ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ച കെ.പി.സി.സി ഡിജിറ്റൽ മീഡിയ വിഭാഗം തലവൻ അനിൽ ആന്റണി പാർട്ടി പദവികളിൽനിന്നും രാജിവെച്ചു. അനിൽ ആന്റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ കൂടിയായ അനിലിന്റെ രാജി.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുന്നു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ ആന്റണിയുടെ ട്വീറ്റ്
കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ, എ.ഐ.സി.സി ഡിജിറ്റൽ മീഡിയ കോ-ഓർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്റണി രാജിവച്ചത്. ബി.ബി.സി ഡോക്യുമെന്ററിയിലെ വിവാദ പരാമർശത്തിൽ കോൺഗ്രസിൽ നിന്നും കടുത്ത വിമർശമാണ് അനിലിനു നേരെയുണ്ടായത്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും സംസ്ഥാന, കേന്ദ്ര യൂത്ത് കോൺഗ്രസ് നേതൃത്വവും അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലും അനിലിനെതിരെ വിമർശം രൂക്ഷമായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും അനിൽ രാജിക്കത്ത് പങ്കുവച്ച് ട്വിറ്ററിൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകർക്കാണ് പാർട്ടിയിൽ സ്ഥാനമെന്നും അനിൽ വിമർശിച്ചു.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിക്ക് എതിരായ പാർട്ടി നിലപാടിനെ പ്രതികരിച്ച കോൺഗ്രസ് ഡിജിറ്റൽ മീഡിയ തലവൻ അനിൽ ആന്റണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ്. നരേന്ദ്ര മോദി എന്ന പി.ആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥമുഖം തുറന്നു കാണിച്ച ബി.ബി.സിക്കെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്തുവരിക എന്നത് തികച്ചും അപമാനകരമാണെന്ന് വൈശാഖ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട അനിൽ ആന്റണി,
പണത്തിനും അധികാരത്തിനും മുന്നിൽ ഓച്ഛാനിച്ചുനിന്ന്, നരേന്ദ്ര മോദി എന്ന പിആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥ മുഖം ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾ മറച്ചുപിടിച്ചപ്പോൾ, ലോകത്തിനു മുന്നിൽ അത് തുറന്നു കാണിച്ച ബിബിസി എന്ന മാധ്യമത്തിനെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ-ഓർഡിനേറ്റർ രംഗത്ത് വരിക എന്നത് തികച്ചും അപമാനകരമാണ്.
സ്വന്തം പിതാവ് രക്തവും വിയർപ്പും നൽകി കേരള വിദ്യാർഥി സമൂഹത്തിനു സമ്മാനിച്ച കേരള വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഇന്ദ്രനീല പൊൻപതാക ഒരിക്കൽ പോലും കയ്യിലേന്താതെ, മെറിറ്റ് അടിസ്ഥാനമില്ലാതെ സ്ഥാനമാനങ്ങൾ ലഭിച്ചതിന്റെ ബാലിശം കളിക്കാനുള്ള സമയമല്ലിതെന്ന്, എ.കെ.ആന്റണിയുടെ മകൻ ആയതു കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വന്ന അനിൽ ആന്റണി മനസ്സിലാക്കണം.
ആരാധ്യനായ എ.കെ.ആന്റണി സാറിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് തന്നെ പറയട്ടെ, അദ്ദേഹം കേരളത്തിനു നൽകിയ സംഭാവനകൾ മറന്നു കൊണ്ട് പ്രവർത്തകർ അദ്ദേഹത്തെ താങ്കൾ മൂലം എതിർക്കാനുള്ള അവസരം ഉണ്ടാക്കരുത്. രാഹുൽ ഗാന്ധി എന്ന മനുഷ്യൻ മോദിയുടെ ദുർഭരണത്തിനെതിരെ ഇന്ത്യയുടെ നാഡീമിടിപ്പുകൾ തൊട്ടറിഞ്ഞു കൊണ്ട് കാൽ നടയായി നടന്നു നീങ്ങി സമരമുഖത്ത് സർഗവസന്തം തീർത്ത് ഭാരതത്തെ ഒന്നിപ്പിക്കാൻ കഠിന പ്രയത്‌നം നടത്തുന്ന ഈ സമയത്ത്, സംഘപരിവാറിനു വേണ്ടി കോൺഗ്രസ് പാളയത്തിൽ ഇരുന്നു കൊണ്ട് കുഴലൂത്ത് നടത്തുന്നത് ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനും അംഗീകരിക്കാൻ കഴിയാത്ത ഒന്നാണ്.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് കേരള ഘടകത്തിന്റെ ഐടി സെൽ കോ-ഓർഡിനേറ്റർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും അർഹനല്ല താങ്കൾ എന്ന് ഈ അവസരത്തിൽ ഓർമപ്പെടുത്തി കൊള്ളട്ടെ.. മാധ്യമശ്രദ്ധയ്ക്കായി താങ്കൾ ചെയ്ത പോസ്റ്റ് പിൻവലിച്ചു കൊണ്ട്, തൽസ്ഥാനത്തുനിന്നും രാജിവച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തക വികാരത്തോടൊപ്പം നിൽക്കണമെന്ന് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയോട് ആവശ്യപ്പെടുന്നു…
പി.എൻ.വൈശാഖ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി.
ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബോസിനോടുള്ള ദേഷ്യത്തില്‍ പബ്ബിലെ അടുക്കളയിലേക്ക് പാറ്റകളെ തുറന്നുവിട്ട് ഷെഫിന്റെ പ്രതികാരം. ബ്രിട്ടനിലെ റോയല്‍ വില്യം IV പബ്ബിലെ ജീവനക്കാരനായിരുന്ന 25കാരന്‍ ടോം വില്യംസ് ആണ് അടുക്കളയിലേക്ക് 20 പാറ്റകളെ തുറന്നുവിട്ടത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതി 17 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.
ശമ്പളം പോരെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച് പോകുന്നതിന് രണ്ടുദിവസം മുന്‍പായിരുന്നു യുവാവിന്റെ ഈ പ്രവൃത്തി. ഇങ്ങനെചെയ്യുമെന്ന് ടോം നേരത്തെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് സംഭവം ശ്രദ്ധിയില്‍പ്പെട്ടത്.
സംഭവം അറിഞ്ഞയുടന്‍ പബ്ബ് അടച്ചിടുകയും പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. പാറ്റകളെ നിയന്ത്രിക്കാനും ഉടനടി നടപടിയെടുത്തു. ഇതിന്റെ ഫലമായി 22,000പൗണ്ട് അതായത് ഏകദേശം 22,25,410 രൂപയാണ് പബ്ബ് ഉടമയ്ക്ക് നഷ്ടമുണ്ടായത്.
സാമ്പത്തിക നഷ്ടം മാത്രമല്ല ഈ സംഭവം മൂലം സ്ഥാപനത്തിലെ മറ്റു ജീവനക്കാരെല്ലാം നിരാശയിലായിരുന്നെന്നും ഒപ്പം ജോലിചെയ്തിരുന്ന ഒരാള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചുപോലുമില്ലെന്നും സ്ഥാപന ഉടമ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ അറിയിച്ചിട്ടും വില്ല്യംസ് എത്തിയിരുന്നില്ല. കേസ് പരിഗണിച്ച കോടതി ജയില്‍ ശിക്ഷയ്ക്ക് പുറമേ രണ്ട് വര്‍ഷത്തേക്ക് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മാത്രമല്ല 200 മണിക്കൂല്‍ ശമ്പളമില്ലാതെ കമ്മ്യൂണിറ്റി വര്‍ക്ക് പൂര്‍ത്തിയാക്കാനും ശിക്ഷ വിധിയില്‍ പറയുന്നു.
ഭൂമിയുടെ അകക്കാമ്പി (inner core) ന്റെ ഭ്രമണം തെല്ലിട നിലച്ചതായും ചലനദിശയില്‍ വ്യത്യാസം സംഭവിച്ചതായും വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. 2009-ലാണ് അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഒരിടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലിക്കാനാരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്.
ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അകക്കാമ്പ് ഒരു ഊഞ്ഞാല്‍ പോലെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതായാണ് ഗവേഷകർ കരുതുന്നത്. ആറ്-ഏഴ് പതിറ്റാണ്ടുകൊണ്ടാണ് അകക്കാമ്പിന്റെ ഒരു ചലന സൈക്കിള്‍ പൂർത്തിയാകുന്നത്. അതായത്, 35 വര്‍ഷംകൂടുമ്പോള്‍ ചലനദിശ വ്യത്യാസപ്പെടും. ഇതിനുമുമ്പ് 1970-ല്‍ ഇത്തരത്തില്‍ ചലനദിശ വ്യത്യാസപ്പെട്ടതായും ഇനി 2040-ല്‍ വീണ്ടും ദിശാവ്യത്യാസം ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യി യാങ്, ഷിയാവോദോങ് സോങ് എന്നീ ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയിലെ പെക്കിങ് സര്‍വകലാശാലയിലെ ശാസ്ത്രവിദഗ്ധരാണ് ഇരുവരും.
ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായാണ് ശാസ്ത്രജ്ഞര്‍ വിഭജിച്ചിരിക്കുന്നത്- ക്രസ്റ്റ് (crust) അഥവാ ഭൂവല്‍ക്കം, മാന്റില്‍ അഥവാ മധ്യഭാഗം (mantle), കോര്‍ അഥവാ അകക്കാമ്പ് (core). ഇതില്‍ അകക്കാമ്പിന്റെ തൊട്ടുമുകളിലുള്ള ഭാഗത്തെ പുറക്കാമ്പ് (outer core) എന്ന് പറയുന്നു. പ്രധാനമായും നിക്കല്‍, ഇരുമ്പ് എന്നിവയാല്‍ നിര്‍മിതമായ ഭാഗമാണിത്. ഏറ്റവും താണ വിസ്‌കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് അകക്കാമ്പ്. അകക്കാമ്പിന്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത്, 6000 ഡിഗ്രി സെല്‍ഷ്യസ് ആണെന്നാണ് നിഗമനം. ഉയര്‍ന്ന മര്‍ദം കാരണം അകക്കാമ്പ് ഖരാവസ്ഥയില്‍ കാണപ്പെടുന്നു.
നമ്മുടെ കാലടിയ്ക്ക് കീഴെ മൂവായിരം മൈലുകള്‍ക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാല്‍ത്തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് പരിമിതഅറിവ് മാത്രമാണുള്ളത്. ഭൂമിയുടെ കാന്തികസുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും ഹാനികരമായ കിരണപ്രസരണത്തെ പ്രതിരോധിക്കുന്നതിലും ഉള്‍പ്പെടെ നിരവധി സംഗതികളില്‍ അകക്കാമ്പ് നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്. ഏകദേശം ചന്ദ്രന്റെ മൂക്കാല്‍ഭാഗത്തോളം വലിപ്പമുള്ള ഒരു പന്ത് പോലെയാണ് അകക്കാമ്പ്. ദ്രവാവസ്ഥയിലുള്ള പുറംപാളി (പുറക്കാമ്പ്)ക്കുള്ളിലായതിനാല്‍ അകക്കാമ്പിന് വ്യത്യസ്തവേഗതയിലും ദിശയിലുമുള്ള ഭ്രമണം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭ്രമണവേഗതയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ രൂപമില്ല.
ഭൂകമ്പതരംഗങ്ങളുടെ പഠനത്തിനിടെ 1936-ലാണ് ഭൂമിയുടെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന അകക്കാമ്പിനെ കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. ഏകദേശം 7,000 കിലോമീറ്റര്‍ വിസ്തൃതിയാണ് അകക്കാമ്പിനുള്ളത്. 1996-ല്‍ നേച്ചര്‍ നടത്തിയ തുടര്‍പഠനത്തില്‍ ഭൂകമ്പതരംഗങ്ങള്‍ അകക്കാമ്പിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയദൈര്‍ഘ്യത്തില്‍ സ്ഥിരമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കോറിന്റെ വാര്‍ഷിക ഭ്രമണവേഗത മാന്റില്‍, ക്രസ്റ്റ് എന്നിവയുടെ ഭ്രമണവേഗതയേക്കാള്‍ ഒരു ഡിഗ്രി അധികമായതിനാലാണ് ഈ മാറ്റമെന്നാണ് ശാസ്ത്രനിഗമനം.
അകക്കാമ്പിന്റെ ചലനത്തിന് ഭൂമിയുടെ ദിനദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അകക്കാമ്പിന്റെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയത്തില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. ഭൂമിയുടെ ഭ്രമണത്തില്‍ കാന്തികപ്രഭാവത്തിന്റെ സ്വാധീനമുള്ളതിനാലും ഭൂമിയുടെ വ്യത്യസ്ത പാളികളായ ഭൂവല്‍ക്കവും മാന്റിലും അകക്കാമ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണിത്.
ഭൂമിയുടെ വ്യത്യസ്തപാളികളുടെ പരസ്പരബന്ധം വെളിപ്പെടുത്തുന്നതാണ് ഭ്രമണസമയത്തിലുണ്ടാകുന്ന വ്യത്യാസം. കേന്ദ്രത്തിലുള്ള അകക്കാമ്പിലും പിന്നീട് മധ്യമേഖലയിലും ഭൂവല്‍ക്കത്തിലുമുണ്ടാകുന്ന ചലനങ്ങള്‍ക്ക് മറ്റുപാളികളിലും അന്തിമമായി ഭൗമോപരിതലത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പഠനസംഘം പറയുന്നു.
ഭൂകമ്പമോ അഗ്നിപര്‍വതസ്‌ഫോടനമോ സംഭവിക്കുമ്പോള്‍ മാത്രമാണ് ഒരുപക്ഷേ ഭൗമാന്തര്‍ഭാഗത്തെ ചലനങ്ങളെക്കുറിച്ച് നാം ചിലപ്പോഴെങ്കിലും ഓര്‍മിക്കുന്നത്. ഭ്രമണവും പരിക്രമണവും പോലെ ഭൂമിയുടെ ഉള്‍ഭാഗത്തും നിരന്തരം ചലനമുണ്ടാകുന്നുണ്ട്. അകക്കാമ്പ് അഥവാ കോറില്‍ സംഭവിക്കുന്ന തികച്ചും സ്വാഭാവികമായ ആനുകാലികചലനങ്ങള്‍ ഭൗമോപരിതലത്തിന്റെ പരിസ്ഥിതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഭ്രമണദിശയിലുണ്ടാകുന്ന വ്യത്യാസം ഭൂമിക്കോ ഭൂമിയിലെ ജീവജാലങ്ങള്‍ക്കോ ഭീഷണിയുയര്‍ത്താനിടയില്ലെന്നാണ് വിദഗ്ധര്‍ നിലവില്‍ കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.
മകന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി എല്‍എല്‍ബി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് അബ്ദുള്‍ നാസര്‍ മഅ്ദനി. തന്റെ പ്രിയങ്കരനായ ഇളയമകന്‍ എല്‍എല്‍ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു എന്നും തനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ ഇനി അവന്‍ കൂടുതല്‍ പഠിച്ചു തുടങ്ങുമെന്നും മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.
”സന്തോഷത്തിന്റെ ദിനം. കടുത്ത നീതി നിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത. എന്റെ പ്രിയങ്കരനായ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇന്ന് എല്‍.എല്‍.ബി പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.
നിരപരാധിത്തം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി വന്ന് ഞാന്‍ ശംഖുമുഖത്തു ജയിലനുഭവങ്ങള്‍ പറയുമ്പോള്‍ അത് കേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്നു പൊട്ടിക്കരഞ്ഞ ആ പിഞ്ചു ബാലന്‍ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങും..ഇന്‍ശാ അല്ലാഹ്” – മഅ്ദനി കുറിച്ചു.
2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ വിമര്‍ശനം ശക്തമാണ്.
പോലീസുദ്യോഗസ്ഥയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീനയാണ് മരിച്ചത്. നാല്‍പ്പത്തിയാറ് വയസ്സായിരുന്നു. ഭര്‍ത്താവ് അരവിന്ദനെ വീഡിയോകോള്‍ ചെയ്ത് താന്‍ മരിക്കുകയാണെന്ന് പറഞ്ഞിട്ടായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു.
പേരാമ്പ്ര സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബീന തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെ പേരാമ്പ്ര സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കുപോയ ശേഷം വൈകീട്ട് അഞ്ചോടെയാണ് സംഭവം.
ബീന വീഡിയോ കോള്‍ ചെയ്ത് മരിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ കോയമ്പത്തൂരില്‍ അമൃത യൂണിവേഴ്‌സിറ്റിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് വിവരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസുകാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ വാതിലുകള്‍ എല്ലാം തുറന്ന് കിടക്കുകയായിരുന്നു. വീടിന് പിന്‍വശത്തുള്ള ചായ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മകന്‍ കളിക്കാനും ബീനയുടെ അമ്മ അടുത്തവീട്ടിലും പോയതായിരുന്നു. പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജിനിയുടെയും മകളാണ്. മക്കള്‍: ഗൗതം കാര്‍ത്തിക്, ഗഗന്‍ കാര്‍ത്തിക്
കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. കൊച്ചി രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി സൂര്യ(27)യ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്.
വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ട്രാവല്‍സിലെത്തി ജീവനക്കാരിയായ സൂര്യയെ ആക്രമിച്ചത്. പ്രതിയായ പള്ളുരുത്തി സ്വദേശി ജോളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രവിപുരത്തെ റേയ്സ് ട്രാവല്‍സില്‍ വിസയ്ക്കായി പ്രതി പണം നല്‍കിയിരുന്നു. എന്നാല്‍ വിസ ശരിയായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യയുമായി യുവാവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
പരിക്കേറ്റ സൂര്യ ഭയന്നുനിലവിളിച്ച് സമീപത്തെ ഹോട്ടലിലേക്കാണ് ഓടിക്കയറിയത്. തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരനും സൗത്ത് പോലീസും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണെന്നും സൂര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൗത്ത് പോലീസ് എസ്.എച്ച്.ഒ. പറഞ്ഞു.
വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ പുസ്തകമെടുക്കാന്‍ വീട്ടിലേക്ക് തന്നെ മടങ്ങിയ പെണ്‍കുട്ടി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍. കോഴിക്കോട് എകരൂരിലാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
എകരൂര്‍ തെങ്ങിനി കുന്നുമ്മല്‍ അര്‍ച്ചന(15)യാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മയുടെ കൂടെ വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി അച്ഛമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. അമ്മ മകളെ ഇവിടെ നിര്‍ത്തി ആശുപത്രി ആവശ്യത്തിനായി കോഴിക്കോടേക്ക് പോയി.
പിന്നാലെ അച്ഛമ്മയോട് ഒരു പുസ്തകം വീട്ടില്‍ ഉണ്ടെന്നും അത് എടുത്ത് വരാമെന്നും പറഞ്ഞ് പെണ്‍കുട്ടിയും വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു.പിന്നീട് പെണ്‍കുട്ടിയെ ഇവര്‍ താമസിക്കുന്ന ഷെഡ് പോലുള്ള വീട്ടില്‍ തീപിടിച്ച് പൊള്ളലേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.
വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് തൊഴിലുറപ്പ് ജോലിക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അര്‍ച്ചനയുടെ മൃതദേഹം വീടിനകത്തു നിന്നും കണ്ടെത്തിയത്.
സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വെച്ച് കാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ രണ്ട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയിലേക്കുള്ള ഹൈദരാബാദ് സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ വെച്ച് യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം.
ഈ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ കാബിന്‍ ക്രൂവിനോട് ആക്രോശിക്കുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയവരെ ഉടനെ തന്നെ ക്യാബിന്‍ക്രൂ അംഗങ്ങള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പിക്കുകയായിരുന്നു.
പുറത്തെത്തിയ വീഡിയോയില്‍ ഒരു യാത്രക്കാരന്‍ വനിതാ ക്യാബിന്‍ ക്രൂവിനോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ എത്തുന്നതും വ്യക്തമാണ്. കൂടാതെ പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്‍ ജീവനക്കാരിയുടെ ദേഹത്ത് സ്പര്‍ശിച്ചതായും മറ്റു ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെടാനൊരുങ്ങവെയാണ് യാത്രക്കാരന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ്ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. സംഭവം ക്യാബിന്‍ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു.
വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ യാത്രക്കാരനെയും അയാള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെയും സ്‌പൈസ് ജെറ്റ് പുറത്താക്കിയെന്നും കുറിപ്പില്‍ പറയുന്നു.അതേസമയം, യാത്രക്കാരന്‍ പിന്നീട് ക്ഷമാപണം എഴുതി നല്‍കിയെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അയാള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയില്ല.
തെങ്ങില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കണ്ടല്ലൂര്‍ തെക്ക് ആദിലില്‍ കുന്നേല്‍ തെക്കതില്‍ കൃഷ്ണ ചൈതന്യ കുമാരവര്‍മ്മ ആണ് മരിച്ചത്.
സുനില്‍ നിഷ ദമ്പതികളുടെ മകനാണ് ആദില്‍. പതിനേഴ് വയസ്സായിരുന്നു. തത്തയെ പിടിക്കുന്നതിനായി തെങ്ങില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. തത്തയെ പിടിക്കാനായി മുകള്‍ ഭാഗമില്ലാത്ത ഉണങ്ങി നിന്നിരുന്ന തെങ്ങിലാണ് ആദില്‍ കയറിയത്.
അപ്പോള്‍ മടല്‍ ഭാഗം പാതി വെച്ച് ഒടിഞ്ഞുവീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മുതുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മരിച്ച കൃഷ്ണ. സഹോദരി: മധുര മീനാക്ഷി.
മോഹന്‍ലാലിന് ഒപ്പമുള്ള സിനിമ ഉടനുണ്ടാകുമെന്ന് റിയലിസ്റ്റിക് സിനിമകളുടെ എഴുത്തുകാരന്‍ ശ്യാം പുഷ്‌കരന്‍. തങ്കം സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ആയിടുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മാസ് ചിത്രം ആണോ എന്നൊന്നും തീരുമാനം ആയിട്ടില്ല. എന്തായാലും പണി നടക്കുമെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ശ്യാം പുഷ്‌കരനും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമം, ഷാരൂഖ് ഖാനെ നായകനാക്കി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഹിന്ദി സിനിമ വരുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലെ ഒരു വലിയ താരത്തെവച്ച് സിനിമ ചെയ്യണമെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം അതിനായി മാറ്റിവെക്കണം. അതിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായാല്‍ അദ്ദേഹത്തെ ഒന്നുകൂടി കാണണം. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം ശ്യാം പുഷ്‌കരന്‍ പറഞ്ഞിരുന്നു.
ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. സഹീദ് അരാഫത്ത് ആണ് സംവിധാനം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് കുല്‍ക്കര്‍ണി, വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രാജസ്ഥാനില്‍ ചിത്രീകരണം പുരോ?ഗമിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആണ്.