Latest News

വിവാദ വ്യവസായി വിജയ് മല്യയെ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷം വിദേശത്തേക്ക് കടന്നത്. ബ്രിട്ടണിലേക്ക് പോയ മല്യ ഇവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന ഹരജിയുമായി മല്യ യുകെ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ അവസാനത്തെ ഹര്‍ജിയും മെയ് 14 ന് യുകെ കോടതി തള്ളിയതോടെയാണ് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ വഴി തുറന്നത്. ബ്രിട്ടണില്‍ നിന്ന് തിരികെയുള്ള യാത്രയുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിജയ് മല്യയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് കൊണ്ടുവരുന്നതായാണ് സൂചന. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്ന് സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

മനുഷ്യനെ സംബന്ധിച്ച് ബാല്യകൗമാര കാലം വളർച്ചാ കാലമാണ്. വളർച്ചയുടെ പൂർണത കൈവരിക്കുന്ന യൗവനം, യുവത്വം സ്ത്രീ പുരുഷന്മാരുടെ വസന്ത കാലമാണ്. ശരീരം അതിന്റെ സൗന്ദര്യത്തെ ഏറ്റവും മനോഹരം ആയി പ്രകടിപ്പിക്കുന്നു ഇക്കാലത്ത്.

കൗമാര കാലം സ്ത്രീ പുരുഷന്മാരിൽ വളരെ ഏറെ വ്യത്യസ്ഥത ഉള്ളതായി നമുക്കു കാണാം. ശാരീരികവും മാനസികവും ആയ വ്യക്തമായ മാറ്റം ആൺകുട്ടികളും പെൺകുട്ടികളുമായി ഉള്ള കാലമാണിത്. ശാരീരിക വളർച്ചയുടെയും പ്രത്യുല്പാദന വ്യവസ്ഥയുടെയും വ്യക്തത പെൺകുട്ടികളിൽ ഇക്കാലത്ത് പൂർണതയിലെത്തിയിരിക്കും. ആൺകുട്ടികളിൽ ആകട്ടെ ശബ്ദമാറ്റം, രോമ വളർച്ച എന്നീ മാറ്റങ്ങൾ തുടങ്ങുക ഇക്കാലത്താണ്. അതിന്റെ ആകുലതകൾ, ആശങ്കകൾ ഒക്കെ സ്വഭാവത്തിൽ തന്നെ പല മാറ്റങ്ങൾക്കു തുടക്കമാകും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്പരം ഒരു ആകർഷകത, കുടുംബ ജീവിതത്തിലെ സ്വാതന്ത്ര്യം, പലതരം ആകുലതകൾ, സാമൂഹിക ജീവിതത്തോടുള്ള മനോഭാവം, സാമ്പത്തിക അച്ചടക്കം, ബുദ്ധിപരമായ വളർച്ച, വിശ്രമ വേളകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തൽ, തന്റേതായ ജീവിതത്തോടുള്ള വീക്ഷണവും ഉൾക്കാഴ്ചയും, ഒക്കെ യൗവനത്തിന്റ പ്രശ്നങ്ങൾ ആണ്.

ജീവിതം എന്തെന്ന് അറിയാൻ തുടങ്ങുന്ന യൗവന, യുവത്വ കാലത്താണ്. വിവാഹ സങ്കല്പങ്ങൾ സ്വപ്‌നങ്ങൾ, കുടുംബം, കുട്ടികൾ, മാതാപിതാക്കളുമായുള്ള ബന്ധം നിലനിർത്തൽ, ആഹാര കാര്യത്തിൽ വരുന്ന മാറ്റം എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ യുവത്വകാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

“ആരോഗ്യമദ്യം ഖലു ധർമ്മ സാധനം ”

ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണ്ട കാലമാണിത്. എല്ലാത്തരത്തിലും ഉള്ള സ്വാതന്ത്ര്യം അവരവർക്കു ഗുണകമാകാൻ ആഹാര കാര്യത്തിൽ കടുത്ത നിയന്ത്രണം ആവശ്യം ആണ്. പ്രകൃതിതമായി ഏറെ സമരസപ്പെട്ടുള്ള ജീവിതം ആയുരാരോഗ്യ സൗഖ്യത്തിന് ഇടയാക്കും. ആഹാരം മിതമായിരിക്കണം. സമീകൃത ആഹാരം കഴിക്കുന്നു എന്നുറപ്പാക്കണം.
പരമ്പരാഗത ഭക്ഷണ രീതി പാടേ മാറ്റി പുതുമ നിറഞ്ഞ വിഭവങ്ങൾ വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കി ഒഴിവാക്കേണ്ടവ ഒഴിവാക്കിയേ മതിയാകു. അര വയറാഹാരം കാൽ വയർ വെള്ളം ശേഷിക്കുന്നത് ദഹന സൗകര്യത്തിനും വായു സഞ്ചാരത്തിനും എന്ന പഴയ കാലത്തെ അളവ് ഓർക്കുക. പ്രാതലും അത്താഴവും എന്ന രണ്ടു നേരത്തെ ഭക്ഷണം മനുഷ്യന് മതിയായിരുന്നു. ഇന്ന് ഏത്ര തവണ എന്തെല്ലാം വിഭവങ്ങൾ. അവ ആരോഗ്യ ദായകമാണോ എന്ന ചിന്ത ആർക്കുമില്ല. ആഹാരത്തിലെ മിതത്വം ആരോഗ്യ രക്ഷക്ക് ഇടയാക്കും.

മതിയായ വ്യായാമം. ഓരോ മനുഷ്യനും വ്യത്യസ്ത ശരീര പ്രകൃതി ഉള്ളവരാണ് . അവനവന്റെ ശരീര പ്രകൃതിക്ക്, ശരീര ബലത്തിന് അനുസരിച്ചു ആവശ്യത്തിന് ഉള്ള വ്യായാമം സ്ഥിരമായി ചെയ്യുന്നതിലൂടെ ആരോഗ്യം കാത്തു സൂക്ഷിക്കുക.

പലതരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നവർ, പല സമയ ക്രമീകരണം ഉള്ള ജോലി ചെയ്യുന്നവർ, എന്നാൽ എല്ലാവർക്കും തങ്ങളുടെ ക്ഷീണം അകറ്റാനുള്ള വിശ്രമം, ഉറക്കം ആവശ്യത്തിന് ഉണ്ടാവണം. ശരീഅത്തിന്റെ പുനർ നിർമാണത്തിന്, നവീകരണത്തിന് ഇടയാക്കും വിധം ഉള്ള വിശ്രമവും ഉറക്കവും ഏതൊരാൾക്കും ആവശ്യം ആണ്.

മാനസികമായ ഉണർവിനും ഉന്മേഷത്തിനും സമചിത്തതക്കും ഇടയാക്കുന്ന സത്‌സംഘം നല്ല കൂട്ടായ്മകൾ പ്രകൃതിയുമായി സൗഹൃദമുള്ള ജീവിത ശൈലി കൂടി ആയാൽ ജീവിതം ആരോഗ്യ പൂർണമാക്കാം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

തുടർച്ചയായ 11–ാം ദിവസവും കോവിഡ് രോഗം റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ പൂർണമായും നീക്കാൻ ന്യൂസീലൻഡ് ഒരുങ്ങുന്നു. അടുത്തയാഴ്ചയോടെ സാധാരണഗതിയിലേക്ക് രാജ്യം മാറിയേക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രകടിപ്പിച്ചു. കോവിഡിനെ പൊരുതി തോൽപ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലൻഡ് മാറുമെന്നും ജസീന്ത പറയുന്നു.
ആയിരത്തി അഞ്ഞൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മരണം 22 ൽ ഒതുക്കാൻ ന്യൂസിലൻഡിന് കഴിഞ്ഞു. വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. ഏപ്രിലിൽ രോഗികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും രോഗത്തെ പിടിച്ചു നിർത്താൻ ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒരുപോലെ പരിശ്രമിച്ചു. തുടക്കം മുതൽ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടുവെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി.
50 ലക്ഷത്തോളം മാത്രമാണ് പസഫിക് ദ്വീപ് രാജ്യമായ ന്യൂസീലൻഡിലെ ജനസംഖ്യ. രോഗത്തെ വരുതിയിലാക്കുന്നതിൽ ഇതും ആരോഗ്യപ്രവർത്തകരെ സഹായിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 22 വരെ തുടരുമെന്നും പിന്നീട് പാർലമെന്റ് യോഗത്തിന് ശേഷം തീരുമാനം എടുക്കുമെന്നും ആയിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണത്തിലായെന്നും സന്തോഷകരമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും കണ്ട് ജൂൺ എട്ടോടെ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ നീക്കം.

ഉത്രയ്ക്ക് ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനം ഏറ്റിരുന്നതായി അന്വേഷണ സംഘം വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡന കേസുകള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കേസുകള്‍ കൂടി അന്വേഷിക്കുന്നതിനുള്ള ചുമതല കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിന് കൈമാറി.

അതേസമയം, രാവിലെ കേസിലെ ഒന്നാം പ്രതി സൂരജിനെയും കൂട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം അടൂരില്‍ എത്തിയത്. എന്നാല്‍ സൂരജിനെ ബാങ്കില്‍ പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തില്‍ തന്നെ ഇരുത്തുകയായിരുന്നു. സൂരജുമായി വീണ്ടും ബാങ്കിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴിച്ചിട്ടിരുന്ന മുപ്പത്തിയേഴര പവന്‍ സ്വര്‍ണം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് എടുത്തുനല്‍കിയിരുന്നു.

സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഇവരെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

കൊല്ലം: ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയാണ്.

ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട മനോവിഷമമാണ് ജീവനൊടുക്കാന്‍ കാണമെന്ന് സൂചനയുണ്ട്. ഇവര്‍ പെട്രോളുമായി ബാങ്കിലേക്ക് കയറി വരുന്നത് കണ്ട് ബാങ്കിലുണ്ടായിരുന്ന ജീവനക്കാര്‍ മറ്റൊരു വഴിയിലുടെ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു.

ബാങ്കിലേക്ക് കയറി വന്ന സത്യവതി താക്കോല്‍ സെക്യുരിറ്റിയെ ഏല്പിച്ചിരുന്നു. താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്നു ഇവര്‍ കഴിഞ്ഞ മാസം വന്ന ഒഴിവുകളില്‍ ഇവരെ സ്ഥിരപ്പെടുത്താമെന്ന്  ഭരണസമിതി ഉറപ്പ് നല്‍കിയെങ്കിലും വാക്ക് പാലിച്ചിരുന്നില്ല. ഇതില്‍ അവര്‍ അതീവ ദുഃഖിതയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

ഇവര്‍ തീകൊളുത്തി മരിച്ച സമയത്ത് ആരാണെന്ന് വെളിപ്പെടുത്താന്‍ പോലും ആദ്യം ബാങ്ക് അധികൃതര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ബാങ്കിനു മുന്നില്‍ യുവതിയുടെ വീട്ടുകാര്‍ അടക്കമുള്ളവര്‍ എത്തി പ്രതിഷേധിക്കുകയാണ്. ബാങ്ക് പരിസരത്ത് സംഘര്‍ഷവാസ്ഥയും ഉടലെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

എടത്വാ: കേരളത്തിലാകമാനം ചിതറി പ്രവര്‍ത്തിച്ചിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരേയും സംഘടനകളേയും ഏകോപിപ്പിച്ച ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണകളുമായി സുഹൃത്തുക്കള്‍ ‘മഴമിത്ര’ത്തില്‍ ഒന്നിച്ചു കൂടി.
പ്രകൃതിക്ക്-ഭൂമിക്ക് അതില്‍ അധിവസിക്കുന്ന മാനവര്‍ക്കായി വളരെ കുറച്ചുകാലം ഉണര്‍ത്തു പാട്ടുമായി കേരളമാകെ ചുറ്റിക്കറങ്ങിയ പ്രകൃതിസ്നേഹിയായ ആന്റപ്പന്‍ അമ്പിയായം (38) 2013 ജൂണ്‍ 3ന് ആണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.

ആൻറപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെൻ്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിൽ രാവിലെ 10ന് സുഹൃത്തുക്കളും ആൻറപ്പൻ്റ പിതാവ് ജോർജും മകൻ ഏബൽ ജോർജും ചേർന്ന് പുഷ്പാർച്ചന നടത്തി.തുടർന്ന് മഴ മിത്രത്തില്‍ ചേര്‍ന്ന അനുസ്മരണം കുട്ടനാട് നേച്ചർ ഫോറം പ്രസിഡൻ്റ് ബിൽബി മാത്യം കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര , കുട്ടനാട് നേച്ചര്‍ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വര്‍ഗ്ഗീസ്,ജോസഫ് ആൻറണി, പി.വി.എന്‍ മേനോന്‍,എ.ജെ കുഞ്ഞുമോൻ, അനില്‍ അമ്പിയായം,സജീവ് എന്‍.ജെ,സുദീർ കൈതവന,സുരേഷ് വാസവൻ, സോണിയ അമ്പിയായം എന്നിവർ സംബന്ധിച്ചു.
തുടർന്ന് സുഹൃത്തുക്കളും ആൻ്റപ്പൻ അമ്പിയായത്തിൻ്റെ മകൻ ഏബൽ ആൻറണിയും ചേർന്ന് മഴ മിഴത്തിൽ രാമച്ച തൈ നട്ടു.

മരണം കൊണ്ട് തന്റെ മഹത്വം ജന്മനാടിനെ തൊട്ടറിയിച്ച് കടന്നുപോയ പ്രകൃതിയുടെ വരദാനമായിരുന്നു ആന്റപ്പന്‍ എന്ന് മിസോറാം മുൻ ഗവർണർ ഡോ.കുമ്മനം രാജശേഖരൻ പറഞ്ഞു.മഴ മിത്രത്തിൽ ഒത്തുകൂടിയ പ്രവർത്തകർക്ക് നന്ദി അറിയിച്ച് ഫോണിലൂടെ സംസാരിച്ചു.കേരളത്തിലെ അങ്ങോളുമിങ്ങോളമുള്ള ഓരോ പ്രകൃതി സ്നേഹിയുടെയും മനസ്സില്‍ ഭാവ-താള-ലയത്തോടുകൂടിയ പ്രകൃതിയുടെ നിലനില്‍പ്പ് കോറിയിട്ടു കടന്നപോയ ആൻ്റപ്പൻ്റെ ദർശനം സാക്ഷാത്കരിക്കുന്നതിനും ദൈവത്തിന്റെ ദാനമായ ശുദ്ധവായു,ശുദ്ധജലം,മണ്ണ് ഇവ വരും തലമുറയ്ക്കും ഇതേ ശുദ്ധിയോടെ പകര്‍ന്നു നല്‍കണമെന്നുള്ള ആഹ്വാനത്തോട് ആൻറപ്പൻ അമ്പിയായം അനുസ്മരണ സമ്മേളനം സമാപിച്ചു’.ലോക്ക് ഡൗൺ പ്രോട്ടോക്കോൾ മൂലം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള സുഹൃത്തുക്കളും ഗ്രീൻ കമ്മൂണിറ്റി പ്രവർത്തകരും ഒത്തുകൂടുവാൻ സാധിക്കാഞ്ഞതിനാൽ വ്യക്ഷത്തൈ നട്ടു കൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു.
2 Attachments

അറബിക്കടലില്‍ രൂപപ്പെട്ട അതീതീവ്ര ന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മുംബൈയില്‍ ആഞ്ഞുവീശുന്നു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്.1 00-110 കിലോമീറ്റര്‍ വേഗതയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീരം തൊട്ടത്. കാറ്റിന്റെ വേഗത 20 കിലോമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നുണ്ട്.. ആറ് മണിക്കൂറിന് ശേഷം കാറ്റ് ദുര്‍ബലപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വൈകീട്ട് ഏഴ് മണിവരെ നിര്‍ത്തിവെച്ചു.മുംബൈയില്‍ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകള്‍ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു.

 

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മഞ്ജു വാര്യരും ടൊവിനോ തോമസും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകള്‍ ആരംഭിച്ചത്. എന്നാല്‍ പല കുട്ടികള്‍ക്കും ക്ലാസില്‍ പങ്കെടുക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാന്‍ കുട്ടികള്‍ക്ക് ടിവിയോ ടാബ്ലറ്റോ വാങ്ങിനല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ് മഞ്ജുവും ടൊവിനയും. തൃശൂര്‍ എംപി ടി എന്‍ പ്രതാപനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ ‘ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങള്‍ മഞ്ജുവാരിയര്‍. സ്‌നേഹപൂര്‍വ്വം പങ്കാളിയായതിന് നന്ദി. ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

”എന്റെ പ്രിയ സഹോദരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ, പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..,” ടി എന്‍ പ്രതാപന്‍ ടൊവിനോയോടും ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത അതെത്തിച്ചു നല്‍കാന്‍ വേണ്ട കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്ന് ടി എന്‍ പ്രതാപന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ എം പി ഓഫീസുമായി ബന്ധപ്പെടണമെന്നും അത് അര്‍ഹതപ്പെട്ട കൈകളില്‍ താന്‍ എത്തിക്കുമെന്നും ടി എന്‍ പ്രതാപന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മഞ്ജുവും ടൊവിനോയും സഹായിക്കാന്‍ സന്നദ്ധരായി എത്തിയത്.

 

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് അറുപതുകാരിയായ ഷീബ കൊലപ്പെട്ടതിനു പിന്നില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കമോ വ്യക്തിവൈരാഗ്യമോ ആകാമെന്ന നിഗമനത്തില്‍ പോലീസ്. ഷീബയുടെ ഭര്‍ത്താവ് സാലിക്ക് പണമിടപാടുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം പലിശയ്ക്ക് നല്‍കുന്ന ഏര്‍പ്പാട് സാലിക്ക് ഉണ്ടായിരുന്നതായാണ് സംശയം. ഇതുവഴിയുണ്ടായിരിക്കുന്ന സാമ്പത്തിക തര്‍ക്കമാണോ കൊലപാതകത്തിനു കാരണമെന്നും അന്വേഷിക്കുന്നുണ്ട്. ദമ്പതികളുടെ വീടിരിക്കുന്ന പ്രദേശം കേന്ദ്രീകരിച്ച് സ്ഥലമിടപാട് നടത്തുന്നവരേയും പണം പലിശയ്ക്ക് നല്‍കുന്നവരേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ദമ്പതികളുടെ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തു വരുന്നുണ്ട്.

അതേസമയം കൊലപാതകം നടത്തിയ രീതിയാണ് വ്യക്തിവൈരാഗ്യമാണോ ഇതിനു പിന്നിലെന്ന സംശയത്തിന് കാരണം. തലയില്‍ ശക്തമായ പ്രഹരമാണ് സാലിക്കും ഷീബയ്ക്കും ഏറ്റത്. ഷീബയുടെ മരണ കാരണവും തലയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദമ്പതികളുടെ കൈകാലുകള്‍ വൈദ്യുതി വയര്‍ കൊണ്ട് ബന്ധിച്ചിരുന്നു. എന്നാല്‍ ഷീബയെ ഷോക്കടിപ്പിച്ചിരുന്നു എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വൈദ്യുതി പ്രവഹിപ്പിച്ചതും അടുക്കളയില്‍ നിന്നും ഗ്യാസ് സിലണ്ടര്‍ സ്വീകരണ മുറിയില്‍ കൊണ്ടുവന്നുവച്ച് തുറന്നു വിട്ടതും മരണം ഉറപ്പിക്കാനാണോ തെളിവ് നശിപ്പിക്കാനാണോ എന്ന കാര്യത്തിലാണ് സംശയം.

യഥാര്‍ത്ഥ മോഷണമോ, അതോ വഴി തെറ്റിക്കാന്‍ വേണ്ടി നടത്തിയതോ?

ഷീബയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതാണ് മോഷണ ശ്രമത്തിനിടയില്‍ നടന്ന കൊലപാതകമായി ഇതിനെ സംശയിക്കാന്‍ പോലീസിനുള്ള കാരണം. ഷീബയുടെ മാല, കമ്മല്‍, അലമാരിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ എന്നിവ കാണാതെ പോയിട്ടുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരാണ് ഷീബ-സാലി ദമ്പതികള്‍. ഇവരുടെ കൈവശം പണവും ആഭരണങ്ങളും ഉണ്ടായിരിക്കുമെന്ന ഉറപ്പില്‍ മോഷ്ടാക്കള്‍ എത്തിയതാകാമെന്നും കരുതുന്നു. ഇവരെ നിരീക്ഷിച്ചു വന്നതിനുശേഷം നടത്തിയ മോഷണമോ, അതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ പരിചയം സ്ഥാപിച്ച ശേഷം നടത്തിയ മോഷണമോ ആകാമെന്നും മോഷണ ശ്രമം തടയുന്നതിനിടയില്‍ ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നും കരുതാനുള്ള സാഹചര്യവും ഈ കൊലയ്ക്ക് പിന്നില്‍ പൊലീസ് കാണുന്നുണ്ട്.

കൊന്നത് ക്രൂരമായി

ഷീബയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വച്ച് ക്രൂരമായ രീതിയില്‍ തന്നെയാണ് ഷീബയെ കൊലപ്പെടുത്തിയിരിക്കുന്നത്. ശക്തമായ അടിയില്‍ ഷീബയുടെ തലയോട്ടി തകര്‍ന്നു പോയിരുന്നു. ചെറുതെങ്കിലും ശരീരത്തിന്റെ പല ഭാഗത്തുമുള്ള മുറിവുകള്‍ മല്‍പ്പിടുത്തം നടന്നതിന്റെ തെളിവുകളായാണ് കാണുന്നത്. ഷീബയുടെ കൈകളില്‍ വയര്‍ കെട്ടിവച്ചിരുന്നു.ഈ വയറുകള്‍ സ്വിച്ച് ബോര്‍ഡില്‍ കണക്ട് ചെയ്തിരുന്നു. എന്നാല്‍ വൈദ്യുതാഘാതം ഏറ്റിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുപക്ഷേ, വൈദ്യുതാഘാതം ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കാതെ വന്നതോടെ തലയ്ക്കടിച്ചതാകാനും സാധ്യതയുണ്ട്.

നിലവിലെ സാഹചര്യതെളിവുകള്‍ പരിശോധിക്കുമ്പോള്‍ സാലി-ഷീബ ദമ്പതികള്‍ക്ക് പരിചയമുള്ളവരാരോ ആയിരിക്കാം കൊലപാതകി എന്നൊരു സംശയം പൊലീസിനുണ്ട്. വീടിനകത്ത് അതിക്രമിച്ച് കടന്ന് നടത്തിയിരിക്കുന്ന അക്രമം അല്ല നടന്നിരിക്കുന്നത്. സാലിയോ ഷീബയോ വാതില്‍ തുറന്നു കൊടുത്തിട്ടാണ് കൊലയാളി അകത്ത് കയറിയിരിക്കുന്നത്. സ്വീകരണ മുറിയില്‍ ഒരു ഗ്ലാസ് പൊട്ടിക്കിടക്കുന്നുണ്ട്. വന്നയാള്‍ക്ക് ചായയോ മറ്റോ കൊണ്ടു വന്നതിന്റെ തെളിവായിട്ടാണ് ഇതിനെ പോലീസ് കാണുന്നത്. സാലിയും ഷീബയും ആ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്ന് അറിയാവുന്ന ഒരാള്‍ ആയിരിക്കണം അക്രമി. രാവിലെ പത്തു മണിക്കു മുമ്പായാണ് കൊലപാതകം നടന്നിരിക്കുന്നത്. അടുത്തടുത്തായി ധാരാളം വീടുകള്‍ ഉള്ള പ്രദേശമാണ് പാറപ്പാടം. അങ്ങനെയുള്ളൊരിടത്ത് രാവിലെ പത്തു മണിക്കു മുമ്പ് ഇത്തരത്തിലുള്ള അതിക്രമം കാണിക്കമെങ്കില്‍ മോഷണശ്രമം ആണെങ്കില്‍ കൂടി ആ വീടിനെക്കുറിച്ച് വ്യക്തമായ വിവരമുള്ള ഒരാള്‍ തന്നെയായിരിക്കണം.

അപ്രതീക്ഷിതമായ ആക്രമണം ആയിരിക്കാനുള്ള സാധ്യത വിരല്‍ ചൂണ്ടുന്നത് രണ്ടു പേരെ അക്രമിച്ചിട്ടും ഒരാളുടെ പോലും നിലവിളി ശബ്ദം പോലും പുറത്തുകേട്ടില്ല എന്നതിലാണ്. അക്രമത്തിനു മുമ്പ് പ്രതി തന്നെ പ്രധാന വാതില്‍ അടച്ചിരിക്കാന്‍ സാധ്യതയില്ല. തങ്ങള്‍ക്ക് പരിചയമുള്ള ഒരാള്‍, അത് ബന്ധുവോ, പണമിടപാടുമായി ബന്ധമുള്ള ആരെങ്കിലുമോ വന്നപ്പോള്‍ ഷീബയോ സാലിയോ തന്നെയാകാം വാതില്‍ അടച്ചിരിക്കുക. അവരൊരിക്കലും ഇങ്ങനെയൊരു അപകടം പ്രതീക്ഷിച്ചും കാണില്ല. ഇതിനെല്ലാം പുറമെ നടന്നിരിക്കുന്നത് ക്വട്ടേഷന്‍ കൊടുത്തുള്ള ആക്രമണമാണോ എന്നൊരു സംശയവും പൊലസിന് ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആള്‍ സാന്നിധ്യമുള്ളൊരിടത്ത് ഇത്രയ്ക്ക് ആസൂത്രീതമായ ഒരു കൊലപാതകം നടത്തിയിരിക്കുന്നതാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടാനുള്ള കാരണം. അപ്രതീക്ഷിതമായ ആക്രമണവും ഗ്യാസ് സിലണ്ടര്‍ തുറന്നു വച്ചതും വൈദ്യുതി വയറുകള്‍ കൊണ്ട് ശരീരം ബന്ധിച്ചതുമൊക്കെ ഇങ്ങനെയൊരു വീക്ഷണ കോണിലൂടെയും പോലീസ് നോക്കി കാണുന്നുണ്ട്. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൊല നടത്തിയതും ക്വട്ടേഷന്‍ സാധ്യതകളാണ് കാണിക്കുന്നത്.

ആയുധമില്ല, കൈയുറ മാത്രം

ഷീബയേയും സാലിയേയും ആക്രമിച്ചത് എന്ത് ആയുധം കൊണ്ടാണെന്ന കാര്യത്തില്‍ പോലീസിന് ഇപ്പോഴും സംശയമാണ്. കൊലയാളിയുടേതായി ആയുധങ്ങളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. അതേസമയം സ്വീകരണ മുറിയിലെ ടീപ്പോയ് ഉപയോഗിച്ചാവാം ദമ്പതികളുടെ തലയ്ക്കടിച്ചതെന്നും കരുതുന്നു. തകര്‍ന്നു കിടക്കുന്ന ടീപ്പോയാണ് അത്തരമൊരു നിഗമനത്തിന് ആധാരം. കൊലയാളിയുടെതായി വീട്ടില്‍ നിന്നും കണ്ടെത്തിയത് രക്തക്കറ പുരണ്ട ഒരു കൈയുറ മാത്രമാണ്.

കുഴപ്പിച്ച് പൊലീസ് നായ

കൊലയാളിയുടെതാണെന്നു സംശയിക്കുന്ന കൈയുറയുടെ മണം പിടിച്ച് പോലീസ് നായ വീട്ടില്‍ നിന്നും ഒരു കീലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം റൂട്ടില്‍ അറുപുഴ പാലത്തിന് സമീപത്തെ കടവ് വരെ ചെന്നിരുന്നു.എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, പോലീസിനെ കുഴപ്പിക്കുന്നൊരു കാര്യം ഇവിടെ സംഭവിച്ചിട്ടുണ്ട്. ദമ്പതികളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ പോയതിന്റെ നേരെ എതിര്‍ദിശയിലേക്കാണ് പോലീസ് നായ ഓടിയത്. ഒന്നില്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ദമ്പതികളുടെ കാര്‍ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളില്‍ വാഹനത്തില്‍ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കൈയുറ മണത്ത് പോലീസ് നായ കാര്‍ പോയതിന്റെ എതിര്‍ദിശയില്‍ പോയതുകൊണ്ട് ആ കൈയുറ കൊലയാളി സംഘത്തിലെ മറ്റാരെങ്കിലും ധരിച്ചിരുന്നതായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്.

അപ്രത്യക്ഷമായ കാര്‍

കേസിലെ നിര്‍ണായക തെളിവാണ് ദമ്പതികളുടെ ചുവന്ന 2007 മോഡല്‍ വാഗണ്‍ ആര്‍ കാര്‍. ഈ കാര്‍ കൊണ്ടുപോയ ആളാണ് ഷീബയുടെ കൊലയാളി. എന്നാല്‍ കാര്‍ നമ്പര്‍ അടക്കം വിവരം നല്‍കിയിട്ടും രണ്ടു ദിവസമായി ആ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈക്കം വരെ കാര്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവികളില്‍ നിന്നും കിട്ടിയിട്ടുണ്ട്. എറണാകുളത്തേക്ക് പോകാനോ അല്ലെങ്കില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാനോ ആണ് പോലീസ് സാധ്യത കാണുന്നത്. ചെക് പോസ്റ്റൂകളിലും ടോള്‍ പ്ലാസകളിലും കാറിനെ സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും സമയമായിട്ടും ഒരു വിവരവും കാറിനെ സംബന്ധിച്ച് കിട്ടിയിട്ടില്ല. കായലിലോ മറ്റോ കാര്‍ ഉപേക്ഷിച്ചിട്ടുണ്ടാകുമോ എന്ന സംശയവും പോലീസിനുണ്ട്.

കൊലയാളി കൊണ്ടു പോയ മൊബൈല്‍ ഫോണ്‍

രണ്ട് മൊബൈല്‍ ഫോണുകള്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും കാണാതെ പോയിരുന്നു. ഇതില്‍ ഒരു ഫോണ്‍ വീടിന് പരിസരത്ത് നിന്നും പോലീസ് കണ്ടെടുത്തു. മറ്റൊരു ഫോണ്‍ കൊലയാളിയുടെ പക്കല്‍ ഉണ്ടാകാനാണ് സാധ്യത. ഈ ഫോണ്‍ ചൊവ്വാഴ്ച്ച വൈകുന്നേരം വരെ ഓണ്‍ ആയിരുന്നുവെന്നു പറയുന്നു. എന്നാല്‍ അതിനുശേഷം സ്വിച്ച് ഓഫ് ചെയ്തു. സഹായത്തിനുവേണ്ടി ആരെയും വിളിക്കാതിരിക്കാന്‍ മന:പൂര്‍വം ഫോണുകള്‍ കൊണ്ടു പോയതാണോ, അതോ പ്രധാനപ്പെട്ട വിവരങ്ങള്‍ എന്തെങ്കിലും ഫോണില്‍ ഉള്ളതതുകൊണ്ട് കൊലയാളി അത് എടുത്തുകൊണ്ടു പോയതാണോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഈ ഫോണില്‍ ഉണ്ടായിരുന്ന നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹരജി. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ പറ്റാത്തതു കൊണ്ട് കേന്ദ്രത്തോട് ഇടപെടാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ദെയാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഭരണഘടനാഭേദഗതി വേണ്ട വിഷയത്തില്‍ അത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീംകോടതി വ്യക്തമാക്കി.

തങ്ങള്‍ക്ക് ഈ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഇത് കേന്ദ്രത്തിന് സാധിക്കുമെന്ന് ഹരജിക്കാരനോട് സൂചിപ്പിച്ചു. ഭരണഘടനയില്‍ ഭാരത് എന്ന് പ്രയോഗിക്കുന്നുണ്ടെന്ന് ആര്‍ട്ടിക്കിള്‍ 1 പരാമര്‍ശിച്ച് അദ്ദേഹം വിശദീകരിച്ചു.

ഹരജിക്കാരന് ആവശ്യമാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി വിശദീകരിച്ചു. തുടര്‍ന്ന് ഹരജി കോടതി തള്ളി.

ഇന്ത്യ എന്ന പേര് കൊളോണിയല്‍ ഹാങ്ങോവര്‍ ഉള്ള പേരാണെന്നാണ് ഹരജിക്കാരന്റെ വാദം. രാജ്യത്തിന്റെ സംസ്കാരം ഈ പേരിലില്ലെന്നും അദ്ദേഹത്തിന് തോന്നലുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളുടെ പേരുകള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാറ്റിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്.

RECENT POSTS
Copyright © . All rights reserved