Latest News

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെഫിന്‍ കോടതി വളപ്പില്‍ വച്ച് വീഡിയോ കോള്‍ ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. വീഡിയോ കോളിന് ഉപയോഗിച്ച ഫോണ്‍ ഷെഫിന്റെ ബന്ധുവില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ഷെഫിന്റെ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് ഇയാള്‍ വീഡിയോ കോള്‍ ചെയ്തത്.

സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുരഷാ ഡ്യൂട്ടിക്കാരായ എആര്‍ ക്യാംപിലെ ഏഴ് പോലീസുകാര്‍ക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏഴ് ഉദ്യോഗസ്ഥരും പോലീസ് വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.

ഏറ്റുമാനൂര്‍ കോടതി വളപ്പില്‍ ബന്ധുവിന്റെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരുമായാണ് ഇയാള്‍ സംസാരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പോലീസുകാര്‍ ഇതേ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. പ്രതിയെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാനോ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താനോ ഇവര്‍ തയ്യാറായില്ല.

തിരുവനന്തപുരം:  എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പി.യുടെ മകള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മൊഴി നല്‍കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തത്.

ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് പോലീസുകാരന്റെ പരാതി ഇങ്ങനെയാണ്. എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു.

ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് എ.ഡി.ജി.പി.യോട് പരാതിപ്പെട്ടിരുന്നതായും പോലീസുകാരന്‍ പറയുന്നു.

വൈപ്പിന്‍: സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി മെമ്പറുമായ വി.കെ. കൃഷ്ണന്‍(74) ആത്മഹത്യ ചെയ്തു. 74 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ആത്മഹത്യാക്കുറിപ്പ് ഏല്‍പ്പിച്ച ശേഷം കായലില്‍ ചാടുകയായിരുന്നു.

കൃഷ്ണനെ കണ്ടെത്തുന്നതിനായി കായലില്‍ തെരെച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. പിന്നീട് കണ്ണമാലി കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സിപിഎം എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ കൃഷ്ണന്‍ ആരോപിക്കുന്നു.

മെയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം പ്രസിഡന്റ് സ്ഥാനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെയാണ് പട്ടികജാതി സംവരണ സ്ഥാനമായ പഞ്ചായത്ത് പ്രസിഡന്റ് കസേര കൃഷ്ണന് ലഭിക്കുന്നത്. സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയച്ചുണ്ടായ ആത്മഹത്യ ആയതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടക്കാനാണ് സാധ്യത.

കൊല്ലം: ഗര്‍ഭിണിയായ മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിന് ജീവപര്യന്തം ശിക്ഷ. കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. 2014 ഒക്‌ടോബര്‍ 17ന് അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നത്.

2014 മെയിലായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചു വന്ന പെണ്‍കുട്ടി സ്വന്തം അമ്മ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് വീട്ടിലേയ്ക്ക് വരികയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിക്കൊപ്പം ഭര്‍ത്താവും വന്നിരുന്നു. എന്നാല്‍ ഭര്‍ത്താവ് ജോലിക്കു പോയ സമയത്ത് അച്ഛന്‍ മകളെ പീഡിപ്പിക്കുകയായിരുന്നു.

ഗര്‍ഭിണിയായിരുന്നിട്ടും സ്വന്തം മകളോട് ക്രൂരത കാണിച്ച പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.

 

റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വിലക്കി ബ്രിട്ടീഷ് സർക്കാർ. ഫുട്ബാൾ ആവേശം അതിരുകടന്നപ്പോൾ സംഭവിച്ച കൈയാങ്കളിയെ തുടർന്നാണ് ലോകകപ്പ് കാണുന്നതിൽ നിന്ന് ഇംഗ്ലണ്ട് ആരാധകരെ വിലക്കാൻ ബ്രിട്ടീഷ് സർക്കാർ നിർബന്ധിതരായത്.

Image result for hooligan in england football

ലോകകപ്പ് മത്സരങ്ങൾക്കിടയിൽ കൈയാങ്കളി നടത്തുന്നതിൽ കുപ്രസിദ്ധി നേടിയവരാണ് ഇംഗ്ലീഷ് തെമ്മാടികൾ എന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന്റെ ഹൂളിഗൻസ് ഫുട്ബോൾ ലോകത്തെ ആരാധകർക്കിടയിൽ കുപ്രസിദ്ധരാണ്. സ്വന്തം ടീമിനെ പിന്തുണയ്ക്കാനെത്തുന്നവർ എതിരാളികളുടെ ആരാധകർക്കിടയിൽ ആക്രമണം അഴിച്ചു വിടുന്നത് പതിവാണ്. പലപ്പോഴും രൂക്ഷമായ രക്തച്ചൊരിച്ചിലിലാണ് ഹൂളിഗൻസിന്റെ ആക്രമണം അവസാനിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് ബ്രിട്ടീഷ് സർക്കാർ വിസ തടഞ്ഞത്. 2016 ൽ നടന്ന യൂറോകപ്പിലാണ് ഇതിനു മുൻപ് റഷ്യൻ ഇംഗ്ലീഷ് ആരാധകർ തമ്മിൽ ഏറ്റുമുട്ടിയത്.

Image result for hooligan in england football

1254 പേരുടെ പാസ്സ്പോർട്ടുകളാണ് ഇതിനോടകം ബ്രിട്ടീഷ് ഗവൺമെന്റ് പിടിച്ചു വച്ചത്. ബ്രിട്ടനിൽ നിന്ന് 10000 ത്തോളം ആരാധകർ റഷ്യയിലേക്ക് പോകുന്നുണ്ട്. പിടിച്ചെടുത്ത പാസ്‌പോർട്ടുകൾ തിരിച്ചു നൽകുന്നത് ടൂർണമെന്റിൽ ഇംഗ്ലണ്ട് ടീം പുറത്താകുന്നത് അനുസരിച്ചാകും. മത്സരം അലങ്കോലമാകാതിരിക്കാൻ റഷ്യയും മുൻകരുതലുകൾ ക്രമീകരിച്ചിട്ടുണ്ട്. ഹൂളിഗൻസ് റഷ്യയിലെത്തുകയാണെങ്കിൽ കൂടെ പൊരിഞ്ഞ അടിയും ഉണ്ടാകും.

പ്രണയത്തിന്റെ മനോഹര ഒാര്‍കളുമായി അവള്‍ നടന്ന ആ കോളജിന്റെ മണ്ണില്‍ കെവിന്റെ തീരാനഷ്ടത്തിന്റെ ഒാര്‍മകളുമായി നീനു എത്തി. വിധിയോട് അവള്‍ ചിരിച്ചെങ്കിലും ആ പ്രണയത്തിന് കൂട്ടുനിന്ന ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ ഒരിക്കല്‍ കൂടി പൊട്ടിക്കരഞ്ഞു. കരയാന്‍ മറന്നിട്ടില്ല എന്നു സ്വയം തെളിയിക്കാനെന്നോണം. കേരളം ചേര്‍ത്ത് പിടിച്ച നീനുവിനെ പ്രിയ കൂട്ടുകാരും നെഞ്ചോടണച്ചു.

കാഴ്ചയുടെ ലോകം ഈ 17 ദിവസം കെവിന്റെ വീടുമാത്രമായിരുന്നു. അവള്‍ അറിഞ്ഞു ആ വീട്ടിനുള്ളില്‍ കെവിന്റെ ജീവിതം. അവനോളം അവളെ സ്നേഹിക്കുന്ന ആ വീട്ടുകാരുടെ സ്നേഹം. പക്ഷെ പഠിക്കണമെന്ന അവന്‍റെ സ്വപ്നത്തിനായി ഇന്നലെ അവള്‍ പുറത്തിറങ്ങി. ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കില്‍ പ്രണയിനിയെ കാത്ത് നിന്ന ആ കോളജ് കാവാടത്തിലേക്ക് പ്രണയത്തിന്റെ എവറസ്റ്റ് കീഴടക്കിയ ‍ജേതാവിന്റെ സന്തോഷത്തോടെ കെവിന്‍ അവളെ പ്രിയ ബൈക്കിന്റെ പിറകിലിരുത്തി കൊണ്ടുപോയേനെ. കാലം ആ മുഹൂര്‍ത്തത്തിന് വില്ലനായി.

കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളജിലേക്ക് കൊണ്ടുപോയത്. രാവിലെ തന്നെ മെഴുതിരി നാളത്തിന്റെ വെളിച്ചത്തില്‍ ചിരിക്കുന്ന കെവിന്റെ ചിത്രത്തിന് മുന്നില്‍ അവള്‍ മൗനമായി നിന്നു. കെവിന്റെ ചേച്ചിയുടെ ചുരിദാറാണ് നീനു ധരിച്ചത്. അമ്മ മേരി അവള്‍ക്കായി പൊതിച്ചോറ് നീട്ടി. ഒരു പക്ഷേ അമ്മയുടെ ഉള്ളുതുറന്നുള്ള സ്നേഹം അവള്‍ക്ക് സമ്മാനിച്ചത് ദൈവപുത്രന്റെ അമ്മയുടെ പേരുള്ള മേരിയില്‍ നിന്നാകും.
ജോസഫ് ബൈക്കിന്റെ കിക്കറടിച്ചപ്പോള്‍ ആ വീടൊന്നുണര്‍ന്നു. 17 ദിവസം നീണ്ട ഉറക്കത്തില്‍ നിന്ന്. കോളജിലേക്കായിരുന്നില്ല അവരുടെ ആദ്യ യാത്ര. കെവിനെ ഒാര്‍ത്ത് ആദ്യമായി വിങ്ങിപ്പൊട്ടിയ അവളുടെ കണ്ണീരു വീണലിഞ്ഞ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരതയുടെ രംഗങ്ങള്‍ അരങ്ങേറിയ ആ പൊലീസ് സ്റ്റേഷന്‍ ഒരിക്കല്‍ കൂടി കാണേണ്ടി വന്നപ്പോള്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി പാഞ്ഞിട്ടുണ്ടാകും ആ മനസിലൂടെ. പക്ഷേ അന്ന് വാവിട്ട് കരഞ്ഞിട്ടും കേള്‍ക്കാത്ത സാറന്‍മാരുടെ മുന്നില്‍ ചങ്കുറപ്പോടെ തലയുയര്‍ത്തി അവള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കെത്തി. കോട്ടയം എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജോസഫും നീനുവും ഒരിക്കല്‍ കൂടി പൊലീസ് സ്റ്റേഷന്റെ വാരാന്ത കയറിയത്. കാര്യം അവതരിപ്പിച്ച ശേഷം അവിടെ നിന്ന് വേഗം ഇറങ്ങി. നല്ല ഒാര്‍മകള്‍ മാത്രം സമ്മാനിച്ച പ്രിയ കലായത്തിലേക്ക് അവരെയും കൂട്ടി ബൈക്ക് പാഞ്ഞു.
അവളെ ഒരുനോക്കു കാണാന്‍ ആ കലാലയം കൊതിച്ചിരിക്കുകയായിരുന്നു. കെവിന്‍ കാത്ത് നില്‍ക്കാറുള്ള സ്ഥലങ്ങള്‍, ആദ്യമായി സുഹൃത്തിന്റെ പ്രണയത്തിന് ദൂതുമായി കെവിന്‍ കലായത്തിലെത്തിയ നിമിഷം ഒക്കെ. അവിടെ നീനുവിന് മാത്രം ഒരിക്കല്‍ കൂടി ദൃശ്യമായി. പിന്നീട് നേരെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക്. അവിടെ നിന്നും കാത്തിരിക്കുന്ന പ്രിയ കൂട്ടുകാരുടെ ഇടയിലേക്ക്. ഒാര്‍കളുടെ പേമാരികള്‍ക്ക് ഉള്ളില്‍ ഉരുള്‍പൊട്ടുമ്പോള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ പഴയ നീനുവായി. ഇടയ്ക്ക് വിതുമ്പിയെങ്കിലും ചങ്ങാതിമാരുടെ ആ കരുത്ത് അവള്‍ക്ക് തുണയായി.

എന്റെ മോള് പഠിക്കട്ടെ. അവള്‍ക്കായി എന്നെകൊണ്ടാവുന്നത് ഞാന്‍ ചെയ്തുകൊടുക്കും. ഏതു കാറ്റിലും ഉലയാത്ത ആ അച്ഛന്‍ ഉറപ്പിച്ചുപറഞ്ഞു. ജോസഫ് കോളജിന്റെ കവാടം കടന്നിറങ്ങുമ്പോഴും ചാരത്തില്‍ നിന്നുയര്‍ന്ന നീനുവിനെ നോക്കി കെവിന്‍ എവിടെ നിന്നോ പുഞ്ചിരിക്കുന്നുണ്ടാകും. തീര്‍ച്ച.

ന്യൂഡെല്‍ഹി : രാജ്യ തലസ്ഥാനം ഞായറാഴ്ചയ്ക്ക് ശേഷം വീണ്ടും യുദ്ധക്കളമാകും. ഞായറാഴ്ചയ്ക്കുള്ളില്‍ ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തീരുമാനമെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രി മോദിയായിരിക്കും കുടുങ്ങുന്നത് . ഉദ്യോഗസ്ഥവൃന്ദം തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ . വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ് മുന്നറിയിപ്പു നല്‍കി. രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിനായിരിക്കും ഞായറാഴ്ചയ്ക്ക് ശേഷം ഡെല്‍ഹി സാക്ഷ്യം വഹിക്കുക.

ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാകുന്നു. 2013 ല്‍ കോണ്‍ഗ്രസ്സിന്റെ അഴിമതിക്കെതിരെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതെങ്കില്‍, ഇന്ന് ബി.ജെ.പിയുടെ ഫാസിസത്തിനെതിരെയാണ് സമരം നടക്കുന്നത് എന്നതാണ് വ്യത്യാസം. കോണ്‍ഗ്രസ്സിനും മന്‍മോഹനുമെതിരെ സമരം ആരംഭിച്ചത് India Against Corruption (IAC) എന്ന സംഘടനയായിരുന്നെങ്കില്‍, ബി.ജെ.പിക്കും മോദിക്കുമെതിരെ പ്രക്ഷോഭം നടത്തുന്നത് ഒരു സംസ്ഥാന മുഖ്യമന്ത്രിയും സര്‍ക്കാറും അഴിമതി വിരുദ്ധ സമരത്തിലൂടെ ഉയര്‍ന്നു വന്നഅവരുടെ പാര്‍ട്ടിയുമാണ്. കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും!

ഗവര്‍ണ്ണര്‍ക്കെതിരെയാണ് ആദ്യം സമരം ആരംഭിച്ചത്. ഡല്‍ഹി സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് ഗവര്‍ണ്ണര്‍ തുടര്‍ച്ചയായി അംഗീകാരം നല്‍കിയില്ല. ഉദ്യേഗസ്ഥരുടെ നിസഹകരണത്താല്‍ പല പദ്ധതികളും നിലച്ചു. ഇവര്‍ക്കെതിരെ തീരുമാനമാകാതെ പോകില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെജ്രിവാളും മുന്ന് മന്ത്രിമാരും (മനിശ് സിസോദിയ, സത്യേന്തര്‍ ജയിന്‍, ഗോപാല്‍ റായ്) ഗവര്‍ണ്ണറുടെ വസതിയില്‍ 4 – മം ദിവസവും സമരം തുടരുകയാണ്. ഇവരെ കാണാന്‍ പോലും ഗവര്‍ണ്ണര്‍ തയ്യാറാകുന്നില്ല. രണ്ടാം ദിവസം മുതല്‍ മന്ത്രി സത്യേന്തര്‍ ജയിനും ഇന്നലെ മുതല്‍ (സമര ദിവസം 3) ഉപമുഖ്യമന്ത്രി മനിശ് സിസോദിയും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയില്‍ നിന്ന് ഗവര്‍ണ്ണറുടെ വസതിയിലേക്ക് കാല്‍ ലക്ഷം ദില്ലിക്കാര്‍ അണിനിരന്ന ബഹുജന മാര്‍ച്ച് നടന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും മാര്‍ച്ചില്‍ അണിനിരന്നു. കെജ്രിവാളും മുതിര്‍ന്ന നേതാക്കളും ഗവര്‍ണ്ണറുടെ വീട്ടില്‍ സമരത്തിലായതിനാല്‍, പങ്കജ് ഗുപ്ത, സഞ്ചയ് സിംഗ്, ആരതി മെര്‍ലിന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാര്‍ട്ടികളായ CPIM, SP, JDU, RLD, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ പ്രക്ഷോഭത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു . കേന്ദ്ര സര്‍ക്കാറാണ് ഗവര്‍ണ്ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ തടസ്സപ്പെടുത്തുന്നത്. സമരത്തിന്റെ 4 – മം ദിവസമായ ഇന്ന് സമരക്കാര്‍ രാജ്ഘടില്‍ ഒത്തുകൂടും.

ലോകസഭാ ഇലക്ഷന്‍ തൊട്ട് മുമ്പില്‍ നില്‍ക്കുമ്പോള്‍ തലസ്ഥാനം വീണ്ടും ശക്തമായ പ്രക്ഷോഭത്തിന് സാക്ഷിയാവുകയാണ്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. 2012 ജന്‍ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച BJP, പിന്നീട് ലോക്പാല്‍ ബില്ലിനെ മറന്നു. ഇവയെല്ലാം പൊളിച്ചടുക്കുന്ന പ്രക്ഷോഭമായി ഇത് മാറുമോ എന്നാണ് രാഷ്ട്രം ഒറ്റുനോക്കുന്നത്. കെജ്രിവാള്‍ വീണ്ടും ജന്തര്‍ മന്ദറിലേക്ക്!

‘ ഉദ്യോഗസ്ഥരുടെ സമരം ഞായറാഴ്ചയോടെ പരിഹരിച്ചില്ലെങ്കില്‍ എ.എ.പി നേതാക്കന്മാരും പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ധര്‍ണ നടത്തും. വ്യാഴാഴ്ച പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും മെഴുകുതിരി മാര്‍ച്ച് നടത്തും.’ അദ്ദേഹം പറഞ്ഞു.

ഐ.എ.എസ് ഓഫീസര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് എ.എ.പി സര്‍ക്കാര്‍ പ്രതിഷേധം നടത്തുന്നത്. ഈ ആവശ്യമുന്നയിച്ച് മൂന്നു ദിവസമായി ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. റേഷന്‍ ഡെല്‍ഹിയിലെ ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന നിര്‍ദേശം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അംഗീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

അതിനിടെ, ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നടത്തുന്ന നിരാഹാര സമരത്തില്‍ താനും പങ്കുചേരുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന കെജ്രിവാളിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് എ.എ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്കു സമീപമുള്ള തെരുവില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. ‘കെജ്രിവാള്‍ നിങ്ങള്‍ പൊരുതൂ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എ.എ.പി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം.

റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ പൂരത്തിന് അരങ്ങുണരുമ്പോള്‍ കേരളത്തിലെ മനസ്സും അവിടെയാണ്. ഫുട്ബോൾ ആരാധകർ കണ്ണുംനട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്റെ കാഴ്ചകള്‍ക്കായി. ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ആവേശത്തിമിര്‍പ്പിലാണ്. അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ മാറ്റിയാണ് മിക്കവരും ഇഷ്ട ടീമിനെ പ്രഖ്യാപിക്കുന്നത്.

ഈ ആവേശം കേരള മുഖ്യമന്ത്രിയിലേക്കും പകർന്നിരിക്കുകയാണ്. തന്റെ കൊച്ചു മകനൊപ്പം ഫുട്‌ബോള്‍ തട്ടുന്ന ചിത്രം ഫെയ്‌സ്ബുക്ക് കവറില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് അദ്ദേഹം തന്റെ ആവേശം പ്രകടമാക്കിയത്

.

തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി തന്റെ ഫുട്‌ബോള്‍ ടീം വെളിപ്പെടുത്തിയത്. മന്ത്രിയുടെ ഫോട്ടോ നിരവധി അര്‍ജന്റീന ആരാധകരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റ് കണ്ട അര്‍ജന്റീന് ആരാധകര്‍ ആവേശത്തിലാണെങ്കില്‍ ‘ആശാനേ ഇത് കൊലചതി ആയി പോയി നിങ്ങ ബ്രസീല്‍ ആരാധകരുടെ ചങ്കില്‍ ആണ് ഈ പോസ്റ്റ് ഇട്ടതു’ എന്നാണ് ബ്രസീല്‍ ആരാധകരുടെ പരിഭവം.

നാലു വര്‍ഷം നീണ്ട ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി റഷ്യയില്‍ പന്തുരുളും. കിക്കോഫിന് അര മണിക്കൂര്‍ മുമ്ബ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ ‘കൂടെ’യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി ചെയ്യുന്ന ചിത്രമാണിത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ ‘ആരാരോ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പാട്ടിന്റെ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ആന്‍ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി, നസ്രിയ നസീം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാലാ പാര്‍വതി, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് എം. ജയചന്ദ്രനാണ്.

കേവലം രണ്ടായിരം രൂപയ്ക്ക് വേണ്ടി നിങ്ങള്‍ ഇല്ലാതാക്കിയത് ഒരു ജീവനാണ് ഡോക്ടറേ… എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചുതരാന്‍ പറ്റുമോ…’ നെഞ്ചുപൊട്ടി ഒരമ്മ കരഞ്ഞുകൊണ്ട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പാറ കെടിസിടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഞെക്കാട് സ്വദേശിയായ ശ്രീജയായിരുന്നു മരണമടഞ്ഞത്. ഇതിനെതുടര്‍ന്നാണ് ബന്ധുക്കൾ ഡോക്ടറുടെ കാർ തടഞ്ഞത്.

സിസേറിയനു മുമ്പായി അലര്‍ജി പരിശോധനകള്‍ നടത്താതെ കുത്തിവയ്പ്പെടുത്തതാണു മരണകാരണമെന്നും 2000 രൂപയ്ക്കു വേണ്ടി ഡിസ്ചാർജ് മണിക്കൂറുകളോളം വൈകിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനം ഡോക്ടര്‍ക്കെതിരെ ഉയര്‍ന്നതോടെ വിശദീകരണവുനമായി ഡോക്ടര്‍ ബേബി ഷെറിൻ രംഗത്തെത്തി. ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. ദേവ് രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ നടന്ന സംഭവങ്ങൾ പറയുന്നത്. പോസ്റ്റിനൊപ്പം വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം

പ്രിയമുള്ളവരെ, ഞാൻ ഡോ. ബേബി ഷെറിൻ. കഴിഞ്ഞ 48 മണിക്കൂർ സോഷ്യൽ മീഡിയയിൽ അനവധി പേരാൽ അധിക്ഷേപിക്കപ്പെട്ട, അപമാനിക്കപ്പെട്ട, അസഭ്യവും ആഭാസ പരവുമായ വാക്കുകളാൽ വേദനയനുഭവിച്ച ഒരു സ്ത്രീ. എന്നെ കല്ലെറിഞ്ഞവരോടും വാക്കുകൾ കൊണ്ട് വ്രണപ്പെടുത്തിയവരോടും എനിക്ക് പരിഭവമില്ല, പകരം സഹതാപം മാത്രം. കാരണം ഒരു ശതമാനം തെറ്റ് പോലും ഈ സംഭവത്തിൽ എന്റെ ഭാഗത്തില്ല എന്ന് എനിക്കുറപ്പുള്ളതിനാലും എന്നെ അറിയുന്നവർക്കും സർവ്വ ശക്തനായ ഈശ്വരനും ഞാനീ സംഭവത്തിൽ നിരപരാധിയാണ് എന്ന് അറിയുന്നത് കൊണ്ടും.

ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ മകളായ ഞാൻ പൊതു വിദ്യാലയത്തിൽ പഠിച്ച് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദവും സർക്കാർ മെരിറ്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് ആതുര ശുശ്രൂഷ രംഗത്ത് കടന്ന് വന്നത്. സാധാരണക്കാരിൽ സാധാരണക്കാരിയായ ഞാൻ ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് വളർന്നതിനാൽ ഒരു ഡോക്ടർ എന്ന നിലയിൽ ഒരിക്കലും എന്റെ മുന്നിലെത്തുന്ന രോഗികൾക്ക് അഹിതമായിട്ടൊന്നും ചെയ്തിട്ടില്ല, ഇനിയൊട്ട് ചെയ്യില്ല താനും.

സോഷ്യൽ മീഡിയയിലെ മുഖ്യ ആരോപണം ഞാൻ 2000 രൂപയ്ക്ക് വേണ്ടി രോഗിയെ ഡിസ്ചാർജ് ചെയ്യാൻ വൈകിച്ചു എന്നതാണ്. ആശുപത്രിയിലെ അക്കൗണ്ട്സുമായോ അഡ്മിനിസ്ട്രേഷനുമായോ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഇങ്ങനെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. എന്റെ ചികിത്സയിലായിരുന്ന ഒരു രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് എല്ലാ ഡോക്ടർമാരെപ്പോലെ ഞാനും നിസ്സഹയായി പോകുന്ന ഒരു സാഹചര്യമുണ്ടായി എന്നത് സത്യമാണ്. അതിന്റെ പേരിൽ തെറ്റ് ചെയ്യാത്ത എന്നെ കല്ലെറിയുന്നതിൽ വിഷമമില്ല. എന്നെ അറിഞ്ഞിട്ടുള്ള, ഞാൻ പരിചരിച്ചിട്ടുള്ള ആയിരക്കണക്കിന് രോഗികളുടെ പ്രാർത്ഥനയും സംതൃപതിയും മതി ഈ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകാൻ.

RECENT POSTS
Copyright © . All rights reserved