ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവക ദേവാലയം ആയ സെൻറ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ ആദ്യ വെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യ വെള്ളിയാഴ്ചകളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും, എണ്ണ നേർച്ചയിലും പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തുന്നത് . ആദ്യ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6 മണിക്കാണ് തിരുകർമ്മങ്ങൾ ആരംഭിക്കുക.
ഒക്ടോബർ 7-ാം തീയതി ശനിയാഴ്ച ജപമാല മാതാവിൻറെ തിരുനാളിനോടനുബന്ധിച്ച് വൈകിട്ട് 6 മണിക്ക് കൊന്തയും തുടർന്ന് വിശുദ്ധ കുർബാനയും മരിയൻ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 6 – ന് നടക്കുന്ന ആദ്യ വെള്ളി ആചരണത്തിലെത്തിലേയ്ക്കും ഒക്ടോബർ 7- ന് നടക്കുന്ന ജപമാല മാതാവിൻറെ തിരുനാളിലേയ്ക്കും എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

ഡെല്ലിഷ് വാമറ്റം മ്യൂസിക്കൽസ് ഒരുക്കിയ വെണ്മണി ഗോതമ്പിൻ എന്ന ഗാനമാണ് ചുരുങ്ങിയ ദിവസം കൊണ്ട് ആയിരങ്ങൾ കണ്ടത്. സ്വർഗീയ ഗായകൻ കെസ്റ്ററും സോളിഹള്ളിലെ സീനിയർ കൺസൽട്ടൻറ് ആയ ഡോക്ടർ ഷെറിൻ ജോസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചെറുപ്പം മുതൽ സംഗീത ജീവിതത്തോട് ചേർത്ത് വെച്ച ഷെറിൻ കൈരളി ചാനൽ സംഗീത മത്സരത്തിലെ മുൻ ജേതാവാണ് ; നിരവധി ആൽബങ്ങളിൽ പാടിയിട്ടുമുണ്ട്. സംഗീത സംവിധായകൻ മോഹൻ സിതാരയുടെ ” സ്നേഹിതാ ചൊല്ല് ” എന്ന ആൽബത്തിൽ ഷെറിൻ ഈയിടെ പാടിയിരുന്നു.

ബെൽഫാസ്റ് മലയാളിയായ ഡെല്ലിഷ് വാമറ്റം ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് സംഗീത മത്സരത്തിലെ മുൻ ജേതാവായ ഡെല്ലിഷ് വാമറ്റം സംഗീതം ചെയ്ത നിരവധി ഗാനങ്ങൾ ഇതിനോടകം യുട്യൂബിൽ വൈറൽ ആയിട്ടുണ്ട്.

വെണ്മണി ഗോതമ്പിൻ എന്ന ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കുവൈത്തിൽ കഴിഞ്ഞ 23 ദിവസമായി തടവിൽ കഴിയുന്ന 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ആരോഗ്യ പ്രവർത്തകരെയും വിട്ടയച്ചു. ഇവരിൽ 19 പേർ മലയാളി നേഴ്‌സുമാരാണ്.ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ഇന്ന് ഉച്ചയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്. തടവിൽ കഴിയുന്ന നേഴ്‌സുമാരുടെ ബന്ധുക്കൾ ഇവരുടെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം ഇന്നലെ രാത്രി ആഭ്യന്തര മന്ത്രിയെ നേരിട്ട് സന്ദർശിക്കുകയും പരാതി അറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വീടിനു സമീപത്തുള്ള പള്ളിയിൽ വെച്ച്ചായിരുന്നു ഇവർ മന്ത്രിയോട് സങ്കടം ബോധിപ്പിച്ചത്. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു മുഴുവൻ പേരെയും വിട്ടയക്കാൻ നിർദേശിക്കുകയായിരുന്നു. ഇതെ തുടർന്ന് ഇന്ന് കാലത്ത് രേഖകളുമായി ഫർവാനിയ താമസ കാര്യ വിഭാഗത്തിൽ എത്താൻ ആവശ്യപ്പെടുകയും ഇവരുടെ മോചനത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരും പുറത്തിറങ്ങുകയും ചെയ്തു.
പ്രസ്തുത വിഷയത്തിൽ നേരത്തെ കേന്ദ്ര മന്ത്രി വി . മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 12 നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ഇവരിൽ 19 പേർ മലയാളി നേഴ്‌സുമാരായിരുന്നു. ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് മറ്റുള്ളവർ. ഇവരിൽ പലരും 3 വർഷം മുതൽ 10 വർഷം വരെയായി ഇതെ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു .ഇറാനി പൗരന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി നല്ല രീതിയിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചത് എന്ന് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. പിടിയിലായ മലയാളി നേഴ്‌സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് . ഇവർ എല്ലാവരും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ ഉള്ളവരുമാണ്.
തടവിൽ കഴിയുന്ന നേഴ്‌സുമാരിൽ 5 പേർ മുലയൂട്ടുന്ന അമ്മമാരായിരുന്നു. ഇവരിൽ അടൂർ സ്വദേശിനിയായ യുവതിയുടെ ഒന്നര മാസം പ്രായമായ നവ ജാത ശിശു, ഇവരുടെ ഭർത്താവിന്റെ പരിചരണത്തിലാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിന് കുവൈത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എങ്കിലും അമ്മമാരുടെ യഥാർത്ഥ പരിചരണം ലഭിക്കാത്തതിനാൽ പല കുഞ്ഞുങ്ങൾക്കും ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.ഇതിനിടയിലാണ് വിഷയത്തിൽ അപ്രതീക്ഷിതമായി ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുന്നത്.
ജോളി എം. പടയാട്ടില്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്റെ ആറാം കലാസാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിന്റെ തനതു സാംസ്കാരിക ചിത്രകലാരൂപമായ ചുമര്‍ ചിത്രകലയെ ലോക കലാശ്രദ്ധയിലേക്കു കൊണ്ടുവന്നു. പ്രശസ്ത ചിത്രകാരനും, കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ചുമര്‍ചിത്ര കലാവകുപ്പ് മേധാവിയുമായ പ്രൊഫസര്‍ ഡോ. സാജു തുരത്തിലാണ് കേരളത്തിന്റെ തനതു സാംസ്കാരിക ചിത്രകലാരൂപമായ ചുമര്‍ ചിത്രകലയെ ലോകകലാശ്രദ്ധയിലേക്കു പരിചയപ്പെടുത്തിയത്.
സെപ്റ്റംബര്‍ 29 – Io തീയതി വൈകുന്നേരം നാലുമണിക്ക് (15:OOUK, 19:30 Indian time) വെര്‍ച്ചല്‍ പ്ളാറ്റ്ഫോമിലൂടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കിയ ആറാം കലാസാംസ്‌കാരിക വേദി, കര്‍ണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയും, കോണ്‍ഗ്രസിന്റെ സമുന്നത നേതാവും, മികച്ച നിയമസഭാജികനുമായ ശ്രീ . റോജി എം.ജോണ്‍ ഉല്‍ഘാടനം ചെയ്തു. അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാക്കന്‍മാരിലൊരാളും, ഗ്ളോബൽ ചെയര്‍മാനുമായ ശ്രീ. ഗോപാലപിള്ള, പ്രമുഖ വ്യവസായിയും, ധന്യഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും, ഗ്ലോളോബല്‍ പ്രസിഡന്റുമായ ശ്രീ. ജോണ്‍ മത്തായി, യുറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ശ്രീ ജോളി തടത്തില്‍, സാമൂഹിക പ്രവര്‍ത്തകനും ജീവധാര ഫൗണ്ടേഷന്‍ ഡയറക്ടറുമായ ഡോ. സാജു ചാക്കോ മേനാച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യുറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം.പടയാട്ടില്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനും, കലാസാംസ്കാരികരംഗത്ത് തനതായ വൃക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലാണ് ഈ കലാസാംസ്‌കാരികവേദി മോഡറേ റ്റ് ചെയ്യു ന്നത്.
പ്രസിദ്ധ ചിത്രകാരനും, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വൃകലാശാലയിലെ ചുമര്‍ ചിത്രകലാവകുപ്പ് മേധാവിയുമായ പ്രൊഫസര്‍ ഡോ. സാജു തുരത്തില്‍ കേരളത്തിന്റെ തനത് സാംസ്‌കാരിക ചിത്ര കലാരൂപമായ ചുമർ ചിത്രങ്ങളെക്കുറിച്ച് വിശദമായി പ്രഭാഷണം നടത്തി, ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഈ കലാശാഖയെക്കുറിച്ച് അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആദിമ സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ആയി നാം കാണുന്ന പ്രാക്തനാ കലാ ഗുഹാചിത്രങ്ങള്‍ മനുഷ്യന്റെ ജീവിതഗന്ധിയായ അനുഭവങ്ങള്‍ കുടി ചാലിച്ച് ചേര്‍ത്ത സാംസ്‌കാരിക ചുണ്ടുപലകയുടെ നേര്‍കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും, ക്ഷേത്രങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ചുമര്‍ചിത്രങ്ങളുടെ ശില്‍പിയാണ് പ്രൊഫസര്‍ ഡോ. സാജു തുരത്തില്‍, ലോക കലാശ്രദ്ധയെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത് കേരളത്തിന്റെ പ്രൈതൃ ക സമ്പത്തായ ചുമര്‍ചിത്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചകര്ൾക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് (ശ്രീ. ഡെയ്സ് ഇടിക്കുള, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫസര്‍ ഡോ. ലളിത മാത്യു, വേൾഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്‌സന്‍ മേഴ്‌സി തടത്തില്‍ എന്നിവര്‍ നേതുത്വം നല്‍കി.
ജര്‍മനിയില്‍ നിന്നുള്ള കുമാരി ഗ്ളോറിയ ജോസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് ആറാം കലാ സാംസ്കാരികവേദി ആരംഭിച്ചത്. പ്രൊഫസര്‍ ഡോ. അന്നക്കുട്ടി ഹിന്‍ഡെ എഴുതി ആലപിച്ച കവിതകളും, അജ്മന്‍ പ്രൊവിന്‍സില്‍ നിന്നുള്ള രാഗേഷ് കുറിപ്പ് ജര്‍മന്‍ പ്രൊവിന്‍സ് വൈസ് ചെയര്‍മാന്‍ ജെയിംസ് പാത്തിക്കല്‍, ഗ്ലോറിയ ജോസ് എന്നിവരുടെ ഗാനങ്ങളും ഹൃദ്യമായിരുന്നു.
യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അജ്മന്‍ പ്രൊവിന്‍സ് സെക്രട്ടറി സ്വപ്ന ഡേവിഡ്, ജര്‍മന്‍ പ്രൊവിന്‍സ് സ്രെകട്ടറി ചിനു പടയാട്ടില്‍, രാജു കുന്നാട്ട്; പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, സാഹിത്യകാരനുമായ കാരൂർ സോമന്‍, ജര്‍മന്‍ പ്രൊവിന്‍സിലെ എക്സിക്യൂട്ടീവ് മെമ്പറും, ജര്‍മന്‍ മലയാളി സമൂഹത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫറുമായ ജോണ്‍ മാത്യു, ജര്‍മനിയിലെ പ്രശസ്ത ചിത്ര കലാകാരി റെജി ചക്കുപുരക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അര്‍ബന്‍കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂറോപ്പ് റീജിയന്‍ (ടഷറര്‍ ഷൈബു ജോസഫ് കൃതജ്ഞത പറഞ്ഞു. ഈ കലാ സാംസ്കാരിക വേദിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ ഹെറാര്‍ഡ് (UK), അന്ന ടോം (UK) എന്നിവരാണ്.
എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച നടക്കുന്ന ഈ കലാസാംസ്‌കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കു വാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സാംസ്‌കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരു മണിക്കൂര്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്യപ്പെടുക.ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാന്‍ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചര്‍ച്ചയായിരിക്കും നടക്കുക.. അടുത്ത കലാസാംസ്‌കാരികവേദി ഒക്ടോബര്‍ 27-ാം തീയതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഏതെങ്കിലും വിഷയങ്ങളെക്കുറിച്ചു ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടണമെന്നു ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വിഷയം ഒക്ടോബര്‍ 15-ാം തീയതിക്കകം വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്യന്‍ റീജിയന്‍ ഭാരവാഹികളെ അറിയിക്കേണ്ടതാണ്. വിഷയത്തിന്റെ പ്രാധാന്യവും, മുന്‍ഗണനാക്രമവുമനുസരിച്ചു ഉത്തരവാദിത്വപ്പെട്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ ഈ വേദിയില്‍ ചര്‍ച്ചചെയ്യപ്പെടുന്നതാണ്.
എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കുട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യുറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു.

14-ാം മത് യുക്മ ദേശിയ കലാമേളയുടെ മുന്നോടിയായി ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാണ്ട്സിന്റെ റീജിണൽ കലാമേള 2023 ഒക്ടോബർ 21നു കവന്ററിയിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ അംഗ അസോസിയേഷനുകളും ഇത് ഒരു അറിയിപ്പായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു .യുക്മയുടെ ഏറ്റവും ശക്തമായ റീജിയൻ ആയ മിഡ്‌ലാണ്ട്സിന്റെ കലാമേളയുടെ നടത്തിപ്പിനായി ഉള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി മിഡ്‌ലാണ്ട്‌സ് റീജിയൻ ആർട്സ് കോർഡിനേറ്റർ ഷാജൽ തോമസ് അറിയിച്ചു.
2022ലെ നാഷണൽ കലാമേളയിലും 2023ലെ നാഷണൽ കായികമേളയിലും നാഷണൽ ചാമ്പ്യൻഷിപ് നിലനിർത്താൻ കഴിഞ്ഞു എന്നത് യുക്മ മിഡ്‌ലാണ്ട്സിനു തിളങ്ങുന്ന നേട്ടം തന്നെയാണ്. എല്ലാ അസോസിയേഷനിലും കലാമേളയുടെ നിയമാവലികൾ എത്തിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് യുക്മ റീജിണൽ സെക്രട്ടറി പീറ്റർ ജോസഫ് അറിയിച്ചു.രജിസ്‌ട്രേഷനും എൻട്രിയും പൂർണമായും ഡിജിറ്റലൈസ് ചെയ്തതായിട്ട് യുക്മ മിഡ്‌ലാണ്ട്സിന്റെ റീജിയൻ ട്രെഷറർ അഡ്വക്കേറ്റ് ജോബി പുതുക്കുളങ്ങര അറിയിച്ചു .
ഒരു ഇനത്തിൽ ഒരു അസോസിയേഷനിൽ നിന്നും 3 മത്സരാർഥികൾക് മാത്രമേ പങ്കെടുക്കാൻ കഴിയു എന്നതിനാൽ,പല അസോസിയേഷനുകളും മത്സരം നടത്തി വിജയികളെ ആണ് കലാമേളക്ക് അയക്കുന്നത്.പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ നാഷണൽ, റീജിണൽ,കലാമേളകൾ യുകെയിൽ ഒരു യുവജനോത്സവകാല പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കലാമേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും 2023 ഒക്ടോബർ 21നു ശനിയാഴ്ച്ച കവന്ററിയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ റീജിണൽ പ്രസിഡന്റ് ജോർജ് തോമസും കവന്ററി കേരള കമ്മ്യൂണിറ്റി (CKC) പ്രസിഡന്റ് ബിബിൻ ലൂക്കോസും അറിയിച്ചു.

ഏഴു ടീമുകൾ മാറ്റുരച്ച രുചിയുടെ ഉത്സവത്തിനു സ്റ്റോക്ക് ഓൺ ട്രെന്റിൽ തിരശീല വീണപ്പോൾ മലയാളത്തിന്റെ തനതു വിഭവങ്ങളായ അവിയലും, പായസവും, ഇഞ്ചിക്കറിയും പ്രൗഢിയോടെ കൈരളി യുകെ മലയാളി ഷെഫ് 2023 ൽ അണിനിരന്നു. പാചകകലയുടെ പൂരകാഴ്ച ഒരുക്കിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുവാൻ വിധികർത്താക്കളായ യുകെ മലയാളികൾക്ക് സുപരിചിതരായ ഷെഫ് ജോമോനും, ഷെഫ് ബിനോജിനും ശ്രമകരമായിരുന്നു.

കൈരളി യുകെ മലയാളി ഷെഫ് 2023 മത്സരത്തിൽ വിജയികളായി ടീം ഹീത്രുവിലെ ഡോ. സുജ വിനോദും, സോഫിയ സെബാസ്റ്റ്യനും എത്തിയപ്പോൾ, രണ്ടാം സ്ഥാനം വാറ്റ്ഫോർഡിൽ നിന്നുള്ള ടീം അടിമുടിനാടനിലെ അജിത്ത് വിഷ്ണുവും, സന്തോഷ് ഏലിയാസും, മൂന്നാം സ്ഥാനം സ്റ്റോക്ക് ഓൺ ട്രെന്റിലെ ടീം കൊകൊ മാംഗോയിലെ ആഷിക മോഹനും, നിഖിൽ സുന്ദറും നേടി.

സ്റ്റോക്ക് ഓൺ ട്രെന്റിലെ മരിയാസ് റെസ്റ്റോറന്റിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് വിധികർത്താക്കൾ ഫലകവും ക്യാഷ് പ്രൈസും വിതരണം ചെയ്തു. യുകെയിലെ ഇൻഷുറൻസ് മോർട്ട്ഗേജ് രംഗത്തെ പ്രമുഖ കൺസൽറ്റൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ആയിരുന്നു സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
രണ്ടാം വർഷത്തിലേക്ക് കടന്ന മലയാളി ഷെഫ് മത്സരത്തിനു വേദിയൊരുക്കിയ കൈരളി യുകെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റിനു വേണ്ടി സെക്രട്ടറി ആരൻ മൈക്കിൽ ഡെൽസൺ സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് ശൈത്യ സമ്മാനദാന ചടങ്ങുകൾക്ക് നേതൃത്ത്വം കൊടുക്കുകയും ചെയ്തു.

വരും വർഷം കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു മലയാളി ഷെഫ് നടത്തുമെന്ന് കൈരളി യുകെ കൈരളി ദേശീയ കമ്മറ്റിക്ക് വേണ്ടി സാമുവൽ ജോഷ്വ, വൈസ് പ്രസിഡന്റ് ലിനു വർഗ്ഗീസ് എന്നിവർ ആശംസ പ്രസംഗത്തിൽ അറിയിച്ചു. വീഡിയോയും ഫോട്ടോഗ്രഫിയും ചെയ്തു സഹായിച്ച ഡാനി രാജൻ, സൗണ്ട് ക്രമീകരിച്ച രാജേഷ് നായർ, സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, വെസ്റ്റ് ഫോർട്ട് കെയർ, മരിയാസ് റെസ്റ്റോറന്റ് എന്നിവർക്കും പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും മലയാളി ഷെഫ് 2023 വിജയിപ്പിച്ച എല്ലാവർക്കും കൈരളിയുടെ നന്ദി.
ജോർജ് മാത്യു
ക്രോളിയിൽ വച്ച് നടന്ന യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന സൺഡേ സ്കൂൾ പ്രതിഭ മത്സരത്തിൽ,യുകെ മെയിൻ ലാൻഡിൽ ഒന്നാമത് എത്തുകയും,ഭദ്രാസന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് സ്റ്റീഫൻസ് ഐഒസി സൺഡേ സ്കൂൾ ബര്മിങ്ഹാം അഭിമാനർഹമായ നേട്ടം സ്വന്തമാക്കി.
ഉന്നത വിജയം കൈവരിക്കാൻ സഹായകമാകുകയും,ഇടവകയുടെ അഭിമാനം വാനോളം ഉയർത്തിയ വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും ഇടവക ആദരിച്ചു.ഇടവക വികാരി ഫാ.മാത്യു അബ്രഹാം,സൺഡേ സ്കൂൾ സെൻട്രൽ സോൺ കോഓർഡിനേറ്റർ ഡോ.ഡോളി ജേക്കബ് ,സൺഡേ സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സ്വേതി ഷാജു എന്നിവർ പ്രസംഗിച്ചു.ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ്,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ അനുമോദനചടങ്ങുകൾക്ക് നേതൃത്വം നൽകി.സന്തോഷസൂചകമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു.


യുകെയിൽ ഉടനീളം സ്റ്റെം സെൽ ഡോണർ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിൽ കൈരളി യുകെ നടത്തിയ പരിശ്രമങ്ങൾക്ക് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചടങ്ങിൽ ആദരവ്. അവയവദാന വാരത്തിൽ, സീമ മൽഹോത്ര എംപി, ഡികെഎംഎസ് യുകെ, ആന്റണി നോളൻ ട്രസ്റ്റ്, എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്‌പ്ലാന്റ് യൂണിറ്റ് എന്നിവയ്‌ക്കൊപ്പം ഉപഹാർ ചാരിറ്റിയും പാർലമെന്റിലെ അവരുടെ സന്നദ്ധപ്രവർത്തകരും ദക്ഷിണേഷ്യൻ സമൂഹത്തിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെ ബഹുമാനിക്കുന്നതിനും അവബോധം വളർത്തുന്നതിനും വഹിച്ച പങ്കിനാണു കൈരളി യുകെ സന്നദ്ധ പ്രവർത്തകരെ ആദരിച്ചത്.

കൈരളി യുകെ ഉപഹാറിനൊപ്പം നടത്തിയ പ്രവർത്തങ്ങൾ മൂല കോശ ദാനത്തെപ്പറ്റി അവബോധം വളർത്തുക മാത്രമല്ല, രജിസ്റ്റർ ചെയ്ത സ്റ്റെം സെൽ ദാതാക്കളിൽ ഗണ്യമായ വർദ്ധനവിന് കാരണമാവുകയും ചെയ്തു. ഉപഹാർ ഇതിനകം തന്നെ 7000 ദാതാക്കളുമായി ഒപ്പുവച്ചു. കൈരളി യുകെ ഒരു വർഷത്തിലേറെയായി ഉപഹാറിനൊപ്പം സന്നദ്ധസേവനം നടത്തുകയും യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.
കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജൻ, ജോയിൻ സെക്രട്ടറി നവീൻ ഹരികുമാർ, പ്രോഗ്രാം കോർഡിനേറ്റർ ബിജോയ് സെബാസ്റ്റ്യൻ, ബർമിങ്ങാം യൂണിറ്റ് സെക്രട്ടറി അഡ്വ ഷാഹിന മക്ദും ഷാ, സന്തോഷ് ആന്റണി പ്ലാശ്ശേരി, സെബാസ്റ്റ്യൻ ജോസഫ്, ദിവ്യ ക്ലമന്റ് എന്നിവർ കൈരളിയെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു.

യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക് കാൻസർ ഭേദമാക്കുവാൻ മൂല കോശ ചിക്ത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ രോഗിയുടെ ജനിതകത്തോട് ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണത്തിനു കൈരളി, ഡികെഎംഎസ് യുകെ, ഉപഹാർ എന്നീ ബ്ലഡ് കാൻസർ ചാരിറ്റിയുമായി കൈകോർത്തത്. പിന്നീട് യുകെയിലെ വിവിധ ഭാഗങ്ങളിൽ സ്റ്റെം സെൽ ഡോണർ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുവാൻ കൈരളിക്ക് കഴിഞ്ഞു. രക്താർബുദം, ലിംഫോമ, മറ്റ് രക്ത സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി പൊരുതുന്ന രോഗികൾക്ക് സ്റ്റെം സെൽ ചിക്ത്സ ജീവൻ രക്ഷിക്കാനുള്ള പ്രക്രിയയാണ്. കൈരളി യുകെ ദേശീയ കമ്മറ്റി കഴിഞ്ഞ കാലങ്ങളിൽ ക്യമ്പെയിനുകളോട് സഹകരിച്ച എല്ലാവർക്കും, ഉപഹാർ ചാരിറ്റി ട്രസ്റ്റി ഡോ. അജിമോൾ പ്രദീപിനും നന്ദി അറിയിക്കുകയും ഭാവിയിൽ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുവാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
തിരക്കേറിയ നഗരജീവിതത്തിനിടയില്‍ വീണുകിട്ടുന്ന അവധിദിനങ്ങള്‍ തികച്ചും സമാധാനപരമായി എങ്ങനെ ചെലവഴിക്കാം എന്നാണ് എല്ലാവരും ആദ്യം നോക്കുക. ഒന്നോ രണ്ടോ അവധി ദിനങ്ങളെങ്കിലും കിട്ടിയാല്‍ തന്നെ ബാഗുമെടുത്ത് എങ്ങോട്ടെങ്കിലും യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നവരുണ്ട്. കാടിന് നടുവില്‍ രാജകീയമായ ഒരു അവധിക്കാലം ചെലവിട്ടാലോ? അതിനുള്ള അവസരമാണ് തേക്കടി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വനത്തിന്‍റെ വശ്യസൗന്ദര്യം മുഴുവൻ നുകര്‍ന്നു കൊണ്ട് ഒരു റിസോർട്ടിൽ താമസിക്കാം – തേക്കടിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന വൈൽഡ് അവന്യൂ റിസോർട്ട് & സ്പാ.

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നായി, വിനോദസഞ്ചാരികൾക്ക് ഒരു വ്യത്യസ്ത അനുഭവം കാഴ്ചവയ്ക്കുന്ന ഇടുക്കി തേക്കടി പെരിയാർ കടുവാ സങ്കേതത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന വൈൽഡ് അവന്യൂ റിസോർട്ട് നവ്യാനുഭൂതി സമ്മാനിക്കുന്നു. തേക്കടിയുടെ ഗ്രാമീണതയും ദൃശ്യ ചാരുതയും വഴിഞ്ഞൊഴുകുന്ന ഒരു കുന്നിൻ ചെരിവിൽ, കോടമഞ്ഞും തണുപ്പും വന്യഭംഗിയും, തേയിലത്തോട്ടങ്ങളും അതിന്റെ പരിപൂർണതയിൽ ആസ്വദിക്കത്തക്ക രീതിയിലാണ് ഈ റിസോർട്ടിന്റെ നിർമ്മിതി.

അവന്യൂ ഗാർഡനിയ, അവന്യൂ വാലി വ്യൂ , അവന്യൂ ആരോമാറ്റിക് സ്യൂട്ട് എന്നിങ്ങനെ മൂന്നു തരത്തിലായി കുളിർ കാറ്റ് വീശിയടിക്കുന്ന പച്ചപ്പിലേക്ക് വാതായനങ്ങൾ തുറക്കുന്ന 24 ഓളം റൂമുകൾ, വലിയ സ്വിമ്മിംഗ് പൂൾ (കുട്ടികളുടെ സുരക്ഷ മുൻനിർത്തി പ്രത്യേക പൂൾ), ഇൻഡോർ – ഔട്ട്‌ഡോർ കിഡ്സ് പ്ലേ ഏരിയ, ആയുർവേദ സ്പാ, സൈക്ലിങ്, ക്യാമ്പ്ഫയർ, ഗെയിംസ് റൂം, ഫിറ്റ്നസ് സെന്റർ തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളുമായി സകുടുംബം ആഘോഷങ്ങൾക്ക് പറ്റിയ മികച്ച ഒരു വിനോദ കേന്ദ്രം കൂടിയാണ് വൈൽഡ് അവന്യൂ. ഹോസ്പിറ്റാലിറ്റി മേഖലയിൽ നാല്പത് വർഷത്തെ പരിചയസമ്പന്നതയാണ് വൈൽഡ് അവന്യൂവിന്റെ കരുത്ത്.
വിശാലമായ, നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ നിറയുന്ന മൾട്ടി ക്യുസീൻ റെസ്റ്റോറന്റ് ആണ് മറ്റൊരു പ്രത്യേകത. ഇവിടെ ചൂടോടെയും പുഞ്ചിരിയോടെയും ഭക്ഷണം വിളമ്പുന്നു. ടൂറിസം മേഖലയിലെ ഗുണനിലവാരവും അച്ചടക്കവും പ്രൊഫഷണലിസവും ഉറപ്പുവരുത്തിയിട്ടുണ്ട് ഈ ആഡംബര റിസോർട്ട്. ട്രിപ്പ് അഡ്വൈസറിന്റെ സർവീസ് ഓഫ് എക്സലൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള സ്ഥാപനം കൂടിയാണ് ഇത്.

കോർപ്പറേറ്റ് ഇവന്റുകൾ, പരിശീലന പരിപാടികൾ, ജന്മദിന – വിവാഹ പാർട്ടികൾ പോലുള്ളവ നടത്തുന്നതിന് അനുയോജ്യമായ വേദിയും കോൺഫറൻസ് ഹാളും ഇവിടെ ലഭ്യമാണ്. സൈക്ലിങ് കൂടാതെ ഹൈക്കിംഗ്, ബില്ല്യാർഡ്‌സ് തുടങ്ങിയവ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുരിക്കടി, ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം, പെരിയാർ നാഷണൽ പാർക്ക്, വാച്ച് ടവർ തുടങ്ങിയ സ്ഥലങ്ങളുടെ സാമീപ്യം ഈ റിസോർട്ടിനെ കൂടുതൽ മനോഹരമാക്കുന്നു. കമ്പം, രാമക്കൽമേട്, കുരിശുമല, വാഗമൺ, ഇടുക്കി ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം എന്നുമാത്രമല്ല, ബാംബൂ റാഫിറ്റിംഗ്, ബോട്ടിങ് ആസ്വദിക്കുകയും സ്‌പൈസ് ഷോപ്പിംഗ് നടത്തുകയും ചെയ്യാം.

സ്നേഹിക്കുന്നവർക്ക് വേണ്ടി സമ്മാനിക്കാവുന്ന അപൂർവനിമിഷങ്ങളുടെ തണലിടമാണ് വൈൽഡ് അവന്യൂ റിസോർട്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി സ്വസ്ഥമായി, സന്തോഷമായി പ്രകൃതിയിൽ അലിഞ്ഞുചേർന്ന് കഴിയാൻ ഒരു സ്വപ്‍നസുന്ദര ഭൂമിക – വൈൽഡ് അവന്യൂ നിങ്ങൾക്കുള്ള ഇടമാണ്.
website: www.wildavenueresort.com
email id: [email protected]
[email protected]
Contact Numbers:
+91-9995959880 (India)
+44 – 7956901683(UK)

ഡോ. ഐഷ വി
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടികയിലെ സ്റ്റാഫ് ടൂർ പോകാൻ തീരുമാനിച്ചപ്പോൾ ഭർത്താവ് എന്നോട് അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാൽ ഞാനും ചെല്ലാമെന്നേറ്റു.
യാത്രാ ദിവസം അതിരാവിലെ തന്നെ ഞങ്ങളുടെ വണ്ടി ചാലക്കുടി ബസ് സ്റ്റാന്റിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട് ഒരു കടത്തിണ്ണയിൽ ഞങ്ങൾ മഴ നനയാതെ ഒതുങ്ങി നിന്നു. സഹയാത്രികർ വണ്ടിയുമായെത്താൻ വീണ്ടും താമസിക്കുമെന്നറിഞ്ഞു.
അവരെത്തിയപ്പോൾ ഞങ്ങൾ വണ്ടിയിൽ കയറി. പോകുന്ന വഴിയ്ക്ക് പ്രാതൽ കഴിച്ച് യാത്ര തുടർന്നു. വാഴക്കുളം പൈനാപ്പിൾ തോട്ടങ്ങളും നിത്യ ഹരിത പ്രദേശങ്ങളും പിന്നിട്ട് കോട്ടയം ജില്ലയിലെ വാഗമണ്ണെന്ന ആരെയും മാടിവിളിക്കുന്ന ടൂറിസ്റ്റ് സ്പോട്ടിലെത്താൻ ഞങ്ങൾ മല കയറുകയായി.

മല കയറുന്ന വഴി ഒന്ന് രണ്ട് വ്യൂ പോയിന്റിൽ വണ്ടി നിർത്തി കാഴ്ചകൾ കണ്ടു. ഒന്നുരണ്ടു കുട്ടികൾ ഛർദ്ദിച്ചെങ്കിലും കുട്ടികളും മുതിർന്നവരും തെല്ലും ഉത്സാഹം ചോരാതെ പാട്ടും അന്താക്ഷരിയും മറ്റ് കലാപരിപാടികളുമായി യാത്ര തുടർന്നു. കുന്ന് കയറിക്കഴിഞ്ഞ ഞങ്ങൾ ആദ്യം പോയത് “വാഗമൺ മെഡോസി”ലേയ്ക്കാണ്. അവിടേയ്ക്ക് പോകുന്ന വഴികൾക്കിരുവശവും ഹോം മേയ്ഡ് ചോക്ലേറ്റുകൾ നെല്ലിക്ക അച്ചാർ കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകൾ ധാരാളമായുണ്ടായിരുന്നു . ടിക്കെറ്റെടുത്ത് ഞങ്ങൾ വാഗമൺ മെഡോസിൽ കയറി. പുൽത്തകിടിയുള്ള മൊട്ട കുന്നിന്റെ നെറുകയിലാണ് ഞങ്ങൾ. നടപ്പാതയ്ക്കിരുവശവും ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അതു വഴി ഞങ്ങൾ ആകാശ സൈക്ലിംഗ് സൗകര്യം ഉള്ള ഭാഗത്തേയ്ക്ക് നടന്നു. നല്ല കോടമഞ്ഞ് ഉണ്ടായിരുന്നതിനാൽ ഏകദ്ദേശം10 മീറ്ററിനപ്പുറത്തേയ്ക്കുള്ള കാഴ്ചകളൊന്നു വ്യക്തമായിരുന്നില്ല. ബോട്ടിംഗിന് പോകേണ്ട താഴ്വരയും അപ്പോൾ കാണാൻ പറ്റുമായിരുന്നില്ല.. സെൽഫിയെടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഞങ്ങൾ സമയം തള്ളി നീക്കി. കൂട്ടത്തിൽ ചിലർ ആകാശ സൈക്ലിംഗിനുള്ള നിർമ്മിതിയിൽ കയറി സൈക്ലിംഗ് നടത്തി.
കുറേ കഴിഞ്ഞപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോടമഞ്ഞ് മാറി. താഴ്വരയും തടാകവും തൊട്ടടുത്തുള്ള കുന്നുകളും ദൃശ്യമായി. സൈക്ലിം ഗ് നടത്തുന്നവരെ കാണാൻ പറ്റി. ആകാശ സൈക്ലിംഗിൽ അടുത്ത കുന്നിൻ മുകളിലേയ്ക്ക് സഞ്ചരിച്ച് തിരികെയെത്തണം.

വാഗമൺ കുന്നുകൾക്ക് 1200 മീറ്ററോളം പൊക്കമുണ്ട്. ഏകദേശം 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെ താപനില വരാറുള്ള വാഗമൺ കുന്നുകളും പുൽത്തകിടികളും സ്വിറ്റ്സർലന്റിനോടും സ്കോട്ട്ലന്റിനോടും സമാനമായതിനാൽ ” കേരളത്തിലെ സ്കോട്ട്ലന്റ്/ സ്വിറ്റ്സർലന്റ്” എന്ന് വാഗമൺ അറിയപ്പെടാറുണ്ട്.
ഞങ്ങളുടെ കൂട്ടത്തിലെ ചിലർ സൈക്ലിംഗിന് പോയതിനാൽ ഞങ്ങൾ അവിടെ കാത്തു നിന്നു. പെട്ടെന്നാണ് പെരുമഴ ചെയ്തത് . കാറ്റും മഴയും അത്രയ്ക്ക് ശക്തിയുള്ളതായിരുന്നു. ആർക്കും അത് താങ്ങാൻ പറ്റുന്നതായിരുന്നില്ല. അതിനാൽ അപ്പോൾ അവിടെയുള്ള സഞ്ചാരികളെല്ലാം ആകാശ സൈക്ലിംഗിനായി കെട്ടിയ നിർമ്മിതിയുടെ ചാരത്ത് നിന്നു . കാറ്റടിച്ച് പലരുടേയും കുടകൾ വികൃതമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ തോർന്നു. ഞങ്ങൾ അവിടെ നിന്നും തിരിച്ചു. പൈൻ മരത്തോട്ടം കാണാനായിരുന്നു അടുത്ത പ്ലാൻ . അതിന് സമീപമുള്ള ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. പിന്നെ പൈൻ മരത്തോട്ടത്തിൽ ട്രക്കിംഗിനായി പോയി. ട്രക്കിംഗിനുള്ള നടപ്പാത പാറകൾ പാകിയതായിരുന്നു. വഴിയുടെ
ഓരം ചേർന്ന് ആ ഭാഗത്തു കാണുന്ന പക്ഷികളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള വിവരണങ്ങളും വച്ചിട്ടുണ്ട്. കുരങ്ങന്മാർ പാറപ്പുറത്തും മറ്റും ചാടി നടക്കുന്നുണ്ട്. താഴ്വരയിലേയ്ക്ക് ഇറങ്ങും വിധമാണ് പൈൻ മരത്തോട്ടത്തിന്റെ കിടപ്പ്. പൈൻ മരത്തോട്ടത്തിലേയ്ക്കുള്ള വഴികൾക്കിരുവശവും ധാരാളം കടകൾ ഉണ്ട്. ഞങ്ങൾ അവിടെ നിന്നും തേയില വാങ്ങിച്ചു. തിരികെ വരുന്ന വഴി ചായയും കുടിച്ചു. ധാരാളം റിസോർട്ടുകൾ, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ എന്നിവയുള്ള സ്ഥലമാണ് വാഗമൺ. ടൂറിസ്റ്റ് സ്പോട്ടായതിനാൽ ചെറുകടകൾ അവിടുത്തുകാർക്ക് വരുമാന മാർഗ്ഗമാകുന്നു. ഞങ്ങൾ അന്നു തന്നെ മടങ്ങിവരാൻ തീരുമാനിച്ചതിനാൽ കൂടുതൽ സ്ഥലങ്ങൾ കാണാൻ നിന്നില്ല. ആസ്വദിച്ച് കാണാനാണെങ്കിൽ നാലു ദിവസം തങ്ങി കാണാനുള്ള വകയൊക്കെ വാഗമണ്ണിലുണ്ട്.
ഞങ്ങൾ മലയിറങ്ങി . തിരികെയുള്ള യാത്ര തുടർന്നു. അത്താഴത്തിന് സമയമായപ്പോൾ നന്നായി അലങ്കരിച്ച ഒരു ഹോട്ടലിൽ ഞങ്ങൾ കയറി. “പത്തേമാരി ” എന്നാണ് ഹോട്ടലിന്റെ പേര്. താഴെ ഒരു ടീപ്പോയിൽ തണ്ണിമത്തങ്ങ പത്തേമാരിയുടെ ആകൃതിയിൽ ” കാർവ്”” ചെയ്ത് വച്ചിരിക്കുന്നു. താഴെ കുറച്ച് ആൾക്കൂട്ടമുള്ളതിനാൽ ഞങ്ങൾ മുകൾ നിലയിൽ കയറി ഇരിപ്പുറപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്ന് പറഞ്ഞു:” മുകളിൽ ഒന്നും സെർവ്വ് ചെയ്യുന്നില്ല. എല്ലാവരും താഴേയ്ക്ക് വരണം.” ഞങ്ങൾ താഴെ ചെന്നിരുന്നിട്ടും ജീവനക്കാരാരും ഞങ്ങളോട് എന്തൊക്കെയാണ് വേണ്ടതെന്നൊന്നും ചോദിച്ചില്ല. ജീവനക്കാരുടെ പരുങ്ങൽ കൊണ്ടാകണം അവിടെ നിന്ന ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ” ഞാൻ ഗൾഫിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഷെഫാണ്. ഈ കടയുടെ ഉത്ഘാടനം ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് കഴിഞ്ഞതേയുള്ളൂ. ഞാൻ അതിൽ പങ്കെടുക്കാൻ എത്തിയതാണ്. ഉപഭോക്താക്കൾക്ക് കൊടുക്കാനുള്ള ആഹാരങ്ങൾ തയ്യാറാക്കാൻ ജീവനക്കാർ തുടങ്ങിയിരുന്നില്ല. അതാണ് ഒരു പരുങ്ങൽ” പിന്നെ ആ ഷെഫ് അവസരത്തിനൊത്തുയർന്നു. ഞങ്ങളെയെല്ലാം അവിടിരുത്തി ഓർഡർ എടുത്തു. ചിലർ ഓർഡർ ചെയ്തവ പെട്ടെന്ന് അവർക്ക് തയ്യാറാക്കാൻ പറ്റുന്നവ ആയിരുന്നില്ല. ആ ഷെഫിന്റെ നിർദ്ദേശങ്ങളനുസരിച്ച് ജീവനക്കാർ പെട്ടെന്നുതന്നെ ഞങ്ങൾക്കാവശ്യമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പി. ഞങ്ങളുടെ മനസ്സിൽ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്ന കാര്യം കടയുടമയോ ജീവനക്കാരോ ശ്രദ്ധിച്ചില്ലെങ്കിലും അനുഭവ സമ്പന്നനായ ആ ഷെഫ് അത് പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ കാലതാമസം വന്നതിൽ ക്ഷമാപണവും നടത്തി ഇനിയും ഇതിലേ പോകുമ്പോൾ കടയിൽ കയറണമെന്നും പറഞ്ഞാണ് പുഞ്ചിരിയോടെ ഷെഫ് ഞങ്ങളെ പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് വെറും ക്ഷണിതാവായെത്തിയ ആൾ മാറി നിൽക്കാതെ, ഞങ്ങളെ മറ്റൊരു ഹോട്ടലിലേയ്ക്കു പറഞ്ഞയയ്ക്കാതെ അവിടെ നിന്നു തന്നെ ഭക്ഷണം തയ്യാറാക്കി കഴിപ്പിക്കാൻ നേതൃത്വം നൽകിയതിനാൽ നല്ലൊരു സേവനമാണ് അപ്പോൾ കാഴ്ചവച്ചത്.
അങ്ങനെ ഞങ്ങൾ പത്തേമാരിയിൽ നിന്നിറങ്ങി നേരേ വീട്ടിലേയ്ക്ക് .










ഡോ.ഐഷ . വി.
പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..