Latest News

യുഡിഎഫ് പ്രവേശത്തിന് പാരവച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വ്യക്തിവിരോധമാണ് കാരണം. ഒരു മുന്നണിയിലേക്കുമില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. മുന്നണി വിപുലീകരിക്കാന്‍ എല്‍ഡിഎഫ് ചിന്തിക്കുന്നില്ല. കാരണം അവര്‍ ജയിക്കും അവര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്നുള്ള അഹങ്കാരത്തിലാണ്.

കോണ്‍ഗ്രസുമായി സഹകരിച്ചു പോകണമെന്നാണ് പാര്‍ട്ടി കമ്മിറ്റിയുടെ തീരുമാനം. പക്ഷേ കോണ്‍ഗ്രസ് അത് ആഗ്രഹിക്കുന്നില്ല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി അനുകൂലിക്കുന്നില്ല. യുഡിഎഫിലും എല്‍ഡിഫിലും ഇല്ലാത്ത അവഗണിക്കപ്പെട്ടവരെ ഒപ്പം കൂട്ടി മുന്നണിയുണ്ടാക്കും. പൂഞ്ഞാറില്‍ തന്നെ മല്‍സരിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള എതിര്‍പ്പിന്റെ കാരണമെന്താണെന്ന് അറിയാം. ഇത് അധികം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരെയും അറിയിക്കുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭാഗമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കുമെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. മൂന്നുമുന്നണികളോടുമുള്ള അസംതൃപ്തി പുലര്‍ത്തുന്നവരെ കൂട്ടിച്ചേര്‍ത്താകും മുന്നണി ഉണ്ടാക്കുക. വിശ്വകര്‍മജര്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ മുന്നണിയിലുണ്ടാകും. കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും ജനപക്ഷം അതില്‍ അഞ്ചോ ആറോ സീറ്റുകള്‍ മാത്രമാകും മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ഒരംഗത്തിന്റേതെന്നതുപോലെ ഓര്‍മ്മയുള്ളൊരു പേരായിരുന്നു മധുമോഹന്‍. ഉച്ചയ്ക്കും, വൈകുന്നേരങ്ങളിലും സീരിയലുകളുമായി സ്വീകരണമുറികളിലെത്തി മലയാളികളായ വീട്ടമ്മമാരുടെ മനംകവര്‍ന്ന മധുമോഹന്‍. പ്രേക്ഷക പ്രശംസയ്‌ക്കൊപ്പം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

എന്നാല്‍ കുറച്ച് നാളുകൾക്ക് ശേഷം മധുമോഹന്‍ മിനിസ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായി.ഇപ്പോൾ  അഭിമുഖത്തിലാണ് തന്റെ പിന്മാറ്റത്തിന്റെ കാരണത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് സീരിയല്‍ ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തതെന്നുമാണ് മധുമോഹന്‍ പറയുന്നത്.

എനിക്ക് സ്വാതന്ത്ര്യം വേണം. എന്നാൽ അത് ലഭിച്ചില്ല അദ്ദേഹം കൂട്ടിച്ചേർത്തു.

മിമിക്രി താരങ്ങള്‍ക്കുപോലും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു മധുമോഹന്‍ എന്ന കലാകാരന്‍. മാനസി, സ്‌നേഹസീമ തുടങ്ങിയ സീരിയലുകളിലൂടെ മലയാളി വീട്ടമ്മമാരെ നിത്യേന കരയിച്ച മധുമോഹന്‍ പക്ഷേ കുറേക്കാലമായി മലയാളത്തിന്റെ പരിസരത്തൊന്നുമില്ല.

എന്നാല്‍ മധുമോഹന്‍ വിനോദരംഗം വിട്ടിട്ടുമില്ല. താന്‍ മലയാളത്തിലില്ലെങ്കിലും തമിഴ് സീരിയലുകളില്‍ സജീവമാണെന്ന് മധുമോഹന്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തമിഴ് സീരിയലുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചരിക്കുന്നതെന്ന് മധുമോഹന്‍ വ്യക്തമാക്കിയത്. സണ്‍ ടിവി, സീ തമിഴ്, ജയ ടിവി തുടങ്ങിയ ചാനലുകളിലാണ് ഇപ്പോള്‍ മധുമോഹന്റെ സീരിയലുകള്‍ വരുന്നത്.

മൂന്ന് വര്‍ഷമായി ഇപ്പോള്‍ മധുമോഹന്‍ സീരിയല്‍ നിര്‍മ്മിക്കുന്നില്ല, അഭിനയം മാത്രാമണ്. പക്ഷേ നല്ല കഥയുമായി ആരെങ്കിലും വന്നാല്‍ നിര്‍മ്മാണത്തിന് താനിനിയും തയ്യാറാണെന്നാണ് മധുമോഹന്‍ പറയുന്നത്.

മലയാളത്തില്‍ ഇതുവരെ മധുമോഹന്‍ 2640സീരിയലുകളില്‍ നായകനായിട്ടുണ്ട്. തമിഴിലാകട്ടെ1590 സീരിയലുകളിലും. എല്ലാഭാഷകളിലുമായി 2540 സീരിയലുകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഇതിനൊപ്പം ആറ് മലയാളചിത്രങ്ങളിലും 22 തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു ഇടവേളയെടുത്തതും എ.വിജയരാഘവനെ ആക്‌ടിങ് സെക്രട്ടറിയാക്കിയതും. എൽഡിഎഫ് കൺവീനർ കൂടിയായ വിജയരാഘവന് തിരഞ്ഞെടുപ്പിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാകും. അതിനാൽ, സെക്രട്ടറി സ്ഥാനവും മുന്നണി കൺവീനർ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകില്ല. മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയരാഘവൻ മത്സരിക്കാനും സാധ്യതയുണ്ട്.

അതേസമയം, തിരക്കിട്ട സീറ്റ് വിഭജന ചർച്ചയിലേക്ക് കടക്കുകയാണ് ഇടതുമുന്നണി. സീറ്റ് വിഭജന ചർച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതൃത്വം അവതരിപ്പിക്കും. ഒരാഴ്‌ചക്കകം സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഏറ്റവും വേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും ഇതുവരെയുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി.

ഇത്തവണ സിപിഎമ്മും സിപിഐയും തമ്മിൽ പല സീറ്റുകളും വച്ചുമാറും. വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാണെന്ന് സിപിഐ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന് എത്ര സീറ്റ് നൽകുമെന്നത് ശ്രദ്ധേയമാകും. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകാൻ സിപിഐ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തൃശൂർ സീറ്റ് സിപിഎമ്മിനും മണലൂർ സിപിഐയ്‌ക്കും നൽകാനും സാധ്യതയുണ്ട്. വിജയസാധ്യത പരിഗണിച്ച് ചില സീറ്റുകൾ പരസ്‌പരം വച്ചുമാറാനാണ് മുന്നണിയിൽ ആലോചന നടക്കുന്നത്.

ആഴക്കടലിലെ ആർത്തലയ്ക്കുന്ന തിരമാലകളെ കൂസാതെയുള്ള രാഹുൽ ഗാന്ധിയുടെ കടലിൽച്ചാട്ടം അക്ഷരാർഥത്തിൽ തന്നെ ഞെട്ടിച്ചെന്ന് ടി.എൻ.പ്രതാപൻ. തന്നോടും കടലിലേക്ക് എടുത്തു ചാടാൻ പറ‍ഞ്ഞപ്പോൾ കൈകൂപ്പി തൊഴുത്, തന്റെ മക്കളെയോർത്ത് ഒഴിവാക്കിത്തരണം എന്നാണ് ടി.എൻ.പ്രതാപൻ പറഞ്ഞത്. അനുഭവക്കുറിപ്പ് ഇങ്ങനെ: ‘കടലിന്റെ മക്കൾക്കൊപ്പം രാഹുൽ ഗാന്ധി’ എന്നൊരു പരിപാടി 2015 ൽ ചാവക്കാട്ടു നടന്നിരുന്നു. അന്നുതന്നെ ഉൾക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന അനുഭവം നേരിട്ടറിയണമെന്ന് രാഹുൽജി പറഞ്ഞിരുന്നു. ഞാൻ അതിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നതുമാണ്. പക്ഷേ, സുരക്ഷാ പ്രശ്നങ്ങൾ അടക്കമുള്ള പല സാങ്കേതിക കാരണങ്ങളാലും അതു നടന്നില്ല. പിന്നീട് തൃപ്രയാറിൽ നടന്ന ഫിഷർമെൻ പാർലമെന്റിൽ പങ്കെടുക്കാൻ എത്തിയപ്പോഴും ഇങ്ങനെയൊരു കടൽയാത്ര ഉദ്ദേശിച്ചിരുന്നെങ്കിലും നടക്കാതെ പോയി.

മത്സ്യത്തൊഴിലാളികളുടെ വിഷമങ്ങൾ പങ്കുവയ്ക്കുമ്പോഴും മത്സ്യമേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുമൊക്കെ രാഹുൽജി കടലിന്റെ മക്കൾക്കൊപ്പം ഉൾക്കടലിൽ മീൻ പിടിക്കാൻ പോകണമെന്നു പറയും: ‘എനിക്കവരുടെ അധ്വാനം അടുത്തറിയണം.’ പക്ഷേ, പലപ്പോഴും അതു നടക്കാതെ പോയി. അങ്ങനെയാണ് ഇത്തവണത്തെ കേരള സന്ദർശനത്തിന് വളരെ സൂക്ഷ്‌മമായി ഒരു പദ്ധതി തയാറാക്കിയത്. ആരെയും അറിയിക്കാതെ, നല്ലവണ്ണം സമയമെടുത്ത് കൃത്യമായി, സുരക്ഷിതമായി ഒരു അവസരം ഉണ്ടാക്കാൻ സാധിച്ചു

ഉൾക്കടലിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽജി തൊഴിലാളികളുമായി ചങ്ങാത്തത്തിലായി. അവരിലൊരാളായി അവരുടെയും കുടുംബത്തിന്റെയും ക്ഷേമം അറിയുകയാണ് അദ്ദേഹം. ചുറ്റിലും ഇരുൾ തന്നെയാണ്. അകലെ മറ്റു നൗകകളുടെ വെളിച്ചങ്ങൾ കണ്ണു ചിമ്മുന്നതു കാണാം. ഉൾക്കടലിൽ എത്തിയപ്പോൾ വലയടിക്കാൻ തുടങ്ങി. വല കെട്ടാൻ വേണ്ടി തൊഴിലാളിസുഹൃത്തുക്കളിൽ ഒരാൾ കടലിലേക്കു ചാടി. അയാളെന്തിനാണ് കടലിൽ ചാടിയതെന്നു രാഹുൽജി ചോദിച്ചു. വലകെട്ടാൻ ഇങ്ങനെ ഇറങ്ങുന്നത് ഒരു രീതിയാണെന്ന് അദ്ദേഹത്തോട് ഞങ്ങൾ വിശദീകരിച്ചു. എങ്കിൽ ആ സുഹൃത്തിനെ സഹായിക്കാൻ ഞാനും ചാടുന്നു എന്നുപറഞ്ഞ് രാഹുൽജി കടലിലേക്ക് ഊളിയിട്ടു ചാടി.

ഞാനും കെസിയും രാഹുൽജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും അന്ധാളിച്ചു നിൽക്കെ, രാഹുൽജി നേരത്തേ ചാടിയ സുഹൃത്തിന്റെ അടുത്തെത്തി. ‘നിങ്ങൾ പേടിക്കേണ്ട, രാഹുൽജി സ്‌കൂബാ ഡൈവിങ്ങിലൊക്കെ നല്ല പരിശീലനം ഉളള ആളാണ്..’, രാഹുൽജിയുടെ പഴ്‌സനൽ അസിസ്റ്റന്റ് അലങ്കാർ ആണതു പറഞ്ഞത്. രാഹുൽജി ചാടിയതു കണ്ട് ഒന്നുരണ്ടു മത്സ്യത്തൊഴിലാളിസുഹൃത്തുക്കൾ കൂടി കടലിലിറങ്ങി. കെസിയോടു ചാടാൻ പറഞ്ഞപ്പോൾ വിസമ്മതിച്ചു. രാഹുൽജി പിന്നെ നോക്കിയത് എന്നെ. ഞാൻ ഇല്ലെന്നു കൈകൂപ്പി. ‘അതെന്താ? ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് നേതാവൊക്കെയായിട്ട്..?’ രാഹുൽജി വിടാൻ ഭാവമില്ല. ‘എന്റെ മക്കൾ നന്നേ ചെറുതാണ്. ഇത് ഉൾക്കടലാണ്; എനിക്ക് ആയിക്കോളണം എന്നില്ല…’ ഇതുകേട്ട രാഹുൽജി ചിരിച്ചു.

വലയടിച്ചു കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി വല കയറ്റാൻ തുടങ്ങി. ഒരു കണവയും രണ്ടു മത്തിയും അല്ലാതെ മറ്റൊന്നും ഞങ്ങൾക്കു കിട്ടിയില്ല. രാഹുൽജിക്കു വലിയ സങ്കടമായി. ഇങ്ങനെ ഓരോ തവണയും പ്രതീക്ഷയോടെ കടലിലെത്തിയിട്ട് നിരാശരായി മടങ്ങേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെ ഓർത്താണ് രാഹുൽജിയുടെ വിഷമം. അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് ഇങ്ങനെ വരുമ്പോഴുള്ള നഷ്ടത്തെ കുറിച്ചാരാഞ്ഞു. കടലിൽ മത്സ്യസമ്പത്ത് കുറയുന്നതിനെപ്പറ്റിയും കടലിലെ വറുതി കാരണം കരയിൽ പട്ടിണിയാണെന്നും അവർ അദ്ദേഹത്തോട് പരിഭവം പറഞ്ഞു.

തൊഴിലാളിസുഹൃത്തുക്കൾ കയ്യിൽ കരുതിയിരുന്ന മീൻ പാചകം ചെയ്തു. ബ്രെഡും നല്ല രുചികരമായ മീൻകറിയും. ഒരു മീൻ ഭക്ഷണത്തിനു പാകമായി വരുമ്പോഴേക്കും എത്രമേൽ കഷ്ടതകളും ത്യാഗങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച തൊഴിലാളികളുടേതായി കഴിഞ്ഞുപോയിട്ടുണ്ടാകുമെന്ന് മനസ്സിലായതായി അദ്ദേഹം അതിശയം കൊണ്ടു. മടക്കയാത്രയിലും അദ്ദേഹം തൊഴിലാളിസുഹൃത്തുക്കളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു. ബോട്ടിൽനിന്ന് കാരിയർ വള്ളത്തിലേക്കു ഞങ്ങൾ മാറിക്കയറി. ഇനി കരയിലേക്ക്. കരയോടടുത്തപ്പോൾ രാഹുൽജി വള്ളത്തിൽനിന്ന് ചാടിയിറങ്ങി.

അല്പ സമയം കഴിഞ്ഞാൽ തങ്കശേരി കടപ്പുറത്ത് രാഹുൽജിയെ കാണാനും കേൾക്കാനും കൊതിച്ച് കാത്തുനിൽക്കുന്ന ആയിരങ്ങളുടെ മനസ്സിലേക്ക് അദ്ദേഹം സ്നേഹത്തിന്റെ തുഴയെറിയും. അടിസ്ഥാന വർഗത്തിന്റെ അധ്വാനത്തോടൊപ്പവും അവരുടെ അഭിമാനത്തോടൊപ്പവും ചേർന്നുനിൽക്കുന്ന നിത്യവസന്തമായി രാഹുൽജി നമുക്കിടയിലുണ്ട്. ശത്രുക്കളെപ്പോലും അമ്പരപ്പിക്കുന്ന വിനയവും സ്നേഹവും മുഖമുദ്രയായ, ഒരുപക്ഷേ കാലത്തിനുപോലും ഉൾക്കൊള്ളാൻ കഴിയാത്തത്ര വിശാലമായ മനസ്സും ആത്മാവും ഉള്ള ഒരാൾ.. അതാണ് രാഹുൽജി – പ്രതാപൻ പറഞ്ഞു നിർത്തി.

മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവര്‍. യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി.

മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.

എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബിന്ദുവിന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. തട്ടിക്കൊണ്ടുപോയവര്‍ ബിന്ദുവിനെ വഴിയിലുപേക്ഷിച്ചപ്പോള്‍ ആദ്യം വിളിച്ചത് മാന്നാര്‍ പൊലീസിനെയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസ് വടക്കഞ്ചേരി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ പിടിച്ച് സംഘത്തെ ഏല്‍പ്പിച്ചത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാർ ഓടിച്ചിരുന്നത് അബ്ദുൽ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം.

അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്‍റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സിഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സിഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇനി ഏതാനും പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.

സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി സംബന്ധിച്ചും അവ്യക്തത നീങ്ങിയിട്ടില്ല. വ്യക്തത വരുത്താൻ മാലി, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നോമ്പ് കാലം ഒരു തിരിച്ച് വരവിന്റെ കാലഘട്ടമാണ്. അനുതാപത്തോടു കൂടെ ധൂര്‍ത്ത പുത്രന്റെ വരവ് കാത്തിരിക്കുന്ന പിതാവിനേപ്പോലെ, നമ്മുടെ വരവും കാത്തിരിക്കുന്ന ഒരു ദൈവമുണ്ട് എന്ന തിരിച്ചറിവ് നമുക്കുണ്ടാകട്ടെ. അനുതാപം എന്ന് പറയുന്നത് ആയിരിക്കുന്നിടത്തു നിന്നും ആയിരിക്കേണ്ടിടത്തേയ്ക്കുള്ള യാത്രയാണ്.

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 842 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ബ്രിട്ടണ്‍ രൂപതയില്‍ നാളെ നടക്കാനിരിക്കുന്ന സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ സമ്മേളനത്തിന് സ്വാഗതമരുളി പ്രശസ്ത കരിസ്മാറ്റിക് ധ്യാനഗുരു റവ. ഫാ. ജോര്‍ജ്ജ് പറയ്ക്കല്‍ vc. രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അദ്ദേഹത്തിന് നല്‍കിയ പരിശുദ്ധാത്മാവിന്റെ പ്രേരണയനുസരിച്ച് മലയാളക്കരയിലെ ഒട്ടേറെ ധ്യാന പ്രാസംഗികരെ ഒരു വേദിയില്‍ അണിനിരത്തിക്കൊണ്ട് ഒരു ഷെയറിംഗ് സെഷന്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഈ സുവിശേഷവല്‍ക്കരണ സമ്മേളനത്തിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയ്ച്ചു.

വീഡിയോ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.2014 ജൂൺ 12നായിരുന്നു അമലാ പോളു0 സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം.ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയിൽ നിയമപരമായി വിവാഹ മോചിതരായി.

എ.എൽ വിജയ് ജൂലൈ 12ന് വിവാഹിതനായി.ചെന്നൈ സ്വദേശിയായ ഡോക്ടർ ആർ ഐശ്വര്യയായിരുന്നു വധു. ഇവർക്ക് ആശംസ നേർന്ന് അമല പോൾ രംഗത്തെത്തിയിരുന്നു.പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ വിവാഹമോചന സമയത്ത് താൻ കടന്നുപോയ പ്രശ്നങ്ങളെ കുറിച്ച്‌ മനസ്സു തുറക്കുകയാണ്..

വാക്കുകൾ ഇങ്ങനെ,

യഥാർത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തിൽ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകൾക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം. ഞാൻ വേർപിരിയലിലൂടെ കടന്നുപോയപ്പോൾ, എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്ക് ഓർമ്മയില്ല. എല്ലാവരും എന്നിൽ ഭയം വളർത്താൻ ശ്രമിച്ചു. ഞാൻ ഒരു പെൺകുട്ടി മാത്രമാണെന്ന് അവർ ഓർമ്മപ്പെടുത്തി. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്ന് എന്നോട് അവർ പറഞ്ഞു. എന്റെ കരിയർ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ആരും എന്റെ സന്തോഷമോ മാനസിക ആരോഗ്യമോ മുഖവിലയ്ക്ക് എടുത്തില്ല, അതിനെ കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചതുമില്ല.

ആ ഉപദേശങ്ങളും താക്കീതും കേട്ട് എല്ലാവരെയും പോലെ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോവാൻ താൻ തയ്യാറായിരുന്നില്ല എന്നും അമല പറയുന്നു. എങ്ങനെയാവണമെന്ന് ഞാൻ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം. മോശമായ ഒരു ബന്ധത്തിനോട് സമരസപ്പെട്ടുപോവാൻ മറ്റൊരു സ്ത്രീയ്ക്ക് മുന്നിൽ ഉദാഹരണമായി എന്റെ പേര് വരരുതെന്ന് ഞാനാഗ്രഹിച്ചു. എല്ലാം ഒടുവിൽ ശരിയാകുമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒന്നും ശരിയാകുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരു ഷോ അവതരിപ്പിക്കുകയാണ്, വ്യാജമാണത്. അതുപോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമിഷൻ. കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആകെ 18.69 കോടി വോടർമാരാണുള്ളത്.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏ​പ്രില്‍ ആറിന്​ നടക്കുമെന്ന്​ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു.

അഞ്ചു സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോടെടുപ്പ് നടക്കുന്നത്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. മൂന്നു ലക്ഷം സർവീസ് വോടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തിൽ 2016ൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വർധിപ്പിക്കും.

ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേ പാതയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവെ പോലീസ് സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 32 വയസ്സുകാരനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്.

അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. റെയിൽവേ ട്രാക്കിൽ കിടന്ന ഇയാളെ ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് റെയിൽവേ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു.

യുവാവിനെ പോലീസ് രക്ഷപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിരാർ സ്വദേശിയായ യുവാവ് കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. തുടർന്ന് ഇയാൾ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് റെയിൽവേ പോലീസ് പറയുന്നത്.

 

RECENT POSTS
Copyright © . All rights reserved