Latest News

നിയമസഭ തിരഞ്ഞെടുപ്പിനിടെ തവനൂർ മണ്ഡലത്തിൽ നടന്ന രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി ജലീലിന്റെ കൈയ്യിലിരുന്ന് ഫിറോസിക്ക വരില്ലേ എന്ന കുട്ടിയുടെ ചോദ്യമാണ് വൈറലായി മാറിയത്.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത് ഫിറോസ് കുന്നംപറമ്പിലാണ്.

കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാർഥിയാണെന്ന് സമീപത്തുള്ളയാൾ പറയുന്നതും എന്നാൽ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

മ്യാൻമറിൽ സുരക്ഷാ സേന 91 പേരെ കൊലപ്പെടുത്തിയതായി മ്യാൻമർ മാധ്യമങ്ങൾ. കഴിഞ്ഞ മാസത്തെ സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രക്ഷോഭകർ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദിനമാണ് ഇതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മാർച്ച് 14 ന് 75നും 90നും ഇടയിൽ ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

ശനിയാഴ്ച മരണസംഖ്യ 91 ആയി ഉയർന്നെന്ന് വാർത്താ സൈറ്റായ മ്യാൻമർ നൗ റിപ്പോർട്ട് ചെയ്തു. 20ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഏറ്റുമുട്ടലുകളും സംഘർഷവുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

കൊലപാതകങ്ങൾ അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടു. കുട്ടികളടക്കമുള്ള സിവിലിയന്മാരെ കൊലപ്പെടുത്തിയതിൽ വിവധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മ്യാൻമറിലെ സുരക്ഷാ സേനകൾ ഭീതിയും അപമാനവും പടർത്തുകയാണെന്ന് യൂറോപ്യൻ യൂണിയന്റെ മ്യാൻമറിലെ പ്രതിനിധി സംഘം ട്വിറ്ററിൽ പറഞ്ഞു.“കുട്ടികളടക്കം നിരായുധരായ സാധാരണക്കാരെ കൊല്ലുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല,” എന്നും ട്വീറ്റിൽ പറയുന്നു.

ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സൈനിക ഭരണകൂടത്തിനെതിരായ പ്രതിഷേധം മ്യാൻമറിൽ തുടരുകയാണ്. പ്രതിഷേധക്കാർക്കെതിരായി സൈനിക നടപടികളിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.

അട്ടിമറിക്ക് ശേഷമുള്ള ആക്രമണങ്ങളിൽ ആകെ 328 പേർ കൊല്ലപ്പെട്ടതായി അസോസിയേഷൻ ഓഫ് പൊളിറ്റിക്കൽ പ്രിസൺസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.

കോവിഡ് ബാധിച്ച് അവശനിലയിലായ ദമ്പതികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ ദാരുണമരണം. ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളായ കെ രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരാണ് ഇവർ. പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പിആർഒ ആണ്. വന്ദന കെകെ നഗറിലെ സ്വകാര്യ സ്‌കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പാളായിരുന്നു. ഇവർക്ക് മക്കളില്ല.

തനിച്ചുതാമസിച്ചിരുന്ന ഇരുവരും ഒരാഴ്ചയിലേറെയായി അസുഖബാധിതരായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഏറെദിവസമായിട്ടും ഇരുവരെയും പുറത്തു കാണാതിരുന്നതോടെ സംശയംതോന്നിയ അയൽക്കാർ വന്നുനോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിലായിരുന്ന ദമ്പതിമാരെ കണ്ടത്.

നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്.

മരണവിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.

നാടുകാണി പവിലിയന് സമീപത്തെ പാറക്കെട്ടിൽ നിന്നും വീണ് പരിക്കേറ്റനിലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ചനിലയിൽ യുവാവിനേയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതിനിടെ, വാക്കുതർക്കത്തിനിടെ യുവാവ് തന്നെ പാറക്കെ്ടിൽ നിന്നും പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി അവശനിലയിൽ പോലീസിന് നൽകിയിരിക്കുന്ന മൊഴി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്‌സി (23)നെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയിൽ പെൺകുട്ടിയേയും കണ്ടെത്തിയിരുന്നു. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

അലക്‌സിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂർണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന അലക്‌സും പെൺകുട്ടിയും വ്യാഴാഴ്ച വൈകീട്ട് നാടുകാണിയിൽ എത്തി. വീട്ടുകാർ ഇരുവരുടേയും വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്‌സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ട് മരിച്ചെന്നുകരുതി അലക്‌സ് അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. നിലവിൽ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്‌സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

ബിജെപിയെ തെരഞ്ഞടുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം എന്നൊന്നും താൻ പറയില്ലെന്ന് രാജ്യസഭാംഗവും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി.

എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എ.കെ.ജിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തിൽ എന്റെ ആശയങ്ങൾ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബിജെപിയിൽ ചേരുന്നത് ആവശ്യമാണെന്ന് ഞാൻ കരുതി’-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ല. അടുത്ത വർഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് താൻ പറയില്ലെന്നും എന്നാൽ തങ്ങൾക്കൊരു അവസരം നൽകണമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.നടൻ എന്ന നിലയിൽ ജനങ്ങൾക്കിടയിലിറങ്ങി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് എംജിആറിനേയും ജയലളിതയേയും എൻടിആറിനേയും പോലുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.

‘കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.

രജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചിരുന്നത്.

പമ്പാ നദിയിൽ കുളിക്കാൻ പോയ മൂന്ന് യുവാക്കൾ നദിയിൽ മുങ്ങിമരിച്ചു. മരിച്ച യുവാക്കൾ – ശ്രീജിത്ത്, ഹനീഷ്, സാജാദ് എന്നിവരാണ് കരുണാഗപ്പള്ളി സ്വദേശികൾ. ഹരിപാഡിനടുത്തുള്ള വിയാപുരത്താണ് നിർഭാഗ്യകരമായ അപകടം സംഭവിച്ചത്. പ്രദേശത്തെ അവരുടെ സുഹൃത്തിനെ കാണാൻ മൂവരും വീയപുരത്ത് എത്തി.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ അവർ സുഹൃത്തുക്കളുടെ വീട്ടിലെത്തി, പിന്നീട് അഞ്ച് യുവാക്കളുടെ സംഘം കുളിക്കാനായി പമ്പാ നദീതീരത്ത് പോയി, എന്നാൽ അഞ്ചുപേരിൽ മൂന്നുപേരെ കാണാതായി.

പ്രദേശത്തെ ജനങ്ങളും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ തെരച്ചിലിന് ശേഷമാണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പിന്നീട് കയാംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മലയാളത്തിൽ ഏതാനും ചെറിയ കഥാപാത്രങ്ങൾ ചെയ്ത പ്രശസ്ത ചലച്ചിത്ര നടനാണ് വിജയകുമാര്‍.1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം. ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും അതെല്ലാം ശ്രദ്ധേയമായിരുന്നു. താരത്തിന്റെ മുഖം കണ്ടാൽ തിരിച്ചറിയാൻ തക്ക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയമെന്നു തീർത്തും പറയാം. അത്ര നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു. പ്രൊഡ്യൂസര്‍ എസ് ഹെന്‍ഡ്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയ്കുമാര്‍ സജീവമായിരുന്നു. ഇവിടെ എല്ലാം തന്നെ താരത്തിന്റെ കഴിവ് നമ്മൾ കണ്ടതാണ്.

2009 ൽ സൗത്ത്‌ കളമശേരി റെയ്‌ല്‍‍ ഓവര്‍ ബ്രിഡ്ജിനടുത്ത്‌ മുഖത്ത്‌ മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ്‌ വിളിച്ചു വരുത്തിയത്‌. അസിസ്റ്റന്റ്‌ കമ്മീഷണര്‍ റഫീക്കും സംഘവും ചോദ്യം ചെയ്യുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു. ‌കളമശേരി മേല്‍പാലത്തിന്‌ മുകളിലായിരുന്നു 25 ലക്ഷം തട്ടിയ സംഭവമുണ്ടായത്‌. എറണാകുളം സ്വദേശിയായ ഹെന്‍ട്രി എന്നയാള്‍ ബാഗില്‍ പണവുമായി പോകുമ്പോള്‍ എതിരെ വന്ന നാലംഗ സംഘം കണ്ണില്‍ മുകളക്‌ പൊടിയെറിഞ്ഞ്‌ പണം തട്ടിയെന്നാണ്‌ പരാതി. ഇതേ തുടർന്നാണ് നടനെ ചോദ്യം ചെയ്തതൊക്കെ.

തിരുവനന്തപുരം സെയിന്റ് മേരീസ് സ്കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്. ബിനു ഡാനിയേൽ എന്ന വ്യക്തിയെ താരം വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു പെൺകുട്ടികളുണ്ട്. അർത്ഥനയും എൽസയും. നാൾക്ക് ശേഷം വിജയകുമാർ ബിനു ദമ്പതികൾ വേർപിരിഞ്ഞു. നടന്റെ മകളും സിനിമയിൽ സജീവമാണ്. നടിയാണ് അര്‍ത്ഥന വിജയകുമാര്‍. തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയാണ്‌. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ‘മുദ്ദുഗവു’ ആണ് ആദ്യചിത്രം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നടന്റെ മകൾ എന്ന രീതിയിൽ അല്ല നടിക്ക് സിനിമയിൽ അവസരം കിട്ടിയത്. സ്വാന്തനം കഴിവ് കൊണ്ട് സിഎൻമയിൽ കയറിയ നടിയാണ് അർദ്ധന. അച്ഛന്റെ പേരിൽ അറിയാൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്. ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും ബിനുവിന്റെ മാത്രം മകളാണ് താൻ എന്നുമാണ് താരം പറഞ്ഞത്.

ഡോ. ഐഷ വി

അന്ന് ചിറക്കര ത്താഴം ശിവ ക്ഷേത്രത്തിലെ ഉത്സവമായിരുന്നു. ഞങ്ങൾ അച്ഛന്റെ അമ്മാവന്റെ വീട്ടിൽ ഒത്തുകൂടി. വല്യമ്മച്ചിയ്ക്ക് അന്ന് നല്ല പണിയായിരുന്നു. ബന്ധുക്കളുടെ തിരക്ക് കൂടാതെ “നല്ലതങ്ക ബാലെ” എന്ന നൃത്തം അവതരിപ്പിക്കുന്നവർക്കുള്ള ഭക്ഷണവും വിശ്രമത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നത് അവിടെയായിരുന്നു. ഞങ്ങൾ ആദ്യ ട്രിപ്പ് പായസം കുടിച്ച് കഴിഞ്ഞപ്പോൾ ഘോഷയാത്രയുടെ ചെണ്ടമേളം കേട്ടു. ഞങ്ങൾ കിഴക്കുഭാഗത്തെ പടവുകളിറങ്ങി ഘോഷയാത്ര കാണാനെത്തി. ശ്രീദേവി അപ്പച്ചിയുടെ മക്കൾ താലപ്പൊലിയെടുക്കുന്നുണ്ടായിരുന്നു. രോഹിണി അപ്പച്ചിയുടെ മുതിർന്ന മക്കൾ കുട്ടികളെ സഹായിക്കാനായി അവർക്കൊപ്പം നിന്നു. ഗിരിജ ചേച്ചി ബേബിയുടെ കൈവശുള്ള താലത്തിലിരിയ്ക്കുന്ന ദീപത്തിന്റെ തിരി നീട്ടിയപ്പോഴായിരുന്നു ഞാനത് ശ്രദ്ധിച്ചത്. മരോട്ടിക്കായുടെ ഒരു പിളർപ്പിൽ എണ്ണയൊഴിച്ച് തിരിയിട്ടിരിക്കുകയായിരുന്നു. മരോട്ടിക്കായ ഞാൻ ആദ്യമായി കാണുകയായിരുന്നു. പടവിൽ അടുത്തു നിന്ന അമ്മയോട് ചോദിച്ചപ്പോഴാണ് അത് മരോട്ടിക്കായാണെന്നറിയുന്നത്.

നെറ്റിപ്പട്ടം കെട്ടിയ ആനകളും ചെണ്ടമേളക്കാരും താലപ്പൊലിക്കാരും ഇടയ്ക്ക് കോലം കെട്ടി തുള്ളുന്നവരുമൊക്കെയടങ്ങിയ ഘോഷയാത്ര പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു കയറി. അധികം താമസിയാതെ ബാലെക്കാരുടെ വണ്ടിയെത്തി. “നല്ല തങ്ക ബാലെ” എന്ന് ബോർഡ് വച്ചിട്ടുണ്ടായിരുന്നു. ബാലെക്കാരുടെ ഭക്ഷണം വിശ്രമം എന്നിവ അവിടെ നടന്നു. ആകപ്പാടെ നല്ല തിരക്ക് ഇതിനിടയിൽ അവരുടെ കൂട്ടത്തിലെ സുന്ദരിയായ ഒരു യുവതി അകത്തെ മുറിയിലേയ്ക്ക് കയറി. ഞാൻ അവരുടെ പിന്നാലെ കൂടി. അവർ പരിപാടിയ്ക്ക് ഒന്ന് തയ്യാറെടുക്കാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായി. കൈവിരലുകൾ പ്രത്യേക രീതിയിൽ വിന്യസിച്ച് ബാലെയിലെ രംഗങ്ങൾ അവർ അവിടെയാടി നോക്കുകയായിരുന്നു. എന്റെ സാന്നിധ്യം പാടെ വിസ്മരിച്ച് അവർ ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും മികച്ചതാക്കാനായിരുന്നു അവരുടെ ശ്രമം. അവരത് അമൂർത്തമാക്കുന്നത് ഞാൻ വളരെ ആസ്വദിച്ചു.

കുറേ നേരം കടന്നുപോയി. ഒരു മുതിർന്ന സ്ത്രീ വന്ന് യുവതിയെ വിളിച്ചപ്പോൾ അവർ അമ്പലത്തിലേയ്ക്ക് പോകാനൊരുങ്ങി. അവർ വണ്ടിയിൽ യാത്രയായിക്കഴിഞ്ഞപ്പോൾ വല്യചഛനും വല്യമ്മച്ചിയും രഘുമാമനും ഞങ്ങളും കൂടി വീടും പൂട്ടി അമ്പലത്തിലേയ്ക്ക് നടന്നു. വീട്ടുകാവലിന് “കരിമൻ” എന്ന നായ മാത്രം. ഞങ്ങൾക്കെല്ലാവർക്കും ഇരിക്കാനും കിടക്കാനും ആവശ്യമായത്രയും പായകൾ വല്യമ്മച്ചി കൈയ്യിൽ കരുതിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോഴേയ്ക്കും ഘോഷയാത്ര കഴിഞ്ഞ് ആനകളെ ക്ഷേത്രത്തിന്റെ പുറക് ഭാഗത്ത് ഒതുക്കി കെട്ടിയിരുന്നു. ഞങ്ങൾ അമ്പലത്തിൽ തൊഴുതു വന്നപ്പോഴേയ്ക്കും ചെറിയ തോതിലുള്ള വെടിക്കെട്ട് തുടങ്ങിയിരുന്നു. ഉത്സവ സ്ഥലങ്ങളിൽ അന്തരീക്ഷം ശുദ്ധമാകാൻ കരിമരുന്നു പ്രയോഗം നല്ലതാണെന്ന കാര്യവും ചൈനാക്കാരാണ് കരിമരുന്ന് പ്രയോഗം കണ്ടുപിടിച്ചതെന്നു ഞാനോർത്തു.

വെളുപ്പാൻ കാലത്താണ് വലിയതോതിൽ വെടിക്കെട്ട് നടത്തിയിരുന്നത്. ഉത്സവത്തിലെ പ്രധാന പരിപാടി അവസാനിക്കുമ്പോഴാണ് വെടിക്കെട്ട് തുടങ്ങുക. പ്രസംഗം, മിമിക്രി തുടങ്ങിയ കുറച്ച് പരിപാടികൾക്ക് ശേഷം ബാലെ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികൾ ഉറങ്ങാൻ തുടങ്ങി. വല്യമ്മച്ചി ഒരോരുത്തരെയായി പായിൽ കിടത്തി. മുതിർന്നവർ ഉറങ്ങാതിരുന്ന് ബാലെ കണ്ടു. ഞാനും ഇടയ്ക്കപ്പോഴോ ഉറങ്ങിപ്പോയി. പരിപാടി അവസാനിച്ച് വെടിക്കെട്ട് തുടങ്ങിയപ്പോൾ വല്യമ്മച്ചി എല്ലാവരെയും വിളിച്ചുണർത്തി. കുട്ടികൾ ഉറക്കച്ചടവിലായിരുന്നു. വല്യമ്മച്ചി പായെല്ലാം ചുരുട്ടിയെടുത്തു. ഞങ്ങളെയും നടത്തിച്ച് വീട്ടിലെത്തി. തലേ രാത്രിയിൽ അവനെ ഒറ്റയ്ക്കാക്കി പോയതിന്റെ പ്രതിഷേധം ഒന്നു മുരണ്ട് പ്രകടിപ്പിച്ച ശേഷമാണ് “കരിമൻ” ഞങ്ങളെ വാലാട്ടി സ്വീകരിച്ചത്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ

സീറോ മലബാർ പ്രവാസി സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.

ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.

ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.

പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാനാ വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.

ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം . എന്നാൽ കുരിശുരൂപം കേരളത്തിൽ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് പ്രചാരത്തിലാകുന്നത്. അതിനും വളരെ മുമ്പ് തന്നെ ഈ പേര് ഈ അപ്പത്തിനുണ്ടായതിൽ നിന്നും നമ്മുടെ പൂർവ പിതാക്കന്മാർ വിശുദ്ധഗ്രന്ഥം വായിക്കുന്ന പതിവില്ലാത്തവരായിരുന്നെങ്കിൽ കൂടിയും (വിശുദ്ധഗ്രന്ഥം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല. ഇന്ത്യയിലെ ഭാഷകളിലേക്കുള്ള തർജ്ജമകൾ വളരെ താമസിച്ചാണുണ്ടായത്.), വേദപുസ്തകത്തിലെ വിവരണങ്ങൾ പല മാർഗ്ഗങ്ങളിൽ കൂടി അറിയുന്നതിൽ ഉത്സാഹികളായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, പുസ്തകമില്ലാതെ തന്നെ, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കൈമാറുന്നതിൽ തീക്ഷ്ണതയുണ്ടായിരുന്ന ഒരു ജനതയുടെ പിന്മുറക്കാരാണ് നമ്മൾ എന്ന്, കുടുംബങ്ങളിലെ പെസഹാ ആചരണം ഓർമ്മപ്പെടുത്തുന്നു. നാല്പതാം വെള്ളിയാഴ്ച ഉണ്ടാക്കുന്ന കൊഴിക്കട്ടയ്ക്കും (ചിലയിടങ്ങളിൽ ശനിയാഴ്ച – കൊഴിക്കൊട്ട ശനി) ഇങ്ങനെയൊരു ചരിത്രം പറയാനുണ്ട്.

കേരളത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ ഇണ്ടറിയപ്പം ആവിയിൽ പുഴുങ്ങിയാണ് (വട്ടയപ്പം പോലെ) ഉണ്ടാക്കുന്നതെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ മറ്റൊരു രീതിയിലാണുണ്ടാക്കുക. വായ് വലുതായ ഒരു കലത്തിനുള്ളിൽ കുറേ മണൽ ഇട്ടശേഷം അതിൻറെ മുകളിൽ ഒരു കിണ്ണത്തിൽ അപ്പത്തിനായി തയ്യാറാക്കിയ കൂട്ട് വയ്ക്കുന്നു. കിണ്ണത്തിന് മീതെ വേറൊരു ചെറിയ കലം വച്ച് അതിനുള്ളിൽ തീക്കനൽ ഇടുന്നു. അതിനുശേഷമാണ് അടുപ്പിൻ മേൽ വയ്ക്കുക. ഇങ്ങനെ ചൂടേറ്റ മണലിനും തീക്കനലിനുമിടയ്ക്കിരുന്ന് ഉണങ്ങിയ അപ്പം തയ്യാറാകുന്നു. കലത്തപ്പം എന്നും ഇതിന് പേരുണ്ടായതങ്ങനെയാണ്.

വീട്ടിലെ കുരിശു വരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.

ഓർത്തഡോക്സ്, യാക്കോബായ സമൂഹങ്ങളിലെ പല കുടുംബങ്ങളിലും ഈ ക്രമം നടപ്പിലുണ്ട്. ഒരുകാലത്ത് ഒന്നായിരുന്ന മാർ തോമാ നസ്രാണികളുടെ പൊതുവായ പാരമ്പര്യമാണ് ഇത് എന്നതിനുള്ള തെളിവാണ് ഈ വസ്തുത.

യഹൂദരുടെ പെസഹാ ഭക്ഷണത്തിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതു പോലെ തന്നെ നമ്മുടെ കുടുംബങ്ങളിൽ ഈ പ്രത്യേക ആചരണത്തിനുള്ള അപ്പത്തിൽ പുളിപ്പ് ഉപേക്ഷിക്കുന്നു എന്ന യാഥാർഥ്യവും ശ്രദ്ധേയമാണ്.

എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ് .എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.

ഇണ്ടറി അപ്പം മുറിക്കൽ പള്ളികളിലോ അസോസിയേഷനുകളിലോ നടത്തേണ്ട കർമ്മമല്ല. കുടുംബങ്ങളിലെ അനുഷ്ഠാനമാണത്. ഇടവകയെ വലിയ കുടുംബമായി സങ്കൽപ്പിച്ച്‌ കുടുംബനാഥനായ വികാരിയച്ചൻ അപ്പം മുറിക്കുന്നത് ഉചിതമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. മറ്റു കുടുംബങ്ങളുടെയോ ബന്‌ധുക്കളുടെയോ മരണം കുടുംബങ്ങളിലെ പെസഹാ ആചരണത്തിന് തടസമാകാറില്ല . അതേ സമയം, മരണപ്പെട്ട ആളുടെ അസാന്നിധ്യം അപ്പം മുറിക്കാതിരിക്കാനുള്ള കാരണമായി ഒരു കുടുംബം കരുതുന്നുവെങ്കിൽ അതിനെ ആർക്കും കുറ്റപ്പെടുത്താനുമാവില്ല.

ഇണ്ടറി പുഴുങ്ങുമ്പോൾ പൊട്ടി കീറുകയോ മറ്റോ ചെയ്താൽ ദോഷമാണെന്ന കേട്ടുകേൾവിയെ ഭയന്ന് അപ്പമുണ്ടാക്കുവാൻ മടിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇങ്ങനെയൊരു കേട്ടുകേൾവി ബുദ്ധിയുള്ള ഏതെങ്കിലും പിതാമഹനോ മഹിതയോ പറഞ്ഞു പരത്തിയതാകാനിട. അപ്പം പൊട്ടിക്കീറാനിടവരുന്നത് കൂട്ട് ശരിയാകാതെ വരികയോ തീ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ്. അതീവശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഇണ്ടറിയപ്പവും പാലും തയ്യാറാക്കേണ്ടത് എന്ന് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാവണം ഈ കേട്ടുകേൾവിയുണ്ടായത്.

കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല . അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ മറന്നു കളയാതിരിക്കാനുള്ള സാമാന്യയുക്തി നമുക്കുണ്ടാകട്ടെ .

ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ                ഗ്രേറ്റ്‌ ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയാണ്. കൂടാതെ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൻ്റെ ഡയറക്ടർ എന്നീ മേഘലകളിൽ പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.

 

RECENT POSTS
Copyright © . All rights reserved