ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം അറിയിച്ചത്.
ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറും ഇന്നലെ പറഞ്ഞിരുന്നു. അറച്ച് നില്‍ക്കുന്നത് എന്തിന്. ലോകത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ആരുടെയും അനുവാദത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. സോഷ്യല്‍മീഡിയയില്‍ നിയന്ത്രിക്കാം. രാജ്യത്ത് ആരും കാണാന്‍ പാടില്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക.”കെ അനില്‍കുമാര്‍ പറഞ്ഞു.
ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിനോടും ട്വിറ്ററിനോടും കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്യുമെന്ററി രാജ്യത്ത് ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു.
ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. വിവാദവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കിയിരുന്നു. വബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും ബിബിസി അറിയിച്ചിരുന്നു.
തെലുങ്ക് നടൻ സുധീർ വർമയെ മരിച്ച നിലയിൽ കണ്ടെത്തി. 33 വയസായിരുന്നു. ജനുവരി 18-ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ സുധീറിനെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായില്ല. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനുവരി 20-ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. നാടക രംഗത്ത് നിന്നാണ് സുധീർ സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാൻഡ് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
‘കുന്ദനപ്പു ബൊമ്മ’യിൽ സുധീർ വർമയോടൊപ്പം അഭിനയിച്ച സുധാകർ കൊമകുലയാണ് നടന്റെ മരണ വാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. യുവനടന്റെ മരണത്തിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലായിരുന്നു താരമെന്നും അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശനായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.
ക്രിസ്ത്യാനികളുടെ എണ്ണം വളരെ കൂടുതലുണ്ടായിരുന്ന ബ്രിട്ടനില്‍ ലക്ഷക്കണക്കിന് പേര്‍ മതമില്ലാത്തവരായി മാറുന്നുവെന്ന് കണക്കുകള്‍. ാലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തോട് വിട പറഞ്ഞത്.
2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കിയത് 8 മില്ല്യണിലേറെ ജനങ്ങളാണ്, 57 ശതമാനമാണ് വര്‍ദ്ധന. രാജ്യത്തെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 2011-ല്‍ 33.25 മില്ല്യണോളം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം 2021 സെന്‍സസില്‍ 27.5 മില്ല്യണായാണ് ചുരുങ്ങിയത്. എന്നാല്‍ സാത്താനിസം പോലുള്ള മതവിശ്വാസങ്ങള്‍ പോലും ഈ ഘട്ടത്തില്‍ ജനപ്രിയമായി മാറിയെന്നത് എടുത്തു പറയേണ്ടുന്ന വിഷയമാണ്.
നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ 2011-ലെ കണക്കുകളില്‍ നിന്നും ഏകദേശം 410,000 കുറവ് ക്രിസ്ത്യാനികളാണ് 2021-ലെത്തുമ്പോള്‍ ഉള്ളത്. 1.75 മില്ല്യണില്‍ നിന്നും 1.3 മില്ല്യണായാണ് വിശ്വാസികളുടെ എണ്ണം ഇടിഞ്ഞത്. അതേസമയം ഈ മേഖലയില്‍ മതമില്ലാത്തവരുടെ എണ്ണത്തില്‍ 450,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 74% വര്‍ദ്ധന. ഒരു മതവിശ്വാസമെങ്കിലും ഉള്ളവരുടെ എണ്ണം ഒരു മില്ല്യണായും വര്‍ദ്ധിച്ചു. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ക്രിസ്തീയ വിശ്വാസത്തെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2021 സെന്‍സസില്‍ 850,000 കുറവ് ആളുകളാണ് ക്രിസ്ത്യാനിയാണെന്ന് രേഖപ്പെടുത്തിയത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 93-ാം വയസ്സില്‍ വിവാഹിതനായി എഡ്വിന്‍ ആല്‍ഡ്രിന്‍. വെള്ളിയാഴ്ച തന്റെ 93-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ആല്‍ഡ്രിന്റെ വിവാഹം. അദ്ദേഹത്തിന്റെ നാലാമത്തെ വിവാഹമാണിത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ആല്‍ഡ്രിന്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
കെമിക്കല്‍ എന്‍ജിനിയറിംഗില്‍ പിഎച്ച്ഡി നേടിയ 63കാരിയായ ഡോ. ആന്‍ക ഫൗറിനെയാണ് ആല്‍ഡ്രിന്‍ വിവാഹം കഴിച്ചത്. ആല്‍ഡ്രിന്റെ കമ്പനിയായ ബസ് ആല്‍ഡ്രിന്‍ വെഞ്ചേഴ്‌സിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അന്‍ക. ലോസ്ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നീല്‍ ആംസ്‌ട്രോംഗിന് പിന്നാലെ ചന്ദ്രനില്‍ കാലുകുത്തിയ വ്യക്തിയാണ് ബസ് ആല്‍ഡ്രിന്‍ (എഡ്വിന്‍ ആല്‍ഡ്രിന്‍). 1969 ജൂലായ് 21നാണ് അമേരിക്കയുടെ അപ്പോളോ 11 യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രോപരിതലത്തിലിറങ്ങിയ ആദ്യ മനുഷ്യനായി ചരിത്രം കുറിച്ചത്. 19 മിനിട്ടുകള്‍ക്ക് ശേഷമാണ് ബസ് ആല്‍ഡ്രിന്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ദൗത്യ സംഘത്തിലെ മൂന്നാമനായ മൈക്കല്‍ കോളിന്‍സ് അപ്പോള്‍ കമാന്‍ഡ് മോഡ്യൂളിനെ നിയന്ത്രിച്ച് ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു.
രണ്ട് മണിക്കൂര്‍ ആംസ്‌ട്രോംഗും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ തുടര്‍ന്നു. ജൂലായ് 24ന് മൂവരും വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി. നീല്‍ ആംസ്‌ട്രോംഗ് 2012ല്‍ 82-ാം വയസിലും മൈക്കല്‍ കോളിന്‍സ് 2021ല്‍ 90-ാം വയസിലും അന്തരിച്ചു. ചന്ദ്രനില്‍ ഇതുവരെ കാലുകുത്തിയ 12 പേരില്‍ ജീവിച്ചിരിക്കുന്ന നാല് പേരില്‍ ഒരാളാണ് ആല്‍ഡ്രിന്‍. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലിറങ്ങിയ അപ്പോളോ 17 ആണ് അവസാനമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്.
ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് യുഎസ് എയര്‍ഫോഴ്‌സ് ഓഫീസറായിരുന്ന ആല്‍ഡ്രിന്‍ കൊറിയന്‍ യുദ്ധത്തിലടക്കം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 1966ല്‍ നാസയുടെ ജെമിനി 12ലൂടെയും ആല്‍ഡ്രിന്‍ ബഹിരാകാശത്ത് എത്തിയിരുന്നു. 1971ല്‍ അദ്ദേഹം നാസയില്‍ നിന്ന് വിരമിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി 100 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും കോടതി വിധിച്ചു. രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്.
ഇത് പെൺകുട്ടിയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയേണ്ടിവരും. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം.ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനുവിന്റെ ക്രൂരത പുറത്ത് വന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ, പ്രതിയായ സഹപ്രവർത്തകൻ തമിഴ്നാട് സ്വദേശി മഹേഷ് (45) ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ജുബൈലിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിച്ചു.
പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. തമിഴ്നാട് ചെന്നൈ സ്വദേശിയായ മഹേഷ് അഞ്ചു വർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുകയാണ്.
താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെൺമക്കളുണ്ട്. കമ്പനി അധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈൽ ജനറൽ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നു.
ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് , ഷിജുദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആർ ഒ കാന്റീനിലെ താത്ക്കാലിക ജീവനക്കാരാണ്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഗുജറാത്ത് ജഡ്ജി. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാ കോടതിയിലെ ജഡ്ജി സമീര്‍ വിനോദ്ചന്ദ്ര വ്യാസിന്റെ പരാമര്‍ശം.
കഴിഞ്ഞ നവംബറില്‍ വന്ന വിധി ഇപ്പോഴാണ് ചര്‍ച്ചയായത്. 22-കാരനായ മുഹമ്മദ് അമീന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ലോകത്തിലെ പ്രശ്‌നങ്ങളുടെ മുഴുവന്‍ കാരണവും പശുക്കടത്തും ഗോവധവുമാണെന്ന പ്രസ്താവനയും ജഡ്ജി നടത്തി.
‘പശുവിന്റെ ഒരുതുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ അവസാനിക്കും. മനുഷ്യരില്‍ കോപവും ദേഷ്യവും വര്‍ധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്പോള്‍ സമ്പത്തും സ്വത്തും നഷ്ടമാകും’ -ജഡ്ജി പറഞ്ഞു. വിധിയില്‍ പാല്‍, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയെ പ്രശംസിക്കുന്നുണ്ട്.
16 പശുക്കളെ കടത്തിയ കേസിനാണ് അമീന്‍ 2020-ല്‍ അറസ്റ്റിലായത്. പശുക്കള്‍ക്ക് ഇരിക്കാനും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമില്ലാത്തതിനാലായിരുന്നു അറസ്റ്റ്. ഗുജറാത്തിഭാഷയിലാണ് കോടതിയുത്തരവ് പുറത്തിറങ്ങിയത്.
വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയായിരുന്നു മുകുന്ദൻ ഉണ്ണി അസ്സോസിയേറ്‌സിനെതിരെ ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും അങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. സോഷ്യൽ മീഡിയ വലിയ തോതിൽ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
ഇപ്പോൾ നടൻ ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്‍ബുക് പോസ്റ്റ് വൈറലാവുകയാണ്. ഇടവേള ബാബുവിന്റെ പേരോ ചിത്രമോ വിവാദമോ പരാമർശിക്കാതെയുള്ള പോസ്റ്റിനു ഒരു മീമാണ് ആധാരം. കല്യാണരാമൻ ചിത്രത്തിലെ ദിലീപിന്റെയും സലിംകുമാറിന്റെയും മീമിൽ ‘ സരമില്ലട നി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ ‘ എന്നാണ് കൊടുത്തിരിക്കുന്നത്. അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ.. പോരണ്ടാന്ന്..!?എന്നും ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.
പേര് കൊടുത്തില്ലെങ്കിലും ഈ പോസ്റ്റ് ഇടവേള ബാബുവിനെ ഉദ്ദേശിച്ചത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെ ട്രോളിയുള്ള കമന്റുകളും ഉണ്ട്.
അതേസമയം ഇടവേള, തന്റെ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ കുഴപ്പമില്ലെന്നും സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നുമാണ് വിഷയത്തിൽ വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്. “ബാബു ചേട്ടൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണ് സന്തോഷമുള്ള കാര്യമാണ്” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
സിനിമയ്ക്ക് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും അങ്ങനെ ഒരു സിനിമ ഇവിടെ ഓടിയെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം സെറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പരാതിയുമായി വിദ്യാർത്ഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനാകാതെ മടങ്ങിയത്. അഡ്മിറ്റ് കാർഡിൽ പരീക്ഷ കേന്ദ്രമായി എംഎം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പരപ്പിൽ കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ സ്‌കൂൾ കോഴിക്കോട് നഗരപരിധിക്കുള്ളിലാണ്.
അതേസമയം സ്‌കൂൾ അറിയാതെ ഗൂഗിളിൽ തിരഞ്ഞ് വരുന്ന വിദ്യാർത്ഥികൾ എത്തുന്നത് മുക്കത്താണ്. നിരവധി വിദ്യാർത്ഥികൾ ഇത്തരത്തിൽ വഴി തെറ്റി എത്താറുള്ളതായി സമീപവാസികൾ പറയുന്നു. പരീക്ഷ നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് ഇനി ആറു മാസം കാത്തിരുന്നാൽ മാത്രമാണ് വീണ്ടും പരീക്ഷ എഴുതാൻ സാധിക്കു. ഇനി വരുന്ന വിദ്യാർത്ഥികൾക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാനാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.