Latest News

ഗവേഷകരെ പോലും ഞെട്ടിച്ച് സൂര്യനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്ത്. സൂര്യന്റെ ഉപരിതലത്തിലെ ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണു ശാസ്ത്രലോകം പറഞ്ഞിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഭൂമിയെ ബാധിക്കുമോ എന്നും അറിയാനുള്ള ആകാംക്ഷയിലാണ് ശാസ്ത്ര ലോകം.

അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം പകർത്തിയിട്ടുള്ളത്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ആണ് ആകാഷയും ജിജ്ഞാസയും ഉളവാക്കുന്ന ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. സൂര്യന്റെ വടക്ക് ഭാഗത്തായിട്ടാണ് ഈ പ്രതിഭാസമുണ്ടായിരിക്കുന്നത് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ പറയുന്നത്. വേർപെട്ട ഭാഗം സൂര്യന്റെ ഉത്തര ധ്രുവത്തിനു ചുറ്റും കറങ്ങുകയാണെന്നും സ്കോവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

സൂര്യന്റെ ഉപരിതലത്തിൽനിന്ന് വേർപെട്ട ഭാഗം ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ പ്രദക്ഷിണം ചെയ്യാൻ 8 മണിക്കൂർ വരെ സമയമെടുക്കുമെന്ന് നിരീക്ഷകർ അറിയിച്ചതായി സ്കോവ് വ്യക്തമാക്കുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് വിഘടിച്ചിരിക്കുന്നതെന്നാണ് നാസയുടെ കണ്ടെത്തൽ. മുൻപും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാസ അവകാശപ്പെടുന്നുണ്ട്. തുടർച്ചയായി സൗരജ്വാലകൾ പുറപ്പെടുവിക്കുന്ന സൂര്യൻ ചില സമയങ്ങളിൽ ഭൂമിയിലെ വാർത്താ വിതരണത്തെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കാര്യമായ നേട്ടങ്ങള്‍ ഇത്തവണയും ഉണ്ടാക്കാന്‍ കഴിയില്ലന്ന നിഗമനത്തില്‍ കേന്ദ്ര ബി ജെ പി നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന സര്‍വ്വേയിലാണ് കേരളത്തില്‍ നിന്നും ഇത്തവണയും ലോക്‌സഭാ സീറ്റ് പ്രതീക്ഷക്കണ്ടാ എന്ന റിപ്പോര്‍ട്ട് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ സാധ്യതയുളള സീറ്റുകള്‍ ഇടതു പക്ഷം പിടിക്കുമെന്ന റിപ്പോര്‍ട്ടാണ് ദേശീയ നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സീറ്റില്‍ ശശി തരൂര്‍ മല്‍സരിക്കാന്‍ സാധ്യതയില്ലങ്കില്‍ മികച്ച ഒരു ഇടതു സ്വതന്ത്രനെ അവതരിപ്പിക്കാനാണ് സി പി എം- സി പി ഐ നേതൃത്വങ്ങള്‍ തിരുമാനിച്ചിരിക്കുന്നത്. ബി ജെപിക്ക് സാധ്യതയുണ്ടെന്ന് അവര്‍ കരുതുന്ന തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ സി പി ഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍ കുമാറായിരിക്കും ഇടതു സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബലറാമിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഈ രണ്ടു സ്ഥാനാര്‍ത്ഥികളും മല്‍സരിച്ചാല്‍ ബി ജെ പി കാര്യമായ ഒരു നേട്ടവും ആ മണ്ഡലത്തിലുണ്ടാകില്ലന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബി ജെ പി സംസ്ഥാന പ്രഭാരിയായ പ്രകാശ് ജാവേദ്കര്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ടും ഇതിന് സമാനമാണ്.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരിനാഥന്‍ മല്‍സരിച്ചാല്‍ ബി ജെ പിക്ക് കാര്യമായ പ്രതീക്ഷ അവിടെയും വേണ്ടെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം കരുതുന്നത്. കോട്ടയത്ത് കത്തോലിക്കാ സഭയുടെ പിന്തുണയോടെ ഒരു ക്രൈസ്തവ സ്ഥാനാര്‍ത്ഥിയെയാണ് ബി ജെ പി ആഗ്രഹിക്കുന്നതെങ്കിലും പരസ്യമായി അത്തരത്തിലൊരു പിന്തുണ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാടാണ് സഭ കൈക്കൊണ്ടിരിക്കുന്നത്. എന്നാലും ബി ജെ പി നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടില്ല.ഇതോടെയാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിച്ച മുന്നേറ്റം കേരളത്തില്‍ നിന്നുണ്ടാക്കാന്‍ കഴിയില്ലന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം എത്തിച്ചേര്‍ന്നത്.

കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകുമെന്നാണ് ഇപ്പോള്‍ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. സുരേന്ദ്രന് സംസ്ഥാനത്തെ ഒരു സാമുദായിക വിഭാഗത്തിന്റെയും പിന്തുണ നേടാന്‍ കഴിയുന്നില്ലന്നാണ് ബി ജെപി കേന്ദ്ര നേതൃത്വം മനസിലാക്കിയിരിക്കുന്നത്.

കേരളാ രാഷ്ട്രീയത്തിലേക്ക് ശശിതരൂരിന്റെ വരവും ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വലിയ തോതില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റു നേതാക്കളെ എതിര്‍ക്കുന്നത് പോലെ തരൂരിനെ എതിര്‍ക്കാന്‍ ബി ജെ പിക്ക് കഴിയാത്തതും രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്നുണ്ടെന്നാണ് ബി ജെ പിനേതൃത്വം കണക്കുകൂട്ടുന്നത്. ബി ജെ പിയിലേക്ക് പോകേണ്ട നിഷ്പക്ഷ വോട്ടുകളെ ശശി തരൂരിന് സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.അത് കൊണ്ട് തന്നെ തരൂര്‍ കോണ്‍ഗ്രസില്‍ നിന്നാലും വേറെ പാര്‍ട്ടിയുണ്ടാക്കി പോയാലും ബി ജെ പിക്ക് യാതൊരു രാഷ്ട്രീയ നേട്ടവും അതുകൊണ്ടുണ്ടാകില്ലന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശത്തു തുടരുന്നവരുടെ എണ്ണം ഉയരുന്നു. 2011 നുശേഷം പതിനാറുലക്ഷം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായാണു കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 2,25,620 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.

2020 ല്‍ 85,256 പേര്‍ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കെന്നു വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു. 2015 ല്‍ 1,31,489 പേര്‍ പൗരത്വം ഉപേക്ഷിച്ചു. 2016ല്‍ 1,41,603 പേര്‍, 2017ല്‍ 1,33,049 പേര്‍ എന്നിങ്ങനെയാണു പിന്നാലെയുള്ള വര്‍ഷങ്ങളിലെ നിരക്ക്.

മുകളില്‍ പറഞ്ഞിരിക്കുന്ന കണക്കുകളെല്ലാം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ളതാണ്. മുന്‍കാലങ്ങളിലെ അതായത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തെ കണക്കുകളും ജയശങ്കര്‍ നല്‍കി. 2011ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1,22,819 ആണെന്നും 2012 ല്‍ ഇത് 1,20,923 ആയിരുന്നു. പിന്നീട് 2013 ല്‍ 1,31,405 ആയി ഉയര്‍ന്നു. 2014ല്‍ വീണ്ടും 1,29,328 ആയി കുറഞ്ഞു.

അതായത് 2011 മുതല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16,63,440 ആണ്. ഇന്ത്യയിലെ ജനങ്ങള്‍ പൗരത്വം സ്വീകരിച്ച 135 രാജ്യങ്ങളുടെ പട്ടികയും ജയശങ്കര്‍ നല്‍കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പൗരത്വം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഹോട്ടലില്‍ നിന്നും വാങ്ങിച്ച പൊറോട്ട കഴിച്ച് ബോധരഹിതയായി വീണ പെണ്‍കുട്ടി മരിച്ച സംഭവം അലര്‍ജി കാരണമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് പെണ്‍കുട്ടി അലര്‍ജി ചികിത്സയിലായിരുന്നെന്നും പൊറോട്ട കഴിച്ചതോടെ രോഗം കൂടിയാണ് പെണ്‍കുട്ടി മരിച്ചത്.

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ്(16) മരിച്ചത്. മൈദ, ഗോതമ്പ് എന്നിവയടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കുട്ടിക്ക് മുന്‍പ് അലര്‍ജിയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്ന് ചികിത്സയിലായിരുന്നു പെണ്‍കുട്ടി.

നേരത്തെ, അലര്‍ജി കൂടിയതോടെ കുട്ടി ബോധരഹിതയാകുകയും ദിവസങ്ങളോളം ചികിത്സയിലുമായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടിരുന്നു. ഇതോടെയാണ് ചെറിയ തോതില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയത്. എന്നാല്‍ ഇന്നലെ വൈകിട്ട് പൊറോട്ട കഴിച്ച പെണ്‍കുട്ടിക്ക് ഉടന്‍ തന്നെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയായിരുന്നു.

ഉടനെ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

എന്നാല്‍ ഇന്ന് ആരോഗ്യനില വീണ്ടും വഷളാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് നയന്‍മരിയ.

ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. നെടുമ്പാശേരി കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. യുവതിയിൽ നിന്ന് 29.89 ലക്ഷം വിലവരുന്ന സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലാണ് യുവതി നെടുമ്പാശേരിയിൽ എത്തിയത്.

സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി അടിവസ്ത്രത്തിനുള്ളിൽ ധരിച്ചിരുന്ന സാനിറ്ററി പാഡിൽ നിന്നും സ്വർണം കണ്ടെത്തിയത്. ആർത്തവമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പാഡിന് ചുവന്ന നിറം നൽകിയിരുന്നു. ദേഹ പരിശോധന നടത്തുന്നതിനിടയിൽ പിരീഡ്‌സ് ആണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറി. എന്നാൽ ഗ്രീൻ ചാനലിലൂടെ കടന്നപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും പരിശോധിക്കുകയുമായിരുന്നു.

കോളേജ് അധ്യാപികയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മംഗളുരു മുൽക്കി സൗത്ത് കോടി സ്വദേശിനി അമിത (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത നേരത്ത് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.

മംഗളുരു വാമടപ്പദവിലെ സ്വകാര്യ കോളേജ് അധ്യാപികയാണ് മരിച്ച അമിത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമിത സ്വന്തം വീട്ടിൽ വന്ന് താമസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയത്. പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി യുകെയിൽ അടുത്തകാലത്ത് മലയാളികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മാനസിക കുടുംബ പ്രശ്നങ്ങൾ ഉൾപ്പെട്ട സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു. ഈയിടെയായി കണ്ട് വരുന്ന പ്രവണതകളെ തുറന്നു ചർച്ച ചെയുക വഴി ഇത്തരം സാഹചര്യങ്ങളിൽ വിദഗ്ദ്ധ സഹായം ആവശ്യപ്പെടുവാൻ ബോധവൽക്കരിക്കുവാനാണ് ഈ സംവാദം.

എന്തുകൊണ്ട് മലയാളികൾ മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹായം ചോദിക്കാൻ മടിക്കുന്നു? കൂടെയുള്ള പ്രിയപ്പെട്ടവർക്കോ മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നു എങ്ങനെ മനസ്സിലാക്കാം? മാനസിക അസ്വാസ്ഥ്യം എങ്ങനെ ഫലപ്രദമായി നേരിടാം? എന്നീ കാതലായ ചോദ്യങ്ങൾ നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ സൗഹൃദവലയത്തിലോ ഉള്ള പ്രിയപ്പെട്ടവരുടെ ജീവൻ വരെ രക്ഷിക്കാവുന്ന ഉപയോഗപ്രദമായ ഒന്നായി മാറും എന്ന് കൈരളി യുകെ കരുതുന്നു.

വിവിധ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഓൺലൈനിൽ നടക്കുന്ന ഈ ചർച്ചയിൽ പ്രധാനമായും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന് യുകെയിലെ ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവർ സംവദിക്കുന്നു.

പങ്കെടുക്കുവാൻ ഈ ലിങ്കിൽ താല്പര്യം അറിയിക്കുക – https://www.facebook.com/events/857382795492169/

ട്രാഫിക് നിയമലംഘനത്തിന് രണ്ടു ദിവസം മുൻപ് പോലീസ് പിടികൂടി പിഴ ചുമത്തി വിട്ടയച്ച യുവാവിനെ പമ്പാനദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വയിലെ റസ്റ്റോറൻറ് ജീവനക്കാരൻ കാവാലം കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകൻ നിതിൻ പൊന്നപ്പനെയാണ് ( 27 ) മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ എട്ടരയോടെ എടത്വ പാലത്തിന് പടിഞ്ഞാറ് വശം തെക്കേക്കരയിൽ കുളിക്കടവിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.

ഇരുചക്ര വാഹനത്തിൽ വന്ന നിതിനെ കേളമംഗലം ഭാഗത്തു വെച്ച് രണ്ടു ദിവസം മുൻപ് രാത്രി പോലീസ് പിടികൂടിയിരുന്നു. രാത്രി തന്നെ വിട്ടയച്ചു. പക്ഷേ നിതിൻ രാവിലെ ജോലിക്കെത്തിയിരുന്നില്ല.

കടയുടമ പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു. സംസ്കാരം നടത്തി. അമ്മ ഓമന.

മസ്തിഷ്ക ചോർച്ച തടയാൻ കേരള ഗവൺമെൻറ് നിയമനിർമ്മാണം നടത്തുമെന്ന വാർത്തയ്ക്ക് പിന്നാലെ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഉയരുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. 2011 മുതലുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16 ലക്ഷത്തിലധികം പേരാണ്. 2022-ല്‍ മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതാകട്ടെ 2011 മുതലുള്ള കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2020-ലാണ് ഏറ്റവും കുറഞ്ഞ സംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 85,256 പേരാണ് 2020-ല്‍ പൗരത്വം വേണ്ടെന്നുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള വിവരങ്ങളാണിവ. വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് കണക്ക് വ്യക്തമാക്കിയത്.

2015-ല്‍ 1,31,489 പേരും 2016-ല്‍ 1,41,603 പേരും, 2017-ല്‍ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 1,34,561 പേരാണ് 2018-ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. 2019-ല്‍ ഇത് 1,44,017 ആയി ഉയര്‍ന്നു. തൊട്ടടുത്ത കൊല്ലം ഇത് 85,256 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2021-ല്‍ ഇത് വീണ്ടുമുയര്‍ന്ന് 1,63,440 ആയി. 2011 മുതല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം വേണ്ടെന്നുവെച്ചത് 16, 63,440 പേരാണ്.

കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ അഞ്ച് ഇന്ത്യക്കാര്‍ യുഎഇ പൗരത്വം കരസ്ഥമാക്കിയതായി പ്രത്യേക ചോദ്യത്തിനു മറുപടിയായി ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും അദ്ദേഹം നല്‍കി.

ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരിച്ചത്. രാവിലെയാണ് സംഭവം. ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അനിതയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ അനിത മരിച്ചു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ മതിയായ ചികിത്സ നൽകിയിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

RECENT POSTS
Copyright © . All rights reserved