കൊച്ചി: പ്രളയക്കെടുത്തി നേരിടാൻ കേരളത്തിന് 100 കോടിയുടെ അടിയന്തര സഹായം അനുവദിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്. കേരളം നേരിടുന്നത് 1924 നു ശേഷമുള്ള എറ്റവും വലിയ പ്രളയമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അടിയന്തര സഹായമായി 1220 കോടി രൂപയാണ് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. കാലവർഷക്കെടുതിയിൽ 8316 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും അടിയന്തരസഹായം നൽകണമെന്നും രാജ്നാഥ് സിംഗിനു സമർപ്പിച്ച നിവേദനത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. ഉച്ചയ്ക്ക് രണ്ടോടെ കൊച്ചിയിലെത്തിയ രാജ്നാഥ് സിംഗ് ഹെലികോപ്റ്റർ മാർഗമാണ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിയൻ, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ രാജ്നാഥ് സിംഗിനൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്.
ചെറുതോണി, ഇടുക്കി അണക്കെട്ട്, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ആലുവ, പറവൂർ താലൂക്കുകളിലെ പ്രദേശങ്ങൾ എന്നിവയാണ് മന്ത്രി സന്ദർശിക്കുന്നത്.
സന്ദർശനത്തിന് ശേഷം വൈകിട്ട് അഞ്ചിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോൾഫ് ഹൗസിൽ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചർച്ച ചെയ്യും.
മോമോ ഗെയിമിനെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും കേരള പോലീസ്. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യാജപ്രചരണങ്ങളിലൂടെ മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരേ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഫേസ്ബുക്കിൽ കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ സെല്ലിനേയോ, കേരള പോലീസ് സൈബർ ഡോമിനെയോ അറിയിക്കുക. എന്നാൽ വ്യാജനന്പരുകളിൽനിന്നു മോമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള മോമോ ചലഞ്ച് വാട്സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽനിന്നാണ് ചലഞ്ചിന്റെ തുടക്കം. തുടർന്ന് കുട്ടികളുടെ കോണ്ടാക്ട് നന്പർ സ്വന്തമാക്കിയശേഷം ഓരോ ടാസ്കുകൾ നൽകുന്നു. പേടിപ്പെടുത്തുന്ന മെസേജുകളും വീഡിയോകളും ഇതിനിടെ കുട്ടികൾക്ക് മോമോ അഡ്മിൻ അയച്ചുകൊടുക്കും. സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെ പ്രേരണ നൽകുന്നതാണ് മോമോ ചലഞ്ചിലെ ടാസ്കുകളെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, മെക്സിക്കോ, ജർമനി, അർജന്റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ മോമോ ചലഞ്ചിലേർപ്പെട്ടവരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങൾ മോമോയ്ക്കെതിരേ ജാഗ്രതാ നിർദേശം നൽകിക്കഴിഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിൽ മോമോയ്ക്കെതിരേ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മുംബൈയിലാണ് ദൗർഭാഗ്യകരമായ സംഭവം. ഐടി പ്രഫഷണലായ തേജസ് ഡുബ്ലൈ (32) ആണ് ഭാര്യയെ സന്തോഷിപ്പിക്കാൻ സാഹസത്തിന് മുതിർന്ന് ആറാംനിലയിൽ നിന്നും വീണുമരിച്ചത്.
2014 മുതൽ ബെൽജിയത്തിൽ ജോലി നോക്കുകയാണ് തേജസ്.ഭാര്യ പൂനെയിൽ സോഫ്റ്റ്എൻജിനിയറാണ്.പ്രണയിച്ചു വിവാഹിതരായവരാണ് ഇവർ.
ഭാര്യയുടെ പിറന്നാൾപ്രമാണിച്ച് വെള്ളിയാഴ്ച തേജസ് മുംബൈയിലെത്തി. ശേഷം കൂട്ടുകാരനൊപ്പം അയാളുടെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഇരുവരും ചേർന്നാണ് ആറാം നിലയിലുള്ള ഫ്ലാറ്റിന്റെ ജനലിലൂടെ ഉള്ളിലെത്തി സർപ്രൈസ് നൽകാമെന്ന് തീരുമാനിച്ചത്. പുലർച്ചെ മൂന്നുമണി വരെ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു. രാവിലെ അഞ്ചരയോടെ തേജസ് ഫ്ലാറ്റിന്റെ മുമ്പിലെത്തി. ജനലിലൂടെ ഉള്ളിലേക്ക് കടക്കുന്നതിന്റെ ഇടയ്ക്ക് നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു.
വാച്ച്മാനാണ് തേജസിനെ ആശുപത്രിയിലെത്തിക്കുന്നത്. സാഹസസർപ്രൈസ് നൽകുന്നതിന് മുമ്പ് ഇരുവരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ അതിവർഷവും വെള്ളപ്പൊക്കവും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി യൂണിമണിയുടെയും യുഎഇ എക്സ്ചേഞ്ചിന്റെയും ചെയർമാൻ ഡോ. ബി.ആർ.ഷെട്ടി. രണ്ട് കോടി രൂപയുടെ സഹായം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടാതെ കേരളത്തിലെ വിപുലമായ യൂണിമണി ശൃംഖലയിലെ നൂറുകണക്കിന് ജീവനക്കാരും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ദുരിതബാധിത പ്രദേശങ്ങളിൽ സേവനരംഗത്ത് ഇറങ്ങിയതായി ഡോ. ഷെട്ടി അറിയിച്ചു. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച അടിയന്തര കേന്ദ്രങ്ങളിൽ ആഹാരസാധനങ്ങളും മരുന്നുകളും രക്ഷാ സാമഗ്രികളും മറ്റും എത്തിക്കുന്നതിൽ ഇവർ വ്യാപൃതരാണ്.
തന്റെ ജീവിതവൃത്തവുമായി ഏറ്റവുമടുത്ത കേരളീയ സമൂഹത്തിന്റെ ഈ അപ്രതീക്ഷിത ദുരന്തത്തിൽ അഗാധമായ ഖേദമുണ്ടെനും ഇരകളാക്കപ്പെട്ട സഹോദരങ്ങൾക്ക് തങ്ങളാലാവുന്ന പരമാവധി സഹായമെത്തിക്കുമെന്നും ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. ഇപ്പോഴത്തെ അടിയന്തര നടപടികളിലെന്ന പോലെ, ഭാവിയിൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ സർക്കാർ സ്വീകരിക്കുന്ന സുരക്ഷിതത്വ പദ്ധതികളിലും ‘യൂണിമണി’ ഉൾപ്പെടെ തങ്ങളുടെ സ്ഥാപനങ്ങൾ ഉചിതമായ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയ സമൂഹത്തിന്റെ ഈ ദുരവസ്ഥ പരിഹരിക്കുന്നതിനായി പ്രവാസി മലയാളികളുടെ കൂടി മനസ്സ് ഏറ്റെടുത്തുകൊണ്ടാണ് തങ്ങൾ ദുരന്ത നിവാരണ ശ്രമങ്ങളിൽ പങ്കാളികളാവുന്നതെന്ന് ഗ്രൂപ്പ് സി.ഇ.ഒ.യും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
സംസ്ഥാനത്തുണ്ടായ ഈ പ്രളയദുരന്തം മൂലം ജീവഹാനി വന്നവരുടെ കുടുംബങ്ങളെയും ഭൂമിയും വീടും കൃഷിയും നഷ്ടപ്പെട്ട ജനങ്ങളെയും ആശ്വസിപ്പിക്കാനും പുനരധിവസിപ്പിക്കാനും പൂർണ്ണ ജനപങ്കാളിത്തത്തോടെ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കുമ്പോൾ ഡോ. ബി.ആർ.ഷെട്ടിയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും നല്‍കുന്ന അവസരോചിതമായ പിന്തുണക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി പറഞ്ഞു.
തമിഴ് താരം വിക്രമിന്‍റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാലുപാര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് യുവതാരം കൂടിയായ ധ്രുവിനെ ജാമ്യത്തില്‍ വിട്ടു. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനുമാണ് അടയാര്‍ പൊലീസ് കെസെടുത്തത്. മദ്യപിച്ചോയെന്ന പരിശോധന പൊലീസ് ആദ്യഘട്ടത്തില്‍ നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിനും തലയ്ക്കും പരുക്കേറ്റു. ഇയാൾ ആശുപത്രിയിലാണ്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.
മണ്ണാര്‍ക്കാട്: വീട്ടില്‍നിന്ന് നിധിയെടുത്തുകൊടുക്കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് 82 ലക്ഷം രൂപ വെട്ടിച്ച സിദ്ധന്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശിയായ അബ്ദുള്‍ അസീസാണ് പോലീസ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിശ്വാസവഞ്ചന, വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പയ്യനെടം തോട്ടാശ്ശേരി സ്വദേശിനിയായ ആയിഷയെന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ രണ്ട് തവണയായി 82 ലക്ഷം രൂപ വെട്ടിച്ചത്.
ആയിഷയുടെ വീട്ടില്‍ നിധിയുണ്ടെന്നും ചില കര്‍മ്മങ്ങള്‍ നടത്തിയാല്‍ നിധിയിരിക്കുന്ന സ്ഥലം കാണിച്ചു തരാമെന്നും അബ്ദുള്‍ അസീസ് പറഞ്ഞു. ഇതിലേക്കായി വന്‍തുക ആവശ്യമാണെന്നും ഇയാള്‍ ആയിഷയെ ബോധ്യപ്പെടുത്തിയിരുന്നു. 2016 ഓഗസ്റ്റ് 7ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബര്‍ രണ്ടിന് സ്വര്‍ണം വിറ്റ വകയിലും മറ്റുമുള്ള 22 ലക്ഷവും ഇയാള്‍ക്ക് കൈമാറിയതായി ആയിഷ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 4 കോടിയുടെ ഡയമണ്ടാണെന്ന് വ്യക്തമാക്കി ഒരു കല്ല് ആയിഷയ്ക്ക് ഇയാള്‍ നല്‍കുകയും ചെയ്തു.
പിന്നീട് ഈ കല്ല് വ്യാജമാണെന്ന് മനസിലാക്കിയ ആയിഷ സിദ്ധനോട് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷത്തിന്റെ നാല് ചെക്കുകള്‍ ഇയാള്‍ ആയിഷയ്ക്ക് കൈമാറി. ഇത് മാറാനായി ബാങ്കിനെ സമീപിച്ചെങ്കിലും അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ പരാതി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംസ്ഥാനത്തെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കൂടാതെ മറ്റുള്ളവരുടെ സഹായവും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നീ സര്‍ക്കാരിന്റെ സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. ജഗദീഷും മുകേഷും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഇതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തി. തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത്. എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഉള്‍പ്പെടെ 480 ഓളം അംഗങ്ങള്‍ ഉള്ള അമ്മ സംഘടന നല്‍കിയത് വെറും പത്ത് ലക്ഷം രൂപയാണെന്ന് ആളുകള്‍ വിമര്‍ശിച്ചു.
ചെന്നൈയില്‍ പ്രളയം വന്നപ്പോള്‍ അമ്മ സംഘടന സഹായം വാരിക്കോരി തമിഴ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. സ്വന്തം നാട്ടില്‍ പ്രശ്‌നം വന്നപ്പോള്‍ മാളത്തില്‍ കേറി ഒളിക്കുകയാണെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഘടനയ്ക്കുണ്ടായ കളങ്കം മറയ്ക്കാനാണ് സഹായവുമായി എത്തിയതെന്ന് ചിലര്‍ വിമര്‍ശിച്ചു. ഇതുകൊണ്ടൊന്നും കരിനിഴല്‍ മാറില്ലെന്നും അമ്മ ഒരു മാഫിയ സംഘം തന്നെയാണെന്ന് ചിലര്‍ പറഞ്ഞു.
അധ്യാപക സംഘടനയായ KSTA ഒറ്റ ദിവസത്തെ കളക്ഷനില്‍ നല്‍കിയത് 24 ലക്ഷം രൂപയാണെന്ന് ഒരാള്‍ ഓര്‍മിപ്പിച്ചപ്പോള്‍, ”അധ്യാപകരെ പോലെ ആണോ ഭായി സിനിമതാരങ്ങള്‍. ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാന്‍ അവര്‍പെടുന്ന പാടേ. സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒക്കെ ഒരു സിനിമയില്‍ അഭിനയിച്ചാല്‍ കഷ്ട്ടിച്ചു എട്ടോ പത്തോ കോടി ഉലുവ കിട്ടും. അത് കൊണ്ട് എന്താകാനാ” എന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ മറുപടി നല്‍കി.
അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് സഹായം നല്‍കുന്നുവെന്ന് അമ്മയുടെ പേജില്‍ കുറിച്ചിട്ടുണ്ട്. പണം കൈമാറുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ലാലേട്ടന് നേരിട്ട് കൊടുക്കാമായിരുന്നുവെന്നാണ് ചിലര്‍ പറഞ്ഞത്. ഒരു നിലപാടുമില്ലാത്ത രണ്ട് പേരെ കൊണ്ട് കൊടുപ്പിച്ചത് ശരിയായില്ലെന്നാണ് ഇവര്‍ പറയുന്നത്.
വാഷിങ്ടണിലെ സിയാറ്റിൽ ടൊക്കോമ വിമാനത്താവളത്തിലാണ് സംഭവം.വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന അലാസ്ക എയര്‍ലൈൻസിന്‍റെ ഹൊറിസോണ്‍ എയർ ക്യു 400 വിമാനവുമായി ആരുമറിയാതെ കവർന്നെടുത്ത് കമ്പനിയുടെ തന്നെ ഒരു ജീവനക്കാരൻ പറന്നുയർന്നത്. എയർലൈൻസിന്‍റെ ഒരു മെക്കാനിക്കാണ് സ്വയം പൈലറ്റായി വിമാനം പറത്തിയത്.
വിമാനവുമായി പറന്നുയർന്ന ഇയാൾ ആകാശത്ത് അഭ്യാസ പ്രകടനങ്ങൾ നടത്തി. അപായ സൈറൺ മുഴങ്ങിയതോടെ രണ്ട് പോർ വിമാനങ്ങള്‍ ’റാഞ്ചിയ’ വിമാനത്തെ ലക്ഷ്യമാക്കി പറന്നുയർന്നു. അൽപ്പ നേരം പോർ വിമാനങ്ങളെ കബളിപ്പിച്ച് പറന്ന വിമാനം, ഒടുവിൽ തകർന്നു വീഴുകയായിരുന്നു.
സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നും 29കാരനായ യുവാവിന്‍റെ ആത്മഹത്യ ശ്രമം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. താൻ മാനസിക പ്രശ്നങ്ങളുള്ള ഒരാളാണെന്നും തന്നെ സ്നേഹിക്കുന്നവർക്ക് തന്‍റെ പ്രവൃത്തി ഏറെ ദുഃഖമുണ്ടാക്കുമെന്ന് അറിയാമെന്നും എയർ ട്രാഫിക് കൺട്രോളുമായുള്ള സംഭാഷണത്തിൽ യുവാവ് വ്യക്തമാക്കി. സംഭാഷണത്തിന്‍റെ ഓഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ആശ്വാസ തീരത്ത് പെരിയാർ . ഇടുക്കി അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നെങ്കിലും കടലിലേക്കുള്ള ഒഴുക്ക് കൂടിയത് ആശങ്കളെ അസ്ഥാനത്താക്കി. ഇനി പെരിയാർ തീരത്ത് ജലനിരപ്പുയരാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.
ഇടുക്കിയിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ചെത്തിയെങ്കിലും ആശങ്കപ്പെട്ട പോലെ കര കവിഞ്ഞൊഴുകിയില്ല പെരിയാർ
അണക്കെട്ടിൽ നിന്ന് അതിതീവ്ര ജലപ്രവാഹമുണ്ടായെങ്കിലും വേലിയിറക്കം ശക്തമായിരുന്നത് പെരിയാർ തീരത്തിന് ആശ്വാസമായി. കഷ്ടിച്ച് ഒരടി വെള്ളം മാത്രമാണ് ഉയർന്നത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലായി. വിമാനത്താവളത്തില്‍ ഒഴുകി എത്തിയ വെള്ളം പൂര്‍ണമായും പമ്പ് ചെയ്തു കളയാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേയ്ക്കു നീട്ടിവച്ച കൂറ്റന്‍ പൈപ്പുകളിലൂടെ വെള്ളം സമീപത്തെ കാനയിലേക്ക് തുറന്നുവിട്ടു.
കൂറ്റന്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് തുടര്‍ച്ചയായി വെള്ളം പുറത്തുവിട്ടത്. റണ്‍വേയുടെ പരിസരത്ത് നിന്ന് വെള്ളം ഒഴുകിപോകാന്‍ സംവിധാനമുണ്ടായിരുന്നു. ഇങ്ങനെ, ഒഴുകി പോകുന്ന വെള്ളം പുറത്തേയ്ക്കു വിടാന്‍ സംവിധാനമുണ്ടെങ്കിലും അത് മതിയാകില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് രാത്രിതന്നെ പമ്പിങ് തുടങ്ങിയത്.
മഴമാറി നിന്നതോടെ പെയ്ത്തു വെള്ളവും റണ്‍വേയില്‍ നിന്ന് നീങ്ങി. ഇതോടെ, വിമാന സര്‍വീസുകള്‍ വീണ്ടും സുഗമമായി നടത്താന്‍ കഴിഞ്ഞു. വെളുപ്പിന് അഞ്ചരയോടെ സിയാല്‍ അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹജ് യാത്ര ഉള്‍പ്പെടെ നിരവധി സര്‍വീസുകളുള്ള സമയമായതിനാല്‍ നിരവധി യാത്രക്കാര്‍ നെടുമ്പാശേരിയിലെ അവസ്ഥ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.