എറണാകുളം ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു.
മകന്റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപാതകം നടത്തിയതെന്ന് സോമന്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ക്യാൻസർ രോഗിയായിരുന്ന സോമൻ കുറേ കാലമായി മകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് സോമൻ മകന്‍റെ അടുത്തേക്ക് മടങ്ങിയെത്തിയത്. എന്നാൽ എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന മകൻ, അച്ഛനെ മദ്യപിക്കുന്നത് പതിവായി. നാട്ടുകാർ ഈ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും വഴക്ക് തുടർന്നു.
കഴിഞ്ഞ ദിവസവും ഉച്ചയോടെ പുറത്തു പോയി മടങ്ങിയെത്തിയ സന്തോഷ് അച്ഛനുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു. വൈകുന്നേരത്തും രാത്രിയിലും നിരവധി തവണ ഇവരുടെ വീട്ടിൽനിന്ന് ബഹളം കേട്ടെങ്കിലും സ്ഥിരം സംഭവമായതിനാൽ അയൽക്കാർ ഇടപെട്ടില്ല. രാത്രി പന്ത്രണ്ട് മണിയോടെയാണ് കൊലപാതകം നടത്തിയതെന്ന് സോമൻ പൊലീസിനോട് പറഞ്ഞു. തന്നെ തുടർച്ചയായി മർദ്ദിച്ചതോടെ അടുത്തിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
പിന്നീട് അയൽക്കാരോട് വിവരം പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സന്തോഷ് മരണപ്പെട്ടിരുന്നു. ഉടൻ തന്നെ പൊലീസ് സോമനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സന്തോഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം കൊച്ചി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.
ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ മേയർ എം.കെ. വർഗീസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല എന്ന് എ ജയശങ്കർ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
അല്പനെ മേയറാക്കിയാൽ, അർദ്ധരാത്രി സല്യൂട്ട് ചോദിക്കും.
നെട്ടിശ്ശേരി ഡിവിഷനിൽ കോൺഗ്രസ് റിബലായി ജയിച്ച് ഇടതുപക്ഷ പിന്തുണയോടെ മേയറായ പുങ്കനാണ് എംകെ വർഗീസ്. കൊടി വച്ച കാറിൽ പൊടി പറപ്പിച്ചു പോകുമ്പോൾ പോലീസ് തീരെ ഗൗനിക്കുന്നില്ല, സല്യൂട്ട് അടിക്കുന്നില്ല. എസ്പിയോട് പറഞ്ഞു, ഐജിയോടും പറഞ്ഞു. ഫലമില്ല. അതുകൊണ്ട് ഡിജിപിക്കു പരാതി കൊടുത്തു. ഉത്തരവ് കാത്ത് തെക്കോട്ട് നോക്കി ഇരിക്ക്യാണ് ഗഡി.
മുമ്പും ഒരു മേയറെയും പോലീസ് സല്യൂട്ട് അടിച്ചിട്ടില്ല. അവർക്കാർക്കും പരാതി ഉണ്ടായില്ല. കാരണം, പോലീസ് സ്റ്റാൻഡിങ് ഓഡർ പ്രകാരം മേയർക്കോ മുൻസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ സല്യൂട്ട് അടിക്കാൻ വ്യവസ്ഥയില്ല.
നഗരപിതാവിൻ്റെ വാഹനം കാണുമ്പോൾ തിരിഞ്ഞു നിന്നു പൃഷ്ഠം കാട്ടുന്ന തൃശ്ശൂർ പോലീസിന് ബിഗ് സല്യൂട്ട്!
പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ആമിര്‍ ഖാന്‍ വിവാഹ മോചനത്തിലേക്ക്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവര്‍ പറഞ്ഞു.
മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും തങ്ങള്‍ ഒരുമിച്ച് തന്നെ അവനെ മുന്നോട്ടു വളര്‍ത്തുമെന്നും ആമിറും കിരണും പറയുന്നു.
നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍.
1986ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആമിറും നടി റീന ദത്തയും വിവാഹിതരാകുന്നത്. ശേഷം 2002ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.
കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും.
വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കിരണിന്റെ കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍ വാദിച്ചു.
ഷൊര്‍ണൂര്‍ സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയില്‍ ഹാജരായത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയില്‍ എത്തിയിരുന്നു. വിസ്മയയുടെ മരണത്തില്‍ അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്.
നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോള്‍ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല.
ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാന്‍ 5ലേക്ക് ഹര്‍ജി മാറ്റിയത്. ശാസ്ത്രീയ തെളിവുകള്‍, സാങ്കേതിക തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം. വിസ്മയ തൂങ്ങിമരിച്ചുവെന്ന കിരണ്‍ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസില്‍ നിര്‍ണായകമാണ്.
ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്.
അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം ബ്രിട്ടനിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈീനു ശേഷമായിരുന്നു അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരചടങ്ങിനും ഹാരി അമേരിക്കയിൽനിന്നും ബ്രിട്ടനിൽ എത്തിയിരുന്നു. അമ്മയുടെ സ്നേഹവും ശക്തിയും ഓർമവരുന്ന നിമിഷങ്ങളിലാണ് ഇപ്പോൾ ഉള്ളതെന്ന് ഇരുവരും ചടങ്ങിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.
ഡയാനയുടെ രണ്ടു സഹോദരിമാരും സഹോദരനും ചടങ്ങിൽ സംബന്ധിക്കാനെത്തി. വില്യമിന് പതിനഞ്ചും ഹാരിയ്ക്ക് പന്ത്രണ്ടും വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു 1997ൽ ഡയാന കാറപകടത്തിൽ മരിച്ചത്.
യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണു സർക്കാർ നീക്കം. കഴിയുന്നിടത്തോളം മഹാമാരിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാർഗരേഖ വരുദിവസങ്ങളിൽ പുറത്തുവിടും.
ചില കരുതൻ നടപടികളോടെയാകും ഈ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുക. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പൂർണമായും ഒഴിവാക്കാൻ സാധ്യതയില്ല. എങ്കിലും ക്വാറന്റീൻ റൂളുകളിലും യാത്രാവിലക്കുകളിലും ഇളവുണ്ടാകും.
വേനൽ അവധിക്കാലത്തു യാത്രകൾക്കായുള്ള ജനങ്ങളുടെ ആഗ്രഹം തനിക്ക് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഡബിൾഡോസ് വാക്സീനു മാത്രമേ ഇക്കാര്യത്തിൽ രക്ഷകനാകാൻ സാധിക്കൂ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൂടാതെ ഇയുവുമായി യാത്രാ നിയന്ത്രണങ്ങളിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ സംബന്ധിച്ച് ജോൺസണും മെർക്കലും തമ്മിൽ നിർണായക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്.
ബോറിസ് ജോൺസൺ ഇന്ന് ഏഞ്ചല മെർക്കലിനെ യുകെയിലേക്ക് സ്വാഗതം ചെയ്യും. തൻ്റെ കൺട്രി വസതിയായ ചെക്കറിലാണ് ജോൺസൺ മെർക്കലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം അവസാനം ജർമ്മൻ ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന മെർക്കലിന്റെ അവസാന യുകെ സന്ദർശനമാണിത്. .
കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ പ്രധാന ചർച്ചാ വിഷയമായ കൂടിക്കാഴ്ച വാക്സിൻ പാസ്പോർട്ടും ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇയു രാജ്യങ്ങളിൽ യാത്രാനുമതിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണനയ്ക്കെടുക്കും. മെർക്കൽ യൂറോപ്യൻ യൂണിയനോട് യുകെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ വിലക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാണ്
നോബി ജെയിംസ്
8 വെളുത്തുള്ളി
50 ഗ്രാം ഇഞ്ചി
1 സവോള
1 ടേബിൾസ്പൂൺ ചാട്ട് മസാല
1 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ ഉലുവയില
1 ടേബിൾസ്പൂൺ കുരുമുളകുപൊടി
1 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
1 ടീസ്പൂൺ ഗരം മസാല
20 ഗ്രാം പുതിന ഇല
20 ഗ്രാം മല്ലിയില
1 നാരങ്ങയുടെ നീര്
ഇവ എല്ലാം വീഡിയോയിൽ കാണുന്നപോലെ മിക്സിയിൽ ഒതുക്കി മിംസിൽ ചേർത്ത് നന്നായി ഇളക്കി കബാബ് സ്റ്റിക്കിൽ വീഡിയോയിൽ കാണുന്നപോലെ ചെയ്തെടുക്കുക. പിന്നീട് കുറച്ചു നേരം ഫ്രിഡ്ജിൽ വയ്ക്കുക. അല്പസമയത്തിനു ശേഷം ബാർബിക്യു ചെയ്തെടുക്കാം. അതല്ല എങ്കിൽ നന്നായി ചൂടാക്കിയ ഓവനിൽ ഗ്രിൽ ചെയ്തു എടുക്കാം. ഓവൻ ഇല്ലെങ്കിൽ പാനിൽ ഗ്രിൽ ചെയ്തും എടുക്കാം. ഒപ്പം സിംപിൾ ആയ തണ്ടൂരി സലാഡും ഉണ്ടാക്കി ഗാർലിക്‌സോസും മിന്റ് ചമ്മന്തിയും. രണ്ടു സോസും വീട്ടിൽ ഉണ്ടാക്കുന്ന വിധം (NOBYS KITCHEN നിലെ വീഡിയോ കണ്ടു നോക്കുക ) കബാബിന്റെ കൂടെ നാൻ ബ്രേഡോ പിസ്സ ബ്രഡോ കൂട്ടി കഴിക്കാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
നികുതിവെട്ടിപ്പ് നടത്തിയതിന് മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അലൻ വെയീസ്ബെർഗിനെ അറസ്റ്റ് ചെയ്തു. ട്രംപിന്‍റെ കമ്പനിയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏകദേശം 15 വർഷത്തോളം നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് മാൻഹട്ടൻ കോടതി ചീഫ് ഫിനാൻഷ്യൽ ഓഫീസർക്കെതിരെ കുറ്റം ചുമത്തിയത്.
ട്രംപിന്‍റെ കമ്പനികളിൽ രണ്ട് തരത്തിലുള്ള അക്കൗണ്ട് ബുക്കുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഒന്ന് കമ്പനിയുടെ അഭ്യന്തര ഉപയോഗത്തിനായിരുന്നു. ഈ ബുക്കിൽ ജീവനക്കാർക്ക് നൽകുന്ന അപ്പാർട്ട്മെന്റ്, കാർ, ഫർണീച്ചർ, ട്യൂഷൻ പേയ്മെന്റ്, ഗിഫ്റ്റുകൾ എന്നിവക്കായി മുടക്കിയ മുഴുവൻ പണത്തിേന്റയും വിവരങ്ങളാണ് ഉണ്ടാവുക. എന്നാൽ, രണ്ടാമത്തെ ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ബുക്കാണ് നികുതി വകുപ്പിന് കൈമാറിയതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ 15 വർഷേത്താളം നികുതിവെട്ടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഏകദേശം 900,000 ഡോളറിന്‍റെ നികുതി നഷ്ടം ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ട്രംപിന്‍റെ കമ്പനിയിലെ പല ജീവനക്കാരും കൃത്യമായ നികുതി നൽകിയിരുന്നില്ല. അതേസമയം, രാഷ്ട്രീയപ്രേരിതമായാണ് കുറ്റചുമത്തിയതെന്ന ആരോപണങ്ങൾ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നിഷേധിച്ചു.
കാമുകനൊപ്പം നാടുവിടുന്നതിനിടെ ബൈക്ക് അപകടത്തില്‍ വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പൊഴിയൂര്‍ കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര(35)യാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍.എം. മന്‍സിലില്‍ അന്‍സിലി(24)നാണു പരുക്കേറ്റത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ എം.സി. റോഡില്‍ കുളനട ടി.ബി. ജങ്‌ഷനു സമീപമുള്ള വളവിലാണ് അപകടം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നു വന്ന കൊറിയര്‍ വാഹനം അടൂര്‍ ഭാഗത്തുനിന്നു വന്ന ബൈക്കുമായി ഇടിച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്ന് റോഡിലേക്കു വീണ സുമിത്രയുടെ ശരീരത്തിലൂടെ എതിരേ വന്ന പിക്കപ്പ് വാന്‍ കയറിയിറങ്ങിയതായി സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്.
ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുമിത്രയെ രക്ഷിക്കാനായില്ല. മൃതദേഹം അടൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും തിരുവനന്തപുരത്തുനിന്നും വൈറ്റിലയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. സുമിത്ര വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് പോലീസ് പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി സുമിത്ര ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്നു യുവതിയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. വിവാഹബന്ധം പിരിയാന്‍ കേസു കൊടുത്തിരുന്നതായും പറയുന്നു.
അവിവാഹിതനായ അന്‍സില്‍ ഗള്‍ഫില്‍ ഡ്രൈവറായിരുന്നു. പ്രവാസം നിര്‍ത്തി നാട്ടില്‍ എത്തിയതാണ്. ഇരുവരും കമിതാക്കള്‍ ആയിരുന്നുവെന്നും വ്യാഴാഴ്‌ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും ഇരുവരും ഒളിച്ചോടുന്നതിടെയാണ് അപകടം സംഭവിച്ചതെന്നുമാണ് പോലീസിനു കിട്ടിയ വിവരം.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടെത്തിയ സ്വർണ്ണക്കടത്തിന്റെ പുതുവഴി പരീക്ഷിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി ഷാഫി (31) ആണ് പിടിയിലായത്. പാന്റ്സിനുള്ളിൽ സ്വർണം പൂശി മിശ്രിത രൂപത്തിലാക്കിയ സ്വർണം പെയിന്റ് അടിക്കുന്ന രീതിയിൽ പാന്റ്സിനുള്ളിൽ തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പെട്ടെന്നു കാണാതിരിക്കാൻ ലൈനിങ് മാതൃകയിൽ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു.
സ്വർണം പൂശിയ, 1.3 കിലോഗ്രാം ഭാരമുള്ള പാന്റ്സ് ധരിച്ചെത്തിയ യുവാവിനെ കസ്റ്റംസ് സംഘം കൈയോടെ പൊക്കുകയായിരുന്നു. ഡിആർഐക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാന്റ്സിൽ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോഗ്രാം സ്വർണം പൂശിയിട്ടുണ്ടെന്നാണു കരുതുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ സാന്നിധ്യത്തിൽ പാന്റ്സ് കത്തിച്ചാണു സ്വർണം ഉരുക്കിയെടുക്കുക. എന്നാൽ, വിദേശത്തുനിന്നെത്തിയ യുവാവിന്റെ ക്വാറന്റീൻ പൂർത്തിയായ ശേഷമേ തുടർ നടപടികളുണ്ടാകൂ. ക്വാറന്റീൻ കഴിഞ്ഞ് ഹാജരാകാൻ നോട്ടിസ് നൽകി യാത്രക്കാരനെ വിട്ടയച്ചു. പാന്റ്സ് കസ്റ്റഡിയിലെടുത്തു.