Latest News

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സ്വന്തം ഫെയ്സ്ബുക്ക് പേജിലെ ചില പോസ്റ്റുകളുടെയും ട്രോളുകളുടെയും പേരില്‍ കടുത്ത വിമര്‍ശനമാണ് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയ്ക്ക് നേരിടേണ്ടി വന്നത്. അർധനഗ്നകളായ സ്ത്രീകൾ കുളിക്കുന്ന ചിത്രത്തിന് അടുത്ത സീസണിലെ പമ്പ എന്ന കമന്റോടുകൂടി ശരത്ചന്ദ്രവർമ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. പോസ്റ്റിനെക്കുറിച്ചും നിലപാടിനെക്കുറിച്ചും ശരത്ചന്ദ്രവർമ മനോരമ ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുന്നു.

‘ഈ പോസ്റ്റിന്റെ പേരിൽ സ്ത്രീവിരുദ്ധനെന്നും വയലാറിന് വാഴവെച്ചാൽ പോരായിരുന്നോ എന്നുമൊക്കയാണ് എനിക്കെതിരെ വരുന്ന കമന്റുകൾ. ഞാനൊരു ട്രോൾ എന്ന രീതിയിൽ മാത്രം പോസ്റ്റ് ചെ്യ്തതാണ്. അതിത്രയും ഭൂകമ്പമുണ്ടാക്കുമെന്ന് വിചാരിച്ചില്ല. അച്ഛൻ ജോലിയുടെ തിരക്കുമായി മിക്കവാറും വീട്ടിൽ ഇല്ലായിരുന്നു. എന്നെ വളർത്തിയത് അമ്മയാണ്. വളർന്നത് മൂന്ന് സഹോദരിമാർക്കൊപ്പമാണ്. അങ്ങനെയുള്ള ഞാൻ സ്ത്രീവിരുദ്ധനാണെന്ന് എന്നെ അറിയാവുന്നവർ പറയില്ല. എനിക്കൊരു മകളാണുള്ളത്.

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവർ എന്റെ ഡിഎൻഎ പരിശോധിക്കണമെന്നുവരെയാണ് ആരോപിക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാനൊന്ന് ചോദിച്ചോട്ടെ, സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്നു എന്നുപറയുന്നവർ എന്റെ അമ്മയുടെ ചാരിത്ര്യത്തെയല്ലേ സംശയിക്കുന്നത്. അതിനെതിരെ എനിക്കും പ്രതികരിക്കാൻ അവകാശമുണ്ട്. സുപ്രീംകോടതിയുടെ വിധി ഒരു പൗരനെന്ന നിലയിൽ അംഗീകരിക്കുന്നു. പക്ഷെ എനിക്കെന്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല എന്നു പറയുന്നത് എന്ത് ന്യായമാണ്….?– വയലാർ ശരത്ചന്ദ്രവർമ്മ പ്രതികരിച്ചു.

സ്ത്രീ പ്രവേശനമെന്ന ചരിത്രവിധിയിലേയ്ക്ക് സുപ്രീംകോടതി വഴിതുറന്നു. പുരുഷന്റെ ബ്രഹ്‌മചര്യത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലിൽ അടിച്ചേല്‍പ്പിക്കരുതെന്നും ഒരു ദൈവവുമായുള്ള ബന്ധത്തെ ശാരീരികമോ ജൈവശാസ്ത്രപരമോ ആയ ഘടകങ്ങൾ വച്ചല്ല നിർവചിക്കേണ്ടതെന്നും സ്പ്രീംകോടതി വിധിച്ചു. ഒരു ഭാഗത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന രാജ്യത്താണ് മറുവശത്ത് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന ആമുഖത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് എഎം ഖാൻവിൽക്കർ എന്നിവരുടെ വിധിന്യായം.

ചരിത്രപരമായ വിധിപ്രസ്താവം വന്നപ്പോൾ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും ശ്രദ്ധേയമാകുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് 2016 സെപതംബർ 2ന് കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിന് ഇപ്പോഴും വിമർശകർ ഏറെ. അഭിനന്ദിക്കുന്നവരും ട്രോളുന്നവരും കുറവല്ല. നിങ്ങൾ ഞങ്ങളുടെ നേതാവാണെന്ന് പറയാൻ ഞങ്ങൾക്ക് ലജ്ജ തോന്നുവെന്ന് കമന്റുകളും ധാരാളമായി കാണാം.

‘ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്..’സുരേന്ദ്രൻ പോസ്റ്റിൽ പറഞ്ഞുവെക്കുന്നു.

കെ.സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം..

ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്?
മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്. പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്.
പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.

പാലക്കാട്∙ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ കേസെടുക്കാനാകില്ലെന്നു പൊലീസ് റിപ്പോർട്ട്. പെണ്‍കുട്ടിയോ ബന്ധുക്കളോ ഇതുവരെ പരാതിയോ മൊഴിയോ നൽകാത്ത സാഹചര്യത്തിലാണ് ഇത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചത്. കെഎസ്‌യു, യുവമോർച്ച സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.

അതേസമയം, പീഡനപരാതി ഗൂഢാലോചനയാണെന്ന വാദവുമായി കൂടുതല്‍പേര്‍ പാർട്ടി നേതൃത്വത്തെ സമീപിച്ചു. ഗൂഢാലോചനയില്‍ പങ്കുളള പാലക്കാട്ടെ സിപിഎം നേതാക്കളുെട പേരുകൾ എഴുതിയ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ക്ക് നല്‍കി. എന്നാൽ ഇത് ശശിക്കെതിരെയുളള നടപടി ദുര്‍ബലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണെന്നാണ് മറുപക്ഷത്തിന്റെ വാദം.

യുവജനസംഘടനയിലെ രണ്ടു നേതാക്കൾ, തൊഴിലാളി സംഘടനയിലെ ഒരു പ്രധാന ജില്ലാ ഭാരവാഹി, ഒരു കർഷകസംഘം നേതാവ്, മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പാര്‍ട്ടി ഭാരവാഹി എന്നിവരാണ് പി.കെ.ശശിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നാണ് ചില നേതാക്കളും പ്രവര്‍ത്തകരും അന്വേഷണ കമ്മിഷനെയും പാര്‍ട്ടി സംസ്ഥാന നേതാക്കളെയും ബോധിപ്പിച്ചത്.

മുസാഫർനഗർ∙ പാക്ക് സൈന്യത്തിനും ഭീകരർക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന് സൂചന നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അതിപ്പോൾ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. രണ്ടു മൂന്നു ദിവസങ്ങൾക്ക് മുൻപ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങൾ അടുത്തുതന്നെ അറിയും – രാജ്നാഥ് സിങ് പറഞ്ഞു.

സാംബ ജില്ലയിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ നരേന്ദ്ര സിങ്ങിന്റെ മരണത്തിന് മറുപടിയായി പാക്ക് മേഖലയിൽ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശക്തമായ സൂചന നൽകി ആഭ്യന്തരമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ തിരിച്ചടിയിൽ പാക്കിസ്ഥാന് കനത്ത നഷ്ടവും പരുക്കും ഏറ്റിട്ടുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കിയെന്നും ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. പാക്കിസ്ഥാൻ വെടിവയ്പ്പു നടത്തുമ്പോൾ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഈമാസം 18നാണ് രാജ്യാന്തര അതിർത്തിക്കു സമീപം റാംഗഡ് മേഖലയിൽ ബിഎസ്എഫ് ജവാന്മാർക്കെതിരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട നരേന്ദ്ര സിങ്ങിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്ക് കടത്തിക്കൊണ്ടു പോയി. നെഞ്ചിൽ മൂന്നു ബുള്ളറ്റുകളും കഴുത്ത് അറുത്തനിലയിലും മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ ആവശ്യമെങ്കിൽ വീണ്ടും മിന്നലാക്രമണം നടത്താൻ ഇന്ത്യ തയാറാണെന്ന് സൈനികമേധാവി ബിപിൻ റാവത്ത് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ചാനലില്‍ മോഹന്‍ലാല്‍ അവതാരകനായി നടക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാന ഘട്ടത്തിലേക്ക് കടന്നു. 16 പേരുമായി ആരംഭിച്ച ഷോയില്‍ അവശേഷിക്കുന്ന അഞ്ച് പേരില്‍ ആരാണ് ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറായി മാറുകയെന്ന് നാളെ അറിയാം.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന രണ്ട് പേരടക്കം മൊത്തം പതിനെട്ട് പേരാണ് ഇതുവരെ വരെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പങ്കെടുത്തത്. ഇതില്‍ അഞ്ജലി അമീര്‍, മനോജ് മേനോന്‍ എന്നിവര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പിന്മാറിയിരുന്നു. അവശേഷിച്ചവരെ ആഴ്ച്ച തോറുമുള്ള നോമിനേഷനിലൂടെയാണ് പുറത്താക്കിയത്. നോമിനേഷനില്‍ വരുന്നവര്‍ ജനങ്ങളുടെ വോട്ടെടുപ്പ് നേരിടുകയും ഇതില്‍ കുറഞ്ഞ വോട്ടു നേടുന്നവര്‍ പുറത്തു പോകുന്നതുമായിരുന്നു ഗെയിമിന്റെ രീതി.

അവസാന ആഴ്ച്ചയിലേക്ക് ബിഗ് ബോസ് എത്തുമ്പോള്‍ സാബു മോന്‍ അബ്ദുസമദ്, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് കരീം, പേളി മാണി എന്നീ അഞ്ച് പേരാണ് വീട്ടില്‍ അവശേഷിക്കുന്നത്. മിഡ് വീക്ക് നോമിനേഷന്‍ വഴി അദിതിയുടെ അപ്രതീക്ഷിത എലിമിനേഷനുണ്ടായതോടെ വീട്ടിലെ ഏക വനിതയായി പേളി മാണി മാറിക്കഴിഞ്ഞു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസില്‍ നിന്നും പുറത്തു പോയ എല്ലാവരും ഇന്നും നാളെയുമായി വീട്ടില്‍ തിരിച്ചെത്തുന്നുണ്ട്. ഞായാറാഴ്ച്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാലാവും ജേതാവിനെ പ്രഖ്യാപിക്കുക. മലയാളം ബിഗ് ബോസിനൊപ്പം തമിഴ്, തെലുങ്ക് ബിഗ് ബോസുകളിലും ഞായറാഴ്ച്ച ജേതാവിനെ പ്രഖ്യാപിക്കും.

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. അദ്ദേഹവും ഭാര്യയും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെങ്കിലും മരുന്നുകളോട് ഇരുവരും നേരിയ തോതില്‍ പ്രതികരിക്കാന്‍ തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഉപയോഗിക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചികിത്സയ്ക്കായി എയിംസില്‍ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) നിന്നും വിദഗ്ദ്ധരായ ഡോക്ടര്‍മാരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം വിദഗ്ദ്ധ സംഘമെത്തുന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബാലഭാസ്‌കറിന്റെ കഴുത്തിനും സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും പരിക്കേറ്റിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. നേരത്തെ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായത് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ലക്ഷ്മിയുടെയും ഡ്രൈവറുടെയും നിലയിലും പുരോഗതിയുണ്ട്. ലക്ഷ്മിക്കും പ്രധാനമായും പരിക്കേറ്റിരിക്കുന്നത് നട്ടെല്ലിനാണ്. തൃശ്ശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുന്ന വഴിക്കാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ 2 വയസുകാരിയായ ഇവരുടെ മകള്‍ കൊല്ലപ്പെട്ടിരുന്നു.

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കായലില്‍ പതിച്ചു. മൈക്രോനേഷ്യയിൻ ദ്വീപിലെ വെനോ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് വിമാനത്തിന് അപകടം സംഭവിച്ചത്. 36 യാത്രക്കാരും 11 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ നീന്തി രക്ഷപെടുകയായിരുന്നു.ബാക്കിയുള്ളവരെ പ്രദേശവാസികള്‍ ചെറുവള്ളത്തിലെത്തി രക്ഷിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും അപകടകാരണം അന്വേഷിക്കുമെന്നും വിമാന കമ്പനി അറിയിച്ചു.

പാപ്പുവാ ന്യൂ ഗിനിയയയുടെ കീഴിലുള്ള എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനമാണ് നിയന്ത്രണം വിട്ട് കായലില്‍ പതിച്ചത്. വിമാനത്തിനുള്ളില്‍ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം അപകട കാരണം വ്യക്തമല്ല.

കൊച്ചി: റേഡിയോ ഏഷ്യാ പ്രോഗ്രാം എക്സിക്യുട്ടീവും അവതാരകനുമായ എറണാകുളം സ്വദേശി രാജീവ് ചേറായി (49) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗം കാരണം കഴിഞ്ഞ ഒരു മാസമായി കൊച്ചി പിവിഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 17 വർഷമായി റേഡിയോ ഏഷ്യയിൽ പ്രവർത്തിക്കുകയായിരുന്നു. എറണാകുളം കലാഭവനിയിലൂടെ മിമിക്രി രംഗത്തുനിന്നാണ് രാജീവ് യുഎഇയിലെത്തിയത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഓഗസ്റ്റ് 28ന് നാട്ടിലേയ്ക്ക് പോയതായിരുന്നു. തുടർന്ന് എറണാകുളം പിവിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഗീതയാണ് ഭാര്യ. ഏക മകൻ: സായി. ചേറായിയിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് സംസ്കരിക്കും.

സാൻ ഫ്രാൻസിസ്ക്കോ: ഐഫോൺ XS ന്റെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടയിൽ വൻ കൊള്ള. കാലിഫോർണിയയിലെ പലോ ആൾട്ടോ ആപ്പിൾ സ്റ്റോറിലാണ് സംഭവം.12 മണിക്കൂറിനുള്ളിൽ രണ്ട് തവണയാണ് സ്റ്റോർ കൊള്ളയടിച്ചത്. സ്റ്റോറിൽനിന്നും പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷണം പോയതായി സ്റ്റോർ അധികാരികൾ പറഞ്ഞു.

ശനിയാഴ്ച്ച രാത്രി 7 മണിയോടെയാണ് സ്റ്റോർ ആദ്യം കൊള്ളയടിക്കുന്നത്. ഐഫോൺ XS, ഐഫോൺ XS മാക്സ് തുടങ്ങിയ വിവിധ മോഡലുകൾ ഉൾപ്പെടെ നാല് ലക്ഷം രൂപ വില മതിക്കുന്ന ഡെമോ ഐഫോൺ മോഡലുകളാണ് മോഷണം പോയത്. ആദ്യ മോഷണത്തിന് തൊട്ടു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അടുത്ത മോഷണവും നടന്നു. രണ്ട് മോഷണങ്ങളിൽനിന്നുമായി ഏകദേശം 77 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ് സ്റ്റോറിൽനിന്നും മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു.

മോഷണത്തിനുശേഷം പ്രതികൾ വ്യത്യസ്ത വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേർ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

അബുദാബി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരാടും. ഒരു മല്‍സരത്തിലും തോല്‍വി നേരിടാതെ ഫൈനലിലെത്തിയ ഇന്ത്യ ഏഴാമത്തെ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗ്ലാദേശിനെ അനായാസം കീഴടക്കി കിരീടം നേടിയ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ചരിത്രം തിരുത്താനുറച്ചാണ് ബംഗ്ലാ കടുവകള്‍ ഇറങ്ങുന്നത്.

വൈകിട്ട് 5 മണി മുതല്‍ ദുബായിലാണ് മല്‍സരം. ലോകകപ്പിന്റെ ഒരുക്കങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാന്‍ എഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക് അനിവാര്യമാണ്. ഏഷ്യാ കപ്പിലെ ഏഴാം കിരീടമാണ് ഇന്ത്യ ദുബായില്‍ ലക്ഷ്യമിടുന്നതെങ്കിലും മൂന്നാം ഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ കീരീടത്തിലാണ് കണ്ണ്.

രണ്ട് വര്‍ഷം മുമ്പ് ട്വന്റി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിന്റെ ഫൈനലിലും ഏറ്റുമുട്ടിയത് ഇന്ത്യയം ബംഗ്ലാദേശും തന്നെയായിരുന്നു. മഴമൂലം 15 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ ഏഴ് പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ ലക്ഷ്യം കണ്ടു.ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശീഖര്‍ ധവാനും മടങ്ങിയെത്തുമ്പോള്‍ കെ.എല്‍ രാഹുലിന് വിശ്രമം കൊടുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

ജഡേജ-കുല്‍ദീപ്-ചാഹല്‍ ത്രയവും നിര്‍ണായക ബ്രേക്ക് ത്രൂകള്‍ നല്‍കുന്ന കേദാര്‍ ജാദവിന്റെ സുവര്‍ണ കൈകളുമാണ് ഇന്ത്യയയുടെ ശക്തി. ബൂംമ്രയും ഭുവനേശ്വര്‍ കുമാറും കൂടി ചേരുന്നതോടെ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പമാകും.

മറുവശത്ത് പരിക്കിന്റെ പിടിയിലാണ് ബംഗ്ലാദേശ്. ഓപ്പണര്‍ തമീം ഇക്ബാല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനും പരിക്കേറ്റത് അവരെ വലക്കുന്നുണ്ട്. എങ്കിലും മുഷ്ഫീഖറിന്റെയും മുസ്തഫിസുറിന്റെയും ഫോം ബംഗ്ലാദേശിനും പ്രതീക്ഷ പകരുന്നതാണ്.

Copyright © . All rights reserved