Latest News

തിരുവനന്തപുരം: എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വി.ടി.ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആദരവ് നേടിയയാളാണ് എകെജിയെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നല്‍കിയതായും ഹസന്‍ പറഞ്ഞു.

ബല്‍റാം ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. പരാമര്‍ശം അതിരു കടന്നതാണ്. ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. മറ്റു പാര്‍ട്ടി നേതാക്കളെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിക്ക് ചേരുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും ബല്‍റാമിനെതിരെ രംഗത്തെത്തിയിരുന്നു.

എകെജിയെ അപമാനിച്ചത് വകതിരിവില്ലായ്മയും വിവരക്കേടുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ബല്‍റാമിന്റെ അധിക്ഷേപത്തോട് പ്രതികരിച്ചത്. എ കെ ജിയെ അവഹേളിച്ച എം എല്‍ എ യെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണെന്നും പിണറായി പറഞ്ഞു.

20 വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ചികിത്സകള്‍ക്കും ശേഷം ലഭിച്ച കുഞ്ഞ് അപ്രതീക്ഷിതമായി തങ്ങളെ വിട്ട് പിരിഞ്ഞതില്‍ മനം നൊന്ത് കഴിയുകയാണ് എട്ട് വയസ്സുകാരി ശ്രുതിയുടെ മാതാപിതാക്കള്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു സ്‌കൂള്‍ ബസ് എതിരെ വന്ന ട്രക്കിലിടിച്ച് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിയുടെ ജീവന്‍ നഷ്ടമാകുന്നത്. ബസ്സിന്റെ സ്റ്റിയറിംഗിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. സ്റ്റിയറിംഗ് തകരാര്‍ കാരണം ഗതി നഷ്ടപ്പെട്ട വാഹനം ആദ്യം ഡിവൈഡറിലേക്ക് ഇടിച്ച് കയറി എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ശ്രുതിയടക്കം നാല് കുട്ടികളും ബസ് ഡ്രൈവറും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കനത്ത ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. ഇന്‍ഡോറിലെ ഡല്‍ഹി പബ്ലിക്ക് സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രുതി. വാഹനത്തിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം കഴിഞ്ഞ് 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് മാതാപിതാക്കള്‍ക്ക് ശ്രുതിയെ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു ശവസംസ്‌ക്കാര വേളയില്‍ ശ്രുതിയുടെ വീട് സാക്ഷ്യം വഹിച്ചത്.

രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി രജിനി തന്റെ ആരാധകര്‍ക്കായി ഒരു സംഗമം വിളിച്ച് കൂട്ടിയിരുന്നു. നൂറ് കണക്കിന് രജിനി രസികര്‍ പരിപാടിയില്‍ എത്തിച്ചേരുകയും, ഇഷ്ടതാരത്തോടൊപ്പം ഫോട്ടോയും പകര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ഈ ഫോട്ടോ പകര്‍ത്തലുകളുടെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. തമിഴ്‌നാടിന്റെ തലൈവറെ ജനം എത്രമേല്‍ സ്‌നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്നു എന്നതിന്റെ നേര്‍കാഴ്ച്ചയാണ് ഈ വീഡിയോ.

പലരും കാലില്‍ വീണ് തൊഴുത് വണങ്ങുമ്പോള്‍, ചിലര്‍ വലം ചുറ്റി പ്രദിക്ഷണം വെക്കുന്നു. ചിലര്‍ കൈമുത്തുമ്പോള്‍, മറ്റു ചിലര്‍ ആരാധന കാരണം ഒരല്‍പം മാറി നില്‍കുന്നതും കാണം, എന്നാല്‍ അത്തരക്കാരെ രജിനി ചേര്‍ത്ത് പിടിക്കുന്നുണ്ട് ദൃശ്യങ്ങളില്‍. ഇതിന് പിന്നാലെയിറങ്ങിയ മറ്റൊരു വീഡിയോയില്‍ രജിനി രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി ഒഴുകുന്നത് എങ്ങനയെന്ന് വീഡിയോയില്‍ കാണാം.

ഡെന്മാര്‍ക്കിലെ ബാറില്‍നിന്നു മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി ഒടുവില്‍ കണ്ടെത്തി. 1.3 മില്യണ്‍ യു എസ് ഡോളര്‍ വില വരുന്ന വോഡ്ക കെട്ടിടനിര്‍മാണശാലയുടെ പരിസരത്തു നിന്നുമാണ് കാലിയായ നിലയില്‍ കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു. കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്.

Image result for stolen vodka robbery

വോഡ്ക കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും അത്രയും തന്നെ വെള്ളിയും ഉപയോഗിച്ചാണ് ഈ കുപ്പി നിര്‍മ്മിച്ചിരുന്നതെന്നു ഡെന്മാര്‍ക്കിലെ ടി വി 2 റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഷണം നടത്തിയവരെക്കുറിച്ചു ഇത് വരെയും വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല

തിരുവനന്തപുരം: പോലീസിന്റെ ക്രമസമാധാനപാലനവും നിരീക്ഷണവും ഇനി ഉന്നത ഉദ്യോഗസ്ഥര്‍ക്കു തത്സമയം വീക്ഷിക്കാം. തല്‍ക്ഷണം ഇടപെട്ടു നിര്‍ദേശവും നല്‍കാം. യൂണിഫോമില്‍ അത്യാധുനിക നിരീക്ഷണക്യാമറകള്‍ ഘടിപ്പിക്കുകയാണ്. ഇതോടെ, പട്രോളിങ്ങും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോലീസിനെ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്കു പോലീസ് ആസ്ഥാനത്ത് തുടക്കമായി. ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ െകെമാറി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം തന്നെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ക്യാമറകളാണ് പോലീസ് ഉപയോഗിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കമ്പനിയാണ് ഇവ നിര്‍മിച്ചത്. തല്‍സമയ ദൃശ്യങ്ങളാണു ഇതിന്റെ സവിഷേത. 4 ജി സിം ഉപയോഗിച്ച് ക്യാമറാദൃശൃങ്ങളും ശബ്ദവും ജി.എസ്.എം. സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്രമസമാധാനപാലനവേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡി ജി.പി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും സാധിക്കും.

സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും പുഷ് ടു ടാക് സംവിധാനം വഴി സംസാരിക്കാനാവും. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇവയ്ക്കുപുറമേ, 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. എ.ഡി.ജി.പി: ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

 

കൊച്ചി: സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന നിലപാടില്‍ ഉറച്ച് വൈദികര്‍. അടുത്തയാഴ്ച ചേരുന്ന സിനഡ് യോഗത്തില്‍ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി യോഗവും വിളിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെയായിരിക്കും പരാതി നല്‍കുക.

അടുത്ത തിങ്കളാഴ്ചയാണ് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിനഡ് ചേരുക. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കും. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി വിളിക്കണമെന്നാണ് വൈദികരുടെ ആവശ്യം. സിനഡ് യോഗം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും വൈദികരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. ഈ സമയത്ത് മാര്‍പാപ്പയ്ക്ക് പരാതിയും നല്‍കില്ല. സിനഡ് കഴിയുന്നതുവരെ സംയമനത്തോടെ കാത്തിരിക്കും.

കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ വിളിച്ച വൈദിക സമിതി യോഗം മൂന്നു വിശ്വാസികള്‍ കര്‍ദ്ദിനാളിനെ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാനിരിക്കേയാണ് സഭയുടെ ചരിത്രത്തില്‍ ആദ്യമായി വൈദിക സമിതി യോഗം തടസ്സപ്പെടുന്നത്. വൈദിക സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദ്ദിനാള്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ യോഗം ചേരാനും കഴിയില്ലായിരുന്നു. ഇതേതുടര്‍ന്ന് യോഗം അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

 

കോട്ടയം ചിങ്ങവനത്താണു സംഭവം. ഭാര്യയെ കാണാനില്ല എന്നു ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ല എന്ന അയല്‍വാസിയായ ഭാര്യയും പോലീസില്‍ പരാതി നല്‍കി.മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കാപ്പം ഒളിച്ചോടി. രണ്ടു വീട്ടുകാരുടെയും പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ മൂന്നു കുട്ടികളുള്ള വീട്ടമ്മയുടെ ഭര്‍ത്താവ് ജോലിക്കു പോയി എങ്കിലും ബാഗ് എടുക്കാന്‍ മറന്നതിനെ തുടര്‍ന്നു തിരികെ വരികയായിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ അയല്‍വാസിയെ ഭാര്യക്കൊപ്പം മുറിയില്‍ കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്നു ഭര്‍ത്താവ് അയല്‍വാസിയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ജോലി കഴിഞ്ഞ എത്തിയപ്പോള്‍ ഭാര്യയെയും കുട്ടികളെയും കാണാനില്ല എന്നു ഇയാള്‍ പരാതി നല്‍കുകയായിരുന്നു. ആറിലും രണ്ടിലും നഴ്സറിയിലും പഠിക്കുന്ന കുട്ടികളുമായാണു വീട്ടമ്മ ഒളിച്ചോടിയത്.

തന്റെ ആദ്യത്തെ കണ്‍മണിയായ വിഹാന്‍ ദിവ്യ വിനീതുമായി പുതുവര്‍ഷത്തില്‍ അടിച്ചുപൊളിക്കുകയാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും. കുഞ്ഞിന്റെ അധികം ചിത്രമൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ല. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കുവേണ്ടി ഇടയ്‌ക്കൊക്കെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്യും. ഇതാ പുതുവര്‍ഷത്തില്‍ കണ്‍മണിയുടെയും അമ്മയുടെയും ആദ്യ ചിത്രം പകര്‍ത്തി വിനീത്.

പയ്യന്നൂര്‍ സ്വദേശിയും ഐടി ജീവനക്കാരിയുമായ ദിവ്യയാണ് വിനീത് ശ്രീനിവാസന്റെ ഭാര്യ. 2012 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ചെന്നൈയില്‍ എഞ്ചിനീയറിങ് പഠനത്തിനിടയിലാണ് വിനീതും ദിവ്യയും പരിചയപ്പെട്ടത്. പിന്നീട് പരിചയം സൗഹൃദമായും പ്രണയമായും മാറി.

ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോ എല്ലായ്‌പ്പോഴും വിവാദങ്ങളുടെ അകമ്പടിയോടെയാണ് അരങ്ങേറാറ്. ഇക്കുറിയും അതിന് മാറ്റമില്ല. ചാനലില്‍ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്‍ട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത് പരിപാടിയെ തുടക്കത്തിലേ വമ്പന്‍ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.

ബോര്‍ഹാംവുഡ് മാന്‍ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് കോര്‍ട്‌നി ആക്ട് എന്ന് വിളിപ്പേരുള്ള ഷെയ്ന്‍ ഗില്‍ബര്‍ട്ടോ ജെനേക്കോയുടെ വസ്ത്രം ഉരിഞ്ഞുവീണതും കാണികളെ അമ്പരപ്പിച്ചതും. അടിവസ്ത്രം ഇടാതെ പരിപാടിക്കെത്തിയ മോഡലിന്റെ മേല്‍വസ്ത്രവും അഴിഞ്ഞുവീണതോടെ, തത്സമയ പരിപാടിക്കിടെ അവര്‍ പൂര്‍ണ നഗ്നയായി മാറി.

പടിക്കെട്ടുകള്‍ ഇറന്നതിനിടെ തന്റെ സ്‌കേര്‍ട്ട് ഉരിഞ്ഞു വീഴുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്. എന്നാല്‍, അടിവസ്ത്രം ധരിക്കാതെ എത്തിയത് മനപ്പൂര്‍വമാണെന്നും കാണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു കാഴ്ചയെന്നും വിമര്‍ശനമുയരുന്നുണ്ട്. ചിലര്‍ സംഭവത്തെ ആവേശത്തോടെ കാണുമ്പോള്‍, ഏറെപ്പേരും പ്രേക്ഷകരെ മനപ്പൂര്‍വം ഇക്കിളിയാക്കുന്നതിനുപയോഗിച്ച തന്ത്രമായിരുന്നു ഇതെന്ന വിലയിരുത്തലിലാണ്.

എന്നാല്‍, തനിക്കിത് വിശ്വസിക്കാനേ സാധിക്കുന്നില്ലെന്നും, അപ്രതീക്ഷിതമായി സംഭവിച്ച വാര്‍ഡ്‌റോബ് മാല്‍ഫങ്ഷനാണിതെന്നും കോര്‍ട്‌നി ആക്ട് പറയുന്നു. പരിപാടിയുടെ അവതാരകയായ എന്ന വില്ലിസും സംഭവം പ്രതീക്ഷിച്ചിരുന്നില്ല. അമ്പരപ്പോടെ വാപൊത്തി നില്‍ക്കുകയായിരുന്നു പരിപാടിയിലുടനീളം അവര്‍.

എന്നാല്‍, കോര്‍ട്‌നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയത് ബിഗ്ബ്രദര്‍ ഷോയില്‍ വരാനിരിക്കുന്ന അത്ഭുതങ്ങളുടെ തുടക്കം മാത്രമാണെന്ന് അവര്‍ പിന്നീട് പറഞ്ഞു. ഈയൊരൊറ്റ സംഭവത്തോടെ പരിപാടിക്ക് വേണ്ടത്ര പ്രചാരം കിട്ടിയതായും അവര്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയക്കാരിയാണ് ഷെയ്ന്‍. പോപ്പ് ഗായികയും റിയാലിറ്റി ഷോകളിലെ സ്ഥിരം സാന്നിധ്യവുമായ അവരാണ് ഇക്കുറി ബിഗ് ബ്രദര്‍ ഷോയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.

വഴിയടഞ്ഞ ജീവിതത്തെ മുന്നോട്ടുരുട്ടാന്‍ താന്‍ തിരഞ്ഞെടുത്ത വഴി ഇത്രമേല്‍ രുചികരമാകുമെന്ന് ശില്‍പ്പ എന്ന വീട്ടമ്മ ഒരിക്കലും കരുതിയില്ല. ഇപ്പോഴിതാ ജീവിതത്തെ മുന്നോട്ടു നയിച്ച ആ വാഹനത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ ശില്‍പ്പയെ തേടിയെത്തിയിരിക്കുന്നു. അതും പുതിയൊരു വാഗ്ദാനവുമായി.

ശില്‍പ്പ എന്ന യുവതി 2005ലാണ് വിവാഹിതയായി മാംഗ്ലൂരിലെത്തുന്നത്. 2008 വരെ ഭര്‍ത്താവ് രാജശേഖറിനൊപ്പം ശില്‍പയുടെ ജീവിതം സുരക്ഷിതമായിരുന്നു. എന്നാൽ ബംഗളൂരുവിലേക്കു ബിസിനസ് ആവശ്യത്തിനു പോയ രാജശേഖറിനെ കാണാതായി. അതോടെ ശില്‍പ്പയുടെയും മകന്‍റെയും ജീവിതം ഇരുളടഞ്ഞു.

എന്നാല്‍ തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല അവര്‍. മകന്റെ പഠിത്തവും രോഗികളായ മാതാപിതാക്കളുടെ ചികിത്സാചെലവും കണ്ടെത്തണം. ആദ്യമൊരു ജോലിയിൽ പ്രവേശിച്ചു. പക്ഷേ വരുമാനം തുച്ഛമായിരുന്നു. എന്തെങ്കിലും ബിസിനസ് ചെയ്യാനായി പിന്നീടുള്ള തീരുമാനം. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുമ്പോള്‍ ബിസിനെവിടെ പണം? ഒടുവില്‍ കുട്ടിക്കാലം മുതൽ പാചകത്തിൽ ഉണ്ടായിരുന്ന താത്‍‌പര്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഭക്ഷണശാല എന്ന ആശയത്തിലെത്തി.

മകന്റെ പഠനത്തിനായി ബാങ്കിലുണ്ടായിരുന്നു ഒരു ലക്ഷം രൂപയായിരുന്നു ആദ്യ മുതൽമുടക്ക്. തുടര്‍ന്ന് ഒരു മഹീന്ദ്ര ബൊലേറോ പിക്കപ്പിനെ മോഡിഫൈ ചെയ്ത് സഞ്ചരിക്കുന്ന ഭക്ഷണശാലയാക്കി മാറ്റി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഈ സഞ്ചരിക്കുന്ന ഭക്ഷണശാല മാംഗ്ലൂരിൽ സൂപ്പർഹിറ്റായി മാറി. ശില്‍പ്പയുടെ ജീവിതകഥ ഒരു ഇംഗ്ലീഷ് ഓൺലൈനിൽ വാർത്തയായി വന്നതോടെയാണ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര സഹായവാഗ്ദാനവുമായെത്തിയത്.

മഹീന്ദ്ര ബൊലേറോയെ കൂട്ടുപിടിച്ച് ജീവിതം കരയ്ക്കടുപ്പിച്ച ശിൽപ്പയ്ക്ക് രണ്ടാമത്തെ യൂണിറ്റ് തുടങ്ങാനായി ഒരു ബൊലേറോ പിക്ക്അപ്പാണ് ആനന്ദ് മഹീന്ദ്രയുടെ വാഗ്ദാനം. ട്വിറ്ററിലൂടെയാണ് മഹീന്ദ്ര തലവന്‍ ഇക്കാര്യം അറിയിച്ചത്. ശിൽപ്പയുടെ ജീവിതത്തിൽ നല്ലകാലം കൊണ്ടുവരാൻ മഹീന്ദ്ര ബൊലേറോ സഹായമായതിൽ സന്തോഷിക്കുന്നതായും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

Copyright © . All rights reserved