തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബറ്റാലിയന്‍ ചുമതലയില്‍നിന്ന് നീക്കിയത്. എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ പുതിയ ചുമതല.
പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കാന്‍ അവസരം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നല്‍കാന്‍ ആലോചിക്കുന്നത്. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അതിനു മുമ്പുതന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കന്‍ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പോലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ശ്രീനഗര്‍: സി.ആര്‍.പി.എഫ് വാഹനം തട്ടി ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം. വാഹനം തട്ടി മരിച്ച കൈസര്‍ അഹമ്മദിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം അക്രമാസക്തരായി പ്രതിഷേധിച്ചതോടെ സൈന്യം കണ്ണീര്‍ വാതകവും പെല്ലറ്റ് ഗണ്ണും പ്രയോഗിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ആയിരക്കണക്കിനാളുകള്‍ അഹമ്മദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തി.
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ജമ്മുകശ്മീര്‍ പോലീസ് മൃതദേഹം കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്.
വെള്ളിയാഴ്ചയാണ് കശ്മീരില്‍ യുവാവ് സി.ആര്‍.പി.എഫ് വാഹനം ഇടിച്ച് മരിച്ചത്. നവ്ഹാട്ടയിലെ ജാമിയ മസ്ജിദ് പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. പള്ളിയിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു എന്നാണ് സി.ആര്‍.പി.എഫിന്റെ വിശദീകരണം. യൂനിസ് അഹമ്മദ്, കൈസര്‍ അഹമ്മദ് എന്നീ യുവാക്കളെയാണ് സി.ആര്‍.പി.എഫ് വാഹനം ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അര്‍ദ്ധരാത്രിയോടെ അഹമ്മദ് കൈസര്‍ അഹമ്മദ് മരിച്ചു.
സംഭവത്തില്‍ സി.ആര്‍.പി.എഫ് ഡ്രൈവര്‍ക്കെതിരെ ഐ.പി.സി 279, ആര്‍.പി.സി 337 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കല്ലേറുകാര്‍ക്കെതിരെ ഐ.പി.സി 307, 148, 149, 152, 336, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
ഗുവഹാട്ടി: മകളെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. അസമിലെ ദിബ്രുഘഢ് കോടതി പരിസരത്ത് വെച്ചാണ് കൊലപാതകം നടന്നത്. കോടതി പരിസരത്തുണ്ടായിരുന്ന പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമം നടന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആസം സ്വദേശിയായ പൂര്‍ണ നഹര്‍ ദേഖ മകളെ ബലാത്സംഗം ചെയ്തുവെന്ന് ഭാര്യ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം.
ബലാത്സംഗം കേസില്‍ ദേഖയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വാദം കേള്‍ക്കാന്‍ ദിബ്രുഘഢ് കോടതിയിലേക്ക് വരുന്ന വഴിക്കാണ് ഭാര്യയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാജ പരാതി നല്‍കിയതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമെന്ന് ദേഖ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചുകാലമായി ദേഖയും ഭാര്യയും തമ്മില്‍ അടുപ്പത്തിലല്ല. ഇരുവരുടെയും കുടുംബ വഴക്ക് രൂക്ഷമായിരുന്നു. തുടര്‍ന്നാണ് ദേഖയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച് ഭാര്യ രംഗത്ത് വന്നത്. ഒമ്പത് മാസം മുമ്പായിരുന്നു റിഥ നഹര്‍ ദേഖ ഭര്‍ത്താവ് മകളെ ബലാത്സംഗം ചെയ്തുവെന്ന് പോലീസില്‍ പരാതി നല്‍കിയത്.
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ലുലുമാളിലേക്കുള്ള സ്കൈവോക് തുറന്നു. രാവിലെ 9 മുതൽ രാത്രി പത്ത് മണിവരെയാണ് സ്കൈവോകിലൂടെ ലുലുമാളിലേക്കുള്ള പ്രവേശനം.
വ്യാപാരകേന്ദ്രങ്ങളോട് ചേർന്നുള്ള മെട്രോ സ്റ്റേഷനുകൾക്ക് സമീപം റോഡുകളിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപാരസ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള നടപ്പാതകൾ. കൊച്ചി മെട്രോയുടെ ആദ്യത്തെ ആകാശപാതയാണ് ലുലുമാളിലേത്.
ഇടപ്പള്ളി മെട്രോസ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ഇനി മഴയും റോഡിലെ തിക്കും തിരക്കും ഒന്നും അനുഭവിക്കേണ്ട. നേരിട്ട് മാളിനുള്ളിലേക്ക് പ്രവേശിക്കാം. പുറത്തുള്ളവർക്കും സ്റ്റേഷന്റെ കവാടത്തിലെ ലിഫ്റ്റ് വഴി ഒന്നാം നിലയിലെത്തി നേരെ ലുലുമാളിലേക്കെത്താം. സ്റ്റേഷനുകൾക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം ഇതു പോലെ സ്വന്തം ചെലവിൽ സ്കൈവോക് നിര്മിക്കാം.
അഞ്ച് കോടി ചെലവഴിച്ച് ആറ് മാസം കൊണ്ടാണ് സ്കൈവോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. മൂന്ന് കോച്ചിന്റെ മാതൃകയിലാണ് ലുലുവിലേക്കുള്ള ആകാശപാത. സ്കൈവോക് യാഥാർഥ്യമായതോടെ ലുലുവിന് സമീപത്തെ റോഡുകളിലെ ജനത്തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.
ഊട്ടി-മേട്ടുപ്പാളയം ദേശീയപാതയിലെ മന്തടയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. 33 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ദുരന്തം.ഊട്ടിയിൽനിന്നു കുന്നൂരിനു പോകുകയായിരുന്ന ബസാണ് എതിരെവന്ന വാഹനത്തിന് അരികുകൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
ഊട്ടി സ്വദേശി ശാന്തകുമാരി(55), ഊട്ടി കാന്തൽ സ്വദേശി അൽമാസ്(29), ഊട്ടി ഞൊണ്ടിമേട് സ്വദേശി നന്ദകുമാർ(36), കുന്നൂർ സ്വദേശികളായ ദിനേശ്(30), പുഷ്പൻ(30), പേളിതല സ്വദേശി ധർമൻ (64), ബംഗളൂരു സ്വദേശി ജയശ്രീ(45)എന്നിവരാണ് മരിച്ചത്. അൽമാസ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ സംഭവസ്ഥലത്തുമാണ് മരിച്ചത്. ബസ് ഡ്രൈവർ രാജ്കുമാർ ഉൾപ്പെടെ പരിക്കേറ്റവരെ കോയന്പത്തൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഊട്ടി, കുന്നൂർ സ്റ്റേഷനുകളിൽനിന്നെത്തിയ അഗ്നി-രക്ഷാസേനാംഗങ്ങളും പ്രദേശവാസികളും മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
കാഷ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനും റൈസിംഗ് കാഷ്മീർ എഡിറ്ററുമായ ഷുജാത് ബുഖാരി(50)യെയും അംഗരക്ഷകരായ രണ്ടു പോലീസുകാരെയും അജ്ഞാത സംഘം വെടിവച്ചു കൊന്നു. ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിലെ റൈസിംഗ് കാഷ്മീർ ഓഫീസിനു വെളിയിലായിരുന്നു മൂവരും വെടിയേറ്റു മരിച്ചത്.
ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാൻ പോകവേയായിരുന്നു ബുഖാരിക്കു വെടിയേറ്റത്. വെടിവയ്പിൽ രണ്ടുപ്രദേശവാസിക ൾക്കു പരി ക്കേറ്റു. കൊലപാതകത്തി ന്‍റെ കാരണം വ്യക്തമായിട്ടില്ല. ദ ഹിന്ദു ദിനപത്രത്തിന്റെ കാഷ്മീർ കറസ്പോണ്ടന്റ് ആയും ഷുജാത് ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്.
ഷുജാത് ബുഖാരിയെ വധിച്ചതിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അപലപിച്ചു. ബുഖാരി ധീരനായ മനുഷ്യനായിരുന്നുവെന്നും കാഷ്മീരിൽ നീതിയും സമാധാനവും കൊണ്ടുവരാൻ ബുഖാരി നിർഭയം പോരാടിയെന്നു രാഹുൽ പറഞ്ഞു.
വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് മലയാളി ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.
ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.
സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.
ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.
ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
രാജസ്ഥാനിൽ ഈ മാസം ഒന്നുമുതൽ കാണാതായിരുന്ന ഫ്രഞ്ച് വനിതയെ കണ്ടെത്തി. പുഷ്കറിൽനിന്നു കാണാതായ ഇരുപതുകാരി ഗെലേ ഷുടോയെ ആൾവാറിലാണു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
മേയ് 31 നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഗെലേ ഷുടോ സുഹൃത്തുക്കളുമായി അവസാനം ബന്ധപ്പെട്ടത്. ഇതിനുശേഷം താമസിച്ചിരുന്ന ഹോട്ടലിൽനിന്നു പോയ ഗെലേയെ സംബന്ധിച്ചു സൂചനകൾ ലഭിച്ചില്ല. ഇവരെ കാണാതായതു സംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ആൾവാറിൽ യുവതിയെ കണ്ടെത്താൻ കഴിഞ്ഞത്.
പുഷ്കറിൽനിന്നു ജയ്പൂരിലേക്കു പോകാൻ നിശ്ചയിച്ചിരുന്ന യുവതി, പദ്ധതിയിൽ മാറ്റം വരുത്തി ആൾവാറിലേക്കു പോയത് ബന്ധുക്കളെയും പോലീസിനെയും കുഴക്കുകയായിരുന്നു. ഓർഗാനിക് ഫാമിംഗ് പഠിക്കുന്നതിനായാണ് ഗെലെ ആൾവാറിലെത്തിയതെന്നു പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുടെ പോസ്റ്റ് കണ്ടതോടെ ഫ്രഞ്ച് അംബാസഡർ അലക്സാൻഡ്രെ സീഗ്ലെർ ട്വിറ്ററിലൂടെ രാജസ്ഥാൻ പോലീസിനോട് സഹായമഭ്യർഥിച്ചിരുന്നു.
മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി.
എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.
കാലവര്‍ഷം രൂക്ഷമായതോടെ കോഴിക്കോട് കരിഞ്ചോലയില്‍ വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേര്‍ മരിച്ചു. ഒരു വയസുകാരിയായ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകളാണ് റിഫ. കാണാതായവര്‍ക്ക് വേണ്ടി ഇന്നലെ നിര്‍ത്തിവച്ച തിരച്ചില്‍ ആരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. വന്‍ നാശം വിതച്ച് ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് കുട്ടികള്‍ അടക്കം ഏഴ് പേര്‍ മരണമടയുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ സന്ധ്യയോടെ നിറുത്തി വച്ചിരുന്നു. മലപ്പുറം കോട്ടയം ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരണമടഞ്ഞു. കരിഞ്ചോലയില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍ ജാസിം, ഷഹബാസ്, അബ്ദുറഹിമാന്‍, ഹസന്‍, മകള്‍ ഹന്നത്ത് എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്.
പെരുന്നാളിന് വാങ്ങിയ പുത്തനുടുപ്പുകൾ അണിയാൻ ഇനി സഹോദരങ്ങളായ ദില്‍നയും ഷഹബാസുമില്ല. പെരുന്നാളാഘോഷങ്ങളുടെ തയ്യാറെടുപ്പിനിടയിൽ വിധിയുടെ ക്രൂരത ഉരുൾ പൊട്ടലിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുകയായിരുന്നു.കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ശമ്മാസ് തന്റെ സഹോദരി ദില്‍നയുടെയും ഷഹബാസിന്റെയും ചേതനയറ്റ ശരീരം കാണാനെത്തിയപ്പോഴുള്ള നിമിഷം കണ്ടുനിന്നവരുടെ കണ്ണു നിറയിച്ചു. ഉരുൾപൊട്ടലിൽ പരുക്കേറ്റ ശമ്മാസ് സഹോദരങ്ങളുടെ ചേതനയറ്റ ശരീരം കണ്ട് ബന്ധുക്കളുടെ കൈകളിലിരുന്നു പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ കണ്ണുകളെയും അത് ഈറനണിയിച്ചു.ശമ്മാസിനെ ആശ്വസിപ്പിക്കാന്‍ പോലും ആർക്കും കഴിയുമായിരുന്നില്ല. പരിക്കേറ്റ ഉപ്പ സലീമും ഉമ്മ ഷെറിനും ശമ്മാസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കരിഞ്ചോലയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. മലമുകളില്‍ സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച തടയണ തകര്‍ന്നതാണ് ദുരന്തം വിതച്ചത്. തടയണ മഴയില്‍ പൊട്ടിത്തകര്‍ന്നതോടെ കുത്തിയൊലിച്ച വെള്ളവും മണ്ണും പാറയും വീടുകളെ വിഴുങ്ങുകയായിരുന്നു. കോഴിക്കോട്ട് കക്കയം, പുല്ലൂരാമ്പാറ, ചമല്‍, കട്ടിപ്പാറ, വേനപ്പാറ, മലപ്പുറം ജില്ലയിലെ എടവണ്ണ, ചാത്തല്ലൂര്‍, ആനക്കല്ല് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ബാലുശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ? കൊല്ലഗല്‍ ദേശീയ പാതയില്‍ താമരശ്ശേരി ചുരത്തില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ പലയിടത്തും കരകവിഞ്ഞൊഴുകയാണ്.