Latest News

രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു, ഈ വിയോഗത്തിൽ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ ഒരു കത്തിമുനയിൽ അമ്മയെയും മരണം തട്ടിയെടുത്തതിന്റെ പകപ്പ് മാറാതെ നിൽക്കുകയാണ് അക്ഷയ്കുമാറും അനന്യയും. ഇനിയുള്ള ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ നിൽക്കുകയാണ് ഈ കുരുന്നുകൾ.

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അമ്മ വിനീതയുടെ സഞ്ചയനം. അമ്പലമുക്കിൽ 4 പവന്റെ മാലയ്ക്കു വേണ്ടിയാണ് വിനീതയെ ദാരുണമായി അക്രമികൾ കുത്തിക്കൊലപ്പെടുത്തിയത്. ഇരുവർക്കും ഇനി കൂട്ടിനുള്ളത് വിനീതയുടെ പ്രായമായ അച്ഛൻ വിജയനും അമ്മ രാഗിണിയും മാത്രമാണ്.പത്തനംതിട്ട ഗവി സ്വദേശി സെന്തിലും വിനീതയും 2007 ഏപ്രിൽ 12 നാണ് വിവാഹിതരായത്. പെരുമ്പാവൂരിൽ ബേക്കറിയിൽ പലഹാരങ്ങൾ പാകം ചെയ്യുന്ന ജോലിക്കിടെ കുടുംബം പോറ്റാൻ സോഡാ കമ്പനിയിലും സെന്തിൽ ജോലി നോക്കി.

കുപ്പിപ്പൊട്ടിത്തെറിച്ച് നിരന്തരം അപകടമുണ്ടായപ്പോൾ അച്ഛൻ വിജയൻ ഇടപെട്ട് പെരുമ്പാവൂരിൽ നിന്ന് സെന്തിലിനെയും വിനീതയെയും നെടുമങ്ങാട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇവിടെ ജോലിക്കിടെ 2020 മാർച്ച് 12 നാണ് സെന്തിൽ ഹൃദയാഘാതം മൂലം മരിച്ചത്. അന്നു മുതൽ കുടുംബം പോറ്റിയിരുന്നത് വിനീതയായിരുന്നു.

പഠനത്തിൽ ബഹുമിടുക്കരാണ് വിനീതയുടെ മക്കൾ. കരിപ്പൂര് ഗവ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്ഷയ്. അനന്യ ഗവ ടൗൺ യുപിഎസ് ആറാം ക്ലാസ് വിദ്യാർഥിയും. തുടർന്നുള്ള ഇവരുടെ പഠനവും ഇതോടെ പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയാണ് പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും. ജ്വല്ലറിയിൽ സെക്യൂരിറ്റിയാണ് വിജയൻ. ശമ്പളമായി ലഭിക്കുന്ന തുച്ഛമായ തുകയിൽ 4 വയർ എരിയണം. സുമനസുകൾ സഹായിക്കണം

കാനറാ ബാങ്ക്
നെടുമങ്ങാട് ശാഖ
അക്കൗണ്ടുണ്ട്. നമ്പർ- 2683101005397
ഐഎഫ്എസ് സി കോഡ്- CNRB0002683

നടി കൽപനയുടെ മരണത്തോടെ സാമ്പത്തികമായി ലഭിച്ചിരുന്ന സഹായങ്ങൾ നിലയ്ക്കുകയും പട്ടിണിയിലാവുകയും ചെയ്തതോടെ സഹോദരങ്ങൾ ജീവനൊടുക്കി. നടി ഉർവശിയുടെയും കൽപനയുടേയും സഹോദരന്റെ മുൻ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. കൽപനയുടെ മരണ ശേഷം ഇവർക്ക് സാമ്പത്തികമായ സഹായം ലഭിച്ചിരുന്നില്ല.

കൽപനയുടെ സഹോദരന്റെ മുൻ ഭാര്യ പ്രമീള(52), അവരുടെ സഹോദരൻ സുശീന്ദ്രൻ(54)എന്നിവരാണ് വാടക വീട്ടിൽ ജീവനൊടുക്കിയത്. ഏറെ കാലമായി അസുഖബാധിതരായിരുന്ന തങ്ങൾക്ക് കൽപനയാണ് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കുറിപ്പിൽ പറയുന്നുണ്ട്.

തമിഴ്‌നാട് വീഴുപുരം ജില്ലയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രമീള ഏതാനും വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയിരുന്നെങ്കിലും കൽപനയാണ് ഇവർക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നൽകി വന്നത്. എന്നാൽ കൽപനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി.

സുശീന്ദ്രൻ അവിവാഹിതനായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ സമീപവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറികളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. ഹര്‍ജി നല്‍കാന്‍ സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്നാണ് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.

കക്ഷി ചേരുന്നതിനായി ഹര്‍ജി നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു.

പ്രോസിക്യൂഷന്‍ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കുകയാണ്. അതിനൊപ്പം കേസില്‍ അക്രമിക്കപ്പെട്ട നടിയും തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തുടരന്വേഷണം വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെതിരായ പോക്‌സോ കേസ്‌ പരാതി പിന്‍വലിക്കാന്‍ അമ്പതു ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി പരാതിക്കാരി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതിനു പിന്നാലെയാണ്‌, റോയിക്കായി എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രംഗത്തെത്തിയത്‌.

ഓഫീസില്‍ അഭിഭാഷകനെത്തി പണം വാഗ്‌ദാനം ചെയ്‌തതിന്റെ സി.സി. ടിവി വീഡിയോ ദൃശ്യങ്ങള്‍ പക്കലുണ്ട്‌. ഇവ പുറത്തുവിടാന്‍ തയാറാണ്‌. അഞ്‌ജലിയുമായി അടുപ്പമുള്ളയാള്‍ ഇന്നലെ രാവിലെ തന്നോടു കേസ്‌ സാമ്പത്തികമായി സെറ്റില്‍ ചെയ്‌തു കൂടെ എന്നു ചോദിച്ചിരുന്നു. തനിക്കു പ്രതികളുടെ ഭാഗത്തുനിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു.

കേസിലെ കൂട്ടുപ്രതി അഞ്‌ജലി റീമ ദേവ്‌ പെണ്‍കുട്ടികളെ ഹോട്ടലില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയും ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്‌തെന്നു സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്‌.
പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണു കുരുക്കിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്‌. കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കും.

കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് കെ നെല്ലുവേലിയടക്കമുള്ള വലിയ വിഭാഗം ഭാരവാഹികളും പ്രവർത്തകരും കേരള കോൺഗ്രസ്‌ എമ്മിലേക്ക്‌. കുറച്ച് നേതാക്കളുടെ മാത്രം കൂട്ടമായി മാറിയ കേരള കോൺഗ്രസിൽ (ജോസഫ്), ഭാരവാഹികളുടെ യോഗമോ സ്റ്റിയറിങ്‌ കമ്മിറ്റി യോഗമോ പോലും ചേരാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് ജോസഫ് കെ നെല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാല് വ്യത്യസ്‌ത പാർട്ടികൾ ചേർന്ന് രൂപം കൊടുത്ത കേരള കോൺഗ്രസി (ജോസഫ്) ന്, പാർട്ടിയുടെ പ്രഖ്യാപിത നയം നടപ്പാക്കാൻ കഴിയില്ലെന്ന്‌ വ്യക്തമായി കഴിഞ്ഞു. ‘കർഷകപാർട്ടി’ എന്ന് വീമ്പ് പറഞ്ഞവർ, കർഷകദ്രോഹ നയങ്ങൾ, വിലക്കയറ്റം, ദാരിദ്ര്യം, പകർച്ചവ്യാധി ഇവയെപ്പറ്റി പ്രതികരിക്കാൻ പോലും കഴിവില്ലാത്ത സ്ഥിതിയിലായി. ഇന്ത്യ മുഴുവൻ അലയടിച്ച കർഷകസമരത്തിന് വേണ്ടി എന്തെങ്കിലും അനുഭാവ പരിപാടി പോലും സംഘടിപ്പിക്കാൾ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് കഴിഞ്ഞില്ലെന്നത് പാർട്ടിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.

ബിജെപി രാജ്യത്താകെ വളർത്താൻ ശ്രമിക്കുന്ന വർഗ്ഗീയതയെയും കുത്തക പ്രീണനനയങ്ങളെയും ചെറുക്കുകയും വിലക്കയറ്റത്തിനെതിരെ ബദൽ നയം നടപ്പാക്കുകയും ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടേണ്ടതുണ്ട്. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി പാർലിമെൻറിൽ നടത്തിയിട്ടുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ കർഷക താൽപ്പര്യം സംരക്ഷിക്കാനും വർഗ്ഗീയതയ്ക്കും കുത്തക പ്രീണന നയങ്ങൾക്കും എതിരെയുമായിരുന്നു. വ്യക്തമായ കാഴ്ച്ചപ്പാടോടെ പ്രവർത്തിക്കുന്ന കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പിന് ശക്തി പകരുകയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ജോസഫ് കെ നല്ലുവേലിയും രാജിവച്ച മറ്റ് ഭാരവാഹികളും പറഞ്ഞു.

രാമങ്കരിയിൽ 26ന് ചേരുന്ന കൺവെൻഷനിൽ, കേരള കോൺഗ്രസി (മാണി ) ൽ ചേരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിജു സി ആൻ്റണി (യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) അലക്‌സ് മാത്യു ചെറുകാട് (കെഎസ്‌സി, മുൻ ജില്ലാ പ്രസിഡൻ്റ്) ബിനോയ് ഉലക്കപ്പാടി (യൂത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ പ്രഥമ ചെയർമാർ ആൻറണി എം ജോൺ, ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിമാരായ വർഗീസ് മാത്യു നെല്ലിക്കൽ, ബൈജു ജോസ് നെറ്റിതറ, കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി ബിനീഷ് തോമസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കാനഡ: ഒന്റാറിയോ പീൽ റീജിയണിലെ ഹിന്ദു ക്ഷേത്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കവർച്ചാ പരമ്പരയിൽ കെ എച്ച് എഫ് സി അടിയന്തിര യോഗം കൂടി അപലപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നടന്ന കവർച്ചാ പരമ്പരയിൽ മൂന്നു ഹിന്ദു ക്ഷേത്രങ്ങൾ കവർച്ച ചെയ്യപ്പെട്ടു. ജനാലകളും,പൂട്ടും പൊളിച്ചു ക്ഷേത്രത്തിനു അകത്തു നടന്ന കവർച്ചയിൽ പൂജാ സാമഗ്രികളും,കാണിയ്ക്ക വഞ്ചിയും നശിപ്പിയ്ക്കപ്പെട്ടു. കാണിയ്ക്ക വഞ്ചിയുമായി രക്ഷപ്പെടുന്ന മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പീൽ ജില്ലാ പോലീസ് ഈ ദൃശ്യങ്ങൾ പൊതു മാധ്യമങ്ങളിലും,പൊതു ഇടങ്ങളിലും,പ്രസിദ്ധീകരിയ്ക്കുകയും, ഒപ്പം പ്രതിയെ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി പിടികൂടുന്നതിനായി പൊതുജന സഹായവും തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടാവ് തകർത്ത, മിസ്സിസ്സാഗയിലെ പ്രസിദ്ധമായ ഹിന്ദു ഹെറിറ്റേജ് സെന്റർ, ബ്രാംപ്ടണിലെ മാ ചിന്ത്പൂർണി മന്ദിർ ശ്രീ ഗൗരി ശങ്കർ മന്ദിർ എന്നിവയിൽ നിന്നായി 25000-ൽ അധികം ഡോളർ കവർച്ച ചെയ്യപ്പെട്ടു.കെട്ടിടത്തിനും,സാമിഗ്രികൾക്കും വരുത്തിയ കേടുപാടുകളുടെ നഷ്ടം കണക്കാക്കി വരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഹിന്ദു ക്ഷേത്രങ്ങളിൽ നടന്നു വരുന്ന കവർച്ചാ പരമ്പരയിൽ ഭക്തർ വളരെ ദുഃഖാകുലരാണ്. ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ നടന്നു വരുന്ന ഇതുപോലുള്ള ആക്രമണങ്ങളിൽ കെ എച്ഛ് എഫ് സി അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ഇന്നലെ കെ എച്ച് എഫ് സി വിളിച്ചു കൂട്ടിയ അടിയന്തിര യോഗത്തിൽ ഇതുപോലുള്ള അനിഷ്‌ഠ സംഭവങ്ങൾ ഇനിയും ആവർത്തിയ്ക്കപ്പെടാതെ ഇരിയ്ക്കുന്നതിനും, മോഷ്ടാവിനെ പിടിയ്ക്കുന്നതിനു വേണ്ടിയും സർക്കാർ പോലീസ് തലത്തിൽ നടന്നു വരുന്ന നടപടികളെ വിലയിരുത്തി.

മലേഷ്യയിലെ ക്വലാലംപുരില്‍നിന്ന് തവൗവിലേക്കുള്ള വിമാനത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച പാമ്പിനെ കണ്ടെത്തിയത്. വിമാനത്തിനുള്ളിലെ പാമ്പിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്തില്‍ മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പ്. സുതാര്യമായ ഒരു ഭാഗത്തുകൂടിയാണ് ഉള്ളിലുള്ള പാമ്പിനെ യാത്രക്കാര്‍ കണ്ടത്. ‘സ്‌നേക്‌സ് ഓണ്‍ എ പ്ലെയ്ന്‍’ എന്ന ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന വിദമായിരുന്നു സംഭവം.

വിമാനത്തില്‍ പാമ്പുണ്ടെന്നറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തരായി. അടിയന്തര സാഹചര്യം പരിഗണിച്ച് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയും കുച്ചിങ് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെവെച്ച് ജീവനക്കാര്‍ വിമാനം പരിശോധിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. അതിനുശേഷം വിമാനം തവൗവിലേക്കുള്ള യാത്ര തുടര്‍ന്നു. യാത്രക്കാരില്‍ ആര്‍ക്കും പാമ്പ് മൂലം അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പാമ്പ് എങ്ങനെയാണ് വിമാനത്തില്‍ കയറിക്കൂടിയതെന്ന് വ്യക്തമല്ല. ബാഗുകളില്‍ കയറിപ്പറ്റിയ പാമ്പ് വിമാനത്തിനുള്ളില്‍ എത്തിയതാകാമെന്നാണ് നിഗമനം. എന്നാല്‍ യാത്രക്കാരില്‍ ആരെങ്കിലും രഹസ്യമായി ബാഗിനുള്ളില്‍ ഒളിപ്പിച്ച് പാമ്പിനെ കടത്താന്‍ ശ്രമിച്ചതാകാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും, പുറത്തുവന്നിരിക്കുന്ന പാമ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

യുകെയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എന്‍എച്ച്എസ് ഡോക്ടര്‍ അറസ്റ്റില്‍. നൂറോളം രോഗികള്‍ അക്രമത്തിന് ഇരയായെന്നാണ് സംശയം. ഇതിൽ ഒമ്പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോയല്‍ സ്‌റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എ&ഇ ക്ലിനിഷ്യനായി ജോലി ചെയ്യുന്ന 34-കാരനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നാല് വര്‍ഷം മുന്‍പ് തന്നെ ഈ ഡോക്ടറുടെ പെരുമാറ്റങ്ങളെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നതായി പറയുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കുകയായിരുന്നു. ഡിസംബറില്‍ ഏഴും, പതിനഞ്ചും വയസുകാരായ കുട്ടികളുടെ രക്ഷിതാക്കളാണ് ഡോക്ടറുടെ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെട്ടത്. ഇതിന്റെ പേരില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് രോഗികളെ ഡോക്ടര്‍ ചികിത്സിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഡോക്ടര്‍ കണ്ട ചുരുങ്ങിയത് 109 രോഗികളാണ് ഇയാളുടെ രീതികളില്‍ ആശങ്കയുള്ളതായി തിരിച്ചറിഞ്ഞത്. 2018ല്‍ ഒരു പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ രീതി സംബന്ധിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോള്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസും, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും അന്വേഷണം നടത്തി. ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും തെളിവില്ലെന്ന് പോലീസ് പറഞ്ഞതോടെ 2019ല്‍ ജോലിയിലേക്ക് മടങ്ങിയെത്തി. രണ്ട് വര്‍ഷം സ്‌റ്റോക്ക് ഹോസ്പിറ്റലില്‍ പരിശീലനം നേടിയ ഇയാള്‍ 2020 ആഗസ്റ്റില്‍ ഡഡ്‌ലിയില്‍ ജോലിക്കെത്തി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം വീണ്ടും ആരോപണം ഉയര്‍ന്നതോടെ ഡോക്ടറെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ജാമ്യത്തിലുള്ള ഇയാള്‍ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ട്. സ്റ്റാഫോര്‍ഡ്ഷയര്‍ പോലീസും, എന്‍എച്ച്എസും ഓപ്പറേഷന്‍ അന്‍സു എന്ന പേരില്‍ ഡോക്ടര്‍ കണ്ട കുട്ടികളുടെ ക്ലിനിക്കല്‍ റെക്കോര്‍ഡ് പരിശോധിച്ച് വരികയാണ്.

ആരോപണങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സ്റ്റോക്ക്-ഓണ്‍-ട്രെന്റ് സൗത്ത് എംപി ജാക്ക് ബ്രെറ്റണ്‍ പറഞ്ഞു. “ഞാന്‍ റോയല്‍ സ്റ്റോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായി സംസാരിച്ചു, അവര്‍ അത് വളരെ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് ഉറപ്പു തന്നിട്ടുണ്ട്,“ അദ്ദേഹം പറഞ്ഞു.

ജനിച്ച് വെറും പതിനൊന്ന് ദിവസത്തിനുള്ളില്‍ സ്വന്തം അച്ഛനെയും അമ്മയെയും നാടിനെയും വിട്ട് നെതര്‍ലാന്‍ഡ്‌സിലേയ്ക്ക് പറിച്ച് നടപ്പെട്ട അമുതവല്ലി രണ്ട് പതിറ്റാണ്ടിന് ശേഷം പെറ്റമ്മയുടെ ചാരത്തെത്തി.കടയാമ്പട്ടിക്കടുത്ത് ദാസസമുദ്രം സ്വദേശികളായ ആര്‍ അമുതയുടെയും രംഗനാഥന്റെയും രണ്ടാമത്തെ മകളാണ് അമുതവല്ലി. ജീവിത സാഹചര്യങ്ങളാണ് അമുതവല്ലിയ്ക്ക് പെറ്റമ്മയുടെ കരുതല്‍ നഷ്ടമാക്കിയത്.

നെതര്‍ലാന്‍ഡില്‍ തന്റെ ഭൂതകാലം അറിയാതെ പിയറ്റ്-അഗീത ദമ്പതികളുടെ മകളായി ഇവള്‍ വളര്‍ന്നു. ഒരു ദിവസം അവള്‍ ആ സത്യം തിരിച്ചറിഞ്ഞു, അവളെ അവര്‍ ദത്തെടുക്കുകയായിരുന്നു.അമുതവല്ലിക്ക് ഇപ്പോള്‍ 23 വയസ്സ്. അവള്‍ തന്റെ വേരുകള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. ആ യാത്ര ഒടുവില്‍ അവസാനിച്ചത് സേലത്തെ ഒരു വിദൂര ഗ്രാമമായ ദാസസമുദ്രം ത്തിലായിരുന്നു.

ദാസസമുദ്രം സ്വദേശികളായ ആര്‍ അമുതയുടെയും രംഗനാഥന്റെയും രണ്ടാമത്തെ കുട്ടിയാണ് അമുതവല്ലി. അവളുടെ മൂത്ത സഹോദരി ജെനിഫറിന് 25 വയസ്സ്. രംഗനാഥന്‍ മദ്യത്തിന് അടിമയായിരുന്നു. രാപ്പകല്‍ അയാള്‍ കുടുംബം നോക്കാതെ മദ്യപിച്ച് നടന്നു. വീട്ടിലെ കാര്യങ്ങള്‍ ആകെ പരുങ്ങലിലായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചു വന്നു. മക്കള്‍ക്ക് ആഹാരം പോലും നല്കാന്‍ കഴിയാതെ ആ അമ്മ നീറി.

ഒരു വീട്ടുജോലിക്കാരിയായിരുന്ന അവര്‍ക്ക് രണ്ട് മക്കളെ നോക്കാനുള്ള വരുമാനം ഇല്ലായിരുന്നു. മദ്യപാനിയായ ഭര്‍ത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയതോടെ ഈ കടുംകൈ ചെയ്യാന്‍ അവള്‍ നിര്‍ബന്ധിതയായി. ഒടുവില്‍ പട്ടിണി സഹിക്കവയ്യാതെ ഇളയ മകളെ ദത്ത് നല്കാന്‍ അവര്‍ തീരുമാനിച്ചു.

മകള്‍ക്ക് വെറും പതിനൊന്ന് ദിവസം പ്രായമുള്ളപ്പോള്‍ 1998 -ല്‍ സേലത്തെ ഒരു മിഷനറിക്ക് ദത്തെടുക്കാന്‍ നല്‍കി. നെതര്‍ലന്‍ഡില്‍ നിന്നുള്ള പിയറ്റ്-അഗീത ദമ്പതികള്‍ അമുതവല്ലിയെ ദത്തെടുത്ത് അവിടെയ്ക്ക് കൊണ്ടുപോയി.

”എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു അത്. പിന്നീടുള്ള ഓരോ ദിവസവും ഞാന്‍ അതോര്‍ത്ത് ഖേദിച്ചു. അവളുടെ ഓര്‍മ്മകള്‍ എന്നെ നിരന്തരം വേട്ടയാടിയിരുന്നു” അമ്മ അമുത പറഞ്ഞു.

അമുതവല്ലി ഇതൊന്നുമറിയാതെ നെതര്‍ലാന്‍ഡ്‌സില്‍ വളര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇപ്പോള്‍ അവിടെ ഒരു ഫ്‌ലവര്‍ ബോട്ടിക് നടത്തുകയാണ് അവള്‍. അടുത്തിടെയാണ് അവള്‍ തന്റെ ഭൂതകാലത്തെക്കുറിച്ച് അറിയുന്നത്. അതോടെ തന്റെ മാതാപിതാക്കളെ കാണാനുള്ള ആഗ്രഹം അവളില്‍ വളര്‍ന്നു. ആദ്യം അവളുടെ ദത്തെടുത്ത മാതാപിതാക്കള്‍ അതിന് സമ്മതിച്ചില്ലെങ്കിലും, പിന്നീട് അവരുടെ അനുവാദത്തോടെ അമുതവല്ലി ചെന്നൈയിലെത്തി. തന്റെ നിറം കറുപ്പല്ലായിരുന്നെങ്കില്‍ താന്‍ ദത്തെടുത്തതാണെന്ന് ഒരിക്കലും അറിയില്ലായിരുന്നു എന്ന് അമുതവല്ലി പറഞ്ഞു.

‘എന്റെ ദത്തെടുത്ത മാതാപിതാക്കള്‍ വെളുത്തവരായിരുന്നു. ഒരു ഘട്ടത്തില്‍, എന്തുകൊണ്ടാണ് ഞാന്‍ കറുത്തുപോയതെന്ന് അവരോട് ഞാന്‍ ചോദിക്കാന്‍ തുടങ്ങി. ഒടുവില്‍ രണ്ട് വര്‍ഷം മുമ്പ് അവര്‍ എന്നോട് എല്ലാം വെളിപ്പെടുത്തി’ അമുതവല്ലി പറഞ്ഞു. ദത്തെടുത്ത മാതാപിതാക്കള്‍ വളരെ കരുതലുള്ളവരായിരുന്നുവെന്ന് അവള്‍ പറയുന്നു. താന്‍ അവരുടെ സ്വന്തം മകളല്ലെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേയ്ക്ക് വരുമ്പോള്‍ അവള്‍ക്ക് ഡച്ചും, ഇംഗ്ലീഷും മാത്രമേ അറിയൂമായിരുന്നുള്ളൂ. അതുകൊണ്ട് ചെന്നൈയില്‍ നിന്ന് അമുതവല്ലി ഒരു ഗൈഡിനോടൊപ്പം സേലത്തേക്ക് പുറപ്പെട്ടു. മിഷനറിയില്‍ നിന്ന് മാതാപിതാക്കളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. അമ്മ അമുത സേലത്ത് ദശസമുദ്രത്തിലാണ് താമസിക്കുന്നതെന്ന് അവള്‍ മനസ്സിലാക്കി.

തീര്‍ത്തും വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ദശസമുദ്രം ഗ്രാമം പിന്നീട് സാക്ഷ്യം വഹിച്ചത്. വീട്ടുപടിക്കല്‍ മകളെയും കാത്ത് നില്‍ക്കുകയായിരുന്നു അമ്മ. അമ്മയെ ആദ്യമായി കണ്ടപ്പോള്‍ അമുതവല്ലിയുടെ കവിളിലൂടെ സന്തോഷാശ്രുക്കള്‍ ഒഴുകി. അവളുടെ അമ്മ വേദനയോടെ തന്റെ കഴിഞ്ഞ കാലം ഓര്‍ത്തു.

പക്ഷേ അച്ഛനെ അവള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. അവളുടെ അച്ഛന്‍ വളരെക്കാലം മുമ്പ് മരിച്ചു പോയിരുന്നു. ആദ്യം അമ്മയെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ക്ക് മകളെ തിരിച്ചറിയാനായില്ല. എന്നാല്‍, അമുതവല്ലി ആരാണെന്ന് ഗൈഡ് വിശദീകരിച്ചപ്പോള്‍ അവള്‍ സ്തംഭിച്ചുപോയി. തുടര്‍ന്ന് തമ്മില്‍ കണ്ടപ്പോള്‍ വര്‍ഷങ്ങളായി ആ അമ്മ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വേദനയും, വാത്സല്യവും അവരുടെ കണ്ണില്‍ നിന്ന് കണ്ണുനീരായി ഒഴുകി. അവര്‍ മകളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.

സ്വന്തം കൈകൊണ്ട് ചോറ് വാരി കൊടുത്തു. മകളെ ഊട്ടിയും, പരിലാളിച്ചും അവര്‍ക്ക് മതിയായില്ല. മനസ്സില്ലാമനസ്സോടെയാണ് അമുതവല്ലി നെതര്‍ലന്‍ഡ്സിലേക്ക് മടങ്ങുന്നത്. എന്നാലും, വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തെ കാണാന്‍ നാട്ടിലേയ്ക്ക് വരുമെന്ന് അവള്‍ പറഞ്ഞു. ”ഞാന്‍ ഇപ്പോള്‍ കുറച്ച് തമിഴ് വാക്കുകള്‍ ഒക്കെ പറയും. അടുത്ത വര്‍ഷം ഞാന്‍ തിരിച്ച് എത്തുമ്പോഴേക്കും തമിഴ് നന്നായി സംസാരിക്കാനും വായിക്കാനും പഠിക്കണം. ഞാന്‍ ഇപ്പോള്‍ ഈ സംസ്‌കാരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. സാരി ഉടുക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം’ അവള്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങൾക്കെല്ലാം പ്രിയങ്കരനായ വാസുദേവനെ അപ്രതീക്ഷിതമായെത്തിയ ദുരന്തം കവർന്നതിന്റെ ഞെട്ടലിലാണ് നാട്. എല്ലാവരേയും സഹായിക്കാൻ എന്നും മുന്നിട്ടിറങ്ങുന്ന വാസുദേവനെ മരണം കവർന്നതും അദ്ദേഹം സഹായഹസ്തവുമായി എത്തിയ വേളയിലായിരുന്നു. പൊന്നാംവെളിയിൽ പഞ്ചറായ പിക്അപ് വാനിന്റെ ടയർ മാറ്റുന്നതിന് ഡ്രൈവറെ സഹായിക്കാനെത്തിയതിനിടെയാണ് മോഴികാട്ട് നികർത്തിൽ വാസുദേവൻ സിമന്റ് ബ്രിക് കയറ്റി വന്ന ലോറി കയറി മരിച്ചത്.

പുലർച്ചെ ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ വാസുദേവൻ, പിക്അപ് വാൻ ഡ്രൈവർ ബിജു ഒറ്റക്ക് ടയർ മാറുന്നത് കണ്ട് മനപ്രയാസം തോന്നിയാണ് റോഡരികിലേക്ക് സൈക്കിൾ മാറ്റിവെച്ച് ഒപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സിമന്റ് ബ്രിക്‌സ് കയറ്റിവന്ന ലോറി ഇരുവരേയും ഇടിച്ചിട്ടത്. വാൻ ഡ്രൈവർ കാലടി സ്വദേശി ബിജുവും (47) സഹായിയായി ഒപ്പം ചേർന്ന വാസുദേവനും (54) തൽക്ഷണം മരിച്ചു.

തുറവൂർ ക്ഷേത്രദർശനത്തിന് പുലർച്ച പതിവായി സ്വന്തം സൈക്കിളിൽ പോവാറുണ്ട് വാസുദേവൻ. ഇത് പഞ്ചറായതോടെ അയൽവാസി സജീവന്റെ സൈക്കിൾ വാങ്ങിയായിരുന്നു ഇന്നലത്തെ യാത്ര. എന്നാൽ ഈ യാത്ര അവസാനത്തേതാണെന്ന് ആരും കരുതിയില്ല. നാട്ടുകാർക്ക് പ്രിയങ്കരനായ കാർപെന്റർ തൊഴിലാളിയാണ് വാസുദേവൻ. മാതൃകാപരമായിരുന്നു ജീവിതവും.

തന്റെ ജോലിക്ക് ന്യായമായ കൂലിയേക്കാൾ കൂടുതൽ പണം വാങ്ങാതെ സൂക്ഷിച്ചിരുന്ന ജോലിയെ സ്‌നേഹിച്ചിരുന്നയാളാണ് ഇദ്ദേഹം. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടാകും. സമയം നോക്കാതെ ജോലി പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്. എല്ലാവരെയും സഹായിക്കുകയെന്നത് ചിട്ടയായി കാത്തിരുന്നു.

പുലർച്ച ഒറ്റയ്ക്ക് ടയർ മാറുന്ന ഡ്രൈവറുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സഹായഹസ്തം നീട്ടിയത്. ആ കരങ്ങൾ ഇനി കൂടെയില്ലെന്നതിന്റെ വേദനയിലാണ് കുടുംബവും നാട്ടുകാരും അയൽക്കാരുമെല്ലാം.

 

RECENT POSTS
Copyright © . All rights reserved