Latest News

ഇൻഷുറൻസ് തുക തട്ടാൻ ഭാര്യയെ ക്വട്ടേഷൻ ടീമിനെക്കൊണ്ട് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. രാജസ്ഥാന്‍ ജയ്പുര്‍ സ്വദേശിയായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിങ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭര്‍ത്താവ് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ദമ്പതിമാര്‍ തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ലാതിരുന്നിട്ടും മഹേഷ് ഭാര്യയുടെ പേരില്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസിയെടുത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വാടകക്കൊലയാളിയെ ഉപയോഗിച്ച് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയത്. 2017 മുതൽ ദമ്പതികൾ തമ്മിൽ കലഹമായിരുന്നു. 2019ൽ ഭർത്താവിനെതിരെ സ്ത്രീധനപീഡനത്തിന് ശാലുദേവി പരാതി നൽകിയിട്ടുണ്ട്. ഈ അടുത്താണ് മഹേഷ് വീണ്ടും ഭാര്യയുമായി അടുത്തത്.

ഇയാൾ തന്നെയാണ് ഭാര്യയേയും ബന്ധുവിനെയും ക്ഷേത്രത്തിലേക്ക് അയച്ചത്. ഒക്ടോബര്‍ അഞ്ചാം തീയതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ച് മരിച്ചത്. ആദ്യം സാധാരണ അപകടമാണെന്ന് കരുതിയെങ്കിലും സിസിടിവി പരിശോധിച്ചപ്പോഴാണ് ആസൂത്രിത കൊലപാതകമാണെന്ന് സംശയം തോന്നുന്നത്. തുടർന്ന് നടത്തിയ അന്വേഷണം എത്തിയത് മഹേഷിലേക്കാണ്.

വാടകക്കൊലയാളിയും ഗുണ്ടാനേതാവുമായ മുകേഷ് സിങ് റാത്തോഡിന് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൊലപാതകം നടത്തിയത്. ഇതില്‍ അഞ്ചരലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. ഒക്ടോബര്‍ അഞ്ചാം തീയതി ഭാര്യയും ബന്ധുവും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍ ലൊക്കേഷന്‍ വിവരങ്ങളടക്കം കൈമാറിയത് മഹേഷ് തന്നെയായിരുന്നു. തുടര്‍ന്നാണ് മുകേഷും സംഘവും രണ്ടുപേരെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

മദ്യലഹരിയിൽ യുവതി ഓടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം നടന്നത്.

വടക്കുമ്പാട് കൂളിബസാറിലെ 29കാരിയായ റസീനയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ നാട്ടുകാർ സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കൈയ്യേറ്റം ചെയ്തു.

കൂടുതൽ പരാക്രമം കാണിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്.ശേഷം, യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ, യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

സൂര്യ കൊലക്കേസ് പ്രതി ഷിജു ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂടിലെ വീട്ടിനുള്ളിലാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. തുടര്‍ വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് ഷിജുവിന്റെ മരണം.

2016 ഫെബ്രുവരി ഒമ്പതിനാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന സൂര്യയെ പ്രണയ പകയെ തുടര്‍ന്ന് ഷിജു വെട്ടിക്കൊന്നത്. സൂര്യയെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചായിരുന്നു ഷിജു കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നു.

എന്നാല്‍ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നു. തുടര്‍ന്നുണ്ടായ പകയിലാണ് സൂര്യയെ ഷിജു കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിൽ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു.മെലെനി എന്ന പട്ടണത്തിലുള്ള ഗാർഡനർ ഫോൾസ് എന്ന സ്ഥലത്ത് അവധി ആഘോഷക്കുന്നതിനിടെയാണ് 24 വയസുകാരനായ എബിൻ ഫിലിപ്പിന്റെ മരണം.

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ചിരുന്ന എബിൻ ഫിലിപ്പ് വെള്ളച്ചാട്ടത്തിൽപ്പെടുകയായിരുന്നുവെന്ന് സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡണ്ട് സെബാസ്റ്റ്യൻ സജീഷ്  പറഞ്ഞു.

വെള്ളച്ചാട്ടത്തിലേക്ക് കയറിലൂടെ ഊർന്നിറങ്ങിയ ശേഷമാണ് എബിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദകമായ സാഹചര്യമില്ലെന്ന് ക്വീൻസ്ലാൻറ് പോലീസ്  വ്യക്തമാക്കി.

നവംബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗാർഡനർ ഫോൾസിൽ ഒരാളെ കാണാതായി എന്ന വിവരം SESന് ലഭിച്ചതായി പോലീസ് പറഞ്ഞു.പോലീസ് ഡൈവ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് മൃതശരീരം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു എബിനെന്ന് റിപ്പോർട്ട് .ഓസ്‌ട്രേലിയയിൽ നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള മുങ്ങിമരണങ്ങൾ കൂടുന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളുമുണ്ട്.

ഓസ്‌ട്രേലിയയിലെ തീരങ്ങളില്‍ മുങ്ങിമരിക്കുന്നതില്‍ പകുതിയും കുടിയേറിയെത്തിയവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മുങ്ങിമരണങ്ങളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ഇന്ത്യാക്കാരാണ്.ഇതിൽ പല മലയാളി രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

2021 മാർച്ചിൽ പെർത്തിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു.മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മലയാളി കൂട്ടായ്‌മ.

ബ്രിസ്‌ബൈനിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന എബിൻ.സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ രാജ്യാന്തര വിദ്യാർത്ഥി പ്രതിനിധി കൂടിയായിരുന്നു എബിൻ.ഇന്ത്യയിലേക്ക് മൃതശരീരം എത്തിക്കാനുള്ള നടപടികൾ വൈകാതെ തുടങ്ങുമെന്നും സൺഷൈൻ കോസ്റ്റിലെ മലയാളി കൂട്ടായ്‌മ വ്യക്തമാക്കി.

കേരളത്തിൽ മുവാറ്റുപുഴ സ്വദേശിയാണ് മരിച്ച എബിൻ ഫിലിപ്പ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിസ് തോമസിന്റെ പിതാവ് കൊട്ടാരത്തിൽ തോമസ് ചാക്കോ (ജോയച്ചൻ 68) നിര്യാതനായി. ചുങ്കപ്പാറയാണ് ജിസ് തോമസിന്റെ സ്വദേശം. മൃതസംസ്കാര ശുശ്രൂഷകൾ ഡിസംബർ മൂന്നാം തീയതി ശനിയാഴ്ച 11. 30ന് ആരംഭിച്ച് സെൻറ് ലിറ്റിൽ ഫ്ലവർ ചർച്ച ചുങ്കപ്പാറയിൽ നടത്തപ്പെടും.

ജിസ് തോമസിന്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

എഡിൻബ്ര: സ്കോട് ലൻഡ് തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌. ഫെറി റോഡ്‌ പ്രദേശത്ത്‌ രാത്രി ജോലി കഴിഞ്ഞു ബസ്‌ കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണിൽ ജോർജ് ആണ് അക്രമിക്കപ്പെട്ടത്‌. ബസ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചെങ്കിലും ബിനു മാറി പോകുവാൻ ശ്രമിച്ചു, പിന്നീട്‌ അവർ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. മുഖത്ത്‌ പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരിൽ ഒരാൾ ബിനുവിന്റെ ബാഗ്‌ എടുത്ത്‌ ഓടി. ഇത്‌ കണ്ട്‌ ഓടി കൂടിയ നാട്ടുകാരാണു പോലീസിനെയും ആംബുലൻസിനെയും വിളിച്ചത്‌. തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കൾ എത്തുകയും പോലീസിന്റെ സഹായത്തോടെ പ്രാഥമിക ചിക്ത്സയ്ക്ക്‌ ശേഷം വീട്ടിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി താൻ ജോലി ചെയ്യുന്ന പ്രദേശത്ത്‌ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായത്‌ ബിനു ഞെട്ടലോടെയാണു പുറം ലോകത്തോട്‌ പറഞ്ഞത്‌. പൊതുവേ വംശീയ അക്രമണങ്ങൾ കുറവുള്ള സ്കോട് ലൻഡിൽ ഇത്തരം അക്രമണങ്ങൾ കൂടി വരുന്നത്‌ ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നു. അടുത്തയിടയിൽ ഏഷ്യൻ വംശജരുടെയും വിദ്യാർത്ഥികളുടെയും വരവ്‌ കൂടിയത്‌ തദ്ദേശിയരിൽ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്‌. ഈ സാഹചര്യത്തിൽ കഴിവതും രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും, ഏതെങ്കിലും ആക്രമണങ്ങൾ നേരിട്ടാൽ അത്‌ പോലീസിൽ അറിയിക്കുകയും വേണം. ഈ വിഷയത്തിൽ ഇടപെട്ട്‌ മലയാളികളുടെ സംഘടനയായ കൈരളി യുകെ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ എടുക്കുവാൻ ഉളള സഹായങ്ങൾ ചെയ്തു വരുന്നു. ഈ വിഷയത്തിൽ സ്വയം വീഡിയോ ചെയ്ത്‌ തന്റെ ദുരനുഭവം പങ്കുവയ്ക്കുവാനും മറ്റുള്ളവർക്ക്‌ മുന്നറിയിപ്പ് നൽകിയ ബിനുവിനെ എഡിൻബ്രയിലെ മലയാളി സമൂഹം അഭിനന്ദിച്ചു. വീഡിയോ ലിങ്ക്‌ കാണാൻ താഴെ ക്ലിക്ക് ചെയ്യുക .

നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ തിരൂർ കന്മനം ചെനക്കൽ ഇരിങ്ങാവൂരിലെ 29-കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഡോക്ടർമാർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ എന്നും പോലീസ് പ്രതികരിച്ചു.

പ്രതിയായ യുവതി വെള്ളിയാഴ്ചയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ വീട്ടിലെ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. മഴ പെയ്തതുകാരണം മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്ന് മൃതദേഹം നായ്ക്കൾ കടിച്ചുകീറുകയും കുഴിയിൽ നിന്നു ദുർഗന്ധം വമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായതെന്ന് പോലീസ് പറഞ്ഞു.

താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.കന്മനത്താണ് നായകൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതശരീരം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൽപ്പകഞ്ചേരി പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങൾ തുടരവേയാണ് പുതിയ കുഞ്ഞിന്റെ ജനനമെന്ന് പറയുന്നു.

നീലത്താമര എന്ന ചിത്രത്തിലൂടെ കൈലാഷിന്റെ നായികയായി എത്തിയ താരമാണ് അർച്ചന കവി. അതിന് ശേഷം നിരവധി സിനിമകളാണ് താരത്തിനെ തേടി വന്നിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന താരം അധികം വൈകാതെ തന്നെ വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. പരസ്പരം പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിഞ്ഞിരുന്നതെങ്കിലും അധിക കാലം ആ ദാമ്പത്യ ജീവിതം മുൻപോട്ട് പോയിരുന്നില്ല.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ വെച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മാനസികമായി താൻ ബുദ്ധിമുട്ടിയിരുന്ന സമയത്ത് തന്റെ ശരീരത്തെ പോലും ബാധിച്ചെന്നായിരുന്നു താരം പറഞ്ഞത്. എന്നാൽ ആ സമയത്ത് വീട്ടുകാർ തന്നെ ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയപ്പോൾ ഡോക്ടർ തന്നോട് പറഞ്ഞത് എത്രയും പെട്ടന്ന് ആറ് മാസത്തിനുള്ളിൽ തന്നെ ഗർഭിണിയയാകണം എന്നായിരുന്നു. എന്നാൽ ഇത് എങ്ങനെ വർക്ക് ആകുമെന്ന് ചോദിച്ചപ്പോൾ ഇത് ഹോർമണിൽ വേരിയേഷൻസ് ഉണ്ടാക്കുമെന്നും താരം പറഞ്ഞു.

എന്നാൽ ആ സമയത്ത് ഭർത്താവുമായി നല്ല ബന്ധത്തിൽ ആണെന്നും താരം പറഞ്ഞു. അതേ സമയം മെന്റൽ ഹെൽത്ത് എന്ന് പറയുന്നത് നമ്മൾ കരുതുന്നത് പോലെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ പോലെ കണ്ടെത്താൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. അതെ സമയം ഗൈനക്കോളജിസ്റ്റിനെ കണ്ടതിന് ശേഷം സൈക്യാട്രിസ്റ്റിനെ പോയി കണ്ടെന്നും ആ സമയം വളരെയേറെ ബുദ്ധിമുട്ടിയെന്നും എളുപ്പമല്ലെന്നും താരം പറഞ്ഞു. തനിക്ക് സപ്പോർട്ട് ചെയ്ത എല്ലാവരും ഉണ്ടായിട്ടും ആ അവസ്ഥയിൽ നിന്നും പുറത്തേക്ക് വരാൻ താൻ വളരെയധികം കഷ്ട്ടപ്പെട്ടെന്നും അർച്ചന പറഞ്ഞു.

മുൻപൊരു അഭിമുഖത്തതിൽ വെച്ച് താരം തുറന്നു പറഞ്ഞത് താൻ വിഷാദ രോഗത്തിന് അടിമയായി പോയെന്നായിരുന്നു. എന്നാൽ അത് കൊണ്ടാണ് താൻ വിവാഹ മോചനം നേടിയതെന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചെന്നും താരം പറഞ്ഞു. താൻ തന്റെ ജീവിതത്തതിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ആഗ്രഹിക്കുന്നത് എന്നതിന്റെ തിരിച്ചറിവിലാണ് താൻ വിവാഹമോചനം നേടിയതെന്നും താരം പറഞ്ഞു. വിവാഹ മോചനം എന്ന് പറയുന്നത് തനിക്ക് കയ്പ്പേറിയ അനുഭവം അല്ലെന്നും താരം പറഞ്ഞു.

നൂറാം വയസ് ആഘോഷിക്കുന്ന കലാലയ മുത്തശ്ശി ചങ്ങനാശേരി എസ്ബി കോളേജിന് ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി സിഎച്ച് അമൃതയാണ് എസ്ബി കോളേജിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം വര്‍ഷ എംഎസ്‌സി കെമിസ്ട്രി വിദ്യാര്‍ഥിയായ അമൃതയുടെ നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും നേടി. നിലവില്‍ കെഎസ് യു നേതൃത്വം നല്‍കിയിരുന്ന കോളേജ് യൂണിയനാണ് എസ്എഫ്‌ഐ തിരിച്ചു പിടിച്ചത്. 1922 പ്രവര്‍ത്തനം ആരംഭിച്ചതാണ് എസ്.ബി കോളേജ്.

മുഴുവന്‍ ജനറല്‍ സീറ്റും നേടിയാണ് എസ്ബി കോളേജ് കെഎസ്യുവില്‍ നിന്ന് പിടിച്ചെടുത്തത്. സിഎച്ച് അമൃത (ചെയര്‍പേഴ്സണ്‍), നോവാ സിബി (വൈസ് ചെയര്‍പേഴ്സണ്‍) ,ഡിയോണ്‍ സുരേഷ് (ജനറല്‍ സെക്രട്ടറി), ജോര്‍ജ് അലക്സ് മേടയില്‍, പി എ അഭിജിത്ത് (യുയുസി), അമല ജോസഫ് (മാഗസിന്‍ എഡിറ്റര്‍), കിരണ്‍ ജോസഫ് ആര്‍ട്സ് ക്ലബ് സെക്രട്ടറി.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് എസ്എഫ്‌ഐ സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പ് നടന്ന 130 കോളേജുകളില്‍ 116 ഇടത്ത് എസ്എഫ്‌ഐ വന്‍ ഭൂരിപക്ഷത്തില്‍ യൂണിയന്‍ സ്വന്തമാക്കിയെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി.

കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളേജുകളില്‍ 40 ഇടത്തും, ഇടുക്കി 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്പസിലും എസ്എഫ്‌ഐ വിജയിച്ചു.

ഡാവൻട്രിയിൽ താമസിക്കുന്ന തിരുവല്ല കറ്റോട് സ്വദേശിയായ വിജയ് ചാക്കോ ( 48 ) നിര്യാതനായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹം ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിൽ എത്തിയിട്ട്. വർഷങ്ങൾക്കു മുമ്പ് ഉണ്ടായ അസുഖം മൂലം വിജയ് ചാക്കോ വിശ്രമം ജീവിതം നയിച്ചു വരികയായിരുന്നു.

ചിങ്ങവനം സ്വദേശിയായ നിഷയാണ് ഭാര്യ . പരേതന്റെ മൂത്തമകൾ ഏലവലിലും ഇളയ കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും ആണ്. പരേതൻ ബർമിംഗ്ഹാം സെൻറ് സൈമൺ ക്നാനായ പള്ളി ഇവാകാംഗമാണ്. മൃതസംസ്‌കാരം പിന്നീട്.

വിജയ് ചാക്കോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved