Latest News

തിങ്കൾക്കാടിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശി മിൻഹാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങവെ പുലർച്ചെ 1.15-ഓടെയാണ് അപകടം നടന്നത്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 41 യാത്രിക്കാർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്താനായത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയിൽപ്പെട്ടാണ് മിൻഹാജ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.

മലയാളത്തിലെ പ്രമുഖ നിർമ്മാതാവും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ ആന്റണി പെരുമ്പാവറിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് നടത്തിയ അഭിപ്രായ പ്രകടനം അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് തുറന്നടിച്ചത്.

50 വയസ്സ് കഴിഞ്ഞാൽ പിന്നീട് ലഭിക്കുന്ന ഓരോ സമയവും ബോണസ് ആയിട്ടാണ് താൻ കണക്കാക്കുന്നത്. ആണായിട്ട് തന്നെ ജീവിക്കണം. അതല്ലാതെ ആണും പെണ്ണും കെട്ട് നട്ടെല്ലില്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം എന്ന് അദ്ദേഹം ചോദിക്കുന്നു. താൻ പിന്തുടരുന്ന പോളിസി അതാണ്. താന്‍ പറയുന്നത് തന്റെ മാത്രം ശരികളാണ്. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും പറയാം. എന്നാല്‍ ശത്രുക്കൾ പോലും അങ്ങനെ പറയില്ല. അതുകൊണ്ട് ഒരുത്തനെയും പേടിയില്ല. ആന്റണി പെരുമ്പാവൂരിന്റെ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. തന്റെ മകൻ എംബിഎകാരനാണ്. അവനോട് പറഞ്ഞത് എംബീ എ വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ടു പഠിച്ചാൽ മതിയെന്നാണ്.

ആന്റണി മോഹൻലാലിനെ വിറ്റ് ജീവിക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. വിഗ്ഗും വച്ച് റോസ് പൗഡർ ഇട്ട് നടക്കുന്ന ഒരുത്തനെയും ബഹുമാനിക്കുന്ന വ്യക്തിയല്ല താന്‍. കമൽ എല്ലാ കൊള്ളരുതായിമയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അയാളെ ചെയർമാൻ ആക്കരുതെന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് കത്തയച്ചത്. പക്ഷേ അതൊന്നും ആരും കേട്ടില്ല, അഞ്ചുവർഷം അയാൾ ആ സ്ഥാനത്തിരുന്നു.

മുൻപൊരിക്കലും ആന്‍റണി പെരുംബാവൂരിനെ രൂക്ഷമായ ഭാഷയില്‍ ശാന്തിവിള ദിനേശ് വിമര്‍ശിച്ചിരുന്നു. മോഹൻലാലിന്റെ കരിയറിൽ തകർച്ച ഉണ്ടാവാൻ കാരണം ആന്റണി ആണെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അടുത്തിടെ ഇറങ്ങിയ മോഹൻലാലിന്റെ ചിത്രങ്ങൾ എല്ലാം തകരാനുള്ള കാരണം ആന്റണി ആണ്. മമ്മൂട്ടി മോഹന്‍ലാലിനെക്കാള്‍ ഭേദമാണെന്നും ദിനേശ് ചൂണ്ടിക്കാട്ടിയിരുന്നു.

പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ തലവടി തണ്ണീർ മുക്കത്ത് വെച്ച് പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.

ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്.

ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. അരൂപ് ഡെ ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്. ഇവര്‍ വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടില്‍ ആണ് താമസിച്ചിരുന്നത്.

സുഹൃത്തുക്കളോടൊപ്പം റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്. യുവാവ് തിരയില്‍പ്പെട്ടത് സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും കാണുന്നുണ്ടായിരുന്നു.

ഇവര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരൂപ് ഡെ ആസ്മാ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

2022 വിടപറയാൻ ഇനി മണിക്കൂറുകൾ മാത്രം. പുത്തൻ പ്രതീക്ഷകളുമായി 2023 നമ്മുടെ വാതിൽപ്പടിയിൽ എത്തി നിൽക്കുകയാണ്. ഒരു പുതിയ വർഷത്തിന്റെ ആരംഭം പഴയ കാര്യങ്ങളും പഴയ ആശങ്കകളും ഉപേക്ഷിച്ച് ജീവിതത്തിന്റെ പുതിയ അധ്യായം മാറ്റാനുള്ള സമയമാണ്.

2022 അവസാനിക്കാനിരിക്കെ പുതിയ അധ്യായത്തിന്റെ തുടക്കം ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. എന്നാൽ ഇപ്പോഴിതാ, പുതിയ വർഷത്തെ വരവേൽക്കുമ്പോൾ കൊവിഡ് നമ്മുക്ക് ചുറ്റും പോകാതെ എല്ലായിടത്തും തങ്ങി നിൽക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷത്തെ പുതുവത്സരാഘോഷം എല്ലാം കൊവിഡ് കൊണ്ടുപോയെങ്കിലും ഇത്തവണ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ ഒത്തുകൂടാന്‍ ഒരുങ്ങുകയാണ് എല്ലാവരും.

എന്നാല്‍ ആഘോഷം അതിരുവിടാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് സര്‍ക്കാര്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലഹരി പാര്‍ട്ടികള്‍ അടക്കം തടയാന്‍ പൊലീസിന്റെസും എക്‌സൈസിന്റെയും കണ്ണും കാതും സജ്ജമാണ്. കൂടാതെ ക്രിസ്തുമസ് ആശംസകളുമായി ഗവര്‍ണര്‍ അടക്കമുള്ളവരും രംഗത്തെത്തി.

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നവവത്സരാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവര്‍ക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുന്ന വര്‍ഷമാവട്ടെ 2023 എന്ന് ഞാന്‍ ആശംസിക്കുന്നു”- ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

ഏകദേശം നാലായിരം വർഷങ്ങൾക്ക് മുമ്പ്, പുരാതന മെസൊപ്പൊട്ടേമിയയിലെ ബാബിലോൺ നഗരത്തിലാണ് ആദ്യമായി പുതുവർഷം ആഘോഷിച്ചതെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും, ജനുവരി ഒന്നിന് ലോകമെമ്പാടുമുള്ള ആളുകൾ ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭം ആഘോഷിക്കാൻ ഒത്തുചേരുന്നു. ആശംസകൾ കൈമാറിയും വിരുന്നുകൾ നടത്തിയും സന്തോഷപൂർണമായ ആഘോഷത്തോടെ പുതുവർഷം ആരംഭിക്കുന്നു.

എല്ലായിടത്തും ആളുകൾ ഡിസംബർ 31-ന് വൈകുന്നേരം ആഘോഷങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. 2023-ലേക്കുള്ള കൗണ്ട്ഡൗൺ രാത്രി 11:59ന് ലോകമെമ്പാടും ഒരേസമയം ആരംഭിക്കുമെങ്കിലും, എല്ലാവരും ഒരേ സമയം പുതുവത്സരം ആഘോഷിക്കില്ല. ഏതൊക്കെ രാജ്യങ്ങളാണ് പുതുവർഷം ആദ്യവും അവസാനവും ആഘോഷിക്കുന്നതെന്ന് നോക്കാം.

പുതുവർഷം കാണുന്ന ഭൂമിയിലെ ആദ്യത്തെ വ്യക്തികളിൽ ഒരാളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഓഷ്യാനിയയിലായിരിക്കണം. പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, കിരിബാത്തി, സമോവ എന്നിവയും പുതിയ കലണ്ടർ വർഷം ആദ്യം ആഘോഷിക്കുന്നു. ഇവിടെ, ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അനുസരിച്ച് ഡിസംബർ 31-ന് രാവിലെ പത്തിന് അല്ലെങ്കിൽ 3.30ന് പുതിയ വർഷം ആരംഭിക്കുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സിന് സമീപമുള്ള വിജനമായ രണ്ട് ദ്വീപുകളായ ബേക്കർ ഐലൻഡും ഹൗലൻഡും പുതുവർഷം അവസാനം എത്തുന്ന പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളിൽ ജനുവരി ഒന്നിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12ന് അല്ലെങ്കിൽ ഇന്ത്യൻ സമയം വൈകുന്നേരം 5:30ന് ആണ് പുതുവർഷം ആരംഭിക്കുന്നത്. ഏകദേശം 25 മണിക്കൂറിനുള്ളിൽ, ലോകമെമ്പാടുമുള്ള ആളുകൾ പുതുവർഷം ആഘോഷിക്കും.

യൂറോ ക്ലബുകൾ കൈ ഒഴിഞ്ഞതോടെ കരിയർ സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർന്ന തുകയ്ക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിൽ.

ഇതുസംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.

അൽ നസർ ക്ലബ്ബിന്റെ മഞ്ഞയും നീലയും കലര്‍ന്ന ജഴ്സി പിടിച്ച് നില്‍ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ക്ലബ് പുറത്തുവിട്ടു. ഏഴാം നമ്പറില്‍ത്തന്നെയാണ് താരം സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക.

ക്ലബ്ബില്‍ ഫോര്‍വേഡായിത്തന്നെയാണ് താരം കളിക്കുന്നത്. 2025 വരെ നീളുന്ന, രണ്ടര വര്‍ഷത്തെ കരാറായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബുമായുണ്ടാവുക.

ക്ലബ്ബിന്റെ വിജയം മാത്രം പ്രതീക്ഷിച്ചല്ല താരത്തെ കൊണ്ടുവരുന്നതെന്നും ക്രിസ്റ്റ്യാനോ വഴി തങ്ങളുടെ ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെത്തന്നെയും ഒന്നടങ്കം പ്രചോദിപ്പിക്കുക എന്ന വലിയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കരാറാണിതെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു. എട്ട് ലക്ഷത്തിൽ നിന്നും ക്ളബിൻ്റെ സോഷ്യൽ മീഡിയ ലൈക്ക് 40 ലക്ഷ്ത്തിലേക്ക് എത്തിയതും ഇതിനിടെ ശ്രദ്ധേയമായി.

വില്ലനും കോമേഡിയനുമായ നടന്‍ ബാബുരാജിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതതമാണ്. എന്നാല്‍ നടന്റെ ആദ്യ വിവാഹത്തെ കുറിച്ച് കൂടുതല്‍ കഥകളൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാമെങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുള്ള ആളാണ് നടന്‍ ബാബുരാജ്. ഈ ബന്ധത്തിലെ മകന്‍ അബയിയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. വിവാഹ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ആരാധകരും അറിയുന്നത്.

നടന്‍ ബാബുരാജ് രണ്ട് തവണ വിവാഹിതനാണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടനെവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിലുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് നടന്‍ ആദ്യം വിവാഹം കഴിക്കുന്നത്.

ഇതില്‍ അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ജനിച്ചു. മൂത്തമകന്‍ അഭയിയുടെ വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്. വിവാഹത്തിന്റെ ചടങ്ങുകളിലേക്ക് യാതൊരു മടിയുമില്ലാതെ ബാബുരാജും എത്തിയിരിക്കുകയാണ്.

കുടുംബസമേതം മകന്റെ വിവാഹനിശ്ചയത്തില്‍ സന്തോഷത്തോടെ പങ്കെടുത്തിരിക്കുകയാണ് നടന്‍ ബാബുരാജ്. കാറില്‍ നിന്നുമിറങ്ങിയ വരനും വധുവിനുമൊപ്പം വേദിയിലേക്ക് വന്ന നടന്‍ ഭാര്യയുടെയും മക്കളുടെയും കൂടെ വേദിയില്‍ നില്‍ക്കുന്നതടക്കം പുറത്ത് വന്ന വീഡിയോയില്‍ എല്ലാം വ്യക്തമായി കാണുന്നുണ്ട്. മാത്രമല്ല ആദ്യഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ താരം പൂര്‍ത്തിയാക്കിയതും.

വധുവരന്മാരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതിന് ശേഷമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മെഴുകുതിരി കത്തിച്ചും കേക്ക് മുറിച്ച് മക്കള്‍ക്ക് നല്‍കിയുമൊക്കെ വിവാഹനിശ്ചയത്തിന്റെ ചടങ്ങുകള്‍ ലളിതമായി നടത്തി. എല്ലാത്തിനും മുന്നില്‍ നിന്ന് കൊണ്ട് ചെയ്യുന്ന ബാബുരാജിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനം ലഭിക്കുകയാണ്. അതേ സമയം വാണി വിശ്വാനാഥിന്റെ അസാന്നിധ്യവും ചര്‍ച്ചയാവുകയാണ്.

മകന്റെ വിവാഹനിശ്ചയത്തിലേക്ക് ബാബുരാജ് ഒറ്റയ്ക്കാണ് എത്തിയത്. ഇതോടെ വാണി എവിടെ എന്ന ചോദ്യം ഉയർന്നു. മാത്രമല്ല ബാബുരാജ് നേരത്തെ വിവാഹിതനാണെന്നും വാണി രണ്ടാം ഭാര്യയാണെന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം മനസിലായത് എന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് വരുന്നത്.

രണ്ടാം ഭാര്യയും നടിയുമായ വാണി വിശ്വനാഥോ അവരുടെ ബന്ധത്തിലുള്ള മക്കളോ ഒന്നും ചടങ്ങിലേക്ക് എത്തിയിരുന്നില്ല. എന്നിരുന്നാലും വാണിയെയും അഭിനന്ദിക്കുകയാണ് ആരാധകര്‍. വാണി നല്ല ഭാര്യ ആയത കൊണ്ടാണ് ഈ മക്കളുടെ അച്ഛനെ അവരുടെ ആവശ്യങ്ങളിലേക്ക് വിട്ടതെന്നാണ് ഒരാള്‍ വീഡിയോയുടെ താഴെയുള്ള കമന്റില്‍ പറഞ്ഞിരിക്കുന്നത്.

ബാബുരാജ് നല്ലൊരു അച്ഛന്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിച്ചെങ്കിലും ആദ്യഭാര്യയുടെയും മക്കളുടെയും കൂടെ എല്ലാ കാര്യത്തിനും നിന്നല്ലോ. അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്,

ബാബു രാജിന്റെ ആദ്യ വിവാഹത്തില്‍ ഉള്ള മകന്‍ അല്ലേ? രണ്ടാം ഭാര്യ വന്നില്ലേ പാവം മക്കളും ഭാര്യയും.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. എന്തായാലും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന താരപുത്രന് എല്ലാവിധ ആശംകളുമായി എത്തുകയാണ് ആരാധകര്‍.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ആറ് മാസത്തോളം ഗ്രൗണ്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നേക്കും. ഇതോടെ ഐപിഎല്‍ സീസണും, ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാവും. രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാല്‍മുട്ടിലെ എല്ലുകള്‍ക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും. കാല്‍മുട്ടിലെ പരിക്ക് ഭേദമാവാന്‍ മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍മുട്ടിലെ എല്ലുകള്‍ക്ക് ഏറ്റ ക്ഷതം ഗുരുതരമാണെങ്കിൽ തിരികെ വരാന്‍ വീണ്ടും സമയമെടുക്കും.

ഫെബ്രുവരി 9നാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തില്‍ പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ നിര്‍ണയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് പന്ത്. പന്തിന് ഐപിഎല്‍ സീസണ്‍ നഷ്ടമാകുന്നതോടെ ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിയും വരും.

അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. അപകടത്തിൽ തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റു. താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.  ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. താരം അപകടനില തരണം ചെയ്തതായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.

 

പ്രളയത്തെയും വെള്ളപ്പൊക്കത്തേയും നേരിടാനുള്ള മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പടുതോട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. തകരാറുള്ള സാധനങ്ങളുമായാണു രക്ഷാപ്രവര്‍ത്തനം അനുകരിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

കൂടാതെ വെള്ളത്തില്‍ ചാടി മുങ്ങിപ്പോയ ബിനുവിനെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയതെന്നും ഒപ്പമിറങ്ങിയവര്‍ ആരോപിച്ചു. ബിനുവിനെ ആശുപത്രിയിലെത്തിച്ച് നടത്തിയത് ചികിത്സാ നാടകം ആയിരുന്നെന്നും ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് റവന്യൂ മന്ത്രി പ്രതികരിച്ചത്. അതേസമയം, മരണത്തില്‍ വീഴ്ചയില്ലെന്നും ബിനു കുഴഞ്ഞു വീണതാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം അനുകരിക്കാനായി മരിച്ച ബിനു സോമനടക്കം നാലു പേരാണ് വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ എന്‍ഡിആര്‍എഫ് സംഘം ലൈഫ്‌ബോയ് ട്യൂബ് ഇട്ടു കൊടുക്കുന്നതും ബിനു മുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബിനുവിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ്റിന്‍തീരത്തുനിന്നു ബിനുവിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. വിദേശത്തുള്ള സഹോദരി നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.

അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.

ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.

Copyright © . All rights reserved