Latest News

മംഗളൂരു: സുള്ള്യയില്‍ മലയാളി ദന്തല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയത്തെ അനിയന്‍ തോമസിന്റെയും സൂസി തോമസിന്റെയും മകള്‍ നേഹ തോമസ് (25) ആണ് മരിച്ചത്.

സുള്ള്യ കെ വി ജി ദന്തല്‍ കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ് നേഹ തോമസ്‌. ബുധനാഴ്ച്ച രാത്രി വാടക വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നേഹയുടെ മൃതദേഹം വ്യാഴാഴ്ച്ചയാണ് കണ്ടെത്തിയത്‌.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സംസ്‌കാരം വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവഞ്ചൂര്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ പളളിയില്‍.

ഹൈദരാബാദ്: യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് വിമാനത്തിനുള്ളില്‍ വച്ച് മരിച്ചു. അര്‍ണവ് വര്‍മ എന്ന കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് എസ് ആര്‍ 500ലായിരുന്നു അര്‍ണവിന്റെയും മാതാപിതാക്കളുടെയും യാത്ര. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ശബരിമലയിൽ പ്രായഭേമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി. വിധി അംഗീകരിക്കുമെന്ന് തന്ത്രി കുടുംബം അറിയിച്ചു. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ അഞ്ച് ജഡ്‌ജിമാരിൽ നാലുപേരും സ്ത്രീകളുടെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദുമൽഹോത്രമാത്രമാണ് സ്ത്രീ പ്രവേശനത്തെ എതിർത്ത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്. ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.

സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യമെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കോടതി പറഞ്ഞു. ശാരീരികാവസ്ഥയുടെ പേരിൽ വിവേചനം പാടില്ലെന്നും കോടതിയുടെ നിരീക്ഷണ മുണ്ടായി. വിശ്വാസ്യതയിൽ​ തുല്യതയാണെന്ന് വേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

വിധി നിരാശാജനകമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ബഹുമാനിക്കുന്നുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഏറ്റവും സുപ്രധാനമായ വിധിയാണിതെന്ന് മുൻ ദേവസ്വം മന്ത്രി ജി. സുധാകരൻ അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് അനുസരിച്ചാണ് കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആർത്തവ സമയത്ത് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് റദ്ദാക്കിയാൽ ശബരിമലയെ മാത്രമല്ല മുഴുവൻ ക്ഷേത്രങ്ങളെയും അത് ബാധകമാകാം.

കേസിന്റെ വിചാരണയിൽ ചൂടേറിയ വാദപ്രതിഭാഗങ്ങളാണ് സുപ്രീം കോടതിയിൽ നടന്നത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.

ശബരിമല മറ്റേതൊരു ക്ഷേത്രവും പോലെതന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ വാദിച്ചത്. ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നും ശബരിമല പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച ദേവസ്വം ബോർഡ് കോടതിയിൽ ഇതിനെ എതിർത്തു. ശബരിമലയിലെ എല്ലാ പ്രായത്തിലുമുളള സ്ത്രീകളുടെ പ്രവേശനം ക്ഷേത്ര ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്. 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാൻ ശാരീരികമായി സ്ത്രീകൾക്ക് ആകില്ലെന്നും സ്ത്രീകൾക്ക് പോകാവുന്ന മറ്റ് നിരവധി അയ്യപ്പ ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും ദേവസ്വം ബോർഡ് വാദിച്ചു.

ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും ഇത് ഹിന്ദു വിശ്വാസത്തിലെ അഭിഭാജ്യ ഘടകമാണെന്നുമായിരുന്നു ദേവസ്വം തന്ത്രിയുടെ വാദം. വർഷങ്ങളായി തുടരുന്ന ആചാരത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. 60 വർഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്നുവയ്ക്കാൻ സാധിക്കില്ലെന്നായിരുന്നു എൻഎസ്എസ് വാദിച്ചത്.

ക്ഷേത്രത്തിൽ സ്ത്രീകളെ വിലക്കുന്നതു ഭരണഘടനാ വിരുദ്ധമെന്നായിരുന്നു വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞത്. ക്ഷേത്രത്തിൽ എല്ലാവർക്കും പോകാം. ശബരിമലയിൽ എന്തുകൊണ്ടാണ് യുവതികൾക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

വിധിയിലേക്കുള്ള നിർണായക നിമിഷങ്ങൾ ഒറ്റനോട്ടത്തിൽ ഇങ്ങനെ:

8.45 am: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ 10.30 ന് സുപ്രീം കോടതി വിധി പറയും

8.55 am: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് എട്ടു ദിവസത്തെ വാദം പൂർത്തിയാക്കിയശേഷം വിധി പറയുന്നത്

9.05 am: ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നാലു വിധികളാണ് ഉണ്ടാവുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറും ചേർന്ന് ഒരു വിധിയും ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാൻ ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ പ്രത്യേക വിധികളുമാകും ഉണ്ടാവുക.

9.15 am: ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.

9.30 am: ഹിന്ദുവിശ്വാസം പിന്തുടരുന്ന ശബരിമലയില്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്

9.45 am: കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ്. ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്നും ഇക്കാര്യത്തിൽ ദേവഹിതം കാര്യമില്ലെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ

10.18 am: ശബരിമലയിലെ സ്ത്രീ പ്രവേശന കേസിലെ സുപ്രീം കോടതിയുടെ ചരിത്ര വിധി അൽപസമയത്തിനകം

10.45 am: ശഭരിമല കേസിൽ വിധി പ്രസ്താവം തുടങ്ങി

1050Am: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. നാല് ജഡ്ജിമാർക്ക് ഏകാഭിപ്രായം ഏക വനിതാ ജഡ്ജി ഇന്ദുമൽഹോത്രയ്ക്ക് ഭിന്നാഭിപ്രായം

10.55 Am: മതത്തിന്റെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുതെന്ന് കോടതി

11.00AM: വിധി നിരാശജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും പന്തളം രാജകുടുംബാംഗം ശശിവർമ്മയും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി ബഹുമാനിക്കുന്നുവെന്നും അംഗീകരിക്കുന്നുവെന്നും ഇരുവരും പറഞ്ഞു.

11.05AM: കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

11.06AM: വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി അഭിപ്രായപ്പെട്ടു.

11.09 AM: വിധി എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വംബോർഡ് തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നു.

11.11AM: രണ്ടാം തരം സമീപനം സ്ത്രീകളുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടു ന്നതാണ്. സ്ത്രീ പുരുഷനെക്കാൾ താഴെയല്ല. മതങ്ങളുടെ ആണധികാര പ്രവണത വിശ്വാസത്തിന് മേലെ പോകുന്നത് അനുവദിക്കാനാവില്ല. ജൈവീകമായതോ ശാരീരികമായതോ ആയ കാരണങ്ങൾ വിശ്വാസത്തിനുളള സ്വാതന്ത്ര്യത്തിന് വേണ്ടി അംഗീകരിക്കാൻ സാധിക്കില്ല. മതം അടിസ്ഥാനപരമായി ജീവിതരീതിയാണ്. ചില ആചാരങ്ങൾ യോജിക്കാൻ സാധിക്കാത്തതാണ് എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിൽ പറഞ്ഞു

കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച തനിക്ക് അറിയാവുന്ന കാര്യം മണിയുടെ ജീവിതകഥ പറയുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നും വിവാദങ്ങലെ തനിക്ക് ഭയമില്ലെന്നും സംവിധായകന്‍ വിനയന്‍. ‘മണിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം ഇതില്‍ വിഷയമാകുന്നുണ്ട്. മണിയുടെ ജീവിതത്തിലെ ഇഷ്ടസ്ഥലമായിരുന്നു പാടി. അവിടെ വച്ചാണ് മരണപ്പെടുന്നത്. ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പാടിയിലെ ഭാഗങ്ങളാണ്. മണിയുടെ മരണവും സിനിമയിലുണ്ട്. അതേസമയം മണിയുടെ മരണത്തിന്റെ ദുരൂഹതയും മാറിയിട്ടില്ല, സിബിഐ അന്വേഷിക്കുകയാണ്. മരണത്തില്‍ എനിക്കു മനസിലായ കാര്യങ്ങളാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ. പറവൂര്‍ സെറ്റിട്ടാണ് പാടി ചിത്രീകരിച്ചത്.’ വിനയന്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

വിവാദങ്ങള്‍ കണ്ടു ഭയപ്പെടുന്ന ആളല്ല ഞാന്‍. ആരെങ്കിലും വിവാദമുണ്ടാക്കിയാല്‍ അപ്പോള്‍ സത്യസന്ധമായി മറുപടി കൊടുക്കും, വിവാദമുണ്ടാക്കാനായി എടുത്ത സിനിമയല്ലിത്. വിനയന്‍ വ്യക്തമാക്കി. കോമഡിസ്‌കിറ്റുകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത് ചിത്രത്തില്‍ മണിയുടെ ജീവിതം അതുപോലെ പകര്‍ത്തുകയല്ലെന്ന് വിനയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.കഥ: വിനയന്‍, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഇതിന്റെ ബാഗമായി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പുതിയ തന്ത്രം. ക്രൈസ്തവ മത ന്യൂനപക്ഷ സമുദായങ്ങളെ സ്വാധീനിച്ച് വോട്ടുകളുണ്ടാക്കാനാണ് ബിജെപി നീക്കം. ഇത് പ്രാവര്‍ത്തികമായാല്‍ ഇക്കുറി ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന ബിജെപി സംസ്ഥാന കൗണ്‍സിലിലാണ് ഇതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉരുത്തിരിഞ്ഞത്. അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയും ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടി ലക്ഷ്യത്തെ കൂടുതല്‍ സ്വാധീനിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ചെയ്ത കാര്യങ്ങളിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെ വ്യക്തമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വമ്പന്‍ അടവുകള്‍ പയറ്റേണ്ടി വരും. ഇതിന് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യകേരളമാണ് പാര്‍ട്ടി പ്രധാനമായി ലക്ഷ്യമിടുന്നത്.

ബിഗ് ബോസിനെക്കുറിച്ച് കമന്റ് പറഞ്ഞതിന്റെ പേരില്‍ തന്റെ നേര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന പരാതിയുമായി നടിയും അവതാരകയുമായ ആര്യ. ബിഗ് ബോസില്‍ ആര് വിജയിയാകുമെന്നതിനെക്കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ച് നിരവധി പേര്‍ സന്ദേശങ്ങളയച്ചതിനെതുടര്‍ന്നാണ് സാബു ജയിക്കുമെന്ന് താന്‍ അഭിപ്രായം പറഞ്ഞതെന്നും ഇതിനെ തുടര്‍ന്ന് തന്റെ നേര്‍ക്ക് സൈബര്‍ ആക്രമണങ്ങളുണ്ടാകുകയായിരുന്നുവെന്നും ആര്യ പറയുന്നു.

പേളി മാണിയോട് ആര്യക്ക് അസൂയയാണെന്നും അവരുടെ സാമൂഹ്യ അംഗീകാരം തകര്‍ക്കാനും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് പല കമന്റുകളും. സൈബര്‍ ആക്രമണം നടത്തുന്ന പല അക്കൗണ്ടുകളും വ്യാജ അക്കൗണ്ടുകളാണെന്നും ആര്യ പറഞ്ഞു. അതേസമയം, ഇതുവരെ ബാര്‍ക് റേറ്റിംഗിലെ ആദ്യ അഞ്ചിലിടം നേടാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഏഷ്യാനെറ്റിലെ തന്നെ സീരിയലുകളായ വാനമ്പാടി, നീലക്കുയില്‍, കസ്തൂരിമാന്‍, കറുത്തമുത്ത്, സീതാകല്ല്യാണം എന്നിവയ്ക്കാണ് യഥാക്രമം അഞ്ചു സ്ഥാനങ്ങളും.

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക. വിഷയത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എ്ട്ടു ദിവസം നീണ്ട വാദത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനാണ് കേസ് വിധി പറയാന്‍ മാറ്റിയത്.

കേസില്‍ നിയമിക്കപ്പെട്ട അമിക്കസ് ക്യൂറിയും ക്ഷേത്രാചാരങ്ങളെ മാനിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. പത്തു വയസിനും അമ്പതു വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം വിലക്കുന്ന നിലവിലുള്ള രീതി തുടരണമെന്നാണ് അമിക്കസ് ക്യൂറി കോടതിയോട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.

കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വിരുദ്ധ നിലപാടുകളാണ് ഉള്ളത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതില്‍ നിന്ന് വിരുദ്ധമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.

വിദ്യാർഥികളുടെ മുന്നിൽ തലകുനിച്ച് അവരുടെ കാല് പിടിച്ച് ഒരു അധ്യാപകൻ. സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ് അധ്യാപകൻ എബിവിപി പ്രവർത്തകരുടെ കാല് പിടിക്കുന്ന ദൃശ്യങ്ങൾ. മധ്യപ്രദേശിലെ മണ്ട്സൂര്‍ ജില്ലയിലെ കോളേജിലാണ് സംഭവം.

മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്‌തയാണ് ബഹളം വച്ച എബിവിപി പ്രവർത്തകരുടെ കാല് പിടിച്ചത്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകര്‍ ക്ലാസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. അധ്യാപകനെ ദേശദ്രോഹി എന്ന് വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ പ്രൊഫസര്‍ അസാധാരണമായ രീതിയിൽ തിരിച്ച് പ്രതികരിച്ചത്.

പിന്നീട് ക്ലാസില്‍ നിന്ന് ഇറങ്ങി വന്ന പ്രൊഫസര്‍ ബഹളം വച്ച പ്രവർത്തകരായ വിദ്യാർഥികളുടെ കാല് പിടിക്കുകയായിരുന്നു. അധ്യാപകന്റെ അപ്രതീക്ഷിത നീക്കത്തിൽ വിദ്യാർഥികളും പകച്ചുപോയി. കാല് പിടിക്കാൻ അധ്യാപകൻ എത്തിയതോെട വിദ്യാർഥികൾ ഒാടിമാറി. ഒടുവില്‍ ഒരു മുതിര്‍ന്ന അധ്യാപകന്‍ വന്ന് തടയുന്നത് വരെ ദിനേശ് ഗുപ്ത കാലുപിടിക്കല്‍ തുടർന്നു. ‘പഠിപ്പിക്കുകയെന്ന തെറ്റാണ് താൻ ചെയ്തതെന്ന്’ ഇൗ അധ്യാപകൻ പറയുന്നതും വിഡിയോയിൽ വ്യക്തമാണ്.

‘അവര്‍ വിദ്യാര്‍ത്ഥികളല്ല, രാഷ്ട്രീയക്കാരാണ്. അവര്‍ എന്നെ രാജ്യദ്രോഹി എന്ന് വിളിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവരുടെ മുന്നില്‍ തല കുനിച്ചത്. വിദ്യാര്‍ഥികള്‍ പഠിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുകയും വേണം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. മറ്റ് നടപടികളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ലെന്ന് അധ്യാപകൻ പിന്നീട് പ്രതികരിച്ചു.

വാഹനാപകടത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാലഭാസ്‌കറിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ എല്ലാവരും ഒത്തുചേരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രി ഐസിയുവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ബാലഭാസ്‌കറിന് വേണ്ടി മലയാളികളെല്ലാവരും പ്രാര്‍ത്ഥനയിലാണ്. അതിനിടെ ലോകത്തിലെ മികച്ച ചികിത്സ നല്‍കി ബാലഭാസ്‌കറിനെ രക്ഷിക്കാന്‍ തീവ്ര ശ്രമവും നടക്കുകയാണ്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന മാനിച്ച് എയിംസ് സംഘമെത്താന്‍ സാധ്യതയുണ്ട്. ബാലഭാസ്‌കറിന്റെ രോഗവിവരം ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷമാണ് മന്ത്രി എയിംസ് അധികൃതരുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അനന്തപുരി ആശുപത്രിയിലെ ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. ആവശ്യമെങ്കില്‍ എയിംസ് സംഘം എത്തുമെന്നാണ് അറിയുന്നത്.

അതേസമയം ബാലഭാസ്‌കറിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററില്‍നിന്നും ഇന്ന് മാറ്റിയേക്കും.

അതിനിടെ, അപകടത്തില്‍ മരിച്ച രണ്ടു വയസുളള മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാല്‍ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്‌കാരം.

തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം സംസ്‌കരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചത്.

കാറിന്റെ മുന്‍സീറ്റിലായിരുന്നു ബാലഭാസ്‌കറും മകളും ഇരുന്നിരുന്നത്. കാറിന്റെ ചില്ലുതകര്‍ത്താണു പൊലീസ് കുഞ്ഞിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തേജസ്വിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സുക്ഷിച്ചിരിക്കുകയായിരുന്നു. ബാലഭാസ്‌കറിനെയും ലക്ഷ്മിയെയും കാണിച്ചതിനു ശേഷം സംസ്‌കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.

സെപ്തംബര്‍ 25-ന് പുലര്‍ച്ചെയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനു സാരമായ പരുക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഭാര്യ ലക്ഷ്മി അരയ്ക്കു താഴേക്കാണു പരുക്കേറ്റത്. ലക്ഷ്മി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Copyright © . All rights reserved