കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിലവര്‍ധനയെ താരതമ്യം ചെയ്ത് വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ സന്ദീപ് വാര്യര്‍. ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവര്‍ മലയാളികളാണെന്നും സന്ദീപ് വാര്യര്‍ പറയുന്നു. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിക്കുന്നു.
കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ, തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ ആണെന്നും കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നതെന്നും സന്ദീപ് പറയുന്നു.
കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപ
തമിഴ്നാട്ടിലും കര്‍ണാടകയിലും 5 രൂപ
മാത്രമല്ല തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബസ് യാത്ര സൗജന്യമാണ്. അതേ സമയം കേരളത്തില്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥ ഇത്രയും ചാര്‍ജ് വാങ്ങിയിട്ടും എത്ര പരിതാപകരമാണ് ?
കേരളത്തില്‍ പാല്‍ വില (toned milk) 52 രൂപ ലിറ്ററിന്
തമിഴ്‌നാട്ടില്‍ പാല്‍ വില (toned milk) 40 രൂപ
കര്‍ണാടകയില്‍ പാല്‍ വില (toned milk) 39 രൂപ
അരി, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവക്കെല്ലാം പിന്നെ പറയേണ്ടതില്ലല്ലോ . പെട്രോളിനും ഡീസലിനും കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തേക്കാള്‍ വിലക്കുറവാണ്. കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 37 ശതമാനം മദ്യത്തില്‍ നിന്നും ലോട്ടറിയില്‍ നിന്നുമാണ്. എംഎ യൂസഫലിയോ രവി പിള്ളയോ മമ്മൂട്ടിയോ മോഹന്‍ലാലോ ബിവറേജില്‍ ക്യൂ നില്‍ക്കുന്നതോ ലോട്ടറി വാങ്ങുന്നതോ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?
അപ്പോള്‍ കേരളത്തിന് ഏറ്റവുമധികം നികുതി നല്‍കുന്നത് ആരാണ് ? എല്ലുമുറിയെ പണിയെടുത്ത് വൈകീട്ട് വീട്ടിലേക്ക് പോകും മുമ്പ് ബിവറേജില്‍ പോയി അര ലിറ്റര്‍ മദ്യം വാങ്ങുന്ന കൂലിപ്പണിക്കാരനായ മലയാളി , എന്നെങ്കിലുമൊരിക്കല്‍ താനും ധനികനാകും എന്ന പ്രതീക്ഷയില്‍ ഭാഗ്യം പരീക്ഷിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മലയാളി … കുടുംബത്തിലേക്ക് പോകേണ്ട പണമാണ് മദ്യത്തിലും ലോട്ടറിയിലും പാവപ്പെട്ടവര്‍ ചിലവാക്കുന്നത്. അവരില്‍ നിന്നാണ് അന്യായമായ നിരക്കില്‍ നികുതി പിഴിഞ്ഞെടുക്കുന്നത്.
ധനികര്‍ക്ക് കൂടുതല്‍ നികുതി ചുമത്തി പാവപ്പെട്ടവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന് വാചകമടിക്കുന്ന മാര്‍ക്‌സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവര്‍ക്ക് അധികാരമുള്ള സ്ഥലങ്ങളില്‍ പാവങ്ങളുടെ പോക്കറ്റടിക്കുകയല്ലേ ചെയ്യുന്നത് ?
കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പുതിയൊരു ബജറ്റിലേക്ക് കേരളം പോകുമ്പോള്‍ മലയാളിക്ക് മേല്‍ എന്തൊക്കെ അധിക ഭാരമാണ് വരാന്‍ പോകുന്നത് ? ഏഴ് വര്‍ഷമായി തോമസ് ഐസക്ക് വായ്ത്താളമടിച്ചിരുന്ന കിഫ്ബി പൂട്ടിക്കെട്ടുന്നു. ഇനിയും കടം വാങ്ങിക്കൂട്ടിയാല്‍ പാകിസ്താന്റേയോ ശ്രീലങ്കയുടെയോ അവസ്ഥയിലേക്ക് കേരളമെത്തും.
ഭീമമായ തുക ജി എസ് ടി വിഹിതം നല്‍കിയില്ല എന്ന വ്യാജപ്രചാരണം പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ തകര്‍ത്തെറിഞ്ഞു. കേന്ദ്രത്തില്‍ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് വാങ്ങേണ്ട ഗതികേടുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം . അതേ സമയം കേരളത്തിന്റെ ടാക്‌സ് ബേസ് വര്‍ധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നുമില്ല.
ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്ന ബാലഗോപാലിന് തോമസ് ഐസക്ക് കൊടുക്കുന്ന ടിപ്‌സ് എന്തായിരിക്കും ? സ്ഥാനത്തും അസ്ഥാനത്തും ജി സുധാകരന്‍ മുതല്‍ സ്‌കൂള്‍ കുട്ടികളുടെ വരെ കവിതകള്‍ ചൊല്ലുക, ലോജിക്കലായ സംശയങ്ങള്‍ക്ക് ഇളിഭ്യച്ചിരിയോടെ മറുപടി പറയാതിരിക്കുക .. അങ്ങനെയൊക്കെ ആവാം . അല്ലാതെ കേരളം രക്ഷപ്പെടുത്താനുള്ള ഒരു ആശയവും ഇടതുപക്ഷത്തിന്റെ കൈവശം ഇല്ല .
മഹാരാഷ്ട്രയിലെ പൂനെയിലെ ഒരു കുടുംബത്തിലെ ഏഴു പേർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മോഹൻ പവാർ (45), ഭാര്യ സംഗീത മോഹൻ (40), മകൾ റാണി ഫുൽവാരെ (24), മരുമകൻ ശ്യാം ഫുൽവാരെ (28), ഇവരുടെ മൂന്ന് വയസിനും ഏഴ് വയസിനും ഇടയിലുള്ള മൂന്ന് കുട്ടികൾ എന്നിവരേയാണ് ഭീമ പുഴക്കരയിൽ പാരഗൺ പാലത്തിനടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനുവരി 18നും 24നുമിടയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മോഹൻ പവാറിന്റെ ബന്ധുക്കളും സഹോദരങ്ങളുമായ അശോക് കല്യാൺ പവാർ, ശ്യാം കല്യാൺ പവാർ, ശങ്കർ കല്യാൺ പവാർ, പ്രകാശ് കല്യാൺ പവാർ, കാന്താഭായ് സർജെറൊ ജാധവ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മകനെ കൊന്നതിന്റെ പ്രതികാരമായാണ് ഇവർ ഏഴുപേരെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളിൽ ഒരാളായ അശോക് പവാറിന്റെ മകൻ ധനഞ്ജയ് പവാർ കുറച്ചു മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് നിലവിൽ നിൽക്കുന്നുണ്ട്. ധനഞ്ജയിയുടെ മരണത്തിന് കാരണം മോഹന്റെ മകനാണെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെയാണ് കുടുംബത്തിലെ ഏഴ് പേരെയും വകവരുത്തിയത്.
ഷാരൂഖ് ചിത്രം പത്താന്റെ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്ത്. ന്യൂസിലാന്‍ഡില്‍ നിന്നുള്ള ആരാധകര്‍ക്കാണ് ഇന്ത്യയില്‍ റിലീസാകും മുന്‍പ് ചിത്രം കാണാന്‍ അവസരം ലഭിച്ചത്. നാല് വര്‍ഷത്തിന് ശേഷമുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചുവരവാണ് പത്താനിലൂടെ ഉണ്ടായതെന്ന് സിനിമ കണ്ടിറങ്ങിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉയരെ നില്‍ക്കുന്ന അനുഭവമാണ് പത്താന്‍ സമ്മാനിച്ചതെന്ന് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു. രാവിലെ ആറ് മണി മുതലാണ് ഇന്ത്യയിലെ പത്താന്റെ പ്രദര്‍ശനം ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 5200 സ്‌ക്രീനുകളിലാണ് പത്താന്‍ റിലീസ് ചെയ്യുന്നതെന്ന് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പുറത്ത് 2500 സ്‌ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നടത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
‘സീറോ’ എന്നായിരുന്നു ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കനത്ത പരാജയം ഷാറുഖ് യുഗത്തിന് അവസാനമായെന്നുവരെ പലരും അടക്കം പറഞ്ഞു. അതൊക്കെ ഇനി വെറും പഴങ്കഥകൾ. ബോക്സ് ഓഫിസിന്റെ രാജാവിന് ‘സീറോ’ മാർക്ക് നൽകിയവർക്ക് നൂറ് മാർക്കിന്റെ മറുപടിയുമായാണ് കിങ് ഖാൻ പഠാനിൽ എത്തുന്നത്. മാസ് ആക്‌ഷൻ റോളിൽ ഷാറുഖ്, ധൂം സിനിമയിലെ കബീർ ശർമയെ കടത്തിവെട്ടുന്ന വില്ലൻ വേഷത്തിൽ ജോൺ, ലുക്കിലും അഴകിലും നിറഞ്ഞു നിൽക്കുന്ന ദീപിക… ഒപ്പം ഹൈ വോൾട്ടേജ് മാസ് ആക്‌ഷൻ രംഗങ്ങള്‍. പഠാൻ സിനിമയെക്കുറിച്ച് ചുരുക്കി പറയാനുള്ളത് ഇതാണ്.
2019-ല്‍ കശ്മീരിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു. തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പഠാന്‍. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പഠാൻ സിനിമയുടെ പ്രമേയം.
മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടാലും ഷാറുഖ് ഖാൻ എന്ന സൂപ്പർതാരത്തിന്റെ മാനറിസങ്ങളും സ്വാഗും പഠാനെ ചടുലമാക്കുന്നു. യഷ് രാജ് ഫിലിംസ് രൂപം നല്‍കുന്ന സ്പൈ യൂണിവേഴ്സിന്‍റെ ആദ്യ ചിത്രമാണ് പഠാന്‍. ഹൃതിക് റോഷന്റെ വാർ സിനിമയിലെ കേണൽ ലുത്ര അടക്കമുള്ള കഥാപാത്രങ്ങൾ പഠാനിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ വലിയൊരപകടത്തിൽപെടുന്ന പഠാനെ രക്ഷിക്കാനായെത്തുന്നത് ഈ യൂണിവേഴ്സിലെ അംഗമായ മറ്റൊരു സൂപ്പർതാരമാണ്. കഥയിലും പരിസരത്തിലും കഥാ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തിയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകളെല്ലാം സംവിധായകൻ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയിട്ടുണ്ട്. ജോൺ ഏബ്രഹാമിന്റെ ജിം എന്ന വില്ലന്‍ കഥാപാത്രം തന്നെ ഇതിനുദാഹരണം. നായകനൊത്ത വില്ലന്റെ അഭാവം പല ബിഗ് ബജറ്റ് സിനിമകളിലും പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. എന്നാൽ ഷാരൂഖിന് ഒത്ത എതിരാളിയായി കളത്തിലുടനീളം ജോൺ നിറഞ്ഞു നിൽക്കുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ കഥയിലേക്ക് അടുപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ കൂടി ഉണ്ടായെങ്കിൽ കൂടുതൽ നന്നായേനെ.
ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷാറുഖ് സ്ക്രീനിലുണ്ട്. ‘പഠാന്‍ മരിച്ചിട്ടില്ല’ എന്ന് ഡയലോഗ് മുതല്‍ പിന്നീടങ്ങോട്ട് മാസ് രംഗങ്ങൾ നിരവധി. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും അതൊന്നും ഒരു തരത്തിലും ചിത്രത്തിനെ ബാധിക്കില്ലെന്ന് വ്യക്തം. അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായ പഠാനായി ഷാരൂഖ് സ്ക്രീനില്‍ നിറയുന്നു. പ്രേക്ഷകരെ വശീകരിക്കുന്ന ലുക്കുമായി എത്തുന്ന ദീപിക പദുക്കോണും പഠാന്റെ സുന്ദര കാഴ്ചയാണ്. എടുത്തു പറയേണ്ടത് ദീപികയുടെ ആക്‌ഷന്‍ സീനുകളാണ്. ഗാനരംഗങ്ങളിലും ദീപികയുടെ സ്ക്രീൻപ്രസൻസ് അതിമനോഹരം. റൂബിന എന്ന ഏജന്റിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഡിംപിള്‍ കപാഡിയയുടെ അഭിനയപ്രകടനവും പഠാന്റെ മുതല്‍ക്കൂട്ടാണ്. ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അധികം വലിച്ചു നീട്ടാതെ രണ്ട് മണിക്കൂർ നാൽപത് മിനിറ്റിൽ നീതി പുലർത്തിയ എഡിറ്റിങ് ആണ് ആരിഫ് ഷെയ്ഖിന്റേത്. സഞ്ജിത് ആൻഡ് അഞ്ജിത് ബൽഹരയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പഠാന്റെ പ്രധാന ആകർഷണമാണ്. ജൂമേ ജോ പഠാൻ എന്ന ഗാനം ടെയ്ൽ എൻഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ സിനിമയുടെ പ്രകടമായ ദൃശ്യാനുഭവം ആസ്വദിക്കണമെങ്കിൽ ഐമാക്സ് സ്ക്രീൻ തന്നെ േവണ്ടിവരും.
മിഷൻ ഇംപോസിബിൾ സിനിമകളിലെ മിഷൻ രംഗങ്ങളുടെ സാമ്യം പഠാനിൽ പ്രകടമാണ്. റഷ്യ, അഫ്ഗാനിഥാൻ, സ്പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. സംഘടന രംഗങ്ങളും, വിഎഫ്എക്സും പഠാന്റെ പ്രധാന ഹൈലൈറ്റ് ആണ്. ബോളിവുഡിനുതകുന്ന ബജറ്റിൽ മോശമല്ലാത്ത രീതിയിൽ വിഎഫ്എക്സ് ചിത്രത്തില്‍ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും സെറ്റ് ഇട്ട് ചെയ്തിരിക്കുന്നതാണെന്നതും വ്യക്തമാണ്. ഷാരൂഖ് ഖാന്റെ ഇൻട്രൊ സീനിലെ ആക്‌ഷൻ രംഗങ്ങൾ അത്യുഗ്രനാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. എന്നാൽ ജോണും ഷാരൂഖും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളിൽ ഈ പൂര്‍ണത കൊണ്ടുവരാൻ ആക്‌ഷൻ ഡയറക്ടേഴ്സിനായില്ല.
ആകെ മൊത്തത്തിൽ പഠാൻ ഒരു സമ്പൂർണ എന്റെർടെയിനറാണ്. ഷാരൂഖ് ആരാധകർക്ക് ഏറെക്കാലത്തിനു ശേഷം ആസ്വദിക്കാനും ആവേശത്തിലാറാടാനും ലഭിക്കുന്ന അവസരമാണ് ഇൗ സിനിമ. ലോജിക്കില്ലാതെ മാസും മസാലയും നിറച്ച് കയ്യടിക്കും ആർപ്പു വിളികൾക്കും വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രം തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്.
ഷാരൂഖ് ഖാനൊപ്പം , ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ താരങ്ങളും അവരുടെ ബന്ധുക്കളുമൊത്ത് ഇന്നലെ പത്താന്റെ പ്രത്യേക പ്രദര്‍ശനം യഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍ കണ്ടിരുന്നു.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞെന്ന് ആരോപിച്ച് ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ സ്‌കുപ്സ്‌കി-ക്രാവ്ചിക് സഖ്യത്തെ തോല്‍പിച്ചാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. സൂപ്പര്‍ ട്രൈബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 7-6(5), 6-7(5), 10-6.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലാത്വിയന്‍-സ്പാനിഷ് ജോഡിയായ ജെലീന ഒസ്റ്റാപെങ്കോയില്‍ നിന്ന് വാക്കോവര്‍ നേടിയാണ് ഇന്ത്യന്‍ ജോഡി ചൊവ്വാഴ്ച സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്.ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണ്‍ തന്റെ വിരമിക്കല്‍ ടൂര്‍ണമെന്റാണെന്ന് മുന്‍പേ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാന്‍സ്ലാം ചാംപ്യന്‍ഷിപ്പാണിത്.
In a fitting farewell, @MirzaSania‘s last dance will take place on the grandest stage!
She and @rohanbopanna 🇮🇳 have qualified for the Mixed Doubles Final!@wwos • @espn • @eurosport • @wowowtennis • #AusOpen • #AO2023 pic.twitter.com/qHGNOvWMoC
— #AusOpen (@AustralianOpen) January 25, 2023
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍.
അതിനിടെ നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് വിശ്രമം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എഴുപത് ദിവസമായി ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. തുടര്‍ച്ചയായി ജോലി ചെയുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിശ്രമം അനുവദിച്ചത്. ബാക്കിയുള്ള നാണയങ്ങള്‍ ഫെബ്രുവരി 5 മുതല്‍ എണ്ണും.
നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസം എടുക്കും. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ പൂര്‍ത്തിയായത്.
നോട്ടും നാണയവും കൂടെ 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി എണ്ണിത്തീരാനുളളത് 15-20 കോടിയോളം രൂപയുടെ നാണയമാണെന്നാണ് നിഗമനം. ഒമ്പത് മണിക്കൂറാണ് തുടര്‍ച്ചയായി നാണയമെണ്ണുന്നത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും.
ഇങ്ങനെ വേര്‍തിരിക്കുന്ന നാണയങ്ങള്‍ അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി ചെയ്യുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുന്നുമുണ്ട്.
മോഹന്‍ലാലിനെ ‘നല്ല ഗുണ്ട’ എന്നുവിശേഷിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മോഹന്‍ലാലിനെ ഇങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം അടൂര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കാണാത്തതുകൊണ്ടാണെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു വിമര്‍ശനം.
അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ് എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണെന്നും അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം എഴുതി.
സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മോഹന്‍ലാല്‍ എന്നും വലിയ നടനാണ്, വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ. പക്ഷേ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്’ എന്നുപറഞ്ഞുകൊണ്ടാണ് ധര്‍മജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്
മോഹന്‍ലാല്‍ എന്ന നടന്‍ ഞങ്ങള്‍ക്ക് വലിയ ആളാണ് അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലന്‍ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂര്‍ സാറിന് ലാലേട്ടന്‍ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശങ്ങളുള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. കഴിഞ്ഞ ദിവസം യുകെ സമയം രാത്രി 9 മണിക്കായിരുന്നു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററിയുടെ സംപ്രേഷണം. അതായത് ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്.
നരേന്ദ്ര മോദി 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് ഡോക്യുമെന്‍ററിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം ഇന്ത്യയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ബിബിസി രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ സമൂഹ മാധ്യമങ്ങൾ ഇതേ തുടർന്ന് കർശനമായ നിരീക്ഷണത്തിലുമായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ എതിർപ്പുകൾ മറികടന്നാണ് ഇപ്പോൾ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ സംപ്രേഷണം ഇപ്പോൾ ലഭ്യമല്ല.
യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. കലാപങ്ങളെ കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം വളരെ വിശദമായ റിപ്പോര്‍ട്ടാണ് നൽകിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്‌ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
‘ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവര്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കിയത്’– ജാക് സ്ട്രോ പറഞ്ഞു.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടായ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചിരുന്നു. മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസി അധികൃതർ ഇപ്പോഴും. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കയും വിലക്ക് ലംഘിച്ച് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അമ്പലപ്പുഴയിൽ നവവധു വിവാഹത്തിനു മുൻപേ ഗർഭിണിയായ സംഭവത്തിൽ ഭർത്താവിൻറെ പരിചയക്കാരനായ വ്യാപാരിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു .47കാരനായ നൈസാമിനെ ആണ് നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത് .
കരൂർ മാളിയേക്കൽ നൈസാം ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി അമ്പലപ്പുഴ പോലീസ് കേസെടുത്തു .കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി നൈസാം വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയിട്ട് .
കഴിഞ്ഞവർഷം ഡിസംബർ 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെതുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവാഹത്തിനു മുൻപേ യുവതി ഗർഭിണിയാണെന്ന വിവരം ഭർത്താവിൻറെ വീട്ടുകാർ അറിഞ്ഞു .തുടർന്നാണ് അഞ്ചു വർഷത്തോളം നീണ്ട പീഡന വിവരം പുറത്താകുന്നത് .വ്യാപാരിയായ നൈസാം മുൻകൈയെടുത്താണ് പരിചയത്തിലുള്ള യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. യുവതിയെ നൈസാം 16 വയസ്സു മുതൽ പീഡനത്തിനിരയാകുകയായിരുന്നു.
എന്ന് യുവതി പോലീസിനോട് മൊഴിനൽകി. നൈസാമിൻറെ ഉപ ദ്രവം സഹിക്കാതെ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കടയിൽ നിന്നും പുറത്താക്കിയിരുന്നു .തുടർന്ന് നൈസാം തന്നെ മാസങ്ങൾക്ക് ശേഷം വീട്ടിലെത്തി പെൺകുട്ടിയെ തിരികെ കടയിലേക്ക് കൊണ്ടുപോയി. ഇനി ഉപദ്രവം ഉണ്ടാകില്ല എന്ന ഉറപ്പിന്മേൽ ആയിരുന്നു പെൺകുട്ടിയെ ജോലിയിൽ പ്രവേശിച്ചത് .എന്നാൽ ഇയാൾ നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജിൽ മുറിയെടുത്തു മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു ,
എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത് . പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം കഴിഞ്ഞ അഞ്ച് വർഷമായി പീഡനം തുടരുകയായിരുന്നു .വിവരമറിഞ്ഞ് നാട്ടുകാർ നൈസാമിനെ തടഞ്ഞുവെച്ച് മർദ്ദിച്ച ശേഷം പോലീസിലേൽപ്പിച്ചു .ദേഹമാസകലം പരിക്കേറ്റ് നൈസാമിനു ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ നൽകിയ ശേഷം അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരൂർ മാളിയേക്കൽ 47കാരനായ നൈസാം ആണ് പോലീസ് പിടിയിലായത്.
കരൾ സംബന്ധിച്ച അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന കുട്ടനാട് പുളിങ്കുന്ന് വെള്ളറയ്ക്കൽ സിന്നിച്ചൻ – സിജി ദമ്പതികളുടെ രണ്ടാമത്തെ മകൾ സേറ അന്ന ജോസഫ് ആണ് അന്തരിച്ചത്. ജന്മനാ കരൾ സംബന്ധിച്ച അസുഖം ഉണ്ടെന്ന് അറിഞ്ഞ കുട്ടിക്ക് പിതാവ് കരൾ പകുത്തുനല്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം 23 ദിവസം അമൃത ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് കുട്ടി മരണമടഞ്ഞത്. കുടുംബസമേതം സൗദിയിൽ താമസിക്കുന്ന സിന്നിച്ചൻ മകളുടെ അസുഖത്തെ തുടർന്ന് കരൾ പകുത്തു നൽകുന്നതിനും മകളുടെ ചികിത്സയ്ക്കുമായി നാട്ടിൽ തുടരുകയായിരുന്നു. സംസ്കാരം നാളെ (26.01.2023) രാവിലെ പത്തുമണിക്ക് മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ.
മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറില്‍ നിന്നും ലഭിച്ച ഹൃദ്യമായ കുറിപ്പാണ് ഹൃദയങ്ങള്‍ നിറയ്ക്കുന്നത്.
അമ്മ വീട്ടിലില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണം എന്നാണ് ചോറിന് ഒപ്പം വച്ച കുറിപ്പില്‍ പറയുന്നത്. സ്‌കൂള്‍ കുട്ടിയുടേതെന്ന് തോന്നിക്കുന്ന വിധം അക്ഷരത്തെറ്റുകളോടെയുള്ളതാണ് കത്ത്.
മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോന്‍ജിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്‍പ് പൊതിച്ചോറിനുള്ളില്‍ പൈസ നല്‍കിയ കാരുണ്യ മനസ്സുകളും സോഷ്യലിടത്ത് വൈറലായിരുന്നു.
രാജേഷ് മോന്‍ജിയുടെ പോസ്റ്റിങ്ങനെ:
‘ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dyfi നല്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണം പൊതിച്ചോറില്‍ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്‌കൂളില്‍ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്.
ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നല്‍കേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം.
തങ്ങളുടെ പൊതിച്ചോറിനായി കാത്തു നില്‍ക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞിട്ടുണ്ടാവുക! താന്‍ നിര്‍വ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോര്‍ ഒരാശുപത്രിയില്‍ത്തന്നെ കൊടുക്കാന്‍ പറ്റണമെങ്കില്‍ എത്ര വീടുകളില്‍, എത്ര മനുഷ്യര്‍, ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന, അവര്‍ക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം!
‘അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതില്‍ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിര്‍മ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
ഒരു നേരമെങ്കിലും ആ വരിയില്‍ നിന്ന് പൊതിച്ചോര്‍ വാങ്ങാനിടവന്നവര്‍ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓര്‍ത്തു കാണണം. പൊതിച്ചോര്‍ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാര്‍ വീട്ടില്‍ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം??
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.??
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം??)