Latest News

കൊച്ചി: സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്നു വന്ന ഭൂമിയിടപാട് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് കത്ത്. ഒരു വിഭാഗം വിശ്വാസികളാണ് പോപ്പിന് കത്തയച്ചത്. കര്‍ദിനാള്‍ മാല്‍ ആലഞ്ചേരിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

സഭയില്‍ കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണവും മാര്‍പാപ്പയ്ക്കുള്ള പരാതിയില്‍ ഉന്നയിക്കപ്പെടുന്നു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ പ്രതിനിധി വി.ജെ.ഹെല്‍സിന്തിന്റെ പേരിലാണ് കത്ത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായാണ് ഭൂമി വിറ്റതെന്നും ഇതില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്നുമുള്ള ആരോപണങ്ങളുമായി ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയിരുന്നു. ഭൂമിയിടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് മാര്‍ പാപ്പയ്ക്ക് അയച്ചുകൊടുക്കാന്‍ വൈദിക സമിതി തീരുമാനിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ മമ്പാട് പ്രദേശത്ത് മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ മുസ്തഫയെ വീടു കയറി ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും അടക്കം ഭീഷണിപ്പെടുത്തുകയും ചെയ്ത ഗുണ്ടാസംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. വീടുകയറി ആക്രമിച്ച മാഫിയാസംഘങ്ങള്‍ക്കെതിരെ ഉന്നതതലത്തില്‍ വരെ പരാതികള്‍ നല്‍കിയിട്ടും ഒരു എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് ഇതേവരെ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ചുള്ള പരാതികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കുകയും അതുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയുടേയും മറ്റു പരിസ്ഥിതി സംഘടനകളുടെയും നേതാക്കള്‍ക്കെതിരെ വീണ്ടും അക്രമ ഭീഷണി മുഴക്കുകയും അവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം ഏറെ നിര്‍ഭാഗ്യകരമാണ്.

ഈ മാഫിയകള്‍ക്ക് പിന്നില്‍ ഉന്നത ബന്ധം ഉണ്ട് എന്നത് വ്യക്തവും ആണ്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമം പാലിക്കപ്പെടുന്നു എന്നും അത് ലംഘിക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കുന്നുവെന്നും ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ നിയമലംഘനം ചൂണ്ടിക്കാട്ടുന്നവരെ ആക്രമിക്കുന്ന മാഫിയകളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. ഈ നാട്ടിലെ ഭൂമിയും വനവും പുഴകളും സംരക്ഷിക്കപ്പെടുന്നത് ഒരു കൂട്ടം നിസ്വാര്‍ത്ഥ യായ പരിസ്ഥിതി സംരക്ഷകരുടെ പ്രവര്‍ത്തന ഫലമായി ആണ് എന്നത് കാണേണ്ടതുണ്ട്. ഭരണ-പ്രതിപക്ഷങ്ങള്‍ മിക്കപ്പോഴും ഇത്തരം പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് സഹായകരമായ നിലപാടുകള്‍ എടുക്കുന്നില്ല എന്നുമാത്രമല്ല പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആം ആദ്മി പാര്‍ട്ടി രേഖപ്പെടുത്തുന്നു

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റ്‌ മരണമടഞ്ഞു. അര്‍ഷാദ് വോറ എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ചിക്കാഗോയിലെ ഡോള്‍ട്ടന്‍ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനില്‍ ആണ് സംഭവം നടന്നത്. ഗ്യാസ് സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഗ്യാസ് സ്റ്റേഷനിലെ ഷോപ്പില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. കടയില്‍ മോഷണം നടത്തുന്നതിനിടയില്‍ കടയിലേക്ക് കയറി വന്ന അര്‍ഷാദിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടാക്കള്‍ രണ്ട് പേരുണ്ടായിരുന്നു. കൊല നടത്തിയതിന് ശേഷം ഇവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ ഇത് വരെ ആരെയും പിടികൂടിയിട്ടില്ല. അക്രമികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 12000 ഡോളര്‍ ഇനം പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം: ഗണേഷിന്റെ പാർട്ടി എൻ സി പി യിൽ ചേർന്ന് മന്ത്രിയാകാൻ ശ്രമിക്കുകയാണ് എന്ന വാർത്ത വന്നതിന് പുറകെ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ഗണേഷ് കുമാര്‍ എം.എല്‍.എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ ഗണേഷിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. അതേസമയം, സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയായി ഇതിനെ കണ്ടാല്‍ മതിയെന്നും എം.എല്‍.എയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപിനെ ഇടതുപക്ഷ എം.എല്‍.എയായ ഗണേഷ് കുമാര്‍ സന്ദര്‍ശിക്കുകയും താരത്തിന് അനുകൂല നിലപാട് എടുത്തതും നേരത്തെ ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗണേഷ് അടക്കമുള്ള സിനിമാക്കാരുടെ ജയിലിലേക്കുള്ള പ്രവാഹമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള ദിലീപിന്റെ സന്ദര്‍ശനം ഏറെ ആകാംക്ഷകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. ഇരുവരും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more… നടി പാര്‍വതിയെ അപമാനിച്ച കേസില്‍ അറസ്‌റ്റിലായ പ്രതിക്ക് യുകെയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ജോബി ജോര്‍ജ്

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പള്ളിയിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ കെയ്‌റോയിലെ ഹെല്‍വാന്‍ ജില്ലയിലെ മാര്‍ മിന പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ആയുധ ധാരികളായ രണ്ടുപേര്‍ പള്ളിയില്‍ പ്രവേശിക്കുകയും ജനങ്ങള്‍ക്കുനേരെ നിറയൊഴിക്കുകയുമായിരുന്നു.

ഇവിടെ അടുത്ത ആഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇവര്‍ക്കു നേരെയുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരിച്ചടിയില്‍ ആക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ 28 പേരുടെ മരണത്തിന് ഇടയാക്കിയ കോപ്റ്റിക് കത്തീഡ്രലില്‍ നടന്ന ബോംബാക്രമണവും ഏപ്രിലില്‍ ഓശാന ഞായര്‍ ദിവസമുണ്ടായ ആക്രമണവും ഭീകരര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടടുത്തിട്ടില്ല.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ഏഴിന് നടക്കുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കി. പള്ളികള്‍ക്കു പുറമെ മറ്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

ആ ക്രിസ്മസ് ദിവസം തന്നെ അക്ഷയ് സ്വന്തം അമ്മയെ കൊലപ്പെടുത്തി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അക്ഷയ് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ ദീപയെ കൊന്ന രീതിയും അക്ഷയ് പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു.

കോടതിയിൽ ഹജരാക്കി റിമാന്റ് ചെയ്യിപ്പിച്ചു. എന്നാല്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയതില്‍ അക്ഷയ്ക്ക് ഇപ്പോഴും യാതൊരു വിധത്തിലുള്ള വിഷമവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ സംഭവത്തില്‍ കൊല്ലപ്പെട്ട ദീപയ്ക്കെതിരേ ഭർത്താവും മൊഴി നൽകി. കുവൈറ്റിൽ നിന്നും എത്തിയ അശോകനും മകള്‍ അനഘയും ദീപയുടെ വഴവിട്ട ബന്ധങ്ങളെപ്പറ്റിയാണ് മൊഴിനല്‍കിയതെന്ന് പോലീസ്.

കേസില്‍ മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ മകന്‍ അക്ഷയ് അറസ്റ്റിലായതിനു പിന്നാലെയാണ് അശോകന്റെ വെളിപ്പെടുത്തല്‍. രണ്ടുവര്‍ഷമായി ദീപ ഭര്‍ത്താവും മകളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. എല്‍.ഐ.സി അഡൈ്വസര്‍ ജോലി ഉപേക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ദീപ തയാറായില്ലെന്നും അശോകന്‍ പറയുന്നു.

ക്രിസ്മസ് ദിനത്തില്‍ സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ആരോ ഇറങ്ങിയോടുന്നത് കണ്ടെന്നാണ് മകന്‍ ആദ്യം പോലീസിനോടു പറഞ്ഞത്. അമ്മയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ബന്ധുകള്‍ക്കും അറിയാമായിരുന്നെന്നും മൊഴിയിലുണ്ട്. അതിനാലാണ് ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും അമ്മയെ കാണാനില്ലെന്ന് ചേച്ചിയെ ധരിപ്പിച്ചതും. ക്രിസ്മസ് കേക്ക് വാങ്ങാനുള്ള പണം ദീപയില്‍നിന്ന് വാങ്ങിയശേഷമാണ് അക്ഷയ് കൊലയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണ സംഘം പറയുന്നു.

സപ്ലിമെന്ററി പരീക്ഷയ്ക്ക് ട്യൂഷന് പോകുന്നതിനായി ഫീസ് ആവശ്യപ്പെട്ടത് തര്‍ക്കത്തിലേക്കു നയിച്ചെന്നും ഇതു കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും പിന്നീട് അക്ഷയ് മൊഴി മാറ്റി. അമ്മയുടെ മരണത്തിലല്ല, ഭാവിജീവിതം അവതാളത്തിലായതിലാണു ദുഖമെന്നും അക്ഷയ് പോലീസിനോട് പറഞ്ഞത്. ദീപയുടെ മൊബൈല്‍ ഫോണിലേക്കു വന്ന കോളുകളെ കേന്ദ്രീകരിച്ചും അന്വേഷണവും മുന്നോട്ടുനീങ്ങുന്നുണ്ട്. ചാത്തന്‍സേവയുമായി ബന്ധപ്പെട്ട് ഒരാളെയും പോലീസ് സംശയിക്കുന്നു.

നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് പിന്തുണയുമായി കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പ്രിന്റോയ്ക്ക് ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്താണ് നിര്‍മാതാവ് ജോബി ജോര്‍ജ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിന്റോയ്ക്ക് ഓസ്‌ട്രേലിയയിലോ ദുബായിലോ, യുകെയിലോ തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായാണ് ജോബി ജോര്‍ജിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി.

മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്പര്‍ അയച്ച് താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്‌ട്രേലിയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’ എന്നാണ് ജോബിയുടെ കുറിപ്പ്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സിഎല്‍ പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി. മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.

അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ അക്ഷോഭ്യനായിട്ടായിരുന്നു മകൻ അക്ഷയിന്റെ പെരുമാറ്റം. ഒടുവിൽ, ജയിലിൽ പോകേണ്ട ഘട്ടം വന്നപ്പോഴേക്കും ഇയാൾ പൊലീസ് സ്റ്റേഷനിൽ വിങ്ങിപ്പൊട്ടി. മുഖംപൊത്തി ഏങ്ങിക്കരഞ്ഞു. കുറ്റസമ്മതമെല്ലാം നിഷേധിച്ച് താൻ നിരപരാധിയാണെന്നും തനിക്കൊന്നുമറിയില്ലെന്നും പുലമ്പി.
തെളിവെടുപ്പും വൈദ്യപരിശോധനയും പൂർത്തിയാക്കി റിമാന്റ് റിപ്പോർട്ടുമായി മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ താൻ ജയിലിലാകുമെന്ന് മനസിലാക്കിയതോടെയാണ് ഇയാൾ പൊട്ടിക്കരഞ്ഞത്.

അമ്പലമുക്ക് മണ്ണടി ലെയിൻ ബി 11, ദ്വാരകയിൽ ദീപ അശോകിനെ (45) കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് തെളിവില്ലാതാക്കിയ കേസിൽ അറസ്റ്റിലായ മകൻ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന അക്ഷയിനെ ഇന്നലെ റിമാന്റ് ചെയ്തു. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും കസ്റ്റഡിയിൽ വിട്ടുകിട്ടിയശേഷം വീട്ടിലും നാലാഞ്ചിറയിലെ ഐസ്ക്രീം പാർലറിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
എൻജിനീയറിംഗ് പുനർപരീക്ഷ പരിശീലനത്തിന് പണം നൽകാത്തതും കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കങ്ങളുമാണ് ക്രിസ്മസ് ദിനത്തിൽ ഉച്ചകഴിഞ്ഞ് ദീപയെ തൊഴിച്ച് വീഴ്ത്തിയശേഷം ബെഡ്ഷീറ്റ് തലയ്ക്ക് മുകളിലൂടെയിട്ട് മൂടി മുഖവും കഴുത്തും ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ കാരണമായത്.

ദീപ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് നാട്ടിലെത്തിയ അശോകനും മകൾ അനഘയും പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തി അക്ഷയിനെ കണ്ടിരുന്നു. അവരോടും താൻനിരപരാധിയാണെന്നും തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. അമ്മയെ കാണാനില്ലെന്ന് ക്രിസ്മസ് ദിനത്തിൽ രാത്രി അനഘയെ അറിയിച്ചിരുന്ന അക്ഷയ് അടുത്തദിവസം തനിക്ക് അബദ്ധം സംഭവിച്ചുവെന്ന് സന്ദേശമയച്ചതുകൂടി മറന്ന നിലയിലായിരുന്നു അച്ഛനും സഹോദരിക്കും മുന്നിൽ അക്ഷയ് സംസാരിച്ചത്.എന്നാൽ, കൊല നടന്ന വീട്ടിൽ അശോകനെയും അനഘയേയുമെത്തിച്ച പൊലീസ് കൊലപ്പെടുത്തിയ സ്ഥലവും രീതിയും മൃതദേഹം കത്തിച്ചിരിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി കാര്യങ്ങൾ വിശദീകരിച്ചതോടെ മറ്റ് സാഹചര്യതെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ അവർക്ക് കാര്യങ്ങൾ ബോദ്ധ്യമായി. അമ്മ മരിച്ച കേസിൽ പൊലീസ് പിടികൂടിയ തന്നെ കേസെടുത്തശേഷം ജാമ്യത്തിൽ വിടുമെന്നായിരുന്നു അക്ഷയ് കരുതിയിരുന്നത്. ഇതിന് വിരുദ്ധമായി റിമാന്റ് ചെയ്യപ്പെടുമെന്നും ജയിലിൽ കിടക്കേണ്ടിവരുമെന്നും അവസാനനിമിഷം മനസിലാക്കിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിങ്ങിപ്പെട്ടിയത്.

താൻ എല്ലാം പറഞ്ഞില്ലേ, ഇനി എന്നെ വിട്ടുകൂടെ , എനിക്ക് വീട്ടിൽ പോകണം..

ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഇയാൾ പൊലീസിനോട് കെഞ്ചുകയും ചെയ്തു. അമ്മയ്ക്കൊപ്പം ഫോണും ചുട്ട് കലി തീർത്തു
അമ്മയ്ക്കൊപ്പം അവർ ഉപയോഗിച്ചിരുന്ന ഫോണും കൊലപാതകത്തിനുപയോഗിച്ച ബെഡ് ഷീറ്റുമെല്ലാം അക്ഷയ് ചുട്ട് ചാമ്പലാക്കി. കുടുംബപ്രശ്നങ്ങൾ നീറിപുകഞ്ഞിരുന്ന വീട്ടിൽ അച്ഛനും അമ്മയും തമ്മിലുള്ള പിണക്കവും അമ്മയുടെ തന്നിഷ്ടപ്രകാരമുള്ള ജീവിതവും അച്ഛനെയും മക്കളെയും കൂസാത്ത പ്രകൃതവുമൊക്കെയാണ് പേരൂർക്കട അമ്പലമുക്കിലെ ദ്വാരക വീടിനെ ദുർമരണത്തിന്റെ ചുടലക്കളമാക്കി മാറ്റിയത്. അച്ഛൻ പറഞ്ഞത് കേൾക്കാതെ അമ്മ എൽ.ഐ.സി അഡ്വൈസറായി തുടർന്നതും അമ്മയുടെ ഫോൺ ബന്ധങ്ങളും ജീവിതത്തിന്റെ സ്വസ്ഥത നശിപ്പിച്ചപ്പോൾ അമ്മയ്ക്കൊപ്പം അക്ഷയ് അമ്മയുടെ ഫോണും ചുട്ട് ചാമ്പലാക്കി. ഇതിൽ റെക്കോഡ് ചെയ്തിരുന്ന അമ്മയും പുരുഷ സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം അക്ഷയ് കേൾക്കാനിടയാകുകയും ഇത് സഹോദരിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയാണ് ദീപയോട് കുടുംബത്തിന്റെ അനിഷ്ടത്തിനിടയാക്കിയത്. കഴിഞ്ഞ അഞ്ചുവർഷമായി ഭർത്താവ് അശോകുമായി ഒരുതരത്തിലുള്ള ബന്ധവും പുലർത്താതിരുന്ന ദീപയുമായി മകൾക്കുണ്ടായിരുന്ന മാനസിക ബന്ധവും അതോടെ താറുമാറായി. ഫോണാണ് അമ്മയ്ക്ക് തങ്ങളോടുള്ള സ്നേഹം നഷ്ടപ്പെടുത്തിയതെന്ന പകയാണ് ഫോണും കത്തിക്കാൻ അക്ഷയിനെ പ്രേരിപ്പിച്ചത്. ദീപയെ ശ്വാസം ഞെരിച്ച് കൊല്ലാനുപയോഗിച്ച ഷീറ്റ് , മറ്റ് ഏതാനും തുണികൾ, ഹാളിലുണ്ടായിരുന്ന കാർപ്പറ്റ് തുടങ്ങിയവയും തെളിവുകൾ നശിപ്പിക്കാനായി അക്ഷയ് ചാമ്പലാക്കിയിരുന്നു.

എന്‍സിപിയുടെ മന്ത്രിസ്ഥാനം നോട്ടമിട്ട് ഇടതുമുന്നണിയിലെ മൂന്ന് എം.എല്‍. എമാര്‍ കരുനീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കെ.ബി.ഗണേഷ്കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിള്ള എന്നിവരാണ് എന്‍സിപിയുമായി ലയിച്ച് മന്ത്രിസ്ഥാനത്തിനായി ചരടുവലി നടത്തുന്നത്. മന്തിസ്ഥാനം നല്‍കിയാല്‍ കേരളകോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്നാണ് ഗണേഷ്കുമാറിന്റെ നിലപാട്.

ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കാനുള്ള സാധ്യതകളെ കുറിച്ച് വാർത്തകൾ പുറത്തു വന്നുവെങ്കിലും ചെയർമാൻ ആർ ബാലകൃഷ്ണപിളള അത്തരം ചർച്ചകൾക്ക് താത്പര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി പിളർത്തി കൊണ്ടു തന്നെ മന്ത്രിസ്ഥാനത്തിനായി ഗണേഷ് കുമാറിന്റെ നീക്കം.

ദേശീയ പാർട്ടിയായിട്ടും ഒരിടത്തും മന്ത്രി ഇല്ലെന്ന ക്ഷീണം മാറ്റാനാണ് എൻ‌സിപി ശ്രമിക്കുന്നത്. കേരളത്തിലെ രണ്ട് എംഎൽഎമാരും മന്ത്രിമാരാവുകയും ആരോപണങ്ങളെത്തുടർന്ന് രാജിവച്ചൊഴിയുകയും ചെയ്തു. പാർട്ടി എംഎൽഎമാരായ തോമസ് ചാണ്ടി, എ.കെ.ശശീന്ദ്രൻ എന്നിവരുടെ മന്ത്രിസഭാ പുനഃപ്രവേശം നീണ്ടുപോകുന്നതാണ് മറ്റുവഴികൾ ആലോചിക്കാൻ എൻസിപിയെ പ്രേരിപ്പിച്ചത്. സിപിഎം നേതൃത്വവുമായും ഇക്കാര്യങ്ങൾ എൻസിപി സംസാരിച്ചിട്ടുണ്ട്.

മന്തിസ്ഥാനം നല്‍കിയാല്‍ കേരളകോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്ന് ഗണേഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. എം.എല്‍.എമാര്‍ക്ക് എന്‍ സി പി മറുപടി നല്‍കിയിട്ടില്ല. ഗണേഷിന് മന്ത്രിയായാല്‍ ബാലകൃഷ്ണപിള്ളയുടെ കാബിനറ്റ് പദവി പോവും. ഇക്കാരണത്താല്‍ ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ളയ്ക്ക് താല്‍പര്യമില്ല.

എന്നാൽ നിലപാട് കടുപ്പിച്ചു പിള്ളയും രംഗത്തെത്തി കേരള കോണ്‍ഗ്രസി(ബി) യെ പിളര്‍ത്താവാന്‍ ആര്‍ക്കുമാവില്ല. അങ്ങനെ പിളര്‍ത്തുന്നവര്‍ രണ്ടാഴ്ചയ്ക്കകം എംഎല്‍എ അല്ലാതാവും. അത്തരം നീക്കമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും പിള്ള പറഞ്ഞു

ഭൂമി വില്‍പന വിവാദത്തില്‍ അങ്കമാലി അതിരൂപയില്‍ പൊട്ടിത്തെറി. വിവാദത്തില്‍ വൈദികര്‍ രണ്ട് തട്ടിലായിരിക്കുകയാണ്. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം പുകയുന്നത് പ്രകടമായിത്തുടങ്ങിയെങ്കിലും ഇന്നത് സര്‍ക്കുലര്‍ പുറത്തിറങ്ങുന്നതിനോളം എത്തി. സ്വന്തം അതിരൂപതയിലെ മെത്രാപ്പോലീത്തയ്‌ക്കെതിരെയാണ് സഹായ മെത്രാന്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ വാദങ്ങളെ തള്ളുകയാണ് സര്‍ക്കുലര്‍. അതിരൂപതയുടെ ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. സഭയുടെ സ്വന്തമായ ഭൂമികള്‍ വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വില്‍പനയ്ക്ക് ശേഷം അതിരൂപതയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചു. സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് കര്‍ദ്ദിനാളിനെതിരെ സര്‍ക്കുലര്‍ ഇറക്കിയത്.

ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവച്ചില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് സഹായ മെത്രന്മാര്‍ ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇതോടെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. രണ്ട് സഹായ മെത്രാന്മാര്‍ രാജി സന്നദ്ധത അറിയിച്ചതോടെ ഇന്നു നടക്കുന്ന വൈദിക സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ വൈദിക സമ്മേളനത്തില്‍ ഇവര്‍ രാജി പ്രഖ്യാപിക്കുമെന്നാണ്  അറിയുന്നത്.

RECENT POSTS
Copyright © . All rights reserved