Latest News

ബ്രസീലിൽ അണക്കെട്ട് തകർന്ന് വൻദുരന്തം സംഭവിച്ച സ്ഥലത്ത രക്ഷാദൗതം അതിവേഗം പുരോഗമിക്കുകയാണ്. തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ജെറിസിലാണ് ഇന്നലെ അണക്കെട്ട് തകർന്ന് വൻ ദുരന്തമുണ്ടായത്. ഒരു പ്രദേശം തന്നെ വെള്ളത്തിനടയിലേക്ക് താണു. അപകടത്തിൽ ഇരുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഏഴു പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

ചെളിയും വെള്ളത്തിലും താണുപൊയ്ക്കൊണ്ടിരുന്ന മനുഷ്യനെ രക്ഷാസേനയുടെ ഹെലികോപ്റ്ററിലെത്തിയ സൈനികർ രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി ലോകത്തെ നടുക്കുകയാണ്. ഡാമിലെ വെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിയും കല്ലുകളും പ്രദേശത്തെ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. മണ്ണിനടിയൽ ഒട്ടേറെ പേർ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയും കൂടുതലാണ്. ആയിരത്തേേലറെ വീടുകളും വെള്ളത്തിനടിയിലായി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന വിവരം. ബ്രുമാഡിൻഹോ നഗരത്തിനോട് ചേർന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകർന്നത്.

ശബരിമല കർമസമിതി പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിൽ എന്തിന്റെ പേരിലായാലും മാതാ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്കു തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തേ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നത്.
സമത്വത്തിനു വേണ്ടിയുള്ള സ്ത്രീ ഇടപെടലിൽ ഏറ്റവും കരുത്തുറ്റതാണു വനിതാമതിൽ. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയിൽ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ചു സംശയം ഇല്ലായിരുന്നു. എതിർപ്പുകൾ പോലും പ്രചാരണമാകുന്ന കാഴ്ചയാണു കണ്ടത്. ഇനി വിപുലീകൃത രൂപത്തിൽ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണു വേണ്ടത്. നവോത്ഥാന മൂല്യങ്ങൾ അതേരീതിയിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരിക എന്നതാണു പ്രധാനം. തുടർനടപടികളിൽ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
വനിതാമതിലിന്റെ പ്രവർത്തനങ്ങളിൽ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ അണിനിരന്നിരുന്നു.. തുടർപ്രവർത്തനം എല്ലാ മേഖലകളിലുമുണ്ടാകും. സമൂഹത്തിനകത്തെ ഇടപെടലും അവബോധവുമാണ് പ്രധാനം. നവോത്ഥാന സംഘടനകൾ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സർക്കാർതലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. വളർന്നുവരുന്ന തലമുറയ്ക്കു നവോത്ഥാന മൂല്യങ്ങൾ വളർത്താൻ അക്കാദമിക ഇടപെടലുകൾ ഉണ്ടാകും. അധ്യാപകർക്കും ബോധവത്കരണം നടത്തും.

വിവിധ സർക്കാർ വകുപ്പുകളിൽ സ്ത്രീ ശാക്തീകരണത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബജറ്റിലും ഇതിന്റെ നല്ല പ്രതിഫലനമുണ്ടാകും. ജെൻഡർ ബജറ്റ് നല്ല രീതിയിൽ അവതരിപ്പിക്കാനാകും. വകുപ്പുകളിൽ സ്ത്രീകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നിന്റെ ഭാഗമാണു ഫയർഫോഴ്‌സിൽ വനിതകളെ നിയമിക്കാനുള്ള തീരുമാനവും പൊലീസിൽ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികളും. എല്ലാരംഗത്തും പുരുഷനു തുല്യമായ അവകാശം സ്ത്രീകൾക്ക് ലഭ്യമാക്കണമെന്നതാണു നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ നവോമി ഒസാക്ക ചാംപ്യന്‍. ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റിന് തോല്‍പ്പിച്ചു. സ്കോര്‍– 7–6, 5–7, 6–3. ഒസാക്കയുെട ആദ്യഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ഇത്. റാങ്കിങ്ങിൽ ഹാലപ്പിനെ പിന്തള്ളി ജപ്പാനീസ് താരം ഒന്നാമതെത്തി. ഒസാക്കയുടെ കരിയറിലെ രണ്ടാംഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്. യുഎസ് ഓപ്പൺ കിരീടവും ഒസാക്കയ്ക്കായിരുന്നു.

2001ൽ യുഎസ് താരം ജെന്നിഫർ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാൻസ്‌ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാൻസ്‍ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ് ഒസാക. ഓസ്ട്രേലിയൻ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലുമാണ് കപ്രിയാറ്റി കിരീടം ചൂടിയത്. അതേസമയം, ഈ കിരീടവിജയങ്ങൾക്കു മുൻപ് ഗ്രാൻസ്‌ലാം ടൂർണമെന്റുകളുടെ നാലാം റൗണ്ട് കടന്നിട്ടില്ലാത്ത താരമാണ് ഒസാക. യുഎസ് ഓപ്പൺ കിരീടം ചൂടുന്നതിനു മുൻപ് ഒസാക്ക നേടിയത് ഒരേയൊരു ഡബ്ല്യുടിഎ കിരീടം മാത്രമാണ് – ഇന്ത്യൻ വെൽസ് ഓപ്പൺ.

ഹെയ്തിക്കാരനായ ലിയൊനാർഡ് സാൻ ഫ്രാൻസ്വായുടെയും ജപ്പൻകാരി തമാകി ഒസാക്കയുടെയും മകളാണ് 1997 ഒക്ടോബർ 16നു ജനിച്ച നവോമി. സെറീന വില്യംസ് ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾക്ക് കാലിടറിയ ആവേശപ്പോരിലാണ് ഇക്കുറി ഒസാകയുടെ കിരീടനേട്ടം. ഫൈനൽ വിജയത്തോടെ വനിതാ റാങ്കിങ് പുതുക്കുമ്പോൾ ഒസാക ഒന്നാം സ്ഥാനത്തേക്ക് ഉയരും. ഫൈനലിൽ പരാജയപ്പെട്ട ക്വിറ്റോവ രണ്ടാം സ്ഥാനത്തെത്തും. 2016ൽ ചെക്ക് റിപ്പബ്ലിക്കിലെ വീട്ടിൽ ആക്രമണം നേരിടേണ്ടി വന്ന ക്വിറ്റോവയുടെ ‘രണ്ടാം കരിയറിലെ’ മികച്ച നേട്ടമാണ് ഈ രണ്ടാം സ്ഥാനം.

ചിറയിൻകീഴിൽ വീടിനോടു ചേർന്നുള്ള കിണറ്റിൽ വീണ് പ്ളസ് ടൂ വിദ്യാർഥിനി തൽക്ഷണം മരണമടഞ്ഞു. കിഴുവിലം മുടപുരത്ത് സർക്കാർ ആയുർവേദാശുപത്രിക്കു സമീപം അപർണാ നിവാസിൽ ജയൻ– ബിന്ദു ദമ്പതികളുടെ മകൾ ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആര്യാദേവി (17)യാണു മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടു ആറുമണിയോടെയാണു അപകടമുണ്ടായത്. കിണറ്റിൽ വൻശബ്ദത്തോടെ എന്തോ പതിച്ചെന്നു കേട്ട ആര്യയുടെ അമ്മ പുറത്തിറങ്ങി കിണറ്റിൽ നോക്കിയപ്പോഴാണ് മകൾ വീണുകിടക്കുന്നത് കണ്ടെത്തിയത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ സമീപവാസികളിൽ ചിലർ ഇറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും പരാജയപ്പെട്ടു.

ഇതിനിടെ ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സുമായെത്തി പെൺകുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ലൈംഗിക പീഡാനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്തടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചുകാണിക്കുകയാണ് ഞാന്‍ ചെയ്തത്- ഷക്കീല പറഞ്ഞു.

തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സ് തുറന്നത്. മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്നെ ഓര്‍മ്മയില്ല. എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. നാല് വര്‍ഷത്തോളം ഞാന്‍ ജോലിയില്ലാതെ ഇരുന്നു- ഷക്കീല പറയുന്നു.

രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയാണ്. കൊച്ചുകുട്ടികളോട് ലൈംഗികമായി പെരുമാറുന്നവരോട് ക്ഷമിക്കാന്‍ കഴിയില്ല. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കാറില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

കമല്‍ഹാസന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.

മൈക്കിള്‍ ജാക്‌സണ്‍ ഏഴ് വര്‍ഷം പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി കൊറിയോഗ്രാഫര്‍.ഓസ്‌ട്രേലിയന്‍ സ്വദേശിയായ 36 കാരനായ കൊറിയോഗ്രാഫറാണ് ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഏഴാം വയസു മുതല്‍ 14 വയസുവരെ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും കോറിയാഗ്രാഫര്‍ പറയുന്നു.

ചെറുപ്പത്തില്‍ മുതല്‍ മൈക്കിള്‍ ജാക്‌സണ്‍ തങ്ങളെ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും അതിജീവനത്തെ കുറിച്ചും ലോകത്തിനു മുന്നില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം.

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016 ല്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിനെതിരെ 1.6 ബില്യണ്‍ തുകയുടെ നഷ്ടപരിഹാരക്കേസ് ഇയാള്‍ നല്‍കിയിരുന്നു. . എന്നാല്‍ ആരോപണത്തില്‍ മൈക്കിള്‍ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.

എന്നാല്‍ ആരോപണങ്ങളെ തളളി മൈക്കിള്‍ ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. സമാനമായ ആരോപണം 2005 ല്‍ ഉയര്‍ന്നപ്പോള്‍ ജാക്‌സണിനെ ഇയാള്‍ പിന്തുണച്ചിരുന്നുവെന്നും ജാക്‌സണിന്റെ കുടുംബം പറയുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്ന എച്ച്ബിഒക്കെതിരെയും ജാക്‌സണിന്റെ കുടുംബം രംഗത്തു വന്നു. 1992ല്‍ മൈക്കിള്‍ ജാക്ക്‌സണ്‍ എച്ച്ബിഒയ്ക്ക്ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു.

മൈക്കിള്‍ ജാക്‌സന്റെ ഡോക്ടറായിരുന്ന കോണ്‍റാഡ് മുറെ മൈക്കിള്‍ ജാക്‌സനെ പിതാവ് ജോ ജാക്‌സണ്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നതായി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് പിതാവ് ജോ ജാക്‌സണ്‍ മൈക്കിള്‍ ജാക്‌സനെ വന്ധ്യംകരണത്തിന് വിധേയനാക്കിയതെന്ന് മൈക്കിള്‍ ജാക്‌സനെ ചികിത്സിച്ച വിവാദ ഡോക്ടറായ കോണ്‍റാഡ് മുറെ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പിതാവാണ് അയാള്‍. മൈക്കിളിന്റെ സ്വത സിദ്ധമായ ശബ്ദം നഷ്ടമാകാതിരിക്കാനാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വന്ധ്യംകരണം നടത്തിയതെന്നും മുറെ പറയുന്നു.

കല്യാണ സീസണ്‍ എത്തുമ്പോള്‍ സ്വര്‍ണ്ണ വില കുത്തനെ കൂടുകയാണ്. പെണ്‍മക്കളുള്ള രക്ഷിതാക്കളുടെ ഹൃദയമിടിപ്പ് കൂടി തുടങ്ങി. 24,000 ത്തില്‍ നിന്ന് വില താഴേക്ക് എത്തുന്നില്ല. സ്വര്‍ണ്ണ വില ഗ്രാമിന് 3050 രൂപയായി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.ഗ്രാമിന് 3030 രൂപയാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഇതോടെ ഒരു പവന്റെ വില ഇന്ന് 24,400 രൂപയായി. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയരുന്നതാണ് ഇന്ത്യയിലെ വന്‍ വിലക്കയറ്റത്തിന് കാരണം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുതിക്കുകയായിരുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് 1304 ഡോളറിലെത്തി. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നതാണ് വില കൂടാന്‍കാരണമായത്. ഉത്സവ വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണക്കടകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്. സ്വര്‍ണ്ണത്തിന്റെ അവധി വ്യാപാരത്തിലും ഇന്ന് വില നല്ല തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 10 ഗ്രാമിന്റെ വിലയില്‍ 345 രൂപയുടെ കുതിപ്പാണ് പ്രകടമായത്.

ഒരമ്മ കുഞ്ഞിനെ നോക്കുന്നതുപോലെ നാലര വർഷമായി ഹരിയെ പരിചരിക്കുന്ന ഭാര്യ ശോഭയ്ക്കറിയാം. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെന്ന്. കടന്നു പോയ യാതനകൾക്ക് അത്ര വേദനയായിരുന്നു. നഷ്ടമായ സ്വപ്നങ്ങൾക്ക് അത്രയും വിലയുണ്ടായിരുന്നു. എങ്കിലും ഈ നഷ്ടപരിഹാരത്തുക പിടിവള്ളിയാണ്. കാരണം ഹരിയുടെ ചികിൽസ നടത്താമല്ലോ? ശോഭ ആശ്വസിക്കുന്നത് അങ്ങിനെയാണ്. പലിശ ഉൾപ്പെടെ 2.63 കോടി രൂപയാണ് അപകടത്തിൽ തളർന്ന ഹരിയ്ക്ക് നഷ്ടപരിഹാരമായി കിട്ടിയത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക ഭർത്താവിന്റെ ദുരന്തത്തിനു പകരമായി അനുവദിച്ച ദിവസം വീട്ടിലിരുന്ന് ശോഭ പഴയകാലം ഓർത്തു. വേളി ഇംഗ്ലിഷ് ഇന്ത്യൻ ക്ലേയിലെ ജോലിക്കു പുറമെ ഐഎൻടിയുസി യൂണിയൻ ജനറൽ സെക്രട്ടറിയും പാഴോട്ടുകോണം വാർഡ് പ്രസിഡന്റുമായിരുന്ന ഹരികുമാറിന്റെ ചുറുചുറുക്കുള്ള കാലം. എൻഎസ് എന്ന് ആളുകൾ സ്നേഹപൂർവം വിളിച്ചിരുന്ന സാമൂഹ്യപ്രവർത്തകൻ ഭാര്യയുടെ വാക്കുകൾ നിശ്ശബ്ദം കേട്ടിരുന്നു. ഇടയ്ക്ക് സംസാരം നിർത്തി ശോഭ ഹരിയുടെ മുഖം തുടച്ചു കൊടുത്തു.

‘‘അപകടത്തെത്തുടർന്ന് ഒന്നരമാസം അബോധാവസ്ഥയിലായിരുന്നു.. മുഖത്തെ എല്ലുകൾ പൊട്ടിപ്പൊടിഞ്ഞു. തുടരെ ശസ്ത്രക്രിയകൾ. പിന്നെ വളരെ പതുക്കെ ജീവിതത്തിലേക്ക് തിരികെ വന്നു. നിശ്ശബ്ദമായി . അപകടത്തോടെ സംസാരശേഷി പൂർണമായും അന്യമായിരുന്നു.ഭക്ഷ​ണം ആദ്യം മൂക്കിലൂടെ ട്യൂബ് ഇട്ടായിരുന്നു നൽകിയത്.. അണുബാധ ഭയന്ന് പിന്നീട് വയറ്റിൽ നിന്നു തന്നെ ട്യൂബിട്ടു. ചികിൽസയുടെ തുടർച്ചയായി ഇൻസുലിൻ കുത്തിവയ്പു വേണ്ടിവന്നു. ’

കുത്തിവയ്പ് ​എടുക്കുന്നതും മൂത്രം പോകാനുള്ള ട്യൂബ് മാറ്റുന്നതുമൊക്കെ ശോഭ തന്നെയാണ്. ഇപ്പോൾ വായിലൂടെ ഭക്ഷണം കഴിക്കാമെന്നായിട്ടുണ്ട്. എഴുന്നേൽപ്പിച്ച് ഇരുത്തിയാൽ കസേരയിൽ ചാരി ഇരിക്കാനാകും..മൂന്നു കൊല്ലംകൊണ്ടാണ്.

ഇരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് വന്നത്. എന്തെങ്കിലും ആവശ്യം അറിയിക്കുന്നത് ആംഗ്യം കൊണ്ടാണ്. പറഞ്ഞാൽ കേട്ടിരിക്കും. ശോഭയുടെ അമ്മ സുശീലാമ്മയും ഹരികൂമാറിനെ പരിചരിക്കാനായി ഇവർക്കൊപ്പം തന്നെയുണ്ട്. ‘‘പാഴായത് രണ്ടു ജന്മങ്ങളാണ്.’’ ശോഭ പറഞ്ഞു. ‘‘നഷ്ടം നഷ്ടം തന്നെയാണ്. പണം കൊണ്ട് ഒന്നും തിരികെകിട്ടില്ല. ചികിത്സയ്ക്കായി കമ്പനിയും പാർട്ടിയുമൊക്കെ സഹായിച്ചു.

വീടിരിക്കുന്ന സ്ഥലം ഒഴികെ ബാക്കി വിറ്റു. ഒരാളെ സഹായത്തിനു നിർത്താൻ കഴിയില്ലായിരുന്നു. ഫിസിയോ തെറപ്പി ചെയ്യുന്നതു വരെ നിർത്തേണ്ടി വന്നു. പക്ഷേ പഴയ ഹരികുമാറായി വീണ്ടും ഭർത്താവിനെ കാണണം, അതിനു വേണ്ടിയാണ് പിടിച്ചു നിന്നത്. കാണാൻ കഴിയുമെന്നാണ് വിശ്വാസവും’’. ശോഭയുടെ വാക്കുകൾക്ക് അസാധ്യമായൊരു കരുത്തുണ്ട്.അപകടത്തിനു മുൻപ് ആഘോഷമായിരുന്നു തങ്ങൾക്കു ജീവിതമെന്ന് ശോഭ ഓർക്കുന്നു. അതുകൊണ്ടു തന്നെ കരഞ്ഞിരുന്നില്ല. മക്കളുടെ പഠിപ്പു മുടക്കിയില്ല. രണ്ടാൺ മക്കളാണ് ഇവർക്ക്. മൂത്തയാൾ അനന്തകൃഷ്ണൻ സ്കോളർഷിപ്പോടെ ജർമനിയിൽ ബിബിഎയ്ക്ക് പഠിക്കുന്നു. രണ്ടാമൻ നന്ദകൃഷ്ണൻ പട്ടാളത്തിൽ ചേർന്നു.

2014 ജൂലൈ 20നു ഉച്ചയ്ക്ക് കവടിയാർ– വെള്ളയമ്പലം റോഡിലായിരുന്നു അപകടം.അപകടം നടക്കുമ്പോൾ ഹരികുമാറിന് 47 വയസായിരുന്നു. അപകടശേഷം കിടപ്പിലായ ഹരികുമാറിന് ഇപ്പോൾ കസേരയിൽ ചാരി ഇരിക്കാൻ കഴിയുന്നുണ്ടെങ്കിലും സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടതു വീണ്ടെടുക്കാനായിട്ടില്ല.

നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും തമ്മിലുളള വിവാഹം ഇന്നലെയായിരുന്നു. രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ വച്ച് ആയിരുന്നു വിവാഹം. അമ്പിളി ദേവിയുടെ ആദ്യഭർത്താവ് ലോവൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. പ്രമുഖ നടീ നടൻമാരുടെ സാന്നിധ്യത്തിൽ വച്ച് ആഘോഷപൂർവ്വം കേക്ക് മുറിച്ചുളള ലോവലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗത്തിന്‍റെ വൻ വിമർശനത്തിന് പാത്രമാകുകയും ചെയ്തു.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളി ദേവി വിവാഹം കഴിച്ചത്. എന്നാല്‍ ഈ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്. ഇന്നലെ രാവിലെ നടന്ന കല്യാണ ചടങ്ങിൽ അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും പങ്കെടുത്തു.

കടപ്പാട് മെട്രോ ന്യൂസ്

തിങ്കളാഴ്ച മുതൽ കാണാതായ അർജന്റീനൻ യുവ ഫുട്ബോൾ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നിൽക്കുമ്പോൾ എമിലിയാനോയ്ക്കു വേണ്ടിയുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ മെസി അഭ്യർത്ഥിച്ചു. സാലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മെസി സലായ്ക്കായി പ്രാർത്ഥിക്കുന്നതായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലഭിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ സാലെയും ബ്രീട്ടുഷുകാരനായ പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ഗേര്‍ണെസി പോലീസ് നൽകിയ വിശദീകരണം. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഫലം കാണാതെ വന്നപ്പോഴാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗേർണെസി പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അപകടകാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചതെന്നോ സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനത്തെ കുറിച്ചോ സലായെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ കിട്ടാനുളള സാധ്യത വളരെ കുറവാണെന്നും സലായുടെയും പൈലറ്റിന്റെയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും തിരച്ചില്‍ അവസാനിപ്പിച്ച ശേഷം സംഘം പറഞ്ഞു.
സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ഫുട്ബോൾ മാഫിയയുടെ ഇടപെടലുളളതായിസംശയിക്കുന്നതായി എമിലിയാനൊ സാലയുടെ മുൻ കാമുകി ബെറെനിസ് ഷ്കെയർ ആരോപിച്ചിരുന്നു.ഇതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ശക്തിയെല്ലാം ചോർന്നു പോകുന്നുവെന്നും ബെറെനിസ് ട്വീറ്റിൽ കുറിച്ചു. കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിമാനം കാണാതായതിൽ കൂടുതൽ അന്വേഷണം വേണം’.– ബെറെനിസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുൻപ് മുൻ ക്ലബ് നാന്റെസിലെ സഹതാരങ്ങൾക്കും കുടുബാംഗങ്ങൾക്കും അവസാനമായി അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. ദുരന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാൻ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ സാലെ പറയുന്നു.

ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായ്ത. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

RECENT POSTS
Copyright © . All rights reserved