രാജസ്ഥാൻ റോയൽസ് പേസർ ചേതൻ സകരിയയുടെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാൻജിഭായ് സകരിയയുടെ മരണ വിവരം അറിയിച്ചത്.
ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്ഥയിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്ദാനം ചെയ്തു.
ചേതന് സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്ടമായിരുന്നു.സയിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല.
അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ഈ സീസണിൽ രാജസ്ഥാനായി ഏഴ് മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ് സ്റ്റാഫുകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.
കോവിഡ് ബാധിച്ച് ഞായറഴ്ച ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച രാഹുൽ വോഹ്ര മരിക്കും മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു, “എനിക്ക് നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാൻ ജീവിച്ചേനെ”. പോസ്റ്റിൽ പ്രധാനമന്ത്രിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും 35 വയസ്സുകാരൻ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷ ഫലം കാണാതെ രാഹുൽ മരിച്ചു.
രാഹുൽ വോഹ്ര യൂട്യൂബറും നാടക കലാകാരനുമായിരുന്നു. ഡൽഹിയിലെ പ്രമുഖ നാടക സംഘമായ അസ്മിതയിലാണ് രാഹുൽ പ്രവർത്തിച്ചിരുന്നത്. 2006ലാണ് രാഹുൽ അസ്മിതയിൽ അംഗമാകുന്നത്. അസ്മിതയിൽ അംഗമായി അടുത്ത ആറ് വർഷത്തിനുള്ളിൽ തന്നെ മികച്ച കലാകാരനായി പേരെടുത്ത ആളായിരുന്നു രാഹുൽ. രാഹുൽ വളരെയധികം ഉന്മേഷവാനായ എന്ത് ജോലിയും ചെയ്യുന്ന കലാകാരനായിരുന്നുവെന്ന് അസ്മിതയുടെ ഡയറക്ടർ അരവിന്ദ് ഗൗർ ഫെയ്സ്ബുക്കിൽ കുറിച്ചു.
” രാഹുൽ വോഹ്ര മരിച്ചു. എന്റെ പ്രഗൽഭനായ കലാകാരൻ ഇനിയില്ല. ഇന്നലെയാണ് തനിക്ക് നല്ല ചികിത്സ കിട്ടിയാൽ താൻ രക്ഷപ്പെടുമെന്ന് രാഹുൽ എന്നോട് പറഞ്ഞത്. ദ്വാരകയിലേക്ക് ഇന്നലെ വൈകുന്നേരം മാറ്റിയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല. ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ എല്ലാം കുറ്റക്കാരാണ്” ഗൗർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
രാഹുലിന് ഫെയ്സ്ബുക്കിൽ രണ്ടു മില്യൻ ഫോളോവേഴ്‌സാണുള്ളത്. യൂട്യൂബിൽ ആയിരത്തിലേറെ ആരാധകരും രാഹുലിനുണ്ട്. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് രാഹുൽ ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ലെവൽ വല്ലാതെ താഴ്ന്നപ്പോൾ പ്രതീക്ഷ നഷ്ടപെട്ട രാഹുൽ “ഞാൻ ഒന്നുകൂടെ ജനിച്ച് നന്നായി പ്രവർത്തിക്കും, ഇപ്പോൾ എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു” എന്ന് കുറിച്ചിരുന്നു.
സ്ഥാനാർഥിനിർണയത്തിലെ തർക്കത്തെത്തുടർന്ന് പാർട്ടിയെ പിളർത്തി മാണി സി.കാപ്പൻ പാലായിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചശേഷവും എൻസിപിയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. ചില മുതിർന്ന നേതാക്കൾക്ക് ഇപ്പോഴും മാണി സി. കാപ്പനോടാണ് അടുപ്പം എന്നതാണ് അലോസരത്തിന് ഇടയാക്കുന്നത്. ഇതേത്തുടർന്നാണ് എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്റെ നേതൃത്വത്തിലുള്ള വിഭാഗവും തുറന്ന പോരിലേക്കെത്തിയത്.
പാലായിൽ മാണി സി. കാപ്പൻ നേടിയ വിജയത്തെക്കുറിച്ച് ഇടതുമുന്നണി ആത്മപരിശോധന നടത്തണമെന്ന നിലയിൽ ടി.പി. പീതാംബരൻ നടത്തിയ പ്രതികരണമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടിയിൽനിന്ന് വിട്ടുപോയ മാണി സി.കാപ്പനുവേണ്ടി ടി.പി. പീതാംബരൻ നടത്തിയ നീക്കം പാർട്ടിവിരുദ്ധമാണെന്ന് പരസ്യപ്രസ്താവനയിറക്കിയാണ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാക്ക് മൗലവി ഇതിനെ പ്രതിരോധിച്ചത്. ഇതോടെ പ്രസിഡന്റിനെതിരേ പരസ്യപ്രസ്താവന നടത്തിയ ജനറൽ സെക്രട്ടറിക്കെതിരേ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. വൈസ് പ്രസിഡന്റ് പി.കെ. രാജൻ, മറ്റൊരു ജനറൽസെക്രട്ടറി ജയൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവരും ടി.പി. പീതാംബരനെതിരേ അണിനിരന്നിട്ടുണ്ട്.
എൻസിപിയുടെ ഏക മന്ത്രി എ.കെ.ശശീന്ദ്രൻ പരസ്യമായി പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ജില്ലാ കമ്മിറ്റികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പുതിയ മന്ത്രിസഭയിൽ ആരാകും എൻസിപി മന്ത്രിയെന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. എലത്തൂരിൽനിന്നു വിജയിച്ച എ.കെ. ശശീന്ദ്രനും കുട്ടനാടിൽനിന്നു വിജയിച്ച തോമസ് കെ. തോമസുമാണ് പാർട്ടിയുടെ രണ്ട് എംഎൽഎമാർ. മന്ത്രിപദവിക്കുള്ള അവകാശവാദം തോമസ് കെ.തോമസ് ഇതിനകം ഉന്നയിച്ചു കഴിഞ്ഞു. അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
പാർട്ടിയിലെ സീനിയോറിറ്റിയും മന്ത്രിയെന്ന നിലയിലുള്ള അനുഭവപരിചയവുമാണ് ശശീന്ദ്രന്റെ തുരുപ്പുചീട്ട്. പാർട്ടിയെ ഇടതുമുന്നണിയിൽ ഉറപ്പിച്ചുനിർത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചനിലയിൽ ഇടതുമുന്നണിയിൽനിന്നുള്ള പിന്തുണയും ശശീന്ദ്രൻ പ്രതീക്ഷിക്കുന്നു.
പാർട്ടിവിട്ട് പുറത്തുപോയെങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു തൊട്ടടുത്ത ദിവസം മാണി സി. കാപ്പൻ മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരദ്പവാറിനെ സന്ദർശിച്ചതാണ് മറ്റൊരു കൗതുകകരമായ നീക്കം.
പവാറിന്റെ മകളും എൻസിപി പാർലമെന്ററി പാർട്ടി നേതാവുമായ സുപ്രിയ സുലേയോടൊപ്പമുള്ള ചിത്രം പുറത്തുവിടുകയും ചെയ്തു. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരന്റെ ആശീർവാദത്തോടെയാണ് കൂടിക്കാഴ്ച നടന്നതെന്നാണ് എതിർചേരിയിലുള്ളവരുടെ വാദം. മാണി സി. കാപ്പൻ എൻസിപിയിലേക്ക് തിരിച്ചെത്തുമെന്നും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ മന്ത്രിസ്ഥാനം നേടിയെടുക്കുമെന്നും ഇവർ ഭയപ്പെടുന്നു.
ഒന്നേകാൽ വയസുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ആല കോണത്തേത്ത് രാജേഷ് – ശില്പ ദമ്പതികളുടെ ഇരട്ട പെൺമക്കളിൽ ഒരാളായ അരുണിമ (ഒന്നേകാൽ വയസ്) ആണ് പനിയെത്തുടർന്നു ശനിയാഴ്ച രാവിലെ മരിച്ചത്. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.
അമ്മ ശില്പയുടെ ചെറിയനാട്ടെ വീട്ടിൽവച്ചാണ് അരുണിമ ചികിത്സയിലായത്. ഇരട്ട സഹോദരി അനഘ മതാപിതാക്കളോടൊപ്പം വീട്ടിലുണ്ട്. കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഇന്ന് നടത്തും.കുട്ടിയുടെ സംസ്കാരം ചെറിയനാട് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തി.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിമർശകൻ അലക്സി നവൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാനില്ലെന്ന് റിപ്പോർട്ട്. സെർബിയൻ ഡോക്ടർ അലക്സാണ്ടർ മുറഖോവ്സ്കിയെയാണ് കാണാതായിരിക്കുന്നത്. മോസ്കോയിൽനിന്ന് 2,200 കിഴക്ക് മാറി ഓംസ്ക് മേഖലയിൽ വനത്തിനുള്ളിൽ കാണാതായെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഹെലിക്പോറ്ററിന്റെ സഹായത്തോടെ പോലീസ് അന്വേഷണം തുടരുകയാണ്. നവൽനിയെ ചികിത്സിച്ച സെർബിയയിലെ ഓംസ്കിലെ മുതിർന്ന ഡോക്ടറാണ് മുറഖോവ്സ്കി. ഇവിടെനിന്നാണ് നവൽനിയെ കൂടുതൽ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് മാരക വിഷവസ്തുവായ നൊവിചോക്ക് പ്രയോഗിച്ച് നവൽനിയെ വധിക്കാൻ ശ്രമം നടന്നത്. പുടിനാണ് തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് നവൽനിയും സഹപ്രവർത്തകരും വിശ്വസിക്കുന്നത്.
ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം ശക്തമാകുന്നു. ഡൽഹി സരോജ ആശുപത്രിയിൽ 80 ഡോക്ടർമാർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവിടുത്തെ സീനിയർ സർജൻ എം.കെ. റാവത്ത് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
12 ഡോക്ടർമാർ രോഗംമൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം കൂടുന്നത് ഡൽഹിയിലെ സ്ഥിതി ആശങ്കയുളവാക്കുന്നതാണ്.
പിറന്നാൾ ആഘോഷത്തിനിടെ കാമുകിയേയും ക്ഷണിക്കപ്പെട്ട അതിഥികളേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. യുഎസിലെ കൊളറാഡോയിലാണ് സംഭവം. അക്രമി നടത്തിയ വെടിവെയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. പിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാൾ ആക്രമിയുടെ കാമുകിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊളറാഡോയിലെ ഒരു ഹോംപാർക്കിൽ അർദ്ധരാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. പോലീസ് എത്തിയപ്പോഴേക്കും ആറു പേരും മരിച്ചിരുന്നു. ഒരാൾ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
കൊലയാളിയുടെ പെൺസുഹൃത്തും മറ്റ് സുഹൃത്തുക്കളും കുടുംബവുമായിരുന്നു പാർട്ടിയിൽ പങ്കെടുത്തിരുന്നത്. പാർട്ടിയിലേക്ക് ഓടികയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. വെടിവെയ്പ്പിൽ പാർട്ടിയിലുണ്ടായിരുന്ന കുട്ടുകൾക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലെ വില്ലനായ റാവുത്തർ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ നിന്ന് ഒരിക്കലും പോകില്ല. കന്നട താരമായിരുന്ന വിജയാ രംഗരാജു എന്ന നടനായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ കുറച്ചു നാളുകൾക്കു മുമ്പ് വിജയ രംഗരാജു ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.
ജീവനു വേണ്ടി കേണപേക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോയിൽ എത്തിയത്. തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ് എന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു താരം എത്തിയത്. കന്നട സ്വദേശികളോട് ആയിരുന്നു താരം ഈ അഭ്യർത്ഥന നടത്തിയത്. കാരണമായി പറയുന്നത് ഒരു ടെലിവിഷൻ പരിപാടിയിൽ വിജയ രംഗരാജു കന്നഡ സിനിമയിലെ സൂപ്പർ ഹീറോയായിരുന്ന വിഷ്ണുവർധനു എതിരായി എന്തോ പറഞ്ഞു എന്നതാണ്.
കന്നഡക്കാർക്ക് സിനിമാ താരങ്ങൾ ദൈവത്തെ പോലെയാണ്. അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർ വെച്ച് പൊറുപ്പിക്കില്ല. ജീവനു വരെ ഭീഷണി ഉണ്ടായതിനെതുടർന്ന് വിജയ രംഗരാജു മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തിയതായിരുന്നു ആ വീഡിയോയിൽ.
ഇന്ന് രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന നഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് മരണമടഞ്ഞത്. അനു തോമസിൻെറ ഭർത്താവ് വിദേശത്താണ്. മകൻ എലൻ.
നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് രാവിലെ ജോലിക്ക് വരികയായിരുന്നു. മാടവന ജംഗ്ഷനിൽ വച്ച് സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ അതിവേഗത്തിൽ വരികയായിരുന്ന ലോറിഇടിച്ചിടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അനു തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.
മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.