അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളിയിൽ വീണ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു.
ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നി വീണായിരുന്നു അപകടം.
ഡിസംബർ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ചാൻഡ്‍ലർ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹരിതയെ വെള്ളത്തിൽ നിന്നു പുറത്തെടുത്തു ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. നാരായണ, ഗോകുൽ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.
വൻ ശീതകാല കൊടുങ്കാറ്റ് വടക്കേ അമേരിക്കയെ ആഞ്ഞടിക്കുന്നത് തുടരുന്നതിനാൽ പത്ത് ദശലക്ഷത്തിലധികം അമേരിക്കക്കാരും കാനഡക്കാരും പ്രശ്നങ്ങൾ നേരിടുകയാണ്. സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റാണ് അടിക്കുന്നത്. യുഎസ്. 3,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു. യുഎസിലാകെ 62 പേർ മരിച്ചതായാണഅ വിവരം.
മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയർന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആർട്ടിക് ധ്രുവമേഖലയിൽ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്. യുഎസിൽ ചിലയിടങ്ങളിൽ താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസും കടന്നു കുത്തനെ താഴേക്കു പോയി.
യുഎസിൽ 45 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ്. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുവീണ് കിടക്കുകയാണ്.
മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകൾ യുഎസിൽ റദ്ദാക്കി. ജപ്പാനിൽ അതിശൈത്യം കാരണം 17 പേർ മരിച്ചു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകും എന്നാണ് മുന്നറിയിപ്പ്. നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്.
കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചതായാണ് വിവരം. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണ് വിവരം.
പുറ്റേക്കരയില്‍ യുവ എന്‍ജിനീയർ ദുരൂഹമായി കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. വഴിയാത്രക്കാരിയായ പെണ്‍കുട്ടിയെ കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു.
പുറ്റേക്കര സ്വദേശി അരുണ്‍ലാലും പടിഞ്ഞാറെകോട്ട സ്വദേശിയായ ടിനുവും സുഹൃത്തുക്കളായിരുന്നു. ദിവസവും ഒന്നിച്ചിരുന്നാണു മദ്യപിക്കുന്നത്. ടിനു ബേക്കറി ജീവനക്കാരനാണ്. ഇരുവരും വൈകുന്നേരങ്ങളില്‍ തമ്പടിക്കുന്ന വഴിയില്‍ സ്ഥിരമായി നടന്നു പോകാറുള്ള പെണ്‍കുട്ടി ടിനുവിനെ നോക്കി ഒരുതവണ ചിരിച്ചു. പിറ്റേന്ന് ഈ പെണ്‍കുട്ടി വരുന്ന സമയത്ത് അരുണ്‍ലാല്‍ കളിയാക്കി. പിന്നീടങ്ങോട്ട് ടിനുവിനെ ഈ പെണ്‍കുട്ടി ഗൗനിക്കാറില്ല.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. ടിനുവിന്റെ മനസ്സില്‍ അരുണിനോടു പക തോന്നി. കൊല്ലാന്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം ഇരുവരും ഒന്നിച്ചു ബാറിലിരുന്നു മദ്യപിച്ചു. അരുണിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിടാമെന്നു ടിനു പറഞ്ഞു. തുടർന്നു പുറ്റേക്കരയിലെ വീട്ടിലേക്കു യാത്ര തുടങ്ങി. ഇടവഴിയില്‍ എത്തിയപ്പോള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. ബീയര്‍ കുപ്പിക്കൊണ്ട് മുഖത്തിടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു.
അരുൺലാൽ മരിച്ചെന്ന് കരുതി ടിനു സ്ഥലംവിട്ടു. അരുണ്‍ലാലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് 2 മണിക്കൂറിനു ശേഷമായിരുന്നു മരണം. ടിനുവിന്റെ ബൈക്ക് കടന്നുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. 2 പേര്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നത് നാട്ടുകാര്‍ കാണുകയും ചെയ്തിരുന്നു. പേരാമംഗലം പൊലീസും കമ്മിഷണറുടെ സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ വീട്ടില്‍നിന്നു പിടികൂടിയത്.
ഹൗസ് ബോട്ട് മുങ്ങി ഒരു മരണം. ആലപ്പുഴ ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹൗസ് ബോട്ട് ആണ് അപകടത്തില്‍ പെട്ടത്.
ആന്ധ്രാപ്രദേശ് സ്വദേശി രാമചന്ദ്ര റെഡ്ഡിയാണ് മരിച്ചത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെയും ഹൗസ്ബോട്ടിലെ ഒരുജീവനക്കാരനെയും സമീപത്തുണ്ടായിരുന്ന മറ്റ് ഹൗസ്ബോട്ടുകളിലെ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.
ഹൗസ് ബോട്ടിന്‍്റെ അടിത്തട്ടിലെ പലക തകര്‍ന്നാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. കുതിരപ്പന്തി സ്വദേശി മില്‍ട്ടന്‍്റെ ഉടമസ്ഥതയിലുള്ള വൈറ്റ് ഓര്‍ക്കിഡ് എന്ന ഹൗസ് ബോട്ടാണ് മുങ്ങിയത് എന്നാണ് വിവരം. സുനന്ദന്‍ എന്ന ഹൗസ് ബോട്ട് ജീവനക്കാരനാണ് സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്നത്.
ആൺ സുഹൃത്തിന്റെ കൊലക്കത്തിക്കിരയായ സംഗീതയുടെ മൃതദേഹം സംസ്കരിച്ചതിനു പിന്നാലെ പ്രതി ഗോപുവുമായി പോലീസ് തെളിവെടുപ്പിനെത്തിയതോടെ ജനരോഷവും സംഘർഷവും. പ്രതിയെ ജീപ്പിൽ നിന്നു പുറത്തിറക്കാതിരുന്നതോടെ ജനം പോലീസ് ജീപ്പ് വളഞ്ഞു. ഇതോടെ പ്രതിയെ പുറത്തിറക്കുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ പോലീസ് ഫോറൻസിക് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം വിട്ടു.
ഇതോടെ രോഷാകുലരായ നാട്ടുകാർ സ്ഥലത്തെത്തിയ ഒ.എസ്. അംബിക എം.എൽ.എയുടെ വാഹനം തടഞ്ഞിട്ടു. അര മണിക്കൂറോളം സമയം എം.എൽ.എയെ തടഞ്ഞു വച്ചു തുടർന്ന് എം.എൽ.എ വർക്കല ഡി.വൈ.എസ്.പിയുമായി ഫോണിൽ സംസാരിച്ചു.തുടർന്ന് എസ്.ഐ രാഹുലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി എം.എൽ.എയെ കടത്തി വിട്ടു. വ്യാഴാഴ്ച പ്രതിയെ തെളിവെടുപ്പിനായി വീണ്ടും സ്ഥലത്തെത്തിക്കുമെന്ന് അറിയിച്ച ശേഷമാണ് നാട്ടുകാർ ശാന്തരായത്.
വടശ്ശേരിക്കോണം തെറ്റിക്കുളം യുപി സ്കൂളിന് സമീപം പതിനേഴുകാരിയായ ബിരുദവിദ്യാർഥിനിയെ ആൺസുഹൃത്ത് രാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി കഴുത്തറത്ത് കൊലപ്പെടുത്തി. വടശ്ശേരിക്കോണം തെറ്റിക്കുളം പൊലീസ് റോഡ് പാലവിള സംഗീതനിവാസിൽ സജീവ്–ശാലിനി ദമ്പതിമാരുടെ മകൾ സംഗീത(17)യാണ് കൊല്ലപ്പെട്ടത്. പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെ(20) കൊല നടന്നതിന്റെ പിന്നാലെ പള്ളിക്കലിലെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഗോപു കുറ്റം സമ്മതിച്ചതായി റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. നേരത്തേ അടുപ്പമുണ്ടായിരുന്ന സംഗീത തന്നിൽ നിന്ന് അകലുന്നുവെന്ന സംശയത്തിൽ ഗോപു മറ്റൊരു സിം കാർഡ് ഉപയോഗിച്ചു ‘ അഖിൽ ’ എന്ന പേരിൽ ചാറ്റിങ് നടത്തി അടുപ്പമുണ്ടാക്കിയാണ് കൊലനടത്തിയത്. ചാറ്റിങ്ങിനിടയിൽ ഗോപുവിനെ ഇകഴ്ത്തുന്ന രീതിയിൽ സംഗീത സംസാരിച്ചതും കൂടുതൽ പ്രകോപനമായെന്നു പൊലീസ് കരുതുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാത്രി ബൈക്കിൽ എത്തിയ ഗോപു പുതിയ നമ്പറിൽ നിന്നു സംഗീതയെ ഫോണിൽ വിളിച്ചു പുറത്തേയ്ക്കു വരാൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് സംഗീത വീട്ടിൽ നിന്നു 100 മീറ്റർ അകലെയുള്ള റോഡിനു സമീപം എത്തി. പുതുതായി പരിചയപ്പെട്ടയാളാണെന്നു കരുതിയാണ് സംഗീത എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹെൽമറ്റ് ധരിച്ചിരുന്ന ഗോപുവുമായി സംസാരിക്കുന്നതിനിടെ സംശയം തോന്നി സംഗീത ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ആളെ തിരിച്ചറിഞ്ഞ് അപകടം മനസ്സിലാക്കി സംഗീത തിരികെ ഓടാൻ ശ്രമിക്കുന്നതിനിടെ ഗോപു കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു .
ആഴത്തിൽ മുറിവേറ്റ സംഗീത തിരികെ വീട്ടിലേക്കു ഓടി വാതിലിൽ ഇടിച്ച് വീട്ടുകാരെ ഉണർത്തുന്നതിനിടെ സിറ്റൗട്ടിൽ കുഴഞ്ഞു വീണു. ബഹളം കേട്ട് ഉണർന്നെത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. തുടർന്ന് ഓട്ടോറിക്ഷയിൽ വർക്കലയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കൊലയ്ക്കു ശേഷം ബൈക്കിൽ അവിടെ നിന്നു കടന്ന ഗോപു സംഗീതയുടെ മൊബൈൽ വഴിയിലും കത്തി വഴിയരികിലെ പുരയിടത്തിലും ഉപേക്ഷിച്ചു. ഇതു രണ്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൂന്നു മാസം മുൻപ് ഇരുവരും സൗഹൃദത്തിലായിരുന്നു. തുടർന്നു സംഗീതയുടെ വീട്ടുകാർ ഗോപുവിന്റെ വീട്ടുകാരോട് വിഷയം സംസാരിക്കുകയും സൗഹൃദത്തിൽ നിന്നു പിൻമാറുകയും ചെയ്തു. അതിന് ശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ പേരിൽ അഖിൽ എന്ന പേരിൽ സംഗീതയുമായി സൗഹൃദം സ്ഥാപിച്ചത്. കിളിമാനൂരിലെ സ്വകാര്യ കോളജിലെ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ് സംഗീത. ടാപ്പിങ് തൊഴിലാളിയാണ് ഗോപു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ (PFI) മുൻ ഭാരവാഹികളുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ലോക്കൽ പോലീസിന്‍റെ സഹായത്തോടെ ഇന്ന് പുലർച്ചെയാണ് പരിശോധന തുടങ്ങിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവരുടെ വീടുകൾ തുടങ്ങി സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്.
ദേശീയ അന്വേഷണ ഏജൻസി (NIA)യുടെ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും റെയ്ഡിനായി സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്‍റെ തുടർച്ചയായാണ് പരിശോധന. നേരത്തെ സംസ്ഥാന നേതാക്കളുടെയും സംഘടനയുടെ ഓഫീസുകളിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു കേന്ദ്രസർക്കാർ സംഘടനയെ നിരോധിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെ തന്നെ പലയിടങ്ങിലും പരിശോധന ആരംഭിച്ചു. പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്‍റെ വീട്ടിലും സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന പത്തനംതിട്ടയിലെ നിസാറിന്‍റെ വീട്ടിലും പരിശോധന നടത്തി. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ച്ചെ മുതല്‍ പരിശോധന തുടരുകയാണ്.
പരിശോധന നടക്കുന്നതിൽ ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ എറണാകുളം റൂറൽ പരിധിയിലാണ്. 12 ഇടങ്ങളിലാണ് ഇവിടെ പരിശോധന. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടക്കുന്നുണ്ട്. ആലപ്പുഴയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലാണ് എൻഐഎ സംഘം എത്തിയത്.
തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങിൽ പിഎഫ്ഐ പ്രവർത്തകൻ തോന്നയ്ക്കൽ നവാസിന്‍റെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്.
മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. നിരോധിത സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി തമർ അഷ്‌റഫിന്‍റെ വീട്ടിലാണ് റെയ്ഡ്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡെന്നാണ് റിപ്പോർട്ട്.
മലപ്പുറത്തും കോഴിക്കോടും പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളിൽ പരിശോധന തുടരുകയാണ്. മുൻപ് അറസ്റ്റിലായ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിൻന്‍റെ സഹോദരന്‍റെ മഞ്ചേരിയിലെ വീട്ടിൽ പരിശോധന നടന്നു. ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. കോഴിക്കോട് മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി എഫ് ഐ പ്രവർത്തകൻ നൗഷാദിന്‍റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിൽ കെ സാദത്ത് മാസ്റ്ററുടെ എൻഐഎ പരിശോധന നടത്തി.
ആദ്യ കുർബാന ക്ലാസിൽ പങ്കെടുക്കാനെത്തിയ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ വൈദികന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. തൃശൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ, അരലക്ഷം രൂപ പിഴയും വിധിച്ചു. ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.
അറസ്റ്റിലായ ശേഷം വൈദികനെ സഭ സസ്പെൻഡ് ചെയ്തിരുന്നു. 2014 ലാണ് കേസിനസ്പദമായ സംഭവം. ആദ്യ കുർബാന ക്ളാസിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ രാജു കൊക്കൻ വിളിച്ചുവരുത്തി ലൈംഗികാതിക്രമ നടത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സംഭവത്തിൽ നിർണായക തെളിവായതോടെയാണ് പുരോഹിതന് തടവ് ശിക്ഷ ലഭിച്ചത്. മറ്റ് കുട്ടികളും അദ്ധ്യാപകരും മറ്റ് പുരോഹിതരും സംഭവത്തിന് സാക്ഷിയായിരുന്നു.
ശാസ്താംകോട്ടയില്‍ സദാചാരവാദികളുടെ വിലക്കിനെ വെല്ലുവിളിച്ച് ഒരുമിച്ചിരുന്ന് ചെറുപ്പക്കാര്‍. ശാസ്താംകോട്ട കോളേജ് റോഡില്‍ ജീവന്‍ സ്റ്റുഡിയോയുടെ സമീപത്തുള്ള ആല്‍ത്തറയിലാണ് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബോര്‍ഡ് വെച്ചത്. ‘പെണ്‍കുട്ടികള്‍ ഒരുമിച്ച് ഇരിക്കരുത്’ എന്ന ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സ്ഥലത്ത് തൂക്കിയിരുന്നു. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ ഇടപെടല്‍.
ബോര്‍ഡിന് കീഴെ മൂന്ന് യുവതികളും മൂന്ന് യുവാക്കളും ഒരു കുട്ടിയും ഇരിക്കുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പെണ്‍കുട്ടികളെ വിലക്കുന്ന ബോര്‍ഡ് കീറി എറിഞ്ഞെന്നും ‘എല്ലാവര്‍ക്കും ഇരിക്കാം’ എന്ന് പുതിയ ബോര്‍ഡ് തൂക്കിയെന്നും ശാസ്താംകോട്ട സ്വദേശിയായ അഖില്‍ രാജ് എസ് സാഹിതി ഫേസ്ബുക്കില്‍ കുറിച്ചു.
അഖില്‍ രാജിന്റെ പ്രതികരണം
‘ഇവിടെ പെണ്‍കുട്ടികള്‍ ഇരിക്കരുത്’ എന്നൊരു ബോര്‍ഡ് ശാസ്താംകോട്ടയില്‍ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി. ഇങ്ങനെ ഉള്ള തിട്ടൂരങ്ങള്‍ ശാസ്താംകോട്ടയില്‍ അനുവദിച്ചു തരില്ല, ആല്‍ത്തറ ആ ബോര്‍ഡ് വെച്ച ടീമിന്റെ തന്തയുടെ വകയൊന്നുമല്ല, ഇവിടെ ആണും ഇരിക്കും പെണ്ണും ഇരിക്കും. ബോര്‍ഡ് വെച്ചവര്‍ക്ക് കാര്യം മനസ്സിലായെന്ന് വിശ്വസിക്കുന്നു.’
അഖിലിന്റെ പോസ്റ്റിന് കീഴില്‍ യുവാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ചും വിമര്‍ശിച്ചും പ്രതികരണങ്ങളെത്തി. ‘അയ്യപ്പന്റെ ബോര്‍ഡിന് മുന്നില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ നടക്കുന്നു’, ‘എന്തുകൊണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രം വിലക്ക്’, ‘ആണും പെണ്ണും ഇരുന്ന് കോപ്രായം കാണിക്കുന്നത് തെറ്റാണ്’, ‘ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രം ആയി ബന്ധമുള്ള ഒരു ആല്‍ത്തറ ആണ് ശാസ്താംകോട്ട കോളേജ് റോഡില്‍ ഉള്ളത്. അവിടെ നടക്കുന്ന പേക്കൂത്ത് കണ്ടാല്‍ അമ്പരന്ന് പോകും’, ‘ആല്‍ത്തറയില്‍ പെണ്ണുങ്ങള്‍ ഇരുന്നാല്‍ എന്താ ആല്‍ മരം കടിക്കുമോ?’, ‘ചില മനുഷ്യ മനസ്സുകള്‍ ചെറുതാകുകയാണ്’..എന്നിങ്ങനെയാണ് കമന്റുകള്‍.
മലയാള സിനിമയിലെ ഹാസ്യ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷകപ്രീതിയും കയ്യടിയും നേടിയ താരമാണ് ജഗദീഷ്. 1984 പുറത്തിറങ്ങിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രീഡി സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ട് തൻറെ നടൻ ആവുക എന്ന തൻറെ ആഗ്രഹം അദ്ദേഹം സഫലീകരിച്ചു. തുടർന്ന് ജഗദീഷ് തന്നെ കഥയെഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി ഓ എന്നീ ചിത്രങ്ങളിലെ അഭിനയം മലയാള സിനിമയിൽ ഒരു സ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുക്കുകയുണ്ടായി. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ തുടങ്ങി. അധ്യാപന ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് സിനിമയിൽ ശ്രദ്ധകേന്ദ്രീകരിച്ച ജഗദീഷ്, കൂടുതലും കൈകാര്യം ചെയ്തത് കോമഡി വേഷങ്ങൾ ആയിരുന്നു.
നായകൻറെ കൂട്ടുകാരനായും സഹ നായകനായും നായകനായും എല്ലാം മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം വന്ദനം, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ജനപ്രിയനായി മാറി. 90കളിലെ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ പതിവു നായകനായിരുന്നു ജഗദീഷ്. ഏതാണ്ട് മുപ്പതോളം ചിത്രങ്ങളിൽ നായകനായി അഭിനയിക്കുകയും അവയിൽ ഭൂരിഭാഗവും വിജയചിത്രങ്ങളായി മാറുകയും ചെയ്തു .മുകേഷ്, സിദ്ധിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം സഹ നായകനായും തിളങ്ങി. അടുത്തിടെയായിരുന്നു ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ മരണത്തിന് കീഴടങ്ങിയത്. ഭാര്യയുടെ മരണം തെല്ലൊന്നുമായിരുന്നില്ല താരത്തെ പിടിച്ചുലച്ചത്. പല വേദികളിലും മരണത്തിനും മുമ്പും ശേഷവും ഭാര്യയെ പറ്റി താരം പറയുമ്പോൾ വാചാലനാകാറുണ്ടായിരുന്നു.
താരം ഇപ്പോൾ കഴിഞ്ഞദിവസം ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ഭാര്യയുടെ മരണത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. “തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു രമ. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ന്യൂറോൺസിനെ ബാധിക്കുന്ന അസുഖമായിരുന്നു രമയ്ക്ക്. ന്യൂറോണിന്റെ പ്രവർത്തനം നടക്കാതെ വരുന്ന അവസ്ഥ. അവസാനം വരെ അവളെ സ്നേഹിക്കുക മാത്രമല്ല നല്ല കെയറും കൊടുക്കുവാൻ എനിക്ക് സാധിച്ചു. അതിൽ അതിയായ സന്തോഷവും ഉണ്ട്. രോഗം അറിയാൻ ഒരിക്കലും വൈകിയതല്ല. ഹോമിയോപ്പതിയിലെ പഠനം പറഞ്ഞത് ചിക്കൻപോക്സ് വന്നൊരു രോഗിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അതിൽ നിന്ന് ഉള്ള വൈറസ് രമയെ ബാധിച്ചു എന്നാണ്.
എന്നാൽ അലോപ്പതി ആ വാദത്തെ പാടെ തള്ളുന്നുമുണ്ട്. അങ്ങനെ മരിച്ച മതദേഹത്തിൽ നിന്ന് വൈറസ് ബാധിക്കാനുള്ള ഒരു സാധ്യതയുമില്ല എന്നായിരുന്നു അലോപ്പതി പറഞ്ഞിരുന്നത്. അറിഞ്ഞപ്പോൾ മാത്രം അവളുടെ കണ്ണുകൾ ചെറുതായി ഒന്നു നിറഞ്ഞു. പിന്നെ ഒരിക്കലും ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടില്ല എന്ന് മാത്രമല്ല, ഒരു രോഗിയാണെന്ന ഭാവം പോലും രമ കാണിച്ചിട്ടില്ല. അവസാന നിമിഷം വരെ രോഗത്തോട് പൊരുതി. ഭാര്യയോട് സ്നേഹം മാത്രമല്ല അതിയായ ആദരവും ബഹുമാനവും ആണ് എനിക്ക്. രോഗം ബാധിച്ചു കഴിഞ്ഞപ്പോൾ ഒപ്പു ചെറുതായി പോകുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു. ഒരു ദിവസം ഒപ്പിട്ടപ്പോൾ ചെറുതാകുന്നുണ്ടല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു. പക്ഷേ പിന്നീട് രോഗം സ്ഥിരീകരിച്ച ശേഷം ഞാൻ നെറ്റിൽ നോക്കിയപ്പോൾ ലക്ഷണങ്ങളിൽ ഒന്നായി കണ്ടത് കൈയക്ഷരം ചെറുതാകുന്നതായിരുന്നു.
കൈയുടെ പ്രവർത്തനം ചെറുതാകുന്ന തരത്തിൽ ആയിരിക്കും അപ്പോൾ ന്യൂറോണുകൾ പ്രവർത്തിക്കുക. ഒരിക്കലും ജഗദീഷിന്റെ ഭാര്യ എന്ന നിലയിൽ അല്ലായിരുന്നു രമ അറിയപ്പെട്ടത്. മരിച്ചപ്പോൾ പോലും വാർത്ത വന്നത് ഡോക്ടർ പി രമ അന്തരിച്ചുവെന്നായിരുന്നു. ജീവിതത്തിൽ ഒരിക്കലും എൻറെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാത്ത വ്യക്തിയായിരുന്നു. ആകെ മൂന്ന് തവണ മാത്രം എൻറെ ഒപ്പം വിദേശയാത്രയ്ക്ക് വന്നു. ഫംഗ്ഷനുകൾക്ക് ഒന്നും വരാറില്ല. വിളിക്കുമ്പോൾ ഞാൻ വരുന്നില്ല എന്ന് പറയും. ഞാൻ എത്ര സമ്പാദിക്കുന്നുണ്ടെന്ന് ഒരിക്കലും ചോദിച്ചിരുന്നില്ല. നല്ലൊരു ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക് പോയപ്പോഴും എന്നെ പിന്തിരിപ്പിച്ചില്ല. താൽപര്യവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ പൊക്കോളൂ എന്ന് മാത്രം പറഞ്ഞു. വീട്ടിലെ ഗ്രഹനാഥനും ഗൃഹനാഥയും രമിയായിരുന്നു. കുടുംബത്തെ മൊത്തം താങ്ങി നിർത്തി. ജോലിയോടൊപ്പം മക്കളുടെയും എൻറെയും കാര്യങ്ങൾ ഒരു കുറവും കൂടാതെ നിറവേറ്റി. വ്യക്തിത്വത്തിന് ഞാൻ എനിക്ക് നൽകുന്ന മാർക്ക് നൂറിൽ അമ്പതാണെങ്കിൽ രമയ്ക്ക് അത് നൂറിൽ 90 ആണ് എന്ന് താരം മനസ്സ് തുറന്നു.
ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടതി പിന്നില്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് ടി20യ്ക്ക് പുറമേ കെഎല്‍ രാഹുലിനെ തഴഞ്ഞ് ഏകദിനത്തിലും അവസരം നല്‍കാനായിരുന്നു സെലക്ടര്‍മാരുടെ പദ്ധതി. എന്നാല്‍ രോഹിത് കെ.എല്‍ രാഹുലിനെ ടീമില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മോശം ഫോമിലായതിനാല്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കൊപ്പം ഏകദിന പരമ്പരയിലും കെഎല്‍ രാഹുലിനെ മാറ്റി നിര്‍ത്താനായിരുന്നു ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്. പകരം സഞ്ജുവിനെ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രോഹിത് ഇതിനോട് യോജിച്ചില്ല.
ഏകദിന ടീമില്‍ സഞ്ജു വേണ്ടെന്നും വിക്കറ്റ് കീപ്പറുടെ റോള്‍ രാഹുലിനു നല്‍കണമെന്നും രോഹിത് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സമീപകാലത്തു മോശം ഫോമിലായിട്ടും രാഹുല്‍ ഏകദിന ടീമില്‍ ഇടംപിടിച്ചത്.
ലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ മാത്രമേ സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളൂ. ഇഷാന്‍ കിഷനാണ് സംഘത്തിലെ വിക്കറ്റ് കീപ്പര്‍. സഞ്ജുവിനു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണുള്ളത്. ഏകദിന പരമ്പരയില്‍ കെഎല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍.
സോളാര്‍ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടപ്പോള്‍ തന്നെയും ഇതില്‍ പ്രതിയാക്കട്ടെപ്പെട്ട സഹപ്രര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നും അത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന് ഭയന്നിട്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഫേസ് ബുക്ക് പോസ്‌ററിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും തനിക്ക് നിയമോപദേശം ലഭിച്ചു. എന്നാല്‍ താന്‍ ഈ ഈ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായതെന്ന് ഉമ്മന്‍ചാണ്ടി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കള്ളക്കേസില്‍ കുടുക്കി ‘എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസില്‍ പ്രതിയാക്കപ്പെട്ട സഹപ്രവര്‍ത്തകരും തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്’ എന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സോളാര്‍ കേസില്‍ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ മുഴുവന്‍ പേരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. കാരണം സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി സംശയകരമാണ്.
സോളാര്‍ കേസില്‍ ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നീങ്ങിയ അവസരത്തില്‍ ഞാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും എനിക്ക് നിയമോപദേശം ലഭിച്ചു. എന്നാല്‍ ഞാന്‍ ഈ നിര്‍ദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസില്‍ കുടുക്കി എന്നെ ആറസ്റ്റ് ചെയ്യുന്നങ്കില്‍ അതിനെ നേരിടാനാണ് ഞാനും കേസില്‍ പ്രതിയാക്കപ്പെട്ട സഹപ്രവര്‍ത്തകരും തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.
എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ഞാന്‍ ചെയ്തിട്ടില്ല. ജനങ്ങളില്‍ ഒന്നും ഒളിച്ചുവയ്ക്കാനും ഞാന്‍ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊതു പ്രവര്‍ത്തകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും കളങ്കിതമായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.