കൊച്ചി∙ കേരളത്തിൽ സ്വർണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവൻ വില 30,600 രൂപയിലെത്തി. ഗ്രാമിന് 3,825 രൂപയാണ് ഇന്നത്തെ വില. കൊറോണ ഭീതിയിൽ രാജ്യാന്തര വിപണിയിലുണ്ടാകുന്ന അസ്ഥിരതയെ തുടർന്നാണു സ്വർണവില ഇടിയുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടിയ നിക്ഷേപകർ ഇപ്പോൾ ഘട്ടം ഘട്ടമായി സ്വർണം വിറ്റു ലാഭമെടുക്കുകയാണ്.
കഴിഞ്ഞ ആഴ്ചകളിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,700 ഡോളർ വരെ വില ഉയർന്നിരുന്നു. ഇതെത്തുടർന്ന് കേരളത്തിൽ പവന് 32,320 രൂപ വരെ വിലയെത്തി. ഗ്രാമിന് 4,040 രൂപയുമെത്തി. രാജ്യാന്തര വിപണിയിലുണ്ടായ വലിയ ഇടിവാണ് ഇന്ന് കേരള വിപണിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം 3.6% വിലയിടിവാണുണ്ടായത്. വില 1,555 ഡോളർ വരെ എത്തിയിരുന്നു. നിലവിൽ ട്രോയ് ഔൺസിന് 1,585 ഡോളറാണു വില.
രൂപയുടെ മൂല്യം ഡോളറിനെതിരെ 74.52 വരെ എത്തിയതും സ്വർണവിലയെ ബാധിച്ചു. നാലു ദിവസംകൊണ്ടു പവൻ വിലയിൽ 1,720 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ദേശീയ ബുള്യൻ വിപണിയിൽ സ്വർണവില ഒരു ശതമാനം ഇടിഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നവരായ ഇന്ത്യയുടെയും ചൈനയുടെയും വാങ്ങൽ ശക്തി കുറഞ്ഞതും വിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള ഓഹരി വിപണികളിൽ ദിവസവും വലിയ നഷ്ടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്വർണത്തിലേക്കു നിക്ഷേപകർ മടങ്ങിയെത്താനാണു സാധ്യത.
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മാറ്റിവച്ചു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചു എന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം, കർണാടക, ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ഐപിഎൽ നടത്താൻ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാൻ ബിസിസിഐയെ നിർബന്ധിതരാക്കി.
നേരത്തെ, ഐപിഎല്ലിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വീസ നിയന്ത്രണങ്ങളെ തുടർന്നാണ് വിദേശ കളിക്കാർ ആദ്യ രണ്ടാഴ്ച ഐപിഎല്ലിൽ കളിക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്.
ഐപിഎൽ മാറ്റിവെക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎൽ നടക്കുമെന്നും ബിസിസിഐ വേണ്ട മുൻകരുതൽ എടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. ഐപിഎല്ലുമായി ബന്ധപ്പെട്ട കളിക്കാരും കാണികളും അടങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബിസിസിഐ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടം കുളത്തൂരിൽ മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. കുളത്തൂർ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശിയായ സുരേഷ്(35),ഭാര്യ സിന്ധു(30) മകൻ ഷാരോൺ(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴക്കൂട്ടം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭാര്യയേയും മകനേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ് മൂന്നു വർഷമായി ഗൾഫിലായിരുന്നു. രണ്ടാഴ്ചക്കു മുൻപാണ് ഇയാൾ നാട്ടിലെത്തിയത്.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും
തിരുവനന്തപുരം വലിയമലയില് ഭര്ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. മീന് കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്ക്കമാണ് ക്രൂരകൊലപാതകത്തിന് ഇടയാക്കിയത്. ഒളിവില് പോയ ഭര്ത്താവിനായി അന്വേഷണം തുടങ്ങി
നെടുമങ്ങാടിന് സമീപം മന്നൂര്ക്കോണം മനുവിലാസത്തില് മേഴ്സിയെന്ന അമ്പത് കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് മേഴ്സിയെ ഭര്ത്താവ് സുന്ദരേശന് ആക്രമിച്ചത്. അന്ന് മുതല് തിരുവനന്തപുരം മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന അവര് ഇന്ന് രാവിലെ മരിച്ചു. മീന് കറിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്ക്കമാണ് കൊലയിലെത്തിയത്. രാത്രിയില് മീനും വാങ്ങി വീട്ടിലെത്തിയ സുന്ദരേശന് ഉടന് തന്നെ കറിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
അത് എതിര്ത്തതോടെ തര്ക്കവും വഴക്കുമായി. അതിന് ശേഷം വീടിന് പുറത്തേക്ക് പോയി മദ്യപിച്ച ശേഷം തിരിച്ചെത്തിയ സുന്ദരേശന് കത്തികൊണ്ട് വെട്ടുകയും തലക്കടിച്ച് വീഴ്ത്തുകയും ചെയ്തു. ബോധം പോയതോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീയിട്ടു. പൊള്ളലേറ്റതോടെ ഉണര്ന്ന മേഴ്സി ഓടിരക്ഷപെടാന് ശ്രമിച്ചപ്പോഴാണ് നാട്ടുകാര് കണ്ടത്. അവര് ഉടന് തന്നെ മെഡിക്കല് കോളജിലെത്തിച്ചു. ഇതിനിടെ സുന്ദരേശന് ഒളിവില് പോയി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
കോവിഡ് 19 ബാധയ്ക്കു പിന്നില് അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യു.എസ്. സേനയാണെന്ന ഗുരുതരമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്. വുഹാനില് കഴിഞ്ഞ കൊല്ലം നടന്ന ‘ലോക സൈനിക കായികമേളയില്’ പങ്കെടുത്ത അമേരിക്കന് സേനാ കായികതാരങ്ങളാണ് രോഗം കൊണ്ടുവന്നത്. ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന് ആണ് പുതിയ ഗൂഢാലോചനസിദ്ധാന്തം ട്വീറ്റ് ചെയ്തത്.
സി.ഡി.സി.എസ്.ഡയറക്ടര് റോബര്ട് റെഡ് ഫീല്ഡ്, യു.എസ്. കോണ്ഗ്രസില് നടത്തിയ പ്രസ്താവനയാണ് ചൈനയുടെ വാദത്തിനാധാരം. പനി ബാധിച്ചു മരിച്ചെന്നു നേരത്തെ കരുതപ്പെട്ടിരുന്ന ചില അമേരിക്കക്കാര്ക്ക് കോവിഡ് ആയിരുന്നിരിക്കാമെന്നാണ് റോബര്ട് റെഡ് ഫീല്ഡ് പറഞ്ഞത്. വിശദീകരണം ആവശ്യപ്പെട്ട് ചോദ്യങ്ങളുടെ ഒരു പട്ടികയാണ് ചൈന ട്വീറ്റ് ചെയ്തത്.
‘യു.എസിലെ ആദ്യ രോഗി ആരാണ്? ’ ‘എത്ര പേര്ക്ക് അമേരിക്കയില് രോഗം ബാധിച്ചു?’ ‘ചികില്സിക്കുന്ന ആശുപത്രികളുടെ പേര് പരസ്യപ്പെടുത്താമോ?’ ‘ഇക്കാര്യങ്ങളില് സുതാര്യതവേണം; വിശദീകരണവും’; ചൈന ട്വീറ്റില് ആവശ്യപ്പെട്ടു. ചൈനയുടെ പ്രതികരണത്തോടെ, രോഗത്തിന്റെ ഉല്പ്പത്തി സംബന്ധിച്ച് പുതിയ രാഷ്ട്രീയവിവാദങ്ങള്ക്കും തുടക്കമാവുകയാണ്.
കോറോണ വൈറസ് ബാധിച്ചതായ സംശയത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തെ ക്വാറന്ൈറൻ ചെയ്തു. പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സനെയാണ് ഐസോലേഷനിലാക്കിയത്.
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരന്പര കളിച്ച ഓസ്ട്രേലിയൻ ടീമിനൊപ്പമുണ്ടായിരുന്ന റിച്ചാർഡ്സണ് ഈ ആഴ്ചയാണ് രാജ്യത്തു തിരിച്ചെത്തിയത്. റിച്ചാർഡ്സനെ പരിശോധിച്ചെന്നും മുൻകരുതൽ എന്ന നിലയിൽ ഐസോലഷനിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ന്യൂസിലൻഡുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന മത്സരം നടക്കാനിരിക്കെയാണ് പേസ് ബൗളർ കൊറോണ സംശയനിഴലിലാകുന്നത്. കോവിഡ്-19 ഭീതിയെ തുടർന്ന് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണു നടത്തുന്നത്.
പിതാവിന്റെ ചേതനയറ്റ മുഖം വീഡിയോ കോളിലൂടെ അവസാനമായി കാണേണ്ടിവന്ന യുവാവാണു കൊറോണ കാലത്തെ ദുഖം. ലിനോ ആബേൽ എന്ന യുവാവാണു താൻ നേരിട്ട അനുഭവങ്ങളും കടന്നുപോയ അവസ്ഥകളും ഫേസ്ബുക്ക് കുറിപ്പിൽ ലോകത്തോടു പങ്കുവച്ചത്.
വിദേശത്തുനിന്ന് എത്തി തൊട്ടുപിന്നാലെ കോവിഡ്-19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചശേഷം യുവാവ് ഐസൊലേഷനിലേക്കു മാറുകയായിരുന്നു. തൊട്ടടുത്തുണ്ടായിട്ടും അച്ഛൻ മരിച്ചുകിടക്കുന്പോൾ ഒരുനോക്കു കാണാനായില്ലെന്നും ഒടുവിൽ വീഡിയോ കോളിലൂടെയാണ് അച്ഛന്റെ മുഖം അവസാനമായി കണ്ടതെന്നും യുവാവ് പറയുന്നു.
കുടുംബക്കാർക്കും നാട്ടിലുള്ളവർക്കും താനായിട്ടു രോഗം പടർത്തില്ല എന്നുറപ്പിച്ചതുകൊണ്ടു മാത്രമാണു തനിക്കു പിതാവിനെ കാണാൻ കഴിയാതിരുന്നതെന്നും ലിനോ കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കൽ കോളജിലാണ് ലിനോ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
Miss you achacha
എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാൻ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല
മറ്റൊരാൾക്കു ഒരു inspiration അകാൻ share ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയിൽ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.
ഞാൻ ലിനോ ആബേൽ
മാർച്ച് 7 രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത് പെട്ടന്ന് വിളിക്കുക അത്യാവശ്യമാണ് പെട്ടന്ന് തന്നെ ഞാൻ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു അപ്പോൾ ആണ് അറിയുന്നത് അച്ചാച്ചൻ(അച്ഛൻ) രാത്രിയിൽ കട്ടിലിൽ നിന്നു ഉറക്കത്തിൽ താഴെ വീണു സീരിയസ് ആണെന്ന് തൊടുപുഴ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു പിന്നീട് വിളിച്ചപ്പോൾ casuality യിൽ ആണെന്നും സ്കാൻ ചെയ്തപ്പോൾ internal bleeding ബ്ലീഡിങ് ആണെന്നും പറഞ്ഞു എന്റെ കമ്പനിയിൽ (BEEGLOBAL PRODUCTION)പറഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു നാട്ടിലെ കൊറോണ വാർത്തകൾ കാണുകയും എത്തുവാൻ പറ്റുമോ എന്നും അറിയില്ലായിരുന്നു എങ്കിലും രാത്രിയിൽ qatar ൽ നിന്നും യാത്ര തിരിച്ചു
8 ആം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുകയും ഫ്ലൈറ് ഫോം ഫിൽ ചെയ്തു ഏൽപ്പിക്കുകയും ചെയ്തു എനിക്ക് അപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു Temperature നോർമൽ ആയിരുന്നു
Mask ഞാൻ അവിടെ നിന്നു വരുമ്പോൾ തന്നെ യൂസ് ചെയ്തിരുന്നു തൊടുപുഴയിൽ നിന്നും N95 mask ഞാൻ വാങ്ങിച്ചിരുന്നു
ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടതിരിക്കാനും അകലം പാലിക്കാനും ഞാൻ ശ്രദിച്ചിരുന്നു അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നങ്ങുകൊണ്ടു അച്ഛനെ കാണാൻ നിന്നില്ല അപ്പോൾ അച്ഛൻ വെന്റിലേറ്റർ ആയിരുന്നു .
അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി ചുമക്കുകയും തൊണ്ടയിൽ എന്തോപോലെ തോന്നുകയും ചെയ്തു ആദ്യം വേണ്ട എന്നു തോന്നി പക്ഷെ ഞാൻ കാരണം എന്റെ വീട്ടിലുള്ളവരും എന്റെ ചുറ്റുമുള്ളവരെയും ഓർത്തപ്പോൾ കൊറോണ സെക്ഷനിൽ അറിയിക്കാൻ തന്നെ തീരുമാനിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെ തന്നെ കൊറോണ സെക്ഷനിൽ ബന്ധപ്പെടുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞു ഖത്തർ എല്ലായിടത്തും കൊറോണ സ്പ്രെഡ് ആകുന്നതുകൊണ്ടു school supermarket അതുപോലെ ഇവിടെ നിന്നു qatar ലേക്കുള്ള യാത്രയും താൽകാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു അവിടെ നിന്നും എന്നെ ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അന്ന് രാത്രിയിൽ ഏകദേശം 10: 30 യോട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മാരണപ്പെടുകയും ചെയ്തു ഇവിടെ ഐസോലാഷൻ വാർഡിൽ നിന്നും ഒന്നു കാണാൻ സാദിക്കുമോയെന്നു ചോദിച്ചപ്പോൾ ഇപ്പോളത്തെ അവസ്ഥയിൽ സാധിക്കുകയില്ലെന്നും അറിയിച്ചു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞോളൂ …
തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാൻ പറ്റാതിരിക്കുന്നത് ഭീകരമാണ്
പിറ്റേദിവസം post mortem ഉണ്ടായിരുന്നു കട്ടിലിൽ നിന്നു വീണതുകൊണ്ടു. ഞാൻ കിടന്നിരുന്ന റൂമിന്റെ മുൻ വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത് 10 ആം തീയതി ഉച്ചയ്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലൻസ് പോകുമ്പോൾ ജനലിൽ കൂടി നോക്കി നിൽക്കാനേ കഴിഞ്ഞോളൂ…
വീട്ടിൽ എത്തിയപ്പോൾ വീഡിയോ കാൾ ചെയ്താണ് ഞാൻ അച്ചാച്ചനെ അവസാനമായി കണ്ടത്
ഒരുപക്ഷേ ഞാൻ റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് അച്ചാച്ചനെ കാണാൻ പറ്റുമായിരുന്നു…
എന്റെ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും ഞാൻ ആയിട്ടു രോഗം ഉണ്ടെങ്കിൽ പടർത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാൻ പറ്റാതിരുന്നത്…
ദയവായി പ്രവാസികൾ അടുത്തുള്ള മെഡിക്കൽ ഓഫീസിൽ അറിയിക്കുക കുറച്ചു ദിവസങ്ങൾ ഇതിനായി മാറ്റിവച്ചാൽ നിങ്ങൾക് നിങ്ങളുടെ കുടുംബതോടൊപ്പം സുഖമായി കഴിയാം
“Isolation ward is not a concentration camp*”
ഇപ്പോഴും ഐസോലാഷൻ റൂമിൽ ആണ് negative result വരുന്നതും കാത്തു…
ഒരുപക്ഷേ negative result ആണെങ്കിൽ ആവും എനിക്ക് ഒരുപാട് സങ്കടമാവുക.
ഇന്ന് 12 march 2020 time 7:10
ലിനോ ആബേൽ
കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയിൽ കുടുങ്ങിയ ഇന്ത്യക്കാരില് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും. യാത്രാപ്രശ്നങ്ങൾ മൂലം നാട്ടിലേക്കു വരാനാകാത്ത അവസ്ഥയിലാണ് മുഹ്സിന്റെ ഭാര്യ. കാമറിനോ സർവകലാശാലയിൽ ഗവേഷകയാണ് ഉത്തർപ്രദേശ് സ്വദേശിയായ മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിം.
വിഷയം ഇന്നലെ നിയമ സഭയിലും ചർച്ചയാവുകയും ചെയ്തു. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു മുഹ്സിന്റെ ഭാര്യയുടെ വിഷയം സഭയിലെത്തിയത്. സഭയിൽ മുഹ്സിന് തൊട്ടടുത്ത് ഇരിക്കുന്ന പി സി ജോർജ്ജ് എംഎൽയായിരുന്നു വിഷയം ഉന്നയിച്ചത്.
മുഹ്സിൻ വലിയ വിഷമത്തിലാണ്, അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ ഇറ്റലിയിലാണ്. ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ട്. വിഡിയോ കോളിലൂടെ മാത്രമേ കാണാൻ കഴിയൂ. അവർക്ക് നാട്ടിലെത്താൻ കഴിയുന്നില്ല എന്നായിരുന്നു പിസിയുടെ പരാമർശം. എന്നാൽ നാട്ടിലെത്താനാവാത്തത് അണ് പ്രശ്നം എന്നും ഇവിടെയെത്തിയാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി.
ഷഫക് ഖാസിമിന് നാട്ടിലെത്താൻ കഴിയാത്തതിനെ കുറിച്ച് മുഹമ്മദ് മുഹ്സിനും പിന്നീട് വിശദീകരിച്ചു. ”അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ ഇപ്പോൾ വളരെ ചുരുക്കമാണ്. എയർ ഇന്ത്യ, അലിറ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും ഇതിനോടകം റദ്ദാക്കിക്കഴിഞ്ഞു.
ഇറ്റലി പൂർണമായി സ്തംഭനാവസ്ഥയിലാണ്. ആരും പുറത്തിറങ്ങുന്നില്ല. ഇനി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന അറിയിപ്പും വന്നിട്ടുണ്ട്. സർവകലാശാല നൽകിയ അപ്പാർട്ട്മെന്റിലാണു താമസം. പ്രദേശത്തെ കടകൾ ഏതു സമയവും അടച്ചേക്കും. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. പക്ഷേ മറ്റ് പലരുടെയും അവസ്ഥ വളരെ മോശമാണ്. സൂപ്പർ മാർക്കറ്റുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകൾ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്ന് അറിയില്ല. പലരും സ്വകാര്യ അപാർട്ട്മെന്റ് എടുത്തു താമസിക്കുകയാണ്.
രണ്ടാഴ്ച മുൻപാണ് ഇറ്റലിയിൽ യാത്രാനിരോധനം വരുന്നത്. അതിന് മുൻപ് ഇന്ത്യക്കാർക്ക് ഇങ്ങോട്ടു വരാൻ കഴിയുമായിരുന്നു. പക്ഷേ റോമിലെ വിമാനത്താവളം വരെ എത്തണമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയിൽ രോഗം പിടിപെടാനുള്ള സാധ്യത കുടുതലായിരുന്നു. എന്നാൽ ഇന്ത്യക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുൾപ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ല.” എന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിനും കൂട്ടുപ്രതികൾക്കും ഇരയുടെ പിതാവിന്റെ മരണം സംബന്ധിച്ച കേസിൽ തടവ് ശിക്ഷ. കേസിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്ത് വർഷം തടവിന് വിധിച്ചത്.
2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി എം.എൽ.എ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കുറ്റകരമായ നരഹത്യയ്ക്കും ക്രിമിനൽ ഗൂഡാലോചനക്കുറ്റത്തിനും സെൻഗറും സഹോദരനും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴു പേരെ ഈ മാസം ആദ്യം ശിക്ഷിച്ചിരുന്നു. ആകെയുള്ള 11 പ്രതികളിൽ കുൽദീപ് സെൻഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്നായിരുന്നു കോടതി കണ്ടെത്തൽ.
തടവിന് പുറമെ കുൽദീപ് സിംഗ് സെൻഗാറും സഹോദരനും പത്ത് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം. കുടുംബത്തിന്റെ അത്താണിയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം ഒരു പൊതുപ്രവർത്തകൻ കൂടിയായ പ്രതി ഇത്തരത്തിൽ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായത് ഒരിക്കലും നീതികരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമ വാഴ്ച ഉറപ്പ് വരുത്താൻ പ്രവർത്തിക്കാൻ ഇടപെടേണ്ടവരാണ് പൊതുപ്രവർത്തകരെന്നും ജില്ലാ ജഡ്ജി ധർമേഷ് ശർമ ചൂണ്ടിക്കാട്ടി.
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് മരിച്ചിരുന്നു. ഏപ്രിൽ മൂന്നിന്, പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകനും അവരുടെ ഗ്രാമമായ മഖിയിലേക്ക് മടങ്ങുമ്പോൾ ശശി പ്രതാപ് സിങ് എന്നയാൾ ലിഫ്റ്റ് നിഷേധിക്കുകയും ഇത് വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തതായി അതേ വർഷം ജൂലൈയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
അതിനിടെ കഴിഞ്ഞ വർഷം കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ബന്ധുക്കൾ തൽക്ഷണം മരിക്കുകയും പെൺകുട്ടി ഗുരുതര അവസ്ഥയിലാവുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റുകയും വിചാരണ അതിവേഗം പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.
മലയാള സിനിമയിക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ മാത്രമല്ല ഹിന്ദിയിലും തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളത്തിൽ പൂച്ചക്കൊരു മൂക്കുത്തിയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രിയദർശൻ എത്തുന്നത്. മോഹൻലാലും പ്രിയദർശനും തമ്മിലുള്ള സൗഹൃദം ഒരുപാട് കാലത്തെ പഴയക്കമുണ്ട്. സംവിധായകന്-നടന് എന്നതിനപ്പുറം ഏറെ വിശേഷണങ്ങള് അര്ഹിക്കുന്ന ബന്ധമാണ് പ്രിയദര്ശനും മോഹന്ലാലും തമ്മിലുള്ളത്
ഒരു കാലത്ത് മലയാള സിനിമയില് തനിക്ക് ഉണ്ടായ ശനിദശ ഉണ്ടായിരുന്നു. ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം വലിയ പരാജയം നേരിട്ട ഒരു സിനിമ താന് ചെയ്തു. പിന്നീട് ‘കിലുക്കം’ എന്ന സിനിമയാണ് തന്നെ മലയാളത്തില് വീണ്ടും തിരിച്ചെത്തിച്ചതെന്നും പ്രിയദര്ശന് പറയുന്നു.
രണ്ടു കാര്യങ്ങള് എനിക്ക് അന്തസോടെ ആരോടും പറയാം. എനിക്ക് ശത്രുക്കളില്ല, അഹങ്കാരവുമില്ല. എന്റെ സിനിമാ ജീവിതത്തില് മൂന്ന് പ്രാവശ്യം എന്റെ കരിയര് താഴോട്ടു പോയിട്ടുണ്ട്. ‘ചിത്രം’ എന്ന സൂപ്പര് ഹിറ്റ് സിനിമ കഴിഞ്ഞു എനിക്ക് ‘കടത്തനാടന് അമ്ബാടി’ പോലെയുള്ള ചില സിനിമകള് മോശമായി വന്നു, ഇത് പോലെ എനിക്ക് ബോളിവുഡിലും സംഭവിച്ചു. പിന്നീട് മലയാളത്തില് ‘കിലുക്ക’വും ബോളിവുഡില് ‘ഹംഗാമ’ എന്ന ചിത്രവും വീണ്ടും ഉയര്ച്ച നല്കി.
മലയാളത്തില് ഒരു നിര്മ്മാതാവും എന്നെ വിളിക്കാതിരുന്ന സമയം ഉണ്ടായിട്ടുണ്ട്. ആ സമയം ഞാന് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാളത്തില് ഞാന് പരാജയങ്ങള്ക്ക് ശേഷം തിരിച്ചെത്തിയ സിനിമയായിരുന്നു ചിത്രം. പിന്നീട് എനിക്ക് തുടര്ച്ചയായി ഹിറ്റുകള് ചെയ്യാന് കഴിഞ്ഞു. അങ്ങനെ സിനിമയില് നിന്ന് കിട്ടിയ പ്രഹരം എനിക്ക് ഒരു കാര്യം ഇല്ലാതാക്കി അഹങ്കാരം. ഇനിയും എപ്പോഴും ഇത് സംഭവിക്കാം എന്നുള്ള നല്ല ബോധ്യമുള്ളത് കൊണ്ട് അഹങ്കാരം എന്നതിനെ ഞാന് എന്നേന്നുക്കുമായി ദൂരെ ഉപേക്ഷിച്ചു’.
മോഹൻലാലിനെ തന്നെ വച്ച് ചെയ്തു സൂപ്പർ മെഗാ ഹിറ്റ് ആയ ‘ഒപ്പം’ ആണ് പ്രിയദര്ശന് അവസാനമായി ചെയ്ത മലയാള ചിത്രം. ചിത്രം, കിലുക്കം, വെള്ളാനകളുടെ നാട്, അക്കരെയക്കരെയക്കരെ, മിന്നാരം, കിളിച്ചുണ്ടന് മാമ്പഴം, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, താളവട്ടം, ഹലോ മൈഡിയര് റോംഗ് നമ്പര്, തേന്മാവിന് കൊമ്പത്ത്, കാക്കക്കുയില് തുടങ്ങിയവയാണ് മോഹന്ലാലും പ്രിയദര്ശനും ഒന്നിച്ച പ്രധാനചിത്രങ്ങള്.
ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാര് അറബിക്കടലിന്റെ സിംഹം പ്രദര്ശനത്തിനൊരുങ്ങുകയാണ്. കുഞ്ഞാലി മരക്കാര് നാലാമന്റെ ജീവിതകഥയെ ആധാരമാക്കി യാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര്, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില് ഡോക്ടര് സി ജെ റോയ്, മൂണ് ഷോട്ട് എന്റെര്റ്റൈന്മെന്റിന്റെ ബാനറില് സന്തോഷ് ടി കുരുവിള എന്നിവര് ചേര്ന്നാണ് ഈ ചിത്രം നിര്മ്മിക്കുന്നത്.