ഇടുക്കി നെങ്കണ്ടത്ത് താമസിച്ചു കൊതിതീരുന്നതിനു മുൻപേ വീട് മണ്ണടിയുന്നു. പുതിയ വീടു നിർമിച്ചു താമസം മാറിയിട്ട് ഒരു മാസമേ ആയുള്ളു. കനത്ത മഴയെത്തുടർന്നു ഭൂമി വിണ്ടുകീറി ആദ്യ നില പൂർണമായും മണ്ണിനടിയിലായി. മാവടി പള്ളിപ്പടി തേനമാക്കൽ അപ്പച്ചന്റെ വീടാണു തകർന്നത്. ഈ പ്രദേശത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്നതിനെത്തുടർന്നാണു വീടു തകർന്നത് എന്നാണു പ്രാഥമിക നിഗമനം. സ്ഥലത്തു പഠനം നടത്തിയാൽ മാത്രമേ എന്താണു സംഭവിച്ചതെന്നു പറയാൻ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നാലു ദിവസം മുൻപു വീടിനു വിള്ളൽ കണ്ടതിനെത്തുടർന്ന് ഇവിടെ താമസിച്ചിരുന്നവർ മറ്റൊരിടത്തേക്കു മാറിയിരുന്നു. വീട്ടുപകരണങ്ങൾ പറ്റുന്നിടത്തോളം മാറ്റി. വീടിനു ചുറ്റുമുള്ള പ്രദേശങ്ങൾ വിണ്ടുകീറിയ നിലയിലാണ്. രണ്ടര കിലോമീറ്ററിൽ അധികം പ്രദേശമാണു ഭൂമി പിളർന്നു മാറിയിരിക്കുന്നത്. ഇതിനടുത്തുള്ള മാവടി കുഴികൊമ്പ് ഭാഗത്തു രണ്ടാൾ താഴ്ചയിൽ ഭൂമി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. പല പ്രദേശങ്ങളിലെയും മൺഭിത്തികൾ തകർന്നു വീണുകൊണ്ടിരിക്കുകയാണ്.
കൊച്ചി: മഴ പൂര്‍ണമായും മാറിയതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവിധ ഡാമുകളിലെ ജലനിപ്പും കുറഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാര്‍, ഇടമലയാര്‍ തുടങ്ങിയ പ്രധാന ഡാമുകളില്‍ ആശങ്കജനകമായ സാഹചര്യമില്ലെന്നും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്.
ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍പ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. എറണാകുളം ജില്ലയില്‍ പറവൂര്‍ പൂവത്തുശേരി, കുത്തിയതോട്, തൃശൂരിന്റെ തെക്കു, പടിഞ്ഞാറന്‍ മേഖലയായ. ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, എട്ടുമുന തുടങ്ങി ഗ്രാമങ്ങളിലും വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു. മഴ പൂര്‍ണമായും മാറിയതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം വര്‍ദ്ധിച്ചിട്ടുണ്ട്. ദുരന്തമുഖത്തേക്ക് കൂടുതല്‍ മത്സ്യതൊഴിലാളികള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നതോടെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആളുകളെ ഒഴിപ്പാക്കാന്‍ സാധിച്ചു.
പെരിയാറിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയിലെ ജലനിരപ്പിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. എത്രയും വേഗം എയര്‍പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ 2401.74 അടിയാണു ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 140 അടി വെള്ളമാണുള്ളത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളില്‍ എട്ടെണ്ണം പൂര്‍ണമായും താഴ്ത്തി. ബാക്കിയുള്ളവ അരയടി ആക്കിയും താഴ്ത്തിയിട്ടുണ്ട്.
യാതൊരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്.വീടിനകത്ത് പാമ്പ് മുതൽ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാകാം. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.
വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ച് പോകണം.
ആദ്യമായി വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാൻ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങൾ ഉണ്ടാകുമെന്നോ പറയാൻ പറ്റില്ല. കുട്ടികൾക്ക് അപകടമുണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വഴിയിലും മുറ്റത്തുമെല്ലാം കനത്തിൽ ചെളി ഉണ്ടാകാൻ സാധ്യതയുണ്ട്. ഗേറ്റ് തുറക്കാനും വാതിൽ തുറക്കാനും പ്രയാസപ്പെടും. മതിലിനും വീടിന്റെ ഭിത്തിക്കും ബലമില്ലെങ്കിൽ ഇവ തകർന്നു വീഴുവാനും അപകടമുണ്ടാകുവാനും സാധ്യതയേറെയാണ്. അതിനാൽ തള്ളി തുറക്കാൻ ശ്രമിക്കരുത്.
വിഷവാതകങ്ങളും രോഗാണുക്കളും ധാരാളം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മാസ്കോ തോർത്തോ ഉപയോഗിച്ച് മൂക്ക് മറയ്ക്കുക. കൈയുറയും ഷൂവും ധരിക്കുന്നതും നല്ലതാണ്.
വീടിനകത്ത് കയറുന്നതിന് മുൻപ് മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. വീടിനുള്ളിൽ പ്രവേശിച്ചാൽ ഉടനെ ലൈറ്റർ, സിഗററ്റ്, മെഴുകുതിരി, എന്നിവയൊന്നും കത്തിക്കരുത്.
എല്ലാ വൈദ്യുത ഉപകരണങ്ങളുടേയും പ്ലഗ്ഗ് ഊരിയിടുക.
പരിസരത്ത് മനുഷ്യരുടേയോ മൃഗങ്ങളുടേയോ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത പ്രതീക്ഷിക്കണം. മനുഷ്യരുടെ മൃതദേഹം കണ്ടാൽ പോലീസിനെ അറിയിക്കുക. മൃതദേഹത്തിൽ തൊടരുത്.
പത്തനംതിട്ടയിലെയും കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ ബിഗ്സല്യൂട്ട്. രക്ഷാപ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ച ഓരോബോട്ടിനും ഇന്ധനത്തിനു പുറമെ 3000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവർത്തനത്തിനിടെ കേടുപാടുകൾ പറ്റുകയോ തകരുകയോ ചെയ്ത ബോട്ടുകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകും. ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എങ്ങനെയാണോ എത്തിച്ചത് അതുപോലെ തന്നെ അവ തിരികെ എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തമേഖലയിൽ സമാനതയില്ലാത്ത പ്രവർത്തനമാണ് മത്സ്യത്തൊഴിലാളികൾ നടത്തിയത്. അവരെ അനുമോദിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് സ്വീകരണം നൽകാനാണ് പദ്ധതിയെന്നും പിണറായി വിജയൻ പറഞ്ഞു.
പത്തനംതിട്ടയിലെ പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഓഖി ദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയാണ് നേതൃത്വം നൽകിയത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും പാടങ്ങളിലൂടെയും ചെറിയ റോഡുകളിലൂടെയുമെല്ലാം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും ബോട്ടുകളുമോടിച്ചു ജീവൻരക്ഷാപ്രവർത്തനം നടത്തി.
ഒഴുക്കില്‍ ‘കമ്പ’ കെട്ടിയും നീന്തിയും മത്സ്യത്തൊഴിലാളികള്‍ തിരികെ പിടിച്ചത് നിരവധി ജീവനുകളാണ്. മത്സ്യത്തൊഴിലാളികളുടെ ധൈര്യവും വെള്ളത്തിലുള്ള പരിചയവും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുപോലും രക്ഷിക്കാന്‍ കഴിയാതിരുന്നവരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ സ്വന്തം പണം മുടക്കിയാണ് വണ്ടികളില്‍ വള്ളങ്ങളുമായി മത്സ്യത്തൊളിലാളികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞത്. തിരുവന്തപുരത്തുനിന്നു മാത്രം അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളും ഇരുന്നൂറ്റി അന്‍പതിലേറെ വള്ളങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രാഥമിക കണക്കനുസരിച്ച് 600 യാനങ്ങളും 4,000 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്ന രണ്ടു പൂര്‍ണ ഗര്‍ഭിണികളെ സുരക്ഷിതമായ കരക്കെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു കോട്ടയം ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷും സംഘവും. കൊശമറ്റം ആലൂംമൂട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും, പൊന്‍പള്ളി ഭാഗത്തെ വീട്ടില്‍ നിന്നുമാണു ഗര്‍ഭിണികളെ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചത്.
ഇറഞ്ഞാലില് നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള കൊശമറ്റം ആലൂംമൂട് സ്കൂളിലെ ദുരിദാശ്വാസ ക്യാമ്പിലേക്കു വെള്ളം കയറിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഈസ്റ്റ് എസ്ഐ റെനീഷും സംഘവും ഇവിടേക്കു എത്തുന്നത്. പോലീസ് സംഘം സ്ഥലത്തെത്തുമ്പോള്‍ ആരും സഹായിക്കാനില്ലാതെ അവസ്ഥയിലായിരുന്നു ക്യാമ്പിലുണ്ടായിരുന്നവര്‍.
തുടര്‍ന്നാണു പൂര്‍ണ ഗര്‍ഭിണിയായ യുവതി ക്യാമ്പില്‍ കഴിയുന്ന വിവരമറിയുന്നത്. ഉടന്‍ ഗര്‍ഭിണിയായ യുവതിയെയും അവരുടെ അമ്മയെയും പോലീസ് സംഘമെത്തിയ ചെറിയ വള്ളത്തില്‍ ഇറഞ്ഞാല്‍ ഭാഗത്തേക്കു എത്തിക്കുന്നത്.
ഇവരെ വള്ളത്തില്‍ കയറ്റി ഇറഞ്ഞാല്‍ ഭാഗത്തേക്കു എത്തിച്ച രണ്ടു കീലോമീറ്റര്‍ ദൂരം വള്ളം മറിയാതെ വള്ളത്തില്‍ പിടിച്ചു കൊണ്ടു ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷ് നീന്തുകയായിരുന്നു. പീന്നിട് മറ്റൊരു വള്ളമെത്തിച്ചാണു ക്യാമ്പിലുണ്ടായിരുന്നു 160 പേരെയും രക്ഷപ്പെടുത്തിയത്.
ഈ സമയം ഇതുവഴി വള്ളത്തില്‍ എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ടി.എസ്. റെനീഷിനും സംഘത്തിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. പീന്നിടാണു പൊന്‍പള്ളി ഞാറയ്ക്കല്‍ ഭാഗത്തുള്ള വീട്ടില്‍ ഗര്‍ഭിണിയുള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നതായി അറിയുന്നത്.
വിവരം ലഭിച്ച മിനിറ്റുകള്‍ക്കുള്ളില്‍ റെനീഷും സംഘവും സ്ഥലത്തേക്കു കുതിച്ചെത്തി. കുത്തൊഴുക്കുണ്ടായിരുന്ന ഇവിടെ അതിസാഹസികമായി ഡിങ്കി ഉപയോഗിച്ചു വടം കെട്ടിയാണു ഇവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. രക്ഷപ്പെടുത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ കഞ്ഞിക്കുഴി മൗണ്ട് കാര്‍മ്മല്‍ സ്കൂളിലും തെള്ളകം ചൈതന്യയിലുമാണു പാര്‍പ്പിച്ചിരിക്കുന്നത്.
പീന്നിട് വടവാതൂരിലെ ഫ്ളാറ്റില്‍ കുടുങ്ങിപ്പോയ രണ്ടു വയോധികരെയും പോലീസ് സംഘം രക്ഷപ്പെടുത്തി. ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷ്, എഎസ്ഐ നവാസ്, സിപിഒമാരായ അനീഷ്, മോന്‍സി, സുമേഷ് എന്നിവരാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
പ്രളയക്കെടുതിയില്‍ നിന്ന് രക്ഷതേടുന്ന കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. രാജ്യാന്തരസമൂഹം പിന്തുണയും സഹായവും നല്‍കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. സര്ക്കാ രിന്റെയും പ്രാദേശികസഭയുടെയും സംഘടനകളുടെയും ഒപ്പം താനുമുണ്ട്. മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ ത്രികാലപ്രാര്‍ഥനയ്ക്കിടെയായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം.
പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി. ഇരുപത്തിരണ്ടായിരത്തി മുപ്പത്തിനാലുപേരെ ഇന്ന് രക്ഷിച്ചു. ഇനി ഊന്നല്‍ പുനരധിവാസത്തിനാണ്. ഏഴുലക്ഷത്തി ഇരുപത്തയ്യായിരം പേര് ഇപ്പോള്‍ ദുരിതാശ്വാസക്യാംപുകളിലുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യം വേണ്ട സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കുമെന്നും പിണറായി വിജയന് തിരുവനന്തപുരത്ത് പറഞ്ഞു. ശുചീകരണം വേഗത്തിലാക്കാന്‍ പഞ്ചാത്തുകളില് ആറുവീതം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെെ നിയമിക്കും. ഓണപ്പരീക്ഷ നീട്ടിവച്ചു. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് നല്കാന് 36 ലക്ഷം പാഠപുസ്തകങ്ങള്‍ തയാറാണമെന്നും അദ്ദേഹം അറിയിച്ചു.
ദുരിതാശ്വാസ ക്യാംപില്‍ ആവശ്യമുള്ള സൗകര്യം ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഇതിനായി പ്രാദേശിക സഹകരണം ഉറപ്പാക്കും. ക്യാംപില്‍നിന്നു ജനങ്ങള്‍ക്കു വീട്ടിലേക്കു തിരികെ പോകുന്നതിനു വീടിന്റെ സൗകര്യം ഒരുക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഭക്ഷണം ഉറപ്പാക്കണം. ശുദ്ധജലം ഏറ്റവും പ്രധാനമാണ്. ജലശ്രോതസുകള്‍ അടിയന്തരമായി ശുദ്ധീകരിക്കും. ശുദ്ധജല പൈപ്പുകള്‍ മുറിഞ്ഞതു വേഗത്തില്‍ പുനസ്ഥാപിക്കും. പുനരധിവാസത്തില്‍ സഹായിക്കാന്‍ കഴിയുന്ന എല്ലാവരുടേയും സഹായം തേടും. റസിഡന്‍സ് അസോസിയേഷനുകള്‍ക്കു ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞുക്യാംപുകളില്‍ പരമാവധി വനിതാപൊലീസുകാരെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ക്യാംപില്‍ മരിച്ച ചിത്തിരപുരം രണ്ടാം മൈലില്‍ വട്ടത്തേരില്‍ സുബ്രഹ്മണ്യന്റെ (65) മൃതദേഹം പള്ളി വക സെമിത്തേരിയില്‍ സംസ്കരിച്ചു. വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തിലായിരുന്നു സംസ്കാരം. മൃതദേഹം സംസ്കരിക്കാന്‍ ആറടി മണ്ണു തേടി അലഞ്ഞവര്‍ക്ക്, രൂപത വികാരി ജനറല്‍ ഫാ.ഡോ. ജസ്റ്റിന് മഠത്തിപ്പറമ്പില്‍ അനുമതി നല്‍കിയതോടെയാണു സംസ്കാരം നടന്നത്.
മഴക്കെടുതിയെ തുടര്‍ന്നു വീടുകളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവരെ ചിത്തിരപുരം ഗവ. എച്ച്എസ്എസിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ പത്തോടെ, സെന്റ് ആന്‍സ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പില്‍ ക്യാംപ് സന്ദര്‍ശിച്ചപ്പോഴാണു സുബ്രഹ്മണ്യന് മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാല്‍ സംസ്കരിക്കാന്‍ സ്ഥലമില്ലെന്നു സുബ്രഹ്മണ്യന്റെ മകന് സുരേഷും മരുമകന് മണിയും വൈദികനോടു പറഞ്ഞു.
ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്കരിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. വികാരി ജനറല്‍ അനുമതിയും നല്‍കിയതോടെ, ഫാ. ഷിന്റോ ഈ വിവരം ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു. തുടര്‍ന്ന് സംസ്കാരം നടത്തുകയായിരുന്നു.
പള്ളികെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു, കൂടെയുള്ളവർ അവിടെ മരിച്ച് കിടക്കുന്ന’. എറണാകുളം കുത്തിയതോട്ടിൽ യുവാവിന്റെ പ്രധിഷേധം. ഒപ്പമുണ്ടായിരുന്നവര്‍ മരിച്ചിട്ട് മൂന്നു ദിവസയായി. മൃതദേഹങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍ കിടക്കുകയാണ്. അഭയം തേടി ഓടിക്കയറിയ കെട്ടിടം തന്നെ അവര്‍ക്ക് കാലനായി. ആറുപേര്‍ മരിച്ചിട്ടും ബാക്കിയുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണെന്നു അറിഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്നതിനെതിരെയാണ് യുവാവിന്റെ പ്രതിഷേധ സന്ദേശം.
തെരഞ്ഞെടുപ്പ് സമയത്താണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരുമായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, രക്ഷാപ്രവര്‍ത്തകര്‍, നേവി, രാഷ്ട്രീയ നേതാക്കള്‍ ഇവരാരും എത്തിയില്ല. കുടിവെള്ളം പോലും ലഭിച്ചില്ല.’ മൂന്നു ദിവസത്തോളമായി തങ്ങള്‍ നേരിട്ട കഷ്ടപ്പാടിന്റെ നേര്‍ചിത്രമായി യുവാവിന്റെ വീഡിയോ പുറത്ത് വന്നു.
വെള്ളവും, ഭക്ഷണവും ലഭിച്ചില്ലെന്നും പള്ളിയുടെ കെട്ടിടത്തിന് സമീപത്ത് കൂടെ നാവിക സേനയുടെ ബോട്ട് കടന്നുപോയതല്ലാതെ സഹായം ലഭിച്ചില്ലെന്നും യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു. ക്യാമ്പ് തന്നെ വെള്ളത്തിലായിട്ട് പോലും ആരു തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ യുവാവിനുള്ള പിന്തുണ ഏറുകയാണ്. ആളുകള്‍ രക്ഷയ്ക്കായി അഭയം തേടിയ പള്ളി കെട്ടിടം ഇടിഞ്ഞ് ആറുപേര്‍ വെള്ളത്തിനടിയില്‍ മരിച്ച് കിടക്കുകയാണെന്നും യുവാവ് പറയുന്നുണ്ട്.
മലയാളികളുടെ കണ്ണുകളെ ഒന്നടങ്കം ഈറനണിയിച്ച് പറന്നു പോയ മാലാഖയാണ് നഴ്സ് ലിനി. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുമ്പോള്‍ രോഗിയില്‍ നിന്ന് പിടിപെട്ട നിപ്പ വൈറസ് തന്റെ ജീവനെടുത്തപ്പോഴും മറ്റാരും അതില്‍ വലയരുത് എന്ന ദൃഢ നിശ്ചയമെടുത്ത ലിനിയെ ഇന്നും കേരളക്കര മറന്നിട്ടില്ല. ലിനിയുടെ മരണത്തോടെ ഭര്‍ത്താവ് സജീഷിന്റെയും കുട്ടികളുടെയും മുഖം ഓരോ മലയാളിയുടെയും മനസ്സ് അസ്വസ്തമാക്കിക്കൊണ്ടേയിരുന്നു.
പിന്നീട് ലിനിയുടെ ഭര്‍ത്താവ് സജീഷിന് ലിനി ജോലി ചെയ്ത അതേ ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലി ലഭിച്ചപ്പോളും മലയാളികള്‍ ആ സന്തോഷത്തില്‍ ഒത്തു ചേര്‍ന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവള്‍ ലോകത്തു നിന്നു മറഞ്ഞപ്പോള്‍ തനിക്ക് താങ്ങും കരുത്തുമായി നിന്ന, തന്നെയും കുഞ്ഞുങ്ങളേയും നെഞ്ചോട് ചേര്‍ത്ത മലയാളികളുടെ ദുരിതത്തില്‍ സജീഷും പങ്ക് ചേരുകയാണ്. തനിക്ക് കിട്ടിയ സര്‍ക്കാര്‍ ജോലിയുടെ ആദ്യ ശമ്പളം സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാണ് സജീഷ് വീണ്ടും മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുന്നത്. പേരാമ്പ്ര കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ്