ബിബിസി വേള്‍ഡ് ന്യൂസില്‍ അതിഥിയായി എത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്താകമാനം പടര്‍ന്നുപിടിച്ച് കൊറോണ ജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈറസിനെ ഒരുപരിധിവരെ ചെറുത്ത് കേരളം കൈവരിച്ച മുന്നേറ്റം ആരോഗ്യമന്ത്രി ബിബിസി ചാനലുമായി പങ്കുവെച്ചു.

ബിബിസി വേള്‍ഡ് ന്യൂസില്‍ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മന്ത്രി അതിഥിയായി എത്തിയത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. കൊറോണയെ ചെറുക്കാനുള്ള കേരളത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു.

ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ത്തന്നെ സംസ്ഥാനത്തും പ്രത്യേക കണ്‍ട്രോള്‍ റൂ തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ആദ്യഘട്ടത്തില്‍ രോഗവ്യാപന സാധ്യത തടയാന്‍ കഴിഞ്ഞുവെന്നു മന്ത്രി പറഞ്ഞു.

രണ്ടാംഘട്ടത്തില്‍ രോഗനിര്‍ണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. രോഗലക്ഷണമുള്ളവരെ പ്രത്യേകം ക്വാറന്റീന്‍ ചെയ്തു. സ്രവസാംപിള്‍ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് കേരളം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനോടകം നിരവധി അന്തര്‍ദേശീയ മാധ്യമങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വാഷിങ്ടണ്‍ പോസ്റ്റും, പാകിസ്ഥാന്‍ പത്രമായ ഡോണിലും കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.