ആദ്യ കേള്‍വിയില്‍ തന്നെ യെസ് പറയുകയും, എന്നാല്‍ ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു പറഞ്ഞ സിനിമകളെ കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കുഞ്ചാക്കോ ബോബന്‍. ആദ്യ കേള്‍വിയില്‍ തന്നെ കുഞ്ചാക്കോ ബോബന്‍ യെസ് പറഞ്ഞ ചിത്രങ്ങളില്‍ ഒന്നാണ് അഞ്ചാം പാതിര. ചിത്രത്തിന്റെ കഥ കേട്ട ഉടനെ ഓകെ പറയുകയായിരുന്നു.
പാട്ടില്ല, ഡാന്‍സില്ല, പ്രണയമില്ല, വലിയ താരനിരയില്ല എങ്കിലും വണ്‍ ലൈന്‍ ത്രില്ലടിപ്പിച്ചു. അഞ്ചാം പാതിരയുടെ കഥ കേട്ടു കഴിഞ്ഞ ഉടനെ ഞാന്‍ സംവിധായകനോട് ചോദിച്ചത് ഇത് ഏത് കൊറിയന്‍ സിനിമയില്‍ നിന്ന് അടിച്ചെടുത്തതാ എന്നാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, ഒരുപാട് ചിന്തിച്ചിട്ടും പറ്റില്ല എന്നു് പറഞ്ഞ സിനിമയാണ് അനിയത്തിപ്രാവ്. ആ കഥാപാത്രത്തിന് താന്‍ പറ്റുമോ എന്ന ചിന്തയാണ് നോ പറയാന്‍ പ്രേരിപ്പിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് സമ്മതം മൂളിയതെന്നും താരം പറയുന്നു. ചിത്രത്തിന്റെ കഥ പറയാന്‍ എത്തുന്നവര്‍ മുന്നോട്ടുവെക്കുന്ന ആത്മവിശ്വാസം പ്രധാനമാണ്.
ആദ്യ കേള്‍വിയില്‍ തന്നെ നമ്മള്‍ എത്രത്തോളം കഥയുമായി അടുക്കുന്നു എന്നതിലും കാര്യമുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ തന്നെ യെസ് പറയാന്‍ കൂടുതലായൊന്നും ആലോചിക്കേണ്ടി വരില്ല. മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയുടെ കഥ അത്തരത്തിലൊന്നാണെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ നടൻ കൃഷ്ണകുമാറിന്റെ ബീഫ് നിരോധനമെന്ന പരാമർശത്തിന് മകൾ നൽകിയ മറുപടിയെന്ന തരത്തിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് അഹാന കൃഷ്ണ.താൻ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടിൽ കയറ്റാറില്ലെന്നുമുള്ള കൃഷ്ണകുമാറിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ട്രോളുകൾ പിറന്നത്. മകളായ അഹാന വീഫ് വിഭവത്തിന്റെ ചിത്രം മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് കുത്തിപ്പൊക്കിയായിരുന്നു ട്രോളുകൾ അധികവും. ‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’ എന്ന രീതിയിലായി പിന്നത്തെ പ്രചരണം.
മീമുകളും വാർത്തകളും നല്ലതാണ് പക്ഷേ ഒരൽപം മര്യാദ വേണമെന്നാണ് അഹാന ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. അന്ന് പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചും അഹാന വിശദീകരിച്ചു. തന്റെ സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണമല്ലെന്നും അഹാന വ്യക്തമാക്കി.
താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറയുന്നു. എന്നാൽ കുറച്ചു കാലമായി താനെന്ത് പറഞ്ഞാലും അത് തന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു, തന്റെ അച്ഛന്റെ അഭിപ്രായം തന്റെ അഭിപ്രായം ആക്കി മാറ്റുന്നുവെന്നും ഇതെന്ത് ഭ്രാന്താണെന്നും അഹാന കുറിച്ചു.
പ്രമുഖ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിലായി. ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അജാസ് ഖാനെ മുംബൈ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളിൽ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച അജാസ് ഖാൻ ബിഗ് ബോസിലൂടെയാണ് കൂടുതൽ വാർത്തകളിൽ നിറയുന്നത്. ബിഗ് ബോസ് സീസൺ ഏഴിലും എട്ടിലും മത്സരാർത്ഥിയായിരുന്ന അജാസ് ഖാൻ നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
രക്തചരിത, ഭോണ്ഡു, അള്ളാഹ് കേ ബന്ദേ, റക്ത ചരിത 2. ഹാ തുജേ സലാം ഇന്ത്യ തുടങ്ങിയ സിനിമകളിലെയും സീരിയലുകളിലെയും അജാസ് ഖാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അജാസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്ന കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങൾക്കെതിരെ ലഹരിമരുന്ന് ആരോപണങ്ങളുയർന്നിരുന്നു. ചിലർ അറസ്റ്റിലാവുകയും ചെയ്തു. ദീപിക പദുകോൺ ഉൾപ്പടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: കടുത്ത ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സംസ്ഥാനങ്ങളിൽ കോവിഡ്-19 കൂടിവരുന്നു. രണ്ടാം തരംഗത്തിൽ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാൾ ഉയർന്നു. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ അത് കഴിയുന്നതോടെ രോഗം വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറിൽ 68,020 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 291 പേർ മരിച്ചു. രോഗം പുതുതായി സ്ഥിരീകരിച്ചതിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം 40,414 പുതിയ കേസുകളുണ്ടായി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്.
കഴിഞ്ഞ ഒറ്റയാഴ്ചയിൽ 1,78,000-ത്തിലധികം പേർ പുതുതായി രോഗബാധിതരായി. കഴിഞ്ഞ മാർച്ചിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഒറ്റയാഴ്ചയിൽ ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് ഇതാദ്യമാണ്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയത് 23 ദിവസങ്ങൾകൊണ്ടാണ്. എന്നാൽ, രണ്ടാംതരംഗത്തിൽ പത്തുദിവസങ്ങൾകൊണ്ടുതന്നെ ദിവസേനയുള്ള രോഗികളുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയി. ഇപ്പോൾ ദിവസേന ഈ സംഖ്യ 68,000-ത്തിനു മുകളിലാണ്. നേരത്തേ ഒറ്റദിവസം 98,000 പുതിയ കേസുകൾവരെ എത്തിയിരുന്നു. എന്നാൽ, പിന്നീട് രോഗം താഴോട്ടുപോയി.
പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴുവരെയുള്ള കണക്കുപ്രകാരം 6.05 കോടി വാക്സിൻ ഡോസ് വിതരണം ചെയ്തു.
2020 സെപ്റ്റംബർ ഒന്നുമുതൽ 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും. കോവിഡ് കാലത്ത് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും അക്കാലത്തെ തിരിച്ചടവിലെ വീഴ്ച ബാങ്കുകൾ കണക്കിലെടുക്കില്ല.
മൊറട്ടോറിയം സംബന്ധിച്ച കേസിൽ സുപ്രീംകോടതി അടുത്തിടെ അന്തിമവിധി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിലാണ് ഈ തീരുമാനം.
രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കിയിരുന്നു. അതിന് സർക്കാർ ബാങ്കുകൾക്ക് 6500 കോടി രൂപ നൽകിയിരുന്നു. എന്നാൽ, ഈ ആനുകൂല്യം മറ്റ് വായ്പകൾക്കും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതിന് ഇനിയും ഏകദേശം ഏഴായിരം കോടി രൂപവേണം. ഇത് സർക്കാർ നൽകണമെന്ന് ബാങ്കുകൾ ആവശ്യപ്പെടും.
മൊറട്ടോറിയം കാലത്ത് പലിശയിളവ് കിട്ടാത്ത വായ്പകൾക്ക് അക്കാലത്ത് ഈടാക്കിയ പിഴപ്പലിശയും കൂട്ടുപലിശയും നിശ്ചിത കാലത്തിനുള്ളിൽ തിരിച്ചുനൽകുകയോ അടുത്ത ഗഡുവിൽ ക്രമീകരിക്കുകയോ ചെയ്യും.
മൊറട്ടോറിയം കാലയളവിനുശേഷം വായ്പാകുടിശ്ശികകളിൽ നടപടി ഊർജിതമാക്കി ബാങ്കുകൾ. നിശ്ചിത തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന മുന്നറിയിപ്പ്.
കുടിശ്ശികത്തുക മുഴുവനും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയവരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്.
തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കാൻ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകൾ വ്യത്യസ്ത നയമാണ് സ്വീകരിക്കുന്നത്. ചില പൊതുമേഖലാബാങ്കുകൾ തിരിച്ചടവ് മുടങ്ങിയ വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ഇപ്പോഴും അവസരം നൽകുന്നുണ്ട്. എന്നാൽ, പല പുത്തൻ തലമുറ ബാങ്കുകളും സ്വകാര്യ ബാങ്കുകളും കുടിശ്ശിക വന്ന മുഴുവൻ തുകയും ഉടൻതന്നെ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായാണ് ആക്ഷേപം.
പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്നും നാടിന്റെ വികസനമാണ് നമുക്ക് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍
‘മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.
പുതിയ വികസന ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുമ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.”
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തി മുൻ എം.പി ജോയ്‌സ് ജോർജ്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന സ്ത്രീ വിരുദ്ധ പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു.
മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം. പ്രസ്താവനയെ കൂട്ടചിരിയിൽ സദസ്സ് പിൻതാങ്ങി.
അതേസമയം ജോയ്‌സ് ജോർജിന്റേത് തരംതാണ പ്രസ്താവന ആണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു. ജോയ്‌സ് ജോർജിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.
ബന്ധുവിനാൽ ചതിക്കപ്പെട്ട് ലഹരിമരുന്ന് കേസില്‍ ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തർ അപ്പീൽ കോടതി വെറുതെ വിട്ടു. ഖത്തറിലെ സുഹൃത്തിന് നൽകാൻ ബന്ധു ഏൽപ്പിച്ച പൊതിയിൽ ലഹരിമരുന്നാണെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു 10വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഒന്നരവർഷത്തിലേറെയായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജയിൽമോചനം.
2019 ജൂലായിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ഷഫീഖ്, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ ലഹരിമരുന്ന് കേസില്‍ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തിയിരുന്നു. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ ബന്ധുവായ സ്ത്രീ ഏൽപ്പിച്ച പൊതി ലഹരിമരുന്നാണെന്ന് തിരിച്ചറിയാതെയായിരുന്നു ഇരുവരും ദോഹയിലെത്തിയത്. മധുവിധു ആഘോഷിക്കാനെത്തിയതാണെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും ഇരുവരും കോടതിയെ അറിയിച്ചു.
വിചാരണയ്ക്കൊടുവിൽ കീഴ്കോടതി ഇരുവർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഖത്തർ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നിരപരാധികളെന്ന് വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് അപ്പീൽകോടതി ഇരുവരേയും മോചിതരാക്കാൻ ഉത്തരവിട്ടത്.
പൊതി കൈമാറിയ പിതൃസഹോദരി തബസ്സം, ലഹരിമരുന്നു കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് മുംബൈ പൊലീസ് കണ്ടെത്തിയതും കേസിൽ വഴിത്തിരിവായി. ഖത്തറിലെ ഇന്ത്യൻ എംബസിയും ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഇടപെടൽ നടത്തി. ലഹരിക്കടത്തിൽ ദമ്പതികൾ ചതിക്കപ്പെടുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അപ്പീൽ കോടതി ഇരുവരേയും വെറുതേവിട്ടത്.
എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് ഹെലികോപ്റ്ററിലെത്തുന്ന പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ സ്വീകരിക്കും. കോട്ടമൈതാനത്താണ് സമ്മേളനവേദി. മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെ ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൾ പങ്കെടുക്കും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും, മലമ്പുഴയിലെ സ്ഥാനാർഥിയുമായ സി കൃഷ്ണകുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എന്നിവരുമുണ്ട്.
അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ മുതൽ ഉച്ചവരെ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചാരണയോഗം കൂടിയാണിത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന പ്രിയങ്കഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. തുടര്‍ന്ന് കരുനാഗപ്പള്ളി,കൊല്ലം,കൊട്ടാരക്കര മണ്ഡലങ്ങളില്‍ വോട്ടുചോദിച്ചെത്തുന്ന പ്രിയങ്ക നാലേകാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ നിന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. വലിയതുറയിലാണ് സമാപനസമ്മേളനം. നാളെ തൃശൂര്‍ ജില്ലയിലാണ് പര്യടനം.
കിളിമാനൂർ നഗരൂരിൽ ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. കണ്ടുവന്ന മകൻ ഫുട്ബോൾ കൊണ്ട് അക്രമികളെ നേരിട്ട് അമ്മയെ രക്ഷിച്ചു. തുടർന്ന് മാല ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം സജീവമാണ് പ്രദേശത്ത്. ശനി മൂന്നു മണിയോടെ നഗരൂർ തേക്കിൻകാട്ടും, തുടർന്ന് കിളിമാനൂർ മലയാമഠത്തും രണ്ടു മാല പൊട്ടിക്കലാണുണ്ടായത്. രണ്ടു സംഭവത്തിനു പിന്നിലും ഒരേ സംഘമാണെന്ന് നിഗമനം.
നഗരൂർ ശിവപുരം ശ്രീനിധിയിൽ സജീവന്റെ ഭാര്യ സീമയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം വീട്ടമ്മയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഇതേ സമയത്ത് ഫുട്ബോൾ കളിക്കാനായി അതുവഴി എത്തിയ മകൻ അക്ഷയ് കാണുന്നത് അമ്മയും യുവാക്കളുമായി പിടിവലി കൂടുന്നതാണ്. മകൻ ഫുട്ബോൾ കൊണ്ട് അക്രമിയെ ഇടിച്ചു. ഇടിയേറ്റപ്പോൾ പൊട്ടിച്ചെടുത്തമാല മോഷ്ടാവിന്റെ കയ്യിൽ നിന്നു തെറിച്ചു വീണു. മാല കണ്ടെടുക്കാൻ ശ്രമം നടത്തവേ മകൻ വീണ്ടും ബോൾ ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടുകയായിരുന്നു. ഇതോടെ പ്രതികൾ ബൈക്കിൽ കയറി കിളിമാനൂർ ഭാഗത്തേക്ക് ഓടിച്ചു പോയി.
കിളിമാനൂർ ദേവേശ്വരം കുന്നിൽ വീട്ടിൽ ശക്തിധരന്റെ ഭാര്യ എസ്. ഷീലയുടെ അഞ്ചേമുക്കാൽ പവന്റെ താലിമാലയാണ് മേലേ മലയമഠത്ത് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത്. ശനി വൈകിട്ടായിരുന്നു സംഭവം. തൊളിക്കുഴിയിൽ പോയിട്ട് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന ഷീലയുടെ മാല പൊട്ടിച്ചെടുത്ത സംഘം ദമ്പതികളെ ചവിട്ടി തള്ളിയിടുകയും ചെയ്തു. ദമ്പതികളെ മോഷ്ടാക്കൾ കിളിമാനൂരിൽ നിന്നു പിൻതുടർന്ന് എത്തിയാണ് മാല പൊട്ടിച്ചെടുത്തത്.
23ന് വൈകിട്ട് 5.30ന് മുളയ്ക്കത്തുകാവിൽ കടയിൽ സാധനം വാങ്ങുവാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ യുവാക്കൾ കടയുടമയായ വീട്ടമ്മയുടെ രണ്ടര പവന്റെ താലിമാല പൊട്ടിച്ചെടുത്തിരുന്നു. തോപ്പിൽ ഗോവിന്ദവിലാസത്തിൽ കുഞ്ഞു കൃഷ്ണപിള്ളയുെട ഭാര്യ വിജയകുമാരിയമ്മയുടെ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.