ഗവി റൂട്ടില്‍ വെള്ളയാനകളെ കണ്ടെത്തി. വള്ളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ചാണ് ഇവയെ കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മൂന്ന് വെള്ളയാനകളെയാണ് ചെക്ക് പോസ്റ്റിനു സമീപത്തുള്ള സീറോ പോയില്‍ കണ്ടത്. ഇതില്‍ ഒന്ന് കുട്ടിയാനയായിരുന്നു.
വെള്ളയാനകളുടെ സമീപത്ത് തന്നെ കറുത്തയാനയുമുണ്ടായിരുന്നു. ഇവയെ കാണാന്‍ വന്‍ ജനപ്രവാഹമാണ് ഉണ്ടായിരുന്നത്.
വനമേഖലയായ ഇവിടെ ഇതാദ്യമായിട്ടാണ് വെള്ളയാനകളെ കാണുന്നത്. ഇവയ്ക്ക് ജനിതക വ്യതിയാനം കാരണം നിറ വ്യത്യാസമുണ്ടായിതായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിലെ കിഴക്കന്‍ ഡിവിഷന്റെ പരിധിയിലുള്ള ഇവിടെ വെള്ളയാനകളെ കണ്ടെത്തിയതോടെ നിരീക്ഷണം ശക്തമാക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.
ഡല്‍ഹിയുടെ ഹൃദയഭാഗത്ത് ദീൻദയാൽ ഉപാധ്യായ മാർഗില്‍ ശതകോടികള്‍ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ അഞ്ചുനിലയിൽ പണിതുയർത്തിയ സൗധം വിട്ട് പഴയ കെട്ടിടത്തിലേക്ക് 2019-ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനുളള ‘വാര്‍ റൂം’ ബിജെപി മാറ്റുന്നു.
പുതിയ മണിമാളിക ഓഫീസ് ബിജെപിക്ക് ഭാഗ്യം കൊണ്ടുവരുന്നില്ലെന്ന ഒരുവിഭാഗം നേതാക്കളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ലുട്യൻസ് ഡൽഹിയിലെ അശോക റോഡ് മന്ദിരത്തിലേക്ക് തന്നെ മടങ്ങാനൊരുങ്ങുന്നത്.
പഴയ ഓഫീസില്‍ നിന്ന് മാറിയശേഷം ബിജെപിക്ക് നല്ല കാലമല്ലെന്നാണ് ചില നേതാക്കള്‍ വാദിക്കുന്നത്. ഗോരഖ്പുർ, ഫൂൽപുർ, കൈരാന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിയും, കർണാടകയില്‍ അധികാരത്തിനെത്താന്‍ കഴിയാഞ്ഞതും, കശ്മീരിൽ സഖ്യസർക്കാരിന്‍റെ വീഴ്ചയും, സഖ്യകക്ഷികളുടെ കൊഴിഞ്ഞു പോക്കും എല്ലാം പുതിയ ഓഫീസിന്‍റെ ശകുനക്കേടായി ഇവര്‍ വ്യാഖ്യാനിക്കുന്നു.
ചില നേതാക്കളാണ് ഈ കാര്യം ഉന്നയിച്ചതെങ്കിലും, ഈ നിര്‍ദേശം അംഗീകരിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് പഴയ ആസ്ഥാനത്തിരുന്നു തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തത്വത്തില്‍ തീരുമാനമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
2014-ല്‍ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ സിരാകേന്ദ്രം കേന്ദ്രമന്ത്രി ശ്രീപദ് യശോ നായിക്കിന്റെ ലോധി എസ്റ്റേറ്റ് വസതിയായിരുന്നു. 2009-ൽ എൽ.കെ.അദ്വാനിയുടെ പ്രചാരണത്തിനു യുദ്ധമുറിയായതു തുഗ്ലക് ക്രസന്റിൽ കേന്ദ്ര മന്ത്രി അനന്ത്കുമാറിന്റെ വീട്.
ഇത്തരം ഭാഗ്യ-നിര്‍ഭാഗ്യ വിചാരങ്ങള്‍ക്കും, അന്ധവിശ്വാസങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ബിജെപി നേതൃത്വമെന്നുളളതിനാല്‍ ഇത്തരം നടപടികളില്‍ അതിശയപ്പെടാനില്ല. എന്നാല്‍, കോണ്‍ഗ്രസും ഭാഗ്യം മാനദണ്ഡമാക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഭാഗ്യം നോക്കിയാണെങ്കില്‍ 15 ഗുരുദ്വാര റഖബ്ഗഞ്ച് റോഡിലെ ‘വാര്‍ റൂം’ കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കേണ്ടി വരും. അവിടെ ഇരുന്ന് തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്ത കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്.
തഞ്ചാവൂര്‍: പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കാലിയ കുലോത്തുങ്കന്‍ അന്തരിച്ചു. സ്വദേശമായ തഞ്ചാവൂരിലുണ്ടായ ബെെക്കപകടത്തിലാണ് നാല്‍പത്തിയൊന്നുകാരന്റെ മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്‌ബോള്‍ വന്‍ന്‍മാരായ ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നിവര്‍ക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂര്‍വം കളിക്കാരില്‍ ഒരാളാണ് കാലിയ കുലോത്തുങ്കന്‍.
തമിഴ്നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്. 1973ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്നാട് സ്വദേശി പെരുമാളിന്റെ മകനാണ്.
2003ല്‍ ഈസ്റ്റ് ബംഗാള്‍ ആസിയാന്‍ ക്ലബ് ഫുട്ബോള്‍ ജേതാക്കളാകുമ്പോള്‍ ഐ.എം വിജയന്‍, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമന്‍, സുരേഷ് എന്നിവര്‍ക്കൊപ്പം ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു കാലിയ.
ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണില്‍ നാഷണല്‍ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാള്‍ ടീമിലും അംഗമായിരുന്നു. 2007ല്‍ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കന്‍ നിര്‍ണായക പങ്കുവെച്ചു. 2010-11 സീസണില്‍ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര റായ്ഗഢിലെ അംബനലിഘട്ടില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30പേര്‍ മരിച്ചു. ഡാപോളി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരത്തിനു പോയ 34 സര്‍വ്വകലാശാല ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. 500 അടി താഴ്ചയിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ചെന്നൈയിലെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ പൊലീസുകാരിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ. മോഷണം കണ്ടെത്തിയ കടയുടമ ഇവരിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ വാങ്ങി. ഇതിന് പിന്നാലെ ഇവരെക്കൊണ്ട് മാപ്പ് അപേക്ഷ എഴുതിക്കുകയും ചെയ്തു. എന്നാൽ കടയുടമ മോഷണം പൊക്കിയതിന്റെ പ്രതികാരമായി ഇവർ ഭർത്താവിനെയും കുറെയാളുകളെയും കൂട്ടി വന്ന് കട തല്ലിതകർത്തു. മോഷണം കണ്ടെത്തിയ കടയിലെ ജീവനക്കാരനെയും തല്ലിച്ചതച്ചു.
നന്ദിനി എന്ന കോണ്‍സ്റ്റബിളിനെയാണ് കയ്യോടെ പിടികൂടിയത്. ഔദ്യോഗിക വേഷത്തിൽ കടയിലെത്തിയ നന്ദിനി ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽ നിന്ന് ചോക്ലേറ്റും, കൊതുക് തിരിയുമാണ് മോഷ്ടിച്ചത്. ഇത് എടുത്തിട്ട് സാവധാനത്തിൽ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കടയിൽ സിസിടിവി ഉള്ള കാര്യം കോൺസ്റ്റബിൾ അറിഞ്ഞിരുന്നില്ല. കടയിലെ ജീവനക്കാരൻ ഈ ദൃശ്യം കാണുകയും ഉടമയെ അറിയിക്കുകയും ചെയ്തു. ഇതോടെ നന്ദിനിയെ ഉടമ പിടികൂടുകയായിരുന്നു. 115 രൂപയുടെ സാധനങ്ങളാണ് ഇവർ കട്ടെടുത്തത്.
തെളിവുകളോടെ പിടികൂടിയപ്പോൾ അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. ഉടമ പറഞ്ഞതനുസരിച്ച് മാപ്പ് അപേക്ഷയും എഴുതി നൽകി. പിന്നീട് വീട്ടിലെത്തിയിട്ടാണ് ഇവർ ഭർത്താവിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. ഇത് കടയുടമ പൊലീസിൽ പരാതിപ്പെട്ടു. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. മോഷണം നടത്തിയതായി കണ്ടെത്തിയ നന്ദിനിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
വിദ്യാര്‍ഥിനി ഹനാന്‍ ഹന്നയ്ക്കെതിരായ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റിലായി. ഹനാന്‍ യൂണിഫോമില്‍ മീന്‍ വിറ്റത് സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് നൂറുദ്ദീന്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
ഹനാന്‍ പാലാരിവട്ടം പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ നൂറുദ്ദീനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ താമസിക്കുന്ന ഈ വയനാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാന്‍റെ മീന്‍ വില്‍പന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്സ്ബുക്ക് ലൈവ്.
അരുണ്‍ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വിഡിയോയില്‍ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചില്‍ വിഡിയോയുമായി നൂറുദ്ദീന്‍ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വിഡിയോ ഡിലീറ്റ് ചെയ്തു. ഇന്നലെ മുഖ്യമന്ത്രി ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നപടിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ചതിക്കുഴിയില്‍ താന്‍ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി.
കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലും സൈബർ ടോമും ജില്ലകളിലെ സൈബർ സെല്ലുകളും പരിശോധന തുടങ്ങി. ഹനാന്റെ കേസിന് പുറമേയും സമൂഹ മാധ്യമങ്ങളിൽ വ്യക്തികളെ അധിക്ഷേപിക്കുന്നവരെ നിരീക്ഷിക്കാൻ പൊലിസ് നടപടി തുടങ്ങുന്നുണ്ട്. മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് ഹനാനും രംഗത്തെത്തിയിരുന്നു.
ചലച്ചിത്ര പുരസ്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പിന്നാലെ സോഷ്യല്‍ ഇടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഒരുവിഭാഗം താരാരാധകരുടെ ‘ആക്രമണങ്ങള്‍’ക്ക് ശമനമില്ല. സംവിധായകന്‍ ഡോ.ബിജുവിന് പിന്നാലെ നടി സജിത മഠത്തിലും സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് തന്‍റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തി. താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ തനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് സര്‍ക്കാരിന് ഭീമ ഹര്‍ജി നല്‍കിയതാണ് പ്രകോപനങ്ങളുടെ തുടക്കം. ഈ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ബിജുവിന്‍റെ പേജില്‍ ആരാധക രോഷം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് സജിത മഠത്തിലും സമാനമായ ആക്രമണം നേരിട്ടത്. പ്രതിഷേധങ്ങളെ തള്ളി മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
സജിത മഠത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:
താര രാജാക്കൻമാരുടെ പ്രൈവറ്റ് വിർച്ച്വൽ ആർമിയുടെ തെറി താങ്ങാൻ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാൽ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈൽ പേജും തൽക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.
മാഡ്രിഡ്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയുടെ ഭാവി അനിശ്ചിതത്വത്തിൽ. ആറു വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുന്ന അസാൻജെയെ ഇക്വഡോർ ബ്രിട്ടനു കൈമാറിയേക്കുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സർക്കാരുമായി താൻ സംസാരിച്ചെന്നും അന്തിമമായി അസാൻജെ എംബസി വിടേണ്ടിവരുമെന്നും ഇക്വഡോർ പ്രസിഡന്റ് ലെനിൻ മൊറീനോ സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയിൽ ജനിച്ച അസാൻജെ 2012ലാണ് ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. ലൈംഗികപീഡനക്കേസിൽ വിചാരണ നേരിടാനായി അസാൻജെയെ സ്വീഡനു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചിരുന്നു.
സ്വീഡനിലെ കേസ് റദ്ദാക്കിയെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിയതിന് അസാൻജെയ്ക്ക് എതിരേ ബ്രിട്ടൻ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്. തന്നെ അറസ്റ്റ് ചെയ്ത് യുഎസിനു കൈമാറാനാണു ബ്രിട്ടന്റെ പദ്ധതിയെന്ന് അസാൻജെ ആരോപിക്കുന്നു. ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ രേഖകളും നയതന്ത്ര കേബിളുകളും 2010ൽ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞവർഷം അസാൻജെയ്ക്ക് ഇക്വഡോർ പൗരത്വം അനുവദിച്ചിരുന്നു.
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനില വീണ്ടും മോശമായതായി സൂചന. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് എത്തിയെന്നാണ് വിവരം. മക്കളായ സ്റ്റാലിനും അഴഗിരിയും ഗോപാലപുരത്തെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്.
കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്തസമ്മർദം കുറഞ്ഞതിനാലാണെന്ന് ഡിഎംകെ നേതാവ് എ.രാജ. ഇപ്പോൾ രക്തസമ്മർദം സാധാരണ നിലയിലായെന്ന് അറിയിച്ച അദ്ദേഹം അണികൾ സംയമനം പാലിക്കണമെന്നും ആവസ്യപ്പെട്ടു.
അതിനിടെ, കരുണാനിധിയെ കാവേരി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നാണ് വിവരം. ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് അദ്ദേഹത്തെ ഗോപാലപുരത്തെ വീട്ടിൽ നിന്നും അൽവാർപേട്ടിലുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.
കാവേരി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ. രക്തസമ്മർദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ രക്തസമ്മർദം സാധാരണനിലയിലായിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അതോടൊപ്പംതന്നെ കരുണാനിധിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നും വിദഗ്ധ ഡോക്ടർമാരുടെ പൂർണ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ബുള്ളറ്റിനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ഒന്നോടെയാണ് അദ്ദേഹത്തെ ഗോപാലപുരത്തെ വീട്ടിൽ നിന്നും അൽവാർപേട്ടിലുള്ള ആശുപത്രിയിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച രാത്രി വൈകിയും കരുണാനിധിയുടെ ആരോഗ്യനിലയേക്കുറിച്ച് മെഡിക്കൽ ബുള്ളറ്റിനുകൾ ഒന്നും തന്നെ പുറത്ത് വിട്ടിരുന്നില്ല. കരളിലും മൂത്ര നാളിയിലും അണുബാധ ഉണ്ടായതാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാകാൻ കാരണമായത്. ചികിത്സയ്ക്കായി നേരത്തെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടിലേക്ക് മടക്കിയിരുന്നു.
ആശുപത്രിയിൽ ലഭിക്കുന്ന അതേ ചികിത്സയാണ് അദ്ദേഹത്തിന് വീട്ടിലും ലഭ്യമാക്കിയത്. അതിനിടെയാണ് രക്തസമ്മർദം കുറഞ്ഞതും വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയതും.
കൊച്ചി: ഹനാനെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തിന് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ക്ക് പിടിയില്‍. കൊച്ചി സിറ്റി പോലീസാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇയാളാണ് ഹനാന്റെ മത്സ്യ വ്യാപാരം ഒരു സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണെന്ന് ആദ്യമായി പ്രചരിപ്പിക്കുന്നത്. ഇയാള്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഹനാന് നേരെ അസഭ്യ വര്‍ഷമുണ്ടായത്.
ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചനകള്‍. ഹനാനെതിരെ അപവാദ പ്രചരണവും തെറിവിളിയും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള അസി.കമ്മീഷണര്‍ ലാല്‍ജി വ്യക്തമാക്കി.
ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയവരെ പിടികൂടണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ വൈകിട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു.