Latest News

അഞ്ച് ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീ കോടതി വിധിച്ചതോടെ അപമാനിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ന്യൂയോർക്ക് സന്ദർശനം വെട്ടിച്ചുരുക്കി യു.കെയിലേക്ക് തിരിച്ചു. പ്രകോപിതരായ എം‌പിമാരെ അഭിമുഖീകരിക്കുക എന്നതാണ് ഇനി അദ്ദേഹത്തിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. 11 അംഗ ജഡ്ജിങ് പാനലാണ് കേസ് പരിഗണിച്ച് ബോറിസ് ജോൺസൺ നിയമപരമായല്ല പ്രവർത്തിച്ചതെന്ന് കണ്ടെത്തിയത്. നടപടി നിലനിൽക്കില്ലെന്നും ഫലമില്ലാത്തതാണെന്നും കോടതി ഉത്തരവിട്ടു. പാർലമെന്‍റ് നിർത്തിവെക്കാനുള്ള തീരുമാനം ഹീനമാണെന്നും ബോറിസ് ജോൺസണിന്‍റെ രാഷ്ട്രീയ കൗശലമായിരുന്നെന്നും, എലിസബത്ത് രാജ്ഞിയെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

‘നമ്മുടെ രാജ്യത്തെ ജുഡീഷ്യറിയെയും കോടതികളേയും തീര്‍ത്തും ബഹുമാനിക്കുന്നുണ്ടെങ്കിലും അവര്‍ പറയുന്നതിനോട് ഞാന്‍ വിയോജിക്കുകയും ചെയ്യുന്നു’ എന്നാണ് ജോണ്‍സണ്‍ കോടതിവിധിയെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ‘രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ട് കോടതി ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്’ എന്ന് ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഓഫീസ് വക്താവ് രംഗത്തെത്തുകയും ചെയ്തു. ഹൌസ് ഓഫ് കോമൺസ് നേതാവ് ജേക്കബ് റീസ്-മോഗ് മന്ത്രിസഭാ യോഗത്തില്‍വെച്ച് സഹപ്രവർത്തകരോട് പറഞ്ഞത് സുപ്രീം കോടതി വിധി ‘ഭരണഘടനാ അട്ടിമറിയാണ്’ എന്നാണ്. ഹൌസ് ഓഫ് കോമൺസ് വീണ്ടും യോഗം ചേരുമെന്ന് സ്പീക്കർ ജോൺ ബെർകോവ് അറിയിച്ചതിനെത്തുടർന്ന് പാർലമെന്റിൽ ജോൺസണെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ എംപിമാർ.

പ്രധാനമന്ത്രിയുടെ മേൽ എങ്ങനെ പരമാവധി സമ്മർദ്ദം ചെലുത്താമെന്നാണ് പ്രതിപക്ഷം ഇപ്പോള്‍ ആലോചിക്കുന്നത്. അതുസംബന്ധിച്ച് ജെറമി കോർബിൻ ചൊവ്വാഴ്ച വൈകുന്നേരം മറ്റു നേതാക്കളുമായി കൂടിയാലോചന നടത്തി. ഒക്ടോബർ 19 നകം ബ്രെക്‌സിറ്റ് ഒരു കരാർ പാസാക്കിയിട്ടില്ലെങ്കിൽ ബെൻ ബില്ലിൽ പറഞ്ഞിരിക്കുന്നതുപോലെ ബ്രെക്സിറ്റ് നീട്ടികൊണ്ടുപോകാനുള്ള നിയമപരമായ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ ജോണ്‍സണെ അനുവദിക്കാതിരിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം.

ഉടമ്പടികളില്ലാതെ യൂറോപ്യൻ യൂണിയൻ വിടാനുള്ള ബോറിസ് ജോൺസന്‍റെ തീരുമാനത്തിന് ഭരണപക്ഷത്തു നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പാർലമെന്‍റ് പിരിച്ച്വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവാനുള്ള തീരുമാനത്തിനും സ്വന്തം പാർട്ടിയിൽ നിന്നുൾപ്പടെ എതിർപ്പ് നേരിട്ടതോടെ ബോറിസ് ജോൺസൺ സെപ്തംബർ 10 മുതൽ ഒക്ടോബർ 14 വരെ പാർലമെന്‍റ് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

പതിനഞ്ച് വയസ്സുള്ളപ്പോള്‍ താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഡെമി മൂര്‍ രംഗത്ത്. അമ്മയുടെ സുഹൃത്ത് ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നാണ് തന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ പുസ്തകമായ ഇന്‍സൈഡ് ഔട്ടില്‍ പറയുന്നത്.

ഒരുദിവസം താന്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ തന്നെ കാത്ത് പ്രായമുള്ള ഒരാള്‍ ഉണ്ടായിരുന്നുവെന്ന് മൂര്‍ പറയുന്നു. അദ്ദേഹത്തിന്റെ പക്കല്‍ അപ്പാര്‍ട്ട്മെന്റിന്റെ ചാവിയുണ്ടായിരുന്നു. 500 ഡോളറിന് അമ്മ തന്നെ വിറ്റെന്ന് അയാള്‍ പറഞ്ഞു. അതൊരു ബലാല്‍സംഗമായിരുന്നെന്നും വലിയൊരു വഞ്ചനയായിരുന്നെന്നും മൂര്‍ എഴുതുന്നു.

അമ്മ ശരിക്കും വിറ്റിരുന്നുവോ എന്ന ചോദ്യത്തിന് അങ്ങനെ കരുതാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മൂര്‍ മറുപടി പറഞ്ഞത്. പക്ഷെ, തനിക്കരികിലേക്ക് അയാളെ എത്തിച്ചത് അമ്മ തന്നെയാണെന്ന് കരുതുന്നതായും 56കാരിയായ നടി വെളിപ്പെടുത്തി.

”ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവി എന്ന ഹിന്ദുമതത്തിന്റെ സമ്പത്തുമായി ബന്ധപ്പെട്ട ആരാധനാമൂര്‍ത്തിക്ക് ആ മതത്തില്‍ ഏറ്റവും വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയിലെ, ആ ദേവതയുടെ ദരിദ്രരായ സഹോദരിമാര്‍ ഇതില്‍നിന്ന് ഏറെ അകലെയാണ്. ജി-20 ലെ സൗദിഅറേബ്യ ഒഴികെ മറ്റേതൊരു രാജ്യത്തുള്ളവരേയുംകാള്‍ പിന്നോക്കാവസ്ഥയിലാണ് ഇന്ത്യയിലെ സ്ത്രീകള്‍”.

പ്രധാനമന്ത്രിയുടെ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നതും മറ്റു മുദ്രാവാക്യങ്ങള്‍പോലെ കേള്‍ക്കാന്‍ മനോഹരമാണ്. എന്നാല്‍ ഈ മുദ്രാവാക്യം പല മാധ്യമങ്ങളിലൂടെ മുഴങ്ങുമ്പോള്‍തന്നെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി, സര്‍ക്കാരിന്റെതന്നെ ബഹുമതിക്കര്‍ഹയായ ഒരു പെണ്‍കുട്ടി-ഹരിയാനയിലെ 19കാരി അവളുടെ പഠനാവശ്യത്തിനായുള്ള യാത്രയ്ക്കിടെ, ബസ്‌സ്‌റ്റോപ്പില്‍നിന്ന് തട്ടിക്കൊണ്ടുപോയി, കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. ആ അതിഹീനകൃത്യം ആസൂത്രിതമായി നടപ്പാക്കിയത് രാജ്യസുരക്ഷയ്ക്ക് നിയുക്തനായ, രാജ്യത്തെ എല്ലാ പൗരരെയും സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു സൈനികനും അയാളുടെ കൂട്ടാളികളുമാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യം കാക്കേണ്ട ഒരു സൈനികന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെതന്നെ അഭിമാനമായ ഒരു പെണ്‍കുട്ടിയെ ആക്രമിച്ച് കൂട്ടബലാല്‍സംഗംചെയ്ത് മൃതപ്രായയാക്കിയത്, മോഡിവാഴ്ചയിന്‍കീഴില്‍ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ എത്ര ഭീകരമാണെന്നത് ഒന്നുകൂടി വെളിപ്പെടുത്തി.

അതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് ഉത്തരാഖണ്ഡില്‍ ഒരു സ്‌കൂളില്‍ പതിനഞ്ചുവയസുകാരി കൂട്ട ബലാത്സംഗത്തിനിരയായതും ഗണേശോത്സവത്തിനിടെ 13 കാരിയെ ബലാത്സംഗംചെയ്തതുമായ വാര്‍ത്ത പുറത്തുവന്നത്. ബിഹാറിലെ ഒരു ചൈല്‍ഡ് കെയര്‍ സെന്ററില്‍ പിഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പെണ്‍കുട്ടികള്‍ക്കുംനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഈയടുത്തയിടെ പറഞ്ഞത്, രാജ്യത്തുടനീളമുള്ള 9,589 ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ നടത്തിയ ഒരു സര്‍വെയില്‍ 1,575 കുട്ടികള്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായി റെസ്‌ക്യുഹോമുകളില്‍ കഴിയുന്നുണ്ടെന്നാണ്. ”ഈ കുട്ടികള്‍ക്കുവേണ്ടി നിങ്ങള്‍ എന്തുചെയ്തു? ഈ 1575 ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലൈംഗികമായി ചൂഷണംചെയ്യപ്പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യുകയായിരുന്നു” എന്നാണ് ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍, കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനോട് ചോദിച്ചത്. ചൈല്‍ഡ്‌ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ നടത്തിയ സര്‍വെയുടെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇങ്ങനെ പെണ്‍കുട്ടികളും സ്ത്രീകളും നാലു ചുവരുകള്‍ക്കുള്ളിലും പൊതു ഇടങ്ങളിലും ആക്രമിക്കപ്പെടുമ്പോള്‍ മോഡിയുയര്‍ത്തുന്ന മുദ്രാവാക്യങ്ങളെല്ലാം പ്രഹസനമായി മാറുകയാണ്.

നവലിബറല്‍ നയങ്ങള്‍ നടപ്പാക്കപ്പെട്ടതിനുശേഷം മാറിമാറി കേന്ദ്രം ഭരിച്ച ഗവണ്‍മെന്റുകള്‍ക്കുകീഴില്‍ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി. രാജ്യത്തിന്റെ ഉല്‍പാദനശക്തിയില്‍ വലിയ പങ്കുവഹിച്ചിരുന്ന സത്രീകള്‍ ഇന്ന് ഏറെ പിന്നോക്കം പോയിരിക്കുന്നു. ജി 20 രാഷ്ട്രങ്ങളില്‍ സൗദിഅറേബ്യ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ രാജ്യങ്ങളെക്കാളും ഇന്ത്യയിലെ സ്ത്രീകള്‍ തൊഴിലിന്റെ കാര്യത്തില്‍ പിന്നിലാണ്. സാമ്പത്തിക ഉല്‍പാദനത്തില്‍ ആറിലൊന്നുമാത്രമാണ് സ്ത്രീ പങ്കാളിത്തം-ആഗോള ശരാശരിയുടെ പകുതി മാത്രമാണിത്.

സംഘടിത-അസംഘടിതമേഖലകളിലെ സ്ത്രീ തൊഴില്‍ പങ്കാളിത്തം 2005ലെ 35%ത്തില്‍ നിന്നും 26 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയിലധികമാവുകയും തൊഴിലെടുക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം 47 കോടിയായി വര്‍ധിക്കുകയും ചെയ്തു. എന്നിട്ടും സ്ത്രീകളുടെ തൊഴില്‍ 10 കോടിയായി ചുരുങ്ങുകയാണുണ്ടായത്. സ്ത്രീകളുടെ തൊഴില്‍സേനയില്‍ വന്ന ഈ ഇടിവിന് വിചിത്രമായ കാരണങ്ങളാണ് നിരത്തപ്പെടുന്നത്. ഒന്ന് പെണ്‍കുട്ടികള്‍ പഠിക്കാനായി പോകുന്നതിനാല്‍ തൊഴില്‍സേനയില്‍നിന്നകന്നുനില്‍ക്കുന്നു. രണ്ട്, കുടുംബങ്ങള്‍ സമ്പന്നമായി മാറിയതിനാല്‍ സ്ത്രീകള്‍ പുറത്തുപോയി ജോലിചെയ്യാതിരിക്കുന്നതിന് മുന്‍തൂക്കം നല്‍കപ്പെട്ടു. എന്നാല്‍ ഈ രണ്ടു വാദങ്ങളും വാസ്തവവിരുദ്ധമാണ്. പ്രധാനപ്പെട്ട കാര്യം തൊഴില്‍സേനയില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ പ്രായം 15നു മുകളിലാണെന്നതാണ്.

തൊഴില്‍ സേനയിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവിനുപിന്നില്‍ സാമൂഹ്യമായ കാരണങ്ങളാണേറെയും. 2012ല്‍ നടത്തപ്പെട്ട ഒരു സര്‍വെയില്‍ പറയുന്നത്, തൊഴിലവസരങ്ങള്‍ വിരളമാകുമ്പോള്‍ തൊഴിലെടുക്കുന്നതിന് സ്ത്രീകളേക്കാള്‍ കൂടുതല്‍ അവകാശം പുരുഷനാണെന്ന കാര്യത്തില്‍ 84% ഇന്ത്യക്കാരും യോജിക്കുന്നുഎ ന്നാണ്. 2005നുശേഷം ഇന്ത്യന്‍ വ്യവസായമേഖലയിലെ 3.60 കോടി അധികം തൊഴിലുകളില്‍ 90%വും പുരുഷന്മാര്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സെന്‍സസ് ഡാറ്റ സൂചിപ്പിക്കുന്നതാകട്ടെ, വീട്ടിലിരിക്കുന്ന മൂന്നിലൊരുഭാഗം സ്ത്രീകളും തൊഴില്‍ ലഭ്യമാണെങ്കില്‍ ജോലിചെയ്യാന്‍ തയ്യാറാണെന്ന അഭിപ്രായമുള്ളവരാണെന്നാണ്; ഗവണ്‍മെന്റിന്റെ മെയ്ക്ക് വര്‍ക്ക് പദ്ധതികള്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷിക്കുന്നത് സ്ത്രീകളെയാണെന്നാണ്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സ്ത്രീകള്‍ക്കായുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ്. അതേസമയം ദരിദ്രരാജ്യങ്ങളില്‍പോലും ഉല്‍പാദനമുയര്‍ത്തിയും മറ്റു സേവനങ്ങളിലൂടെയും സ്ത്രീകള്‍ക്കായി തൊഴില്‍ മേഖലകള്‍ തുറന്നിടുകയാണ്.

നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ വസ്ത്രനിര്‍മാണമേഖലയിലുണ്ടായ കുതിച്ചുകയറ്റം 2005നുശേഷം തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 50ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കി. വിയത്‌നാമില്‍ നാലില്‍ മൂന്നു സ്ത്രീകളും തൊഴിലെടുക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകളുടെ തൊഴിലിനെ ശക്തിപ്പെടുത്തുന്ന വമ്പന്‍ ഫാക്ടറികളൊന്നുംതന്നെ ഇന്ത്യയിലില്ല.

എന്നാല്‍ വീടിനുള്ളിലെ അധ്വാനത്തിന്റെ കാര്യത്തില്‍ മറ്റൊരു രാജ്യത്തും കാണാന്‍ കഴിയാത്തവിധം ഇന്ത്യയില്‍ 90% വീട്ടുജോലിയും സ്ത്രീകളാണ് ചെയ്യുന്നത്. ഇത് ആഴ്ചയില്‍ സ്ത്രീകളുടെ 40ലേറെ മണിക്കൂറുകളാണ് കവര്‍ന്നെടുക്കുന്നത്. ലോകബാങ്കിന്റെ ഒരു പഠനമനുസരിച്ച് പുരുഷന്മാര്‍, പാത്രം കഴുകുകയോ കുട്ടികളെ കിടത്തുകയോ ചെയ്യുന്നതിനെല്ലാംകൂടി ആഴ്ചയില്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് ചെലവിടുന്നത്. ഇതുകൂടി സ്ത്രീകള്‍ ചെയ്താല്‍ വീട്ടുപണിയിലെ അവരുടെ പങ്കാളിത്തം 10 ശതമാനംകൂടി വര്‍ധിക്കും. നിരക്ഷരതയും കൂടെക്കൂടെയുള്ള പ്രസവവും പല സ്ത്രീകളെയും വീട്ടിനുളളില്‍തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കുന്നു. മോഡി ഗവണ്‍മെന്റ് വനിതാക്ഷേമത്തെക്കുറിച്ചുള്ള വാചകമടി തുടരുമ്പോഴും ഇന്ത്യയിലെ തൊഴില്‍ വിപണി സ്ത്രീകളെ അവഗണിക്കുകയാണ്. തൊഴില്‍സേനയിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച ഐഎല്‍ഒയുടെ കണക്കനുസരിച്ച് 131 രാജ്യങ്ങളില്‍ ഇന്ത്യ 121-ാം സ്ഥാനത്താണ്. ഇത് ഇനിയും താഴാനാണ് സാധ്യത. ഈ അവസ്ഥയ്ക്കിനിയുമെന്തെങ്കിലും മാറ്റമുണ്ടായില്ലെങ്കില്‍ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ പലതും നിഷേധിക്കപ്പെടുന്ന സൗദിയിലെ സ്ത്രീകള്‍ ഇന്ത്യയിലെ സ്ത്രീകളേക്കാള്‍ ജോലി സ്ഥലങ്ങളില്‍ സര്‍വ സാധാരണമാകുന്ന കാലം വിദൂരമല്ല.

തൊഴില്‍സേനയിലെ സ്ത്രീ പങ്കാളിത്തത്തിലെ ഇടിവിന്റെ ഒരു കാരണമായി പറയുന്നത് ഇന്ത്യയിലെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ സമയം ചെലവഴിക്കുന്നതാണല്ലോ. ലിംഗതുല്യതാ പഠനങ്ങള്‍ കാണിക്കുന്നത്, വിദ്യാഭ്യാസം, തൊഴില്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പരിശീലനം എന്നിവയിലൊന്നും ഏര്‍പ്പെടാത്ത 15നും 24നും വയസ്സിനിടയ്ക്കുള്ള പെണ്‍കുട്ടികള്‍ 48% ആയിരിക്കുമ്പോള്‍ അതേ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ വെറും 8% മാത്രമാണ്. സ്ത്രീകളുടെ തൊഴില്‍ സേനയിലെ ഇടിവില്‍ നഗര-ഗ്രാമങ്ങള്‍ തമ്മിലും വലിയ വ്യത്യാസം കാണാം. 2005നും 2012നുമിടയ്ക്ക് ഗ്രാമീണ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് 49%ല്‍ നിന്നും 36% ആയി താഴ്ന്നു. നഗരപ്രദേശങ്ങളിലെ ഇടിവ് 20% ആയി തുടരുന്നു. ഈ പ്രായത്തിനിടയ്ക്കുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ തൊഴില്‍ തേടുമ്പോള്‍ ഇവിടെ അതേ പ്രായത്തിനിടയ്ക്ക് വിവാഹിതരായി കുട്ടികളെ പ്രസവിച്ചുവളര്‍ത്തുന്നതിലാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതലായും ശ്രദ്ധിക്കേണ്ടിവരുന്നത്. എന്നാല്‍ ഇതില്‍ മിക്ക സ്ത്രീകളും തൊഴില്‍ ആഗ്രഹിക്കുന്നവരുമാണ്. സെന്‍സസ് ഡാറ്റ അനുസരിച്ച്, ഇങ്ങനെ വീട്ടിനുള്ളില്‍ കഴിയുന്ന 31 ശതമാനം സ്ത്രീകളും തൊഴില്‍ കിട്ടുകയാണെങ്കില്‍ ജോലിചെയ്യാന്‍ തയ്യാറുള്ളവരാണ്. അതായത് അവസരം ലഭിക്കുമെങ്കില്‍ അവര്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. അതുകൊണ്ടാണല്ലോ ഇന്ത്യയില്‍, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍, തൊഴിലുറപ്പു പദ്ധതിയില്‍ പുരുഷന്മാരേക്കാളും സ്ത്രീ പങ്കാളിത്തം കൂടുതലായുള്ളത്! ഓരോമാസവും സ്ത്രീ പുരുഷ ഭേദമെന്യെ 10 ലക്ഷം പേരാണ് തൊഴില്‍ വിപണിയിലേക്ക് പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഈയടുത്തയിടെ ഒരു സംസ്ഥാനത്ത് റെയില്‍വെയിലേക്കുള്ള വെറും 25 ഒഴിവിലേക്ക് 90000 പേരാണ് അപേക്ഷിച്ചത്!
ഏറ്റവും പരിതാപകരമായത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുതൂണായ, സ്ത്രീ സൗഹൃദപരമായ കാര്‍ഷികമേഖല പുരുഷാധിപത്യപരമായ ഒന്നായി മാറിയതാണ്. 2005നുശേഷമുണ്ടായ യന്ത്രവല്‍ക്കരണംമൂലം മേഖലയില്‍ മൊത്തം 25 കോടി തൊഴിലുണ്ടായിരുന്നത് 3.5 കോടിയായി ചുരുങ്ങി.

ഇങ്ങനെ തൊഴിലില്ലാതായവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്. അതേസമയം വ്യവസായമേഖലയില്‍ വലിയ കുതിച്ചുകയറ്റമുണ്ടായി. സ്ത്രീപുരുഷഭേദമെന്യെ 3.6 കോടി കര്‍ഷകത്തൊഴിലാളികളെയെങ്കിലും അധികം ഉള്‍ക്കൊള്ളത്തക്കവിധം വ്യവസായ മേഖല വളര്‍ന്നു. എന്നാല്‍ അതിലെ 90% തൊഴിലും പുരുഷന്മാര്‍ കയ്യടക്കുകയായിരുന്നു. സേവനമേഖലയില്‍ 5.6 കോടി തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതില്‍ 80ശതമാനവും കയ്യടക്കിയത് പുരുഷന്മാരാണ്. സ്ത്രീകള്‍ക്ക് ദശലക്ഷക്കണക്കിന് തൊഴിലുകള്‍ പ്രദാനംചെയ്യാന്‍ കഴിയുന്ന, ഉയര്‍ന്നുവരുന്ന മറ്റു സമ്പദ്‌വ്യവസ്ഥകളെല്ലാംതന്നെ ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാവുകയാണ്. കുറെയൊക്കെ സ്ത്രീ സൗഹൃദപരമായ ഐ ടി മേഖലയാകട്ടെ നിലനില്‍പു ഭീഷണി നേരിടുകയാണ്. വിയത്‌നാമിലും എത്യോപ്യയിലുംപോലും സ്ത്രീകള്‍ക്ക് തൊഴില്‍ പ്രദാനംചെയ്യുന്ന വമ്പന്‍ ഫാക്ടറികള്‍ ധാരാളമുണ്ട്. അവിടങ്ങളിലെല്ലാം, വസ്ത്രം, ചെരുപ്പ് തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറികളില്‍ സ്ത്രീ തൊഴില്‍ ശക്തി 70ശതമാനത്തിലധികമാണ്.

ഒരു രാജ്യത്തിന്റെ ദാരിദ്ര്യാവസ്ഥ, അവിടത്തെ സ്ത്രീകളുടെ അവസ്ഥയുടെ പ്രതിഫലനംകൂടിയായിരിക്കുമല്ലോ. സ്ത്രീക്ക് തൊഴില്‍ നിഷേധിക്കുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്നു. ഐഎംഎഫിന്റെ ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യയില്‍ കൂടുതലായി സ്ത്രീകള്‍ ,ജോലിചെയ്തിരുന്നുവെങ്കില്‍, ഇന്ത്യ ഇപ്പോഴുള്ളതില്‍നിന്ന് 27% അധികം സമ്പന്നമായേനെയെന്നാണ്. ഇന്ത്യയെ സംബന്ധിച്ച അത്തരം കണക്കുകളില്‍ പറയുന്നത്, 6.3 കോടി സ്ത്രീകള്‍ ലിംഗവിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള അതിജീവനത്തിനോ ലിംഗനിര്‍ണയത്തിനായുള്ള ഗര്‍ഭഛിദ്രത്തിനോ ഇരയാകുന്നുണ്ടെന്നാണ്.

എല്ലാ അര്‍ഥത്തിലും സ്ത്രീയുടെ ഇടം ചുരുങ്ങിവരികയാണ്. സ്ത്രീക്ക് തൊഴിലെടുക്കാനും പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി വിദ്യാഭ്യാസം നേടാനും കഴിയാത്തവിധം ആക്രമണങ്ങള്‍ അനുദിനം വര്‍ധിക്കുന്നു. തൊഴിലോ വേണ്ടത്ര വരുമാനമോ ഇല്ലാതെ വലിയൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടുമ്പോള്‍, സ്ത്രീകള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത സാനിട്ടറി നാപ്കിനുകള്‍ക്കുപോലും ജിഎസ്ടി ഏര്‍പ്പെടുത്തി. മറ്റുമേഖലകളിലും സ്ത്രീക്ക് കടുത്ത അവഗണനയാണ്.

പാര്‍ലമെന്റിലെ അംഗങ്ങളില്‍ 8 ശതമാനം മാത്രമാണ് സ്ത്രീ സാന്നിധ്യം. 25 സുപ്രീംകോടതി ജഡ്ജിമാരില്‍ 3 പേര്‍ മാത്രമാണ് സ്ത്രീകള്‍. വമ്പന്‍ കോര്‍പറേറ്റുകളുടെ ഇടനാഴികള്‍ പുരുഷകേന്ദ്രിത മേഖലകളാണ്. തൊഴില്‍ നിയമങ്ങളില്‍ പ്രസവാവധിപോലെ ചുരുക്കം ചില ആനുകൂല്യങ്ങള്‍ സ്ത്രീക്ക് ലഭിച്ചേക്കാം. എന്നാല്‍ അത് 5% മാത്രമായി, ഔപചാരിക തൊഴില്‍ മേഖലയിലേക്കു മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. തുല്യ തൊഴിലിന് തുല്യവേതന സിദ്ധാന്തം പ്രസംഗത്തില്‍ മാത്രമേയുള്ളു. പ്രയോഗത്തിലില്ല. പുരുഷന്‍ സമ്പാദിക്കുന്നതിന്റെ 62% മാത്രമേ സ്ത്രീക്ക് സമ്പാദിക്കാന്‍ കഴിയുന്നുള്ളൂ. പാരമ്പര്യ സ്വത്തില്‍ നിയമപരമായി സ്ത്രീക്ക് തുല്യാവകാശമുണ്ടെങ്കിലും അത് പ്രയോഗത്തിലില്ല. മൊത്തം കൃഷിഭൂമിയുടെ 13 ശതമാനത്തില്‍ താഴെ മാത്രമേ സ്ത്രീക്ക് കൈവശമായിട്ടുള്ളൂ.

സുരക്ഷയുടെ പേരുപറഞ്ഞ് സ്ത്രീകളെ രാത്രിഷിഫ്റ്റുകളില്‍നിന്നൊഴിവാക്കി അവര്‍ കൂടുതലായി എന്തെങ്കിലും നേടുന്നതിനെ തടയുന്നു. 2005നും 2012നുമിടയ്ക്ക് ഇന്ത്യയില്‍ തൊഴിലില്‍ സ്ത്രീ പങ്കാളിത്തത്തില്‍ കുത്തനെ ഇടിവുണ്ടായതിന്റെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള ഐഎല്‍ഒയുടെ പ്രവചനമനുസരിച്ച് ഇതേ ഇടിവ് തുടര്‍ന്നാല്‍ 2030 ഓടെ സ്ത്രീകളുടെ തൊഴിലില്ലാപ്പടയില്‍ 44ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നാണ്. ഒരു ശരാശരി ഇന്ത്യന്‍ കുടുംബം ഉപഭോക്തൃ കടങ്ങളാല്‍ (ഗൃഹോപകരണ വായ്പ, വാഹനലോണുകള്‍ തുടങ്ങിയവ) ഞെക്കിപ്പിഴിയപ്പെടുമ്പോഴും വലിയ തൊഴില്‍ ശക്തിയാകാന്‍ കഴിയുന്ന, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീ സമൂഹം ഉല്‍പാദനപരമല്ലാത്ത അടുക്കളപ്പണികളില്‍ ഒതുങ്ങിക്കൂടേണ്ടതായി വരുന്ന അവസ്ഥയില്‍പരം ലജ്ജാകരമായത് നമ്മുടെ രാജ്യത്ത് മറ്റെന്താണുള്ളത്?

കടപ്പാട്: കെ ആര്‍ മായ, ചിന്ത…..

‘ഞാനെന്റെ മകളെ ഇതുവരെ കണ്ടിട്ടില്ല. ഒരിക്കല്‍പോലും കൈപിടിച്ചിട്ടില്ല, ഉമ്മവെച്ചിട്ടില്ല. ആകെ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മാത്രമാണ് ഞാൻ അവളെ കണ്ടിട്ടുള്ളത്’ – ട്രംപിന്റെ യാത്രാ വിലക്കിന്റെ ഇരയായ യമനീ അമേരിക്കക്കാരനായ ഇസ്മായിൽ അൽഗസാലിയുടെ വാക്കുകളാണിത്. ചൊവ്വാഴ്ച അമേരിക്കൻ കോൺഗ്രസ് പാനലിനു മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാ വിലക്കുകാരണം തന്റെ ഭാര്യയേയും മക്കളേയും യുഎസിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

2000-ത്തിലാണ് അൽഗസാലി യുഎസില്‍ എത്തുന്നത്. ന്യൂയോർക്ക് നഗരത്തിലെ ചെറിയൊരു പലചരക്ക് കടയില്‍ ജോലിചെയ്ത് ഉപജീവനം നടത്തുന്നു. തന്റെ ഭാര്യക്ക് നിരോധനത്തില്‍നിന്നും ഇളവുലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കോൺസുലർ ഓഫീസറുമായുള്ള അഞ്ച് മിനിറ്റ് കൂടിക്കാഴ്ചയിൽതന്നെ ആ വാദം തഴയപ്പെട്ടു. അവര്‍ക്ക് വീണ്ടും വിസ നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബമിപ്പോള്‍ ആഭ്യന്തരയുദ്ധം താറുമാറാക്കിയ യമനില്‍ കുടുങ്ങിക്കിടക്കുകയാണ്.

നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആദ്യമായി അമേരിക്കൻ ജനപ്രതിനിധിസഭയിൽ അന്വേഷണം നടക്കുകയാണ്. അതില്‍ പങ്കെടുക്കാനും പരാതികള്‍ പറയാനും അമേരിക്കയിലെ മുസ്ലിങ്ങള്‍ക്കും ആദ്യമായി അവസരം ലഭിച്ചു. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, ഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും വെനിസ്വേലയിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും നിലവിൽ നിരോധനം ബാധകമാണ്.

യുഎസിലെ നിയമപരമായ സ്ഥിര താമസക്കാരനായ അബ്ദുല്ല ഡെഹ്സാംഗി എന്ന ഇറാനിയൻ തന്റെ ഭാര്യക്ക് വിസ അനുവദിച്ചുകിട്ടാന്‍ മൂന്നു വര്‍ഷത്തോളമാണ് കാത്തുനിന്നത്. എന്നിട്ടും പ്രയോജനമുണ്ടായില്ല. അതും ഡോക്ടറേറ്റ് ബിരുദം നേടിയ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ ബയോ ഇൻഫോർമാറ്റിക്‌സിൽ ഗവേഷണം നടത്താൻ അവസരം ലഭിച്ച ആളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹവും ഭാര്യയും 10 വര്‍ഷംമുന്‍പ് ഇറാനില്‍നിന്നും വന്നതാണ്. പിന്നീട് തിരിച്ചുപോയിട്ടില്ല. ‘മുസ്ലീം നിരോധനം പ്രഖ്യാപിച്ചതോടെ ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം തകർന്നു’ എന്ന് ഡെഹ്സാംഗി പറയുന്നു. ഇപ്പോള്‍ അവര്‍ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.

ട്രംപിന്റെ വംശീയമായ ഈ നയം മാറ്റിമറിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനു ശ്രമിക്കുകയാണ് ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ. ഏപ്രിലിൽ പ്രതിനിധി ജൂഡി ചു സഭയില്‍ അവതരിപ്പിച്ച ‘നോ ബാൻ ആക്ട്’ ബില്ലിനെ 170 അംഗങ്ങള്‍ പിന്തുണച്ചിരുന്നു. യുഎസിലേക്കുള്ള വിദേശികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുക എന്നതാണ് പ്രധാനമായും ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.

അതേസമയം, കോൺഗ്രസ് പാനലിനു മുന്നിൽ ഹാജരായ ട്രംപ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നയത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു. യാത്രാ നിരോധനത്തിലൂടെ മുസ്‌ലിം അമേരിക്കക്കാരോടും അവരുടെ കുടുംബങ്ങളോടും നിരന്തരമായി വിവേചനപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് തെളിവുകള്‍ നിരത്തിയാണ് പാനല്‍ ഉദ്യോഗസ്ഥരേ നേരിട്ടത്. ദേശീയ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ട്രംപിന്റെ സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ളവര്‍ തന്നെ വിമര്‍ശിച്ചിരുന്നു.

ദുബായിലെ അല്‍ ഖുസൈസ് നഗരത്തില്‍ വന്‍ തീ പിടിത്തം. ഷാര്‍ജ അതിര്‍ത്തിക്ക് സമീപം അല്‍ ഖുസൈസിലെ ടയര്‍ ഗോഡൗണുകള്‍ക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അറിയിച്ച അഗ്‌നിശമന സേന, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അറിയിച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത പുക നിറഞ്ഞു. ഉച്ചയ്ക്ക് 2.31നാണ് തങ്ങള്‍ക്ക് തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ഖുസൈസ്, അല്‍ ഹംരിയ, അല്‍ കരാമ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി. പിന്നീട് അല്‍ അല്‍ ബര്‍ഷ, നാദ് അല്‍ ഷെബ, അല്‍ മെസെര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകളെത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണുകളിലും പരിസരത്തും ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷതമായി ഒഴിപ്പിക്കാന്‍ സാധിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

 

തിരുവല്ല ബഥേല്‍പ്പടിയിലെ വൃദ്ധന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിന് പിന്നില്‍, മരിച്ചയാളുടെ സ്വന്തം മകനാണെന്നാണ് ഉയരുന്ന ആരോപണം. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍പോലും സംബന്ധിക്കാത്ത മകനെതിരെ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തിരുവല്ല ബഥേല്‍പ്പടി കരിഞ്ഞാലിക്കുളത്തില്‍ വീട്ടില്‍ വിമലന്‍ സ്വയം ജീവനൊടുക്കിയെന്ന് ഇപ്പോഴും ഈ നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ വിശ്വസിക്കാനാകുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ് ഇവര്‍ നിരത്തുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അറുപത്തിയെട്ടുകാരനായ വിമലനെ സ്വന്തം വീട്ടിലെ കിണറിനുള്ളില്‍, മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറിന്‍റെ തൂണിനോ‌ട്ചേര്‍ന്ന്, സ്വന്തം ലുങ്കിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, സംശയങ്ങള്‍ നിരവധി ബാക്കിയാക്കുന്ന, ഒരു ദുരൂഹമരണമായി അവശേഷിക്കുകയാണിത്. സംഭവം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. വീട്ടില്‍നിന്ന് മാറിതാമസിക്കുന്ന മകന്‍ വിബിനാണ് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. നേരത്തെ, വിദേശത്തായിരുന്ന സമയത്ത് വിബിന്‍, സഹോദരിയുടെ കല്യാണത്തിനും, വീട്ടുചെലവിനുമായി അയച്ചുകൊടുത്ത പണം മുഴുവന്‍ തിരികെവേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വിബിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍ അത് നല്‍കാനാകാത്തതില്‍ മാതാപിതാക്കളോട് മകന്‍ വൈരാഗ്യം കാട്ടിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്. മുന്‍പ് പലതവണ മകന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, പ്രാണഭയത്താല്‍ സംഭവദിവസം അയല്‍വീട്ടിലാണ് ഉറങ്ങിയതെന്നും അവര്‍ വ്യക്തമാക്കുന്നു. തന്നെ തേടിയെത്തിയ മകന്‍ സ്വന്തംപിതാവിനെ വകവരുത്തിയതാണെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു.

സമാനമാണ് മറ്റുളളവരുടേയും പ്രതികരണം. ബഥേല്‍പ്പടിയില്‍ വിമലന്‍ വര്‍ഷങ്ങളായിനടത്തുന്ന കടയിലേക്ക് തലേദിവസം വില്‍പനയ്ക്കായി സാധനങ്ങള്‍വാങ്ങി വച്ചിട്ട് അന്നുരാത്രി എങ്ങനെ ജീവനൊടുക്കും?. ആരുമില്ലെങ്കിലും മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് താനുണ്ടാകുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന വിമലന്‍ ഒറ്റരാത്രികൊണ്ട് ജീവിതം അവസാനിപ്പാക്കാന്‍ തയ്യാറാകുമോ? കിണറിന്‍റെ തൂണില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൂടിയായി ഇരുമ്പുവല ഉപയോഗിച്ചിരുന്നെങ്കിലും മൃതദേഹം കണ്ടെത്തുമ്പോള്‍ അത് മാറ്റിയിരുന്നില്ല. ഇരുമ്പുവലയില്‍ ദ്വാരമുളള ഭാഗത്തുകൂടി ഇറങ്ങി വശത്തേക്ക് മാറി, കഴുത്തില്‍ കുരുക്കിടാന്‍ അറുപത്തിയെട്ടുകാരനായ വിമലന് സാധിക്കില്ലെന്നും ബന്ധുക്കള്‍പറയുന്നു.

പിതാവ് മരിച്ച് ദിവസങ്ങള്‍പിന്നിട്ടിട്ടും വീട്ടിലെത്താന്‍ വിബിന്‍ കൂട്ടാക്കിയിട്ടില്ല. ഇതും സംശയത്തിന് കാരണമാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്കൊപ്പം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാരും ഒപ്പമുണ്ട്. വിമലന്‍റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാട്ടിയുളള പരാതിക്കുമേല്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലിസെന്നും അവര്‍ ആരോപിക്കുന്നു. ‌

സമുദ്രനിരപ്പ് തീവ്രമായ നിലയില്‍ ഉയരുന്ന, നൂറ്റാണ്ടിലൊരിക്കല്‍ സംഭവിച്ചിരുന്ന പ്രതിഭാസം 2050 മുതല്‍ എല്ലാ വര്‍ഷവും സംഭവിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ആഗോളതാപനവും കാര്‍ബണ്‍ പുറന്തള്ളലും നിയന്ത്രിക്കാന്‍ കഴിഞ്ഞാലും ഇതിന് മാറ്റമുണ്ടാകില്ല. അതേസമയം ഫോസില്‍ ഇന്ധനങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ നാല് മീറ്ററിലധികം വരെ സമുദ്ര നിരപ്പ് ഉയരാം. അത് ലോകത്തിന്റെ മാപ്പ് തന്നെ മാറ്റിയേക്കാം. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന കാര്യങ്ങളാണിത്. സമുദ്രങ്ങളുടേയും മഞ്ഞുമലകളുടേയും അവസ്ഥ പഠിച്ച ശേഷം ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആഗോളതാപനം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അപകടകരമായ മാറ്റങ്ങള്‍ സമുദ്രങ്ങള്‍ക്കും മഞ്ഞുമലകള്‍ക്കുമുണ്ടാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു. ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലുമെല്ലാം വലിയ തോതില്‍ മഞ്ഞുമലകകള്‍ ഉരുകുകയാണ്. സമുദ്രങ്ങള്‍ കൂടുതല്‍ ചുട് പിടിച്ചതും ആസിഡ് അംശമുള്ളതും ഓക്‌സിജന്റെ അളവ് കുറഞ്ഞതുമായ നിലയിലേയ്ക്ക് മാറുകയാണ്. 21ാം നൂറ്റാണ്ടിന്റെ അവസാനം വരെ (2099) ഈ അവസ്ഥ തുടരുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് പറയുന്നത്.

ലോകത്തെ വന്‍ നഗരങ്ങളില്‍ പകുതിയും ജീവിക്കുന്നത് തീരപ്രദേശങ്ങളിലാണ്. ഏതാണ്ട് 200 കോടിയോളം ജനങ്ങള്‍ തീരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ അപ്രതീക്ഷിതമായ വേഗതയിലാണ് മഞ്ഞുരുകല്‍ നടന്നുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവ് വരുത്തിയില്ലെങ്കില്‍ 61 സെന്റീമീറ്റര്‍ മുതല്‍ 110 സെന്റിമീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാം. നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 10 മീറ്റര്‍ കൂടുതലാണിത്. 10 മീറ്റര്‍ കൂടുതല്‍ സമുദ്രനിരപ്പ് എന്ന് പറയുമ്പോള്‍ ഒരു കോടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിക്കാം എന്ന് പഠനം പറയുന്നു. 2100 ആകുമ്പോളേക്ക് 238 സെമി വരെ ഉയരാം. ലോകത്തെ പല വന്‍ നഗരങ്ങളും മുങ്ങാനുള്ള സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ, യുഎന്‍ യൂണിവേഴ്‌സിറ്റിയിലെ സീറ്റ സെബെസ്വാരി ദ ഗാര്‍ഡിയനോട് പറഞ്ഞു.

അതേസമയം കാര്‍ബണ്‍ പുറന്തള്ളല്‍ ഉടന്‍ നിയന്ത്രിച്ചാല്‍ പോരും 29 സെന്റീമീറ്ററിനും 59 സെന്റീമീറ്ററിനും ഇടയില്‍ സമുദ്രനിരപ്പ് ഉയരുന്ന ഭീഷണി നിലവിലുണ്ട്. സമുദ്ര താപനം കൊടുങ്കാറ്റുകള്‍ക്കും വലിയ മഴക്കെടുതികള്‍ക്കും കാരണമായേക്കാമെന്നും ഐപിസിസി റിപ്പോര്‍ട്ട് പറയുന്നു. വനങ്ങള്‍ അടക്കമുള്ള ആവാസ വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കും. കാട്ടുതീ വര്‍ദ്ധിക്കും.

ചിലയിടങ്ങളില്‍ ഉഷ്ണക്കാറ്റായും മറ്റ് ചില പ്രദേശങ്ങളില്‍ പ്രളയവുമാണുണ്ടാവുക. മണ്ണടിച്ചിലുകള്‍ വര്‍ദ്ധിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹിമാലയന്‍ പര്‍വത നിരയുടെ മൂന്നില്‍ രണ്ട് ഭാഗവും നശിക്കുമെന്നാണ് ഐപിസിസി പറയുന്നത്. ആര്‍ട്ടിക്കിലും (ഉത്തര ധ്രുവം) കാര്യമായ മഞ്ഞുരുകലാണ് ഐപിസിസി പ്രവചിക്കുന്നത്. സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍നിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പവിഴപ്പുറ്റുകള്‍ക്ക് കാര്യമായ നാശമുണ്ടാകും. മത്സ്യസമ്പത്ത് നിലവിലുള്ളതിന്റെ കാല്‍ ഭാഗമായി ചുരുങ്ങും

ബെഞ്ചമിൻ നെതന്യാഹുവിനെ വീണ്ടും സർക്കാരുണ്ടാക്കാൻ ഇസ്രയേല്‍ പ്രസിഡന്റ് റുവെൻ റിവ്ലിൻ ക്ഷണിച്ചു. ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സർക്കാർ രൂപീകരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയായിരുന്നു. ബെന്നി ഗാന്റ്സിന്റെ പ്രതിപക്ഷ കക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് കൂടുതല്‍ സീറ്റുകള്‍ നേടി (33) ഏറ്റവുംവലിയ ഒറ്റ കകഷിയായത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. എന്നിട്ടും സർക്കാരുണ്ടാക്കാൻ ക്ഷണിക്കപ്പെട്ടതിലൂടെ രാഷ്ട്രീയ ജീവിതം അവസാനിച്ചേക്കാമെന്ന് കരുതിയിടത്തുനിന്നും അദ്ദേഹത്തിനും പാര്‍ട്ടിക്കും നേരിയ പ്രതീക്ഷ കൈവന്നിരിക്കുകയാണ്.

പ്രസിഡന്റെന്റെ ക്ഷണം ലഭിച്ചുവെങ്കിലും സര്‍ക്കാറുണ്ടാക്കാന്‍ നെതന്യാഹു നന്നേ പാടുപെടും. പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് ആറ് ആഴ്ച വരെ സമയമുണ്ട്. 120 അംഗ പാർലമെന്റിൽ 61 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. അതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ മിക്കവാറും പ്രതിപക്ഷ നേതാവായ ബെന്നി ഗാന്റ്സിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കും.

ഇതേ സാഹചര്യമായിരുന്നു കഴിഞ്ഞ മേയ് മാസത്തിലും ഉണ്ടായത്. എന്നാല്‍ നെതന്യാഹുവിന് പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് ഒരു സർക്കാറുണ്ടാക്കാന്‍ അവസരം നൽകുന്നതിനുപകരം അദ്ദേഹം സെനറ്റ് പിരിച്ചുവിടുകയാണ്‌ ചെയ്തത്. അതോടെ ഇസ്രായേല്‍ മറ്റൊരു പോതുതിരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയും ചെയ്തു. ഇത്തവണയും അദ്ദേഹത്തിന് സര്‍ക്കാറുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്യുമോ എന്നാണ് ഇസ്രായേലീ ജനത ആശങ്കയോടെ ഉറ്റുനോക്കുന്നത്.

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്നു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് പ്രസിഡന്റ് നിർദേശിച്ചിരുന്നത്. ഇരു കക്ഷികളും ചേര്‍ന്നാല്‍ ശക്തമായൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയും ചെയ്യും. നേരത്തേ ഗാന്റ്സുമായി ഒരു ബന്ധത്തിനും പോകില്ലെന്ന് പ്രചാരണവേലയിലുടനീളം പ്രസംഗിച്ചു നടന്നിരുന്ന നെതന്യാഹു തീരുമാനം മാറ്റാന്‍ തയ്യാറായി. സഖ്യസർക്കാർ രൂപവൽക്കരിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ഗാന്റ്സിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ ഗാന്‍റ്സ് വിശാല സഖ്യസർക്കാർ രൂപവൽക്കരിച്ച് പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപികുകയാണ് ചെയ്തത്.

നെതന്യാഹു എങ്ങിനെ ഭൂരിപക്ഷം തെളിയിക്കും എന്ന് ഇനിയും വ്യക്തമല്ല. 13 സീറ്റുകൾ നേടി പാർലമെന്റിലെ മൂന്നാമത്തെ വലിയ സഖ്യമായി മാറിയ സംയുക്ത അറബ് പാർട്ടികൾ ബെന്നി ഗാന്റ്സിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ചില ചെറുപാര്‍ട്ടികളുടെകൂടെ പിന്തുണ കൂട്ടിയാല്‍ നിലവില്‍ 60 പേരുടെ പിന്തുണ അവര്‍ക്കുണ്ട്. മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളെ ചാക്കിട്ടുപിടിക്കാനുള്ള സാധ്യത ആരും തള്ളിക്കളയുന്നില്ല. എട്ട് സീറ്റുകൾ നേടിയ ഇസ്രയേൽ ബൈത്തനു പാർട്ടിയുടെ നേതാവ് അവിഗ്ദോർ ലിബർമാന്‍റെ നിലപാടും നിര്‍ണ്ണായകമാകും.

പാനീയം നല്‍കി കോഴിക്കോട് നഗരത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍ഐഎ കേസെടുത്തു. വിദ്യാര്‍ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റിലായ നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമിനെ റിമാന്‍ഡ് ചെയ്തു.

19 കാരനാണ് പ്രതിയായ മുഹമ്മദ് ജാസിം. കോഴിക്കോട്ടെ പ്രമുഖ പാര്‍ക്കില്‍ ലഹരി കലര്‍ന്ന പാനീയം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ജാസിം അറസ്റ്റിലായത്. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പണവും സ്വര്‍ണവും കൈക്കലാക്കി. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് മതംമാറ്റാന്‍ നിര്‍ബന്ധിച്ചുവെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത്. ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

നഗരത്തില്‍ സി.എയ്ക്ക് പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് കെണിയില്‍ കുടുക്കിയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടി മാനസിക പ്രശ്നങ്ങളില്‍ അകപ്പെട്ടു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് ശേഷം തിരിച്ച് ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ജാസിം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്.

ചക്രവാളങ്ങളെ നന്ദി

സിസ്റ്റര്‍ കാര്‍മേല്‍ മനഃപ്രയാസത്തോടെയാണ് ആ വാര്‍ത്തകള്‍ വായിച്ചത്. കണ്ണുകള്‍ മ്ലാനമായി. ചക്രവാളം മുതല്‍ ചക്രവാളംവരെ കാമഭ്രാന്തന്മാര്‍ കൂര്‍ത്ത നഖങ്ങളുമായി പറക്കുന്നു. ഇവരില്‍ കൂടുതലും ശക്തരും കരുത്തരും ധനികരും അധികാരികളുമാണ്. ഓരോന്ന് വായിക്കുന്തോറും മരവിപ്പാണ് തോന്നുന്നത്. ഇപ്പോള്‍ പലരും വന്‍കൊടുംങ്കാറ്റില്‍ പിഴുതെറിയപ്പെടുന്ന മരങ്ങള്‍ പോലെ നിലം പരിശാവുകയും ചെയ്യുന്നു. പ്രകൃതിയുടെ പ്രമാണലംഘനമായതുകൊണ്ടാകാം ഇതൊക്കെ സംഭവിക്കുന്നത്. മുന്‍ ജര്‍മ്മന്‍ മലയാളി എം.പി ബാലലൈംഗിക ചിത്രങ്ങളുടെ പേരില്‍ കോടതിയില്‍ നിന്ന് ശിക്ഷ വാങ്ങിയിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തോളം ഈ പദവിയിലിരുന്ന മനുഷ്യന്‍ എന്താണ് ഇങ്ങനെ ചെയ്തത്. ജര്‍മന്‍ രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിച്ച ഈ നാല്‍പത്തഞ്ചുകാരന് എന്താണ് സംഭവിച്ചത്?

താന്‍ ജര്‍മ്മനിയിലായിരുന്ന കാലത്ത് ഇയാളെപ്പറ്റി മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും എന്ത് അഭിമാനമായിരുന്നു. ഏതാനും പേരാല്‍ തെരെഞ്ഞെടുക്കുന്ന ഒരു കൗണ്‍സിലര്‍ പോലെ മറ്റൊന്നും ചെയ്യാനില്ലാത്ത രാഷ്ട്രീയ പദവിയല്ല വികസിത രാജ്യങ്ങളിലെ ഒരു മെംബര്‍ ഓഫ് പാര്‍ലമെന്റ് പദവി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധാരാളം ക്രിമിനലുകളായ എം.പി. മാരും എം.എല്‍.എ.മാരും മന്ത്രിമാരുമുണ്ട്. അവരെപ്പോലെ ഇയാളും ആയതില്‍ സ്വാഭാവികമായി ആര്‍ക്കും സംശയങ്ങളുണ്ടാകാം. അതാണ് വാസ്തവം. ഇങ്ങനെയൊരു മോഹം മനസിലുണ്ടായിരുന്നുവെങ്കില്‍ എന്തിനാണ് ജര്‍മനിയിലേക്ക് വന്നത്. നിങ്ങളെപ്പോലുള്ളവര്‍ക്ക് ഇന്ത്യയായിരുന്നില്ലേ നല്ലത്. കൊലയാളിയായാലും കൊള്ളക്കാരനായാലും അഴിമതിക്കാരനായാലും കോടതി വഴി രക്ഷപെടാനുള്ള എല്ലാ വാതിലുകളും ഭരണകൂടം ചെയ്തുതരുമായിരുന്നു.

എഴുപതില്‍പ്പരം വര്‍ഷമായി ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചിട്ട്്. ഇന്നുവരെ പട്ടിണിയും ദാരിദ്ര്യവും അഴിമതിയും മാറിയിട്ടില്ല. ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലാണ്. സ്വാതന്ത്യം കിട്ടിയ നാള്‍മുതല്‍ ഭരണത്തില്‍ വന്നവരൊക്കം കുത്തകമുതലാളിമാര്‍ക്കൊപ്പം മുതലാളിമാരായി വാഴുന്നു. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും അവിടുത്തെ സ്ത്രീവിരുദ്ധചിന്തകള്‍ക്കും അതിക്രമങ്ങളും കാണുമ്പോള്‍ അമര്‍ഷമാണ്‌തോന്നുന്നത്. യുദ്ധസമാനമായ ഭീതിയിലാണ് പെണ്‍കുഞ്ഞുങ്ങള്‍ അവിടെ ജീവിക്കുന്നത്. ക്രമസമാധാനചുമതലയുള്ള പോലീസാകട്ടെ സമ്പന്നരുടെ പിടിയിലാണ്.
പാവങ്ങള്‍ക്ക് രക്ഷയില്ല. നിയമങ്ങളെ കാറ്റില്‍ പറത്തുന്ന പോലീസ്. അവരെ ശിക്ഷിക്കാന്‍ ഭരണത്തിലുള്ളവര്‍ മുന്നോട്ട് വരില്ല. കാരണം അവരും ഇവരെക്കാള്‍ കൊടുംകുറ്റവാളികളാണ്. ചരിത്രം പരിശോധിച്ചാല്‍ ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഒരുപാടുണ്ട്. ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലും ഇന്ന് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും പട്ടിണിയും പോലെ വേശ്യകളെയും വളര്‍ത്തുന്ന രാജ്യം. ഇവരൊക്കെ സ്വന്തം താല്പര്യപ്രകാരം ഈ തൊഴില്‍ കണ്ടെത്തിയവരല്ല, ജന്മത്തില്‍ വേശ്യകളില്ല. സാഹചര്യത്തില്‍ സൃഷ്ടിക്കപ്പെടുന്നവരാണവര്‍.

ബ്രിട്ടനിലെ മന്ത്രി രാജിവച്ചിരിക്കുന്നു. അതിന്റെ കാരണം അയാളുടെ നഗ്നമായ ഫോട്ടോകളും മറ്റും ചില സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തതാണ്. അതൊക്കെ മാധ്യമങ്ങള്‍ അപ്പപ്പോള്‍ പുറത്തു കൊണ്ടുവരികയും ചെയ്തു. . അതിനുള്ള ധൈര്യവും ആത്മാര്‍ത്ഥതയും ആദരിക്കപ്പെടണം. ഇവിടുത്തെ പത്രങ്ങളില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പുരുഷന്മാരെ വശീകരിക്കുന്നതുപോലെ ഈ മന്ത്രി എന്തിനു ശ്രമിച്ചു. സ്ത്രീകളെ വശീകരിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ ആ കാണിച്ചത് അവിവേകമായി പോയി. ഇയാളൊരു മനോരോഗിയെന്ന് ആരെങ്കിലും വിളിച്ചാല്‍ കുറ്റപ്പെടുത്താനാകുമോ? സാധാരണ സിനിമയിലും മോഡലിംഗിലുമാണ് സ്ത്രീശരീരങ്ങളെ വിറ്റു കാശാക്കുന്നത്. ഇവിടെയിത് ഇന്റര്‍നെറ്റിലും പ്രദര്‍ശിപ്പിക്കുന്നു. കാണുമ്പോള്‍ പലപ്പോഴും പ്രയാസം തോന്നാറുണ്ട്. ഇത് സ്വന്തം സഹോദരിയോ അമ്മയോ ആണെങ്കില്‍ ഇവര്‍ക്ക് എന്തു വികാരമാണ് ഉണ്ടാകുക. എല്ലാ രംഗത്തും സ്ത്രീകളെ ഒരു കച്ചവട ചരക്കാക്കുന്ന ഒരു ജീര്‍ണിച്ച സംസ്കാരത്തിന്റെ ഭാഗമാണിത്. പെണ്‍കുട്ടിയുടെ പ്രായവും സൗന്ദര്യവും നോക്കി വില്പന നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രാകൃതസ്വഭാവത്തിലേക്കാണോ ഇന്നത്തെ ആധുനിക മനുഷ്യന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനെ നിരൂത്സാഹപ്പെടുത്തേണ്ടവര്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് എന്താണ്?

സിസ്റ്റര്‍ കാര്‍മേലിന്റെ കണ്ണുകളില്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലെ ചിക്കാഗോയിലെ മരിയ പുസ്സോസിലാണ്. ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഉന്നതന്മാരും സ്ത്രീകളെ വെറും കറവപശുക്കളെപ്പോലെയാണ് കാണുന്നത്.
വികസിത രാജ്യങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ ദരിദ്ര്യരാജ്യങ്ങളിലെ പെണ്‍കുട്ടികളും സ്ത്രീകളും സ്വന്തം കുടുംബത്തിലെങ്കിലും സുരക്ഷിതരാണോ? അതൊന്നും പുറംലോകമറിയുന്നില്ല. ഈ രാജ്യങ്ങളില്‍ അത് അത്ര ഗുരുതരമല്ല .പോലീസും കോടതിയും നിയമങ്ങളും ഇന്നും സ്ത്രീകളെ വേട്ടയാടുന്നു. ദരിദ്ര്യരാജ്യത്തായാലും വികസിതരാജ്യത്തായാലും സുന്ദരസ്വപ്നങ്ങളുള്ള ജീവിതത്തിന്റെ മധുരിമകള്‍ നുകര്‍ന്ന് ജീവിക്കാനാഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. അതിനുകഴിയാതെ വരുമ്പോഴാണ് അവരുടെ സ്ത്രീത്വം വിലപേശപ്പെടുന്നത്.

സിസ്റ്റര്‍ കാര്‍മേല്‍ സന്തോഷത്തോടെ ഫാത്തിമയോട് പറഞ്ഞു.

“”നമ്മെ മുന്നോട്ടു നയിക്കുന്നത് ധൈര്യവും വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. അങ്ങനെയെങ്കില്‍ നമ്മള്‍ ലക്ഷ്യത്തിലെത്തും. അതിനാല്‍ നമ്മുടെ ഓരോ ചലനങ്ങളും വാക്കുകളും മറ്റുള്ളവര്‍ കീഴടക്കാന്‍ ഇടയാക്കരുത്” സിസ്റ്റര്‍ കാര്‍മേലിന്റെ വാക്കുകള്‍ അവള്‍ക്ക് വിലയേറിയ മുത്തുകള്‍പോലെയാണ്.മറ്റുള്ളവരെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും അള്ളാഹു തനിക്കും അവസരം തരാതിരിക്കില്ല. യാതൊരു പ്രതിഫലവും കൈപറ്റാത്ത നല്ലൊരു സാമൂഹികപ്രവര്‍ത്തകയായി മാറാന്‍ അവളുടെ മനസ് ആഗ്രഹിച്ചു.

മേശപ്പുറത്തിരുന്ന ഫോണില്‍ സിസ്റ്റര്‍ കാര്‍മേല്‍ ജാക്കിയെ വിളിച്ചു. അവന്‍ വേഗത്തില്‍ സിസ്റ്ററുടെ അടുത്തെത്തി.

ഫാത്തിമ യാത്ര പറഞ്ഞുപോയി. എല്ലാറ്റിനും പരിഹാരമായല്ലോ എന്ന ഭാവത്തില്‍ സിസ്റ്റര്‍ സ്‌നേഹവായ്‌പോടെ ജാക്കിയെ നോക്കി പറഞ്ഞു.
“”ഞാന്‍ കൊട്ടാരം കോശിയെ വിളിച്ചു. ഞങ്ങള്‍ ധാരാളമായി സംസാരിച്ചു. എന്റെ ഗള്‍ഫ് യാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് പോകണമെന്നുണ്ട്. നാളെ മുതല്‍ ഒരാഴ്ചക്കാലം ഞാന്‍ ബഹ്‌റിനിലും ദുബൈയിലുമാണ്. യു.എന്‍.എ.യുടെ പ്രത്യേക ആവശ്യപ്രകാരമാണ് ഈ യാത്ര. സഭയും ഒപ്പമുണ്ട്. പിന്നെ എന്നെ ഏല്പിച്ച കാര്യങ്ങള്‍ ചെയ്തു എന്നാണ് എന്റെ വിശ്വാസം. എന്തെങ്കിലും കുറവ് വരുത്തിയാല്‍ കൊട്ടാരം കോശി വഴക്ക് പറയില്ലേ. ഇവിടെ നിന്ന് പോയാലും പഠനത്തിലും ജോലിയിലുമൊക്കെ വളരെ ശ്രദ്ധിക്കണം. പണത്തിന് ആവശ്യമുണ്ടെങ്കില്‍ പറയൂ.”

അവന്‍ ആദരവോടെ പറഞ്ഞു”” വേണ്ട സിസ്റ്ററെ, ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ല. മരിക്കും വരെ ഈ ഉപകാരങ്ങള്‍ ഞാന്‍ മറക്കില്ല. എനിക്ക് ഒരു ആഗ്രഹമുള്ളത് പതുക്കെ ഒരു കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യണമെന്നാണ്. അതിന്റെ കാരണം പഠനം കഴിഞ്ഞ് മടങ്ങിപ്പോയാലും എന്റെ തൊഴില്‍രംഗം തന്നെ അതാണ് സിസ്റ്റര്‍”.

സിസ്റ്റര്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ ആഗ്രഹത്തിന് ഉറപ്പൊന്നും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവന് പ്രതീക്ഷ കൊടുത്തുകൊണ്ട് പറഞ്ഞു “”നിന്റെ ആഗ്രഹങ്ങള്‍ നിറവേറാനായി പ്രത്യേകം പ്രാര്‍ത്ഥിക്കുക. അങ്ങിനെയെങ്കില്‍ നിന്റെ ആഗ്രഹം പോലെ സാധിക്കും. ഇവിടെ അമ്പലങ്ങളുണ്ട്. സമയം കിട്ടുമ്പോള്‍ ഈശ്വരന്റെ മുന്നില്‍ നിന്റെ ആഗ്രഹങ്ങള്‍ സമര്‍പ്പിക്കുക. ഒക്കെ സാധിക്കും ഞാനും പ്രര്‍ത്ഥിക്കാം” സിസ്റ്റര്‍ പുഞ്ചിരിയോടെ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved