മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും.
പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിനു കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്.വാഷിങ്ടൻ സമയം ഇന്നലെ വൈകിട്ട് (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) വോട്ടെടുപ്പു നടന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്.
യുക്രെയ്ൻ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ.
മുന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയന് അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റം. മന്ത്രി ഇപി ജയരാജന്‍ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അര്‍ഹിക്കുന്ന അംഗീകാരമാണെന്ന് മന്ത്രി പ്രതികരിച്ചു. ഫുട്ബോള്‍ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ആംഡ് പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഐഎം വിജയന് സ്ഥാനക്കയറ്റം നല്‍കിയത്.
ലോകമെങ്ങുമുള്ള മലയാളികളോട്, ഏറ്റവും പ്രിയപ്പെട്ട മലയാളി ആരെന്ന് ചോദിച്ചാല്‍ അക്കൂട്ടത്തില്‍ മുന്‍നിരയിലുണ്ടാകും ഐഎം വിജയന്‍ എന്ന പന്തു കളിക്കാരന്‍. കാല്‍പ്പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ഉയരങ്ങളില്‍ എത്തിയപ്പോഴും ഒരു സാധാരണ തൃശൂരുകാരനായി നില്‍ക്കാന്‍ കഴിയുന്നതാണ് വിജയന്റെ ഏറ്റവും വലിയ പ്രത്യേകത. രജനീകാന്ത്, വിജയ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ച് താരപദവിയില്‍ എത്തിയപ്പോഴും ആ മാന്ത്രികക്കാലുകള്‍ നിലത്തു തന്നെ നിന്നു. മലയാളികള്‍ ആ മനുഷ്യനെ ഇത്രയേറെ സ്നേഹിക്കുന്നതും അദ്ദേഹത്തിന്റെ എളിമയുടെ പേരിലാണ് എന്നു തോന്നിയിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അര്‍ഹിക്കുന്ന അംഗീകാരമാണ് വിജയനെ തേടിയെത്തിയത്. മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ പോാലീസ് ഫുട്‌ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐഎം വിജയനെ നിയമിച്ചുള്ള ഉത്തരവിറങ്ങിയ വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണ്. ഒപ്പം അസിസ്റ്റന്റ് കമാന്‍ഡന്റായി സ്ഥാനക്കയറ്റവും ലഭിച്ചു. കായികതാരങ്ങളെ അംഗീകരിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് എന്നും ഒരുപടി മുന്നില്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും’ ഇത് മേജര്‍ രവിയുടെ വാക്കുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തതിന് പിന്നാലെ സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മേജര്‍ രവിയുടെ പുതിയ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. കോണ്‍ഗ്രസിന്റെ യാത്രയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. മറ്റൊന്നും തീരുമാനമായിട്ടില്ല. പൊതുജനക്ഷേമത്തിന് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു പാര്‍ട്ടിയോടൊപ്പം മാത്രമാകും താന്‍ പ്രവര്‍ത്തിക്കുകയെന്നും, ഭാവിയില്‍ തനിക്ക് എന്തെങ്കിലും പദവി ലഭിക്കുകയാണെങ്കില്‍ ശമ്പളമായി 1 രൂപ മാത്രമാകും എടുക്കുക എന്നും, ബാക്കി തുക പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കുമെന്നും മേജര്‍ രവി കുറിക്കുന്നു.
ട്രക്കും ബസുമായി കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശില്‍ വന്‍ അപകട. ഒരു കുട്ടിയുള്‍പ്പെടെ 14 പേരാണ് അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ കുര്‍നൂല്‍ ജില്ലയിലെ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയിലാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നാല് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
എന്നാല്‍, ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അപകടത്തില്‍പ്പെട്ടവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 18 പേര്‍ ഉണ്ടായിരുന്നതായും പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായതെന്നും കുര്‍നൂല്‍ പോലീസ് മേധാവി അറിയിക്കുന്നു. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു ബസില്‍ ഇവര്‍ അജ്മീറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അല്ലെങ്കില്‍ ടയര്‍ പൊട്ടിപ്പോയതുമൂലം ബസിന്റെ നിയന്ത്രണം വിട്ടതോ ആകാം അപകടത്തിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
അനിൽ ജോസഫ് രാമപുരം
ഒരു പുഷ്പം മാത്രമെന്‍
പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍..”
ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്.
കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്,
പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു. പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിഷിച്ചിരുന്ന ‘വാലന്‍റൈൻസ് ഡേ’യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള സ്വീകാര്യത കഴിഞ്ഞ നൂറ്റാണ്ട് മുതൽ കൈവന്നത്. ‘മല്ലു ലവ് ബേർഡ്‌സ്’കൾക്കിടയിൽ, സ്നേഹത്തിന്റെ ആവിഷ്‌കാരം, ഒരു പുതിയ തലത്തിലേക്ക് എത്തിക്കുവാൻ ഈ ദിവസത്തിന് കഴിഞ്ഞുവെന്നത്, സംശയം ഇല്ലാത്ത കാര്യമാണ്.
വർഷമെമ്പാടും ലോകം മുഴുവനുമുള്ള പ്രണയികള്‍, ഫെബ്രുവരി പതിനാലിന്, പുഷ്പ്പങ്ങളും, ആശംസാ കാർഡുകളും, സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. എന്നാൽ, ഇതെല്ലാം ചെയ്യുന്നതാകട്ടെ വാലന്‍റൈന്‍ എന്നൊരു വിശുദ്ധൻെറ പേരിലും !.
ആരാണ് വാലന്‍റൈന്‍ എന്നാ ക്രിസ്ത്യൻ സഭയിലെ ഈ വിശുദ്ധൻ ?
എന്തിനാണ് ഇദ്ദേഹത്തിന്റെ പേരിൽ ലോകമൊട്ടുക്കെ പ്രണയിതാക്കൾ പ്രണയദിനം ആഘോഷിക്കുന്നത്?
ഇതിന്റെ ചരിത്രമൊന്ന് അൽപ്പം പരിശോധിച്ചാൽ, ലഭ്യമായ കണക്ക് പ്രകാരം AD മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വാലന്‍റൈന്‍ എന്നാണ് ചരിത്രത്തിൽ പറയുന്നത്. (എന്നാൽ, അദ്ദേഹം വെറുമൊരു പുരോഹിതൻ അല്ലാ എന്നും, കത്തോലിക്കാ സഭയിലെ ബിഷപ്പ് ആയിരുന്നുവെന്നും മറിച്ചൊരു വാദമുണ്ട്).
അക്കാലത്ത് റോം ഭരിച്ചിരുന്ന ക്ളേിസിയസ് രണ്ടാമന്‍ ചക്രവര്‍ത്തി, സൈന്യത്തിലേക്ക് എടുക്കുന്ന പടയാളികള്‍ കല്യാണം കഴിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നുവത്രെ. ചക്രവർത്തിയുടെ കർക്കശ നിയമത്താൽ നിസ്സംഗതരായ പ്രണയിതാക്കളുടെ വിവാഹം, രഹസ്യമായി വാലന്‍റൈൻ നടത്തി കൊടുത്തു. ഒടുവിൽ ചാരമാരുടെ സൂചനകൾ വഴി ഈ കാര്യം മനസിലാക്കിയ ചക്രവര്‍ത്തി വാലന്‍റൈനെ പിടികൂടുകയും, മരണശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന വാലന്‍റൈനെ, ജയിൽ സൂക്ഷിപ്പുകാരന്റെ, അന്ധയായ മകൾ സ്ഥിരമായി സന്ദർശിക്കുമായിരുന്നത്രേ.
അങ്ങനെയിരിക്കെ, വാലന്‍റൈൻന്റെ പ്രാർത്ഥനയുടെ ഫലമായി അവൾക്ക് കാഴ്ച ലഭിച്ചുവെന്നും, പിന്നീട്, തനിക്ക് കാഴ്ച ലഭിക്കാൻ കാരണമായ ആ യുവാവിന്റെ മേൽ അവൾ അനുരാഗപരവശയായി തീർന്നുവെന്നും പറയപ്പെടുന്നു. എന്നാൽ, ഒരു പുരോഹിതന്റെ ചട്ടക്കൂടിൽ നിന്നതിനാൽ അദ്ദേഹം തിരിച്ചു മറുപടിയൊന്നും പറഞ്ഞിരുന്നില്ല. അവസാനം മരണശിക്ഷ ദിവസമായ ഫെബ്രുവരി 14- ആം തീയതി തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപായി, വാലന്‍റൈന്‍, തന്നെ പ്രണയിച്ച അവളുടെ കയ്യിൽ, വിടവാങ്ങല്‍ കുറിപ്പായി ഒരു സന്ദേശം എഴുതി കൊടുത്തു, അതിൽ അദ്ദേഹം ഇത്ര മാത്രം എഴുതി –
” From Your Valentine.”
ആ വരികൾക്കിടയിൽ അദ്ദേഹം അവളോട് പറയാതെ പറഞ്ഞത്, നിഷ്കളങ്കമായ
സ്നേഹമായിരുന്നോ അതോ വെറും സൗഹൃദമായിരുന്നോ എന്നത്, ഇന്നും വെളിപ്പെടാത്ത ഒരു സമസ്യയാണ്. എന്നിരുന്നാലും, നൂറ്റാണ്ടുകൾക്ക് ശേഷവും, പ്രണയിതാക്കൾ ഇന്നേ ദിവസം, തന്റെ കമിതാവിന് ആശംസിക്കുന്ന കാർഡിൽ ‘From Your Valentine’ എന്നും കൂടി എഴുതി ചേർക്കുന്നു.
തുടർന്ന്, AD 496 ൽ അന്നത്തെ മാർപാപ്പയായിരുന്നു പോപ്പ് ഗാലസീസ്,
വാലന്‍റൈനെ കത്തോലിക്കാസഭയിലെ രക്തസാക്ഷിയായി പ്രഖ്യാപിക്കുകയും, അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് വർഷങ്ങൾക്ക് ശേഷം, 1835- ൽ ഐറിഷ് കാരമേൽറ്റ് സഭാംഗവും, പുരോഹിതനുമായിരുന്നാ ഫാദർ ജോൺ സ്പ്രാർട്ട്, അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി പതിനാറാമന്റെ അനുവാദത്തോടെ, വാലന്‍റൈനെ അടക്കം ചെയ്തിരുന്ന കല്ലറ പൊളിക്കുകയും,
ഭൗതികാവശിഷ്‌ടങ്ങൾ അയർലൻഡിലേക്ക് കൊണ്ടു വരുകയും ചെയ്തു. ഇന്ന്, അദ്ദേഹത്തിന്റെ ശേഷിപ്പുകൾ ഡബ്ലിനിലെ ‘Whitefriar Church’ -ൽ പൊതുജനങ്ങൾക്ക് വണക്കത്തിനായി തുറന്ന് വെച്ചിരിക്കുന്നു.
ഈ കാലഘട്ടത്തിൽ, ക്രിസ്തുമസും, ന്യൂ ഇയറും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു ഫെബ്രുവരി 14. കോവിഡിന്റെ ഈ പിരിമുറക്കാ സമയത്തിലും ബില്യൺ ഡോളറിന്റെ കച്ചവടമാണ്, ആശംസാ കാർഡായും, പൂക്കളായും, വിവിധ രൂപത്തിലുള്ള സമ്മാനങ്ങളായും ലോകമെമ്പാടുമുള്ള കച്ചവട കമ്പോളങ്ങളിൽ ഈ ദിവസങ്ങളിൽ അരങ്ങേറുന്നത്.
എല്ലാം, നടക്കുന്നത് ആകട്ടെ അവന്റെ പേരിലും
” From your valentine”. ❤️
ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.
ഷെറിൻ പി യോഹന്നാൻ
വാലന്റൈൻസ് ഡേ വീക്കെൻഡ് റിലീസ് ആയി കേരളത്തിൽ എത്തിയ ചിത്രമാണ് ‘കുട്ടി സ്റ്റോറി.’ GVM ന്റേതടക്കം നാല് കുട്ടി കഥകളാണ് ചിത്രത്തിൽ. മറ്റ് ആന്തോളജികൾ ഒടിടി റിലീസ് എന്ന വഴി തിരഞ്ഞെടുത്തപ്പോൾ അതിന് നിൽക്കാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു ചിത്രം. നാല് കഥകളിലെയും പ്രധാന തീം ഒന്നുതന്നെ ; പ്രണയം
GVM ന്റെ സംവിധാനത്തിൽ അദ്ദേഹം തന്നെ നായകനായി എത്തുന്ന ‘എതിർപ്പാറാ മുത്തം’ മനോഹര ചിത്രമാണ്. Can a man and woman remain just friends for life? എന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ആദിയുടെയും മീരുവിന്റെയും കഥയാണ് പറയുന്നത്. മികച്ച പ്രകടനങ്ങൾ കൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടും അവതരണ രീതികൊണ്ടും തൃപ്തിപ്പെടുത്തുന്ന ചിത്രം. Gvm ന്റെ കംഫർട് സോണിൽ നിന്നുകൊണ്ടുള്ള ചിത്രം.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം, അബോർഷൻ എന്നീ വിഷയങ്ങൾ കൂട്ടിച്ചേർത്തൊരുക്കിയ വിജയ്യുടെ ‘അവനും നാനും’ നല്ല രീതിയിൽ തുടങ്ങി മെലോഡ്രാമയിലേക്ക് വഴുതിവീണ ഒന്നാണ്. ശക്തമല്ലാത്ത തിരക്കഥ ചിത്രത്തെ ബാധിക്കുമ്പോൾ തന്നെ മേഘയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.
ഗെയിമേഴ്സിന്റെ കഥ പറയുന്ന ‘ലോഗം’ വളരെ ഇന്റെറസ്റ്റിംഗ് ആയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വെങ്കട്ട് പ്രഭുവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ഒരു ഗെയിം വേൾഡിലാണ് നടക്കുന്നത്. Adam-Eve എന്നീ ഗെയിമേഴ്സിന്റെ ബന്ധവും പറഞ്ഞുവയ്ക്കുന്നു. വിഎഫ്എക്സ് ഒക്കെ ഉഗ്രൻ ആയതിനാൽ കണ്ടിരിക്കാം. കഥയില്ലായ്മ ഉണ്ടെങ്കിലും ബോറടിയൊന്നുമില്ല.
സേതുപതി നായകനായി എത്തുന്ന നളൻ കുമാരസ്വാമി ചിത്രം ‘ആടൽ പാടൽ’ ഭാര്യ – ഭർതൃ ബന്ധത്തിലെ വിള്ളലുകളാണ് തുറന്നവതരിപ്പിക്കുന്നത്. സേതുപതി, അതിഥി എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം കഥപറച്ചിൽ രീതിയും മുന്നിട്ടുനിൽക്കുന്നു. ക്ലൈമാക്സിൽ നല്ലൊരു ഫീൽ സമ്മാനിക്കുന്ന ചിത്രം.
Last Word – റൊമാന്റിക് ചിത്രങ്ങൾ ആസ്വദിക്കുന്നവരാണെങ്കിൽ തിയേറ്ററിൽ തന്നെ കണ്ടുനോക്കുക. അല്ലാത്തപക്ഷം ഒടിടി ആവും മികച്ച മാർഗം. പേർസണൽ ഫേവറൈറ്റ് Gvm ന്റേതുതന്നെ
നോബി ജെയിംസ്
2 പൈനാപ്പിൾ(മീഡിയം സയിസ് )
1 കിലോ പഞ്ചസാര
300 ഗ്രാം തേങ്ങ ചിരണ്ടിയത്
200 ഗ്രാം റവ
5 ടേബിൾ സ്പൂൺ പാൽപ്പൊടി
2 ടീസ്പൂൺ ഏലക്ക പൊടി
200 ഗ്രാം കശുവണ്ടി പരുപ്പ്
ആദ്യം തേങ്ങാ വറുത്തെടുക്കാം. അതേ പാനിൽ റവയും വറുത്തു മാറ്റാം .
ആ പാൻ ചൂടാക്കി അതിൽ അരിഞ്ഞു വച്ചിട്ടുള്ള പൈനാപ്പിൾ ഇടുക. പകുതി വെന്തു വരുമ്പോൾ അതിലേക്കു പഞ്ചസാര ചേർത്ത് കൊടുക്കുക. അത് വെന്തു പറ്റി പഞ്ചസാര നൂൽ പരുവം ആകുമ്പോൾ അതിലേക്കു 175 ഗ്രാം റവ ചേർത്ത് ഇളക്കി 5 ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് തീ കുറച്ചു വച്ച ശേഷം 2 ടീസ്പൂൺ ഏലക്ക പൊടിയും കുറച്ചു കശുവണ്ടിയും 2 ടീസ്പൂൺ പൈനാപ്പിൾ എസ്സൻസും ചേർത്ത് വാങ്ങി ചെറുതായി തണുത്തു തുടങ്ങുമ്പോൾ തന്നേ ഉണ്ട പിടിച്ചു മിച്ചം ഉള്ള റവയിൽ മുക്കി ഗാർണിഷ് ആയി കശുവണ്ടിയോ ഉണക്ക മുന്തിരിയോ വച്ചു ഗാർണിഷ് ചെയ്തെടുക്കാം.
(തണുത്ത ശേഷം ഉണ്ട പിടിച്ചാൽ പാടാണ് ചെറിയ ചൂടോടു കൂടി തന്നേ ചെയ്യണം )
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്കെന്ന് മാണി സി കാപ്പന്‍ നെടുമ്പാശേരിയില്‍ പറഞ്ഞു. എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്ര നേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവി കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ഐശ്വര്യ കേരള യാത്രയില്‍ ശക്തി തെളിയിക്കുമെന്ന് പറഞ്ഞ കാപ്പന്‍ തന്‍റെ കൂടെയുള്ളവരെ യാത്രയില്‍ അണിനിരത്തുമെന്നും പറഞ്ഞു.
താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും യുഡിഎഫിലേക്ക് പോകുകയാണെങ്കിൽ ഏഴു ജില്ലാ പ്രസിഡന്റുമാരും 17 ഭാരവാഹികളിൽ 9 പേരും കൂടെയുണ്ടാകുമെന്നും അദ്ദേഹം നെടുമ്പാശേരിയില്‍ പറഞ്ഞു. എന്‍സിപി ഏത് മുന്നണിക്കൊപ്പമെന്ന് കേന്ദ്ര നേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ.
മറിച്ചാണെങ്കില്‍ ഭാവി കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ ഐശ്വര്യ കേരള യാത്രയില്‍ ശക്തി തെളിയിക്കുമെന്ന് പറഞ്ഞ കാപ്പന്‍ തന്‍റെ കൂടെയുള്ളവരെ യാത്രയില്‍ അണിനിരത്തുമെന്നും പറഞ്ഞു.
നന്ദിയില്ലാത്ത രോഗികളെ നടുറോഡില്‍ തല്ലിക്കൊല്ലണമെന്ന് പറഞ്ഞ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കള്‍ രംഗത്ത്. തങ്ങളുടെ കൈവശമുള്ള ചെക്കുകള്‍ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതില്‍ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ചികിത്സ കഴിയുന്നതിന് മുന്‍പ് ഏഴു ലക്ഷം രൂപയാണ് ബിനാമിയായ സെയ്ഫുള്ള പിന്‍വലിച്ചത്. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫിറോസ് കൂട്ടരും നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തങ്ങള്‍ക്കെതിരെ അവരെ തിരിച്ചെന്നും ഇവര്‍ പറഞ്ഞു. ഫിറോസിനെ പേടിച്ച് ഇപ്പോള്‍ ഒളിവിലാണ് കഴിയുന്നത്. അന്ന് സഹായിക്കുന്നതിന് പകരം കുഞ്ഞുങ്ങളെയും ഞങ്ങളെയും കൊല്ലുന്നതായിരുന്നു ഭേദമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
മാതാപിതാക്കളുടെ വാക്കുകള്‍: ”തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാര്‍ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങള്‍ ഇപ്പോള്‍. ഞങ്ങള്‍ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവന്‍ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകള്‍ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി. പണം വന്ന് തുടങ്ങിയപ്പോള്‍, കുട്ടിയുടെ സര്‍ജറി കഴിയും മുന്‍പ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിന്‍വലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിന്‍വലിച്ചു. ഫിറോസ് ഇപ്പോള്‍ കാണിക്കുന്നത് സ്വന്തം നാട്ടില്‍ ഞങ്ങളെ ജീവിക്കാന്‍ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണ് ഫിറോസ് കാണിക്കുന്നത്. നാട്ടുകാരെയും കൂട്ടി നിങ്ങള്‍ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുന്നത്. ഫിറോസ് അത്രയും അധികം രീതിയില്‍ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങള്‍ക്കെതിരെ തിരിച്ചു. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനം നടത്തുന്നത്. അന്ന് നിങ്ങള്‍ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്.”
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. ‘പാവപ്പെട്ട പ്രവാസികള്‍ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീര്‍ക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ അനുഭവിച്ചേ തീരൂ.്’
ആ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ: ‘സഹായം കിട്ടി കഴിഞ്ഞാല്‍ സഹായിച്ചവര്‍ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികള്‍ക്ക് നല്‍കാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാല്‍ കാണാം ആര്‍ക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവര്‍ക്ക് നല്‍കിയ പണം അവര്‍ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ല. എന്തിന് അക്കൗണ്ടില്‍ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നല്‍കിയിട്ടും ചികിത്സക്ക് മുന്‍പ് 10 ലക്ഷം തീര്‍ന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നല്‍കി ബാക്കി സര്‍ജറിക്കുള്ള സംഖ്യ ഞാന്‍ ആശുപത്രിയില്‍ കെട്ടിവച്ചു. സര്‍ജറി കഴിഞ്ഞു ഇപ്പോള്‍ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീന്‍ പൌഡര്‍ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാന്‍ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തില്‍ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതില്‍ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങള്‍ക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ്് വരട്ടെ. നിങ്ങള്‍ തന്നെ കണ്ട് ബോധ്യപ്പെടു’.
ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച് വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യൂസ്) ജോൺ ബ്രിട്ടാസ് (മാനേജിംഗ് ഡയറക്ടർ, കൈരളി ടിവി) എന്നിവരാണ് കോവിഡ് കാല ലോക വാർത്താ രംഗവും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ് ചൂടും, കൂടാതെ നവ മാധ്യമങ്ങളുടെ പാൻഡെമിക് സമയത്തെ പ്രസക്തിയും ആയിരിക്കും പങ്കു വയ്ക്കുക.
കോവിഡ് ജനജീവിതത്തെ നിശ്ചലമാക്കിയെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യവും ജോലിയും വർദ്ധിക്കുകയാണ് ചെയ്തത്. ‘എസ്സെൻഷ്യൽ’ കാറ്റഗറിയിൽ തന്നെയാണ് മാധ്യമങ്ങളും എന്ന യാഥാർഥ്യം പൊതു ജനങ്ങൾ മനസ്സിലാക്കിയോ എന്ന ചോദ്യവും പ്രസക്തമാണ്, വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായ ജനങ്ങൾ ടി.വിക്കു മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് കണ്ടത്. അത് പോലെ പത്രമാധ്യമങ്ങളുടെ പ്രാധാന്യവും വർധിച്ചു. ഈ മാറ്റങ്ങളെപറ്റി അവർ സംവദിക്കും.
ഈ മീറ്റിംഗിന്റെ മറ്റൊരു വലിയ പ്രത്യേകത നോർത്തമേരിക്കയിൽ മലയാള മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം എന്നുള്ളതാണെന്ന് പ്രസ്സ് ക്ലബ് നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.
ഫെബ്രുവരി 27 ശനിയാഴ്ച ന്യൂ യോർക്ക് സമയം രാവിലെ 10 മണിക്കാണ് സംഗമം (ഇന്ത്യൻ സമയം രാത്രി 8.30). പങ്കെടുക്കുന്നവർ മാധ്യമസംഗമം.ഓർഗ്/രജിസ്റ്റർ എന്ന ലിങ്കിൽ (www.madhyamasangamam.org/register) ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബിജു കിഴക്കേക്കുറ്റ് 1-773-255-9777 സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ജീമോൻ ജോർജ് 1-267-970-4267