തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം എല്‍ഡിഎഫിനു വിട്ട് സിപിഎം. സിപിഎം സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.
ഉചിതമായ നിലപാടെടുക്കാന്‍ നേതൃത്വത്തെ സിപിഎം ചുമതലപ്പെടുത്തി
ചാണ്ടിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ തോമസ് ചാണ്ടി വിഷയം പരാമർശിച്ചിരുന്നില്ല. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ചില അംഗങ്ങൾ രാജി വൈകരുതെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു.
നാളത്തെ എൽഡിഎഫ് യോഗത്തിലും എൻസിപി നിലപാട് ആവർത്തിക്കും. ഹൈക്കോടതിയിലുള്ള കേസിൽ തീരുമാനമാകും വരെ കാക്കണമെന്നും എൻ.സി.പി ആവശ്യപ്പെടും. എന്നാലിത് സി.പി.എമ്മും സി.പി.ഐയും അംഗീകരിക്കാനിടയില്ല.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദം ശക്തമാകുമ്പോഴും തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുന്നു. നിയമോപദേശം പൂര്‍ണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എന്‍സിപി നേതൃത്വവും രാജിയില്ലെന്ന നിലപാടില്‍ തന്നെയാണ്.
മന്ത്രിക്ക് കൂടുതല്‍ കുരുക്കായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പുറത്തുവന്നതാണ് സ്ഥിതിഗതികൾ മാറ്റിമറിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്നും കയ്യേറ്റവും നികത്തലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകള്‍ തള്ളിക്കളയില്ലെന്നുമാണ് എജിയുടെ നിലപാട്. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരെന്നും നിയമോപദേശം വ്യക്തമാക്കുന്നു.
തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റവും വയൽനികത്തലും സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് തള്ളാനാവില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ട്. എന്നാൽ റിപ്പോർട്ടിനെ തന്നെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിവിധി വരും വരെ കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന പുതിയ നിലപാടാണ് എൻസിപി മുന്നോട്ടുവച്ചത്. ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പേരില്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ല. സിപിഎം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. എൻസിപി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുമില്ല. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരന്‍ വ്യക്തമാക്കി.
സരിത നായര്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉന്നയിച്ച ചോദ്യമായിരുന്നു, ഏത് സമയവും തിരക്കേറിയ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി എങ്ങനെ സരിതാ നായരെ പീഡിപ്പിക്കുമെന്നത്.
എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് മറുപടിയുമായി സരിതാ നായര്‍ തന്നെ രംഗത്തെത്തിയിരിക്കുയാണ്. ഇടതുപക്ഷ മാധ്യമത്തിന്റെ ടോക്ക് ഷോയിലാണ് സരിതയുടെ വെളിപ്പെടുത്തല്‍. 2012 സെപ്റ്റംബറില്‍ എമേര്‍ജിംഗ് കേരള നടക്കുന്ന സമയത്താണ് സംഭവം നടക്കുന്നതെന്ന് സരിത പറയുന്നു.
ആ സമയം ബിജു രാധാകൃഷ്ണന്‍ കമ്പനിയിലില്ല. ഓഗസ്റ്റ് 4ാം തീയതി മുതല്‍ ഒളിലാണ്. കമ്പനിയിലുള്ള ചില ജീവനക്കാരുടെ ഫോണിലേക്ക് വിളിക്കാറുള്ളതല്ലാതെ മറ്റു വിവരമൊന്നുമില്ല. അതിന്റെ അടുത്ത ദിവസം 9.45ന് ശേഷം സലീം രാജ് വിളിച്ച് സാറിന് സംസാരിക്കണമെന്ന് പറഞ്ഞു. മാതൃഭൂമിയിലെ ശിവദാസനുമായി ബിജു വന്നിരുന്നെന്നും അത്യാവശ്യമായി കാണണമെന്നും പറഞ്ഞു.
അത്യാവശ്യമായി കാണണമെന്ന് പറയുന്നത് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണെന്നും പിറ്റേദിവസം 8 മണിക്ക് ലേമെറിഡിയനില്‍ വരാനും ഫോണ്‍ കോളില്‍ ധാരണയായി. അപ്പോഴും സാര്‍ വിളിക്കുന്നത് സലീമിന്റെ ഫോണില്‍ നിന്നാണെന്നും സരിത പറഞ്ഞു.
അവിടെ ചെല്ലുമ്പോള്‍ നിറച്ച് പ്രസുകാരും ഒരുപാട് ആള്‍ക്കാരുമുണ്ടായിരുന്നു. അതിനാല്‍ അവിടെ വച്ച് സംസാരിക്കാനുള്ള സാഹചര്യമില്ലെന്നും പോയിട്ട് വിളിക്കാമെന്നും പറഞ്ഞു. അദ്ദേഹം അന്ന് വൈകുന്നേരം നാലുമണിക്ക് സലീംരാജിന്റെ ഫോണില്‍ നിന്ന് വിളിച്ചു.
ഇന്ന് ട്രിവാന്‍ഡ്രം പോവുകയാണ്. അദ്ദേഹത്തിന് മുട്ടുവേദനയാണെന്നും ഇവിടെ കണ്ടിന്യൂ ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. ഫ്ളൈറ്റിലാണ് പോകുന്നത് പിറ്റേ ദിവസം ക്ലിഫ് ഹൗസില്‍ വരാനും പറഞ്ഞു. അദ്ദേഹം അവിടെ ചെന്നത് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രിക്ക് സന്ദര്‍ശകരെ വിലക്കിക്കൊണ്ട് ഡോക്ടേഴ്സ് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നെന്നായിരുന്നു വാര്‍ത്തയെന്നും സരിത പറയുന്നു.
20-ാം തീയതി വരെ കണ്ടിന്യൂസ് റെസ്റ്റിലായിരുന്നു അദ്ദേഹം. ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ഓര്‍ക്കാന്‍ കൂടുതലായിട്ടൊന്നുമില്ലെന്നും ഒരുപക്ഷേ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഏറ്റവും കൂടുതല്‍ വിശ്രമിച്ചത് ഈ സമയത്താണെന്നും സരിത പറഞ്ഞു.
ആ സമയത്ത് ഞാന്‍ സാറിനെ വിളിച്ച് ഇന്ന് വന്നാല്‍ കാണാന്‍ പറ്റുമോ? എന്ന് ചോദിച്ചിരുന്നു. അതുസാരമില്ല, അഞ്ചരയ്ക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ മറിയാമ്മ മാഡം അവിടയുണ്ടായിരുന്നു. പുതുപ്പള്ളിയില്‍ നിന്ന് വന്ന കുറെ ആള്‍ക്കാരുമുണ്ട്. ഞായറാഴ്ച അദ്ദേഹത്തിന് പുതുപ്പള്ളിയില്‍ എന്തോ പരിപാടിയുണ്ട്. അദ്ദേഹത്തിന് സുഖമില്ലെന്ന് അറിഞ്ഞ് ആ പരിപാടി പോസ്പോണ്‍ഡ് ചെയ്യുന്ന കാര്യം കണ്‍ഫേം ചെയ്യാന്‍ വന്നതാണ് അവര്‍.
പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപും അവിടെയുണ്ട്. ജോപ്പനെ ഞാന്‍ ഫോണ്‍ ചെയ്തു. തുടര്‍ന്ന് ജോപ്പന്‍ സാറിന്റെ വിശ്രമമുറിയില്‍ എന്നെ കൊണ്ടുപോയി ഇരുത്തി. സാര്‍ അവിടെ കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ സൈഡിലുള്ള കുറെ പ്ലാസ്റ്റിക് വരിഞ്ഞ തടിക്കസേരകളിലൊന്നില്‍ പോയിരുന്നു.
എന്റെ കൈയില്‍ തിരുപ്പതിയില്‍ നിന്ന് പൂജിച്ച് കൊണ്ടുവന്ന അഞ്ച് രൂപയുണ്ടായിരുന്നു. അത് ഞാന്‍ മറിയാമ്മ മാഡത്തെ ഏല്‍പിച്ചു. ചായ കുടിക്കുന്നോയെന്ന് ചോദിച്ചു. ഇല്ലാന്ന് പറഞ്ഞു. എന്റെ മനസില്‍ ആകെ ഇന്നലെ പറഞ്ഞ ബിജുവിനെ കൊണ്ടുണ്ടാകുന്ന, സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്നമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മനസ്സില്‍ എന്താണെന്ന് നമുക്ക് അപ്പോള്‍ അറിയില്ലല്ലോ എന്നും സരിത പറഞ്ഞു.
എന്റെ വിഷയം ഇന്നിപ്പോ എന്തോ സംഭവിക്കാന്‍ പോകുന്നതെന്നായിരുന്നു. ജോപ്പനോട് നേരത്തെ ചോദിപ്പോള്‍ എന്താണെന്ന് കൃത്യമായ വിവരം പറഞ്ഞില്ലായിരുന്നു. മാം പോകുമ്പോള്‍ സര്‍ പറഞ്ഞു, കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണെന്ന്. രണ്ടുപാളിയുള്ള വാതിലാണ്, അതുലോക്ക് ചെയ്തേക്കെന്നും ഞാന്‍ വിളിക്കുമ്പോള്‍ വന്നാല്‍ മതിയെന്ന് ജോപ്പന്റെ അടുത്തും പറഞ്ഞു.
അപ്പോള്‍ ഞാന്‍ വിചാരിച്ചു, കോണ്‍ഫിഡന്‍ഷ്യല്‍ മാറ്ററാണ്. യുഡിഎഫ് തകരാന്‍ പോവുകയാണെന്ന്. സത്യം പറഞ്ഞാല്‍ വിറച്ച് പേടിച്ചിരിക്കുന്ന സിറ്റുവേഷനാണ്. എന്തോ ഒരു വല്ലാത്ത സംഭവം സിഎമ്മിന്റെ കൈയില്‍ എത്തിയിരിക്കുകയാണ്. എന്നെ സംബന്ധിച്ച് എന്റെ ഫാമിലിയിലെ പ്രശ്നങ്ങള്‍ എല്ലാം ഇവരുടെയെല്ലാം മുന്നില്‍ ഒരു മറയിട്ടാണ് നിന്നത്. അപ്പോ അവിടെ എനിക്ക് വന്ന പ്രശനങ്ങള്‍ മുഴുവന്‍ ഇദ്ദേഹം അറിഞ്ഞിരിക്കുന്നെന്നും സരിത പറയുന്നു.
എനിക്ക് വന്ന പ്രശ്നങ്ങളും ബിജുരാധാകൃഷ്ണന്‍ മുങ്ങിയതും എന്റെ കമ്പനിക്കെതിരെ വന്ന അലിഗേഷന്‍സുമെല്ലാം അദ്ദേഹം മനസ്സിലാക്കി എന്ന് അറിയിച്ച ശേഷം, നമ്മുടെ വീക്ക് പോയിന്റിലെത്തിയതിനുശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രശ്നങ്ങളിലേക്കെന്ന പറഞ്ഞതിനു ശേഷം ഇനി ഞാന്‍ കണ്ടിന്യു ചെയ്യുന്നില്ലെന്നും എല്ലാവരും വായിച്ചതാണെന്നും സരിത വ്യക്തമാക്കി.
കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ക്യൂ നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാതെ സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരി. ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ടോക്കനായി വലിയ നിരതന്നെ കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ പരസ്പരം സംസാരിച്ച് സമയം കളയുകയായിരുന്നു ആശുപത്രി ജീവനക്കാര്‍. ആശുപത്രിയില്‍ ചികിത്സയക്കായെത്തിയ ഒരു യുവാവാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്.
ടോക്കണ്‍ കൊടുക്കാത്തതിന് കാരണം തിരക്കിയ യുവാവിനോട് ദേഷ്യപ്പെട്ട് കസേരയില്‍ നിന്നും എഴുന്നേറ്റു പോവുകയാണ് ടോക്കണ്‍ കൗണ്ടറിലെ ജീവനക്കാരി ചെയ്തത്. ഇതിനിടയില്‍ ആശുപത്രിയില്‍ നിന്നും നിന്നും പോയില്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്ന ഭീഷണിയുമായി ഒരു ജീവനക്കാരന്‍ വന്നു. അവസാനം ഒരു ഡോക്ടര്‍ വന്നു കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ജീവനക്കാരി തന്റെ സീറ്റിലേക്ക് വരാനോ ടോക്കണ്‍ കൊടുക്കാനോ തയാറായില്ല. പിന്നീട് മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു.
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമല പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത ഒരുകോടി രൂപ വിലവരുന്ന ആഡംബരകാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയ നോട്ടീസിനാണ് നടിയുടെ മറുപടി. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താന്‍, കേരളത്തില്‍ വാഹന നികുതി അടക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് മോട്ടോര്‍വാഹന വകുപ്പിന് അമലപോള്‍ മറുപടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് അമലപോള്‍ മോട്ടോര്‍വാഹന വകുപ്പിന് മറുപടി നല്‍കുന്നത്.
ഒരു കോടി രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോൾ വാഹനം രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്‌തത് മൂലം 20 ലക്ഷം രൂപയുടെ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടമായത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലും അമലാ പോള്‍ പറഞ്ഞിരുന്നു.
അതേസമയം, പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി അമലപോളിന്റെ മറുപടി തൃപ്തികരമല്ലെന്നും നടപടി തുടരുമെന്നും മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. പുതുച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടാക്കിയാണ് നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും എറണാകുളം ആര്‍ടിഒ പ്രതികരിച്ചു.
റോഡരികില്‍കിടന്നു മരിച്ച കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത് ലക്ഷങ്ങള്‍. കഴിഞ്ഞ മാര്‍ച്ചില്‍ അംബേദ്കര്‍ ഫൗണ്ടേഷനില്‍നിന്നു പാപ്പുവിനു ധനസഹായം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു കഴിഞ്ഞ വ്യാഴാഴ്ചയാണു ചെറുകുന്നത്തുള്ള വീടിനുസമീപത്തെ വഴിയരികില്‍ മരിച്ചത്. എസ്.ബി.ഐ. ഓടക്കാലി ശാഖയിലെ പാപ്പുവിന്റെ അക്കൗണ്ടില്‍ മാര്‍ച്ച് 17 ന് ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപയാണു നിക്ഷേപിച്ചിരുന്നത്.
എന്നാല്‍ ഈ ധനസഹായം ലഭിച്ചവിവരം പാപ്പു ആരെയും അറിയിച്ചില്ല. പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു മുവായിരത്തോളം രൂപയും തോള്‍ബാഗില്‍നിന്ന് എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്കും ലഭിച്ചു. ഇതില്‍നിന്നാണു പാപ്പുവിന്റെ അക്കൗണ്ടിലുള്ള പണത്തേക്കുറിച്ചു വിവരം ലഭിച്ചത്. ബാങ്കില്‍ നടത്തിയ അന്വേഷണത്തിലാണ് അംബേദ്കര്‍ ഫൗണ്ടേഷനില്‍നിന്നു ലഭിച്ച ധനസഹായത്തേക്കുറിച്ച് അറിയുന്നത്. ഇതില്‍നിന്നു പാപ്പു പല തവണകളായി പണം പിന്‍വലിച്ചെങ്കിലും അക്കൗണ്ടില്‍ 4,32,000 രൂപ ബാക്കിയുണ്ടായിരുന്നു. തന്നെ കബളിപ്പിച്ച് ആരെങ്കിലും പണം കവരുമെന്ന ഭയത്താലാകാം ധനസഹായത്തിന്റെ കാര്യം പാപ്പു ആരെയും അറിയിക്കാതിരുന്നതെന്നു കരുതുന്നു.
നാലു മണിയോടെ മലമുറിയിലെ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം ചെറുകുന്നത്തെ വീട്ടില്‍ എത്തിച്ചിരുന്നു. സഹോദരനായ അയ്യപ്പന്‍കുട്ടി, മകള്‍ ദീപ, ദീപയുടെ മകന്‍ അനന്തു എന്നിവര്‍ മതപരമായ ചടങ്ങുകള്‍ നിര്‍വഹിച്ചു. ഭാര്യ രാജേശ്വരി എത്തിയിരുന്നില്ല. ചെറുകുന്നത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ജിഷയെ ദഹിപ്പിച്ച ശ്മശാനത്തില്‍ത്തന്നെ പാപ്പുവിന്റെ സംസ്‌കാരവും നടത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.
ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അവസാന സമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കൃത്യമായി പ്രഖ്യാപിച്ചു. പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രെക്‌സിറ്റിന്റെ മുഹൂര്‍ത്തമെന്ന് വിശേഷിപ്പിക്കാവുന്ന വിധം കൃത്യമായി യൂണിയന്‍ വിടുന്ന സമയംവരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. 2019 മാര്‍ച്ച് 29ന് രാത്രി 11ന് എല്ലാ ചര്‍ച്ചകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുവരുമെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ബ്രെക്‌സിറ്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ പ്രഖ്യാപനം. ഇതുസംബന്ധിച്ച ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം. എത്രകണ്ട് പ്രതിസന്ധികളുണ്ടായാലും ബ്രെക്‌സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയനേതാക്കള്‍ ഒരുമിച്ചുനിന്ന് മികച്ചൊരു ബ്രെക്‌സിറ്റ് ഉടമ്പടിക്കായി പ്രയത്‌നിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം ബില്ലില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ഭേദഗതികള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ തടസപ്പെടുത്താനുള്ള നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ ബ്രെക്‌സിറ്റിനായുള്ള ചര്‍ച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ ഇന്നലെ പൂര്‍ത്തിയായി. നഷ്ടപരിഹാരത്തുകയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ നിലപാടറിയിക്കാന്‍ ബ്രിട്ടനു രണ്ടാഴ്ചത്തെ സമയം നല്‍കുകയാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയര്‍ പറഞ്ഞു. ഇരുഭാഗത്തുമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ചും, ബ്രിട്ടന്റെ ഡിവോഴ്‌സ് ബില്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ അതിനുശേഷം മാത്രമേ പൂര്‍ത്തിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കാണാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന 25 പേജുകള്‍ വരുന്ന സരിതയുടെ വിവാദ കത്ത് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതെന്ന ആരോപണവുമായി മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 21 പേജുള്ള സരിതയുടെ യഥാര്‍ത്ഥ കത്തിനൊപ്പം നേതാക്കളുടെ പേരുകളും പുതിയ ലൈംഗിക കഥകളും എഴുതിചേര്‍ക്കപ്പെട്ടതാണെന്നും നടനും എംഎല്‍എ യുമായ ഗണേശിന്റെ നേതൃത്വത്തില്‍ നടന്ന ആലോചകളാണ് ഇതെന്നും ആരോപണത്തില്‍ പറഞ്ഞു. സരിതയുടെ കത്ത് പുറത്തു വന്നതിന് പിന്നാലെ കൊഴുക്കുന്ന ആരോപണ പ്രത്യാരോപണങ്ങളിലേക്കാണ് ഫെനിയും പങ്കാളിയായിരിക്കുന്നത്.
സരിതയുടെ കത്തില്‍ നാലു പേജ് അധികമായി എഴുതിചേര്‍ത്തെന്നാണ് ആരോപണം. തനിക്ക് സരിത ആദ്യം തന്ന കത്ത് 21 പേജുകള്‍ വരുന്ന ആര്‍ക്കെതിരേയും ലൈംഗിക പീഡന ആരോപണങ്ങള്‍ ഇല്ലാത്തതുമായിരുന്നു. എന്നാല്‍ 25 പേജ് എങ്ങിനെ വന്നെന്നാല്‍ കൊട്ടാരക്കരയില്‍ ഗണേശിന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ബന്ധു ശരണ്യാമനോജ് എഴുതിച്ചേര്‍ത്തതാണെന്നാണ് ഫെനിയുടെ ആരോപണം. തന്റെ വാഹനത്തില്‍ കയറിയിരുന്നായിരുന്നു എഴുതിയത്. തന്റെയും ഗണേശിന്റെയും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും.
സരിതയുടെ കത്തില്‍ കുറേക്കൂടി ഉന്നതരുടെ പേരും സെക്‌സ്വലായ കുറേ കഥകളും കൂടി എഴുതിച്ചേര്‍ക്കണമെന്ന് ഗണേശ് ആവശ്യപ്പെട്ടു. ഗണേഷിന്റെ പിഎ പ്രദീപാണ് തന്റെ കയ്യില്‍ നിന്നും കത്തു വാങ്ങിയതെന്നും ഫെനി പറഞ്ഞു. 2015 മാര്‍ച്ച് 13 ന് ശരണ്യാ മനോജ് ഒരു ഡ്രാഫ്റ്റ് എടുത്തുകൊണ്ട് തന്റെ അരികില്‍ വന്നെന്നും ഫെനി ബാലകൃഷ്ണന്‍ പറയുന്നു. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വന്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ മറികടക്കാനുള്ള തന്ത്രം ആലോചിക്കുന്ന തിരക്കിനിടയിലാണ് ഫെനി വാര്‍ത്താസമ്മേളനവും നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളും തെളിവുകളും എതിരായതിനെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് സംസ്ഥാന ദേശീയ നേതൃത്വത്തെ തോമസ്ചാണ്ടി അറിയിച്ചതായും എന്നാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ ബുധനാഴ്ച വരെ തുടരാന്‍ അദ്ദേഹത്തിന് ദേശീയ നേതൃത്വത്തില്‍ നിന്നും നിര്‍ദേശം കിട്ടിയതായിട്ടുമാണ് വിവരം.
ഇന്നലെ വൈകിട്ടോടെ പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതാക്കളെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. സിപിഎം നേതൃത്വം അനുകൂലമല്ല എന്ന് മനക്കിലാക്കിയതിനെ തുടര്‍ന്നാണ് രാജി തീരുമാനം എടുത്തതെങ്കിലും പെട്ടെന്ന തീരുമാനം എടുക്കരുതെന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്നും കിട്ടിയിരിക്കുന്നത്. എന്‍സിപിയ്ക്ക് രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ സ്ഥാനം നഷ്ടപ്പെടുത്തരുതെന്നും ബുധനാഴ്ച വരെ ക്ഷമിക്കാനുമാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി. അതുകൊണ്ട് തന്നെ ബുധനാഴ്ച വരെ അദ്ദേഹം തല്‍സ്ഥാനത്ത തുടര്‍ന്നേക്കും. സിപിഎം സംസ്ഥാന സമിതിയിലും എത്രയും വേഗം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വന്നത്. തോമസ് ചാണ്ടിയെ നിലനിര്‍ത്തുന്നത് സര്‍ക്കാരിനും മുന്നണിക്കും ഗുണകരമല്ല എന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായം. സംസ്ഥാന സമിതിയില്‍ ആരും തന്നെ തോമസ് ചാണ്ടിയെ പിന്തുണച്ചതുമില്ല.
തോമസ് ചാണ്ടിക്കെതിരേ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതാണെന്ന എജിയുടെ നിയമോപദേശവും സമ്മര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇതിനൊപ്പം സിപിഐ യും ഇതേ നിലപാട് എടുത്തു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും അടുത്ത ദിവസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം പറയുമെന്നും കാനം രാജേന്ദ്രന്‍ കോട്ടയത്ത് വ്യക്തമാക്കി. തോമസ്ചാണ്ടി രാജിവെച്ചാല്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താതെ തല്‍സ്ഥാനത്തേക്ക് ശശീന്ദ്രനെ തന്നെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നീക്കം.
ഇടുക്കി: ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ കൊട്ടക്കൊമ്പൂര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി. ജോയിസ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. വ്യാജ പട്ടയമുണ്ടാക്കി സര്‍ക്കാര്‍ തരിശുഭൂമി കയ്യേറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി ഏഴാം തിയതി ഹാജരാകണമെന്ന് ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ജോയിസ് ജോര്‍ജിനു ബന്ധുക്കള്‍ക്കും നോട്ടീസ് അയച്ചിരുന്നു.
അഭിഭാഷകന്‍ മുഖേന എംപിയും ബന്ധുക്കളും പട്ടയവും മറ്റ് രേഖകളും ഹാജരാക്കിയെങ്കിലും ഇവ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ജോയിസ് ജോര്‍ജ്, ഭാര്യ അനൂപ, അമ്മ മേരി, സഹോദരന്‍മാരായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കൊമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. അതേസമയം പിതാവില്‍ നിന്ന് കൈമാറിക്കിട്ടിയ ഭൂമിയാണ് ഇതെന്നായിരുന്നു ജോയിസ് ജോര്‍ജ് വാദിച്ചിരുന്നത്. ജോയിസ് ജോര്‍ജിന്റേതാണ് ഭൂമിയെന്നും നിയമവിരുദ്ധമായി ഇതില്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തിരുന്നു.
റവന്യൂ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടരി നിവേദിത പി.ഹരന്‍ നടത്തിയ അന്വേഷണത്തില്‍ വട്ടവട, കൊട്ടക്കൊമ്പൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍, മറയൂര്‍ പ്രദേശങ്ങളില്‍ വ്യാജ രേഖകള്‍ തയ്യാറാക്കി നിരവധി പേര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു. ഇത്തരം ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് ജോയിസ് ജോര്‍ജിനും ബന്ധുക്കള്‍ക്കും നോട്ടീസ് അയച്ചത്.
കേരളത്തില്‍ മൂന്നു ശതകമായി പ്രഹേളികയായി മാറിയിരുന്ന സുകുമാരക്കുറുപ്പ് മുസ്തഫയായി മാറിയ കുറുപ്പ് സൗദി അറേബ്യയിലെ മദീനയിലുണ്ടെന്ന വാര്‍ത്ത ഇന്നലെ ചെറിയനാട് നിവാസികള്‍ സ്വീകരിച്ചത് ഏറെ കൗതുകത്തോടെ. നാട്ടില്‍ മുമ്പ് ഇത്തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും കുറുപ്പ് ഇസ്ലാം മതം സ്വീകരിക്കില്ലെന്നു വിശ്വസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പോലീസില്‍നിന്നു രക്ഷപ്പെടാന്‍ കുറുപ്പ് ഏതു സാധ്യതയും ഉപയോഗപ്പെടുത്തുമെന്ന് അടുത്തറിയാമായിരുന്നവര്‍ കരുതുന്നു.
അബുദാബിയില്‍ മെറെന്‍ എന്‍ജിനീയറായിരുന്ന കുറുപ്പിന് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആര്‍ത്തിയാണ് മരിച്ചെന്നുവരുത്തി ഇന്‍ഷുറന്‍സ് തുക തട്ടുകയെന്ന തന്ത്രം മെനയുന്നതിലെത്തിച്ചത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ച കേസില്‍ സംഭവത്തിന് ശേഷം എവിടെയാണെന്ന തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ സുകുമാരക്കുറുപ്പ് രക്ഷപ്പെട്ടത് തികച്ചും നാടകീയമായിട്ടായിരുന്നു.
ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു രാത്രി കൊലപ്പെടുത്തിയതിനു ശേഷം കുറുപ്പും പൊന്നപ്പനും കാറില്‍ ആലുവയിലേക്കാണു പോയത്. അവിടെയുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് കാറുമായി പൊന്നപ്പന്‍ തിരികെ ചെറിയനാട്ടെത്തി. എല്ലാം കുഴഞ്ഞുമറിെഞ്ഞന്നു മനസിലാക്കിയ സുകുമാരക്കുറുപ്പ് അതിസാഹസികമായി മാതാവ് ജാനകിയുടെ സഹോദരി താമസിക്കുന്ന മാവേലിക്കരയ്ക്ക് സമീപമുള്ള ഈരേഴയിലെത്തി. റോഡ് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നു റെയില്‍വേ ട്രാക്കിലൂടെ കിലോമീറ്ററുകള്‍ നടന്ന് ചെറിയനാട്ടെ ബന്ധുവീട്ടില്‍ വന്നു. തുടര്‍ന്നാണ് ചില ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീവേഷമണിഞ്ഞ് കാറില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. അവിടെ നിന്നു പോയ കുറുപ്പിനെ പിന്നീടു കണ്ടവരില്ല.
എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കൊലപാതകം നടത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ചു കത്തിക്കാനായിരുന്നു നീക്കം. 1984 ജനുവരി 21-ന് ഉച്ചകഴിഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹം സംഘടിപ്പിക്കാന്‍ കുറുപ്പിന്റെ ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, കുറുപ്പിന്റെ സുഹൃത്തും സഹായിയുമായ ചാവക്കാട്ടുകാരന്‍ ഷാഹു എന്നിവര്‍ ചെറിയനാട്ടില്‍നിന്നു കാറില്‍ തിരിച്ചത്.
മറ്റൊരു കാറില്‍ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കൊല്ലകടവില്‍ എത്തിയപ്പോള്‍, ആശുപത്രിയില്‍ കഴിയുന്ന അമ്മ ദേവകിയെ കാണാന്‍ കുറുപ്പ് പന്തളത്തേക്കു പോയെന്നു ബന്ധുക്കള്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരനായ ബന്ധു മധുവിന്റെ സഹായത്തോടെ മോര്‍ച്ചറിയില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഭാസ്‌ക്കരപിള്ളയുടെ കെ.എല്‍.ക്യു. 7835 നമ്പര്‍ കാറില്‍ ശവം കത്തിച്ചശേഷം, മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. മെഡിക്കല്‍ കോളജില്‍നിന്നു ശവം സംഘടിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല.
നിരാശരായി മടങ്ങുമ്പോഴാണു കരുവാറ്റയില്‍ കുറുപ്പിനോടു സാദൃശ്യമുള്ള ചാക്കോ വാഹനത്തിനു കൈ കാണിച്ചത്. തുടര്‍ന്നായിരുന്നു കൊലപാതകം. കാല്ലപ്പെട്ടത് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയാണെന്നു സ്ഥിരികരിക്കാനായി പോലീസ് സര്‍ജന്‍ ബി. ഉമാദത്തന്‍ സൂപ്പര്‍ ഇംപോസിഷനാണ് നടത്തിയത്. ചാക്കോയുടെ ഫോട്ടോ ഉപയോഗിച്ചാണ്് കത്തിക്കരിഞ്ഞ തലയോട്ടിയില്‍നിന്നു മുഖം സൃഷ്ടിച്ചെടുത്തത്. പാദത്തിന്റെ അസ്ഥിയില്‍നിന്നു കാലിന്റെ നീളവും കണ്ടെത്തി. ചാക്കോയുടെ ചെരുപ്പുമായി ഒത്തുനോക്കി.
ചാക്കോയുടെ മൃതദേഹം ചുട്ടുകരിച്ചത് സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട്ടെ സ്മിതാ ഭവനിലെ കുളിമുറിയിലായിരുന്നു. അവിടെനിന്നു മുടിയുടെ ഭാഗം കണ്ടെത്തി. തല കരിച്ചപ്പോള്‍ മുടിയിഴകള്‍ പുകച്ചുരുളിനൊപ്പം ഉയര്‍ന്ന് കുളിമുറിയിലെ മാറാലയില്‍ തൂങ്ങിക്കിടന്നിരുന്നു. കുളിമുറി കഴുകിയപ്പോള്‍ ഏതാനും മുടിയിഴകള്‍ ഓവുചാലിലും തങ്ങിനിന്നിരുന്നു. ഇവയെല്ലാം കണ്ടെത്തി ഫോറന്‍സിക് പരിശോധന നടത്തിയത് പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ ഡോ. മുരളീകൃഷ്ണയാണ്.