റ്റിജി തോമസ്
നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം രണ്ട് ദിവസങ്ങളായാണ് പൂർത്തിയായത് . ആദ്യദിനത്തിലെ സന്ദർശനം പാതിവഴിയിൽ അവസാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അത് ഒരു ഫോൺകോളായിരുന്നു.
യുകെ മലയാളികളുടെഇടയിൽ കേരളത്തിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജെ ജെ സ്‌പൈസസ് ആൻഡ് ഗ്രോസറീസ് എന്ന സ്‌ഥാപനത്തിന്റെ ഉടമയാണ് ജിജോ ജേക്കബ് .
ജിജോയ്ക്ക് അന്ന് യോർക്ക് ഷെയറിൽ ഹോം ഡെലിവറി ഉള്ള ദിവസമായിരുന്നു. എന്നാൽ ജിജോയുടെ ഡെലിവറി വാനിൽ അനുവദിച്ചതിൽ കൂടുതൽ ഭാരമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞുവെച്ച വിവരവുമായിട്ടാണ് ജിജോയുടെ ഭാര്യ വിളിച്ചത്. 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പിഴയുടെ ഒപ്പം കൂടുതൽ നടപടികളിലേയ്ക്ക് പോകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സന്ദേശത്തെ തുടർന്ന് ഞങ്ങൾ അതിവേഗം കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി. അയച്ചു കിട്ടിയ ലൊക്കേഷനിലേയ്ക്ക് പരമാവധി വേഗത്തിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എത്തിച്ചേർന്നത് ഒരു കാടിൻറെ നടുവിലായിരുന്നു .
ഗൂഗിൾ മാപ്പ് ചതിച്ചതാണോ? സമയം അതിക്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗൂഗിൾ മാപ്പ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തിരക്കിനിടയിൽ നടന്ന് യാത്ര ചെയ്യാനുള്ള ഓപ്ഷനാണ് സെറ്റ് ചെയ്തിരുന്നത് എന്ന് മനസ്സിലായത്. പിന്നെയും ഗൂഗിൾ തന്നെ ശരണം. വഴിയിലുള്ള സിഗ്നലുകൾ വഴി മുടക്കരുതെന്ന പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷ്യത്തിലേക്ക് കുതിച്ചു. അധികം വൈകാതെ തന്നെ ജിജോയുടെ അടുത്ത് എത്തിച്ചേർന്നു. ജിജോയുടെ വാഹനത്തിന് തൊട്ടടുത്തുതന്നെ പോലീസ് വാഹനവും പാർക്ക് ചെയ്തിരുന്നു. അധികം താമസിയാതെ തന്നെ യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജൻ വൈസ് പ്രസിഡൻറ് സിബി മാത്യുവും അവിടെ എത്തിച്ചേർന്നു.
ഞങ്ങളുടെ രണ്ടു കൂട്ടരുടെയും വാഹനത്തിലേയ്ക്ക് സാധനങ്ങൾ മാറ്റിവച്ചത് കൊണ്ട് തുടർ നടപടികളിൽ നിന്ന് പോലീസ് പിന്മാറി .
പിഴ ഒഴിവാക്കുന്നതിന് ഒന്ന് അഭ്യർത്ഥിച്ചു നോക്കിയാലോ എന്ന് എൻറെ കേരള ബുദ്ധിയിൽ തോന്നി. പക്ഷേ നിയമം നടപ്പാക്കുന്നതിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വളരെ സൗമ്യമായാണ് പോലീസ് വ്യക്തമാക്കിയത്. 300 പൗണ്ട് ഞാൻ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയപ്പോൾ ഒന്ന് ഞെട്ടി. മുപ്പതിനായിരം രൂപയോളം . ഒരുപക്ഷേ ജിജോയുടെ ഒന്നിലേറെ ദിവസങ്ങളിലെ കഷ്ടപ്പാട് ആവിയായി പോകുന്ന അവസ്ഥ.

അന്ന് തന്റെ സ്ഥിരം കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുത്തശേഷം ജോജിയുടെ വാഹനത്തിലേയ്‌ക്ക് മാറ്റിയ സാധനങ്ങൾ എടുക്കാൻ ജിജോ എത്തിച്ചേർന്നു. നന്ദി സൂചകമായി 10 കിലോയുടെ ഒരു ചാക്ക് അരി സമ്മാനമായി തരാൻ ജിജോ ശ്രമിച്ചെങ്കിലും ജോജി അത് നിരസിച്ചു . ഒന്നിലേറെ തവണ ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പ്രവാസ ലോകത്ത് ജീവിതം കരിപിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ മുഖമാണ് തെളിഞ്ഞുവന്നത്. അതോടൊപ്പം ഒരു ആവശ്യസമയത്ത് കൈത്താങ്ങാകാൻ ഓടിയെത്താനായി മലയാളി കാണിക്കുന്ന കൂട്ടായ്മയും മനസ്സിന് കുളിർമ നൽകുന്നതായിരുന്നു .
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
ബിനോയ് എം. ജെ.
രതിഫലത്തെ(മാനസികമായ)ക്കുറിച്ച് ചിന്തിക്കാതെ കർമ്മം ചെയ്യുക. പ്രഥമ ദൃഷ്ടിയാ തന്നെ ഇതിന് രണ്ട് വശങ്ങൾ ഉള്ളതായി കാണാം. ഒന്ന് പ്രതിഫലത്തോടുള്ള വിരക്തി; രണ്ട് കർമ്മത്തോടുള്ള ആഭിമുഖ്യം. ഇത് രണ്ടും കൂടി ചേർന്നാലേ നിഷ്കാമകർമ്മം ആവൂ. ചെയ്യുന്ന കർമ്മത്തിന് പ്രതിഫലം കിട്ടണമെന്ന് നാം വാശിപിടിച്ചാൽ അത് നിഷ്കാമകർമ്മം ആകില്ല. പ്രതിഫലത്തോടുള്ള വിരക്തി കർമ്മത്തിലേക്കു കൂടി പരന്നാൽ അതും നിഷ്കാമകർമ്മം ആവില്ല. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതദിശയിലുള്ളതുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടെന്നുള്ളത് (Every action has an equal and opposite reaction) സാർവ്വത്രികമായ ഒരു നിയമമാണ്. നിങ്ങൾ ലോകത്തിലേക്ക് ഒരു കർമ്മത്തെ അയയ്ക്കുന്നു; അതിന് തുല്യമായ ഒരു പ്രതിപ്രവർത്തനം ലോകം നിങ്ങളിലേക്കും അയക്കുന്നു. ഈ പ്രതി പ്രവർത്തനമാണ് നിങ്ങളുടെ കർമ്മത്തിനുള്ള പ്രതിഫലം. ഇവിടെ പ്രതിഫലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്നതിന് കിട്ടുന്ന കൂലിയല്ല. മറിച്ച് ജോലിയും അതിന്റെ കൂലിയും കൂടി ഒരുമിച്ചു ജനിപ്പിക്കുന്ന മാനസികമായ പ്രതിഫലം – പേര്, പ്രശസ്തി,ബഹുമതി,അംഗീകാരം, സ്റ്റാറ്റസ് ആദിയായവ – ആണുദ്ദേശിക്കുന്നത് . ഇതിനെ തടയുവാൻ ആർക്കും സാധ്യമല്ല. ഇത് ലോകത്തിന്റെ നിലനിൽപ്പിന് ഏറെക്കുറെ ആവശ്യവുമാണ്.
ഇപ്രകാരം ഇത് ഒരു ശാശ്വതനിയമമായി പ്രവർത്തിക്കുമ്പോൾ കാലക്രമേണ മനുഷ്യൻ കർമ്മത്തോടൊപ്പം പ്രതിഫലത്തോടും ആഭിമുഖ്യമുള്ളവനായി മാറുന്നു. പിന്നീട് അവൻ പ്രതിഫലത്തിനു വേണ്ടി കർമ്മം ചെയ്തു തുടങ്ങുന്നു. എന്താണ് ഇതുകൊണ്ടുള്ള ദോഷം? കർമ്മത്തോടൊപ്പം പ്രതിഫലവും കിട്ടുന്നുണ്ടെങ്കിൽ അത് കൂടുതൽ നല്ലതല്ലേ? പ്രതിഫലത്തിൽ അല്ലേ ജീവിതത്തിന്റെ അർത്ഥം മുഴുവൻ കിടക്കുന്നത്? പ്രതിഫലമില്ലാതെ കർമ്മം ചെയ്താൽ അതൊരു പാഴ് വേല മാത്രമാവില്ലേ? ഇവക്കുള്ള ഉത്തരം നമുക്ക് പരിശോധിക്കാം.
ആദ്യമായി കർമ്മത്തിന്റെ പ്രകൃതമനുസരിച്ച് പ്രതിഫലത്തിന്റെ പ്രകൃതവും മാറിവരുന്നു. അങ്ങോട്ടു കൊടുക്കുന്നത് പ്രഹരമാണെങ്കിൽ തിരിച്ചിങ്ങോട്ട് വരുന്നതും പ്രഹരം തന്നെ ആയിരിക്കും. അങ്ങോട്ട് കൊടുക്കുന്നത് ചുംബനമാണെങ്കിൽ ഇങ്ങോട്ടു വരുന്നതും ചുംബനം തന്നെയായിരിക്കും. ഇതിങ്ങനെയാണെങ്കിലും പ്രതിഫലത്തിന്റെ മേൽ നമുക്ക് വലിയ നിയന്ത്രണം ഇല്ലെന്നതാണ് സത്യം. ഉദാഹരണത്തിന് നിങ്ങൾ ഒരു പ്രസംഗം നടത്തുന്നുവെന്ന് കരുതുക. നിങ്ങൾ വലിയ പ്രതീക്ഷയോടെയും തയ്യാറെടുപ്പോടെയുമാണത് അത് ചെയ്തത്. വലിയ ഒരു കയ്യടി നിങ്ങൾ മുൻകൂട്ടി പ്രതീക്ഷിരുന്നു. പക്ഷെ പ്രസംഗം പാളി. ആളുകൾ കൂക്കി വിളിച്ചു. നിങ്ങൾക്ക് എന്തു തോന്നും? ഇത് മറിച്ചും സംഭവിക്കാം. നിങ്ങൾക്ക് വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പ്രസംഗം വിജയിച്ചു. നീണ്ട കരഘോഷം.. നിങ്ങൾക്ക് സന്തോഷം തോന്നുന്നു. ഇപ്രകാരം പ്രതിഫലം നിങ്ങളുടെ ജീവിതത്തിലേക്ക് സുഖദു:ഖങ്ങളെ കൊണ്ടുവന്ന് തരുന്നു. പ്രതിഫലം പുറത്തു നിന്നും വരുന്നതിനാൽ അത് നിങ്ങളുടെ നിയന്ത്രണത്തിന് വെളിയിലാണ്. നിങ്ങൾ സന്തോഷിക്കണമോ ദുഃഖിക്കണമോ എന്ന് നിങ്ങളേക്കാൾ ഉപരിയായി സമൂഹം തീരുമാനിക്കുന്നു. നിങ്ങൾ പ്രതിഫലത്തിന്റെയും അത് തരുന്ന സമൂഹത്തിന്റെയും അടിമകളായി മാറിക്കഴിഞ്ഞു. അടിമത്തം മനുഷ്യന് ഭൂഷണമല്ല.
പ്രതിഫലം അതിൽ തന്നെ വൈരുധ്യങ്ങൾ പേറുന്നു. മുൻപ് പറഞ്ഞതു പോലെ അത് ഭാവാത്മകമോ നിഷേധാത്മകമോ ആവാം. ഈ ദ്വൈതം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജീവിതത്തിൽ വിജയമാണോ പരാജയമാണോ സംഭവിക്കുവാൻ പോകുന്നത്? ബിസിനസ്സിൽ ലാഭമാണോ നഷ്ടമാണോ സംഭവിക്കുവാൻ പോകുന്നത്? പ്രണയം വിജയിക്കുമോ അതോ പരാജയപ്പെടുമോ? നിങ്ങളുടെ ജീവിതം വലിയ റിസ്കിലാണ്. ചിലർ പറയുന്നു റിസ്ക് എടുക്കുവാനുള്ള കഴിവ് വർദ്ധിപ്പിക്കണമെന്ന്. ഇതൊന്നും പ്രശ്നത്തിനുള്ള പരിഹാരമല്ല. പ്രതിഫലത്തെ തന്നെ ത്യജിക്കുകയാണ് പ്രശ്നത്തിനുള്ള യഥാർത്ഥമായ പരിഹാരം. കാരണം കർമ്മം അതിൽതന്നെ വിജയമോ പരാജയമോ അല്ല. ജയാപജയങ്ങളെയും സുഖദു:ഖങ്ങളെയും ജനിപ്പിക്കുന്നത് പ്രതിഫലം തന്നെ.
രണ്ടാമതായി പ്രതിഫലത്തിലുള്ള ഈ ശ്രദ്ധയും താത്പര്യവും കർമ്മത്തിൽ നിന്ന് നിങ്ങളുടെ മനസ്സിനെ തെറിപ്പിക്കുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ നിങ്ങൾ പരീക്ഷയിൽ ജയിക്കുന്നതായും, ജോലി കിട്ടുന്നതായും, ബിസിനസ്സ് തുടങ്ങുന്നതായും, വിവാഹം കഴിക്കുന്നതായും മറ്റും സദാ സ്വപനം കണ്ടുകൊണ്ടേയിരിക്കും. കാരണം അതാണ് നിങ്ങളുടെ ഏക പ്രചോദനം. നിങ്ങളുടെ സമയത്തിന്റെ പകുതി അങ്ങനെ തന്നെ പോവും. മാത്രവുമല്ല ഭാവിയെ കുറിച്ചുള്ള ഇത്തരം ചിന്തകൾ നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രതയെ തകർക്കുന്നു. ഏകാഗ്രതയില്ലാതെ പഠിച്ചാൽ നിങ്ങൾ പഠനത്തിൽ വിജയിക്കില്ല. ജോലിയെയും വിവാഹത്തെയും ഒക്കെ മറന്നുകൊണ്ട് നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കുവിൻ. അപ്പോൾ നിങ്ങളുടെ ഏകാഗ്രത നൂറുമടങ്ങായി – അതെ നൂറു മടങ്ങായി തന്നെ – വർദ്ധിക്കുകയും നിങ്ങളുടെ ജോലിയും വിവാഹവും തടസ്സമില്ലാതെ സംഭവിക്കുകയുംവചെയ്യും. അപ്പോൾ പിന്നെ കർമ്മത്തിനുള്ള പ്രചോദനം എവിടെ നിന്ന് വരും? കർമ്മത്തിലുള്ള ആസ്വാദനം തന്നെ അതിനുള്ള ഏറ്റവും നല്ല പ്രചോദനം. നിങ്ങൾ ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ ജോലിയെയും വിദ്യാർത്ഥിയാണെങ്കിൽ പഠനത്തെയും ആസ്വദിക്കുവിൻ. നിങ്ങൾക്ക് അതിനു കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കർമ്മമണ്ഠലം മാറി ആസ്വദിക്കുവാൻ കഴിയുന്ന എന്തെങ്കിലും കർമ്മത്തിൽ മുഴുകുവിൻ. അപ്പോൾ വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും.
കർമ്മം എത്രമാത്രം ആസ്വദിക്കുവാനാവും എന്നതിനെക്കുറിച്ച് നമ്മിൽ പലർക്കും ഗ്രാഹ്യം ഇല്ലെന്നതാണ് സത്യം. ആ ദിശയിൽ നമ്മുടെ ചിന്ത ഇനിയും പോയിട്ടില്ല. പ്രതിഫലത്തെക്കുറിച്ച് സദാ ചിന്തിക്കുന്ന നമുക്ക് എങ്ങനെയാണ് കർമ്മം ആസ്വദിക്കുവാൻ കഴിയുക? പ്രതിഫലത്തിനുവേണ്ടി ചെയ്യപ്പെടുന്ന കർമ്മം അടിമപ്പണിയാണ്. അടിമപ്പണിയിൽ നിന്നും എങ്ങനെയാണ് സന്തോഷം കിട്ടുക? നിങ്ങൾ ഒരു കർമ്മം ചെയ്യുകയാണെങ്കിൽ അത് ആവോളം ആസ്വദിക്കുവിൻ. ആഴ്ചകളും മാസങ്ങളും കഴിയുംതോറും ആ ആസ്വാദനം വർദ്ധിച്ചുവർദ്ധിച്ചുവരട്ടെ! അപ്പോൾ പ്രതിഫലത്തെക്കുറിച്ചുള്ള ചിന്ത ഇല്ലെങ്കിലും ജീവിതം അർത്ഥവ്യത്തും ആസ്വാദ്യകരവും ആണെന്നുമുള്ള വലിയ സത്യം നിങ്ങൾ മനസ്സിലാക്കി തുടങ്ങും. കർമ്മത്തിലുള്ള നിങ്ങളുടെ ആനന്ദവും ഏകാഗ്രതയും നൂറു മടങ്ങായി തന്നെ വർദ്ധിക്കും. അതാണ് നിഷ്കാമകർമ്മം!
പ്രതിഫലം കർമ്മത്തെ ജനിപ്പിക്കുന്നതിനു പകരം കർമ്മം പ്രതിഫലത്തെ ജനിപ്പിക്കട്ടെ. അപ്പോൾ സ്വാർത്ഥകർമ്മം നിഷ്കാമകർമ്മമായി മാറും. പ്രതിഫലത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യാതെയിരിപ്പിൻ. മറിച്ച് കർമ്മത്തെ ആസ്വദിച്ചുകൊണ്ട് കർമ്മം ചെയ്യുവിൻ. ജീവിതം അങ്ങോളമിങ്ങോളം കർമ്മാനുഷ്ഠാനമല്ലാതെ മറ്റെന്താണ്? അതിനെ നിങ്ങൾ ആസ്വദിച്ചുതുടങ്ങിയാൽ ജീവിതം ഒരാനന്ദലഹരിയായി മാറും. പ്രതിഫലമാകുന്ന കെണിയിൽ നാം പെട്ടുപോകരുത്. അതിൽ പെട്ടാൽ കഷ്ടപ്പാടുകൾ മാത്രമേ ബാക്കിയുണ്ടാവൂ. കർമ്മം തന്നെയാണ് കഷ്ടപ്പാടുകൾ ആയി മാറുന്നത്. കാരണം നിങ്ങൾക്കത് ആസ്വദിക്കുവാൻ ആകുന്നില്ല. ജീവിതം തന്നെയാണ് ദുരിതമായി മാറുന്നത്. കാരണം നിങ്ങൾ ജീവിതം ആസ്വദിക്കുന്നില്ല. ലോകം മുഴുവൻ കർമ്മം ചെയ്യുന്നു. പക്ഷേ ആർക്കും സംതൃപ്തി ഇല്ല. ഇത്രയധികം പ്രശ്നങ്ങളും പ്രക്ഷുബ്‌ധതകളും ലോകത്തിൽ ഉണ്ടാകുന്നത് എന്തുകൊണ്ട്? മനുഷ്യൻ ജീവിതം ആസ്വദിക്കുവാൻ പഠിച്ചാൽ ഈ പ്രശ്നങ്ങൾ എല്ലാം താനെ മാറും. ലോകം ജീവിക്കുവാൻ കൊള്ളാവുന്ന ഒരിടമാവുകയും ചെയ്യും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കൈരളി ബർമിംഗ്ഹാം സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 8-ാം തീയതി ഞായറാഴ്ച നടക്കും. റെഢിച്ചിൽ വച്ച് നടക്കുന്ന ഓണാഘോഷത്തിന് കൊട്ടും കുരവയും എന്നാണ് പേരിട്ടിരിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അനുബന്ധമായി റീൽസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. റീൽസ് മത്സര വിജയികളെ കാത്തിരിക്കുന്നത് 250 പൗണ്ട് ക്യാഷ് പ്രൈസ് ആണ് . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റീൽസ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 5-ാം തീയതി ആണ് . മറ്റ് വിവരങ്ങൾ വാർത്തയ്ക്കൊപ്പം നൽകിയിട്ടുള്ള നോട്ടീസിൽ ലഭ്യമാണ്.

ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്നവർക്ക് 8 പൗണ്ട് ആണ് എൻട്രി ഫീ . വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പരിപാടികൾ ഒക്ടോബർ എട്ടാം തീയതി 11:00 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
യു കെ യിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിറ്റൻ ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവിസ്മരണീയമായ സംഗീത സന്ധ്യ ഒരുങ്ങുന്നു. “കർണാടക സംഗീതവും ഗസൽ സംഗീതവും ലൈവ് ആയി അവതരിപ്പിക്കുന്ന വേദിയിൽ ചലച്ചിത്ര ഗാനങ്ങളിലെ വ്യത്യസ്ത രാഗങ്ങളും ഉൾപ്പെടുത്തി ” ശ്രീ രാഗം 2023″ ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5:30 ന് പെൻസ്‌ഫോഡ് വില്ലജ് ഹാളിൽ നടക്കും. സംഗീത വിദ്വാൻ ശ്രീ ആർ.എൽ.വി ജോസ് ജെയിംസിന്റെ കർണാടക സംഗീത കച്ചേരിയിൽ വയലിൻ ശ്രീ ശ്യാം ബലമുരളിയും, മൃദംഗം ശ്രീ കൊച്ചിൻ അകാശും വായിക്കും. ഗസൽ, ചലച്ചിത്ര സംഗീതവുമായി പ്രശസ്ത ഗായകരായ ശ്രീ സന്ദീപ് കുമാറും, ശ്രീമതി അനു ചന്ദ്രയും “ശ്രീ രാഗം 2023 “യിൽ പങ്കെടുക്കും.
പരിപാടിയിലേക്ക് പ്രീ രജിസ്ട്രേഷൻ ചെയ്ത് പാസ്സ് വാങ്ങേണ്ടതാണ്. സൗജന്യമായി പാസ്സ് വാങ്ങാൻ കോസ്മോപൊലീറ്റൻ ക്ലബ്ബിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു വാട്സ്ആപ്പ് സന്ദേശം അയക്കുക. നിങ്ങളുടെ മുഴുവൻ പേരും എത്ര adult/ child/ infants ടിക്കറ്റുകൾ വേണമെന്ന് ശ്രീരാഗം 2023 ടിക്കറ്റ് എന്ന പേരിൽ 077 54 724 879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക. സ്ഥല പരിമിതി മൂലം വളരെ കുറച്ചു പാസ്സുകൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്ന് സംഘാടകർ അറിയിച്ചു.
രാധാകൃഷ്ണൻ മാഞ്ഞൂർ
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ഇറ്റാലിയൻ , ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലായി ഈ ചിത്രം അണിഞ്ഞൊരുങ്ങിയിരിക്കുന്നു. ബേബിച്ചൻ ഏർത്തയിൽ എഴുതി കാഞ്ഞിരപ്പള്ളി രൂപതയിൽ നിന്നും “വിമല ബുക്സ്” പ്രസിദ്ധീകരിച്ച “പുല്ലുവഴിയിൽ നിന്നും പുണ്യ വഴിയിലേക്ക്”,”ഉദയനഗറിലെ സുകൃത താരകം” എന്നീ ഗ്രന്ഥങ്ങളാണ് ചിത്രത്തിന്റെ പ്രൈം സ്റ്റോറി.
ഉത്തരേന്ത്യയിലെ ബിജ്നോർ , സാത്‌ന , ഇൻഡോർ തുടങ്ങിയ മേഖലകളിലെ വിദൂര ഗ്രാമങ്ങളിൽ തൊഴിലില്ലായ്മയും, പട്ടിണിയും മൂലം ജീവൻ നിലനിർത്താൻ കുടിവെളളം പോലും മോഷ്ടിക്കേണ്ടി വരുന്ന നിരക്ഷരരായ ഗ്രാമീണർ . ബാങ്ക് വായ്പകളും സർക്കാർ ആനുകൂല്യങ്ങളും പണവും , സ്വാധീനവുമുള്ളവർ മാത്രം നേടിയെടുക്കുന്നു.
സ്ത്രീകളും, പെൺകുട്ടികളും മനുഷ്യത്വരഹിതമായി അപമാനിക്കപ്പെടുo. ഇത്തരം അനീതികൾക്കെതിരെ പോരാടാൻ ധീരയായ ഒരു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി രംഗത്തിറങ്ങുന്നു.- സിസ്റ്റർ റാണി മരിയ. ജാതിയും, മതവും അവരുടെ 21 വർഷത്തെ സേവനത്തിന് തടസ്സമായില്ല. എങ്കിലും ആ മനുഷ്യക്കോലങ്ങൾക്കു വേണ്ടി അവൾക്കു സ്വജീവൻ ഹോമിക്കേണ്ടി വന്നു. കേരളത്തിലെ പുല്ലുവഴിയിൽ നിന്നു് പുണ്യ വഴിയിലേക്ക് നിറഞ്ഞ പ്രാർത്ഥനയോടെ ദൈവ വഴിയിലൂടെ യുള്ള വിശുദ്ധ സഞ്ചാരം. യഥാർത്ഥ സംഭവ കഥയുടെ ചലച്ചിത്രാനുഭവം.

മതങ്ങൾക്കുപരി മനുഷ്യസമത്വവും സാഹോദര്യവും ഉയർത്തിപ്പിടിച്ച് പോരാടിയ ഒരു സ്ത്രീ രത്‌നത്തിന്റെ സേവനങ്ങളും സഹനങ്ങളും 120 ൽപ്പരം ഗ്രാമങ്ങളുടെ സമഗ്ര വികസനവും ലക്ഷ്യപ്രാപ്തിയും ഈ മഹത്തായ ചലച്ചിതത്തിൽ അനാവരണം ചെയ്യുന്നു. അതെ സ്ത്രി ശാക്തീകരണത്തിന്റെ ശബ്ദം ഇവിടെ മുഴങ്ങുന്നു. അടിച്ചമർത്തപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക് സമാധാനകാംക്ഷികളായ സഹോദരി സഹോദരൻമാർ നടത്തു൬ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും, സമരങ്ങളും വിജയഗാഥകളുമാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്.
12 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ൽപ്പരം പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന ഈ ബോളിവുഡ് ചിത്രത്തിൽ സിസ്റ്റർ റാണി മരിയയായി 2022 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവ് വിൻസി അലോഷ്യസ് എത്തുന്നു.
പ്രൊഫസ്സർ . ഡോ. ഷെയിസൺ .പി. യൗസേപ്പിന്റെ മികച്ച സംവിധാനം 120 ൽപ്പരം സിനിമകളിൽ പ്രവർത്തിച്ച രഞ്ചൻ എബ്രാഹമിന്റെ എഡിറ്റിംഗ് , ദേശീയ അവാർഡ് ജേതാവും പ്രശസ്ത നടൻ ഷാരൂഖ് ഖാൻ സിനിമകളുടെ ക്യാമറാമാനുമായ മഹേഷ് ആനേയുടെ ഫോട്ടോഗ്രാഫി എന്നിവ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.
പ്രൊഡ്യൂസർ: സാന്ദ്ര ഡിസൂസ റാണ . സ്ക്രിപ്റ്റ് – അനന്തൻ ജയ പാൽ, സംഗീതം – അൽഫോൻസ് ജോസഫ് , ഗായകർ :Ks. ചിത്ര. ഹരിഹരൻ , കൈലേഷ്ക്കർ. വരികൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി.
ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
മുഴുവന്‍ പേര് മാങ്കൊമ്പ് സാമ്പശിവന്‍ സ്വാമിനാഥന്‍. 1925 ആഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.
1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കി പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ മികവു തെളിയിച്ചിട്ടുണ്ട്.
കാര്‍ഷിക രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുവാന്‍ ആഗ്രഹിച്ച് മൗലികമായ കാര്‍ഷികശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ച് നടപ്പാക്കിയ കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്നു എം.എസ് സ്വാമിനാഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഹരിത വിപ്ലവം എന്ന പദം കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്റെ മുഖ്യശില്‍പി ആയിരുന്ന സ്വാമിനാഥനാണ് ഓര്‍മ്മയിലെത്തുന്നത്. വലിയ തോതില്‍ വിളവ് ഉണ്ടാകുന്നതിനുതക്ക വിധത്തില്‍ വിത്തുകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ കാര്‍ഷിക രംഗത്തെ വന്‍ തോതില്‍ ജനകീയമാക്കുന്നതിന് സഹായകമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ 2023 -2024 വർഷത്തെ പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രവീൺ കുമാർ പ്രസിഡന്റ്, പ്രിൻസ് സേവിയർ, സുനിൽ ജോസഫ് വൈസ്പ്ര സിഡന്റ്‌മാർ. സെക്രട്ടറി ജിക്കു ഫിലിപ്പ്. ജോയിന്റ് സെക്രട്ടറിമാരായി ഇന്ദു എലിസബത്ത് ജോസഫ്, ജെറി ജോർജ്, സ്മിത അഭിലാഷ്, ട്രെഷറർ മാരായി സെബാസ്റ്റ്യൻ തോമസ്, സേവിയർ വിനു, എക്സിക്യൂട്ടീവ് മെബർമാരായി ജെസ്ബിൻ അലക്സാണ്ടർ, അജു ജോസഫ്, ജിജോ ഗണേഷ്, ആൻസി തോമസ്, ആൻസി അച്ചു എബ്രഹാം, ടീനാ എല്യാസ് എന്നിവരും. റെക്സാം കേരളാ കമ്മ്യൂണിറ്റിയുടെ അഡ്വൈസറി ബോഡി മെമ്പർമാരായി ബെന്നി തോമസ്, മനോജ് ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) റെക്സമിലും പരിസര പ്രദേശത്തും വസിക്കുന്ന മലയാളികളുടെ കൂട്ടായ്മ യാണ്. ഇതിൽ ജാതി, മത, രാഷ്ട്രീയ വേർതിരുവുകൾ ഇല്ലാതെ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഒത്തൊരുമയോടെ അന്യനാട്ടിൽ ആയിരിക്കുമ്പോൾ ഏതൊരു മലയാളിക്കും ഒരു കൈത്താങ്ങായി നിലകൊള്ളും. ഏതൊരു അത്യാവശ്യ സാഹചര്യത്തിലും ആർക്കും റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ സഹായം ചോദിക്കാവുന്നതാണ്. ഈ കമ്മിറ്റി അംഗങ്ങളെ ഈ ഗ്രൂപ്പ് വഴിയോ പേർസണൽ ആയോ ബന്ധപെടാവുന്നതാണ്.

റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, ക്രിസ്മസ്, ന്യൂ ഇയർ, ഈസ്റെർ, വിഷു എന്നിവ സമുക്തമായി ആഘോഷിക്കുന്നതാണ്. എല്ലാവരുടെയും സഹകരണത്തോടെ ഓണം പ്രൗഡ ഗംഭീരം നടത്താൻ കഴിഞ്ഞു. ഇനി നമ്മുടെ പ്രധാന ആഘോഷമായ ക്രിസ്മസ്, ന്യൂ ഇയർ ഡീസബർ 30- തിയതി നടത്തപെടുന്നു. മനസിനും, കാതിനും ആനന്ദവും,ഉല്ലാസവും പകരുന്ന നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ള കുട്ടികളും മുതിർന്നവരും കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്. എല്ലാവരുടെയും പരിപൂർണ സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നമ്മുടെ വിജയത്തിന്റെ രഹസ്യം. ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ രെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്. നമ്മുടെ ഹാൾ പരിമിതി മൂലം പങ്കെടുക്കുന്നവരുടെ എണ്ണം ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനാ ക്രമം ആയിരിക്കും.. എല്ലാം വരെയും ക്രിസ്മസ് പുതു വത്സര ആഘോഷത്തിലേക്ക് റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
ജോർജ് മാത്യു
ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ് ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.

ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്,സെന്റ് ജോർജ് ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ് ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ് ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ് ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.

ഈ വരുന്ന ഒക്ടോബർ ഏഴിന് ശെനിയാഴ്ച ലിവർപൂളിൽ ലിമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “Blood stem cell donor registration camp“ ലേക്ക് ലിവർപൂളിലെ എല്ലാ നല്ലവരായ മലയാളികളെയും സംഘടനാ ഭേദമന്യേ ഞങ്ങൾ ക്ഷണിക്കുകയാണ്.
എന്താണ് “ Blood stem cell donor registration“ കൊണ്ട് ഉദ്ദേശിക്കുന്നത്?.
ഏതെങ്കിലും ക്യാൻസർ രോഗിക്ക് ബ്ളഡിലെ സ്റ്റെം സെൽ ആവശ്യമായി വരുന്ന പക്ഷം അനുയോജ്യമായ ദാദാക്കളെ എത്രയും പെട്ടന്ന് കണ്ടുപിടിക്കുന്നതിനായി നമ്മുടെ വായിൽ നിന്നും സ്വാബ് കളക്റ്റ് ചെയ്ത് റിക്കാഡ് ചെയ്യുന്നതാണ് ഈ പ്രോസസ്സ്.
ട്രെയിൻഡ് ആയിട്ടുള്ള സന്നദ്ധ പ്രവർത്തകരാണ് ഈ സ്വാബ് ശേഖരിക്കുന്നത്.
യുകെയിലെ DKMC, Delete Cancer തുടങ്ങിയവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന Upahar എന്ന ചാരിറ്റി സംഘടനയുടെ സന്നദ്ധപ്രവർത്തകർ ഇതിനായി ലിവർപൂളിൽ എത്തുന്നതായിരിക്കും.
എത്‌നിക് മൈനോറിറ്റി ഗ്രൂപ്പിലുള്ള നമുക്ക് ഇതേ മൈനോറിറ്റി ഗ്രൂപ്പിൽ ഉള്ളവരുടെ സ്റ്റെം സെൽ മാത്രമേ മാച്ച് ആവുകയുള്ളൂ. അതുതന്നെയാണ് ഇത്തരം ഒരു കാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ പ്രധാന ഉദ്ദേശവും.
ഇവിടെയെത്തിയിട്ടുള്ള പഴയ ആളുകളിൽ ഭൂരിഭാഗവും രെജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പുതുതായി എത്തിയിട്ടുള്ളവർ സാധിക്കുന്ന എല്ലാവരുംതന്നെ വന്ന് സഹകരിക്കണം എന്ന് അപേക്ഷിക്കുകയാണ്.
ഇനിയും രെജിസ്റ്റർ ചെയ്യാത്ത ആർക്കും വന്ന് രെജിസ്റ്റർ ചെയ്യാവുന്നതാണ്.
കൊച്ചി: മുളന്തുരുത്തി ചങ്ങോലപാടം റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപന പാതയുടെ നിര്‍മ്മാണ പുരോഗതിയും, മേല്‍പ്പാല നിര്‍മ്മാണം മൂലം മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ഗതാഗത പ്രശ്‌നങ്ങളും സംബന്ധിച്ച അവലോകന യോഗം എറണാകുളം ജില്ലാ കലക്ടറുടെ ചേമ്പറില്‍ തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്നു.
ഗതാഗത തിരക്ക് കണക്കിലെടുത്തു മേല്‍പ്പാല സമീപന പാതയുടെ നിര്‍മ്മാണം അടുത്ത മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ വിലയിരുത്തി. ശബരിമല തീര്‍ഥാടന കാലം, മുളന്തുരുത്തി പള്ളി പെരുന്നാള്‍, കാഞ്ഞിരമറ്റം പള്ളിയിലെ ചന്ദനക്കുട മഹോത്സവം എന്നിവ നടക്കാനിരിക്കെ ഉണ്ടാകുന്ന അധിക വാഹന തിരക്ക് കണക്കിലെടുത്തു നിലവിലെ റോഡിലൂടെ ചെറു വാഹനങ്ങള്‍ കടന്നുപോകുന്നതിനായുള്ള സജ്ജീകരങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം എന്ന് എം.പി നിര്‍ദേശിച്ചു.
യോഗത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍, എന്‍.എസ്.കെ ഉമേഷ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളാ (RBDCK) ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദുര്‍ഗാപ്രസാദ്, ജോര്‍ജ് ചമ്പമല എന്നിവര്‍ പങ്കെടുത്തു.