തമിഴ്നാട്ടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നു. ഭരണപക്ഷമായ അണ്ണാ ഡിഎംകെയുമായി തുറന്ന പോരു പ്രഖ്യാപിച്ച് ബി.ജെ.പി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. 100 കോടിയിലധികം രൂപയും സ്വര്‍ണ്ണ ബിസ്കറ്റുകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ഊര്‍ജിതമാക്കി. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മഴവില്‍ സഖ്യത്തിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു.
അണ്ണാ ഡി.എം.കെയുമായുള്ള സൗഹൃദത്തിന് ആര്‍.എസ്.എസും എച്ച് രാജയടക്കമുള്ള തീവ്ര നിലപാട് വച്ചപുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളും എതിരാണ്. തമിഴ്നാട്ടിലേത് അഴിമതി സര്‍ക്കാരാണെന്ന് മുദ്രകുത്തിക്കൊണ്ടാണ് ബി.ജെ.പി അണ്ണാ ഡി.എം.കെയെ തള്ളിപ്പറഞ്ഞത്. മന്ത്രി ഡി.ജയകുമാര്‍ ബിജെപിക്ക് താക്കീതുമായി രംഗത്തുവരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുത്ത ബന്ധമുള്ള എസ്.പി.കെ കരാര്‍ കമ്പനിയിലടക്കം ആദായനികുതി റെയ്ഡ് നടന്നു. അഞ്ഞൂറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമടക്കം പിടിച്ചെടുത്തെന്നാണ് സൂചന.
അടുത്ത മാസം പകുതിയോടെ രജനീകാന്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരുടെ യോഗം വിളിക്കുന്നുണ്ട്. തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മറ്റ് ചെറുപാര്‍ട്ടികള്‍ക്കായും ബി.ജെ.പി വല വിരിച്ചിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് തയ്യാറാകുന്നതിന്‍റെ ഭാഗമായി അണ്ണാഡിഎംകെ പാര്‍ലമെന്‍ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിസികെയുമടക്കമുള്ള സഖ്യകക്ഷികളുമായി ഡിഎംകെ നല്ല ബന്ധത്തിലല്ല എന്നത് പ്രതിപക്ഷഐക്യത്തിന് വിള്ളല്‍ വരും എന്ന സൂചനയും നല്‍കുന്നുണ്ട്.
തീയറ്റര്‍ പീഡനക്കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിപ്പിക്കാത്ത പ്രിന്‍സിപ്പാളിനെതിരെ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളജിനെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. പ്രിന്‍സിപ്പാള്‍ ഡോ. താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
മെയ് 12ന് മൊയ്തീന്‍കുട്ടി അറസ്റ്റിലായതിനു ശേഷമാണ് കോളജില്‍ മകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതരുടെ കുട്ടിയെ അറിയിച്ചത്. ജൂണ്‍ 25ന് കോളജില്‍ ഫീസടയ്ക്കാന്‍ ചെന്നപ്പോള്‍ അതുവാങ്ങാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു. അടുത്ത വര്‍ഷം പരീക്ഷയെഴുതാനായിരുന്നു നിര്‍ദ്ദേശം. 12 ദിവസത്തെ ഹാജര്‍ കുറവുണ്ടെന്നാണ് കോളജ് കണ്ടുപിടിച്ച വാദം. എന്നാല്‍ മെഡിക്കല സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും പരീക്ഷ ഏഴുതിക്കാന്‍ ഇവര്‍ തയാറായില്ല. മകളുടെ വിദ്യാഭ്യാസം വഴിമുട്ടിയതോടെ മൊയ്തീന്‍കുട്ടി മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് സൂപ്രണ്ട് മുഖാന്തിരം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജില്‍ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ തന്റെ ഭാര്യയെ ഫോണ്‍ വഴി അറിയിച്ചതായി മൊയ്തീന്‍ കുട്ടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടി സ്വീകരിച്ചത്.
കൊല്ലം മുളങ്കാടകത്ത് സീരിയൽ നടിയുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കള്ളനോട്ടടിക്കാനുള്ള കടലാസും അച്ചും തയാറാക്കാന്‍ സഹായിച്ചവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 12 ആയി.
ഇടുക്കി തോപ്രാംകുടി വാതല്ലൂർ ജോബിൻ ജോസഫ്്, കൊല്ലംപറമ്പിൽ റിജോ, അരുൺ മൈലിക്കുളത്ത് എന്നിവരെയാണ്് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സി.ഐ.വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നു പേരും വിവിധ സ്ഥലങ്ങളിൽ ഡ്രൈവർമാരാണ്.അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക് പണികൾ അറിയാം എന്ന് മനസിലാക്കിയ ഒന്നാം പ്രതി ലിയോ റിജോയെ കൊല്ലത്തെ നടിയുടെ വീട്ടിൽ നോട്ടു നിർമാണത്തിനായി കൂട്ടിക്കൊണ്ട് പോയിരുന്നു.
20 ദിവസം റിജോ സഹായിയി കൊല്ലത്ത് നിന്നു. കൂടുതൽ ആളുകളെ സഹായത്തിന് ആവശ്യമുണ്ടായതിനാൽ ജോബിനെയും അരുണിനെയും പിന്നീട് കൂടെ കൂട്ടുകയായിരുന്നു. കള്ളനോട്ടടിക്കാനുള്ള പേപ്പർ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ചുമതല. പതിനായിരം രൂപ വീതം ഇവർക്ക് കൂലി നല്‍കി .പിടിയിലായ റിജോ മുൻപും ക്രിമിനൽ കേസിൽ പ്രതിയാണ്.
സീരിയൽ നടിയും കുടുംബവും അറസ്റ്റിലായതറിഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതൽ പ്രതികൾ കേസിൽ അറസ്റ്റിലാവാനുണ്ട്. ഇതിനിടെ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
ജിസ് ജോൺ
പച്ചപ്പും നാട്ടിന്‍പുറത്തിന്റെ എല്ലാ വശ്യചാരുതയും നിറഞ്ഞു നില്‍ക്കുന്ന തോപ്രാംകുടിക്ക് സിനിമയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. 80ശതമാനം കര്‍ഷകര്‍ താമസിക്കുന്ന തോപ്രാംകുടി ഒരുകാലത്ത് കുരുമുളകിന്റെ കേന്ദ്രമായിരുന്നു. വീണ്ടും വാര്‍ത്താ പ്രധാന്യമേറിയത് നേന്ത്രപ്പഴം കയറ്റിയയക്കുന്നതിനാലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് സിനിമാക്കാര്‍ക്കും പ്രിയമുള്ള സ്ഥലമായി തോപ്രാംകുടി മാറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ നാട്ടിന്‍പുറം ഷൂട്ട് ചെയ്തത് തോപ്രാംകുടിയിലായിരുന്നു. എന്നാല്‍ സിനിമയില്‍ തോപ്രാംകുടിയെ എല്ലാവരും അറിഞ്ഞത് മമ്മൂട്ടിയുടെ ലൗഡ് സ്പീക്കറിലൂടെയായിരുന്നു. വളരെയധികം അവാര്‍ഡുകള്‍ നേടിയ മഹേഷിന്റെ പ്രതികാരം തോപ്രാംകുടിയിലും പരിസര പ്രദേശത്തുമാണ് ഷൂട്ട് ചെയ്തത്. ഇതില്‍ തോപ്രാംകുടി സെന്റ് മരിയ ഗോരെത്തിസ്‌കൂള്‍ ഒരു പാട്ടില്‍ കാണുമ്പോള്‍ അവിടെ പഠിച്ച എല്ലാവരുടെയും മനസില്‍ പഴയകാല ഓര്‍മ്മകള്‍ വരുന്നു. വീണ്ടും ഒട്ടേറെ സിനിമകള്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയും തോപ്രാംകുടി പേര് എടുത്തു കാണിക്കുന്നു.
തോപ്രാംകുടി എന്ന പേര് ഒരു ഭാഗ്യമായി സിനിമാക്കാര്‍ കരുതുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഒരു തിരക്കഥാകൃത്തും തോപ്രാംകുടിയില്‍ നിന്ന് സാജു തോമസ്. മോഹന്‍ലാലിന്റെ ചിത്രമായ നീരാളിയുടെ തിരക്കഥാകൃത്താണ് സാജു തോമസ്. ജേർണലിസത്തില്‍ തന്റെ കഴിവ് തെളിയിച്ച സാജു തോമസ് ആദ്യമായ തിരക്കഥയെഴുതുന്നത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്.
സൗമ്യനായ ഏഴടിയിലേറെ പൊക്കക്കാരനായ സാജു തോമസ് സിനിമമാത്രം കണ്ട് മാധ്യമപ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ ആ ആഗ്രഹം സഫലമായി. ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നു. വളരെധികം തിരക്കഥകള്‍ ചെയ്തതിന് ശേഷമാണ് വിജയത്തിലെത്തുന്നത്.
നീരാളി ഒരു അതിജീവനത്തിന്റെ കഥയാണ്. നമ്മളെല്ലാം ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തയില്‍ കണ്ടുകൊണ്ടിരിക്കുന്ന തായ്‌ലാന്റിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവവും അവരെ രക്ഷിക്കുന്ന ആ സമയത്ത് തന്നെ നീരാളിയും റിലീസാകുന്നതും അതിശയം തോന്നിപ്പിക്കുന്നതാണ്. മലയാളികള്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത അജോയ് വര്‍മ്മയും സാജു തോമസും ഇത്രയും വലിയ ഒരു പ്രോജെക്ടിന് പിന്നിലെന്നതും അതിശയം തോന്നിപ്പിക്കുന്ന കാര്യം തന്നെ. നീരാളിയുടെ 90 ശതമാനം ഷൂട്ടിംഗും നടന്നത് മുംബൈയിലാണ്. അതുപൊലെ തന്നെ ഈ ചിത്രത്തിന്റെ നാദിയ മോഹന്‍ലാല്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജേർണലിസത്തിലൂടെ ഒട്ടേറെപ്പേര്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കെല്ലാം സാജു തോമസ് ഒരു പ്രചോദനമാകട്ടെ.
അപകടത്തിൽപ്പെട്ട യുവതി കാറിൽ കുടുങ്ങി കിടന്നത് ഏഴ് ദിവസം. കാലിഫോര്‍ണിയയിലാണ് സംഭവം. പോര്‍ട്ട്ലാന്റിലെ വീട്ടില്‍നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെ കാണാന്‍പോയതായിരുന്നു ഏഞ്ചല. വഴിയില്‍കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാന്‍വേണ്ടി കാര്‍വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍കാര്‍മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഏഴ് ദിവസം കാറില്‍കുടുങ്ങിയ യുവതി റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ജീവന്‍നിലനിര്‍ത്തിയത്.
ഹൈവേയിലെ ഒരു പെട്രോള്‍പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രക്ഷാപ്രവര്‍ത്തകര്‍കണ്ടെത്തുമ്പോള്‍അര്‍ദ്ധബോധാവസ്ഥയിലായിരുന്നു ഏഞ്ചല. അപകടത്തില്‍തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കിന് താഴെ കടലായിരുന്നു. കാര്‍മലയിടുക്കില്‍കുടുങ്ങിയതിനാല്‍കടലില്‍പതിച്ചില്ല.
കൂട്ടത്തിലൊരാളെ മുതലകൊന്നുതിന്നു, ദേഷ്യം തീർക്കാൻ ഗ്രാമവാസികൾ വെട്ടിക്കൊന്നത് 300 മുതലകളെ. ഇൻഡോനേഷ്യയിലെ പശ്ചിമപപ്പുവ ഗ്രാമവാസികളാണ് ‘മുതലപക’ കൊന്നുതള്ളിയത്.
പശ്ചിമപപ്പുവയിലുള്ള സൊരംഗിലെ ഫാക്ടറി ജീവനക്കാരൻ സുഗിറ്റ എന്നയാളെയാണ് മുതല ശനിയാഴ്ച കടിച്ചുകൊന്നത്. കന്നുകാലികളെ മേയ്ക്കാനായി സ്വകാര്യ മുതലഫാമിന്റെ അടുത്തു പോയതാണ് സുഗിറ്റ. അപ്രതീക്ഷിതമായാണ് മുതലയുടെ ആക്രമണമുണ്ടായത്. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന സുഗിറ്റ. അപ്രതീക്ഷിതമായ വിയോഗം നാട്ടുകാരെ രോക്ഷാകുലരാക്കി. രോക്ഷം മുഴുവൻ തീർത്തത് മുതലകളോടായിരുന്നു. മൂർച്ചയേറിയ ആയുധങ്ങളും വടവുമായി ജനക്കൂട്ടി മുതല ഫാമിൽ ഇരച്ചെത്തി.
മുതലകളെ ഓരോന്നായി വെട്ടിയും നിലത്തടിച്ചും ദേഷ്യം തീരുന്നതുവരെ കൊന്നുതള്ളി. ജനരോക്ഷം അടങ്ങിയപ്പോഴേക്കും ഗ്രാമത്തിൽ അടിഞ്ഞത് 300 മുതലകളുടെ ജഡം.
പൊലീസ് എത്തിയെങ്കിലും ജനരോക്ഷം തണുപ്പിക്കാനായില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി തന്നെയാണ് ഫാം പ്രവർത്തിച്ചിരുന്നത്. നിയമം ലംഘനം നടത്തിയെന്ന് പരാതിപ്പെട്ടെങ്കിലും ആരൊക്കെയാണ് മുതലകളെ കൊന്നുതള്ളിയതെന്ന് കൃത്യമായി അറിയാത്തതിനാൽ പൊലീസ് നടപടികളൊന്നുമെടുത്തിട്ടില്ല.
ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന്. ദക്ഷിണാഫ്രിക്കരാനായ കെവിന്‍ ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-2, 6-3, 7-6(73).
സെമിയില്‍ നദാലിനെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് കലാശപ്പോരിന് എത്തിയത്. ദ്യോക്കോവിച്ചിന്റെ 13-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
ആന്‍ഡേഴ്സണ്‍ മൂന്നാം സെറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഈ മത്സരം അതിവൈകാരികത നിറഞ്ഞതായിരുന്നെന്നും മകന്‍ ഗാലറിയിലിരുന്ന് തന്റെ കളി കണ്ടതില്‍ സന്തോഷമുണ്ടെന്നും ദ്യോക്കോവിച്ച് പറഞ്ഞു.
കോയമ്പത്തൂർ: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആക്ഷന്‍ സമിതിയും ആവശ്യപ്പെട്ടു.
2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടിൽ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു.
തൃശൂർ: പള്ളിക്കൂടത്തിൽ പോകാത്ത വെള്ളാപ്പള്ളി തന്നോട് തമാശ കളിക്കാൻ വരേണ്ടെന്ന് പി.സി. ജോർജ് എംഎൽഎ. തൃശൂരിൽ കേരള ജനപക്ഷം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ചത്. ഗുരുദേവൻ എന്ന വാക്ക് തെറ്റില്ലാതെ എഴുതാൻ പോലും വെള്ളാപ്പള്ളിക്കു കഴിയില്ല. കുറെനാളായി തനിക്കെതിരേ വെള്ളാപ്പള്ളി തുടങ്ങിയിട്ട്. കുറേനാൾ മിണ്ടാതിരുന്നു. വെള്ളാപ്പള്ളി കുറച്ച് സത്യവും നീതിയും പുലർത്തണമെന്നും പി.സി. ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും റിപ്പോർട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിലും വ്യാപക നാശമുണ്ട്. എറാണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി.
മരങ്ങൾ പിഴുതുവീണതിനെത്തുടർന്നു റോഡ് ഗതാഗതവും പലേടത്തും തടസപ്പെട്ടു. കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പാലാ-ഈരാറ്റുപേട്ട റോഡിൽ ഗതാഗതം നിരോധിച്ചു.
പലയിടങ്ങളിലും ട്രെയിനുകൾ നാല് മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. എന്നാൽ ആളപായമില്ല.
കനത്ത മഴയെ തുടർന്നു മഹാത്മാഗാന്ധി സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു.
ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 6.45നായിരുന്നു സംഭവം.
ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. സംഭവത്തിൽ ആളപായമില്ല. ഇതേതുടർന്നു ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.