കൊല്‍ക്കത്ത∙ 30 വര്‍ഷം പെണ്ണായി ജീവിച്ച് ഒരു സുപ്രഭാതത്തില്‍ താന്‍ പുരുഷനാണെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണു ബംഗാള്‍ സ്വദേശിനി. വയറു വേദനയ്ക്കു ചികിത്സയ്‌ക്കെത്തിയ സ്ത്രീ ‘പുരുഷന്‍’ ആണെന്നും അവര്‍ക്ക് വൃഷണത്തിനു കാന്‍സര്‍ ആണെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. ബിര്‍ഭും സ്വദേശിയായ 30 വയസുകാരി ഒമ്പതു വര്‍ഷം മുന്‍പ് വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിച്ചുവരികയായിരുന്നു. കടുത്ത വയറു വേദനയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതോടെയാണു കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
ഡോ. അനുപം ഗുപ്തയും ഡോ. സൗമന്‍ ദാസും പരിശോധിച്ചതോടെ അവര്‍ ശരിക്കും പുരുഷനാണെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരികയായിരുന്നു. പരിശോധനയില്‍ ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്നും തെളിഞ്ഞു. ‘ആന്‍ഡ്രജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം’ എന്ന അവസ്ഥയാണ് ഇതിനു കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. 22,000ത്തില്‍ ഒരാള്‍ക്കു സംഭവിക്കാവുന്ന അപൂര്‍വ അവസ്ഥയാണിത്. ജനിതകപരമായി പുരുഷന്‍ ആയി ജനിക്കുകയും എന്നാല്‍ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.
രൂപത്തില്‍ സ്ത്രീ തന്നെ ആയിരിക്കും. സ്ത്രീയുടെ ശബ്ദവും ശരീര അവയവങ്ങളും ഉണ്ടായിരിക്കും. ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ സാന്നിധ്യമാണ് അത്തരം ശാരീരിക ഘടന നല്‍കുന്നത്. പക്ഷേ, ജനിക്കുമ്പോള്‍ തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും ഉണ്ടായിരിക്കില്ല. പരിശോധനയില്‍ ഇവരുടെ ക്രോമസോം ഘടന സ്ത്രീകളില്‍ കാണുന്ന XX നു പകരം XY ആയിരുന്നു. കൂടാതെ, ഈ സ്ത്രീക്ക് ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പരിശോധനയില്‍ ഇവര്‍ക്കു ശരീരത്തിനുള്ളില്‍ വൃഷണങ്ങള്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്നു ബയോപ്‌സി നടത്തിയപ്പോഴാണ് ഇവര്‍ക്ക് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. സെമിനോമ എന്നാണ് ഇതു പറയപ്പെടുന്നതെന്നു ഡോ. സൗമന്‍ പറഞ്ഞു. ഇവര്‍ക്കു കീമോതെറപ്പി ആരംഭിച്ചുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡോക്ടര്‍ പറഞ്ഞു. താന്‍ സ്ത്രീയല്ല പുരുഷനാണെന്നു തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് രോഗി. അവര്‍ക്കും ഭര്‍ത്താവിനും തങ്ങള്‍ കൗണ്‍സിലിങ്ങ് നല്‍കി വരികയാണെന്നും മുന്‍പ് ജീവിച്ചിരുന്നതു പോലെ തന്നെ ഇനിയുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഉപദേശിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
കൊറോണവൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ഓട്ടത്തിൽ മുന്നിട്ടു നിൽക്കുന്നവരിൽ ഒന്നാണ് ഓക്സ്ഫോർഡ് സർവകലാശാല. ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കിൽ ഈ ഒക്ടോബറോടെ കോവിഡ്–19 വാക്സിൻ ജനങ്ങൾക്ക് ലഭിക്കും.
ഇതോടൊപ്പം തന്നെ, ഓക്സ്ഫോർഡ് പരീക്ഷണങ്ങൾക്ക് ശേഷം വാക്സിൻ നിർമിക്കാൻ ഉത്തരവാദിത്തമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ആസ്ട്രാസെനെക്ക മൂന്നു കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഓക്സ്ഫോർഡിലെ ഗവേഷകൻ സൂചിപ്പിച്ചതു പ്രകാരം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബറോടെ പുറത്തുവരും. വാക്സിൻ ഒക്ടോബറോടെ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
നിലവിൽ ഓക്സ്ഫോർഡ് സർവകലാശാല ഗവേഷകർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകൾ നിർമിക്കാൻ പോകുന്നുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽപാദക കമ്പനികളിലൊന്നായ സെറം ഇന്ത്യ, കോവിഡ് -19 വാക്സിൻ വെറും 1,000 രൂപയ്ക്ക് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു.
മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ ഓക്സ്ഫോർഡ് ChAdOx1 വാക്സിൻ വിജയകരമാണെന്നും ഇപ്പോൾ മനുഷ്യരിൽ പരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഫലങ്ങളെല്ലാം അനുകൂലമാണെന്നും പ്രൊഫസർ ഹിൽ പറഞ്ഞു. ഈ വാക്സിൻ ചിമ്പാൻസികളിലെ പരീക്ഷണങ്ങളിൽ വളരെ നല്ല ഫലങ്ങൾ കാണിക്കുന്നു, ഇതിനകം തന്നെ മനുഷ്യ പരീക്ഷണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോർഡ് നടത്തിയ വാക്സിൻ ഇപ്പോൾ കൂടുതൽ പേരിൽ പരീക്ഷണത്തിന് വിധേയമല്ല. യുണൈറ്റഡ് അറബ് എമിറേറ്റിലെ മനുഷ്യരിൽ കോവിഡ് -19 വാക്സിൻ പരീക്ഷിക്കാൻ റെഗുലേറ്ററിയുടെ അനുമതി ലഭിച്ചതായി ബെയ്ജിങ് ആസ്ഥാനമായുള്ള ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വാക്സിനുകൾ അംഗീകരിക്കപ്പെടുമ്പോൾ, കോവിഡ്-19 ലോകത്തിൽ നിന്ന് നീക്കംചെയ്യാൻ വൻതോതിലുള്ള ഉത്പാദനം വേണ്ടിവരും.
ഡോഡോമ ( ടാന്‍സാനിയ): ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകാന്‍ സാധിക്കുമോ? അത്ഭുതങ്ങള്‍ നടന്നാല്‍ അങ്ങനെ സംഭവിച്ചേക്കാമെന്നായിരിക്കാം ഉത്തരം. അത്തരത്തിലൊരു അത്ഭുതമാണ്, അല്ല മഹാഭാഗ്യമാണ് ടാന്‍സാനിയയിലെ തൊഴിലാളിയെ തേടിയെത്തിയത്.
കണ്ടെത്തിയ രണ്ട് വലിയ രത്‌നക്കല്ലുകളാണ് ഇയാളെ പണക്കാരനാകാന്‍ സഹായിച്ചത്. ഇരുണ്ട വയലറ്റ്- നീല നിറങ്ങളിലുള്ള രത്‌നക്കല്ലുകളാണ് കണ്ടെത്തിയത്. ഇത് സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാന്‍സാനിയന്‍ ഷില്ലിങ് ( ഏകദേശം 25 കോടിയോളം രൂപ) ആണ് സര്‍ക്കാര്‍ പ്രതിഫലമായി കൈമാറിയത്.
ഇതുവരെ കണ്ടെത്തിയവയില്‍ വെച്ച് ഏറ്റവും വലിയ അപൂര്‍വ രത്‌നക്കല്ലുകള്‍ കണ്ടെത്തിയതാകട്ടെ സനിനിയു ലൈസര്‍ എന്ന സാധാരണക്കാരനായ ഖനിത്തൊഴിലാളിയും. ടാന്‍സാനിയയുടെ വടക്കന്‍ പ്രദേശത്തുള്ള ഖനികളിലൊന്നില്‍ നിന്നാണ് ഈ രത്‌നക്കല്ലുകള്‍ കണ്ടെത്തിയത്.
ആദ്യത്തെ രത്‌നക്കല്ലിന് 9.27 കിലോയും രണ്ടാമത്തേതിന് 5.10 കിലോയുമാണ് ഭാരം. ടാന്‍സാനിയയിലെ ആ പ്രദേശത്ത് മാത്രം കാണപ്പെടുന്ന അപൂര്‍വ രത്‌നക്കല്ലുകളായ ഇവയെ ടാന്‍സാനൈറ്റ് രത്‌നങ്ങളെന്നാണ് വിളിക്കുന്നത്. രാജ്യത്ത് രത്‌നഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ രത്‌നക്കല്ലുകള്‍ എന്നാണ് ഖനനമന്ത്രാലയം ഇതേപ്പറ്റി പ്രതികരിച്ചത്.
ലൈസറില്‍നിന്ന് ബാങ്ക് ഓഫ് ടാന്‍സാനിയ രത്‌നക്കല്ലുകള്‍ വാങ്ങുകയും ചെക്ക് കൈമാറുന്നതിന്റെയും തത്സമയ സംപ്രേഷണം ടാന്‍സാനിയന്‍ ടെലിവിഷനില്‍ നടന്നു. പണം കൈമാറുന്ന ചടങ്ങിനിടെ ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മാഗുഫുലി ലൈസറിനെ ഫോണില്‍ വിളിക്കുകയും ചെയ്തു.
ലൈസറിനേപ്പോലുള്ള സാധാരണക്കാരായ ഖനിത്തൊഴിലാളികള്‍ക്ക് അവര്‍ കണ്ടെത്തുന്ന രത്‌നം സര്‍ക്കാരിന് വില്‍ക്കാന്‍ അനുവാദം നല്‍കുന്ന തരത്തില്‍ ടാന്‍സാനിയയില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതുപ്രകാരം തൊഴിലാളികളില്‍ നിന്ന് രത്‌നം വാങ്ങാന്‍ രാജ്യത്തെമ്പാടും പ്രത്യേക കേന്ദ്രങ്ങളും സര്‍ക്കാര്‍ തുടങ്ങിയിരുന്നു.
അപൂര്‍വരത്‌നങ്ങളായതിനാല്‍ ഇവിടെനിന്ന് ഖനനം ചെയ്‌തെടുക്കുന്ന രത്‌നക്കല്ലുകള്‍ അനധികൃതമായി രാജ്യത്തുനിന്ന് കടത്തപ്പെടുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ദുബായിൽ നിന്നു തിരിച്ചെത്തിയ കോട്ടയം കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലേക്കു മാറ്റാൻ മണിക്കൂറുകൾ താമസിച്ചതായി ബന്ധുക്കൾ ആരോപിച്ചു.
ദുബായിൽ നിന്നും 21ാം തീയതി എത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റയ്ക്കു ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ 10ന് സഹോദരൻ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തത്് ശ്രദ്ധയിൽപെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിച്ചു.
ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ച് രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
യുവാവ് അബോധാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ കൊറോണ സെല്ലിൽ അറിയിച്ചിരുന്നതായി കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ധന്യ സുശീലൻ പറഞ്ഞു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.
കൊവിഡ് ടെസ്റ്റ് ശരാശരിയിൽ കേരളം പിന്നിലാണെന്ന് വാദിക്കാൻ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടെന്ന വിചിത്ര വാദവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ കേരളത്തിന് എഴുതിയ കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു വി മുരളീധരന്റെ പരാമർശം. ഇന്ത്യയിൽ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ കേരളത്തിന് 28ാം സ്ഥാനം മാത്രമാണ് ഉള്ളതെന്നും കേരളത്തിന് പിറകിൽ ഏഴ് സംസ്ഥാനങ്ങൾ മാത്രമേ ഉള്ളൂവെന്നുമാണ്‌വി മുരളീധരൻ പറഞ്ഞത്.
‘ഇന്നലത്തെ കണക്കിൽ ടെസ്റ്റിങ് ആവറേജിൽ കേരളം നിൽക്കുന്നത് 28ാം സ്ഥാനത്താണ്. കാരണം കേരളത്തിൽ ഒരു ലക്ഷത്തിന് 372 പേരെയാണ് ടെസ്റ്റ് ചെയ്യുന്നത്. ദേശീയ ശരാശരി 553 ആണ്. ദേശീയ ശരാശരിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന, നമ്മളേക്കാൾ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനങ്ങൾ ഉണ്ട്. നമ്മളുടെ പിന്നിൽ നിൽക്കുന്ന ആറേഴ് സംസ്ഥാനങ്ങളേ ഉള്ളൂ. ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ബീഹാർ, തെലങ്കാന, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങൾ, ഇവരേ നമ്മുടെ പിന്നിൽ നിൽക്കുന്നുള്ളൂ. പക്ഷേ ഈ മുന്നിൽ നിൽക്കുന്ന 27 സംസ്ഥാനക്കാർ അവരാരും ഞങ്ങൾക്ക് ഈ ടെസ്റ്റിങ്ങ് നടത്തേണ്ട ആവശ്യമില്ല എന്ന് പറയാറില്ല. അതുകൊണ്ട് തന്നെ പ്രതിദിനമുള്ള ടെസ്റ്റുകൾ വർധിപ്പിക്കണമെന്നാണ് പറയാനുള്ളത്’- എവി മുരളീധരൻ പറഞ്ഞതിങ്ങനെ.
ജൂൺ 24 ന് കേന്ദ്രം കേരളത്തിന് എഴുതിയ കത്തിൽ കേരളത്തിനായി പ്രത്യേക മാർഗനിർദേശം പ്രായോഗികമല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചു. കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം കത്തിൽ പറഞ്ഞിരുന്നു. അതിന് അയച്ച മറുപടിയാണ് ഇന്നലെ നിങ്ങൾക്ക് കിട്ടിയത്. കിറ്റും കൊവിഡ് പരിശോധനയും വേണമെന്ന അപ്രയോഗിക സമീപനം മാറ്റിവെച്ച് പ്രായോഗികസമീപനം സ്വീകരിക്കുന്നത് നല്ലതാണ് എന്നാണ് കത്തിൽ പറഞ്ഞത്. മണ്ടത്തരം പറ്റിയത് മനസിലാക്കിയതിൽ സന്തോഷം എന്നാണ് കത്തിൽ പറഞ്ഞത്. ഇതെങ്ങനെയാണ് അഭിനന്ദമാകുന്നത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള അർത്ഥ വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തിൽ കൊവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും സംബന്ധിച്ച ഒരു പരാമർശവും ഇല്ല. പകരം ആദ്യം സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചതെന്നും മുരളീധരൻ പറഞ്ഞു.
എന്നാൽ വി മുരളീധരന് മറുപടിയുമായി മന്ത്രി എകെ ബാലൻ. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് അഭിനന്ദനം തന്നെയെന്ന് എകെ ബാലൻ പറഞ്ഞു. വി മുരളീധരൻ കോംപ്ലിമെന്റിന്റെ അർത്ഥം ചോദിച്ച് മനസ്സിലാക്കണമെന്നും സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര നിർദേശം അനുസരിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്ക് കിറ്റും കൊവിഡ് പരിശോധനയും വേണ്ടെന്നും മാസ്‌കും ഫേസ്ഷീൽഡും മതിയെന്നും കേരളം നേരത്തെ കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. അതിന് മറുപടിയായി അയച്ച കത്താണ് ഇന്നലെ സർക്കാരിന് കിട്ടിയതെന്നും അഭിനന്ദനമല്ലെന്നുമായിരുന്നു വി മുരളീധരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു.
യുഎൻ വെബിനാറിൽ പങ്കെടുത്തത് പോലും സർക്കാർ പിആർ വർക്കിന് ഉപയോഗിച്ചെന്നും കത്ത് ഇടപാടുകളിൽ ഔപചാരികമായ വാക്കുകൾ ഉപയോഗിച്ചതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി എകെ ബാലൻ.
കുട്ടികളുടെ പെയിന്റിംഗ് വിവാദം ചൂടേറുന്നു. അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് വീട്ടിലെത്തിയതിനുപിന്നാലെ പ്രതികരണവുമായി രഹ്ന ഫാത്തിമ. എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല്‍ അതിന്റെ കമന്റുകള്‍ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നും രഹ്ന പറയുന്നു.
അമ്മയുടെ ശരീരത്തില്‍ മകന്‍ ചിത്രം വരച്ചാല്‍ അതില്‍ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതല്‍ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളില്‍നിന്ന് പിന്നാക്കം പോകാനില്ല.
ഒരു സ്ത്രീശരീരം കണ്ടാലുടന്‍ അതില്‍ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തില്‍ വെറും വസ്ത്രങ്ങള്‍ക്കുള്ളില്‍ മാത്രം ഒരു സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടില്‍നിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. സ്ത്രീശരീരം ലൈംഗികതയ്ക്കും മക്കളെ നിര്‍മിക്കാനും മാത്രമുള്ളതാണെന്നു കരുതുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നാണ് നിലപാട്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് നിരവധി വിലക്കുകളാണ്. ആരെങ്കിലും അതു തുറന്നു പറഞ്ഞാല്‍ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അവിടെ എന്റെ പ്രവൃത്തി ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നുതന്നെയാണ് പറയാനുള്ളത്.
യഥാര്‍ഥത്തില്‍ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോള്‍ ആശ്വസിപ്പിക്കാനെത്തിയ അവന്‍ പെയിന്റുകൊണ്ട് ശരീരത്തില്‍ വരച്ചപ്പോള്‍ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തില്‍ ബോഡി ആര്‍ട് ചെയ്തിട്ടുള്ളതാണ്. അത് അവന്‍ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവന്‍ താല്‍പര്യപ്പെട്ടപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയില്ല. മകന്‍ നന്നായി ചിത്രം വരയ്ക്കും. വീട്ടില്‍ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തില്‍ വരച്ചപ്പോള്‍ അത് വിഡിയോയില്‍ പകര്‍ത്തി. നാലു പേര്‍ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലില്‍ പോസ്റ്റ് ചെയ്തത്.
നടന്‍ ശ്രീനിവാസന്‍ മാപ്പ് പറയണമെന്നാവശ്യവുമായി അങ്കണവാടി പ്രവര്‍ത്തകര്‍. ശ്രീനിവാസന്‍ അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ച് സംസാരിച്ചെന്നാരോപിച്ച് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യുണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
ശ്രീനിവാസന്റെ വീടിനുമുന്നിലാണ് പ്രതിഷേധം നടന്നത്. നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.
ആ ദിവസങ്ങളിൽ ഇറ്റലി എന്ന മറ്റൊരു ദൈവത്തിന്റെ സ്വന്തം നാട് എന്ന ഈ ചെറു രാജ്യം തകർന്നു തരിപ്പണമായി പോകുന്ന കാഴ്ചകൾ ആയിരുന്നു. കാറ്റിന് പോലും മരണത്തിന്റെ ഗന്ധം ഉള്ള ആ ദിനങ്ങൾ. മരണ സംഖ്യകളിലെ വ്യത്യാസം ഉണ്ടെങ്കിലും ജീവിതം ഇനിയും എങ്ങോട്ട് എന്നറിയാതെ മലയാളികളുൾപ്പെടെ ജനം ഇന്നും കണ്ണീരൊഴുക്കി കഴിയുന്നു. ആ ദിവസങ്ങൾ മനസിലൂടെ കടന്നു പോകുമ്പോൾ ഭീകരം അതിഭീകരം.. മനുഷ്യശവശരീരങ്ങൾ സംസ്കരിക്കാൻ സ്ഥലം ഇല്ല. ആളുകൾ നോട്ടുകെട്ടുകൾ വഴികളിൽ വലിച്ചെറിഞ്ഞ ദിവസങ്ങൾ. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അനുഭവിക്കാത്ത അതിഭീകര അവസ്ഥ ഓർക്കുമ്പോൾ ….!
ഭാഗം 1
2020 ജനുവരിയിൽ ചൈനയിൽ നിന്നും എത്തിയ ദമ്പതികളിൽ ആണ് കൊറോണ എന്ന കോവിഡ് 19 വൈറസ് ആദ്യം ഈ രാജ്യത്തു കണ്ടെത്തിയത്. ഇറ്റലിയിൽ തന്നെ ചികിത്സ തേടിയ അവർ ഒന്നര മാസത്തെ ആശുപത്രി വാസത്തോടെ രോഗ മുക്തി നേടി. ഭീകരമാകാൻ പോകുന്ന രാജ്യത്തിൻറെ ആദ്യപടി
ജനുവരി 31നു പക്ഷെ ഇറ്റലിയിൽ നിന്നും ചൈനയ്ക്കും തിരിച്ചു ഉള്ള വിമാന സർവീസുകൾ നിർത്തി വച്ചിരുന്നു. ഫെബ്രുവരി 21നു മില്ന പ്രവിശ്യയിലെ കോതോഞ്ഞ എന്ന സ്ഥലത്തു ന്യൂമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയിൽ കൊറോണ സ്ഥിരീകരിക്കുകയും തുടർന്നുള്ള പരിശോധനയിൽ ബാക്കി 16 പേരിൽ കൂടി രോഗബാധ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പാദുവക്കടുത്തു 77 വയസുള്ള വ്യക്തിയുടെ മരണം കൊറോണ വൈറസ് മൂലമാണെന്ന് തെളിഞ്ഞു. രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന വൻ വിപത്തിന്റെ സൂചന. രാജ്യം 6 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തുടർന്ന് രോഗലക്ഷണങ്ങൾ കണ്ട മിലാനിയിലെയും പരിസരത്തുമുള്ള 10 മുനിസിപ്പാലിറ്റികൾ പൂർണ്ണമായും ലോക്ക്ഡൗണിലേക്ക് പോയി. ഫെബ്രുവരി 28ന് റെഡ് സോണിൽ പെട്ട സ്ഥലങ്ങളിൽ ടാക്സ് ഉൾപ്പെടെ എല്ലാവിധ ബില്ലുകളും അടയ്ക്കുന്നത് നിർത്തി. മാർച്ച് ഒന്ന് ഇറ്റലിയെ മൂന്ന് സോണുകളായി തിരിച്ചു. മാർച്ച് 4 ഓട് കൂടി മരണസംഖ്യ 100 കടന്നു.
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ സ്കൂളുകളും കോളജുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. അവശ്യ സർവീസുകൾക്കൊപ്പം സൂപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും സിനിമ തിയറ്ററുകളും പ്രവർത്തിച്ചു. പക്ഷെ പിന്നീട് ദിർഘദൂര അന്തർദേശീയ സർവീസുകൾ ഉൾപ്പെടെ, ട്രെയിൻ വ്യോമ ഗതാഗതം ഉൾപ്പെടെ നിർത്തി ഇറ്റലി സംപൂർണ്ണ ലോക്ക്ഡൌണിലേക്കു പോകാൻ അധികം സമയം വേണ്ടിവന്നില്ല.
അതിവേഗം പെരുകുന്ന രോഗികളും മരിച്ചു വീഴുന്നജനങ്ങളും. ഇറ്റലി അക്ഷരാർത്ഥത്തിൽ പകച്ചു നിൽക്കുന്ന നാളുകൾ. പൗരസ്വാതന്ത്ര്യം മുൻനിർത്തി ആദ്യം തന്നെ മുൻകരുതലുകൾ എടുക്കാതെ ഇരുന്നതും സംപൂർണ്ണ അടച്ചിടലിലേക്കു പോയിട്ട് പകുതി ആളുകൾ ഒന്നും വകവയ്ക്കാതെ അവധി ആഘോഷമാക്കാൻ തെരുവിൽ ഇറങ്ങിയതും രോഗ വ്യാപനത്തിനും മരണ സംഖ്യ ഉയരുന്നതിനു കാരണമായി. അതോടൊപ്പം ഇറ്റാലിയൻ യുവ തലമുറ ചെറുപ്പക്കാരിൽ രോഗം വരില്ല എന്ന മിഥ്യ ധാരണയിൽ ബീച്ചുകളിലും ഉല്ലാസകേന്ദ്രങ്ങളിലും അവധികാലം ആഘോഷമാക്കി. അതോടൊപ്പം സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നു. റെഡ് സോൺ മേഖലയിൽ ഉള്ളവർക്ക് പുറത്തേക്കും പുറത്തുള്ളവർക്ക് അങ്ങോട്ടേക്കും പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി.
നിയമം ലംഘിച്ചു പുറത്തു കടക്കുന്നവരിൽ നിന്നും സർക്കാർ കനത്ത പിഴ ഈടാക്കി. സത്യവസ്ഥയുമായി പുറത്തിറിങ്ങുന്നവർ ഭക്ഷണവും മരുന്നും വാങ്ങാൻ മാത്രമായി ചുരുക്കി. എന്നിട്ടും മരണസംഖ്യ മാത്രം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ഉള്ള രോഗ വ്യാപന സ്രോതസായി ഇറ്റലി മാറി. തുടർന്ന് ഇറ്റലിയുടെ അതിർത്തികൾ അടക്കപ്പെട്ടു രാജ്യം അക്ഷരത്തിൽ ഒറ്റപ്പെട്ടു. ഇറ്റാലിയൻ സൗന്ദര്യത്തിന്റെ വശ്യതയും റോമൻ സാമ്രജയത്തിന്റെ അവശേഷിപ്പുകൾ ഉള്ള മ്യൂസിയങ്ങളും വിശു: പത്രോസ് ശ്ലീഹായുടെ പേരിലുള്ള വത്തിക്കാൻ സഞ്ചരപഥവും വിജനമാക്കപ്പെട്ടു.
കൊളോസിയത്തിന്റെ പ്രൗഢി മാറ്റം കാണാനെത്തും ചരിത്ര വിനോദ അന്വേഷികളെയും വിനീസിന്റെയും പിസാഗോപുരത്തിന്റെയും സിസിലിയൻ കടൽത്തീരത്തു എത്തുന്നവരെയും ഫ്ളോറെസ് നഗരവും പൗരാണികതയും കാണാനെത്തിന്നവരുടെ അഭാവം, ബിസിനസ് തലസ്ഥാനവും ഫാഷൻ കേന്ദ്രവുമായ മിലൻ വീഥികളും വിജനമാക്കി. ക്രിസ്തു വർഷത്തിന് മുൻപ് നിർമ്മിക്കപ്പെട്ട അഗ്നിപർവ്വതങ്ങളാൽ തകർക്കപ്പെട്ടു പോയ നേപ്പിൾസിൽ പോംപെ നഗരം കാണാനെത്തുന്നവരെ അഭാവത്തിലും ഒഴിവാക്കപ്പെട്ട ഇറ്റാലിയൻ ലീഗുകളുടെയും ഫെറാരി ലംബോർഗിനി ഫിയറ്റ് കാറുകളുടെ ഉല്പാദന കേന്ദ്രങ്ങളും അടക്കപ്പെട്ടു.
പ്രവിശ്യകളും റീജണുകളും ഗ്രാമങ്ങളും മുന്സിപ്പാലിറ്റികളും അടക്കപ്പെട്ടു എന്നിട്ടും കൊറോണ കേസുകളിൽ പിടിച്ചു കേട്ടുന്നതിനോ ഒന്നിന് പുറകെ ഒന്നായി ഉയർന്നു ദിവസം 2000 വും 3000കടന്ന മരണസംഖ്യ പിടിച്ചു നിർത്തുന്നതിനോ സാധിച്ചില്ല. ഒന്നാം രണ്ടാം ലോകമഹായുദ്ധങ്ങളും പ്ലേഗും സ്പാനിഷ് ഫ്ലൂ അടക്കമുള്ള രോഗങ്ങളും ഉണ്ടാക്കിയ പ്രഖ്യാഘാതം രാജ്യം നേരിട്ടതിനേക്കാളും വലിയ ഭീകരതയിലൂടെ രാജ്യം കടന്നു പോയത്. അതിനൊപ്പം പ്രതിപക്ഷത്തിന്റെയും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ലോക രാജ്യങ്ങളുടെ പഴിയും ആദ്യ നാളുകളിൽ കേൾക്കേണ്ടി വന്നത്. പ്രാത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ വിജനമായ റോമൻ തെരുവിലൂടെ നടന്നു നീങ്ങുന്ന ചിത്രം ലോകം മുഴുവനുള്ള മാധ്യമങ്ങൾ ശ്രദ്ധ നേടി. ലോക്‌ഡോൺ കാലം രാജ്യത്തിന് ഒരു നിശബ്‌ദ യുദ്ധത്തിന്റെ അവസ്ഥ നൽകി.
ഇതിനിടയിൽ ഇറ്റലിയിലെ കൂട്ടുമന്ത്രിസഭയിലെ പ്രധാനകക്ഷിയും മുൻ റൂളിംഗ് പാർട്ടിയുമായ ഡെമോക്രറ്റിക് പാർട്ടിയുടെ നാഷണൽ സെക്രട്ടിയും ലാസിയോ റിജിന്റെ പ്രസിഡന്റുമായ നിക്കൊളാസ് സിഗരത്തി കോവിഡ് ബാധിതനായി……
എന്തായിരുന്നു ഇവിടെ രോഗവ്യാപനയും മരണവും കൂടാൻ കാരണം അടുത്ത ലക്കത്തിൽ….
തുടരും………
ആലപ്പുഴയിൽ കുട്ടനാട്ടിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് യുവജസംഘടനകളിലൂടെ പൊതുപ്രവർത്തകനായി ഉയർന്നു വന്ന എഡിസൺ വർഗീസ് യുവ പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയിൽ പുളിങ്കുന്ന് പഞ്ചായത്തിൽ സംശുദ്ധമായ സേവനം അനുഷ്ഠിക്കുകയും. 1997 ലെ ഇന്ത്യൻ സ്വാതന്ത്ര്യം ദിനത്തിൽ അന്നെതേ മുഖ്യമന്ത്രി ആയിരുന്ന നയനാരിൽ നിന്നും രാഷ്ടപതിയുടെ ജീവൻരക്ഷ പുരസ്‌കാരവുംസംസ്ഥാന ബഹുമതിയും ഏറ്റുവാങ്ങിയിട്ടുണ്ട്
ഹോങ്കോങ്∙ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാന ശൃംഖലയിലെ അവസാന ഉപഗ്രഹം ചൈന വിക്ഷേപിച്ചു. ‘ബെയ്ദു’ എന്നു പേരിട്ട ഈ സംവിധാനം നിലവിൽ വരുന്നതോടെ ലോകമെങ്ങും ചൈനയുടെ മറ്റൊരു നിരീക്ഷണക്കണ്ണ് കൂടിയാണ് തുറക്കുന്നത്.
യുഎസിന്റെ ജിപിഎസിന് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) കടുത്ത വെല്ലുവിളിയുയർത്തുന്ന ബെയ്ദു പ്രാബല്യത്തിൽ വരുന്നതോടെ സ്വന്തം ഗതിനിർണയ സംവിധാനമുള്ള ലോകത്തെ നാലാമത്തെ രാജ്യമാകുകയാണ് ചൈന. നിലവിൽ യുഎസിനു പുറമേ റഷ്യയുടെ ജിഎൽഒഎൻഎഎസ്എസ്, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ എന്നിവയാണുള്ളത്. ഇന്ത്യയും ജപ്പാനും സമാന സംവിധാനത്തിന്റെ ചെറിയ വേർഷൻ ഉപയോഗിക്കുന്നുണ്ട്.
20ഓളം വർഷങ്ങളെടുത്താണ് ചൈന ബെയ്ദു വികസിപ്പിച്ചത്. ‘ലോകത്തിനും മനുഷ്യരാശിക്കും വേണ്ടിയാണ്’ ബെയ്ദുവെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം പീപ്പിൾസ് ഡെയ്‌ലി വിശേഷിപ്പിച്ചത്. ചൈനീസ് സൈന്യം ഉൾപ്പെടെ യുഎസിന്റെ ജിപിഎസിനെയാണ് ആശ്രയിക്കുന്നത്. യുഎസിന്റെ സ്വാധീനം കുറയ്ക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
അതേസമയം, ബെയ്ദുവിന്റെ മാത്രം പ്രത്യേകതയായി ഒന്നും എടുത്തു പറയാനില്ലെന്നാണ് ന്യൂ സൗത്ത് വെയ്‌ൽസ് സർവകലാശാലയിലെ ഓസ്ട്രേലിയൻ സെന്റർ ഫോർ സ്പേസ് എൻജിനീയറിങ് റിസർച്ച് (എസിഎസ്ഇആർ) ഡയറക്ടർ ആന്‍ഡ്രൂ ഡെംപ്സ്റ്റർ വ്യക്തമാക്കുന്നത്. ‘കൈവശം ഇങ്ങനൊന്നുണ്ട് എന്ന് മേനി പറയാൻ മാത്രമേ ഇതുപകരിക്കൂ. ചന്ദ്രനിലേക്കു പോകുന്നതും അവിടെ പതാക സ്ഥാപിക്കുന്നതും പോലെയിരിക്കും ഇതും’ – ഡെംപ്സ്റ്റർ പറയുന്നു.
സ്വന്തമായി ഗതിനിർണയ സംവിധാനം വികസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത് യുഎസും റഷ്യയുമാണ്. ശീതയുദ്ധകാല സമയത്തായിരുന്നു ഇത്. 1973ല്‍ യുഎസ് പ്രതിരോധ വകുപ്പാണ് ജിപിഎസ് ആദ്യം നിർദേശിച്ചത്. ആറു വർഷങ്ങൾക്കുശേഷം 1979ലാണ് റഷ്യക്കാർ ജിഎൽഒഎൻഎഎസ്എസ് വികസിപ്പിക്കാൻ തുടങ്ങിയത്. ഇരുരാജ്യങ്ങളും ഇവ ‘പൂർണമായി പ്രവർത്തനസജ്ജ’മായതായി 1995ല്‍ അവകാശപ്പെടുകയും ചെയ്തു.
1994ലാണ് ചൈന ഈ മേഖലയിൽ പ്രവർത്തിച്ചുതുടങ്ങിയത്. യൂറോപ്യൻ യൂണിയന്റെ ഗലീലിയോ വളരെ വൈകിയാണ് രംഗത്തേക്കു കടന്നുവന്നത്. ഈ വർഷം അവസാനത്തോടെ ഗലീലിയോ പൂർണമായി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎസ്, റഷ്യ, ചൈന രാജ്യങ്ങളിലെ ഗതിനിർണസംവിധാനങ്ങളുടെ ഉടമസ്ഥാവകാശം പൂർണമായോ ഭാഗികമായോ സൈന്യത്തിന്റെ കൈവശമാണ്. എന്നാൽ ഗലീലിയോ പൂർണമായും സിവിലിയൻ സംവിധാനമാണ്. എല്ലാ സംവിധാനങ്ങളും കുറഞ്ഞത് 20 ഉപഗ്രഹങ്ങളുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്.
ശത്രു രാജ്യത്തിന്റെ ഗതിനിർണയ സംവിധാനങ്ങൾ സൈന്യം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗതിനിർണയ സംവിധാനങ്ങള്‍ക്കാകും. സൈനിക നീക്കം കൃത്യമായി വിലയിരുത്താനും മറ്റും ഈ സംവിധാനത്തിന്റെ ഉടമസ്ഥ രാജ്യത്തിനു കഴിയും. വർഷങ്ങളായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യുഎസിന്റെ ജിപിഎസ്സാണ് കൃത്യമായി ആശ്രയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ബെയ്ദു വന്നതോടെ പിഎൽഎയിൽ വലിയതോതിൽ അത് ഉപയോഗിക്കപ്പെടുന്നുണ്ട്. നേരത്തേ ചൈനീസ് സൈന്യത്തിനു ലഭ്യമല്ലാതിരുന്ന പല ഗുണങ്ങളും ഇതുവഴി പിഎൽഎയ്ക്കു ലഭിക്കുന്നുണ്ട്.
വിവിധതലങ്ങളിൽ യുഎസുമായി കൊമ്പുകോർക്കുന്ന ചൈനയ്ക്ക് ബെയ്ദു വലിയൊരു നേട്ടമാണെന്ന് ഡെംപ്സ്റ്റർ വിലയിരുത്തുന്നു. ദക്ഷിണ ചൈനാക്കടൽ, മറ്റു ദ്വീപുകൾ തുടങ്ങിയവയ്ക്കുമേൽ ചൈനയുടെ അവകാശവാദമുള്ളതിനാൽ എപ്പോൾ വേണമെങ്കിലും ജിപിഎസ് നിഷേധിക്കപ്പെടാനോ അവ യുഎസിന് ഉപയോഗിക്കാനോ സാധിക്കും.
അതിനിടെ, ചൈന പാക്കിസ്ഥാന് ബെയ്ദു ശൃംഖലയിൽ പ്രവേശിക്കാനുള്ള അനുമതി നൽകിയിരുന്നു. ബെയ്ജിങ്ങിന്റെ വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് ഇവ ഉപയോഗിക്കാൻ ചൈന അനുവാദം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂഡൽഹി ∙ നൃത്ത വിഡിയോകളിലൂടെയും മറ്റും ലൈക്കുകൾ വാരിക്കൂട്ടിയ ടിക് ടോക് താരം സിയ കക്കർ (16) ജീവനൊടുക്കി. മരണകാരണം അറിവായിട്ടില്ല. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്, ‘ക്രൈം പട്രോൾ’ നടി പരേക്ഷ മേത്ത എന്നിവരുടെ അകാല വിയോഗത്തിനു പിന്നാലെയാണു വിനോദമേഖലയിൽനിന്ന് മറ്റൊരു താരത്തിന്റെ ആത്മഹത്യാവിവരം വരുന്നത്. മരണവാർത്ത പങ്കിട്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വൈറൽ ഭയാനിയുടെ പോസ്റ്റിൽ നിരവധി പേരാണു സിയയെ അനുസ്മരിച്ചത്.
‘ഞാൻ അവളുടെ ടാലന്റ് മാനേജ്മെന്റ് ഏജൻസി മേധാവി അർജുൻ സരിനുമായി സംസാരിച്ചു. കഴിഞ്ഞ രാത്രി ഒരു പാട്ടുണ്ടാക്കാനായി സിയയോട് അദ്ദേഹം സംസാരിച്ചിരുന്നു. അവൾ നല്ല മാനസികാവസ്ഥയിലാണെന്നും കുഴപ്പമൊന്നും ഇല്ലായിരുന്നെന്നുമാണു അർജുൻ പറഞ്ഞത്. ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കേണ്ടി വന്നതിന്റെ കാരണമെന്താണെന്ന് സൂചനയില്ലെന്നും അദ്ദേഹം പറഞ്ഞു.’– സിയയുടെ മരണത്തെക്കുറിച്ചു വൈറൽ ഭയാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ന്യൂഡൽഹിയിലെ പ്രീത് വിഹാറിലാണു സിയയുടെ വീട്. ടിക് ടോക് കൂടാതെ ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, യുട്യൂബ് തുടങ്ങിയ ഓൺലൈൻ– സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും സിയ സജീവമായിരുന്നു. 1.1 മില്യൻ ഫോളോവേഴ്‍സ് ആണ് ടിക്ടോക്കിൽ ഉള്ളത്.