കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്നു തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിന് (38) ഇത് പുനര്‍ജന്മം.കീഴല്‍ സ്വദേശി തയ്യല്‍മീത്തല്‍ ബാബുരാജാണ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ആളുകള്‍ വീര്‍പടക്കിയാണ് കാണുന്നത്.
കേരള ബാങ്കിന്റെ എടോടി ശാഖയില്‍ ക്ഷേമനിധിയില്‍ പണം അടക്കാന്‍ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാല്‍ വരാന്തയില്‍
നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരുമുണ്ട്. ചുറ്റുമുള്ളകാഴ്ചകള്‍ കണ്ട് നില്‍ക്കുകയായിരുന്നു ഇവര്‍. ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാള്‍ പതുക്കെ താഴേക്കു മറിയുന്നതും ഒട്ടും മടിക്കാതെ ബാബുരാജ് പിടികൂടുന്നതും. അപ്പോഴേക്കും പൂര്‍ണമായി ബിനു മറിഞ്ഞിരുന്നെങ്കിലും സാഹസികമായി കാലില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു ബാബുരാജ്. ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗണ്‍മാന്‍ വിനോദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.. ബിനുവിനു യാതൊരു പരിക്കുമില്ലെങ്കിലും ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചതിനു ശേഷം വീട്ടിലേക്കു പോയി. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ ബിനു താഴെ തറയില്‍ തലയിടിച്ച് വീഴുമായിരുന്നു. ബാബുരാജിന്റെ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. രക്ഷകനായ ബാബുരാജിനെ അഭിനന്ദനം അറിയിക്കുകയാണ് ഏവരും.
കടപ്പാട്: വടകര ന്യൂസ്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയിലെ സെലിബ്രറ്റികളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍.
രാജ്യത്തെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാതിരിക്കുന്നതെന്നും നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്തയെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ സലിം കുമാര്‍ പറയുന്നു.
കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണെന്നും സലിം കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചു.
ഈ സെലിബ്രിറ്റികളുടെ ഒരു സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രം.
കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാലു വര്‍ത്തമാനമെങ്കിലും പറഞ്ഞൂടെ?’, സലിം കുമാര്‍ ചോദിച്ചു.
പതിനാലു വയസ്സുകാരനായ ബാലൻ വെള്ളം കുടിക്കാൻ കയറിയതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ ഗാസിയാബാദ് ദാസ്നാ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ കടുത്ത വർഗീയ പരാമർശങ്ങളോടെ വീണ്ടും രംഗത്ത്. ‘ എന്റെ അനുയായികളാണ് അത് ചെയ്തത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പത്രക്കാരോ സർക്കാരുദ്യോഗസ്ഥരോ ആരുമാകട്ടെ ഒരു മുസ്ലിമിനെ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല ‘ എന്നാണ് ‘ദി ക്വിൻറ് ‘ ന് അനുവദിച്ച അഭിമുഖത്തിൽ യതി നരസിംഹാനന്ദ സരസ്വതി പറഞ്ഞത്. ഹിന്ദു സ്വാഭിമാൻ എന്ന സംഘടനയുടെ നേതാവും അഖില ഭാരതീയ സന്ത് പരിഷത്തിന്റെ പ്രസിഡന്റുമാണ് നരസിംഹനാന്ദ.
‘ഞാൻ അതിലേ നടന്നു പോകുമ്പോൾ വല്ലാതെ ദാഹിച്ചു. ടാപ്പ് കണ്ടപ്പോൾ കയറി വെള്ളം കുടിച്ചു മടങ്ങുകയായിരുന്നു. രണ്ടുപേർ വന്നു തടഞ്ഞിട്ട് എന്റെ പേരും പേരും പിതാവിന്റെ പേരും ചോദിച്ചു. അതിനു ശേഷം മർദ്ദിച്ചു. ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അവിടെ മുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സ്വകാര്യഭാഗത്തു മർദ്ദനമേൽക്കുമ്പോൾ എന്നെ അവർ കൊല്ലുമെന്ന് പറയുന്നതു കേട്ടു. ഒരുവിധത്തിൽ ഞാൻ ഓടി രക്ഷപ്പെട്ടു. വഴിയിൽ രണ്ടു പൊലീസുകാരെ കണ്ടപ്പോൾ സഹായമം അഭ്യർത്ഥിച്ചിട്ടും അവർ ഇടപെട്ടില്ല. പൊലീസ് ചൗക്കിയിൽ പോകാൻ പറഞ്ഞു. ‘ മർദ്ദനത്തിനിരയായ ബാലൻ പറഞ്ഞു. അവന് വായിക്കാനറിയില്ല. അറിയുമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നാണ് കുട്ടിയുടെ പിതാവിന്റെ പ്രതികരണം.
‘വെള്ളം കുടിക്കാൻ കയറിയ കുട്ടിയോട് മതം ചോദിച്ചതു തന്നെ തെറ്റാണ്. ഇങ്ങനെ കുറച്ചാളുകളേ ഉള്ളൂ. ഞങ്ങൾ ഇവിടെ ക്ഷേത്രപരിസരങ്ങളിൽ ഹിന്ദുമുസ്ലിം വ്യത്യാസമില്ലാതെ ഒരുമിച്ച് കളിച്ചു വളർന്നവരാണ്. ക്ഷേത്രത്തിലെ ബാബാ വളരെ സ്നേഹത്തോടെ ഞങ്ങളെ അവിടെ ഇരുത്തുകയുമെല്ലാം ചെയ്തിരുന്നു. അടുത്തകാലത്തു മാത്രമാണ് ഇങ്ങനെയൊക്കെ കാണുന്നത്’ ക്ഷേത്ര സമീപവാസിയായ ഫാറൂക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംസാരിക്കാൻ ചെന്ന മാധ്യമ പ്രവർത്തകരോട് അവരുടെ കൂട്ടത്തിൽ മുസ്ലിം ആരെങ്കിലുമുണ്ടോ എന്ന് പലവട്ടം ചോദിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് പുരോഹിതൻ സംസാരിക്കാൻ തയ്യാറായത്. ഏതാനും കൊല്ലങ്ങളായി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രചാരണം മൂലം തങ്ങൾ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഹിന്ദു ഏകതാ സംഘ് എന്ന ഓൺലൈൻ ഗ്രൂപ്പു വഴി വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.
സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ബിജെപി അഞ്ച് സീറ്റ് വരെ നേടി നിർണായക ശക്തി ആയി മാറും. ട്വന്റി ട്വന്റി പിടിക്കുന്ന സീറ്റുകളും നിർണായകമാകും സർക്കാർ രൂപീകരിക്കാൻ ഇവരുടെ പിന്തുണ വേണ്ടി വരുമെന്നും. ഇടതുപക്ഷത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാൻ സാദ്ധ്യത ഇല്ലെന്നും പി.സി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തന്നെ ആദ്യം മുന്നണിയിലേക്ക് ക്ഷണിച്ച ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പിന്നീട് ചതിച്ചു. ഉമ്മൻചാണ്ടിയാണ് രാഷ്ട്രീയത്തിലെ ഏറ്റവും വല്യകൊള്ളക്കാരൻ എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മനസ്സിലാക്കുന്നത് രമേശ് ചെന്നിത്തലയും അത്ര ശരിയല്ല എന്നാണെന്നും പി.സി ജോർജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞത് അന്നത്തെ അരിശത്തിലും ആവേശത്തിലുമാണ്. എന്നാൽ പറഞ്ഞത് സത്യമാണ്. ഇനി ഉമ്മന്‍ചാണ്ടിയെ അപമാനിക്കാനില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിന്റെ ശക്തി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബോദ്ധ്യപ്പെടുമെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ 70 സീറ്റുകൾ ലഭിക്കുമെന്ന് പാലക്കാട് സ്ഥാനാർത്ഥി കൂടിയായ ഇ. ശ്രീധരൻ.കേരളത്തിൽ ബിജെപിക്ക് 70 സീറ്റുകൾ നേടുക സാദ്ധ്യമാണെന്നും ആംആദ്മി ഡൽഹി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു എം.എൽ.എ പോലും ഇല്ലാതെ ഇവിടങ്ങളിൽ ഇരുപാർട്ടിക്കും അധികാരത്തിലെത്താൻ കഴിഞ്ഞെങ്കിൽ കേരളത്തിലും സാദ്ധ്യമാകുമെന്നും ഇ. ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞുപിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിർബന്ധ ബുദ്ധിയാണെന്ന് ശ്രീധരൻ വിമർശിച്ചു.
കേരളത്തിൽ ഭരണമാറ്റത്തിന് തന്നെയാണ് സാദ്ധ്യത. പ്രളയകാലത്ത് ഒന്നും ചെയ്യാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇടത് വലത് മുന്നണികൾക്ക് സുസ്ഥിര വികസനം അറിയില്ലെന്നും കടം വാങ്ങി ക്ഷേമ പദ്ധതികൾ ചെയ്തിട്ട് കാര്യമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
ദ പ്രീസ്റ്റ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന നടി നിഖില വിമലിന്റെ ചിത്രം സോഷ്യല്‍ വൈറലായിരുന്നു. നിഖിലയുടെ പേരില്‍ ട്രോളുകളും ഇറങ്ങി. തന്റെ വൈറല്‍ നോട്ടത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നിഖില ഇപ്പോള്‍. താന്‍ മമ്മൂട്ടിയെ വായ്‌നോക്കി ഇരിക്കുകയായിരുന്നില്ല എന്നാണ് താരം പറയുന്നത്.
അത്യാവശ്യം വായ്‌നോക്കുന്ന ആളാണ് താന്‍. പക്ഷെ മമ്മൂക്കയെ വായ്‌നോക്കിയതല്ല. അദ്ദേഹം സംസാരിക്കുന്നത് ഭയങ്കര എക്‌സൈറ്റഡായി കേട്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമില്‍ എടുത്ത ഫോട്ടോ ആയതു കൊണ്ടാണ് വായ്‌നോട്ടം പോലെ തോന്നിയത് എന്നാണ് നിഖില റേഡിയോ മിര്‍ച്ചിയോട് പറഞ്ഞത്.
തിയേറ്ററില്‍ പോയപ്പോള്‍ കുറച്ച് മമ്മൂക്ക ഫാന്‍സ് വന്നു. ‘ഞങ്ങള്‍ക്ക് നിങ്ങളോട് ഭയങ്കര ദേഷ്യമായിരുന്നു’ എന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ ഉള്ളിലുള്ള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നത്. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നു’ എന്നാണ് അവര്‍ പറഞ്ഞത് എന്നും താരം പറഞ്ഞു.
കൂടാതെ എല്ലാ മമ്മൂട്ടി ഫാന്‍സിനോടും തനിക്ക് പറയാനുള്ളത് മമ്മൂക്കയെ താന്‍ കണ്ണു വയ്ക്കുകയായിരുന്നില്ല എന്നും നിഖില വ്യക്തമാക്കി. മാര്‍ച്ച് 11ന് ദ പ്രീസ്റ്റ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചര്‍ ആയാണ് നിഖില വേഷമിട്ടത്.
കുഞ്ചാക്കോ ബോബനോട് തനിക്ക് കട്ട അസൂയ ആയിരുന്നുവെന്ന് രമേഷ് പിഷാരടി. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന്റെ കാരണവും പിഷാരടി വിശദീകരിച്ചിട്ടുണ്ട്. തനിക്ക് ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയ ആയിരുന്നു.
തന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട് ബുക്ക് കവറിലും എല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടുനടക്കുമായിരുന്നു. പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ തന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്നും പൈസ വാങ്ങിക്കൊണ്ടു പോയി. ചാക്കോച്ചന്റെ ഫോട്ടോ വിറ്റു മാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീട് വയ്ക്കുക.
അങ്ങനത്തെ അവസ്ഥ താന്‍ കണ്ടിട്ടുണ്ട്. അതില്‍ തനിക്ക് ഭയങ്കര അസൂയ ഉണ്ടായിരുന്നു എന്നാണ് പിഷാരടി പറയുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത. ചിത്രത്തില്‍ പത്രം എറിയുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ മുഖത്ത് കൊള്ളുന്ന സീന്‍ ഉണ്ടായിരുന്നു.
അത് ചെയ്തിട്ട് ശരിയാവാതെ വന്നപ്പോള്‍ മണിയന്‍പിള്ള ചേട്ടന്‍ തന്നോട് ചെയ്യാന്‍ പറഞ്ഞു. കാറ്റില്‍ പത്രം പറന്നു പോവാതിരിക്കാന്‍ ചെറിയ വെയ്റ്റും വച്ചിട്ടുണ്ട്. പത്രം കൈയ്യിലെടുത്തപ്പോള്‍ തന്റെ മനസൊന്നു പാളി. ഈ മുഖമാണല്ലോ അസൂയപ്പെട്ട് നോക്കിയത് ഒരണ്ണെ അങ്ങട്… പിന്നെ മനസിനെ നിയന്ത്രിച്ച് എറിഞ്ഞു എന്നാണ് പിഷാരടി പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ തവനൂർ മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർത്ഥികൾ തമ്മിൽ വാക്പോര്.
എൽ.ഡി.എഫ് സ്ഥനാർത്ഥി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ വിമർശിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ മന്ത്രിയും രംഗത്തെത്തി.
ജലീൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി മുടക്കിയെന്ന് ഫിറോസ് പറഞ്ഞു. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണം കടത്താൻ പോകില്ലെന്നും ഫിറോസ് പറഞ്ഞു.
കോൺഗ്രസ് വേഷം കെട്ടിച്ച സങ്കരയിനം സ്ഥാനാർത്ഥിയാണ് തനിക്കെതിരെ മത്സരിക്കുന്നതെന്ന് ഫിറോസ് കുന്നംപറമ്പിലിനെതിരെ പരിഹാസിച്ച് കൊണ്ട് മന്ത്രിയും പറഞ്ഞു
ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാർത്ഥിയെ നിർത്തി തന്നെ തോൽപ്പിക്കാൻ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീൽ പറഞ്ഞു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയാണ് പരാമർശം
അതേസമയം വ്യക്തിപരമായി പികെ ഫിറോസിനെതിരെയുള്ള ആരോപണങ്ങളും മറ്റും തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ താനുദ്ദേശിക്കുന്നില്ലെന്നും രണ്ടു മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണിതെന്നും കെടി ജലീൽ പറഞ്ഞു.
വര്‍ക്കല ഇടവയില്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്നും കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു. ഇടവ പ്രസ് മുക്ക് സല്‍സബീല്‍ വീട്ടില്‍ നിമ(26)യാണ് മരിച്ചത്. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യയാണ് നിമ.
ഇന്ന് രാവിലെ പതിനൊന്നരയോടെ നിമയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ വച്ചായിരുന്നു സംഭവം. ഫ്‌ലാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്ന് വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്.
ഇടവ മദ്രസ മുക്കില്‍ നൂര്‍ജലാല്‍ റസിഡന്‍സിയുടെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിമയും കുടുംബവും. കെട്ടിടത്തിന്റെ ടെറസില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു നിമ. ഇതിനിടെ നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കെ നിമയും താഴേക്ക് വീഴുകയായിരുന്നു. ഇതാണ് സംഭവത്തെ കുറിച്ച് പ്രാഥമികമായി ലഭിക്കുന്ന വിവരം. വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നിമയ്ക്കും കുഞ്ഞിനുമൊപ്പം നിമയുടെ മാതാവ് സീനത്ത്, സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സംഭവ സമയം ഇളയ സഹോദരി റിസ്വാന പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. സീനത്തും സുല്‍ത്താനയും വീടിനകത്തും. നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലും ഭര്‍ത്താവ് അബു ഫസല്‍ ദുബായിലുമാണ്.
കുഞ്ഞിന് എക്‌സറേ പരിശോധന നടത്തിയതില്‍ കുഴപ്പമൊന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിമയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു