Latest News

പ്രസവിച്ച ഉടൻ നവജാതശിശുവിനെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ 16 കാരിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 22 കാരനായ കാമുകനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു .

മുംബൈ വിരാർ വെസ്റ്റ് പ്രദേശത്താണ് സംഭവം . അയഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വീട്ടുകാരിൽ നിന്ന് ഗർഭം മറച്ച് വച്ച പെൺകുട്ടി ശുചിമുറിയിൽ വച്ചാണ് പ്രവസിച്ചത് . തുടർന്ന് വീടിന്റെ രണ്ടാം നിലയിൽ നിന്ന് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു .

കെട്ടിടത്തിന്റെ ഓരത്തായി കുഞ്ഞിനെ കണ്ട പ്രദേശവാസികളാണ് വിവരം പോലീസിൽ അറിയിച്ചത് . തുടർന്ന് പോലീസെത്തി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് 12.30 ഓടെ മരണപ്പെടുകയായിരുന്നു.

സംശയത്തെ തുടർന്ന് സമീപത്തെ പല വീടുകളുടെയും ടോയ്‌ലറ്റുകളും പോലീസ് പരിശോധിച്ചതായി വിരാർ പോലീസ് ഡിറ്റക്ഷൻ ടീം പറഞ്ഞു . സംഭവം നടന്ന റെസിഡൻഷ്യൽ സൊസൈറ്റിയിൽ മൂന്ന് ഗർഭിണികളാണ് ഉണ്ടായിരുന്നത്.

എന്നാൽ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പുറത്ത് നിന്ന് ആരും സംശയിക്കത്തക്ക രീതിയിൽ കോളനിയിൽ എത്തിയതായി കണ്ടെത്താനായില്ല . തുടർന്ന് കോളനിയിൽ നിന്നുള്ള ആരോ ആണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ സംശയിച്ചു.

അന്വേഷണത്തിൽ പതിനാറുകാരിയുടെ വീടിലെ ശുചിമുറിയിലും , ജനൽ ഗ്രില്ലിലും രക്തക്കറകൾ കണ്ടെത്തി . ചോദ്യം ചെയ്തപ്പോൾ സംഭവം നിഷേധിച്ച പെൺകുട്ടിയെ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് നിജസ്ഥിതി പുറത്ത് വന്നത്.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിൽ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ് ഇന്ന്. സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേരുന്ന തിരക്കിലാണ് സിനിമാലോകം. ഇപ്പോഴിതാ, എംഎൽഎയും നടനുമായ മുകേഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“മലയാളസിനിമയിൽ മമ്മൂക്കയുടെ അരനൂറ്റാണ്ട്.
1971 ആഗസ്റ്റ് ആറിനാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസ് ചെയ്തത്.
ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരനായി സെക്കൻഡുകൾ മാത്രമുള്ള അഭിനയത്തിലൂടെ തുടക്കം.
രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരനായി. അതിൽ കടത്തുകാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
“എനിക്ക് പകരം വന്ന ആളാണ് അല്ലേ? “
അതെ, നസീർ സാർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂക്കയാണ്. മലയാളത്തിന്റെ നിത്യഹരിത യുവത്വത്തിന്
ആശംസകൾ,” ഫെയ്സ്ബുക്ക് കുറിപ്പിൽ മുകേഷ് കുറിക്കുന്നു.

‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍‌ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങൾ.

സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുൽഖർ സൽമാൻ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ മനക്കര മനയിൽ പി എസ് ബാനർജി (41) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണാനന്തര ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് പി എസ് ബാനർജി. ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനർജിയുടേത്.

താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടൻപാട്ടുകൾ പാടിയത് ബാനർജി ആയിരുന്നു. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.  ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബാനർജി. ടെക്നോപാർക്കിലെ ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു.

‘ഈശോ’ എന്ന പേരിന് നേരെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് നാദിര്‍ഷ. ക്രിസ്ത്യന്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന എന്ന വിമര്‍ശനമാണ് പേരിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാനാണ് ചില അച്ഛന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത് എന്ന് നടന്‍ പറയുന്നത്.

ഈശോ ഒരു മതത്തിന്റെയും ആളല്ല എന്ന സത്യം മനസിലാക്കണം എന്ന് നടന്‍ പറയുന്നു. ഈ നാട്ടില്‍ ഈശോ ജോര്‍ജേട്ടനുണ്ട്, ഈശോ ഗണേഷുണ്ട്, ഈശോ റംസാനുണ്ട്. ഇവരൊക്കെ കള്ളു കുടിച്ചാല്‍ യേശു ക്രിസ്തു ക്രൂശില്‍ കിടന്ന പോലെ മൂന്നാം നാളെ എഴുന്നേല്‍ക്കൂ എന്നാണ് ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബിനീഷ് ബാസ്റ്റിന്റെ കുറിപ്പ്:

ടീമേ… നാദിര്‍ഷയ്‌ക്കൊപ്പം… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈശോ എന്ന പേരില്‍ വലിയ വിവാദം നടന്നു കൊണ്ടിരിക്കുകയാണ് നാദിര്‍ഷയുടെ ജയസൂര്യ നായകനായ ചിത്രം ആണ് ഇതിന് അടിസ്ഥാനവും ആധാരവും.. ഈശോയെ ഒരു മതത്തിന്റെ ആളാക്കി കാണിക്കാന്‍ ആണ് ചില അച്ഛന്മാരും, ക്രൈസ്തവ സ്‌നേഹികള്‍ എന്ന് സ്വയം നടിക്കുന്നവരും ശ്രമിക്കുന്നത്.

എന്നാല്‍ ഈ മഹാന്മാര്‍ ഒരു സത്യം മനസ്സിലാക്കണം ഈശോ ഒരു മതത്തെയും ആളല്ല…. കാരണം.. ഞങ്ങളുടെ നാട് തന്നെയാണ് അതിന് ഉദാഹരണം. സാധാരണ ഞങ്ങളുടെ നാട്ടില്‍ ഈശോ ജോര്‍ജേട്ടന്‍ ഉണ്ട് ഈശോ ഗണേഷ് ഉണ്ട്. ഈശോ റംസാന്‍ ഉണ്ട്. ഈശോ എന്നുള്ള പേര് ഇവരുടെ മുന്നില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.. ഇവരൊക്കെ കള്ള് കുടിച്ചാല്‍ യേശു ക്രിസ്തു ക്രൂശില്‍ ഏറുന്നത് പോലെയാണ്…

മനസിലായില്ല അല്ലേ.. എന്നാല്‍ മനസിലാകുന്ന രീതിയില്‍ പറയാം മൂന്നാം നാളെ എഴുന്നേല്‍ക്കൂ… അതുകൊണ്ടാണ് ഇവര്‍ക്ക് ഈശോ എന്നുള്ള പേര് വന്നത്. എന്തായാലും എന്റെ കുറിപ്പ് വിവാദമാക്കാന്‍ ഒന്നും ആരും ഇങ്ങോട്ട് വരണ്ട.. കാരണം ഇതും പൊക്കിപ്പിടിച്ച് ഇങ്ങോട്ടേക്ക് വന്നു കഴിഞ്ഞാല്‍ ഈശോ റംസാനും ഈശോ ഗണേശും ഈശോ ജോര്‍ജേട്ടന്‍ എല്ലാം വിശദീകണവുമായി വരും. കാരണം ഈ ഈശോമാര് മൂന്നുപേരും കള്ളുഷാപ്പില്‍ ഇരുന്ന് ഒരുമിച്ച് കള്ളു കുടിക്കുന്ന ആളുകളാണ്.

അപ്പോള്‍ ഈശോ എന്നുള്ള പദത്തിന് വലിയ മതേതരത്വവും, ജനാധിപത്യവും കള്ള് ഷാപ്പിലൂടെയാണ് നടപ്പിലാകുന്നത് അല്ലെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂക്ക പറയുന്നതുപോലെ അധികം മോഡിഫിക്കേഷനും ഡെക്കറേഷനും ഒന്നും വേണ്ട ഈശോ എല്ലാവരുടെയും ആളാണ്.. കാരണം.. കള്ളുകുടിച്ച് മൂന്നാംനാള്‍ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്.

ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ബ്രിട്ടനോട് പൊരുതി തോറ്റ് ഇന്ത്യ. ബ്രിട്ടണ് വെങ്കലം സമ്മാനിച്ച വിജയ ഗോള്‍ പിറന്നത് അവസാന ക്വാര്‍ട്ടറിലായിരുന്നു.കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയത് ഇന്ത്യയായിരുന്നു.

ബ്രിട്ടന്റെ ജയം 4 -3 ന്. പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. എന്നാല്‍ മത്സരത്തിന്റെ 48ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി.

ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു

കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആയ തോട്ടടി പാലത്തിൻ്റെ കൈവരികൾ ഒരു മാസത്തിനകം പുനസ്ഥാപിക്കപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പൊതുപ്രവർത്തകൻ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയെ തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിട്ടത്. തകർന്ന കൈവരികളോട് കൂടിയ പാലത്തിൻ്റെ ചിത്രങ്ങൾ, മാധ്യമങ്ങളിൽ വന്ന വാർത്തകളും ഉൾപ്പെടെയാണ് ഹർജി സമർപ്പിച്ചത്. കൂടാതെ പാലം അപകടാവസ്ഥയിലാണെങ്കിൽ ആയത് പുതുക്കി പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട അധികാരികൾ കാലത്താമസം വരുത്തുന്നത് നിർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമെന്ന് ചൂണ്ടികാട്ടി പൊതുമരാമത്ത് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കുവാൻ ആഗസ്റ്റ് 4 ന് ഉത്തരവിട്ടു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.തോട്ടടി കടവിൽ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികൾ നിലവിൽ പൂർണ്ണമായും തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്.പാലം ബലക്ഷയമെന്നും മിനിലോറി,ടെമ്പോവാൻ എന്നിവ പാലത്തിൽ കയറ്റുന്നത് നിരോധിച്ചു കൊണ്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

തലവടി തെക്കെ കരയിലുള്ളവർക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേയ്ക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ്. പഴയപാലം പൊളിച്ച് കളഞ്ഞ് പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം 2019 -ൽ നല്കിയിരുന്നു.നിവേദനത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച് പരിശോധിച്ചതായും പ്രസ്തുത പാലം പൊതുമരാമത്ത് വകുപ്പിൻ്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്ത പാലമാണെന്നും ചീഫ് എഞ്ചിനിയർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നല്കിയിരുന്നു.

എന്നാൽ പുതിയ പാലം നിർമ്മിക്കുന്നതുവരെ തകർന്ന് കിടക്കുന്ന കൈവരികൾ നന്നാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ ഹർജിയിൽ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2020 ഒക്ടോബർ 20ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോർട്ടിൽ ‘പാലത്തിൻ്റെ കാലപഴക്കത്തെ സംബന്ധിച്ച് യാതൊരു രേഖകളും ഈ ഓഫിസിൽ ഇല്ലെന്നും പാലത്തിൽ ഭാരമുള്ള വാഹനങ്ങളും ലോറികളും കയറ്റരുതെന്ന് പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പാലം പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യർത്ഥിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ‘ ആണ്. എന്നാൽ 2020 ഡിസംബർ 30 നും , 2021 മെയ് 7നും പരാതിക്കാരനായ ഡോ.ജോൺസൺ വി. ഇടിക്കുളയോട് പ്രസ്തുത പാലം തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ആസ്തിയിലാവും ഉൾപ്പെട്ടിട്ടുണ്ടാവുക എന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറും അറിയിച്ചു. പുതിയ പാലത്തിന് 8 കോടി രൂപ ആവശ്യമുണ്ടെന്നും ‪2020-2021‬ ബഡ്ജറ്റിൽ ഉൾപ്പെട്ടിട്ടില്ലയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ആണ് വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനും ജൂലൈ 27ന് നിവേദനം നല്കിയത്.

ബാഴ്‌സലോണ- ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയത് ഒടുവിൽ ഫുട്‌ബോൾ ലോകത്ത് സംഭവിച്ചു. അർജന്റീനയുടെ സൂപ്പർ താരം ലിയണൽ മെസി ബാഴ്‌സലോണ വിട്ടു. സ്പാനിഷ് ക്ലബ്ബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ പുതുക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. രണ്ടു പതിറ്റാണ്ടിലെ ബന്ധം അവസാനിപ്പിച്ചാണ് മെസി ബാഴ്‌സ വിടുന്നത്.

കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്.സി ബാഴ്‌സിലോണയും ലയണൽ മെസിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും സാമ്പത്തികവും ലാലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സഹചര്യമാണുള്ളത്. അതിനാൽ മെസി ഇനി ബാഴ്‌സയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാത്തതിൽ അതിയായ സങ്കടമുണ്ട്. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്.ബി ബാഴ്‌സലോണ മെസിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തി ജീവിതത്തിലും ഫുട്‌ബോൾ കരിയറിലും മെസിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബാഴ്‌സ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.

ബാഴ്‌സലോണ വിടേണ്ട സാഹചര്യമുണ്ടാകുമെന്ന് മെസി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതിന്റെ ഭാഗമായി ക്ലബിന്റെ നായകനായിരുന്ന താരം കടുത്ത നിരാശയിലാണെന്നും റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ മെസി ബാഴ്‌സയുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ച് മെസിക്കു പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് ബാഴ്‌സ വ്യക്തമാക്കിയത്.

ഇരുപത്തിയൊന്നു വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായി നിൽക്കുന്ന ക്ലബ് വിടേണ്ട അവസ്ഥയുണ്ടാകുമെന്ന് മെസി ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് വെളിപ്പെടുത്തുന്നത്. ഇബിസയിൽ ഒഴിവുകാലം ചിലവഴിച്ചതിനു ശേഷം ബാഴ്‌സലോണയിലേക്ക് കരാർ പുതുക്കാൻ വേണ്ടിയെത്തിയ മെസിക്ക് നിലവിലെ സാഹചര്യത്തിൽ അതീവ ദുഃഖമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബാഴ്‌സലോണ വിടാൻ താൽപര്യമില്ലെന്ന് മെസി നിരവധി തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബാഴ്‌സയിൽ തുടരാൻ ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങളെ പരിഗണിച്ച് അമ്പതു ശതമാനം പ്രതിഫലം വെട്ടിക്കുറക്കാനും താരം സമ്മതിച്ചിരുന്നു. എന്നാൽ ക്ലബിനും താരത്തിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അതേസമയം മെസി ഇനി ചേക്കേറാൻ സാധ്യതയുള്ള ക്ലബ് ഏതാണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ പിഎസ്‌ജിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും ഫ്രീ ഏജന്റായ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്തു വരാൻ സാധ്യതയുണ്ട്.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്‌ക്കെതിരെ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ് രംഗത്ത്. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

ക്രൈസ്തവ സമൂഹത്തെ അപമാനിക്കണമെന്ന് കരുതി ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഉണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ അറിയാം. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും. അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇതു സംബന്ധിച്ച് കുറച്ചു നാളുകളായി തനിക്ക് പരാതികള്‍ കിട്ടുന്നുണ്ടായിരുന്നു.

എംഎല്‍എ അല്ലാത്തതിനാല്‍ ധാരാളം സമയം കിട്ടുന്നുണ്ട്. അതിനാല്‍ താനിപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും സഭ ചെയ്യുന്നു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം വയ്ക്കുന്നത്.

‘നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും വിടില്ല. ഞാനൊരു പൊതു പ്രവര്‍ത്തകനാണ്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഇതിനെതിരെ കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും’- പി.സി ജോര്‍ജ് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തുന്ന സിനിമയ്‌ക്കെതിരെ നിരവധി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്ത് വന്നിട്ടുണ്ട്. നാദിര്‍ഷ ചെയ്യുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ വെറും ബിനാമികള്‍ മാത്രമാണെന്നും സാമ്പത്തിക സ്രോതസിനെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തിപ്പെടുകയാണ്.

നാദിര്‍ഷ ‘ഈശോ’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് സംവിധായകന്‍ വിനയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വിനയന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഈശോയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് വന്ന ഫോണ്‍ കോളുകളും മെസേജും നാദിര്‍ഷയുമായി പങ്കുവെച്ചു. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കൂടേ നാദിര്‍ഷാ എന്ന തന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഉറപ്പു തരുന്നു പേരു മാറ്റാം എന്ന് നാദിര്‍ഷ പറഞ്ഞതായി വിനയന്‍ കുറിച്ചു.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാക്ഷസരാജാവ് എന്ന സിനിമയുടെ പേര് ആദ്യം രാക്ഷസരാമന്‍ എന്നായിരുന്നുവെന്നും ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റിയതെന്നും വിനയന്‍ ഇതിനൊപ്പം പങ്കുവച്ചു.

വിനയന്റെ കുറിപ്പ്:

വിവാദങ്ങള്‍ ഒഴിവാക്കുക….. നാദിര്‍ഷാ ‘ഈശോ’ എന്ന പേരു മാറ്റാന്‍ തയ്യാറാണ്… ‘ഈശോ’ എന്ന പേര് പുതിയ സിനിമയക്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു….. ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു..

2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്..

പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്… സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല… അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍േറതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?…

ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം.. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു… പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ…

ആരെ എങ്കിലും പേടിച്ചിട്ടോ നിലപാടുകള്‍ എല്ലാം മാറ്റിവച്ചിട്ടോ ഒന്നുമല്ല ഇങ്ങനെ ഒരഭിപ്രായത്തോടു യോജിച്ചത്.. ഒരു പേരിട്ടതിന്റെ പേരില്‍ ഒരു കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടതു കൊണ്ടാണ് ആ പേരു മാറ്റുന്നതു കൊണ്ട് സിനിമയ്കു കുഴപ്പമില്ലങ്കില്‍ മാറ്റിക്കുടെ എന്നു ചോദിച്ചത്… നിലപാടുകളുടെ പേരില്‍ ഒരുത്തനേം ഭയക്കാതെ നിവര്‍ന്നു നിന്ന് സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ഇവിടുത്തെ വമ്പന്‍മാര്‍ക്കും സംഘടനകള്‍ക്കും ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് ഞാന്‍ … ഈ വിഷയം അതുപോലല്ല.., എന്നെ ബാധിക്കുന്നതുമല്ല..

കൊച്ചിയിൽ സ്വകാര്യ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊച്ചിയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ ചാലക്കുടി സ്വദേശി ഐറിൻ(18) ആണ് മരിച്ചത്.ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സഹോദരന് ഒപ്പം ഫ്ളാറ്റിന് മുകളിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടെറസിൽ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.

ചിറ്റൂർ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിനു മുകളിൽനിന്ന് വീണാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചാലക്കുടി സ്വദേശികളാണ്.

എത്യോപ്യയിലെ ടിഗ്രേയില്‍ പുഴയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. യുദ്ധസ്ഥലത്ത് നിന്ന് ഓടിപ്പോയ ആളുകളുടേതാവാം ഈ മൃതദേഹങ്ങളെന്നാണ് കരുതുന്നത്. എത്യോപ്യയില്‍ ടെകേസെ എന്നറിയപ്പെടുന്ന നദിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കസാല പ്രവിശ്യയിലെ പ്രാദേശിക അധികാരികളാണ് അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഒരു സുഡാനീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

പല മൃതദേഹങ്ങളിലും വെടിയേറ്റ മുറിവുകളുണ്ടായിരുന്നു. ചിലത് കൈകള്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. മരണകാരണം നിര്‍ണയിക്കാന്‍ ഫോറന്‍സിക് അന്വേഷണം ആവശ്യമാണെന്ന് ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു. ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഹംദയേത്തിലെ സുഡാന്‍ അതിര്‍ത്തി സമൂഹത്തിലെ രണ്ട് എത്യോപ്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്യോപ്യയില്‍ ടെകേസെ നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

ടിഗ്രേയിലെ ഒന്‍പത് മാസത്തെ സംഘര്‍ഷം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. തൊട്ടടുത്തുള്ള ടിഗ്രേ നഗരമായ ഹുമേരയില്‍ നിന്ന് സുഡാനിലേക്ക് പോയ സര്‍ജനായ ടെവോഡ്രോസ് ടെഫെറ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്, തിങ്കളാഴ്ച രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. അതില്‍ ഒരു പുരുഷന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നു, മറ്റേതൊരു സ്ത്രീയാണ് അവരുടെ നെഞ്ചില്‍ മുറിവേറ്റിട്ടുണ്ട് എന്നാണ്. സഹഅഭയാര്‍ത്ഥികള്‍ ചുരുങ്ങിയത് 10 മറ്റ് മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലത്ത് പ്രാദേശിക ടിഗ്രായന്‍മാരെ പുറത്താക്കിയതായി അഭയാര്‍ത്ഥികള്‍ ആരോപിച്ച ഹുമേരയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ടെവോഡ്രോസ് പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ശ്രദ്ധയിലുണ്ട് എന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയാക്കാമേന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ മൃതദേഹങ്ങള്‍ ആരുടേതൊക്കെയാണ് എന്ന് തിരിച്ചറിയാനായിട്ടില്ല. അത് ശ്രമകരമാണ്. ഒരാളുടെ ദേഹത്ത് ടിഗ്രേ ഭാഷയില്‍ സാധാരണമായ ടിഗ്രേനിയ എന്ന പേര് പച്ചകുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

മറ്റൊരു ഡോക്ടര്‍ പറഞ്ഞത് ചില മൃതദേഹങ്ങളുടെ മുഖത്തുള്ള അടയാളങ്ങള്‍ അവര്‍ അവിടുത്തെ ഗോത്രവര്‍ഗക്കാരാണ് എന്ന് കരുതാനിടയാക്കുന്നുണ്ട് എന്നാണ്. ദൃസാക്ഷികള്‍ പറയുന്നത് എല്ലാ മൃതദേഹങ്ങളും കരക്കടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം പ്രദേശത്ത് അതിശക്തമായ മഴയായതിനാല്‍ പുഴയില്‍ ഒഴുക്ക് കൂടുതലാണ് എന്നാണ്. എന്നാല്‍, തിങ്കളാഴ്ച എത്യോപ്യന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച ട്വിറ്റര്‍ അക്കൗണ്ട് പറയുന്നത് ഇത് വ്യാജമാണ് എന്നാണ്.

നവംബറിലാണ് എത്യോപ്യയിലെ ഫെഡറല്‍ സേനയും മേഖലയിലെ ഭരണകക്ഷിയായ ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും (ടിപിഎല്‍എഫ്) തമ്മില്‍ ടിഗ്രേയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്, ഫെഡറല്‍ ആര്‍മി ക്യാമ്പുകള്‍ക്കെതിരായ ടി.പി.എല്‍.എഫ് ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമായായിട്ടാണ് മേഖലയിലേക്കുള്ള തന്റെ സൈന്യത്തിന്റെ നീക്കമെന്ന് വിശദീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ അയല്‍രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.

Copyright © . All rights reserved