ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ താൻ അഭയം നൽകിയ സുഹൃത്ത് തന്റെ ഭാര്യയും കുഞ്ഞുങ്ങളുമായി മുങ്ങിയെന്ന പരാതിയുമായി ഗൃഹനാഥൻ പോലീസിനെ സമീപിച്ചു. ലോക്ക്ഡൗണിൽ മൂവാറ്റുപുഴയിൽ കുടുങ്ങിയ മൂന്നാർ സ്വദേശിയാണ് അഭയം നൽകിയ സുഹൃത്തിന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുമായി കടന്നത്. ഗൃഹനാഥന്റെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് അന്വേഷണം തുടങ്ങി.
ആദ്യഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്ക് പോകാൻ മൂവാറ്റുപുഴയിലെത്തിയത്. മേലുകാവിനു പോകുകയായിരുന്നവർക്കൊപ്പം മൂവാറ്റുപുഴ വരെ എത്തുകയായിരുന്നു. വാഹനമൊന്നും കിട്ടാതെ വലഞ്ഞ ഇയാൾ നാട്ടിലെ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുമ്പ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ബാല്യകാല സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഫോൺ നമ്പർ കണ്ടുപിടിച്ച് ഗൃഹനാഥനെ വിളിക്കുകയായിരുന്നു.
തുടർന്ന് ലോക്ക്ഡൗണിൽ ഒന്നരമാസത്തോളം ഇയാൾ മൂവാറ്റുപുഴയിൽ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കിയിട്ടും ഇയാൾ പോകാൻ തയാറായില്ല. ഇതോടെ ഗൃഹനാഥന് സംശയം തോന്നിയതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മൂന്നാർ സ്വദേശിയെയും യുവതിയെയും കാണാതായത്. സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും എങ്ങിനെയെങ്കിലും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ടു.
തന്റെ മക്കളെയെങ്കിലും വിട്ടുകിട്ടിയില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ചെയ്യുമെന്ന് ഗൃഹനാഥൻ ഭീഷണി മുഴക്കിയെന്നാണ് വിവരം. ഫോൺ ഓഫായതിനാൽ യുവതിയെയും കുഞ്ഞുങ്ങളെയും കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പുറത്തിറങ്ങി പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. കുറ്റ്യാടിക്കടുത്ത പാറക്കടവിലാണ് സംഭവം. കേരളാ പോലീസിനെയും തൊഴിലാളികള്‍ ആക്രമിക്കുകയും ചെയ്തു.
നൂറോളം ബിഹാര്‍ സ്വദേശികളാണ് പ്രതിഷേധവുമായി എത്തിയത്. സംഭവം അറിഞ്ഞ് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഇവരെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനിടെ നാട്ടുകാരുമായും വാക്കേറ്റമുണ്ടാവുകയും ഇവര്‍ പോലീസിനേയും നാട്ടുകാരേയും അക്രമിക്കുകയായിരുന്നു. ബിഹാറിലേക്ക് 20-ാം തീയതി കഴിഞ്ഞേ ട്രെയിന്‍ ഉള്ളൂ കാത്തിരിക്കണം എന്നു പറഞ്ഞിരുന്നുവെങ്കിലും ഇവര്‍ ചെവികൊണ്ടില്ല.
ജാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലൊക്കെ ആളുകള്‍ പോയി, ഞങ്ങള്‍ക്കും പോകണം എന്നു പറഞ്ഞ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. നിര്‍ബന്ധമാണെങ്കില്‍ ഒരാള്‍ 7000 രൂപ വീതമെടുത്ത് 40 പേര്‍ക്ക് ഒരു ബസ് തരാം എന്ന് പോലീസ് പറഞ്ഞെങ്കിലും അതിന് ഞങ്ങളുടെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഞങ്ങള്‍ നടന്നു പോകുമെന്ന് തൊഴിലാളികള്‍ പറഞ്ഞുവെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് പോയത്.
പോലീസ് പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് എസ്ഐയുടെ ലാത്തിക്ക് പിടിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് തൊഴിലാളികളെ വിരട്ടിയോടിക്കുകയും ചെയ്തു
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ അഞ്ച് പേര്‍ക്കും, മലപ്പുറം മൂന്ന് പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പുഴ പാലക്കാട് ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
അതെസമയം ഇന്ന് ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാ രോഗികളും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എട്ട് പേര്‍ക്കുമാണ് രോഗ ബാധ. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. ഗുജറാത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് മറ്റ് രണ്ട് പേര്‍ എത്തിയത്.
ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 642 ആയി. 142 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 72000 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 71545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 46958 സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 45527 സാമ്പിളുകള്‍ നെഗറ്റീവായി.
ഒന്നിലേറെ നിലകളുള്ള തുണിക്കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മൊത്തവ്യാപാരികളായ തുണികച്ചവക്കാര്‍ക്കും ഇളവ് ബാധകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെസമയം കടകള്‍ തുറന്നതോടെ പല കടകളിലും ചെറിയ കുട്ടികളേയും കൊണ്ട് ഷോപ്പിംഗിന് പോകുന്നതായി കണ്ടു. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും കൊണ്ട് പുറത്തു പോകുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയിട്ടുണ്ട്. അവയില്‍ ചിലയിടത്ത് ആളുകള്‍ നിന്ന് ഭക്ഷണം കഴിക്കുന്നതായി അറിഞ്ഞു. ഇതു അംഗീകരിക്കാനാവില്ല. പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂ. ചില സ്വകാര്യ ട്യൂഷന്‍ സെന്റ്‌റുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സ്‌കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമേ ട്യൂഷന്‍ സെന്ററും ആരംഭിക്കാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇളവ് വന്നതോടെ ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്ന നിലയുണ്ട്. അതിനെ നിയന്ത്രിക്കും.പരീക്ഷകള്‍ക്ക് വേണ്ട തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ബസ് സൗകര്യം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. ഏഷ്യയില്‍ നിലിവില്‍ ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഇതില്‍, കേസുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തുര്‍ക്കി ഏറെ മുന്നിലാണെങ്കിലും മരണനിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ തുര്‍ക്കിയുടെ നിരക്കിനോട് അടുത്താണ് നില്‍ക്കുന്നത്. ഒന്നര ലക്ഷത്തോളം കേസുകളുള്ള തുര്‍ക്കിയില്‍ മരണനിരക്ക് 4,171 ആണ്. 1.22 ലക്ഷം പേര്‍ക്കാണ് ഇറാനില്‍ രോഗബാധയുണ്ടായിട്ടുള്ളത്. ഇതില്‍ 7,057 മരണങ്ങളുമുണ്ടായി. രോഗം ഭാദമാകുന്നവരുടെ എണ്ണത്തില്‍ ഈ രണ്ട് രാജ്യത്തെക്കാളും പിന്നിലാണ് ഇന്ത്യ എന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ കഴിഞ്ഞദിവസം രാജ്യം കണ്ടതില്‍ വെച്ചേറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പുതിയ 5,242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനു പിന്നാലെ ആകെ കേസുകളുടെ എണ്ണം 1 ലക്ഷം കടന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ബാധ ഏറെ രൂക്ഷമായിരിക്കുന്നത്. മെയ് പതിനാറോടെ രാജ്യത്ത് കോവിഡ് ഇല്ലാതാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രവചനമെങ്കിലും അതിതീവ്രമായി വര്‍ധിക്കുന്നതാണ് കണ്ടത്. ലോക്ക്ഡൗണ്‍ കൊണ്ടും ഇതിനെ പ്രതിരോധിക്കാനായില്ല. അതെസമയം, സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള പൊതുഗതാഗതവും വിപണികളും ചെറിയ തോതില്‍ തുറന്നു തുടങ്ങാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആലോചന തുടങ്ങിയിട്ടുണ്ട്. പലയിടത്തും ഇതിനകം ലോക്ക്ഡൗണ്‍ നിബന്ധനകളുടെ കാര്‍ക്കശ്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടിരിക്കുകയാണ്. അതതിടങ്ങളിലെ സാഹചര്യങ്ങളെ വിലയിരുത്തി തീരുമാനമെടുക്കാം. അതെസമയം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന കണ്ടെയ്ന്‍മെന്റെ സോണുകളില്‍ അവശ്യസേവനങ്ങള്ഡ മാത്രമേ അനുവദിക്കാവൂ എന്നുമുണ്ട്. മറ്റിടങ്ങളില്‍ ബസ്സുകളും മറ്റ് വാഹനങ്ങളും ഓടാം. എന്നാല്‍ വിമാനങ്ങള്‍, മെട്രോ എന്നിവയ്ക്ക് ഓടാനാകില്ല.
മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ് ലോകത്തെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. താരത്തിന്റെ അത്ഭുതപ്പെടുത്തുന്ന ക്യാച്ചുകള്‍ ആരാധകരെ ആര്‍ഷിച്ചിരുന്നു. 1992 ലെ ലോകകപ്പ് വേളയില്‍ പാകിസ്ഥാന്റെ ഇന്‍സമാം-ഉല്‍-ഹഖിനെ പുറത്താക്കിയ പ്രസിദ്ധമായ ക്യാച്ച് ആര്‍ക്കും മറക്കാനാവില്ല. തന്റെ മികച്ച ഫില്‍ഡിംഗ് അനുഭവങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ന് ലോകക്രിക്കറ്റിലെ മികച്ച ഫില്‍ഡര്‍മാര്‍ ആരെല്ലാമെന്നും പറഞ്ഞു. ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റ് സെഷനില്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായി സംസാരിക്കുകയായിരുന്നു ജോണ്ടി റോഡ്സ്.
ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ന്യൂ സീലാന്‍ഡര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ദക്ഷിണാഫ്രിക്കന്‍ എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് ലോകത്തെ മികച്ച ഫില്‍ഡര്‍മാരായി ജോണ്ടി റോഡ്സ് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിംഗും ഫീല്‍ഡിംഗും താന്‍ ഏറെ ഇഷ്ടപ്പെടുന്നു. മൈതാനത്ത് രവീന്ദ്ര ജഡേജയ്ക്ക് മികച്ച വേഗതയാണ്. തന്റെ റോള്‍ വളരെ പ്രതിജ്ഞാബദ്ധമായി താരം ചെയ്യുന്നു. മികച്ച ക്യാച്ചുകളാണ് അദ്ദേഹത്തില്‍ നിന്ന് പിറക്കുന്നത്. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍, , മൈക്കല്‍ ബെവന്‍ ഇരുവരും മികച്ച ഫില്‍ഡര്‍മാരാണ്.
ഇന്ത്യന്‍ മൈതാനത്ത് ഫീല്‍ഡിംഗ് എളുപ്പമല്ലെന്ന കാര്യം തനിക്ക് നന്നായി അറിയാമെന്നും അതിനാല്‍ റെയ്നയുടെ വലിയ ആരാധകനാണെന്നും ജോണ്ടി പറഞ്ഞു. ”നിങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യയില്‍ എത്രമാത്രം കഠിനമായ ഫീല്‍ഡുകള്‍ ഉണ്ടെന്ന് എനിക്കറിയാം, ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ഒരു വലിയ ആരാധകനാണ് ’50 കാരന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരെക്കുറിച്ച് ചോദിച്ചപ്പോള്‍, ജോണ്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് പ്രതിഭയായ സ്റ്റീവ് സ്മിത്തിനെയും തിരഞ്ഞെടുത്തു.
രാജ്യാന്തര ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡ്സ് വാചാലനായി. 1990കളിൽ ഫീൽഡിങ് കളിയുടെ വലിയ ഭാഗമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഫീൽഡിങ് മത്സരഫലത്തെ തന്നെ സ്വാധീനിക്കുമെന്ന് ടീമുകൾ മനസിലാക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാ താരങ്ങളും മികച്ച രീതിയിൽ ഫിറ്റ്നസ് നിലനിർത്തുന്നതും എടുത്ത് പറയേണ്ടതാണെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേർത്തു.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിര്‍ത്തിവെച്ചിരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികള്‍ക്ക് പകരം പാവകളെ അണിനിരത്തിയ ദക്ഷിണ കൊറിയന്‍ ക്ലബ്ബ് എഫ്‌സി സോളിന്റെ നടപടി ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ക്ലബ് ഗാലറികളില്‍ ക്രമീകരിച്ച ബൊമ്മകളില്‍ ചിലത് സെക്‌സ് ഡോളുകള്‍ ആയതോടെയാണ് എഫ്‌സി സോള്‍ പുലിവാല് പിടിച്ചത്. ഇതോടെ ആരാധകരോട് മാപ്പ് പറഞ്ഞ് ക്ലബ്ബ് അധികൃതര്‍ രംഗത്തെത്തി. പാവകള്‍ വിതരണക്കാരനുമായുണ്ടായ തെറ്റിദ്ധാരണയുടെ പുറത്ത് വന്നതാണെന്നും ആരാധകരോട് ക്ഷമ ചോദിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും എഫ്സി സിയോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ ദുഷ്‌കരമായ സമയങ്ങളില്‍ ലഘുവായ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഇതുപോലൊന്ന് ഇനി ഒരിക്കലും സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു.
കളിക്കാരുടെ വലിയ കട്ടൗട്ടുകള്‍ക്ക് മുന്നിലായി പത്തോളം ബൊമ്മകള്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍ ഇതില്‍ ചില ബൊമ്മകള്‍ സെക്‌സ് ഡോളുകളാണെന്ന് ആരാധകര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ബൊമ്മകള്‍ വിതരണം ചെയ്ത കമ്പനിക്ക് തെറ്റുപറ്റിയതാണെന്നും സാധാരണ ബൊമ്മകള്‍ക്കൊപ്പം സെക്‌സ് ഡോളുകള്‍ ഉള്‍പ്പെട്ടുപോവുകയായിരുന്നുവെന്നും ക്ലബ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. ‘ഞങ്ങള്‍ ആരാധകരോട് മാപ്പ് ചോദിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മനസ്സിന് കുളിര്‍മ നല്‍കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെന്ന് മാത്രമേ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നുള്ളു. അതിനാലാണ് കാണികള്‍ക്ക് പകരം ബൊമ്മകളെ ഗാലറികളിലെ സീറ്റില്‍ ഇരുത്തിയത്. എന്നാല്‍ ഇത് ഇങ്ങനെ അബദ്ധമാകുമെന്ന് കരുതിയില്ലെന്നാണ് ക്ലബ് അധികൃതരുടെ വിശദീകരണം.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. കെ-ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജോന്‍ബക് മോട്ടോഴ്‌സും സുവോണ്‍ ബ്ലൂവിങ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ജോന്‍ബക് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. 2002 ലോകകപ്പിനായി നിര്‍മിച്ച സ്റ്റേഡിയത്തില്‍ കാണികളില്ലാതെയാണ് മത്സരം നടന്നത്. നിലവില്‍ ഫുട്‌ബോള്‍ മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ 10 രാജ്യങ്ങളിലാണ് കെ-ലീഗ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കായിക മത്സരങ്ങള്‍ പുനരാരംഭിച്ച ആദ്യത്തെ പ്രധാന ഫുട്‌ബോള്‍ ലീഗാണ് കൊറിയന്‍ ലീഗ്.
2016 K League winners FC Seoul inadvertently used sex dolls rather than fashion mannequins to help fill empty stands this weekend. The club has apologised. Both the club and the supplier are pointing fingers at others. (It’s not just COVID-19 you need to avoid catching!) #kleague pic.twitter.com/59rSU8XxYL
— Devon Rowcliffe (@WhoAteTheSquid) May 17, 2020
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളുടെ പേരിലും രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് സിബിഐക്ക് കൈമാറണമെന്ന അര്‍ണാബിന്‍റെ ആവശ്യവും സുപ്രീം കോടതി നിരാകരിക്കുകയും ചെയ്തു. കേസുകള്‍ റദ്ദാക്കാന്‍ അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയില്‍ അര്‍ണാബ് ഗോസ്വാമി റിട്ട് ഹര്‍ജി ആണ് ഫയല്‍ ചെയ്തത്. എന്നാല്‍ റിട്ട് ഹര്‍ജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാന്‍ ആവശ്യമെങ്കില്‍ ഗോസ്വാമിക്ക് അധികാരപ്പെട്ട കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം അര്‍ണാബ് ഗോസ്വാമിക്കെതിരേ ഇതേ വിഷയത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഏപ്രില്‍ 21 ന് ചാനലില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഇനി ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ് മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി കോടതി തടയുകയും ചെയ്തു.
അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയാനുളള മൗലികമായ അവകാശം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്നും എന്നാല്‍ എന്തും വിളിച്ച് പറയാനുള്ള അവകാശമല്ലിതെന്നും ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിൽ എട്ട് പേരും രോഗം മറച്ചുവച്ചവർ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാർ. 16ന് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശികളാണ് രോഗം മറച്ചുവച്ചത്. ഈ വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഉടൻ പരിശോധിക്കും. എന്നാൽ യാത്രക്ക് മുൻപും ശേഷവുമുള്ള പരിശോധനയിൽ രോഗം മറച്ചുവച്ചത് എങ്ങനെയെന്നത് ദുരൂഹമാണ്.
കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേർക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്. അബുദാബിയിൽ വച്ച് തന്നെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.
കൊല്ലത്തെ നിരീക്ഷണ കേന്ദ്രത്തിലേക്കായി സർക്കാർ ഏർപ്പെടുത്തിയ ബസിൽ കൊട്ടാരക്കര വരെ യാത്ര ചെയ്തു. ഇതിനിടെ ഇവരുടെ സംസാരം ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇവർ രോഗവിവരം സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വീണ്ടും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇവർ മൂന്ന് പേരെ കൂടാതെ ഇതേ വിമാനത്തിൽ സഞ്ചരിച്ച 5 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
മൂന്ന് കൊല്ലം കാരും രണ്ട് തിരുവനന്തപുരം സ്വദേശികളും. ഇതിൽ തിരുവനന്തപുരത്തെ രണ്ട് പേർക്കും രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ രോഗബാധിതർക്കൊപ്പമുള്ള വിമാനയാത്രയാണോ രോഗകാരണമായതെന്ന് സംശയിക്കുന്നുണ്ട്. അതിനാൽ ഈ വിമാനത്തിലെത്തിയ 12 കുട്ടികളടക്കം അവശേഷിക്കുന്ന 170 യാത്രക്കാരെയും ഉടൻ പരിശോധനക്ക് വിധേയമാക്കും.
എന്നാൽ ആന്റിബോഡി ടെസ്റ്റ് നടത്തിയ ശേഷം യാത്ര അനുവദിക്കുന്ന അബുദാബിയിൽ നിന്ന് ഇവർ എങ്ങിനെ രോഗവിവരം മറച്ചു വച്ചുവെന്നത് ദുരുഹമാണ്. തിരുവനന്തപുരത്തെത്തിയ ശേഷം നടത്തുന്ന പരിശോധനയിൽ രോഗമുള്ളവരെ പൊലും കണ്ടെത്തിയില്ലെന്നത് പരിശോധനയുടെ കാര്യക്ഷമതയിലും സംശയമുയർത്തുകയാണ്.
ബിബിസി വേള്‍ഡ് ന്യൂസില്‍ അതിഥിയായി എത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്താകമാനം പടര്‍ന്നുപിടിച്ച് കൊറോണ ജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈറസിനെ ഒരുപരിധിവരെ ചെറുത്ത് കേരളം കൈവരിച്ച മുന്നേറ്റം ആരോഗ്യമന്ത്രി ബിബിസി ചാനലുമായി പങ്കുവെച്ചു.
ബിബിസി വേള്‍ഡ് ന്യൂസില്‍ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മന്ത്രി അതിഥിയായി എത്തിയത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. കൊറോണയെ ചെറുക്കാനുള്ള കേരളത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു.
ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ത്തന്നെ സംസ്ഥാനത്തും പ്രത്യേക കണ്‍ട്രോള്‍ റൂ തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ആദ്യഘട്ടത്തില്‍ രോഗവ്യാപന സാധ്യത തടയാന്‍ കഴിഞ്ഞുവെന്നു മന്ത്രി പറഞ്ഞു.
രണ്ടാംഘട്ടത്തില്‍ രോഗനിര്‍ണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. രോഗലക്ഷണമുള്ളവരെ പ്രത്യേകം ക്വാറന്റീന്‍ ചെയ്തു. സ്രവസാംപിള്‍ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനോടകം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വാഷിങ്ടണ്‍ പോസ്റ്റും, പാകിസ്ഥാന്‍ പത്രമായ ഡോണിലും കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സീ ന്യൂസിന്റെ ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി. എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആഗോള മഹാമാരി സീ മീഡിയയെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു സഹപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തരവാദപ്പെട്ട സ്ഥാപനം എന്ന നിലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്. ഭൂരിഭാഗം പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നു. കാര്യമായ അസ്വസ്ഥതകളുമില്ല. രോഗനിര്‍ണയം പെട്ടെന്ന് നടത്തിയതുകൊണ്ടാണ് ഇത് സാധ്യമായത്’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശങ്ങളും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നതെന്നും ഓഫീസും ന്യൂസ് റൂമും സ്റ്റുഡിയോകളും അണുവിമുക്തമാക്കാന്‍ അടച്ചിരിക്കുകയാണെന്നും തല്‍ക്കാലത്തേക്ക് സീ ന്യൂസ് സംഘം മറ്റൊരിടത്തേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.