Latest News

ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.

അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.

ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.

1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ക്ലാസ് മുറിയിൽ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയർത്ത് മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. വിദ്യാർഥിയുടെ പേരെന്താണെന്നു അധ്യാപകൻ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോൾ ”ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകൻ ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് വഴിവെച്ചത്.

മറ്റൊരു വിദ്യാർത്ഥി പകർത്തിയ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാൽ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ. അത് അത്രയ്ക്ക് രസകരമല്ല സർ” എന്നാണ് വിദ്യാർഥി മറുപടി നൽകിയത്.

വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകൻ വിഷയം മാറ്റി. നീ എനിക്ക് മകനെ പോലെ അല്ലേ എന്ന് പറഞ്ഞ് സ്ഥിതി തണുപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ, മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്നു വിളിക്കുമോ എന്നാണ് അധ്യാപകനോട് വിദ്യാർത്ഥി മറുചോദ്യമെറിഞ്ഞു.

തുടർന്ന് രക്ഷയില്ലെന്ന് കണ്ടതോടെ വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുകയും ചെയ്തു. ഇത്രയധികം ആളുകളുടെ മുന്നിൽവച്ച് നിങ്ങൾക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ തോന്നി? നിങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതിൽ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ, അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു.

ബസ് യാത്രയ്ക്കിടെ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരന് അടിയന്തര ചികിത്സ ഉറപ്പാക്കി മാതൃകയായി 2 വിദ്യാർത്ഥികൾ. തൃക്കണ്ണമംഗൽ എസ്‌കെവി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ വിനായകും ശ്രീഹരിയുമാണു രക്ഷകർ.

അമ്മയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ ശേഷം, കുട്ടിയുടെ പിതാവ് വരുന്നത് വരെ തുണയായി ഇരുന്നാണ് ഇരുവരും മികച്ച മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞു ബസിൽ മടങ്ങുകയായിരുന്നു വിദ്യാർഥികൾ.

ചെപ്ര സ്വദേശിനി മകനുമായി ബസിലെത്തി. കുട്ടി വിറയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട് അമ്മ നിലവിളിച്ചു. ബസിൽ നിന്നു ചാടിയിറങ്ങിയ വിദ്യാർഥികൾ പോലീസുകാരന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചു. കുഞ്ഞിനെയും അമ്മയെയും കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വന്തം സ്‌കൂൾ ബാഗ് പോലും ബസിൽ ഉപേക്ഷിച്ചാണു കുട്ടികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും ആശുപത്രിയിൽ തങ്ങി. വിദ്യാർഥികളെ സ്‌കൂളും അനുമോദിച്ചു.

സ്‌കൂളില്‍ രണ്ടുദിവസമായി വിദ്യാര്‍ത്ഥികളുടെ ആഘോഷവും സന്തോഷവും കളിയാടുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തല്ലി കെടുത്തി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തയാണ ്‌തേടിയെത്തിയത്.

ശാസ്ത്ര സാങ്കേതിക മേളയുടെ ഭാഗമായി നല്‍കിയ അവധി ദിനം ആഘോഷമാക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റിലെ കയങ്ങളില്‍ മുങ്ങി മരിച്ചത്. സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റൂബൈന്‍ പി ബിജുവും മുഹമ്മദ് റോഷനുമാണ് മരണപ്പെട്ടത്.

മേളയുടെ സമാപനത്തെ തുടര്‍ന്ന് ഇന്നലെ ശുചീകരണത്തിനായി ഹൈസ്‌കൂളിന് അവധി നല്‍കിയിരുന്നു. ഈ അവധിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കാന്‍ ഇറങ്ങിയത്. കല്ലടയാറ്റില്‍ കുളിക്കാനായി പോയ എട്ടംഗ വിദ്യാര്‍ത്ഥികളുടെ സംഘത്തിലായിരുന്നു റൂബൈനും മുഹമ്മദ് റോഷനും ഉണ്ടായിരുന്നത്.

കുളിക്കാന്‍ ഇറങ്ങിയ 4 പേരും കയത്തില്‍പ്പെടുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ഒപ്പുമുള്ളവര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ അപകടമറിഞ്ഞത്.

ആറ്റിലേക്കു ചാടി 2 പേരെ കരയ്‌ക്കെത്തിച്ചെങ്കിലും റൂബൈനും റോഷനും കയങ്ങളില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കല്ലടയാറ്റിലെ കയങ്ങള്‍ പരിചിതര്‍ക്കു പോലും പിടികൊടുക്കാറില്ല. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കയങ്ങള്‍ പലതും മണ്ണടിഞ്ഞു നികന്നിരുന്നെങ്കിലും ആഴമില്ലെന്നു തോന്നുന്ന പലയിടവും കയങ്ങളായി അപകടക്കെണി ഒരുക്കുകയണ്.

പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.

ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.

ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ നിന്ന് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. കസെമിറോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രസീലിന് ആറ് പോയിന്റായി. മൂന്ന് പോയിന്റുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്താണ്. ഓരോ പോയിന്റ് വീതമുള്ള കാമറൂണും സെര്‍ബിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.

12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു. എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം മിനിറ്റില്‍ വിനീഷ്യസിനും കിട്ടി ഒരവസരം. റഫീഞ്ഞയുടെ പാസ് ബോക്‌സില്‍ കണക്റ്റ് ചെയ്യാനുള്ള വിനിഷ്യസിന്റെ ശ്രമം ഗോള്‍ കീപ്പര്‍ തടുത്തിട്ടു. റഫീഞ്ഞയുടെ ഷോട്ട് സോമര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല.

രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായിട്ടാണ് ബ്രസീല്‍ ഇറങ്ങിയത്. പക്വേറ്റയ്ക്ക് പകരം റോഡ്രിഗോ കളത്തിലെത്തി. ആദ്യ 45 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം മാത്രം നടത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് അല്‍പം കൂടി ആക്രമിച്ചു കളിക്കാന്‍ തുടങ്ങി. 53-ാം മിനിറ്റില്‍ അവര്‍ക്ക് ആദ്യ അവസരവും ലഭിച്ചു. വിഡ്മറുടെ നിലംപറ്റെയുള്ള ക്രോസ് ബ്രസീലിയന്‍ ബോക്‌സിലേക്ക്. ഫാബിയന്‍ റീഡര്‍ സ്ലൈഡ് ചെയ്തുനോക്കിയെങ്കിലും ശരിയായ രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല.

റീബൗണ്ടില്‍ ഗോള്‍ നേടാനുള്ള ശ്രമം ഫ്രേഡ് തടയുകയും ചെയ്തു. 57-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഗോള്‍ശ്രമം പുറത്തേക്ക്. 64-ാം മിനിറ്റില്‍ സ്വിസ് വലയില്‍ പന്തെത്തി. കസെമിറോയുടെ ലോംഗ് ബോള്‍ വിനിഷ്യസിന്. വിഡ്മറുടെ സ്ലൈഡിംഗ് ചലഞ്ച് അതിജീവിച്ച വിനിഷ്യസി പന്ത് വലയിലെത്തിച്ചു. ബ്രസീല്‍ ആഘോഷവും തുടങ്ങി. എന്നാല്‍ വാറില്‍ വിനിഷ്യസ് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. 83-ാം മിനിറ്റില്‍ കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.

വെള്ളിയാഴ്ച ലണ്ടനിൽ നടന്ന ‘രംഗ്’- ഇന്റർനാഷണൽ കുച്ചിപ്പുഡി ഡാൻസ് ഫെസ്റ്റിവൽ 2022 ൽ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകൾ അനൗഷ്ക സുനക് നിരവധി കുട്ടികൾക്കൊപ്പം കുച്ചിപ്പുടി അവതരിപ്പിച്ചു.

ഇന്ത്യ@75 ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച നൃത്തോത്സവം പ്രശസ്ത കുച്ചിപ്പുടി നർത്തകി അരുണിമ കുമാറാണ് ക്യൂറേറ്റ് ചെയ്തത്, അവിടെ 4 മുതൽ 85 വയസ്സ് വരെ പ്രായമുള്ള 100 കലാകാരന്മാർ സംഭവബഹുലമായ വർഷത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. പരിപാടിയിൽ അവതരിപ്പിച്ചതിന് ശേഷം 9 വയസ്സുള്ള അനൗഷ്‌ക പറഞ്ഞു: “ഞാൻ വന്ന രാജ്യമാണ് ഇന്ത്യ. കുടുംബവും വീടും സംസ്കാരവും ഒത്തുചേരുന്ന സ്ഥലമാണിത്. എല്ലാ വർഷവും അവിടെ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.

“എനിക്ക് കുച്ചിപ്പുടിയും നൃത്തവും ഇഷ്ടമാണ്, കാരണം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ നിങ്ങളുടെ എല്ലാ ആശങ്കകളും സമ്മർദങ്ങളും ഇല്ലാതാകും, ഒപ്പം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന നിമിഷത്തിലാണ് നിങ്ങൾ. സ്റ്റേജിൽ ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ”

ഈ വർഷം ഒക്ടോബറിൽ ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. അതിനുമുമ്പ് അദ്ദേഹം ഖജനാവിന്റെ ചാൻസലറായിരുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ നാരായണ മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവർക്ക് രണ്ട് പെൺമക്കളുണ്ട് – കൃഷ്ണയും അനൗഷ്ക സുനക്കും.

അദ്ദേഹം പ്രധാനമന്ത്രിയായി നിയമിതനായി ഒരു മാസത്തിന് ശേഷം, ഭരണത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയേക്കാൾ ശക്തമായ നിലയിലാണ് അദ്ദേഹത്തിന്റെ ജനപ്രീതി നിലനിൽക്കുന്നതെന്ന് ഒരു സർവേ കണ്ടെത്തി.

എന്നിരുന്നാലും, ലിസ് ട്രസിന് ശേഷം ചുമതലയേറ്റ സുനക്ക്, അദ്ദേഹത്തിന്റെ മുൻഗാമികളായ ബോറിസ് ജോൺസണും ലിസ് ട്രസും വിമതർ നേരിടുന്നതായി റിപ്പോർട്ടുണ്ട്, അവർ തന്റെ സർക്കാരിന്റെ വിവാദ നികുതി വർദ്ധനയ്ക്കും ഇംഗ്ലണ്ടിലെ പുതിയ കടൽത്തീര കാറ്റാടി പദ്ധതികൾ അനുവദിക്കാൻ വിസമ്മതിച്ചതിനും സുനക്കിനെ വിളിച്ചു.

പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്.

കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.

സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയിൽ പറഞ്ഞു.

രണ്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മുങ്ങിമരിച്ചു. തെലങ്കാനയിൽ നിന്നുള്ള ഉത്തേജ് കുന്ത (24), ശിവ കെല്ലി​ഗരി (25) എന്നിവരാണ് മരിച്ചതെന്ന് മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് സ്ഥിരീകരിച്ചു. മിസ്സൂറിയിലെ ലേക്ക് ഓഫ് ദ ഒസാർ‍ക്ക്സ് റിസർവോയറിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് ലൂയിസ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തരബിരുദ വിദ്യാർഥികളാണ്.

ആദ്യം നീന്താനിറങ്ങിയ ഉത്തേജ് മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിവയും അപകടത്തിൽ പെടുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച 2:20 ഓടെ യുവാക്കളെ കാണാതായതായി അറിയിച്ച് ഹൈവേ പട്രോളിന് കോളുകള്‍ ലഭിച്ചതായി മിസ്സൂറി സ്റ്റേറ്റ് ഹൈവേ പോലീസ് ട്വീറ്റിലൂടെ വ്യക്തമാക്കി. തിരച്ചിലാരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷം ഉത്തേജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ശിവയുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടെത്താനായതെന്ന് പോലീസ് പറഞ്ഞു.

രക്ഷിക്കാനപേക്ഷിച്ചുള്ള നിലവിളി കേട്ടയുടനെ തന്നെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചറിയിച്ചതായി യുവാക്കൾ താമസിച്ചിരുന്ന എയര്‍ബിഎന്‍ബിയുടെ മാനേജര്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ വെള്ളത്തിലേക്ക് ചാടി ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹങ്ങള്‍ വൈകാതെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി.രാമറാവു അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ചെല്ലപ്പന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ ഭാര്യ ലൂര്‍ദ് മേരി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലൂര്‍ദ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Copyright © . All rights reserved