെ മുതല്‍ രഞ്ജിനിയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, രഞ്ജിനിയുടെ മരണത്തിനു ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നു പൊലീസ് പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഡോക്ടറെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടത്തല കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ്(36) അറസ്റ്റിലായത്. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദിച്ച സംഭവത്തിലാണ് മുഹമ്മദ് കബീര്‍ അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഓഗസ്റ്റ് 3ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ആശുപത്രി അത്യാഹിത വിഭാഗത്തിനു മുന്‍പിലാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. ഭാര്യയും ഒമ്പതു വയസ്സുള്ള കുട്ടിയുമായി ചികിത്സയ്‌ക്കെത്തിയതായിരുന്നു പ്രതി.

കോവിഡ് രോഗബാധിതയായ ഭാര്യ ആശുപത്രിയിലെത്തുമ്പോള്‍ നെഗറ്റീവായിരുന്നതായി പറയുന്നു. കുട്ടിക്ക് പനിയും വയറുവേദനയും ഉണ്ടായിരുന്നു. കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കു മര്‍ദനമേറ്റത്. പിന്നില്‍നിന്നായിരുന്നു ആക്രമണം.

വനിതാ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഡോക്ടറെ ഇയാളുടെ ആക്രമണത്തില്‍നിന്നു രക്ഷപെടുത്തിയത്. ഭാര്യയോടു സംസാരിച്ചത് ഇഷ്ടപ്പെടാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്നാണു വിലയിരുത്തല്‍.

വിദേശത്തായിരുന്ന പ്രതി രണ്ടാഴ്ച മുന്‍പാണ് അവധിക്കെത്തിയത്. സംഭവംനടന്നു പത്തു ദിവസത്തിനുശേഷമാണ് പ്രതി കീഴടങ്ങിയത്. പ്രതിയെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളില്‍ നിന്നുള്‍പ്പടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും കോവിഡ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്നു കഴിഞ്ഞ ദിവസം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സഖറിയാസ് മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. അതേസമയം ഡോക്ടര്‍ക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ രക്ഷപ്പെടുത്താനുള്ള വ്യാജ പരാതിയാണ് ഇതെന്നാണ് പൊലീസ് വിലയിരുത്തല്‍.

പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനുള്ള ആവേശത്തില്‍ ആദ്യമായി റോഡിലിറങ്ങിയ എട്ടാം ക്ലാസുകാരി അപകടത്തില്‍ മരിച്ചു. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകള്‍ വൃന്ദ വിനോദാണ് മരിച്ചത്.

ഏറെ നാള്‍ കാത്തിരുന്നാണ് വൃന്ദയ്ക്ക് സൈക്കിള്‍ കിട്ടിയത്. ഇതിന്റെ സന്തോഷത്തില്‍ കൂട്ടുകാരെ കാണിക്കാനായി പോകുകയായിരുന്നു വൃന്ദ. എന്നാല്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു സൈക്കിള്‍ മതിലില്‍ ഇടിച്ചു.

സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിച്ചിരുന്നു. ചെറുകുടലിനു പരുക്കേറ്റ വൃന്ദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒരാഴ്ച മുന്‍പാണ് അപകടമുണ്ടായത്. പുറമേ കാര്യമായ പരുക്കുണ്ടായിരുന്നില്ല. ഛര്‍ദിയുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

വിശദ പരിശോധനയില്‍ ചെറുകുടലിനു പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്കു തിരികെ എത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു മരണം. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം ഇന്ന് 11നു മാവൂര്‍ റോഡ് ശ്മശാനത്തില്‍.

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ മൊബൈല്‍ നമ്പര്‍ പ്രചരിച്ചതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയില്‍ പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവര്‍ ആരോപിക്കുന്നു.

പൊതുശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതത്തിലായത്.

ഇവര്‍ സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് സാമൂഹിക മാധ്യമത്തില്‍കൂടി തുറന്നുപറഞ്ഞ് വീഡിയോ ഇട്ടിരുന്നു ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. ദിവസവും അന്‍പതോളം ഫോണ്‍ കോളുകളാണ് ഇവരുടെ നമ്പറിലേക്ക് വരുന്നത്.

ഇവര്‍ തയ്യല്‍ സ്ഥാപനം തുടങ്ങിയിട്ട് 9 മാസമായി. വസ്ത്രം തുന്നി നല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നാണ് വീട്ടമ്മ ചോദിക്കുന്നത്. ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍.

സംഭവത്തില്‍ പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും നമ്പര്‍ മാറ്റൂവെന്ന നിര്‍ദേശമാണ് പൊലീസ് നല്‍കിയത്.’എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.’ കണ്ണീരോടെ ഇവര്‍ ചോദിക്കുന്നു.

ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകൻ സുരേഷ് ചാലിയത്ത് ജീവനൊടുക്കി.  സദാചാര ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ച മനോവിഷമത്തില്‍ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. പ്രശസ്ത ചിത്രകാരനും സിനിമ ആര്‍ട് ഡയറക്ടറുമായ സുരേഷ 44 ചാലിയത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ്
ഒരു സ്ത്രീയുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് വാഹനങ്ങളിലായി സദാചാര ഗുണ്ടകള്‍ സുരേഷിന്റെ വലിയോറ ആശാരിപ്പടിയിലെ വീട്ടില്‍ വന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അമ്മയുടെയും മക്കളുടെയും മുന്നില്‍ വച്ച് സുരേഷിനെ അസഭ്യമായി ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തിലായിരുന്നു സുരേഷ് എന്നും അതിനാലാണ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹമുള്ളത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു സുരേഷ്. മലപ്പുറത്തെ സാംസ്‌കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനുമായിരുന്ന സുരേഷിന്റെ വേര്‍പാടില്‍ നിരവധി പേര്‍ അനുശോചനം അറിയിക്കുന്നുണ്ട്

നോബി ജെയിംസ്

3 കിലോ താറാവ്
ചെറുതാക്കി കഴുകി മസാല ഇട്ടു വയ്ക്കാം
അതിലേക്ക്
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടീസ്പൂൺ മുളകുപൊടി
2 ടീസ്പൂൺ കുരുമുളകുപൊടി
2 ടീസ്പൂൺ പെരുംജീരകം
1 ടീസ്‌പൂൺ ഗരം മസാല
ആവശ്യത്തിന് ഉപ്പും ഇട്ടു തിരുമ്മി വയ്ക്കാം അതിനു ശേഷം
4 ടേബിൾസ്പൂൺ മല്ലിപൊടി
1 ടീസ്പൂൺ മഞ്ഞൾപൊടി
2 ടീസ്പൂൺ മുളകുപൊടി
1 ടേബിൾസ്പൂൺ ഗരംമസാല
1 ടേബിൾസ്പൂൺ പെരുംജീരകം
3 ടേബിൾസ്പൂൺ കുരുമുളക്‌
ഇവ ചൂടാക്കി പച്ചച്ചുവ മാറ്റി എടുത്തു അരച്ചെടുക്കാം
പിന്നീട് ചെറുതായി അരിഞ്ഞ
200 ഗ്രാം ഇഞ്ചി
150 ഗ്രാം വെളുത്തുള്ളി
9 പച്ചമുളക്
ആവശ്യത്തിന് കറിവേപ്പില
ഒരു പാനിൽ എണ്ണചൂടാക്കി വാടി വരുമ്പോൾ അതിലേക്ക് സവോളയും ഇട്ടു വാടി വരുമ്പോൾ അരച്ചുവച്ച മസാല ചേർക്കുക . കൂടെ തക്കാളിയും ചേർത്ത് ഇളക്കി അതിലേക്കു താറാവ് ഒരു പാനിൽ ഒന്ന് വറുത്തു ഇടുക . പിന്നീട് അത് ഒന്ന് ഇളക്കി ചെറു തീയിൽ വേവിച്ചെടുക്കുക . അത് വീഡിയോയിൽ കാണുന്നപോലെ പറ്റി വരുമ്പോൾ അതിലേക്ക് കടുക് വറുത്തു ചേർക്കുക. അങ്ങനെ നമ്മുടെ പഴയകാല താറാവ്‌ റോസ്‌റ്റ് തയ്യാറാക്കാം.അപ്പൊ അടുത്തൊരു പാചകവുമായി കാണാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ : ഓണവും , ഓണമുണർത്തുന്ന ഓർമ്മകളും ലോകമലയാളിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണെങ്കിൽ ഓണസ്മരണകൾ ഉണർത്തുന്ന ഓണപ്പാട്ടുകളും എക്കാലവും മലയാളിക്ക് ജീവിതത്തിന്റെ ഭാഗമാണ് . കോവിഡ് മഹാമാരിയുടെ കാലത്തും സമൃദ്ധിയുടെ ഓലക്കുടയുമേന്തി വരുന്ന ഓണത്തെ വരവേൽക്കാൻ ഇത്തവണ ഗാന ഗന്ധർവൻ കെ ജെ യേശുദാസും പ്രശസ്ത സംഗീത സംവിധായൻ മോഹൻ സിത്താരയും ചേർന്ന് ഓണ വിശേഷങ്ങൾ എന്ന ആൽബം മലയാളികർക്ക് സമർപ്പിക്കുന്നു . ലണ്ടൻ ആസ്ഥാനമായി ലോകമെമ്പാടുമുള്ള മലയാളികളെ സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേർസ് വാലി ഓൺലൈൻ മ്യൂസിക്ക് അക്കാഡമി ‘യുടെ നേതൃത്വത്തിൽ സുരേന്ദ്രൻ ചെമ്പുക്കാവ് എഴുതി മോഹൻ സിത്താര ഈണം നൽകിയ, ഓണം വന്നേ ഓണം വന്നേ……. എന്ന് തുടങ്ങുന്ന ഗാനം മലയാളികൾക്ക് പഴയ കാല ഓണ വിശേഷങ്ങൾ പങ്കുവെക്കുന്ന വളരെ ഹൃദ്യമായ ഒരു ഓണവിരുന്നായിരിക്കും.

ഗാന ഗന്ധർവ്വൻ പദ്മവിഭൂഷൻ ഡോ: കെ.ജെ യേശുദാസിനോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നായി ട്യൂട്ടേഴ്സ് വാലി ഓൺലൈൻ സംഗീത അക്കാദമിയിലെ 25 ഓളംവിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ
ഓണ വിശേഷങ്ങൾ .. അത്തം നാളായ ഇന്നലെ മലയാളികൾക്ക് സമർപ്പിച്ചു .

സംഗീത സംവിധായകരായ ബേണി, മോഹൻ സിത്താര ,എന്നിവരോടൊപ്പം പിന്നണി ഗായകൻ ഫ്രാങ്കോ യും ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്ത ഈ ഗാനം ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ തരംഗമായി മാറിയിട്ടുണ്ട് , എല്ലാ ഉത്സവകാലത്തും പ്രമുഖ സംഗീത സംവിധായകരെയും , ഗാന രചയിതാക്കളെയും കൊണ്ട് ചിട്ടപ്പെടുത്തി പ്രമുഖ പിന്നണി ഗായകരെ കൊണ്ട് പാടിച്ചു ട്യൂട്ടേഴ്സ് വാലി അക്കാദമിയിലെ ലോകമെമ്പാടുമുള്ള വിദ്യാർഥികളെയും ചേർത്തിണക്കി അവതരിപ്പിക്കുന്ന സംഗീത ആൽബങ്ങളുടെ ഗണത്തിലേയ്ക്ക് ഈ ഓണക്കാലത്ത് ദാസേട്ടനെ കൊണ്ട് പാടിക്കുവാനും തങ്ങളുടെ കുട്ടികളെ ദാസേട്ടനൊപ്പം പാടിക്കുവാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നുവെന്നും ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ് പറഞ്ഞു , പാട്ട് കേൾക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Copyright © . All rights reserved