Latest News

കേരള കോൺഗ്രസിൽ ഉടലെടുത്ത ചെയർമാൻ സീറ്റ് തർക്കത്തിൽ വിധി ഇന്ന്. കട്ടപ്പന സബ് കോടതിയാണ് ഇന്ന് വിധി പറയുന്നത്.

ജോസ് കെ മാണി പാർട്ടി ചെയർമാനായി പ്രവർത്തിക്കുന്നത് തടഞ്ഞ് ഇടുക്കി മുൻസിഫ് കോടതി ഉത്തരവായിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം സമർപ്പിച്ച അപ്പീലിലാണ് കട്ടപ്പന കോടതി ഇന്ന് വിധി പറയാനിരിക്കുന്നത്.

ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തുള്ള ബദൽ സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമാണെന്നും, കമ്മിറ്റിയിൽ പങ്കെടുത്തത് വ്യാജ അംഗങ്ങളെന്നുമാണ് ജോസഫ് പക്ഷത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് ഇടുക്കി കോടതി സ്റ്റേ നൽകിയത്. ഇതിനെതിരെയാണ് ജോസ് കെ മാണി കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്.

കേസിൽ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. അതിനാൽ തന്നെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം ഇന്ന് തിരുവനന്തപുരത്ത് പാർലമെന്‍ററി പാർട്ടി യോഗം വിളിച്ചിട്ടുണ്ട്.

ഒരു ഫോൺ കോളിനപ്പുറം പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ എന്ന നടൻ പറയുകയാണ്. ഇയാൾ വേദിയിലുണ്ടെങ്കിൽ ഞാൻ ഇരിക്കില്ല, സംസാരിക്കില്ല. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു വന്ന ഒരുമൂന്നാംകിട നടനൊപ്പം വേദി പങ്കിടാൻ എനിക്ക് പറ്റില്ല.. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ ഇൗ വാക്കുകളാണ് ബിനീഷിനെ തളർത്തിയത്.

വേദനിപ്പിച്ച സംഭവത്തെപറ്റി ബിനീഷിന്റെ വാക്കുകളിലൂടെ

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ ഒരു പരിപാടിക്ക് അതിഥിയായിട്ടാണ് ഞാൻ പോയത്. എസ്എഫ്ഐ യൂണിയന്റെ പരിപാടിയാണ്. ചടങ്ങിൽ അനിൽ സാറും ഉണ്ടായിരുന്നു. വൈകിട്ട് ആറുമണിയോടെയായിരുന്നു പരിപാടി. ഞാൻ കൃത്യ സമയത്ത് തന്നെ എത്തി. എന്നാൽ പരിപാടി തുടങ്ങുന്നതിന് മുൻപ് യൂണിയൻ ചെയർമാൻ വന്നുപറഞ്ഞു. ബിനീഷേട്ടാ ഒരു പ്രശ്നമുണ്ട്. നിങ്ങളുണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് അനിൽ സാർ പറയുന്നത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടെന്ന്. സത്യം പറഞ്ഞാൽ ‍ഞാൻ ആകെ തളർന്നുപോയി. ചേട്ടൻ അനിൽ സാർ പോയിട്ട് വന്നാ മതി. അപ്പോൾ കുഴപ്പമില്ലെന്നും ചെയർമാർ പറഞ്ഞു.

എന്നാൽ അങ്ങനെ അടങ്ങി ഇരിക്കാൻ എനിക്കായില്ല. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സംഘാടകരുടെ വാക്ക് ലംഘിച്ച് ‍ഞാൻ വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കം എന്നെ തടഞ്ഞു. ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന് പ്രിൻസിപ്പൽ എന്നോട് പറഞ്ഞു. അതിഥിയായി എത്തിയ എന്നെ വേദിയിൽ കയറ്റാതെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ അതു വകവച്ചില്ല. വേദിയിൽ അനിൽ സർ പ്രസംഗിക്കുമ്പോൾ തന്നെ ‍ഞാൻ എത്തി.

കസേരയിലിരിക്കാതെ അദ്ദേഹത്തിന് മുന്നിൽ നിലത്തിരുന്ന് ഞാൻ പ്രതിഷേധിച്ചു. മൈക്ക് തരാനും സംഘാടകർ തയാറായില്ല. ഞാൻ വന്നപ്പോൾ നിറഞ്ഞ കയ്യടിയാണ് അവിടുത്തെ വിദ്യാർഥികൾ തന്നത്. അവരോട് മൈക്ക് ഇല്ലാതെ തന്നെ ‍ഞാൻ കാര്യം പറഞ്ഞു. സത്യം പറഞ്ഞാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തൻ തന്നെയാണ് പക്ഷേ ആ വേദിയിൽ ‍ഞാൻ അവർ വിളിച്ച അതിഥിയല്ലേ.. ആ മാന്യത പോലും അവർ തന്നില്ല. അനിൽ സാറിനെ പോലെ മേൽജാതിക്കാരനല്ല ഞാൻ.. കൂലിപ്പണിക്കാരനാണ്.. അതുകൊണ്ടാണ് ഇങ്ങനെ..ടീമേ കണ്ണുനിറഞ്ഞുപോയി..ബിനീഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ സിനിമയിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലെന്നും ബിനീഷ് വ്യക്തമാക്കുന്നു. ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞിട്ടാണ് അണിയറപ്രവർത്തകർ എന്നെ വിളിച്ചത്. 40 ദിവസത്തോളം ആ ചിത്രത്തിന് വേണ്ടി ഞാൻ പോയിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ സെക്കൻഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ സങ്കടമില്ല. സിനിമ അങ്ങനെയാണ്. പക്ഷേ ഒരു മൂന്നാംകിട നടനായി എനിക്കൊപ്പം വേദിയിൽ സംസാരിക്കാൻ പറ്റില്ലെന്ന് പറഞ്ഞത്. വല്ലാതെ വേദനയായി.. കണ്ണുനിറഞ്ഞുപോയി. ഞങ്ങൾ എന്നും കൂലികളായി നടന്നാമതിയെന്നാണോ… ബിനീഷ് ചോദിക്കുന്നു.

കൊച്ചി അടക്കമുള്ള തീരനഗരങ്ങളെ കടല്‍ വിഴുങ്ങുമെന്ന് അടിവരയിട്ട് ഐക്യരാഷ്ട്രസഭയും. കാലാവസ്ഥാമാറ്റം നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഐപിസിസി (ഇന്‍റര്‍ഗവേണ്‍മെന്‍റല്‍ പാനല്‍ ഒാണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) എന്ന സംഘടന ഇൗ വര്‍ഷം സെപ്തംബറില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണു ഞെട്ടിക്കുന്ന മുന്നറിയിപ്പുള്ളത്. കടല്‍ കവരുമെന്ന് ഉറപ്പായ ലോകത്തിലെ തീര നഗരങ്ങളുടെ പട്ടികയിലുള്ള കൊച്ചിയിലും പ്രത്യാഘാതങൾ മുൻപ് കണക്ക് കൂട്ടിയതിലും വളരെ കൂടുമെന്ന് പുതിയ പOനങ്ങൾ വെളിപ്പെടുത്തുന്നു. ആഗോളതാപനം ഈ നിലയിൽ തുടരുകയാണെങ്കിൽ ഇൗ നൂറ്റാണ്ടിനിപ്പുറം തന്നെ അതു സംഭവിച്ചേക്കുമെന്നാണു ഐപിസിസി വിലയിരുത്തല്‍. ഇതോടൊപ്പം 2050 ഒാടെ കേരളത്തിലെ പല തീരതീരമേഖലകളും വെള്ളത്തിനടിയിലാകുമെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍റര്‍ എന്ന സ്ഥാപനത്തിന്‍റെ പുതിയ പഠനത്തിലും പുറത്തുവന്നിരിക്കുന്നു. ആഗോളതാപനത്തിന്‍റെ തോതിലെ ഏറ്റക്കുറവുകള്‍ക്കനുസരിച്ച്, അറബിക്കടല്‍ നമ്മുടെ മുറ്റത്തെത്തുന്നതു 2050-ന് മുൻപോ പിന്‍പോ എന്നതു മാത്രമേ ഇനി അറിയാനുള്ളൂ.

1300 പേജുള്ള ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് 36 രാജ്യങ്ങളില്‍നിന്നുള്ള 150 ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്നാണ്. കടൽ നിരപ്പ് ഉയരുന്നതിനിടെ പ്രത്യാഘാതങ്ങളുടെ പഠനം ആദ്യം പുറത്തു വന്നതു രണ്ടു പതിറ്റാണ്ടോളം മുൻപാണ്. രണ്ടായിരത്തിൽ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒാഷ്യാനോഗ്രഫിയിെല ചീഫ് സയന്റിസ്റ്റ് ഡോ.പി.കെ.ദിനേശ്കുമാര്‍ ഈ പഠനം നടത്തി. കാലാവസ്ഥാമാറ്റം മൂലമുള്ള കടല്‍നിരപ്പ് ഉയരല്‍ കൊച്ചിയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പഠന വിഷയം. ഈ പഠനത്തിൽ പതിരില്ലായിരുന്നു എന്നു തെളിയിക്കുകയാണു കൊച്ചിയെ പ്രതിസന്ധിയിലാഴ്ത്തി അടുത്തിടെ ഉണ്ടായ സംഭവങ്ങൾ.

ഒക്ടോബര്‍ 21 ഉപതിരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരവാസികൾക്കു നരകയാതനയുടേതായിരുന്നു. ഒറ്റരാത്രിയിലെ മഴ കൊണ്ട് കൊച്ചിക്കാര്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ മുങ്ങി. വെള്ളത്തിൽപ്പെട്ടു നിന്നു പോയതും തകരാറിലായതുമായ വാഹനങ്ങളും അപകടങ്ങളും ഒട്ടേറെ. അതി തീവ്രമഴ ചിലയിടങ്ങളില്‍ മാത്രം വലിയ അളവില്‍ ലഭിക്കുന്നതും ആഗോളതാപനത്തിന്‍റെ സൃഷ്ടിയാണ്. കഴിഞ്ഞ വര്‍ഷവും ഇതിന്‍റെ കാഠിന്യം നമ്മൾ അനുഭവിച്ചു. 2018ലെ മഹാപ്രളയത്തിൽപ്പോലും വെള്ളം കയറാത്ത, ദുരിതാശ്വാസക്യാംപുകൾ പ്രവർത്തിച്ചിരുന്ന സ്കൂളുകളിൽപോലും കൊച്ചിയില്‍ ഒറ്റ രാത്രി കൊണ്ട് വെള്ളം കയറി. അതായതു പ്രളയകാലത്തുണ്ടായതിനേക്കാളും പല മടങ്ങു മഴ ഒറ്റ രാത്രികൊണ്ട് ഇൗ പ്രദേശത്തു പെയ്തു എന്നു ചുരുക്കം.

ഇതുവരെയുണ്ടായത് കിഴക്കുനിന്നുള്ള പ്രളയമാണെങ്കില്‍ ഇനി നമ്മെ കാത്തിരിക്കുന്നത് പടിഞ്ഞാറുനിന്നു പടി കയറി വരുന്ന പ്രളയങ്ങൾ ആകുമെന്ന് ഡോ.ദിനേശ് പറയുന്നു. അങ്ങനെയെങ്കിൽ വീണ്ടുമൊരു പ്രളയത്തിൽനിന്നു കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞ പ്രളയത്തിലെ രക്ഷകരായ കടലിന്‍റെ മക്കളും ഉണ്ടായേക്കില്ല. അറബിക്കടലില്‍ ഈയിടെയായി രൂ പപ്പെടുന്ന ചുഴലിക്കാറ്റുകളാണ് കാലാവസ്ഥ മാറ്റത്തിന്റെ വേറൊരു സൂചന .നൂറ്റാണ്ടുകളായി ചുഴലിക്കാറ്റുകളും അറബിക്കടലും തമ്മിലുണ്ടായിരുന്ന അപരിചിതത്വം പതിയെ ഇല്ലാതാവുകയാണ്. ബംഗാൾ ഉൾക്കടലിലേതു പോലെ തന്നെ അറബിക്കടലിലും ചുഴലിക്കാറ്റുകൾ രൂപം കൊള്ളുന്നു. ഇത്തരം ചുഴലിക്കാറ്റുകള്‍ 10 വര്‍ഷംകൊണ്ടു പതിന്‍മടങ്ങായി വര്‍ധിച്ചുവെന്നാണു കണക്കുകൾ. ഒരാഴ്ചയ്ക്കിടെ ‘ക്യാര്‍’ എന്ന പേരിലും ‘മഹാ’ എന്നപേരിലും രണ്ടെണ്ണം എത്തി. ശാസ്ത്രഞ്ജരുടെ നിരീക്ഷണം ഉള്‍ക്കൊണ്ടാല്‍ മഴ കൊണ്ടുവരുന്ന കാറ്റിന് അടുത്തിടെയായി ഭ്രാന്തുപിടിച്ച അവസ്ഥയാണ്.

ധ്രുവങ്ങളിലെവിടെയോ മഞ്ഞുരുകുന്നതു മാത്രമല്ല. പ്രെട്രോള്‍, ഡീസല്‍ (ഹരിതഗൃഹ വാതകങ്ങൾ) തുടങ്ങിയ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്‍റെ അളവ് ക്രമാതീതമായി വര്‍ധിച്ചുകഴിഞ്ഞു. ഇതുമൂലം സൂര്യകിരണങ്ങള്‍ തിരിച്ചു സൂര്യനിലേക്കു പോകാതെ ഭൂമിയിലെ താപനില വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന താപനില മൂലം ധ്രുവങ്ങളിലെയും ഹിമാലയത്തിലേയും മഞ്ഞുരുകുന്നു. കടല്‍വെള്ളത്തിന്‍റെ നിരപ്പ് ഉയരുകയും അതുവഴി കടല്‍ കരയിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. കടല്‍നിരപ്പ് ഉയരുന്നതിന്‍റെ തോത് 1990നു ശേഷം രണ്ടര മടങ്ങ് ഇരട്ടിയായാണു വര്‍ധിച്ചിരിക്കുന്നത്. ഇൗ അളവില്‍ വര്‍ധിച്ചാല്‍ പോലും ഇൗ നൂറ്റാണ്ടിന്‍റെ അവസാനം അത് ഒരു മീറ്ററായി ഉയരും. ആഗോളതാപനത്തിന്‍റെ പോക്കനുസരിച്ച് 2100ല്‍ അതു രണ്ടു മീറ്ററായി ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ല.. അതായത് ഇവിടെ 200 ചതുരശ്ര കിലോമീറ്ററോളം കര പൂര്‍‌ണമായും കടലെടുക്കുമെന്ന് ഇതിനെ ചുരുക്കി വായിക്കാം.

കൊച്ചിക്കു മുന്‍പേ ഒരു പൊട്ടുപോലും അവശേഷിപ്പിക്കാതെ മറയുന്നതു ലക്ഷദ്വീപെന്ന പവിഴദ്വീപാകും. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഇൗ പട്ടികയിലുണ്ട്. ആഗോളതാപനം നേരിടാന്‍ കാര്‍ബണ്‍ ഡൈ ഒാക്സൈഡിന്‍റെ അളവു കുറയ്ക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയിലും രാജ്യങ്ങള്‍ തമ്മിലുള്ള ചെളിവാരിയെറിയലിലും ഒതുങ്ങുകയാണ്. എന്നാല്‍ ഇക്കാര്യത്തിൽ ഉറക്കം നടിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിലൂടെയാണ് അവരുടെ ചെറുത്തുനില്‍പ്. കുട്ടനാട് പോലെ സമുദ്രനിരപ്പിനു താഴെയുള്ള നെതര്‍ലാന്‍ഡ്സ് കോണ്‍ക്രീറ്റ് ഡൈക്സ് എന്ന പേരിലുള്ള ഭിത്തി കടലിനുചുറ്റും നിര്‍മിച്ചുകഴിഞ്ഞു. നമ്മുടെ കടല്‍ഭിത്തിയെക്കാള്‍ പതിന്‍മടങ്ങ് ഉറപ്പുള്ള നൂതന സാങ്കേതികവിദ്യ. അതവര്‍ കൃത്യമായ ഇടവേളകളില്‍ പരിഷ്കരിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ കടല്‍ക്ഷോഭം പോലും താങ്ങാനാകാത്ത നമ്മുടെ കടല്‍ഭിത്തികൾ ഭാവിയിൽ ഉണ്ടാകുന്ന കനത്ത കടലാക്രമണങ്ങളോടു പൊരുതുക പോലും ചെയ്യാതെ അടിയറവു പറയുമെന്നതിൽ തർക്കമില്ല.
മുന്നൊരുക്കമില്ലെങ്കില്‍ മുങ്ങിച്ചാകേണ്ടിവരും

പ്രളയജലം കുത്തിയൊഴുക്കി വിടാന്‍ നാം തയ്യാറായേ പറ്റൂ. കയ്യേറ്റമൊഴിപ്പിച്ച് പരമ്പരാഗത ജലസ്രോതസുകളേയും സംരക്ഷിക്കണം. കാലാവസ്ഥാമാറ്റം മൂലമുള്ള ദുരന്തങ്ങളില്‍ കൈത്താങ്ങാകാനുള്ള കരുത്ത് കൊച്ചിയുടെ ഉള്‍നാടന്‍ ജലാശയങ്ങള്‍ക്കുണ്ട്. അവയുടെ സംരക്ഷണവും മുന്നൊരുക്കങ്ങളുടെ മുന്നിൽ മുന്നിട്ടുനില്‍ക്കണം.

ജയറാം–പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ ആദ്യ ഫോട്ടോഷൂട്ട് മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിനെ താരപുത്രിയുടെ സിനിമാ പ്രവേശവുമായി ബന്ധപ്പെടുത്തി വരെ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായി. എന്നാൽ ഇതിനിടയിൽ മാളവികയുടെ വസ്ത്രധാരണത്തിന് വിമർശനവുമായി എത്തിയിരിക്കുകയാണ് ചിലർ

ചെന്നൈയിലെ ഒരു റിസോർട്ടില്‍ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് വിമർശനം നേരിട്ടത്. അമ്മ പാർവതിക്കൊപ്പം ആണ് മാളവിക ചിത്രത്തിനു പോസ് ചെയ്തത്. സ്കർട്ടും ടോപ്പും ഓവർകോട്ടുമാണ് മാളവികയുടെ വേഷം. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ ചിത്രത്തില്‍ സ്കർട്ടിന്റെ നീളം കുറവാണ് എന്നതാണ് ‘സദാചാരവാദി’കളുടെ പ്രശ്നം.

പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതുമായ കമന്റുകൾ ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടു. ഉപദേശവും നിർദേശങ്ങളും നൽകുന്നവയായിരുന്നു ചിലത്. വസ്ത്രധാരണത്തിൽ അമ്മയെ കണ്ടു പഠിക്കണമെന്നാണ് ചിലരുടെ അഭിപ്രായം

എന്നാൽ ഏതു വസ്ത്രം ധരിക്കണമെന്നത് മാളവികയുടെ സ്വാതന്ത്ര്യമാണെന്നും എന്തിനാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതെന്നും ചോദിച്ച് മറ്റു ചിലർ രംഗത്തെത്തി. സദാചാര കമന്റുകൾക്ക് ഇവർ ശക്തമായ ഭാഷയിൽ മറുപടികൾ നൽകി. മാളവികയ്ക്കോ കുടുംബാംഗങ്ങൾക്കോ ഇല്ലാത്ത പ്രശ്നങ്ങളാണ് ഓൺലൈൻ സഹോദരന്മാർക്ക് എന്ന് ഇവർ പറയുന്നു. മാധ്യമങ്ങളിൽ വാർത്തയായതോടെ മോശം കമന്റുകൾ ചിലത് പിൻവലിക്കപ്പെട്ടു.

മിലൻ ബ്രാന്‍ഡിന്റെ ബനാറസി കലക്‌ഷൻ അവതരിപ്പിച്ചാണ് മാളവിക മോഡലിങ്ങിനു തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ആദ്യ ഫോട്ടോഷൂട്ട്. ഈ ചിത്രങ്ങൾക്കൊപ്പമാണ് മാളവികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതും വിമർശനം ഉയര്‍ന്നതും.

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സരിതയ്ക്ക് ശിക്ഷ വിധിച്ചത്.

കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് സരിത പണം തട്ടിയെന്നാണ് കേസ്. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് പണം വാങ്ങിയത്. സരിത കേസില്‍ ഒന്നാം പ്രതിയാണ്. മൂന്നാം പ്രതിയായ രവിയ്ക്കും മൂന്നു വര്‍ഷം തടവും പിഴയുമുണ്ട്.

സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം, പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി ചെറുകപ്പള്ളി സുബൈര്‍(26) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഹറാജിലെ മുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.

നാട്ടില്‍ അവധിക്ക് പോയ യുവാവ് വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് തിരിച്ചെത്തിയത്.റിയാദിലെ ഒരു സ്വകാര്യ സോഫനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബൈര്‍. മൃതദേഹം റിയാദില്‍ ഖബറടക്കും. മൂസ-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹിബ

എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഫറൂഖ് എഞ്ചിനീയര്‍. ഇന്ത്യക്കുള്ളത് മിക്കി മൗസ് സെലക്ഷന്‍ കമ്മിറ്റിയാണെന്ന് എഞ്ചിനീയര്‍ പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റിക്കുമേല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വലിയ സ്വാധീനമാണുള്ളത്. അത് നല്ലതാണ്. പക്ഷെ എന്താണ് സെലക്ടമാരായിരിക്കുന്നവരുടെ യോഗ്യതയെ്ന്നും എഞ്ചിനീയര്‍ ചോദിച്ചു. സെലക്ടര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ആകെ കളിച്ചിരിക്കുന്നത് 10-12 ടെസ്റ്റാണ്. ലോകകപ്പിനിടെ കണ്ടപ്പോള്‍ സെലക്ടര്‍മാരിലൊരാളെ എനിക്കുപോലും മനസിലായില്ല.

ഇന്ത്യയുടെ കുപ്പായം ധരിച്ച് ഡ്രസ്സിംഗ് റൂമിലിരിക്കുന്ന ആളോട് ആരാണെന്ന് ചോദിച്ചപ്പോള്‍ സെലക്ടറാണെന്നായിരുന്നു മറുപടി. ആരാണ് ഇവരെയൊക്കെ പിടിച്ച് സെലക്ടര്‍മാരാക്കിയത്. ലോകകപ്പിനിടെ അനുഷ്ക ശര്‍മക്ക്(വിരാട് കോലിയുടെ ഭാര്യ)ചായ വാങ്ങിക്കൊടുക്കലാണ് ആകെ അവര്‍ ചെയ്ത പണി. സെലക്ഷന്‍ കമ്മിറ്റിയില്‍ ദിലീപ് വെംഗ്സര്‍ക്കാരെപ്പോലെ കഴിവുള്ളവര്‍ വേണമെന്നും ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി വരുന്നത് എന്തുകൊണ്ടും നല്ലതാണെന്നും എഞ്ചിനീയര്‍ പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി ബിസിസിഐയില്‍ ഹണി മൂണ്‍ ആഘോഷിക്കുകയായിരുന്നുവെന്നും ഹണി മൂണ്‍ കഴിഞ്ഞ് പോകുമ്പോള്‍ പ്രതിഫലമായി 3.50 കോടി വീതം കൊണ്ടുപോയത് ക്രിമിനല്‍ കുറ്റമായി കാണണമെന്നും ഇന്ത്യക്കായി 46 ടെസ്റ്റിലും അഞ്ച് ഏകദിനങ്ങളിലും കളിച്ചിട്ടുള്ള എഞ്ചിനീയര്‍ വ്യക്തമാക്കി.

മലയാളികൾക്ക് ഏറ്റവും സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏറെ ദുരിതപൂർണ്ണമായ ഒരു ബാല്യമാണ് താരത്തിനുള്ളതെന്ന് പ്രേക്ഷർ അറിഞ്ഞിരുന്നു . എന്നാൽ ഇതാ താരമിപ്പോൾ തൻറെ ഇതുവരെയുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പുസ്തകംഎഴുതിയിരിക്കുകയാണ് .’കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’എന്ന പുസ്തകമാണ് ലക്ഷ്മി പ്രിയ പുറത്തിറക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്ന പുസ്തകത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു മുമ്പിലാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തല്‍ നടത്തിയത്.

” എന്റെ ഓര്‍മയില്‍ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതല്‍ ഇപ്പോള്‍ വരെ, 34 വയസ്സിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്ളത്. അവിടം മുതല്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍. എന്റെ ജീവിതത്തിന്റെ നേര്‍ചിത്രം എന്നും പറയാം. നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തില്‍ ഉള്ളത്. വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച് വളര്‍ന്നവരാകും. എങ്കിലും ആ ലോകത്തും ഒറ്റപ്പെടലിന്റെ ഭയങ്കരമായ വേദന അനുഭവിച്ചിട്ടുള്ള ബാല്യമാണ് എന്റേത്. ലക്ഷ്മി പ്രിയ പറയുന്നു.

അച്ഛനും അമ്മയുമില്ലാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും. അക്കാലത്ത് താന്‍ സഞ്ചരിച്ച സാഹചര്യങ്ങളുടെ സാക്ഷ്യപത്രമാണ് ഈ പുസ്തകമെന്നും താരം പറയുന്നു. വിവാഹമോചിതരായ അച്ഛനും അമ്മയും ഒരു കാലത്തും തന്റെ കൂടെ ഉണ്ടായിരുന്നില്ലെന്നും 14-ാമത്തെ വയസ്സില്‍ മാത്രമാണ് അമ്മ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം താനറിയുന്നതെന്നും അത് തനിക്ക് വലിയ ഷോക്കായിരുന്നെന്നും താരം പറയുന്നു.

”സത്യന്‍ (സത്യന്‍ അന്തിക്കാട്) അങ്കിളൊക്കെ പരിചയപ്പെട്ട കാലം മുതല്‍ ചോദിക്കുന്നതാണ്, ‘ഭാഷ നല്ലതാണല്ലോ, പിന്നെ എന്തുകൊണ്ടാണ് എഴുതാത്തത് എന്ന്’. ഞാന്‍ നന്നായി വായിക്കുന്ന ആളാണ്. ചെറുപ്പം മുതല്‍ പരന്ന വായനയുണ്ട്. കഴിഞ്ഞ രണ്ടു കാലത്തോളം എഴുതാനുള്ള തയാറെടുപ്പുകളിലായിരുന്നു. അടുത്ത കാലത്ത്, കുഞ്ഞുങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥകളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ അറിഞ്ഞപ്പോള്‍ എഴുതണം എന്നു തോന്നി. അമ്മ മരിച്ചുപോയി എന്നു കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. 14-ാം വയസ്സില്‍ ആ കുട്ടി അമ്മയെ കാണാന്‍ പോകുമ്പോള്‍ പ്രതീക്ഷിക്കുന്നതെന്താണ്…

ഇത്രയും വര്‍ഷത്തെ സ്‌നേഹവും ലാളനയും അമ്മ ഒരു നിമിഷം കൊണ്ടു തരും എന്നല്ലേ. യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ല സംഭവിച്ചത്. അതൊക്കെ സിനിമയില്‍ മാത്രമേയുള്ളൂ എന്ന് ഞാന്‍ അന്നു തിരിച്ചറിഞ്ഞു. ജീവിതം അങ്ങനെയല്ല എന്നു ഞാന്‍ പഠിച്ചു. ഈ പുസ്തകം കുടുംബങ്ങള്‍ വായിക്കണം എന്നുണ്ട്. ഇതില്‍ യാതോരു വിവാദവുമില്ല, ജീവിതമുണ്ട്… ഞാന്‍ ഇതിലൂടെ സമൂഹത്തോട് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്‌സാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യന്‍ അങ്കിളാണ് അവതാരിക എഴുതിയത്.” ലക്ഷ്മി പ്രിയ പറയുന്നു. ലക്ഷ്മിപ്രിയയുടെ മനോധൈര്യത്തെ നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.

ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ കൊലപ്പെടുത്തിയ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് റെയ്ഡിന്റെ വീഡിയോയും ഫോട്ടോകളും ബുധനാഴ്ച പെന്റഗണ്‍ പുറത്തുവിട്ടു. പ്രതിരോധ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളില്‍ ബാഗ്ദാദിയെ കഴിഞ്ഞിരുന്ന വടക്ക്-പടിഞ്ഞാറന്‍ സിറിയയിലെ ഉയര്‍ന്ന മതിലുകളുള്ള ഒരു സ്ഥലത്ത് യുഎസ് സൈനികര്‍ എത്തുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫൂട്ടേജ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ട്വീറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

സിറിയയിലെ ഇബ്‌ലിബ് പ്രവിശ്യയില്‍ ബാഗ്ദാദി കഴിഞ്ഞിരുന്ന ഭാഗത്തേക്ക് യുഎസ് സൈന്യത്തെ കടത്തിവിട്ട ഹെലികോപ്റ്ററുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഒരു കൂട്ടം അജ്ഞാത എതിരാളികള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണത്തിന്റെ വീഡിയോയും പെന്റഗണ്‍ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ റെയ്ഡിന്റെ ഒറ്റപ്പെട്ട ചിത്രങ്ങളും വന്നിട്ടുണ്ട്.

റെയ്ഡിനുശേഷം യുഎസ് ഫോഴ്‌സ് പൊളിച്ചുമാറ്റിയ ഈ പ്രദേശത്തെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ മറൈന്‍ കോര്‍പ്‌സ് ജനറല്‍ കെന്നത്ത് മക്കെന്‍സി പറഞ്ഞത്, ‘ആഗാധമായ ഗര്‍ത്തമായ ഒരു പാര്‍ക്കിംഗ് സ്ഥലം’ പോലെയായിയെന്നാണ്. അമേരിക്കന്‍ സൈനികരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തുരങ്കത്തില്‍ കയറിയ ബാഗ്ദാദി, സ്‌ഫോടക വസ്തുകള്‍ നിറച്ച വസ്ത്രം ധരിച്ചുകൊണ്ട് പൊട്ടിത്തെറിച്ചപ്പോള്‍ രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതുപോലെ മൂന്ന് പേര്‍ അല്ലായെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ 12 വയസ്സിന് താഴെയുള്ളവരാണെന്ന് മക്കെന്‍സി വ്യക്തമാക്കി. തുരങ്കത്തിലേക്ക് കയറിപ്പോയ ബാഗ്ദാദി കരയുകയും വിതുമ്പുകയും ചെയ്തുവെന്ന ട്രംപിന്റെ വാദത്തെക്കുറിച്ച് മക്കെന്‍സി പ്രതികരിച്ചത്, ബാഗ്ദാദിയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയുന്നത്, തന്റെ ആളുകള്‍ പുറത്തു നില്‍ക്കുമ്പോള്‍ രണ്ട് ചെറിയ കുട്ടികളുള്ള ഒരു തുരങ്കത്തിലേക്ക് നുഴഞ്ഞുകയറിയ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു എന്നാണ്.

 

പാകിസ്താനില്‍ ട്രെയിന് തീപിടിച്ച് 73 പേര്‍ കൊല്ലപ്പെട്ടു. യാത്രക്കാര്‍ പ്രഭാതഭക്ഷണം പാചകം ചെയ്യാന്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിക്കുകയും ട്രെയിനിലേക്ക് തീ പടരുകയുമായിരുന്നു. പഞ്ചാബ് പ്രവിശ്യയുടെ തെക്ക് റഹിം യാര്‍ ഖാന്‍ പട്ടണത്തിനടുത്തായിരുന്നു അപകടം. മരണപ്പെട്ടവരിലേറെയും രക്ഷപ്പെടുന്നതിനായി ട്രെയിനില്‍ നിന്ന് ചാടിയവരാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും 15 പേര്‍ക്ക് പരിക്കേറ്റതായും ജില്ലാ റെസ്‌ക്യൂ സര്‍വീസ് മേധാവി ബാകിര്‍ ഹുസൈന്‍ പറഞ്ഞു. ട്രെയിനിന്റെ മൂന്ന് ബോഗികളാണ് തീപിടുത്തത്തില്‍ തകര്‍ന്നതെന്ന് ജില്ലാ പോലീസ് മേധാവി അമീര്‍ തൈമൂര്‍ പാക് ഖാന്‍ ജിയോ ടെലിവിഷനോട് പറഞ്ഞു.

റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പ്രതികരിച്ചത്, രണ്ട് പാചക സ്റ്റൗവുകളാണ് ഉണ്ടായിരുന്നത്. അവര്‍ പാചകം ചെയ്യുകയായിരുന്നു, പാചകത്തിന് കൊണ്ടുവന്ന എണ്ണ തീപ്പിടുത്തിന് കൂടുതല്‍ എളുപ്പമാക്കി. ദീര്‍ഘദൂര യാത്രകളില്‍ ഭക്ഷണം തയ്യാറാക്കുന്നതിനായി ആളുകള്‍ ട്രെയിനുകളില്‍ സ്റ്റൗ കൊണ്ടുവരുന്നത് സ്ഥിരം പ്രശ്‌നമാണെന്നും മന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved