ലോക്ക് ഡൗണ്‍ സമയത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്താന്‍ ആര്‍എസ്എസിന് അനുവാദം നല്‍കിയിട്ടില്ലെന്ന് തെലങ്കാന പോലീസ്. ആര്‍എസ്എസ് യൂണിഫോം ധരിച്ച ആളുകള്‍ ലാത്തിയുമായി ഹൈദരാബാദിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പോലീസ്.
യദാദ്രി ഭുവനഗിരി ചെക്ക് പോയിന്റുകളില്‍ 12 മണിക്കൂറോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസിനെ സഹായിക്കുന്നുവെന്ന കുറിപ്പോടെ ട്വിറ്ററില്‍ ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. @ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വൈറലായതിന് പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
ആരാണ് ആര്‍എസ്എസിന് ഇങ്ങനെ ഒരു ഔദ്യോഗിക പദവി നല്‍കിയതെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന ചോദ്യം. ഇതോടയൊണ് പോലീസ് വിശദീകരണവുമായി രംഗത്ത് വന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും, പോലീസ് ആര്‍ക്കും പരിശോധനയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും രചകൊണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു.
അതെസമയം, ലോക്കല്‍ പോലീസുമായി ചേര്‍ന്നാണ് ആര്‍എസ്എസ് പരിശോധനയ്ക്ക് ഇറങ്ങിയത് എന്നാണ് തെലങ്കാന ആര്‍എസ്എസ് പ്രാന്ത് പ്രചാര്‍ പ്രമുഖ് ആയുഷ് നടിമ്പള്ളി പറയുന്നത്. എന്നാല് ചിലര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. അതോടെ പോലീസ് സമ്മര്‍ദ്ദത്തിലായെന്നും ആയുഷ് നടിമ്പള്ളി കൂട്ടിച്ചേര്‍ത്തു.
RSS volunteers helping the police department daily for 12 hours at Yadadri Bhuvanagiri district checkpost, Telangana. #RSSinAction pic.twitter.com/WjE2pcgpSy
— Friends of RSS (@friendsofrss) April 9, 2020
തനിക്കെതിരെ പരിഹാസം ചൊരിഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കളെ അതേ രീതിയിൽ തേച്ചൊട്ടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നതൊക്കെ ആരു കേൾക്കാൻ രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ പറയുകയാണെങ്കിൽ കേൾക്കാമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കോൺഗ്രസിന്റെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചതായി സ്വകാര്യ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
‘കോൺഗ്രസ് യുവനേതാക്കളുടെ ഈ ട്രോളുകളെയൊക്കെ ആര് ശ്രദ്ധിക്കാനാണ്, പ്രതിപക്ഷത്തിനെതിരേ താൻ ഉന്നയിച്ച ആരോപണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളി രാമചന്ദ്രനോ എന്തെങ്കിലും പറയുകയാണെങ്കിൽ കേൾക്കാം. അതല്ലാതെ കോൺഗ്രസിന്റെ യുവനേതാക്കളെ ആരാണ് കേൾക്കുക’- കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.
കഴിഞ്ഞദിവസം സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെ കെ സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇതാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല. സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമർശിക്കാൻ വേണ്ടി മാത്രം സർക്കാരിനെ വിമർശിക്കുന്ന രീതി ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രാഹുൽ ഗാന്ധി ചെയ്യുന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാടെന്നും കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.
ഇതിനെതിരേയാണ് ട്രോളുമായി കോൺഗ്രസ് യുവനേതാക്കളായ ടി സിദ്ധീഖ്, ജോതികുമാർചാമക്കാല, പിസി വിഷ്ണുനാഥ് തുടങ്ങിയവർ രംഗത്തെത്തിയത്. ‘സ്ഥിരബുദ്ധിക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ട്. പിആർ വർക്കല്ലാതെ മറ്റൊന്നും പിണറായി സർക്കാർ ചെയ്യുന്നില്ലെന്ന് പറഞ്ഞ സുരേന്ദ്രനെക്കൊണ്ട് തനിക്കു വേണ്ടി പിആർ വർക്ക് ചെയ്യിക്കാൻ കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ മിടുക്ക്’ എന്നൊക്കെയായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുട വിമർശനം.
ബോളിവുഡിലെ എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളാണ് ബിഗ് ബി എന്ന് ആരാധകര്‍ വിളിക്കുന്ന അമിതാഭ് ബച്ചന്‍. താരത്തിന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തന്നെ അന്ധത ബാധിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നെന്ന് തുറന്നെഴുതിയിരിക്കുകയാണ് ബിഗ് ബി.
അമിതാഭ് ബച്ചന്‍ തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരിക്കുകയാണ് ബ്ലോഗിലൂടെ. ‘മങ്ങിയ കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. പലപ്പോഴും കാഴ്ചകള്‍ ഇരട്ടിക്കുന്നതായും അനുഭവപ്പെടുന്നു. എന്നെ പിടികൂടിയിരിക്കുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുറമേ അന്ധതയും ബാധിച്ചു തുടങ്ങിയെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍” എന്ന് അദ്ദേഹം കുറിച്ചു.
കുട്ടിക്കാലത്ത് അമ്മ സാരിത്തലപ്പ് ചെറുതായി ചുരുട്ടി ചൂടാക്കി കണ്ണില്‍ വെച്ചുതരുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടാറുണ്ടെന്നും ,കണ്ണിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നുമ്പോള്‍ കുട്ടിക്കാലത്ത് അമ്മ ചെയ്ത് തരാറുണ്ടായിരുന്ന പൊടിക്കൈകള്‍ എല്ലാം ഇപ്പോഴും ചെയ്യാറുണ്ടെന്നും ബച്ചന്‍ പറയുന്നു.
അമ്മ ചെയ്യാറുള്ളതുപോലെ ചൂടുവെള്ളത്തില്‍ ടവല്‍ മുക്കി കണ്ണില്‍ വെക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തന്നെ അന്ധത ബാധിച്ചു തുടങ്ങിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നുണ്ടെന്നും മരുന്നുകള്‍ കണ്ണിലൊഴിക്കുന്നുണ്ടെന്നും ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ബ്ലോഗില്‍ കുറിച്ചു.
ഏപ്രില്‍ 13ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റത്തിന് സാധ്യത. ഇതുമൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര പഠന കേന്ദ്രം അറിയിച്ചു.
തീരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കെട്ടിയിട്ട് സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നയിടങ്ങളിലും താഴ്ന്ന-വെള്ളം കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടമായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പതിനെട്ടാമത്തെ അടവും പയറ്റുകയാണ് കേരള പൊലീസ്. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി വീട്ടിലേക്കോടിക്കാന്‍ ഇപ്പോള്‍ ഡ്രോണുകളാണ് പോലീസ് ഉപയോഗിക്കുന്ന്.
ഡ്രോണ്‍ കാണുമ്പോഴേ തങ്ങളുടെ മുഖം അതില്‍ പതിയാതിരിക്കാന്‍ മുഖവും മറച്ചുകൊണ്ട് ആളുകള്‍ ഓടാന്‍ തുടങ്ങും. ഡ്രോണ്‍ വീഡിയോകള്‍ കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ മുന്‍പും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പൊലീസിന്റെ ഡ്രോണ്‍ ചരിതം രണ്ടാം ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
ഡ്രോണ്‍ ക്യാമറയില്‍നിന്ന് രക്ഷപെടാന്‍ ശരവേഗത്തിലാണ് പലരുടേയും ഓട്ടം. ഇതെല്ലാം ചേര്‍ത്തുവച്ച് ഒരു ട്രോള്‍ വീഡിയോ ആക്കിയിരിക്കുകയാണ് കേരള പൊലീസ്.
അതേസമയം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി പേരാണ് ദിവസവും പുറത്തിറങ്ങുന്നത്. വലിയൊരു വിഭാഗം ആളുകള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുമ്പോള്‍ ചെറിയ ഒരു വിഭാഗം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോട് നിസഹകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങള്‍ ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നുമാത്രം 2431 പേര്‍ക്കെതിരെ കേസെടുത്തു. 2236 പേരെ പൊലീസ് വിവിധ ജില്ലകളിലായി അറസ്റ്റ് ചെയ്തു. 1634 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.
”ഈസ്റ്റര്‍ ആയതിനാല്‍ ആരും നിയന്ത്രണങ്ങള്‍ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണം. കൈവിട്ടുപോയാല്‍ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.” പിണറായി വിജയന്‍ പറഞ്ഞു.
Drone sightings..😃
Part 2…✌️ pic.twitter.com/AE9y8W3lsN— Kerala Police (@TheKeralaPolice) April 11, 2020
ശ്യൂന്യമായിരുന്നു സെന്റ്പീറ്റേഴ്സ് ബസലിക്ക, ഇവിടെ വച്ചായിരുന്നു ലോകമെങ്ങുമുള്ള വിശ്വാസികൾക്കായി ഫ്രാൻസിസ് മാർപാപ്പ ഇത്തവണ ഈസ്റ്റർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിൽ കഴിയുന്നതിനിടെയെത്തിയ ഈസ്റ്ററായിരുന്നു ഇത്തവണ. ‘ഭയപ്പെടരുത്’ എന്നായിരുന്നു പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ലോകത്തോടായി മാർപ്പാപ്പ പറഞ്ഞത്. യേശു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാർപ്പാപ്പയുടെ സന്ദേശം.
“ഭയപ്പെടേണ്ട, ഭയപ്പെടരുത്. ഇത് പ്രത്യാശയുടെ സന്ദേശമാണ്. ഈ രാത്രിയിൽ ദൈവം നമ്മോട് ആവർത്തിക്കുന്ന വാക്കുകളാണിത്. ഇന്ന് നമ്മെ ഈ വാചകങ്ങൾ അഭിസംബോധന ചെയ്യുന്നു. എല്ലാവരും സഹോദരീസഹോദരന്മാരാണ് – ജീവിതമാവുന്ന ഗാനം നമുക്ക് തിരികെ കൊണ്ടുവരാനാവട്ടെ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുക്കൾ. മരണ സമയത്ത് ദൈവ ദൂതന്മാരുടെ ജീവിതവും സമാനമായിരുന്നു. ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്നും മാർപ്പാപ്പ പറഞ്ഞു.
ലോകത്തെ ആയുധവ്യാപാരത്തെകുറിച്ചും അദ്ദേഹം സന്ദേശത്തിൽ പരാമർശിച്ചു. “മരണത്തിന്റെ നിലവിളി നമുക്ക് നിശബ്ദമാക്കാം, ഇനി യുദ്ധങ്ങളില്ല! ആയുധങ്ങളുടെ ഉൽപാദനവും കച്ചവടവും അവസാനിപ്പിക്കാം, കാരണം നമുക്ക് തോക്കുകളല്ല, ഭക്ഷണമാണ് വേണ്ടത്.” എന്നും മാർപ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു.
ആരിക്കണക്കിന് വിശ്വാസികൾ പങ്കെടുക്കേണ്ട ചടങ്ങുകളാണ് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ് നടന്നത്. ടി.വിയിലൂടെയും ഓൺലൈനിലൂടെയുമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ബസിലിക്കയിലെ പ്രാർഥനകളിൽ പങ്കാളികളായത്.
കൊല്ലം ഇത്തിക്കരയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തിനുപിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും. മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നിര്‍ദേശപ്രകാരം സിഐയുടെ നേതൃത്വത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. മകളുടെ മരണത്തിന്‍റെ ആരോപണം അമ്മയിലേക്ക് സമൂഹമാധ്യമങ്ങള്‍ തിരിച്ചുവിട്ടതിന്‍റെ തീരാവേദനയിലാണ് ദേവനന്ദയുടെ കുടുംബം.
കേരളം ഒന്നായി പ്രാര്‍ഥിച്ച് കൈകോര്‍ത്ത ആ ഏഴുവയസുകാരി മരിച്ചെന്ന യാഥാര്‍ഥ്യം കേരളം ഉള്‍ക്കൊണ്ടിട്ട് ഇന്ന് 45 ദിവസം പിന്നിട്ടു. പക്ഷേ ഇപ്പോഴും ആ ചോദ്യം ബാക്കിയാകുകയാണ്…ദേവനന്ദ എങ്ങനെ ആറിന്‍റെ കരയിലെത്തി.
ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തിന്‍റെ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദീകരണം.. ഇതിനകം 68 ലേറെ പേരെ ചോദ്യം ചെയ്തു. പ്രദേശത്തെ നൂറുകണക്കിന് മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചു..ഫോറന്‍സിക് വിദഗ്ദര്‍ ഘട്ടം ഘട്ടമായി വിവധസമയങ്ങളില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. എന്നിട്ടും ദേവനന്ദയുടെ മരണത്തിനു പിന്നില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടോ എന്ന് തെളിയിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സമകള്‍ ദേവനന്ദ വീടിന് ഏറെദുരത്തായുള്ള ആറിലേക്ക് തനിയെ പോകില്ലെന്ന നിലപാടില്‍ ഉറച്ച് നിലപാടില്‍ വീട്ടുകാര്‍ ഉറച്ചുനിന്നതോടെ അന്വേഷണം തുടരുകയാണ് പൊലീസ്
അന്യസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവം നടന്നത് കൊല്ലം കുണ്ടറ ശ്രീശിവൻ ജംഗ്ഷനിലാണ്. കവിതാ ഭവനിൽ കവിത (28) യെയാണ് ബംഗാൾ സ്വദേശിയായ ഭർത്താവ് വെട്ടികൊലപ്പെടിത്തിയത്. ഭർത്താവ് ദീപക് കൊലപാതകത്തിന് ശേഷം ചെറുമൂട് ലക്ഷ്മി സ്റ്റാർച് ഫാക്ടറിക്ക് സമീപത്തുള്ള കാട്ടിനുള്ളിൽ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. പന്ത്രണ്ടു വർഷം മുൻപാണ് ദീപക് കുണ്ടറയിൽ എത്തിയത്. ശേഷം കവിതയെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് ലക്ഷ്മി (9) കാശിനാഥൻ (7) എന്നി രണ്ട് കുട്ടുകളുമുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിൽ കഴിഞ്ഞിരുന്ന ദീപക്കിന്റെ ശ്രദ്ധയിൽ കവിത നിരന്തരമായി ഫോൺ വിളിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് കവിതയുടെ മാതാവ് വാർഡ് മെമ്പറെ വിളിച്ചു ചര്ച്ച നടത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പ് ആക്കിയിരുന്നു.
ഇനി ഇത്തരം സംഭവം ആവർത്തിക്കില്ലെന്ന് കവിത പറഞ്ഞിരുന്നു. എന്നാൽ ഇന്നലെയും ഇത് തുടർന്നതിനെ ചൊല്ലി വീണ്ടും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും കോടാലി കൊണ്ട് കവിതയെ വെട്ടികൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കഴുത്തിലായി ആഴത്തിലുള്ള ആറോളം മുറിവുകൾ ഉണ്ടായിരുന്നു. കവിത തൽക്ഷണം മരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്പോട്ടായി മുംബൈ. ധാരാവിയിൽ 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 43 രോഗികളാണ് ചേരിയിലുള്ളത്. മുംബൈയിൽ മൂന്ന് മാധ്യമപ്രവർത്തകർക്കും രോഗമുണ്ട്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 1761 ആയി. ഇതിൽ 1146 ഉം മുംബൈയിലാണ്. 127 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു.
രണ്ടായിരത്തിലേക്ക് അടുക്കുകയാണ് മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം. ഓരോ ദിവസവും കുറഞ്ഞത് 150 മുതൽ 200 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗം പടരുന്നതാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്. നാല് പേരാണ് ഇതുവരെ ധാരാവിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ ചേരിയിൽ അണുനശീകരണ പ്രവർത്തികൾ നടത്തുകയാണ് കോർപ്പറേഷൻ. ചേരിയിൽ രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന പ്രദേശത്തെ താമസക്കാരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുന്നുണ്ട്.
കോവിഡ് ബാധിതരെ അതിവേഗം കണ്ടെത്താൻ പൂൾ ടെസ്റ്റ് നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. ഒരേ സമയം നിരവധി പേരുടെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയുന്നതാണ് പുൾ ടെസ്റ്റ്. പൊതു സ്ഥലങ്ങളിലെ പാർക്കുകളിൽ വെച്ച് സാമ്പിളുകൾ ശേഖരിക്കും. മുംബൈയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്ന് മാധ്യമപ്രവർത്തകരുടെ സഹപ്രവർത്തകരായ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ലോക്ഡൗൺ ഈമാസം 30 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു.
കൊവിഡ് 19 പ്രതിരോധത്തിനായി 3 കോടി സംഭാവന നല്‍കിയ നടന്‍ രാഘവേന്ദ്ര ലോറന്‍സിനെ പ്രശംസിച്ചും മലയാളത്തിലെ ഉള്‍പ്പെടെ സൂപ്പര്‍താരങ്ങളെ ട്രോളിയും നടന്‍ ഷമ്മി തിലകന്‍. പുതിയ ചിത്രത്തിന് അഡ്വാന്‍സ് ലഭിച്ച മൂന്ന് കോടി രൂപ സംഭാവന നല്‍കുന്നുവെന്ന രാഘവേന്ദ്ര ലോറന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ഷമ്മി തിലകന്റെ സര്‍ക്കാസം കലര്‍ത്തിയ പോസ്റ്റ്. ലോറന്‍സിന്റെ സംഭാവന കാര്യം അറിഞ്ഞ് തമിഴിലെയും,തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍ താരങ്ങള്‍ ഉല്‍കണ്ഠാകുലര്‍ ആണെന്നും ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാന്‍ ഇടവേള പോലുമില്ലാത്ത പതിനഞ്ചര കമ്മിറ്റി കൂടിയാലോചന നടത്തുന്നുതായും അറിയുന്നുവെന്ന് താരസംഘടന അമ്മയെ പരോക്ഷമായി വിമര്‍ശിച്ച് ഷമ്മി തിലകന്‍.
അമ്മ സംഘടനയില്‍ അധീശത്വം ഉള്ളവര്‍ എന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ പറഞ്ഞതും ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മലയാള സിനിമ നിയന്ത്രിക്കുന്ന 15 അംഗ ലോബിയെയുമാണ് പരാമര്‍ശിച്ചതെന്ന് ഷമ്മി വിശദീകരിക്കുന്നുണ്ട്. അമ്മയുടെ സൂപ്പര്‍ബോഡി എന്ന പേരില്‍ അമ്മ അംഗങ്ങളുടെ ഇടയില്‍ കുപ്രസിദ്ധി നേടിയവരുമായ ‘ചില’ മഹല്‍വ്യക്തികളെ പറ്റി മാത്രമാണ്. ഫ്യൂഡലിസ്റ്റ് മനോഭാവികളായ ഈ ‘സൂപ്പര്‍ ബോഡിക്കാര്‍’ ‘തങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി വ്യക്തമാണെന്നും’..; എന്നാല്‍, ‘ഇത്തരക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കാനോ തള്ളിക്കളയാനോ മലയാള സിനിമയിലെ ഖ്യാതിയുള്ള നടന്‍മാര്‍ക്ക് പോലും കഴിയാതെ പോയി’ എന്നുള്ളതും ഇത്തരക്കാരുടെ അധീശത്വം വെളിവാക്കുന്നതാകുന്നു എന്നും കൂടി ബഹു.കോമ്പറ്റീഷന്‍ കമ്മീഷന്‍ വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതില്‍ ഖ്യാതിയുള്ള നടന്മാര്‍ എന്ന് ലാലേട്ടനേയും കൂടിയാണ് കോടതി ഉദ്ദേശിച്ചതെന്നും ഷമ്മി തിലകന്‍. ചേട്ടന്‍ എത്രയാണ് സംഭാവന നല്‍കിയത് എന്ന കമന്റിലെ ചോദ്യത്തിന് കുറച്ചു നാളുകളായി ചെയ്ത ജോലിക്കുള്ള കൂലി പോലും തരാന്‍ മുതലാളിമാര്‍ കൂട്ടാക്കുന്നില്ല. അതിനാല്‍ സംഭാവന നല്‍കാന്‍ കൈയില്‍ തല്‍ക്കാലം ഇല്ല.. ഈ പോസ്റ്റിനെ തുടര്‍ന്ന് ഇനിയുള്ള ദിവസങ്ങളില്‍ മലയാള സിനിമയിലെ കോടിപതികള്‍ നല്‍കാന്‍ പോകുന്ന കോടികളില്‍ ഒരു ചെറിയ ഭാഗം എന്റേത് കൂടിയായി കരുതാവുന്നതാണ്. എന്നാണ് ഷമ്മി തിലകന്റെ മറുപടി.