കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ തന്നെ നൽകുന്നത്. കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലം ചൂണ്ടികാട്ടിയാണ് ധനമന്ത്രി അത്തരമൊരു വിശേഷണം ബജറ്റിന് നൽകിയത്. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്.
അസ്വസ്ഥമായ കാർഷികമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ‘ആത്മനിർഭർ ഭാരതി’ന്റെ ഭാഗമായുള്ള നടപടികൾക്ക് ഊന്നൽ ലഭിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം.
സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാൻ സാദ്ധ്യതയുണ്ട്. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കൽ മുൻനിർത്തിയുള്ള ധനസമാഹരണത്തിനും നിർമല സീതാരാമൻ കാര്യമായ പരിഗണന നൽകും.
സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം.ഫെബ്രുവരി ആറ് ശനിയാഴ്ച മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും. നിലവിൽ അമ്മയുടെ ഓഫീസ് തിരുവവന്തപുരത്താണ് പ്രവർത്തിക്കുന്നത്.
സംഘടനയുടെ സുപ്രധാന മീറ്റിംഗുകളെല്ലാം കൊച്ചിയിലാണ് നടക്കാറുള്ളത്. കലൂരിലെ ദേശാഭിമാനി റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫീസ് മന്ദിരത്തിന് 5 നിലകളാണുള്ളത്.
2019 നവംബർ 20നാണ് മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്. 2020 ഒക്ടോബരിൽ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കുകയായിരുന്നു. കൊവിഡ് ഭീതിയിലാണ് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്.
ലണ്ടൻ: ഹോങ്കോംഗിനെ പൂർണനിയന്ത്രണത്തിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കു മറുപടിയായി ഹോങ്കോംഗ് പൗരന്മാർക്കു പൗരത്വം നല്‍കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. ഹോങ്കോംഗുകാർക്കു പ്രത്യേക ബ്രിട്ടീഷ് വീസ നല്‍കാനുള്ള പദ്ധതി ഇന്നലെ ആരംഭിച്ചു. മൂന്നു ലക്ഷം പേർ അപേക്ഷ നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഹോങ്കോംഗുകാർക്കു പ്രത്യേകം അനുവദിച്ചിട്ടുള്ള ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ട് ഉള്ളവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമാണു വീസയ്ക്ക് അപേക്ഷിക്കാനാവുക. വീസ ലഭിക്കുന്നവർക്ക് അഞ്ചു വർഷത്തേക്ക് ബ്രിട്ടനിൽ പഠനത്തിനും തൊഴിലെടുക്കാനും അനുമതി ലഭിക്കും. തുടർന്ന് സ്ഥിരം പൗരത്വത്തിനും അപേക്ഷിക്കാം.
മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിനോടുള്ള സൗഹൃദം മാനിച്ചാണ് ഈ നടപടിയെന്ന് പ്രധാനമന്ത്രി ബോറീസ് ജോൺസൻ പറഞ്ഞു. ബ്രിട്ടന്റെ നടപടി ചൈനീസ് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ പ്രതികരിച്ചു. ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പാസ്പോർട്ടിനെ ഇനി ചൈന അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
1997ൽ ബ്രിട്ടൻ ഹോങ്കോംഗിനെ ചൈനയ്ക്കു കൈമാറും മുന്‍പാണ് ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) പദവി സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ജൂണിൽ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിമയത്തിലൂടെയാണു ചൈന ഹോങ്കോംഗിനു മേൽ പിടിമുറുക്കാൻ ശ്രമിക്കുന്നത്.
മോസ്കോ: ജയിലിൽ കഴിയുന്ന പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ അനുയായികൾ തുടർച്ചയായ രണ്ടാം ഞായറാഴ്ചയും റഷ്യയിലുടനീളം പ്രതിഷേധമാർച്ചുകൾ സംഘടിപ്പിച്ചു. 3,000 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ചില നിരീക്ഷണ സംഘടനകൾ അറിയിച്ചു.
വിഷപ്രയോഗമേറ്റ നവൽനി ജർമനിയിലെ ചികിത്സയിലൂടെ സുഖംപ്രാപിച്ച് മടങ്ങിവന്നയുടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെത്തുടർന്നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. മുന്‍പൊരു കേസിൽ അദ്ദേഹത്തിനു ലഭിച്ച ജയിൽ ശിക്ഷ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പതിവായി പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ജർമനിയിൽ ചികിത്സയിലായിരുന്ന കാലത്ത് വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണു വീണ്ടും ജയിലിൽ അടച്ചത്.
കഴിഞ്ഞ ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുത്ത നാലായിരം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. നവൽനിയുടെ ഒട്ടനവധി അടുത്ത അനുയായികൾ കസ്റ്റഡിയിലോ വീട്ടുതടങ്കലിലോ ആണ്.
മോസ്കോ, സെന്റ് പീറ്റേഴ്സ് ബെർഗ്, നോവസിബിർസ്ക്, താപനില മൈനസ് 40 ഡിഗ്രിയുള്ള യാക്കുറ്റ്സ്ക്, ഓംസ്ക്, യെക്കാത്തരീൻബെർഗ് മുതലായ നഗരങ്ങളിൽ ഇന്നലെ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. പുടിൻ മോഷ്ടാവാണ്, സ്വാതന്ത്ര്യം വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കി. മോസ്കോയിൽ 140 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. മോസ്കോയിലെ ജയിലുകൾ നവൽനിയുടെ അനുയായികളെക്കൊണ്ടു നിറഞ്ഞതിനാൽ പോലീസ് മറ്റു സ്ഥലങ്ങൾ അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
മ്യാന്മര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി.
രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.
സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാൻ താർ മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.
യാങ്കോണിലും നയ്പിറ്റോയിലും സൈനികർ തെരുവിലുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സൈന്യവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പാർലമെന്റിന്റെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സൈന്യം ഇടപെടൽ നടത്തിയത്.
ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.’
ഇന്ത്യ അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഇന്ത്യ അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകിയതിന് പുറമേ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നു.
ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്, മൗറീഷ്യസ്, ബെഹ്‌റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.
സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കു വിപണനാടിസ്ഥാനത്തിൽ വാക്‌സിനുകൾ ഉടൻ കയറ്റുമതി ചെയ്യും. ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്‌സിൻ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്‌സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി -ഹരിയാന അതിർത്തിയായ സിംഘുവിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ അരങ്ങേറിയ അതിക്രമം ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് എം.പി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അധികാരത്തിൽ ഇരിക്കുന്നവർ അടിച്ചമർത്തുകയാണെങ്കിൽ അത് അവരുടെ പ്രക്ഷോഭത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി തൻമൻജീത് സിങ് ദേസി പറഞ്ഞു.
സിംഘുവിൽ കർഷകരെ പൊലീസും ആൾക്കൂട്ടവും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളം, വൈദ്യൂതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിവെച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ മർദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘പൊലീസും ആൾക്കൂട്ടവും ചേർന്ന് കർഷകരെ അതിക്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ജലം, വൈദ്യുതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിയശേഷം ഡൽഹി കാലിയാക്കണമെന്നാണ് നിർദേശം.
അക്രമം ക്ഷമിക്കാൻ കഴിയില്ല. അധികാരത്തിലിരിക്കുന്നവർ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, അവർ കൂടുതൽ ശക്തിയാർജിക്കും. ലോകം നിങ്ങളെ ഉറ്റുനോക്കുന്നു’ -തൻമൻജീത് ട്വീറ്റ് ചെയ്തു.
പഞ്ചാബ് വംശജനായ രാഷ്ട്രീയക്കാരനാണ് ദേസി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 100 എം.പിമാരും ഭരണകർത്താക്കളും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസന് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കൂടാതെ ഹൗസ് ഓഫ് കോമൺസിലെ ചോദ്യോത്തര വേളയിൽ കർഷക പ്രക്ഷോഭം വിഷയമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു.
സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാരുടെയും നാട്ടുകാരാണെന്ന് പറഞ്ഞെത്തിയ ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിലായിരുന്നു ആക്രമണം. കർഷകരുടെ ടെന്‍റ് പൊളിക്കുകയും കർഷകർക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
Shocked to see mobs and police trying to intimidate and clear Delhi #FarmersProtest, after stopping their water, electricity and internet.
Violence can’t be condoned, but if people in power abuse peaceful protesters, it’ll merely make their movement stronger.#TheWorldIsWatching pic.twitter.com/F6ibfaElSl
— Tanmanjeet Singh Dhesi MP (@TanDhesi) January 30, 2021
കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകൾക്ക് എയർ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നൽകും. അപകടത്തിൽ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീെൻറ മകൾക്ക് 1.51 കോടി നൽകാൻ തയാറാണെന്ന് എയർ ഇന്ത്യ കമ്പനി ഹൈകോടതിയിൽ അറിയിച്ചു. തുക എത്രയും വേഗം നൽകാൻ ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നൽകിയ ഹരജി തീർപ്പാക്കി ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.
മരിച്ചയാളുെടയും ഭാര്യയുെടയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂർണരേഖകൾ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. വിമാനാപകട ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഹരജിക്കാർക്ക് അന്തർ ദേശീയ സ്റ്റാൻേഡർഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരേത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും എയർ ഇന്ത്യയും (നാഷനൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടൻ നൽകുമെന്ന് ഹരജിക്കാരും അറിയിച്ചു.
തുടർന്ന് എത്രയും വേഗം അപേക്ഷ നൽകാനും പരിഗണിച്ച് നൽകാൻ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിർദേശിച്ചു. തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകൾ ലഭിക്കുമ്പോൾ സഹഹരജിക്കാർക്കും മതിയായ നഷ്ടപരിഹാരം നൽകാനും അനുവദിക്കുന്ന തുകയുടെ കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ഹരജിക്കാർക്ക് ഹൈകോടതിയെ അടക്കം ഉചിതഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീർപ്പാക്കിയത്.
മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം നില്‍ക്കുന്ന വിവേക് ഗോപന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവേക് ബിജെപിയില്‍ അംഗത്വമെടുത്തെന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വിവേക് ഗോപനോ നേതാക്കളോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് വിവേക് ഗോപന്‍ രംഗത്തെത്തിയിരുന്നു. ‘പരസ്പരം’ എന്ന സീരിയലിലൂടെയാണ് വിവേക് ശ്രദ്ധേയനായത്.
2011ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പുള്ളക്കാരന്‍ സ്റ്റാറാ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി 15 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അതേസമയം, കൃഷ്ണകുമാര്‍, പ്രവീണ എന്നീ താരങ്ങളുടെ പേരുകളും ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന തരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന് വ്യക്തമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും വാര്‍ത്ത ആരോ സൃഷ്ടിച്ചതാണെന്നും പറഞ്ഞ് നടി പ്രവീണയും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആളാണ് സോമദാസ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാർത്ഥി ആയിരുന്ന സോമദാസിന്റെ അവസാന നാളുകള്‍ അതീവ ദയനീയമാണ്. ഇന്ന് രാവിലെയാണ് സോമദാസ് അന്തരിച്ചതായി വാര്‍ത്തകള്‍ വന്നത്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തല്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെണ്‍മക്കളും ഉണ്ട്.
വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതല്‍ ഈ ഗായകന്‍ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാന്‍ ഇടയായത്. കാലങ്ങള്‍ കഴിഞ്ഞ ശേഷമാണ് പിന്നെ മറ്റൊരു ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സോമദാസ് എത്തുന്നത്. വിവാഹ മോചിതനായ സോമദാസ് മുന്‍ ബന്ധത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സോമദാസിന്റെ തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെയാണ് മുന്‍ ഭാര്യ സൂര്യ, സോമദാസ് പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികള്‍ മാറിമറിഞ്ഞു.
അടുത്തിടെ ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. ബിഗ് ബോസിന് ശേഷം വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ താരം രംഗത്ത് വന്നിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ, കലാരംഗത്ത് സജീവം ആയിരുന്നു സോമദാസ്. കലാലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം ആണ് സോമദാസിന്റെ മരണം നല്‍കിയത്.
കോവിഡ് ബാധിതനായ ശേഷം ആശുപത്രിയില്‍ കിടക്കയില്‍ ആയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതല്‍ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങള്‍ ആണ് സോമദസിനുള്ളത്. അവരുടെ കാര്യം എങ്ങും എത്താതെ നില്‍ക്കുന്നതിന്റെ ഇടയില്‍ ആണ് താരത്തെ മരണം കീഴ്‌പെടുത്തിയത്.ബിഗ് ബോസില്‍ സോമദാസ് കൂടുതല്‍ സമയവും പറഞ്ഞത് മക്കളുടെ വിശേഷങ്ങള്‍ ആണ്. മക്കള്‍ക്ക് വേണ്ടി അന്ന് സോമദാസ് ആലപിച്ച കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ബിഗ് ബോസ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.