Latest News

ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്രിസാദെയെ വെടിവെച്ചു കൊന്നു. ദാരുണ സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ടഹ്‌റാനിന് പുറത്ത് കാറിന് നേരെ ആക്രമണം നടത്തിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൊഹ്‌സിന് ഫഖ്രിസാദെയുടെ സുരക്ഷാ അംഗങ്ങളും അക്രമികളുമായി ഏറ്റുമുട്ടലും നടന്നു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഫഖ്രിസാദെ ആശുപത്രിയില് വച്ചാണ് മരിച്ചത്.

ഇയാളുടെ കാറിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഇറാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ശാസ്ത്രജ്ഞന്റെ വധത്തില്‍ ഇസ്രയേല്‍ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞു.

‘ഇറാനിലെ ഒരു പ്രശസ്ത ശാസ്ത്രജ്ഞനെ തീവ്രവാദികള്‍ കൊലപ്പെടുത്തി, ഈ ഭീരുത്വം, ഇസ്രയേല്‍ പങ്കിന്റെ ഗുരുതരമായ സൂചനകളാണ്’ ഷരിഫ് ട്വിറ്ററില്‍ കുറിച്ചു. ലജ്ജാകരമായ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനും ഭരണകൂട ഭീകരതയെ അപലപിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഫഖ്രിസാദെ. ഇയാളെ ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഒരിക്കല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചിട്ടുണ്ട്.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ കിഴക്കന്‍ മേഖലയായ അബ്‌സാര്‍ഡ് നഗരത്തിന് സമീപം കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന് ഫഖ്രിസാദെയോട് പഴയതും ആഴത്തിലുമുള്ള ശത്രുതയുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ആക്രമണത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു.

നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ജയകുമാര്‍.

നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.

അബുദാബിയിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കളായ യുവാക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവരു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.

സ്വദേശികലും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്ന ഇരുവരും വാരാന്ത്യങ്ങളിൽ കാണാറുണ്ടായിരുന്നു. ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് എത്തിച്ചേക്കും.

രോഹിത് ശർമ്മയുടെ പരുക്കിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല എന്ന് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ. രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാനാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.

പിതാവിനെ കാണാൻ മുംബൈയിലെത്തിയ രോഹിത് പിതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടതോടെയാണ് എൻസിഎയിലേക്ക് പോയത്. ഡിസംബർ 11ന് രോഹിതിൻ്റെ ഫിറ്റ്നസ് പരിശോധിക്കും. പരിശോധനക്ക് ശേഷം അദ്ദേഹം ടെസ്റ്റ് പരമ്പരയിൽ കളിക്കുമോ എന്നതിനെപ്പറ്റി തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.

രോഹിതിൻ്റെ അവസ്ഥ എന്താണ് എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമാണ് കോലി വിഷയത്തിൽ പ്രതികരിച്ചത്. പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻ്റെ പ്രതികരണം.

പരുക്കിനെ തുടർന്ന് പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് സമയത്ത് ഓസ്ട്രേലിയയിൽ എത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. 11നു നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ താരം പാസ് ആയാലും ഓസ്ട്രേലിയയിലെ ക്വാറൻ്റീൻ നിബന്ധനകളുടെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിനു കഴിയില്ല.

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കില്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയാറാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപ്. അതിനര്‍ത്ഥം താന്‍ പരാജയം സമ്മതിക്കുന്നു എന്നല്ലെന്നും ‘അവര്‍ തെറ്റു ചെയ്യുകയാണ്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി എതിരായിട്ടും സ്ഥാനമൊഴിയുന്നതില്‍ വിസമ്മതം പ്രകടിപ്പിക്കുകയാണ് ട്രംപ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാല്‍ താങ്ക്‌സ്ഗീവിംഗിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇലക്ടറല്‍ കോളേജ് വോട്ടില്‍ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ സ്ഥാമൊഴിയാന്‍ തയാറാണെന്ന് ട്രംപ് ആദ്യമായി പ്രതികരിച്ചത്. “തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം”, ട്രംപ് പറഞ്ഞു. “പക്ഷെ അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ ഒരു തെറ്റു ചെയ്യുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാജയം സമ്മതിക്കാന്‍ ബുദ്ധിമുട്ടാണെന്നും സമ്മതിച്ച ട്രംപ് ജനുവരി 20-ന് നടക്കുന്ന ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മടിച്ചു എന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തു നിന്നും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ വിജയിച്ചവര്‍ ഡിസംബര്‍ 15-നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നത്. ഈ വോട്ടുകള്‍ ജനുവരി ആറിന് എണ്ണും.

യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ മതിയെന്നിരിക്കെ, ബൈഡന്‍ 306 വോട്ടുകള്‍ നേടിയിരുന്നു. ട്രംപിന് ലഭിച്ചത് 232 വോട്ടുകളാണ്. പോപ്പുലര്‍ വോട്ടിംഗില്‍ ട്രംപിനേക്കാള്‍ അറുപത് ലക്ഷം വോട്ടുകളും ബൈഡന്‍ കൂടുതല്‍ നേടിയിരുന്നു.

ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ളാക്കൂര്‍ ആനന്ദഭവനം സോമസുന്ദരന്‍ നായരെ (57) കാണാതായതിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വരുത്തി പരിശോധന നടത്തി.

മരിച്ചത് സോമസുന്ദരന്‍ നായര്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിന് 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് വിനയ് തന്റെ നിലപാട് വ്യക്തമാക്കിയത്.

തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആയി കഴിയുമ്പോള്‍ അവര്‍ക്ക് ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് താരം പറഞ്ഞത്.

അതേസമയം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാലയ രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുതെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.

ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ലോകം ഒന്നടങ്കം തേങ്ങുകയാണ്. ഇപ്പോള്‍ കണ്ണീരോടെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഐഎം വിജയന്‍. തന്റെ ഇടത്തേക്കാലില്‍ മറഡോണയെ പച്ചകുത്തിയ കട്ട ആരാധകനാണ് ഐഎം വിജയന്‍. മറഡോണയുടെ വിയോഗം ഞെട്ടലോടെയാണ് വിജയന്‍ കേട്ടത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.

ഐഎം വിജയന്റെ വാക്കുകള്‍;

‘ലോകത്തില്‍ രണ്ട് ആള്‍ക്കാരെയുള്ളൂ ഫുട്‌ബോളില്‍. രാജാവാരാണ് എന്ന് ചോദിച്ചാല്‍ പെലെ എന്നേ പറയൂ. പക്ഷേ എന്നാല്‍ ദൈവം ആരാണ് എന്ന് ചോദിച്ചാല്‍ മറഡോണ എന്നേ പറയൂ. ആ ദൈവം നമ്മേ വിട്ടുപോകുന്നു എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. ആശുപത്രി വിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. എന്നെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. രണ്ട് മിനുറ്റ് അദേഹത്തിനൊപ്പം കളിക്കാന്‍ ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍.

ഞാന്‍ അര്‍ജന്റീനന്‍ ആരാധകനായിരുന്നില്ല. എന്നാല്‍ 1986 ലോകകപ്പിലെ മറഡോണയുടെ കളി കണ്ട് ആരാധകനായതാണ്. ഇപ്പോഴും അത് തുടരുന്നു. മറഡോണ കാരണമാണ് ഞാന്‍ അര്‍ജന്റീന ആരാധകനായത്. ഫുട്‌ബോള്‍ പ്രേമികള്‍ക്കും മറഡോണയെ ഇഷ്ടപ്പെടുന്നവര്‍ക്കും തീരാനഷ്ടമാണിത്. കലാഭവന്‍ മണി പെട്ടെന്ന് മരിച്ചപ്പോള്‍ കേട്ട ഞെട്ടലാണ് മറഡോണയുടെ മരണമുണ്ടാക്കിയത്. കൈകൊണ്ട് ഗോളടിച്ചു, അതുകഴിഞ്ഞ് മൈതാന മധ്യത്തുനിന്ന് അഞ്ചുപേരെ ഡ്രിബിള്‍ ചെയ്ത് ഗോളടിച്ചു. ഒരിക്കലും അത് മറക്കാന്‍ കഴിയില്ല. മറഡോണയുടെ സ്‌കില്‍ പഠിക്കാന്‍ നോക്കിയിരുന്നു. അത് അദേഹത്തിനേ പറ്റുകയുള്ളൂ. കളിക്കളത്തിലെ മറഡോണയെ മാത്രമേ നമുക്ക് നോക്കിയാല്‍ മതി. മൈതാനത്തെ മറഡോണയെ തന്നെ നമുക്ക് പഠിക്കാന്‍ കഴിയില്ല.

ഇടത്തേ കാലില്‍ മറഡോണയെ ടാറ്റു കുത്തിയിട്ടുണ്ട്. അങ്ങനെയൊരു ആളെ കാണാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. കാരണം മറഡോണ കണ്ണൂരില്‍ വന്നപ്പോള്‍ ആദ്യം അഞ്ചാറ് മണിക്കൂര്‍ കാത്തിരുന്നിട്ടും കാണാന്‍ പറ്റിയിരുന്നില്ല. എന്നാല്‍ പിറ്റേന്ന് അദേഹത്തിനൊപ്പം പന്ത് തട്ടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്’

അപകടത്തില്‍പ്പെട്ട ബെക്ക് യാത്രികന് രക്ഷകനായി തെരുവുനായ. നാട്ടുകാര്‍ ഓമനിച്ച് വിളിക്കുന്ന കുട്ടന്‍ എന്ന തെരുവുനായയാണ് വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (48)ക്ക് പുതുജീവന്‍ നല്‍കിയത്. ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം.

ആലപ്പുഴയില്‍ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലില്‍ ബൈക്ക് മറിഞ്ഞ് ജോണ്‍ കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടന്‍ എന്ന തെരുവുനായ കുളത്തിന് സമീപം നിന്ന് കുരയ്ക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ തേനാംപുറത്ത് അനീഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഉപയോഗിച്ച് നോക്കിയപ്പോഴാണ് വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ആളെ കണ്ടത്. ഇതുവഴി വന്ന അയല്‍വാസി ശ്യാംകുമാറിനെയും കൂട്ടി കുളത്തിലിറങ്ങി ജോണിനെ കുളത്തില്‍ നിന്ന് കരയ്‌ക്കെത്തിക്കുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭൂജല വകുപ്പ് ജീവനക്കാരനായ ജോണ്‍ ആലപ്പുഴയില്‍ നിന്ന് വെച്ചൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ റോഡിന്റെ വശത്തെ കമ്പിയില്‍ ബൈക്ക് തട്ടി കുളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബൈക്ക് കമ്പിയില്‍ തട്ടി നിന്നു.

മതം പറഞ്ഞ് വോട്ടുചോദിച്ച ലീഗ് പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ മാപ്പുപറയിപ്പിച്ചു. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം. സംഭവത്തില്‍ സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി.

പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി അറുമുഖത്തിനെതിരെയാണ് വര്‍ഗീയ പ്രചരണമുണ്ടായത്. അറുമുഖന്‍ കാഫിര്‍ ആയതിനാല്‍ മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാണ് ലീഗ് പ്രവര്‍ത്തകന്‍ ഹൈദ്രോസ് ഹാജി ഒരു വീട്ടിലെത്തി പറഞ്ഞത്.

‘അറുമുഖം ഹിന്ദുവാണ്, മറ്റവന്‍ മുസ്ലീമാണ് അവന് വോട്ട് ചെയ്യൂ’ എന്നാണ് ലീഗ് പ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ ഇതറിഞ്ഞെത്തിയ നാട്ടുകാര്‍, സ്‌കൂട്ടറെടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്ന അയാളെ തടഞ്ഞുനിര്‍ത്തി മാപ്പുപറയിച്ചു. തെറ്റുപറ്റിയെന്നും ഇനി പറയില്ലെന്നും ഇയാള്‍ വ്യക്തമാക്കി. മനുഷ്യരെ മനുഷ്യരായി കാണൂവെന്നും, പ്രദേശത്ത് പള്ളിക്കായി സ്ഥലം വിട്ടകൊടുത്തയാളാണ് അറുമുഖന്‍ എന്തറിഞ്ഞാണ് വര്‍ഗീയപ്രചരണം നടത്തുന്നതെന്നും നാട്ടുകാര്‍ ഇയാളോട് ചോദിച്ചു.

അതേസമയം, മതവിദ്വേഷം പ്രചരിപ്പിച്ച് വോട്ടു പിടിക്കാന്‍ ശ്രമിച്ചതിന് സിപിഎം കരുവാരകുണ്ട് പോലീസിന് പരാതി നല്‍കി. എന്നാല്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയ ഹൈദ്രോസ് ഹാജിക്ക് മുസ്ലിം ലീഗുമായി ബന്ധമില്ലെന്നും ഇയാളെ മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് എന്നുമാണ് മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിശദീകരണം.

Copyright © . All rights reserved