നാട്ടിലിറങ്ങിയ പുള്ളിപുലിയെ തുരത്തിയ തെരുവുനായ്ക്കളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. നാട്ടിലിറങ്ങിയ പുള്ളിപ്പുലി നാട്ടുകാരെ ആക്രമിക്കാന്‍ ഒരുങ്ങുമ്പോഴാണ് നായ്ക്കളുടെ എന്‍ട്രി. മാസെന്നാണ് സോഷ്യല്‍മീഡിയയുടെയും അഭിപ്രായം.
പുള്ളിപ്പുലിയെ കണ്ട് രണ്ടു പേര്‍ ഭയന്നോടുന്നതാണ് വീഡിയോയില്‍ ആദ്യം. അതിലൊരാള്‍ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയില്‍ ഓടിക്കയറി. രണ്ടാമത്തെയാള്‍ ലോറിയില്‍ കയറുമ്പോള്‍ പുള്ളിപ്പുലി അയാളുടെ കാലില്‍ പിടികൂടുകയായിരുന്നു. വലിച്ച് താഴെയിടാന്‍ നോക്കുന്നതിനിടെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ അയാള്‍ ശക്തിയില്‍ കാല്‍ കുടഞ്ഞു. പുള്ളിപ്പുലിയുടെ പിടി വിടുകയും അയാള്‍ ലോറിയില്‍ കയറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പിന്നെയാണ് ഏവരെയും ഞെട്ടിച്ച് ഒരു കൂട്ടം നായകളുടെ വരവ്. നായക്കൂട്ടത്തെ കണ്ട് പരുങ്ങുന്ന പുലി പിന്നീട് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ട്. മതില്‍ചാടിക്കടക്കാന്‍ പുലി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പുലി ലോറിക്കടിയിലേക്ക് നടന്ന് മറയുകയായിരുന്നു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്.
#NDTVBeeps | Leopard attacks man in Hyderabad pic.twitter.com/Lv0ddxXACH
— NDTV (@ndtv) May 18, 2020
സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.
ഇക്കാര്യത്തില്‍ സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് ബസ് ഉടമകള്‍ മാറ്റണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് ഉമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. എന്നാല്‍ സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സര്‍വീസ് നടത്തുന്നില്ല എന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചാല്‍ ബുദ്ധിപൂര്‍വമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. എല്ലാക്കാലത്തേക്കും അങ്ങനെ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുമോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സര്‍വീസുകള്‍ ഒരു സമരത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ചതല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
അത് പറഞ്ഞിരുന്നില്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് അവര്‍ സര്‍വീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. ഇത് പണിമുടക്കല്ലെന്നും പണിമുടക്ക് പിന്‍വലിക്കാനാണ് ചര്‍ച്ചകള്‍ വേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
അവര്‍ പണിമുടക്ക് പ്രഖ്യാപിച്ചതല്ല എന്ന വസ്തുത സ്വകാര്യ ബസ് ഉടമകളും അവരുടെ കുടെയുള്ളവരും മനസിലാക്കണം. അത് മനസിലാക്കി സര്‍ക്കാരിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടുറോഡില്‍ കള്ളും കഞ്ചാവുമടിച്ച് വിളയാടിയ യുവാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. അരൂര്‍ അരൂക്കുറ്റി റോഡിലാണ് സംഭവം. മദ്യലഹരിയില്‍ റോഡില്‍ മണിക്കൂറുളോളം പരാക്രമം കാട്ടിയ അരൂര്‍ സ്വദേശികളായ പ്രഭജിത്ത് , രാകേഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
കഞ്ചാവും കള്ളവാറ്റും അടിച്ച് എത്തിയ ഇരുവരും മണിക്കൂറുകളോളമാണ് നാട്ടുകാരെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. യുവാക്കളുടെ പരാക്രമം ചോദ്യം ചെയ്ത മിനി ലോറി ഡ്രൈവറിന്റെ തല 22 വയസ്സുകാരായ ഇരുവരും ചേര്‍ന്ന് അടിച്ചു പൊട്ടിച്ചു.
സമീപത്തെ കടകള്‍ അടിച്ചു തകര്‍ത്തു. ഒടുവില്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അരൂര്‍ പോലീസ് ഇരുവരെയും കീഴ്‌പ്പെടുത്തി. പോലീസിനെ കണ്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് അരൂര്‍ പോലീസ് പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കും അടികളാണ് ഇരുവരുമെന്നും പോലീസ് പറയുന്നു. എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന പോലീസുകാരന്റെ മകനാണ് പ്രതികളില്‍ ഒരാളായ പ്രഭജിത്ത്.
പലരോടായി സഹായം അഭ്യർത്ഥിച്ചിട്ടും കേരള, കർണാടക സർക്കാറുകളുടെ സഞ്ചാരത്തിനുള്ള പാസ് ഉണ്ടായിട്ടും ബംഗളൂരുവിൽനിന്ന് വയനാട്ടിലേക്ക് വാഹനം ലഭിക്കാതെ സംവിധായകൻ ശരത്ചന്ദ്രൻ വയനാട്. പാസ് ഉണ്ടായിട്ടും വാഹനം ലഭ്യമാകാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ ഇദ്ദേഹം കാൽനടയായി യാത്ര തുടങ്ങി.
രാഷ്ട്രീയക്കാരും സിനിമ താരങ്ങളും ഉൾപ്പെടെ നിരവധി പേരോട് താൻ സഹായം അഭ്യർത്ഥിച്ചെന്നും എന്നാൽ ആരും സഹായത്തിനെത്തിയില്ലെന്നു സംവിധായകൻ ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചു.
താൻ ഒരു പെണ്ണായിരുന്നെങ്കിൽ സഹായിക്കാൻ പലരും വന്നേനെ. അമ്മയെ കാണാനും ഡോക്ടറെ കണ്ട് ചികിത്സ തേടാനുമായാണ് നാട്ടിലേക്ക് വരുന്നത്. ബംഗളൂരു മുതൽ മുത്തങ്ങ വരെ നടക്കാനാണ് തീരുമാനം.
ഭാഗ്യമുണ്ടെങ്കിൽ വീണ്ടും കാണാമെന്നും ശരത്ചന്ദ്രൻ പറയുന്നു. ബംഗളൂരുവിൽനിന്ന് നടത്തം തുടങ്ങിയ ദൃശ്യങ്ങളും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്.
പഞ്ചാബിലെ ഭട്ടിൻഡയിൽ ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി ബസ് പുറപ്പെട്ടു. തിരുവനന്തപുരത്തേക്കാണ് ബസിൽ വിദ്യാർത്ഥികളെ എത്തിക്കുക. പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽ ഗാന്ധി എംപി മുൻകൈ എടുത്തിട്ടാണ് ബസ് ഏർപ്പാട് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ബുധാനഴ്ച്ച ബസ് കേരളത്തിലെത്തിച്ചേരും. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്ര. സ്വന്തമായി വാഹന സൗകര്യം ഒരുക്കാൻ കഴിയാത്തവരെ തിരികെയെത്തിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആൽവാർ, ഭാരത്പൂർ എന്നിവിടങ്ങളിൽ നിന്നും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരുവാൻ 500 ബസ്സുകൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഏർപ്പാടാക്കിയിരുന്നു. ശനിയാഴ്ച തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി 1000 ബസ്സുകൾ ഓടിക്കാൻ കോൺഗ്രസിന് അനുവാദം നൽകണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർത്ഥിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ കമ്പനിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്ന് തായ് എയർവേയ്‌സ്. പുനരുജ്ജീവന പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, ഇനി അതുകൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാനുള്ള നീക്കത്തിന് തായ്‌ലൻഡ് പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞു. 180 കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായം തായ്‌ലൻഡ് സർക്കാരിനോട് അഭ്യർഥിക്കാൻ കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. 2017 മുതൽ കമ്പനി നഷ്ടത്തിലാണ്.
പുനരുജ്ജീവന പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ മാർഗരേഖ സമർപ്പിക്കാൻ തായ്‌ലൻഡ് സർക്കാർ നേരത്തെ കമ്പനിക്ക് അന്ത്യശാസനം നൽകിയിരുന്നു. കനത്ത നഷ്ടമാണ് കമ്പനി കഴിഞ്ഞ വർഷവും രേഖപ്പെടുത്തിയത്. ഇതേത്തുടർന്ന് സാമ്പത്തിക ഫലം പ്രസിദ്ധീകരിക്കുന്നതിന് തായ്‌ലൻഡ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനോട് കൂടുതൽ സമയം ചോദിച്ചിരുന്നു.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. പരിശുദ്ധ കന്യകയുടെ കന്യാത്വമാണ് ലോക പരിത്രാതാവിനെ ജനിപ്പിച്ചത്. അതിനാല്‍ കന്യാത്വം ആദ്ധ്യാത്മിക ജനനത്തിന്റെ ഉറവിടമായി. പ. കന്യകയുടെ കന്യാത്വത്തിന്റെ കാന്തിപ്രചുരിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെയാണ് മിശിഹാ ജനിച്ചത്.
ഇന്ന് ലൈംഗികാതിപ്രസരവാദവും ലൈംഗീകാ രാജകത്വവും ശക്തി പ്രാപിച്ചു വരുന്ന
ഈയവസരത്തില്‍ പരിശുദ്ധ കന്യകയുടെ മാതൃക നമുക്ക് ആത്മശരീര വിശുദ്ധിയൊടു കൂടി ജീവിക്കുവാന്‍ പ്രചോദനമരുളണം. ഓരോ ജീവിതാന്തസ്സിലുള്ളവരും അവരവരുടെ ജീവിതാന്തസ്സിനനുസരണമായ ശുദ്ധത പാലിക്കണം. പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും. ശുദ്ധത പാലിക്കുന്നവരെ പരിശുദ്ധ കന്യകയും ഈശോയും സ്‌നേഹിക്കുന്നു.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അങ്ങു അവിടുത്തെ കന്യാ വൃതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്ക് നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന് അതിനെ വളരെ സ്‌നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കി. ഞങ്ങള്‍ ആത്മ ശരീര വിശുദ്ധിയോടു കൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഇന്ന് അനേകര്‍ തങ്ങളുടെ ആത്മ നൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ.
കന്യാംബികയെ, അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്‌നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമേ.
സുകൃതജപം
കളങ്കരഹിതയായ കന്യകയെ, നിഷ്‌കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെ.
കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി കുടുംബത്തിന്റെ മരണത്തെക്കുറിച്ച് സുഹൃത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. സര്‍ക്കാരിന്റെ അനാസ്ഥയാണ് തന്റെ സുഹൃത്തിന്റെ കുടുംബത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് നിതിന്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പുലര്‍ച്ച 3 മണിക്ക് ഷൈന്‍ ന്റെ ഫോണ്‍ കോള്‍. അവനും ഗര്‍ഭിണിയായ അവന്റെ ഭാര്യയും സ്‌റ്റെനി എന്ന സുഹൃത്തും, അനീഷും, അനൂപും അവരുടെ ഭാര്യമാരും കുട്ടികളുമടക്കം മൂന്ന് കാറിലായ് ബീഹാറില്‍ നിന്ന് കേരളത്തിലേക്ക് റോഡ് മാര്‍ഗ്ഗം യാത്ര പുറപെട്ട് രണ്ട് ദിവസമായിരുന്ന സന്ദര്‍ഭത്തില്‍ ഫോണ്‍ എടുത്തത് ഒന്ന് ശ്വാസം അടക്കി പിടിച്ച് കൊണ്ട് തന്നെയായിരുന്നു. ഷൈന്‍ പറഞ്ഞത് ഇങ്ങനെയും; ഡാ വരുന്ന വഴിയില്‍ നിസാമാബാദ് ജില്ലയില്‍ (തെലങ്കാന) വെച്ച് അനീഷിന്റെ കാര്‍ ലോറിയില്‍ ഇടിച്ചു, അടുത്തുള്ള ഗവണ്‍മന്റ് ആശുപത്രിയിലാണിപ്പോള്‍ സഹയത്തിനു ആരുമില്ല നീ വേഗം എന്തെങ്കിലും ഒന്ന് ചെയ്യ്. ഞാന്‍ ലൊക്കേഷന്‍ വാട്‌സാപ്പ് ചെയ്യാം. അല്‍പ്പം ഗുരുതരമാണു.
അടുത്ത നിമിഷം തന്നെ ഞാന്‍ തെലങ്കാനയുടെ നോര്‍ത്ത് സോണ്‍ ചുമതലയുളള മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ Jyothir Mayan സാറിനെ ഫോണില്‍ ബന്ധപെട്ട് കാര്യം അവതരിപ്പിച്ചു, മറുപടി ഇങ്ങനെയും’നിധിന്‍, ഇപ്പോള്‍ അവിടെ ആശുപത്രിയില്‍ നില്‍ക്കുന്നവരോട് എന്നെ വിളിക്കാന്‍ പറയൂ, ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങാട്ട് പോവാം.ഫോണ്‍ കട്ട് ചെയ്ത് ഷൈന്‍ നെ വിളിക്കുംബോഴേക്കും അവന്റെ മറുപടി: അനീഷും, ഒന്നര വയസ്സുളള മോളും, സ്‌റ്റെനിയും മരണപെട്ടു എന്നും, ഭാര്യക്കും മൂത്ത കുഞ്ഞിനു ഗുരുതര പരുക്ക് ഉണ്ടെന്നുമാണു.
മെയ് ഒന്നാം തിയതി രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി അന്നുമുതല്‍ കാത്തിരിക്കുകയായിരുന്നു ബീഹാറില്‍ ഇതുപോലെയുളള നൂറു കണക്കിനു മലയാളികള്‍, സര്‍ക്കാരുമായ് ബന്ധപെട്ടവരോടെല്ലാം അവര്‍ അന്വേഷിച്ചു, കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് ട്രെയിന്‍ വന്നപ്പോള്‍ ആ ട്രെയിനില്‍ തിരിച്ച് പോകാന്‍
കഴിയും എന്നാശിച്ചിരുന്നവരായിരുന്നു മലയാളികളില്‍ ഭൂരിഭാഗവും അവരുടെ കൂട്ടത്തില്‍ മരണപെട്ട അനീഷും കുടുംബവും ഉണ്ട്..
2500 കിലോമീറ്റര്‍ ദൂരം, എന്തിനായിരുന്നു ഈ സാഹസിക? അനൂപിന്റെയും, ഷൈന്‍ ന്റെയും ഭാര്യമാര്‍ ഗര്‍ഭിണികളാണു, ഈ സമയത്ത് ഇന്ത്യയില്‍ ഏറ്റവും മോശം ആരോഗ്യമേഘലയായ ബീഹാറില്‍ ഇതുപോലൊരു പ്രതികൂല സാഹചര്യത്തില്‍ നിങ്ങള്‍ നില്‍ക്കുമോ? അതു തന്നെയായിരുന്നു ഈ സാഹസികതക്ക് കാരണം.
ഇവര്‍ നാട്ടിലെത്താന്‍ വേണ്ടി കഴിഞ്ഞ 15 ദിവസങ്ങളായ് മുട്ടാത്ത വാതിലുകളില്ലാ, കലക്ടര്‍, സര്‍ക്കാര്‍,ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ അങ്ങനെ പലരോടും ഫോണില്‍ ബന്ധപെട്ടിരുന്നു ബീഹാറിലേക്കൊരു ട്രെയിന്‍ സര്‍വ്വീസ് എന്ന ആവശ്യത്തിനായ്.. കേരളം നംബര്‍ വണ്‍ അണു പറയുന്നതില്‍ തെറ്റില്ല..
സമാനമായ ഒരു കേസിനെ പറ്റി ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സംസ്ഥാന മന്ത്രി പറയുന്നത് കേട്ടു വൈകാരികമായ കഥകള്‍ ഉണ്ടാകാം അന്യ സംസ്ഥാനത്തുളള മലയാളികള്‍ക്ക് പക്ഷേ അത് പരിഗണിച്ച് കേരളത്തിലേക്ക് മലയാളികളെ കൊണ്ടു വരുകയല്ല ശരിയായ തീരുമാനം എന്നാണു..
ഇതൊരു അപകട മരണമല്ല രാജ്യത്തുടനീളം 800 നു അടുത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തിയിട്ടും കേരള സര്‍ക്കാരിനു ഒരു ട്രെയിന്‍ പോലും അന്യ സംസ്ഥാനത്തേക്ക് അയക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എന്റെ സുഹ്രുത്തിനെയും കുടുംബത്തെയും കേരള സര്‍ക്കാര്‍ കൊന്നതാണു എന്ന് പറയേണ്ടി വരും.
‘കരളുറപ്പുളള കേരളം അല്ല’ ‘സ്വാര്‍ത്ഥതയുടെ കേരളം’ അല്ലങ്കില്‍ ‘ഹൃദയമില്ലാത്ത കേരളം’
ഈയൊരു അവസ്ഥയില്‍ തെലങ്കാനയിലെ എന്റെ നല്ലവരായ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രത്യേകിച്ച് ലിബി ബെഞ്ജമിന്‍, ജ്യോധിര്‍മ്മയന്‍, അവരുടെ സഹായത്തിനും നന്ദി രഖപെടുത്തുന്നു.
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസറ്റീവ് കേസുകള്‍ കൊല്ലം ആറ്, തൃശൂര്‍ നാല്, തിരവനന്തപുരം കണ്ണൂര്‍ മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ട് വീതം, എറണാകുളം പാലക്കാട്, മലപ്പുറം ഒന്ന് വീതവുമാണ് കോവിഡ് സ്ഥിരികരിച്ചത്.
29 പേരില്‍ 21 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. ഏഴുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകയാണ്.
ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീണ്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. അതേസമയം ഇന്ന് ആർക്കും രോഗം ഭേദമായില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷ, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങിലെ തീരങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും.
ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു.
ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ ഒഡീഷയിലേക്കും ഏഴ് ടീമുകളെ പശ്ചിമ ബംഗാളിലേക്കും അയച്ചു. ഒഡീഷയിലെ വടക്കന്‍ തീരദേശ മേഖലകളിലാണ് ഉംപുന്‍ ഏറെ നാശംവിതയ്ക്കുക എന്നാണ് നിഗമനം.
ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്‌നാട്ടിലും വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ്. രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് തകര്‍ന്നു.