മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ഐതിഹാസിക സമരം വിജയിച്ചു. കര്‍ഷകര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടെ ആറു ദിവസമായി തുടരുന്ന സമരത്തിന് താല്‍ക്കാലിക വിരാമമായി. മുംബൈ നഗരത്തെ വിറപ്പിച്ചു കൊണ്ട് 5000ത്തിലേറെ കര്‍ഷകരാണ് മഹാരാഷ്ട്ര നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്തത്.
മാര്‍ച്ച് 6 തിയതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. 200 കിലോമീറ്ററോളം നടന്നാണ് ഈ ജന സാഗരം മുംബൈ നഗരത്തില്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാര്‍ തുടരുന്ന കര്‍ഷക വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമരത്തിന് വലിയ പിന്തുണയാണ് മുംബൈ നിവാസികള്‍ നല്‍കിയത്. കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്ന പാതയ്ക്ക് ഇരുവശവും നിന്ന് കര്‍ഷകരെ സ്വീകരിച്ച മുംബൈ ജനത സമര പ്രവര്‍ത്തകര്‍ക്ക് ആവശ്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.
അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. ഈ ആവശ്യങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരിക്കും ലോംഗ് മാര്‍ച്ച്.
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് ഗോവയില്‍ വെച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് സംഭവം. പരിക്ക് അത്ര ഗുരുതരമല്ലെന്നും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം അഭിനയം തുടരാമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബ്രിട്ടിഷ് പട്ടാളവുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്കില്‍ നിവിന്റെ ഇടതു കൈ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് ശേഷവും നിവിന്‍ അഭിനയം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചിത്രീകരണം മുടങ്ങിയാല്‍ വന്‍ തുകയാണ് നഷ്ടം സംഭവിക്കുക.
ഗോവയിലെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചനകള്‍. അടുത്ത ഷെഡ്യൂള്‍ ശ്രീലങ്കയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസം രണ്ടാം തിയ്യതിയോടെ നിവിന്‍ തിരിച്ച് ഷൂട്ടിംഗിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ഇപ്പോള്‍ സ്വന്തം നാട്ടില്‍ വിശ്രമത്തിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വനങ്ങളിലെ ട്രെക്കിംഗിന് നിരോധനം. കുരങ്ങിണി മലയിലെ കാട്ടുതീ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വന്യജീവി സങ്കേതങ്ങളിലെ ട്രെക്കിംഗിനാണ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ഇതിനൊപ്പം വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. തേനിയില്‍ നിന്ന് കുരങ്ങിണിമല വഴി ട്രെക്കിംഗിനെത്തിയവര്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കാട്ടില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലും കാട്ടുതീ പടര്‍ന്നു പിടിക്കുന്നതും തീരുമാനത്തിന് കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് വനമേഖലകളില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം വേണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും പാക്കേജ് ഓപ്പറേറ്റര്‍മാര്‍ക്കും ടൂറിസം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ കടുത്തതോടെ കാട്ടുതീ പടരാനുള്ള സാധ്യത, മൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പുറത്തേക്കു വരാനുള്ള സാധ്യത തുടങ്ങിയവയും പരിഗണിച്ചാണ് ട്രെക്കിംഗിന് നിരോധനം ഏര്‍പ്പെടുത്തിയത്.
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണു. ബംഗ്ലാദേശില്‍ നിന്ന് 78 യാത്രക്കാരുമായി വന്ന വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് തകര്‍ന്നു വീണത്. ലാന്റിങ്ങിന് മുമ്പായി വിമാനത്തിന് തീപിടിച്ചതു കാരണം ക്രാഷ് ലാന്റിങ് നടത്തുകയായിരുന്നു. റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ് വിമാനം ലാന്റ് ചെയ്തത്. വിമാനത്തിലെ 13 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കാഠ്മണ്ഡു: ധാക്കയില്‍ നിന്നും 76 യാത്രക്കാരുമായി കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നു വീണു. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
തകര്‍ന്ന വിമാനത്തില്‍ 76 യാത്രക്കാരാനാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അപകട കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നതാണ്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് യുവാവിനെ ഹോട്ടല്‍ ജീവനക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച വൈകീട്ട് ഭക്ഷണം കഴിക്കാനായി പ്രീത് വിഹാറിലെ കമല്‍ ദാബയിലെത്തിയ പവന്‍കുമാറും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ഭക്ഷണത്തിന്റെ ഗുണമേന്‍മയെ കുറിച്ച് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ ജീവനക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് പവന്‍കുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു.
പവന്‍കുമാറിന്റെ തലയുടെ പിന്‍ഭാഗത്തായി വലിയ തവി ഉപയോഗിച്ച് അടിച്ചതാണ് മരണത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ ധാബയിലെ ജീവനക്കാരായ സച്ചിന്‍, ഗോവിന്ദ്, കരണ്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി വിഹാര്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഹോട്ടലില്‍ അബോധാവസ്ഥയില്‍ കിടന്ന പവന്‍ കുമാറിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭ്യമായെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെയുള്ള ഭാര്യയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. ഷമിയുടേത് അദ്ദേഹത്തിന്റെ കുടുംബപ്രശ്‌നമാണെന്നും അതില്‍ മറ്റുള്ളവര്‍ അധികം ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ധോണിയുടെ പ്രതികരണം. ഷമി വളരെ നല്ലൊരു മനുഷ്യനാണെന്നും ധോണി പറയുന്നു.
‘എന്റെ അറിവില്‍ ഷമി വളരെ നല്ലൊരു മനുഷ്യനാണ്. അവന് ഭാര്യയേയും രാജ്യത്തേയും ചതിക്കാന്‍ പറ്റില്ല. ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് നമ്മള്‍ അധികം ഇടപെടുന്നത് ശരിയല്ല.’ ധോണി പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തോടായിരുന്നു ധോണിയുടെ പ്രതികരണം. ഷമിയുടെ കരിയറില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ഷമിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന താരമാണ് ധോണി.
നേരത്തെ ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് ബിസിസിഐ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ബിസിസിഐയുടെ തീരുമാനം. താരത്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിന് തന്നെ വിവാദം വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
അതേസമയം, മുഹമ്മദ് ഷമിയെക്കെതിരായ ആരോപണം ശക്തമാക്കിയിരിക്കുകയാണ് ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുടെ രണ്ടാമത്തെ ഫോണ്‍ താന്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഷമി ഉത്തര്‍പ്രദേശിലേക്ക് മടങ്ങി പോവുകയും തനുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് ഹസിന്‍ കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ അയാള്‍ക്ക് മാപ്പ് നല്‍കി വരികയാണെന്നും നല്ല വഴിയ്ക്ക് വരാമെന്ന് എനിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും അപക്ഷെ ഞാന്‍ എല്ലാം തുറന്ന് പറയാന്‍ തീരുമാനിച്ചതോടെ ഷമിയുമായി ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യത പോലുമില്ലെന്നും ഹസിന്‍ പറയുന്നു.
അതേസമയം ഹസിനുമായി രമ്യതയിലെത്തണമെന്നും വീണ്ടും സന്തുഷ്ട കുടുംബമായി ജീവിക്കണമെന്നും ഷമി നേരത്തെ പറഞ്ഞിരുന്നു. ഹസിനെ ആരോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നുമായിരുന്നു നേരത്തെ ഷമി പ്രതികരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഹസിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയവയ്ക്കാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാ.ജോഷി പുതുവ രണ്ടാം പ്രതിയും ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ സജു വര്‍ഗീസ് എന്നിവര്‍ മൂന്നും നാലും പ്രതികളുമാകും.
കോടതിയുത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഭൂമിയിടപാട് വിവാദത്തില്‍ പേലീസിന് കേസെടുക്കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരെയാണ് മാര്‍ ആലഞ്ചേരി ഹര്‍ജി വനല്‍കിയിരിക്കുന്നത്.
നേരത്തേ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് വിധേയനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി പുറത്ത് വന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരാതിക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
തുഷാറിന്റെ രാജ്യസഭാ സീറ്റ് വിവാദത്തെ പറ്റി ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൊഴുക്കുകയാണ്. കേരളത്തില്‍നിന്നും എംപിയായിട്ട് ആദ്യം പരിഗണിക്കേണ്ടിയിരുന്നു വ്യക്തിയാണ് വി മുരളീധരനെന്നും വെള്ളാപള്ളി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലടക്കം ഏറെ പ്രവര്‍ത്തിച്ചിട്ടുള്ള ഏറ്റവും പഴക്കവും തഴക്കവും വന്ന നേതാവാണ് വി മുരളീധരനെന്നും എന്നാല്‍ അദ്ദേഹത്തിന് പോലും അവസാന ഊഴത്തിലാണ് സീറ്റ് ലഭിച്ചതെന്നും വെള്ളാപള്ളി പറഞ്ഞു.
തുഷാര്‍ വെള്ളാപള്ളിയോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും വെള്ളാപള്ളി ആവര്‍ത്തിച്ചു. അത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ സീറ്റിന് തുഷാറിനേക്കാള്‍ അര്‍ഹന്‍ മുരളീധരന്‍ ആണെന്നും വെള്ളാപള്ളി പറയുന്നു.
കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ വിചാരണ വൈകിപ്പക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പല തെളിവുകളും ലഭിക്കാനുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. ദൃശ്യങ്ങളും തെളിവുകളും ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.