Latest News

പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് നൂറ്റാണ്ട് പഴക്കമുള്ള പള്ളി തകര്‍ന്നുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കില്‍ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്.

ബുധനാഴ്ച രാവിലെ ആറരയോടെയാണ് പള്ളി തകര്‍ന്നു വീണത്. ഏകദേശം 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നില്‍ക്കുകയാണ്. പമ്പ മണിമല നദികളില്‍നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്.

ലണ്ടൻ: എറണാകുളം പാർലിമെന്ററി മണ്ഡലത്തിൽ നിന്നുള്ള എംപി യും, മുൻ എൻ എസ് യു ഐ പ്രസിഡണ്ടും, സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങളിൽ ശ്രദ്ധേയനുമായ ഹൈബി ഈഡൻ എംപി ക്കു ലണ്ടനിൽ ഐഒസി സ്വീകരണം നൽകി. ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കർമ്മം തഥവസരത്തിൽ ഹൈബി ഈഡൻ നിർവ്വഹിച്ചു. ലണ്ടനിൽ ഹൃസ്യ സന്ദർശനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണൽ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്‌ഘാടനം രമ്യാ ഹരിദാസ് എംപി നിർവ്വഹിക്കുകയും ചെയ്തതിന്റെ തുടർച്ചയായിട്ടാണ് ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡൻ നടത്തിയത്.

‘യുവത്വം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിസ്സംഗതയാണെന്നും,യുവജനങ്ങൾ തങ്ങളുടെ കടമയും, ഉത്തരവാദിത്വവും അവഗണിക്കുമ്പോൾ, സമൂഹവും രാജ്യവും അവരിൽ അർപ്പിക്കുന്ന പ്രതീക്ഷ അസ്തമിക്കുകയും, രാജ്യം അനാസ്ഥതയുടെ പാതയിലേക്ക് നീങ്ങുന്ന അപകടകരമായ സ്ഥിതി വിശേഷം സംജാതമാകുകയും ചെയ്യുമെന്ന്’ ഹൈബി ഈഡൻ ലോഗോ പ്രകാശനം ചെയ്ത ചടങ്ങിൽ ഓർമ്മിപ്പിച്ചു.

ഐഒസി (യു കെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയൽ, മുതിർന്ന നേതാവ് ബേബികുട്ടി ജോർജ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോൺ പീറ്റർ, ജിതിൻ വി തോമസ്, സുബിൻ റോയ്, അർഷാദ് ഇഫ്തിഖാറുദ്ധീൻ, സ്റ്റീഫൻ റോയ് എന്നിവർ സ്വീകരണത്തിലും, ലോഗോ പ്രകാശന വേളയിലും സംബന്ധിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ, 2024 ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക് പ്രധാന ചർച്ചാ വിഷയമായി. യുകെയിൽ ഐഒസി യുടെ നേതൃത്വത്തിൽ പദ്ധതിയിട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെപ്പറ്റി സുജു ഡാനിയേലും, ബേബികുട്ടി ജോർജും ഹൈബി ഈഡൻ എംപിക്ക് വിശദീകരിച്ചു നൽകി.

‘യുവജനങ്ങൾ കുടുതൽ ആവേശത്തോടെ പ്രചരണ രംഗത്തു വരേണ്ടതിന്റെ ആവശ്യകത ഹൈബി ഈഡൻ എംപി ഓർമ്മപ്പെടുത്തുകയും, സെപ്റ്റംബറിൽ ഐഒസി രൂപംകൊടുക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ലോഗോ പ്രകാശനത്തിന് സമയം കണ്ടെത്തി സഹകരിച്ച ഹൈബി ഈഡന് തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.

 

ബർമിംഗ്ഹാം: ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജിലെ പൂർവ്വ വിദ്യാർഥികൾ ഇന്ന് (1/7/2023) ബർമിംഗ്ഹാമിൽ വച്ചു സംഗമം നടത്തി. ഷോയ് കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം പ്രൊ: ലത മുത്തുസ്വാമി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അനുരാധ് സുധാകരൻ സ്വാഗത പ്രസംഗം നടത്തി. പുതു തലമുറയും ലഹരിയും എന്ന വിഷയത്തിൽ ടെസ്സി. സി സ്കറിയ പ്രബന്ധം അവതരിപ്പിച്ചു. ഇന്നത്തെ കൂട്ടായ്മയിൽ അടുത്ത വർഷത്തെ ഓക്സ്‌ഫോർഡ് സംഗമം 2024 ജൂൺ 29/30 തീയതികളിൽ വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. 2023 ഓഗസ്റ്റ് 12 ന് മുവാറ്റുപുഴയിൽ വച്ചു നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ കാര്യ പരിപാടികൾ ചർച്ച ചെയ്തു. കലാലയ ജീവിതത്തിലെ അനുഭവങ്ങൾ എല്ലാവരും വീണ്ടും പങ്കുവച്ചത് വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു വീണ്ടും വരുംവർഷത്തിൽ കാണാം എന്ന ശുഭ പ്രതീക്ഷയിൽ സംഗമം അവസാനിച്ചു.

അമ്മയെയും മുത്തശിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിൽ. മണമ്പൂർ വില്ലേജിൽ വളവൂർക്കോണം കാട്ടിൽ വീട്ടിൽ ബേബിയെയും ഗോമതിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച വിഷ്ണു (31)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. അമ്മയാണ് അനുജൻ്റെ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടു നിന്നതെന്ന് ആരോപിച്ചായിരുന്നു വിഷ്ണു അവരെ ആക്രമിച്ചത്. വീട്ടിൽ കടന്നുകയറി ബേബിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

ബേബിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുന്നതിനിടെ ബേബിയുടെ മാതാവ് ഗോമതി ഇടയ്ക്കു കയറി തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ വിഷ്ണു ഗോമതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് വിഷ്ണു അക്രമം മതിയാക്കിയത്.

നാട്ടുകാരെ കണ്ട് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പരിക്കേറ്റ അമ്മയും മുത്തശിയും ചികിത്സയിലാണ്. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിനിടയിൽ വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതി ഒളിവിലായിരുന്നു.

പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. വളരെക്കാലമായി വിഷ്ണു തൻ്റെ വിവാഹക്കാര്യം വീട്ടിൽ സംസാരിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ ഒരു പെണ്ണിനെ കൊണ്ടു വന്ന് പോറ്റാൻ നിനക്ക് കഴിയില്ലെന്ന് പറഞ്ഞ് കുടുംബക്കാർ വിഷ്ണുവിൻ്റെ ആവശ്യത്തെ നിസാരവത്കരിക്കുകയായിരുന്നു. അതിനിടയിൽ അനുജൻ വിവാഹം കഴിക്കുകയും ആ വിവാഹം വീട്ടുകാർ അംഗീകരിക്കുകയും ചെയ്തതോടെ വിഷ്ണു നിരാശയിലായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇയാൾ അക്രമസക്തനായി വീട്ടിൽ പെരുമാറിയത്.

വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്.

എക്‌സൈസ് വകുപ്പിന്റെ അശ്രദ്ധയില്‍ ചാലക്കുടി സ്വദേശിനിക്ക് നഷ്ടമായത് 72 ദിവസവും ഇതുവരെ പടുത്തുയര്‍ത്തിയ സല്‍പേരും ബിസിനസും. തന്നെ കേസില്‍ കുടുക്കിയതാണെന്നും കെണിയാണെന്നും ഷീല എക്‌സൈസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഷീലയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനും ആ വഴിക്ക് അന്വേഷണം നടത്താനും എക്‌സൈസ് ശ്രമിച്ചില്ല. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്. ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഷീ സ്‌റ്റൈല്‍ എന്ന സ്ഥാപനത്തിലെത്തിയ എക്‌സൈസ് സംഘം ബാഗില്‍ നിന്നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇവരില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നാണ് എക്‌സൈസിന്റെ വാദം. ഇവരുടെ സ്ഥാപനത്തില്‍ എത്തുന്നവര്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് നല്‍കിയിരുന്നതെന്നും എക്‌സൈസ് പറഞ്ഞിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതോടെ എക്‌സൈസിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. തനിക്ക് നഷ്ടപ്പെട്ടതൊക്കെ എങ്ങനെ നികത്തുമെന്നാണ് ഷീല ചോദിക്കുന്നത്.

72 ദിവസമാണ് ഷീലക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിനിടെ മാധ്യമങ്ങള്‍ വാര്‍ത്തയും ചിത്രവും നല്‍കിയതോടെ ഷീല കൂടുതല്‍ പ്രതിസന്ധിയിലായി. ഷീലയുടെ ബാഗില്‍ 12 എല്‍എസ് ഡി സ്റ്റാമ്പുകള്‍ പിടികൂടിയെന്നായിരുന്നു എക്‌സൈസ് അറിയിച്ചത്. ഒന്നിന്ന് 5000 രൂപമുകളില്‍ മാര്‍ക്കറ്റില്‍ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്നും എക്‌സൈസ് അറിയിച്ചു. എക്‌സൈസിന്റെ വാദങ്ങള്‍ പൊളിയുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഷീലയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമായി. കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. തന്നെ കേസില്‍ കുടുക്കാന്‍ കൃത്യമായ പദ്ധതി പ്രകാരമാണ് എല്ലാം നടന്നതെന്നും ഇവര്‍ ആരോപിച്ചു. എക്‌സൈസ് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

വെസ്റ്റ് യോർക് ഷെയറിലെ വെയക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രഥമ ഫുട്ബോൾ മത്സരത്തിന് വിജയകരമായ സമാപനം. ജൂൺ 24-ാം തീയതി ശനിയാഴ്ച ലീഡ്‌സിലെ മികച്ച ഫുട്ബോൾ ഗ്രൗണ്ടുകളിൽ ഒന്നായ വെസ്റ്റ് റൈഡിങ് ഫുട്ബോൾ ക്ലബ്ബിൻറെ മൈതാനത്താണ് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.


പ്രൊഫഷണൽ സമീപനങ്ങൾ കൊണ്ടും, സമയനിഷ്ടത കൊണ്ടും ശ്രദ്ധേയമായ മത്സരത്തിൽ വിവിധ ടീമുകൾ കാൽപന്തുകളിയിൽ വിസ്മയങ്ങൾ തീർത്തു. മുൻ നിശ്ചയപ്രകാരം കൃത്യം പത്തരയോടെ ആരംഭിച്ച മത്സരങ്ങൾ വെയ്ക് ഫീൽഡ് കൗൺസിൽ അംഗമായ സാമൻന്താ ഹാർവെ ഉദ്ഘാടനം ചെയ്തു. കലാശ പോരാട്ടത്തിനായി ഫൈനലിൽ എത്തിയത് ലണ്ടനിൽ നിന്നുള്ള നോർത്തേൺ എഫ്സിയും, ഈസ്റ്റ് ഹാമ് എഫ്സിയുമാണ്. പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട മത്സരത്തിൽ വിജയികളുടെ കപ്പ് ഉയർത്തിയത് നോർത്തേൺ എഫ് സി ആണ് .

സെമിഫൈനൽ വരെ എത്തിയ മറ്റ് ടീമുകൾ ബറീഷ് ബേർസ്റ്റും റോസ് പെറ്റൽസും ആണ് . ഫൈനലിൽ വിജയികളായ നോർത്തേൺ എഫ്സിയ്ക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് പ്രസിഡന്റ് ജിമ്മി ദേവസി കുട്ടി അണിയിച്ചു. ലെഫ് ലൈൻ പ്രോഡക്റ്റിന്റെ ബിസിനസ് ഡെവലപ്മെൻറ് മാനേജർ ദീപു മാത്യു ക്യാഷ് അവാർഡായ 750 പൗണ്ട് കൈമാറിയപ്പോൾ വെയ്ക്ക്ഫീൽഡ് വാരിയേഴ്സ് ഭാരവാഹി സെനോ മാത്യു മെഡൽ അണിയിച്ച് വിജയികളെ ആദരിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ ഈസ്റ്റ് ഹാമ് എഫ് സിക്കുള്ള ട്രോഫി വെയ്ക് ഫീൽഡ് വാരിയേഴ്സ് സെക്രട്ടറി അജിത് സുകുമാരൻ സമ്മാനിച്ചപ്പോൾ , ക്യാഷ് അവാർഡ് ട്രഷറർ രാഘവേന്ദ്രൻ നായർ നൽകി. ജെറിൻ ജെയിംസ് വിജയികളെ മെഡൽ അണിയിച്ച് അനുമോദിച്ചു. മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട നോർത്തേൺ എഫ് സി യുടെ ആഷിക് ആൻറണിക്ക് പി.ആർ.ഒ സജേഷ് കെ .എസ് മെഡൽ സമ്മാനിച്ചു. ഏറ്റവും അധികം ഗോളുകൾ നേടിയ റോസ് പേറ്റേഴ്സിന്റെ ജെഫിൻ ജെസീന്തയ്ക്ക് എ എസ് എം പ്ലമ്പേഴ്സിന്റെ ഉടമ അലക്സ് സെബാസ്റ്റ്യനും മികച്ച കളിക്കാരനുള്ള മെഡൽ സാൻറ്റോ മാത്യുവും സമ്മാനിച്ചു. റഫറികൾക്കുള്ള ഉപഹാരം മിനിമോൾ ജോജിയും ലക്ഷ്മി സജേഷും കൈമാറി.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറി പാര്‍ക്കില്‍ സുഹൃത്തിനൊപ്പമൊത്തിയ പതിനാറുകാരിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂണ്‍ 27ന് വൈകിട്ടാണ് സംഭവം. സുഹൃത്തിനെ വിരട്ടിയോടിച്ച ശേഷമാണ് പീഡനമെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ പീഡനത്തിനു ശേഷം കടന്നുകളഞ്ഞു. പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ സുഹൃത്തിനുമായി തിരച്ചില്‍ നടത്തുകയാണ്.

 

ബിനോയ് എം. ജെ.

ബ്രിട്ടീഷുകാർ ഇന്ത്യക്കാരെകാളും വിദ്യാസമ്പന്നരും, കുലീനരും, കഠിനാദ്ധ്വാനികളും,സംസ്കാരസമ്പന്നരും, അച്ചടക്കം ഉള്ളവരും ആയിരുന്നു. അതുകൊണ്ട് തന്നെയാണല്ലോ അവരിവിടെ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ചതും. എന്നിട്ടും നാമവരോട് ഇന്ത്യ വിട്ടുപോകുവാൻ ശക്തമായി ആവശ്യപ്പെട്ടതിന്റെ പിറകിലത്തെ യുക്തിയും(Logic) സമൂഹശാസ്ത്രവും(Sociology) എന്താണ്? ഉപരിപ്ളവമായി അവർ നമ്മെക്കാൾ മിടുക്കരായി കാണപ്പെട്ടിരുന്നുവെങ്കിലും അവരുടെ മുന്നിൽ ഭാരതീയർ തല കുനിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ അത് നമുക്ക് ദോഷമേ ചെയ്യൂ എന്ന തിരിച്ചറിവാണ് അവർക്കെതിരായി ജീവൻ ത്യജിച്ചും സമരം ചെയ്തതിനും അതിൽ വിജയം വരിച്ചതിനും പിറകിൽ കിടന്ന പ്രചോദനം. അത് ശരിയായിരുന്നുവെന്നതിന് ചരിത്രം തന്നെ സാക്ഷി.

പാശ്ചാത്യർ ഇന്ത്യ വിട്ടുപോയെങ്കിലും അവർ കൊണ്ടുവന്ന സംസ്കാരം ഇനിയും ഇന്ത്യ വിട്ടുപോയിട്ടില്ല. മുൻപ് പറഞ്ഞതുപോലെ ഉപരിപ്ളവമായി നോക്കിയാൽ പാശ്ചാത്യ സംസ്കാരം ആർഷഭാരത സംസ്കാരത്തെക്കാൾ മെച്ചപ്പെട്ടതെന്ന് തോന്നാമെങ്കിലും അത് ശരിക്കും അങ്ങനെയല്ല എന്ന സത്യം നാം നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സമുദ്രം പോലെ അഗാധമായ ആർഷഭാരതസംസ്കാരം എവിടെ നിൽക്കുന്നു പുറമേ മാത്രമുള്ള തൂത്തു മിനുക്കൽ മാത്രമായ പാശ്ചാത്യ സംസ്കാരം എവിടെ കിടക്കുന്നു? ദീർഘകാലാടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ പാശ്ചാത്യ സംസ്കാരം ഭാരതീയരുടെ വളർച്ചയ്ക്ക് വിഘാതവും ഒരു വലിയ തടസ്സവും മാത്രമാണ്. അത് നമുക്ക് ഗുണം ചെയ്യുകയില്ലെന്ന് മാത്രമല്ല വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് ആരോഗ്യവാനായ ഒരാൾ പുകവലിക്കോ മദ്യപാനത്തിനോ അടിമയാകുന്നതുപോലയേ ഉള്ളൂ. താനിപ്പോൾ തെറ്റായ ഒരു പ്രവണതയിലാണെന്നും അത് തന്റെ ക്ഷേമത്തിനും പുരോഗതിക്കും വിഘാതമാണെന്നും മനസ്സിലാക്കുന്ന വ്യക്തി കഠിനപ്രയത്നത്തിലൂടെ അതിൽനിന്നും എങ്ങനെ മോചനം പ്രാപിക്കുന്നുവോ അപ്രകാരം ഭാരതീയർക്ക് വന്ന ഒരപചയം മാത്രമാണ് പാശ്ചാത്യസംസ്കാരത്തോടുള്ള ഈ ഭ്രമമെന്ന് മനസ്സിലാക്കി കഠിനപരിശ്രമത്തിലൂടെ തന്നെ അതിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുമ്പോൾ ഭാരതീയർ പൂർവ്വമഹത്വം വീണ്ടെടുക്കുന്നു.

പാശ്ചാത്യർ പോലും തങ്ങളുടെ സംസ്കാരവും ജീവിതശൈലിയും എവിടേക്ക് പോകുന്നുവെന്ന് എന്നറിയാതെ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ഈ കാലത്ത് അവരിൽ ചുരുക്കം ചിലരെങ്കിലും ഭാരതത്തെയും അതിന്റെ പ്രൗഡഗംഭീരമായ സാംസ്കാരിക പാരമ്പര്യത്തെയും നോക്കി അസൂയപ്പെടുകയും അതിൽ അൽപമെങ്കിലും പഠിച്ചെടുത്ത് അതിൽ അൽപം മിനുക്ക്പണികൾ നടത്തി അതിനെ പാശ്ചാത്യ ലോകത്ത് അവതരിപ്പിച്ച് വലിയ കയ്യടി നേടുന്നത് നാം കാണുന്ന കാഴ്ചയാണ്. പാശ്ചാത്യരുടെ ഈ പ്രവണതയെ വിശേഷിപ്പിക്കുവാനും വിശദീകരണം കൊടുക്കുവാനും U – Turn Theory എന്ന ഒരു സിദ്ധാന്തം തന്നെ ഉണ്ടായി വരുന്നു. ഇപ്രകാരം പാശ്ചാത്യർ പോലും ഭാരതീയരിൽ നിന്നും പഠിക്കുവാൻ ശ്രമിക്കുമ്പോൾ നാം എന്തിനു വേണ്ടിയാണ് പാശ്ചാത്യരുടെ പിറകേ ഓടുന്നത്? അതോ സായിപ്പ് പറഞ്ഞാൽ മാത്രമേ നാം എന്തെങ്കിലും സ്വീകരിക്കൂ എന്ന് വാശി പിടിക്കുന്നത് എന്തിന്?

ആധുനിക ഭാരതീയർ അജ്ഞൻമാരും അപകർഷതയുള്ളവരുമാണ്. അപകർഷതയാവട്ടെ സ്വന്തം മഹത്വത്തെയും ശ്രേഷ്ഠതയെയും അംഗീകരിക്കവാൻ ആകാതെ അതിനെ അടിച്ചമർത്തുന്നവരിലാണ് കണ്ടുവരുന്നത്. ഭാരതീയരെപോലെ അപകർഷതയുള്ള ഒരു സമൂഹം ലോകത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തം മഹത്വത്തെ അറിയുകയും അംഗീകരിക്കുകയും അതിനെ പിന്തുടരുകയും മാത്രമാണ് അപകർഷതയ്ക്കുള്ള പരിഹാരം. അപകർഷത ബാധിച്ച ഒരു ജനവിഭാഗത്തിന് തങ്ങളുടേതായ വലിയ നേട്ടങ്ങൾ ഒന്നും കൈവരിക്കുവാനാകില്ല എന്ന് സ്പഷ്ടം. അതിനാൽ തന്നെ സ്വന്തം അപകർഷതയെ ജയിക്കുക എന്നതാണ് ഭാരതത്തിനു മുൻപിലുള്ള ഏറ്റവും വലിയ കടമ്പ. അതിനുള്ള മാർഗ്ഗമാവട്ടെ സ്വന്തം പാരമ്പര്യത്തിൽ ഊറ്റം കൊള്ളുക എന്നതും. എന്തുകൊണ്ട് ഭാരതീയർ ഈ കാര്യത്തിൽ പരാജയപ്പടുന്നു? ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ സംസ്കാരം ആർഷഭാരത സംസ്കാരം തന്നെ. ആധുനിക പാശ്ചാത്യ സംസ്കാരം പോലും ഇവിടെനിന്ന് പോയതാണെന്ന് വാദിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ലോകം ഭരിക്കുവാനുള്ള അർഹതയും അവകാശവും ഭാരതീയർക്ക് തന്നെ എന്ന് പുതിയ തലമുറ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പാശ്ചാത്യർ നമ്മെ അനുകരിക്കുവാൻ ശ്രമിക്കുമ്പോൾ നാമവരെ മറിച്ച് അനുകരിക്കുന്നത് എന്തുകൊണ്ടാണ്? നാം കഥയറിയാതെ ആട്ടം കാണുകയാണോ? ലോകം മുഴുവൻ ആന്തരിക ലോകത്തിലേക്ക് തിരിയുവാൻ വെമ്പൽ കൊള്ളുന്ന ഈ കാലത്ത് അങ്ങനെയൊരു സംസ്കാരത്തിന്റെ ചരിത്രം പേറുന്ന നാം എന്തിന്തുകൊണ്ട് അതിന് മടിച്ചുനിൽക്കുന്നു. അനുകരണം അവസാനിക്കുന്നിടത്ത് ആത്മബഹുമാനം ഉദിക്കുന്നു. വാസ്തവത്തിൽ അനുകരണം തന്നെയല്ലേ നമ്മുടെ പ്രശ്നം? പാശ്ചാത്യ സംസ്കാരത്തിന് നേരെ വിരൽ ചൂണ്ടി “ഇന്ത്യ വിട്ടുപോകുവിൻ(Quit India)” എന്ന് പറയുന്ന ആധുനിക ഭാരതീയനെയാണ് ഇന്ന് നമുക്ക് വേണ്ടത്.

അതെ! ആർഷഭാരതസംസ്കാരം ഒരേസമയം പൗരാണികവും ആധുനികവും ആണ്! അത് അത്യന്തം പഴക്കമുള്ളത് ആയതിനാൽ പൗരാണികവും, ആധുനിക ലോകം അതിലേക്ക് വരുവാൻ വെമ്പൽ കൊള്ളുന്നതിനാൽ ആധുനികവും ആണ്. വേദങ്ങൾക്ക് ആദിയും അന്തവും ഇല്ലെന്നാണ് പറയുന്നത്. ഒരേ സത്യം പലകാലങ്ങളിൽ പല രീതികളിൽ ആവിഷ്കരിക്കപ്പെടുന്നു. അകക്കാമ്പിൽ അത് ഒന്നുതന്നെ. ആപേക്ഷികമായ ബാഹ്യാവിഷ്കാരത്തിൽ മാത്രം വ്യത്യാസങ്ങൾ കാണുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഫേക്ക് ഫേക്ക് ഫേക്ക് …എവിടെ നോക്കിയാലും ഫേക്ക് …
കളർ അടിച്ച മുടി …
ഒട്ടിച്ചു വച്ച കൺ പീലികൾ ….
ടാറ്റു അടിച്ച പിരികങ്ങൾ , ശരീരങ്ങൾ …. മരുന്നുകൾ കുത്തിനിറച്ചു വീർപ്പിച്ച ചുണ്ടുകൾ …പ്ലാസ്റ്റിക് കുത്തിനിറച്ച ശരീര ഭാഗങ്ങൾ …ഫിൽറ്റർ ഇട്ട ഫോട്ടോകൾ …. പെയിന്റടിച്ച മുഖങ്ങൾ …സ്നേഹം നിറച്ചഭിനയിക്കുന്ന ബന്ധങ്ങൾ , ഫേക്ക് ആയ ചിന്തകൾ പടുത്തുയർത്തുന്ന ഫേക്ക് കെട്ടിടസമുച്ഛയങ്ങൾ , ഫേക്ക് ചികിത്സകൾ…ലഹരികളിലുയരുന്ന ഫെയ്ക്കായ സന്തോഷങ്ങൾ അങ്ങനെ ആകെമൊത്തം ഫേക്ക് ആയി മാറിയിരിക്കുന്നു നമ്മുടെ ലോകം …

മരുന്ന് കുത്തിവച്ച ഇറച്ചിമുതൽ ,മരുന്നടിച്ചതും , ലാബിൽ വളർത്തി പാക്കറ്റിലാക്കിയതുമായ ഫേക്ക് ഫുഡടിച്ചു ഫുഡടിച്ചു മത്തുപിടിച്ച നമ്മളിന്ന് ആകെമൊത്തം മുഴുവൻ ഫേക്ക് ആയി മാറിയിരിക്കുന്നു ….

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ സ്വഭാവഗതികൾ മാറ്റാനുള്ള കഴിവുണ്ട് എന്ന് ഞാൻ ആണയിട്ടു പറഞ്ഞപ്പോൾ പുച്ഛിച്ചു തള്ളിയവർ അറിയണം . വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മൾ കഴിക്കുന്ന ഭക്ഷണം അതെന്തുമായികൊള്ളട്ടെ , അത് നമ്മുടെ ഉള്ളിൽ കടന്നു കഴിയുമ്പോൾ അത് നമ്മുടെ ശരീരത്തിന്റെ ഭാഗമായി മാറി അത് നമ്മളാകുന്നു . അതുകൊണ്ടാണ് അത്ലറ്റ്സിന് ഇന്ന ഭക്ഷണം, രോഗിക്ക് ഇന്ന ഭക്ഷണം , മോഡലുകൾക്ക് ഇന്ന ഭക്ഷണം എന്ന് നിശ്ചയിച്ചിരിക്കുന്നത് .

ഇതൊക്കെ ഇവിടെ പറയാൻ കാരണം , ഈ ലോകത്തെന്തു നടന്നാലും അതിനി വസ്ത്രമായിക്കൊള്ളട്ടെ , ബിക്കിനി ആയിക്കൊള്ളട്ടെ , ലിവിങ് ടുഗതർ ആയിക്കൊള്ളട്ടെ …എല്ലാം കറങ്ങി തിരിഞ്ഞു അവസാനം വന്നവസാനിക്കുന്നത് നമ്മുടെ നാട്ടിൽ ആയതിനാൽ നമ്മൾ വളരെയധികം ഭയപ്പെടേണ്ടിയിരിക്കുന്നു . പ്രകൃതിയെന്ന ദൈവം മനുഷ്യന് ആസ്വദിച്ചു ഉല്ലസിച്ചു ജീവിക്കാൻ തന്ന പത്തറുപത് വർഷങ്ങൾ നമ്മൾ സ്വാതന്ത്രത്തിലേക്കും സമ്പത്തു നേടുന്നതിലേക്കും മാത്രമായി ഒരുക്കി കളയുന്നു.

ഒന്ന് നോക്കിയാൽ പെണ്ണ് വിവാഹമേ വേണ്ട എന്ന് തീരുമാനിക്കുന്നതിൽ കാര്യങ്ങൾ ഇല്ലാതില്ല . കാരണം പെണ്ണിനെ ഏതൊക്കെ രീതിയിൽ മൂല്യച്യുതി ചെയ്യാമോ അങ്ങനെയെല്ലം ചെയ്ത്‌ അറമാതിച്ചാനന്ദിച്ചവരാണ് നമ്മുടെ ആൺ സമൂഹം . ഇന്നും അതിനൊരു കുറവും തെറ്റിയിട്ടില്ല , സ്വന്തം വീട്ടിൽനിന്നും കരുതൽ തേടി വന്നവളെ തലതമ്മിൽ കൂട്ടിയടിപ്പിച്ചു കരയിച്ചു വീട്ടിൽ കയറ്റുന്ന ആചാരം ഇന്നലെയും നടന്നു . മക്കൾക്കായി മാത്രം വിവാഹബന്ധം തുടർന്ന് തല്ലോടലുകൾ ഏറ്റുവാങ്ങുന്ന മാതാപിതാക്കളും മക്കൾക്ക് നൽകുന്ന പാഠങ്ങൾ അത്ര നല്ലതൊന്നുമല്ല . ഇത് കണ്ടു വളരുന്ന മക്കളും പെണ്ണിനെ ശകാരിച്ചു അടക്കിനിർത്തുന്നതാണ് ശരിയെന്ന് കരുതി നാളെ ഇത് തന്നെ ആവർത്തിക്കുന്നു .

എന്നിരുന്നാലും ഈ കൊട്ടിഘോഷിക്കുന്ന അവിവാഹിത ജീവിതം നമ്മളിൽ പലരും കയ്യടിച്ചു പ്രോൽത്സാഹിപ്പിക്കുമ്പോൾ നമ്മൾ മറന്നു പോകുന്ന ചില മാനുഷീക മൂല്യങ്ങൾ ഉണ്ട് . ഇതിൽ പെണ്ണിനെ മാനിക്കാത്ത ഒരു സുഹൃത്തായി കണ്ടു കൂടെനിൽക്കാത്ത ആണുങ്ങളും….
അതുപോലെ തന്നെ ആണിനെ മാനിക്കാത്ത , എന്റെ ജോലി , എന്റെ പദവി, എന്റെ ശരീരം എന്ന് മാത്രം ചിന്തിച്ചു മക്കളെ പ്രസവിക്കാനും പാലൂട്ടിവളർത്താനും , ജോലിയെ ബാധിക്കുന്ന ബന്ധനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും ആഗ്രഹിക്കുന്ന സ്ത്രീകളും നമ്മൾ അറിയാതെ നമ്മുടെ ഭാവിയിലേക്കായി വരുത്തി വെക്കുന്ന വിനകൾ ധാരാളമുണ്ട്.

കാരണം മേൽ പറഞ്ഞത് പോലെ ഇനി വരാനിരിക്കുന്നത് ഫേക്ക് കുഞ്ഞുങ്ങളാണ്, കല്യാണം കഴിക്കാത്തവർക്കും, മക്കളെ പ്രസവിക്കാനും പാലൂട്ടി വളർത്താനും , ഭക്ഷണം കൊടുത്തു പരിപാലിക്കാനും നേരമില്ലാത്ത പെണ്ണിനും , പെണ്ണിനെ കിട്ടാത്ത ആണിനുമായി ഇന്റലിജന്റ് ടെക്നോളജി വളർത്തിയെടുക്കുന്ന ഒട്ടനേകം ഫേക്ക് കുഞ്ഞുങ്ങൾ വിവിധ ലാബുകളിൽ വിരിയാൻ നമ്മുടെ ഓർഡർ കാത്തുകിടക്കുന്നുണ്ട് .

റിയാലിറ്റി ഇഷ്ടപ്പെടാത്ത ഫാന്റസിയിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന നമ്മളിനി ഓരോരുത്തരും കുഞ്ഞുങ്ങളെ അവനവനു ഇഷ്ടമുള്ള സ്വഭാവത്തിൽ, ഇഷ്ടമുള്ള രൂപത്തിൽ, ഇഷ്ടമുള്ള സ്വഭാവത്തിൽ നിർമ്മിക്കും. ഇങ്ങനെ നിർമ്മിക്കുന്ന എല്ലാവരും നമ്മളിലെപോലെ ഈശ്വര ചിന്തയും നന്മയും നല്ലതും മാത്രം ചിന്തിക്കുന്നവരായിരിക്കില്ല . ലാബുകളിൽ വളരുന്ന കുഞ്ഞുങ്ങളിൽ പരസ്പരം പോരാടി വിജയിക്കാനുള്ള പലതരം വിഷം കയറ്റി വിടുന്നതിലൂടെ , ഏറ്റവും ഭീകരമാം വിധം മനുഷ്യവംശത്തെ നശിപ്പിക്കാൻ ഉഗ്ര ശേഷിയുള്ള മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ഫേക്ക് കുഞ്ഞുങ്ങൾ ഇനി ഭാവിയിൽ ഓരോ ലാബുകളിലും നമുക്കായി വിരിയും, നമുക്കായി അവർ പരസ്പരം പൊരുതും മനുഷ്യകുലം നശിക്കും ….

അതിനാൽ ഇന്ന് എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും ഉള്ള നമ്മൾക്ക് പരസ്പരം മേധാവിത്വമോ, പകയോ, വാശിയോ, സമ്പത്ത് നേടാനുള്ള ഓട്ടമോ ആവശ്യമില്ല . നമ്മുടെ പച്ചയായ മനുഷ്യ ചോരയും നീരുമുള്ള കുഞ്ഞുങ്ങൾ നാളെ ജനിക്കണമെങ്കിൽ, അപ്പന്റയും അമ്മയുടെയും കരുതലിൽ ഒന്നിച്ചു വളർന്നു ജീവിക്കുന്ന ഒരു സമൂഹം നമുക്കുണ്ടാകണമെങ്കിൽ നമുക്കിനി അധികം സമയമില്ല ….സ്നേഹിച്ചും സഹകരിച്ചും ജീവിതം ആസ്വദിക്കുക ….

മനുഷ്യ കാൽപ്പാടുകൾ ഇല്ലാതെ വരുന്ന ആ നാരകീയമായ ലോകം വിദൂരമല്ല….

 

സ്റ്റീവനേജ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആലത്തൂർ എംപിയും, സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-കലാ രംഗങ്ങളിലെ യുവ പ്രതിഭയുമായ രമ്യാ ഹാരിദാസ് എംപി ക്ക് സെന്റ് നിക്കോളാസ് ഹാളിൽ വെച്ച് ഉജ്ജ്വല സ്വീകരണം നൽകി. സ്റ്റീവനേജിൽ എത്തിച്ചേർന്ന രമ്യാ ഹരിദാസ് എംപി യെ സ്വീകരണ വേദിയുടെ കവാടത്തിൽ വെച്ച് പ്രാഗ്രാം കൺവീനർ മനോജ് ജോൺ ബൊക്കെ നൽകിക്കൊണ്ട് സ്വീകരിച്ചു.

മണിപ്പൂരിൽ ബിജെപി ഭരണ കക്ഷിയുടെ ഒത്താശയോടെ നടത്തുന്ന കലാപങ്ങളിലും, വംശീയ നരഹത്യകളിലും ദുരിതമനുഭവിക്കുന്നവരെ സ്മരിച്ചുകൊണ്ടും, സമാധാനം വീണ്ടെടുക്കുന്നതിനുമായി മൗന പ്രാർത്ഥനയോടെ ആരംഭിച്ച സ്വീകരണ യോഗത്തിലേക്ക് ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്ത ജോയി ഇരിമ്പൻ രമ്യാ ഹരിദാസ് എംപി യെ വേദിക്കു പരിചയപ്പെടുത്തുകയും ചെയ്തു.

ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ പാളയം പ്രദീപ്, സോജി കുരിക്കാട്ടുകുന്നേൽ,സാബു ഡാനിയേൽ, ആദർശ് പീതാംബരൻ, ജിമ്മി പുല്ലോളിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

‘ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിമ്പോസിയത്തിനു രമ്യാ ഹരിദാസ് എംപി നേതൃത്വം നൽകി.

മാതൃ രാഷ്ട്രത്തിന്റെ മനോഹാരിതയും ഒത്തൊരുമയും മഴവില്ലിന് സമാനമാണെന്നും,വ്യത്യസ്തമായ വർണ്ണങ്ങൾ ചേർത്തു നിർത്തുന്ന ആ വർണ്ണ വിന്യാസമാണ് മഴവില്ലിന്റെ മനോഹാരിത എന്നും, വൈവിദ്ധ്യങ്ങളായ മത-സാമുദായിക-ഭാഷ-ഭക്ഷണ-വേഷ സംസ്കാരങ്ങൾ ചേർത്തു നയിക്കുന്നതിലാണ് ഭാരതം അതിന്റെ സമ്പന്നമായ സംസ്ക്കാരവും സ്നേഹവും കെട്ടുറപ്പും ഉറപ്പാക്കുവാൻ കഴിയുകഎന്നും പറഞ്ഞു. അത്തരം ഒരുമയുടെയുടെയും, വികസനത്തിന്റെയും പാതയിൽ കുതിച്ചുയരുവാനും, ഇന്ന് മറ്റു രാജ്യങ്ങൾക്കു മുമ്പിൽ ശിരസ്സുയർത്തി നിൽക്കുവാനും കഴിയുന്നത് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണെന്നും രമ്യ പറഞ്ഞു. രമ്യാ ഹരിദാസ് പ്രസംഗങ്ങൾക്കിടയിൽ നടത്തിയ തന്റെ അനുഗ്രഹീതവും സ്വതസിദ്ധവുമായ ശ്രവണസുന്ദര ഗാനാലാപനത്താൽ വേദി കീഴടക്കി.

സുജു ഡാനിയേൽ നടത്തിയ പ്രസംഗത്തിൽ ‘വർഗ്ഗീയ ധ്രുവീകരണവും,സംഘ പരിവാർ നടത്തുന്ന കലാപങ്ങളും, പൊതു മുതൽ സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തിച്ചു നൽകുന്ന ബിജെപി ഭരണവും, രാജ്യത്തെ നശിപ്പിക്കുമ്പോൾ അതിനെതിരെ പൊരുതുവാനും, ജനങ്ങളെ ഏകോപിച്ചു നയിക്കുവാനും കഴിയുന്ന ഏക രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ അനിവാര്യതയും പ്രസക്തിയുമാണ് ഭാരത ജോഡോ യാത്രയിലും രാജ്യത്തടുത്തടുത്തു നടന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചതെന്നും പറഞ്ഞു.

തുടർന്ന് നടന്ന ചർച്ചകളിൽ സജൻ സെബാസ്റ്റ്യൻ, മെർലി ബാബു, റെജി എബ്രഹാം, സുബിൻ, അനൂപ്, അജി തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു രമ്യാ ഹരിദാസ് എംപി മറുപടി നൽകി.

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ പിണറായി സർക്കാർ കള്ളക്കേസ്സെടുത്തു അറസ്റ്റു ചെയ്തതിൽ ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ പ്രതിഷേധം അറിയിക്കുകയും സുധാകരന് ഐക്യദാർഢ്യം വാഗ്ദാനം ചെയ്തും സംസാരിച്ച അപ്പച്ചൻ കണ്ണഞ്ചിറ നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.

രമ്യ ഹരിദാസിനുള്ള സ്നേഹോപഹാരം മനോജ് ജോൺ സമ്മാനിച്ചു. സാംസൺ ജോസഫ്, മെൽവിൻ അഗസ്റ്റിൻ, തങ്കച്ചൻ ഫിലിപ്പ്, അജിമോൻ സെബാസ്റ്റ്യൻ, ഷിജി കുര്യാക്കോട്, ജിനേഷ് ജോർജ്ജ്, റോയീസ് ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി. സ്നേഹ വിരുന്നിനു ശേഷം പരിപാടികൾ സമാപിച്ചു.

Copyright © . All rights reserved