Latest News

വാണിജ്യ ഉപഭോക്താക്കൾക്ക് വെെദ്യുതി ഫിക്‌സഡ് ചാർജിൽ 25% ഇളവും, സിനിമ തിയേറ്ററുകൾക്ക് 50% ഇളവും നൽകാൻ തീരുമാനം. കോവിഡും ലോക്ക്ഡൗണും മൂലം വിവിധ മേഖലകൾ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. പ്രതിമാസം 30 യൂണിറ്റ് വെെദ്യുതി ഉപയോ​ഗിക്കുന്ന ​ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യ വെെദ്യുതി നൽകാനും തീരുമാനമായി.

വാണിജ്യ ഉപഭോക്താക്കള്‍ക്ക് 2021 മേയ് മാസത്തെ ഫിക്‌സഡ് ചാര്‍ജിൽ 25 ശതമാനം ഇളവും സിനിമ തീയേറ്ററുകള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ 50 ശതമാനം ഇളവും നല്‍കാനാണ് തീരുമാനം. ബാക്കി വരുന്ന തുക അടയ്ക്കാന്‍ മൂന്ന് പലിശ രഹിത തവണകള്‍ അനുവദിക്കും. പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റ് ഒന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും. നേരത്തെ 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ഇളവ് നല്‍കിയിരുന്നത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്കാര പ്രോട്ടോക്കോളിന് മാറ്റം വരുത്താൻ തീരുമാനം. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ട് പോകാൻ അനുമതി നൽകും. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരുമണിക്കൂറിൽ താഴെ വീട്ടിൽ വയ്ക്കാം. ചുരുങ്ങിയ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകും. കോവിഡ് ബാധിച്ച് മരിച്ചവരുടെ വായ്പയിൽ ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. ഉറ്റവർ മരിക്കുമ്പോൾ മൃതശരീരം ബന്ധുക്കൾക്ക് അടുത്തു കാണാൻ സാധിക്കാത്തത് പ്രശ്നമാണ്. പരിമിത മതാചാരം നടത്താനും ബന്ധുക്കൾക്കു കാണാനും സർക്കാർ അവസരം ഒരുക്കും. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാനും തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ടിപിആർ 6-12 ശതമാനമുള്ള പ്രദേശങ്ങള്‍ ബി, 12-18 ശതമാനമുള്ള പ്രദേശങ്ങള്‍ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാക്കി നിശ്ചയിക്കും. എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി-473, സി- 318, ഡി- 80 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുടെ കണക്ക്.

ന്യൂഡൽഹി: ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം നീക്കം ചെയ്ത് ട്വിറ്റർ. തിങ്കളാഴ്ച രാത്രിയോടെയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ തെറ്റായ ഭൂപടം മാറ്റിയത്.

ഇതു രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽപ്പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.

സംഭവത്തിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനം ഉയരുകയും നടപടി വേണമെന്ന് ആവശ്യം വ്യാപകമാവുകയും ചെയ്തിതിട്ടുണ്ട്. രാജ്യത്തിന്റെ ഭൂപടം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഐടി ആക്റ്റിലെ 69 എ പ്രകാരം പിഴയോ ഉദ്യോഗസ്ഥർക്ക് 7 വർഷം വരെ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് അധികൃതർ പറഞ്ഞു.ഇതുവഴി പൊതുജനങ്ങൾക്ക് ട്വിറ്ററിലേക്കുള്ള പ്രവേശനം തടയാനും സാധിക്കുമെന്നാണ് വിവരം.

സൗദി : സൗദിയിൽ മലയാളി നഴ്‌സ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടങ്ങി. ഭർത്താവിനെ വീഡിയോ കോൾ ചെയ്തുകൊണ്ടായിരുന്നു യുവതി ആത്മഹത്യാ ചെയ്തത്.
കൊല്ലം അഞ്ചൽ സ്വദേശിനിയായ നഴ്സ് മുഹ്സിനയാണ് സൗദിഅറേബ്യയിലെ മക്കയില്‍ മരിച്ചത്.

ഇക്കഴിഞ്ഞ 21-ന് മക്കയിലെ താമസസ്ഥലത്ത് മുഹ്സിനയെ മരിച്ച നിലയില്‍ കണ്ടെതുകയായിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി കെബി രവിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം തുടങ്ങി. മുഹ്സിനയുടെ വീട്ടുകാർ മുഹ്സിനയുടെ ഭർത്താവിനെതിരെ ആരോപണം ഉയർത്തിയിട്ടുണ്ട്.

ഒരു മാസം മുന്‍പ് മുഹ്സിനയുടെ ജോലി സ്ഥലത്ത് എത്തിയ ഭര്‍ത്താവ് സമീർ മുഹ്സിനയില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന് വീട്ടുകാർ പരാതിയില്‍ പറയുന്നു. സമീറിന്റെയോ സമീറിന്റെ വീട്ടുകാരുടെയോ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല. മുഹ്സിനയുടെ മരണം ആത്മഹത്യയെന്നാണ് സൗദി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ തീകൊളുത്തി യാത്രക്കാരന്‍ ആത്മഹത്യ ചെയ്തു.ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ ഇന്ന‌ു രാവിലെയാണു ജനത്തെ പരിഭ്രാന്തരാക്കി അജ്ഞാതന്‍ മരിച്ചത്. ഹണ്‍ട്രഡ് ഫീറ്റ് റോഡിലേക്കുള്ള യാത്രക്കിടെ ഫ്ലൈ ഓവറിലെത്തിയപ്പോള്‍ യാത്രക്കാരന്‍ പിന്‍ ഡോറുകള്‍ ലോക്ക് ചെയ്തതിനു ശേഷം തീകൊളുത്തിയെന്നാണു പ്രാഥമിക നിഗമനം.പൊള്ളലേറ്റതോടെ ഡ്രൈവര്‍ ചാടി രക്ഷപെട്ടു.പൂര്‍ണമായി കത്തിയമര്‍ന്ന കാറിലെ യാത്രക്കാരനെ തിരിച്ചറിഞ്ഞില്ല.കാറിന് തീപിടിച്ചതോടെ ഫ്ലൈ ഓവറില്‍ അരമണിക്കൂറിലേറെ സമയം ഗതാഗതം തടസപെട്ടു.

ആറാം ക്ലാസുകാരന്റെ വീട്ടിലെ കാഴ്ച്ച കണ്ട് പൊലീസിന്റെ നെഞ്ചു വിങ്ങി. കോവിഡിൽ ദുരന്തമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണ്. നാടിൻറെ വികസനം പറഞ്ഞു നടക്കുന്ന രാഷ്ട്രിയക്കാർക്കോ, പ്രമാണിമാർക്കോ ചിന്തിക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിൽ ചില ജീവിതങ്ങൾ…അതിനൊരു ഉദാഹരണമാണ് ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട പോലീസുകാരന്റെ കരുണ..

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ചു വിങ്ങി. ചിക്കനും അത്യാവശ്യം പലചരക്കു സാധനങ്ങളും വാങ്ങി കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച വിങ്ങലിനെ വേദനയാക്കി മാറ്റി. 5 വർഷമായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അമ്മയും പണിതീരാത്ത വീടുമാണ് പൊലീസിനെ വരവേറ്റത്.

ക്വാറന്റീനിലിരിക്കുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്കു ജനമൈത്രി സംഘം ഫോണിൽ വിളിച്ചപ്പോഴാണ് ആറാം ക്ലാസുകാരൻ സച്ചിൻ ഫോണെടുത്തത്. സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം എന്നു പൊലീസ് തിരക്കിയപ്പോൾ നിഷ്കളങ്കമായി സച്ചിൻ പറഞ്ഞു, ‘ഇവിടെ എല്ലാവർക്കും കോവിഡാണ് സർ’. പഠനമൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചപ്പോൾ ‘പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഒന്നുമില്ല..’ എന്നു മറുപടി. അതെന്താണെന്നു തിരക്കിയപ്പോൾ വേദനിപ്പിക്കുന്ന കഥ സച്ചിൻ വിശദമാക്കി.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി.

തുടർന്ന് ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി. ചോരുന്ന മേൽക്കൂരയും ജീർണിച്ച വാതിലുകളുമുള്ള വീടിനു മുന്നിൽ നിന്നു സച്ചിൻ പൊലീസിനെ സ്വീകരിച്ചു. അച്ഛൻ മാധവനെ കിടത്തുന്ന കട്ടിൽ കഴിഞ്ഞ ദിവസം ഒടിഞ്ഞു. സമീപവാസി നൽകിയ കട്ടിലിലാണ് ഇപ്പോൾ കിടക്കുന്നത്. സച്ചിന് ഒരു നേരമെങ്കിലും സന്തോഷം പകരാൻ കഴിഞ്ഞ പോലീസുകാരന് ഒരായിരം സല്യൂട്ട്…

വാർത്ത പുറംലോകം അറിഞ്ഞു മണിക്കൂറുകൾക്ക് ഉള്ളിൽ ആറാം ക്ലാസുകാരൻ സച്ചിനെ തേടി സഹായങ്ങളുടെ പ്രവാഹം. പാതിവഴിയിൽ പണി നിലച്ച സച്ചിന്റെ വീട് അറ്റകുറ്റപ്പണികളെല്ലാം തീർത്തു പൂർത്തീകരിച്ചു നൽകുമെന്നു മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ അറിയിച്ചു. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ഒട്ടേറെപ്പേർ ഫോണിലൂടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

സച്ചിന്റെ നിസ്സഹായാവസ്ഥയെപ്പറ്റി മനോരമ പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ചുമതല വഹിക്കുന്ന ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ മാള വടമയിൽ സച്ചിന്റെ വീടു തേടിയെത്തിയത്. സച്ചിന്റെ ജീവിതസാഹചര്യങ്ങൾ കണ്ട് സഹായ വാഗ്ദാനം നേരിട്ടറിയിച്ചു.
സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ളവരും സഹായം വാഗ്ദാനം ചെയ്തു.

തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ കൊമേഴ്സ് വിഭാഗം തങ്ങളുടെ രാജ്യാന്തര കോൺഫറൻസിൽ ഓണറേറിയം നൽകാൻ സ്വരൂപിച്ച പണം സച്ചിനു നൽകി. കാവനാട് യുവജന കൂട്ടായ്മ, മ‍ാള സേവാഭാരതി തുടങ്ങിയ സംഘടനകളും സഹായങ്ങൾ എത്തിച്ചു നൽകി. സച്ചിന്റെ അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. അമ്മ കൂലിപ്പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ഇവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരുന്നു.

ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു ഡോണൾഡ് ട്രംപ് വീണ്ടും പൊതുവേദിയിൽ. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി.

ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തുള്ള റിപ്പബ്ലിക്കൻ നേതാവ് മാക്സ് മില്ലറെ ഉൾപാർട്ടി വോട്ടെടുപ്പിൽ ജയിപ്പിക്കണമെന്നും പാർട്ടിയിലെ എതിരാളിയായ ആന്തണി ഗൊൺസാലസിന് അവസരം നൽകരുതെന്നും റാലിയിൽ ആവശ്യപ്പെട്ടു.

ജനുവരി 6ലെ ക്യാപ്പിറ്റൽ കലാപവുമായി ബന്ധപ്പെട്ടുള്ള തന്റെ കുറ്റവിചാരണയെ ഗൊൺസാലസ് പിന്തുണച്ചതിന്റെ പ്രതികാരം വീട്ടുകയായിരുന്നു ട്രംപ്. ഇദ്ദേഹം ഉൾപ്പെടെ, കുറ്റവിചാരണയെ അനുകൂലിച്ച 10 റിപ്പബ്ലിക്കൻ ജനപ്രതിനിധിസഭാംഗങ്ങൾക്കെതിരെ വമ്പൻപ്രചാരണം നടത്തുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപ് ജൂൺ 30ന് യുഎസ്–മെക്സിക്കോ അതിർത്തി സന്ദർശിക്കും. ജൂലൈ 3നു ഫ്ലോറി‍‍ഡയിലാണു റാലി.

അതിനിടെ യുഎസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റുകളുടെ പേരിൽ ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽനിന്നു പുറത്താക്കപ്പെട്ടിരുന്ന ട്രംപ് വിഡിയോ പ്ലാറ്റ്ഫോമായ ‘റംബിളി’ൽ ചേർന്നു. പുതിയ സമൂഹമാധ്യമ പ്ലാറ്റ്ഫോം തുടങ്ങുന്നതും പരിഗണനയിലുണ്ട്. ഒഹായോയിലെ ട്രംപ് റാലി റംബിളിൽ തത്സമയം കാണിച്ചിരുന്നു.

ലോക രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.

മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്‌സിനായ കൊവാക്‌സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാകും.

യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ അടങ്ങിയ യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ക്രിമിയയുടെ തീരത്തുകൂടി യുദ്ധക്കപ്പലായ എച്ച്എംഎസ് ഡിഫെന്‍ഡര്‍ കടന്നുപോയതിനോടുള്ള റഷ്യന്‍ പ്രതികരണമാണ് രേഖകളില്‍ ഒന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നേതൃത്വത്തിലുള്ള നാറ്റോയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ യുകെയുടെ സൈനിക സാന്നിധ്യത്തിനുള്ള പദ്ധതികളാണ് മറ്റൊന്നിലുള്ളത്.

ആയുധങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികളുമായി ബ്രിട്ടന് മത്സരമുള്ള മേഖലകളെക്കുറിച്ചുള്ള തന്ത്രപരമായ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ ആദ്യ മാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തിങ്കളാഴ്ചത്തെ യുകെ-യുഎസ് പ്രതിരോധ സംഭാഷണത്തിന്റെ സംക്ഷിപ്ത കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ബസ് സ്റ്റോപ്പിന് പിന്നില്‍ നിന്ന് 50 പേജുള്ള രേഖകള്‍ കണ്ടെടുത്തത്. രേഖകളുടെ പ്രധാന്യം മനസിലാക്കിയ അയാള്‍ ഇക്കാര്യം ബിബിസിയെ അറിയിക്കുകയായിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ഒരു പ്രതിരോധ മന്ത്രാലയ വക്താവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് അന്വേഷണം ആരംഭിച്ചതിനാല്‍ കൂടുതല്‍ അഭിപ്രായം പറയാൻ കഴിയില്ലെന്നായിരുന്നു.

കേന്ദ്രസർക്കാറുമായി നിരന്തരം കൊമ്പുകോർക്കുന്ന ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യൻ ഭൂപടം തെറ്റായി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച് ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ നടപടിയെടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.

എന്തുകൊണ്ടാണ് ഇന്ത്യയുടെ ഭാഗമായ ജമ്മുകശ്മീരും ലഡാക്കും ട്വിറ്ററിൻറെ ഇന്ത്യ ഭൂപടത്തിൽ ഉൾപ്പെടുത്താത്തത് എന്നതിൽ ട്വിറ്ററിൻറെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

‘ട്വീപ്പ് ലൈഫ്’ വിഭാഗത്തിലാണ് കശ്മീരും ലഡാക്കും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ഭൂപടത്തിനെതിരെ രൂക്ഷവിമർശനമാണ് ഉപയോക്താക്കളിൽനിന്ന് ഉയരുന്നത്.

പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നതിലെ തർക്കം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ട്വിറ്ററുമായി ഇടഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ, ഭൂപട വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.

അതേസമയം ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസ‌റായി കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചു. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസർ ആയി ഒരു ഇന്ത്യക്കാരൻ തന്നെ വേണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നി‌ർദേശം നിലനിൽക്കുമ്പോഴാണ് ട്വിറ്ററിന്റെ ഈ നീക്കം.

കേന്ദ്രവുമായി കൊമ്പുകോർക്കുന്നതിനിടെ ആഴ്ചകൾക്കു മുമ്പ് നിയമിതനായ ധർമേന്ദ്ര ചതുർ കഴിഞ്ഞദിവസം രാജിവെച്ച ഒഴിവിലാണ് നിയമനം.

തിങ്കളാഴ്ച രാവിലെയാണ് കെസ്സെലിനെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു കൊണ്ടുള്ള അറിയിപ്പ് ട്വിറ്റർ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ നിന്നുള്ളയാളാണ് കെസ്സെൽ. ഇന്ത്യയിൽ നിന്നുള്ള പരാതികൾക്കായുള്ള ഇമെയിൽ കെസ്സെലിന് നൽകി.

മേയ് 25നാണ് പുതിയ ഐ ടി നിയമം നിലവിൽ വന്നത്. പരാതി പരിഹാര ഓഫീസർ, കംപ്ളയൻസ് ഓഫീസ‌ർ, നോഡൽ ഓഫീസർ എന്നീ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യക്കാരെ നിയമിക്കണമെന്നതായിരുന്നു പ്രധാന നിയമങ്ങൾ. എന്നാൽ ഇവ അനുസരിക്കാൻ ട്വിറ്റർ ഇതു വരെ സന്നദ്ധത കാണിച്ചിട്ടില്ല.

RECENT POSTS
Copyright © . All rights reserved