Latest News

തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്കുനേരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് റിപ്പോർട്ടുകൾ. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശി യുവതിക്ക് നേരേയാണ് ആക്രമണം നടന്നത്. യുവതിയെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നാണ് വിവരം. പീഡന ശ്രമത്തിനിടെ ക്രൂരമായ ആക്രമണമാണ് യുവതി നേരിട്ടത്. മുഖത്തിടിച്ച അക്രമി തന്നെ പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി വയക്തമാക്കിയത്.

അക്രമിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അക്രമിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ആളൊഴിഞ്ഞ പ്രദേശത്തുവച്ചാണ് യുവതി ആക്രമിക്കപ്പെട്ടതെന്നാണ് സൂചനകൾ. ഗേറ്റ് കീപ്പറുടെ മുറിയിൽ നിൽക്കെ പിന്നിലൂടെ പതുങ്ങിയെത്തിയ അക്രമി കടന്നുപിടിക്കുകയായിരുന്നു എന്നാണ് വിവരം. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി അതിശക്തനായിരുന്നു എന്നും യുവതി പറഞ്ഞു. ശരീരത്തിലുള്ള സ്വർണം എടുത്തശേഷം ജീവൻ തിരികെ തരണമെന്ന് കേണപേക്ഷിച്ചെങ്കിലും അയാൾ ചെവിക്കൊണ്ടില്ലെന്നും യുവതി വ്യക്തമാക്കി. തുടർന്ന് മുറിയിലുണ്ടായിരുന്ന ഫോണിൻ്റെ റിസീവർ ഉപയോഗിച്ച് അയാൾ യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു.

ഇതോടെ യുവതി സർവശക്തിയുമെടുത്ത് അക്രമിയെ ചവിട്ടി മറിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയെങ്കിലും അക്രമി പിന്നാലെയെത്തി പിടികൂടി. തുടർന്ന് ട്രാക്കിലൂടെ വലിച്ചിഴയ്ക്കാനും ശ്രമമിച്ചു. യുവതിയുടെ നിലവിളി കേട്ട് ആളുകൾ എത്തുമെന്ന് മനസ്സിലാക്കിയ അക്രമി ഇതിനിടെ രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ജീവനക്കാരിയെ പിന്നീട് നാട്ടുകാരാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെനിന്ന് തിരുനെല്‍വേലിയിലെ ആശുപത്രിയിലേക്ക് മാറ്റഷുകയായിരുന്നു. അക്രമിയെ കണ്ടെത്താൻ തെങ്കാശി എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ.

ഹരിയാനയിൽ രണ്ട് യുവാക്കളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മുസ്ലിം യുവാക്കളായ നാസിർ(25) ജുനൈദ്(35) എന്നിവരെയാണ് ദാരുണായ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂർണമായും കത്തിനശിച്ച കാറിനുള്ളിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ യുവാക്കളെ ചുട്ടുകൊന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കൊലപാതകത്തിൽ ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഭീവാനിയിലാണ് രണ്ടുയുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന് തീപ്പിടിച്ചതാണോ അതോ കാറിന് തീവെച്ച് രണ്ടുപേരെയും ജീവനോടെ കത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസ് അറിയിച്ചു. പശുക്കടത്താണോ സംഭവത്തിന് പിന്നിലെന്നും അന്വേഷണം നടത്തി വരികയാണ്.

നാസിറിനെയും ജുനൈദിനെയും ബുധനാഴ്ച ഭരത്പുരിൽനിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ നൽകിയിരുന്ന പരാതി. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ രണ്ടുപേരുടെയും മൃതദേഹങ്ങൾ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ വാഹനത്തിൽ നിന്നും കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ഇരുവരെയും തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊന്നതാണെന്നാണ് ആരോപണം.

പശുക്കടത്തിന് ജുനൈദിനെതിരേ നേരത്തെ അഞ്ചുകേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ നാസിറിനെതിരേ കേസുകളൊന്നും നിലവില്ലെന്നും പോലീസ് അറിയിച്ചു. നാസിറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ബജ്റങ്ദൾ പ്രവർത്തകനടക്കം അഞ്ചുപേർക്കെതിരേ നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്. ടെന്നസി സ്റ്റേറ്റ് ലൈനിന് സമീപമുള്ള മിസിസിപ്പിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ടേറ്റ് കൗണ്ടിയിലെ അര്‍ക്കബുട്ട്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അസോസിയേറ്റഡ് പ്രസ്/യുഎസ്എ ടുഡേ ഡാറ്റാബേസ് പ്രകാരം ജനുവരി 23ന് ശേഷം യുഎസില്‍ നടക്കുന്ന ആദ്യ കൂട്ടക്കൊലയാണിത്.

വെടിവയ്പ്പിനെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സംശയിക്കുന്ന ഒരു പുരുഷനായ പ്രതി കസ്റ്റഡിയിലുണ്ടെന്നും ഗവര്‍ണര്‍ ടേറ്റ് റീവ്‌സിന്റെ ഓഫീസ് അറിയിച്ചു. പ്രതി ഒറ്റയ്ക്ക് ആക്രമണം നടത്തിയെന്നാണ് വിശ്വാസം. എന്നാല്‍ ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. തിരിച്ചറിയാനാകാത്ത ഒരു പ്രതി കസ്റ്റഡിയിലുണ്ടെന്ന് ടേറ്റ് കൗണ്ടി ഷെരീഫിന്റെ ഡിസ്പാച്ചര്‍ ഷാനന്‍ ബ്രൂവറും സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ബ്രൂവര്‍ പറഞ്ഞു. അന്വേഷണ സംഘവുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല, ഇമെയില്‍ സന്ദേശത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സമീപത്തെ ഒരു ഒരു പ്രാഥമിക വിദ്യാലയവും ഒരു ഹൈസ്‌കൂളും അടച്ചിട്ടു. അപകട ഭീഷണി ഒഴിഞ്ഞതോടെ ഇവ വീണ്ടും തുറന്നു. വിദ്യാര്‍ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും കോള്‍ഡ്വാട്ടര്‍ എലിമെന്ററി സ്‌കൂളിന്റെ ഫേസ്ബുക്ക് പേജില്‍ അറിയിപ്പെത്തി.

ടെന്നസിയിലെ മെംഫിസിന് തെക്ക് 30 മൈല്‍ (50 കിലോമീറ്റര്‍) അകലെയാണ് അര്‍ക്കബുട്ട്‌ല സ്ഥിതി ചെയ്യുന്നത്. 2020 ലെ സെന്‍സസ് പ്രകാരം 285 പേര്‍ മാത്രം താമസിക്കുന്ന സ്ഥലമാണിത്. സമീപത്തുള്ള അര്‍ക്കബുത്ല തടാകം ഒരു പ്രശസ്തമായ മത്സ്യബന്ധന കേന്ദ്രമാണ്.

തെന്നിന്ത്യൻ സൂപ്പർ താരം ശരത് കുമാറിന്റെ മകളാണ് ചലച്ചിത്രതാരം വര ലക്ഷ്മി. അച്ഛനെ പോലെ തന്നെ സിനിമയിൽ സജീവമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. എത്ര വലിയ താരത്തിന്റെ മകളായാലും സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടാൻ തയ്യാറാവണം എന്നാണ് താരം പറയുന്നത്. പലരും കിടക്ക പങ്കിട്ടാൽ അവസരം നൽകാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറയുന്നു.

വരലക്ഷ്മിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ സംസാരിക്കവെയാണ് താരത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. നിരവധി ചലച്ചിത്രതാരങ്ങൾ നേരത്തെ പലതവണ ഇത്തരം കാര്യങ്ങൾ സിനിമയിൽ നടക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു സൂപ്പർ താരത്തിന്റെ മകൾ ഇതാദ്യമായാണ് സിനിമയിൽ ഇത്തരം കാര്യങ്ങൾ നടിമാർ നേരിടുന്നതായി വെളിപ്പെടുത്തിയത്. താര പുത്രിയാണെന്ന പരിഗണനയെന്നും ഇക്കാര്യത്തിൽ ലഭിക്കില്ലെന്നും അവസരം വേണമെങ്കിൽ കൂടെ കിടക്കാൻ തയ്യാറാവണമെന്നും വരലക്ഷ്മി പറയുന്നു. സിനിമയിൽ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടിമാരെന്നും താരം പറയുന്നു.

കൂടെ കിടക്കാൻ തയ്യാറാവാത്തത് കൊണ്ടുതന്നെ നിരവധി സിനിമകൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടാണ് സിനിമയിൽ പെട്ടെന്നൊരു വളർച്ച തനിക്ക് ഉണ്ടാകാത്തതെന്നും വരലക്ഷ്മി പറയുന്നു. നിർമ്മാതാവ്, സംവിധായകൻ,നടൻ എന്നിവരുമായി കിടക്ക പങ്കിട്ടാൽ സിനിമയിൽ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കും ഇത്തരം നിരവധി ഓഫറുകളാണ് തന്നെ തേടിയെത്തിയിട്ടുള്ളതെന്നും താരം പറയുന്നു. അതേസമയം കിടക്ക പങ്കിടാനുള്ള ആവിശ്യം ഉന്നയിച്ച് എത്തിയവരുടെ പേരുകൾ താരം വെളിപ്പെടുത്തിയില്ല.

എട്ട് വർഷങ്ങൾക്ക് മുൻപ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് നെഞ്ചിന് താഴെ തളർന്ന് ചികിൽസയിൽ കഴിയുകയായിരിക്കുന്ന തൃശൂർ കണ്ണൂക്കര സ്വദേശി പ്രണവിന്റെ വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കൾ. അപകടത്തിന് ശേഷം പ്രണവിന്റെ എന്ത് കാര്യത്തിനും കൂടെയുണ്ടായിരുന്നത് സുഹൃത്തുക്കളായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപെട്ടാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. പ്രണവിന്റെ ടിക് ടോക്ക് വീഡിയോകൾ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് ഇഷ്ടം തോന്നിയത്.

പ്രണവിന്റെ അവസ്ഥ കണ്ടുകൊണ്ടായിരുന്നു ഷഹാന പ്രണവിനെ സ്നേഹിച്ചത്. പ്രണവിനെ പിരിയാൻ പറ്റാതെ വന്നതോടെ 2022 ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷവും പ്രണവിനൊപ്പമുള്ള ജീവിതം വളരെ സന്തോഷത്തോടെയാണ് ഷഹാന ജീവിച്ചിരുന്നത്. ഇരുവരുടെയും ചില സന്തോഷ നിമിഷങ്ങൾ പ്രണവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഷഹാന കൂട്ടിനെത്തിയപ്പോഴും പ്രണവിന്റെ സുഹൃത്തുക്കൾ എന്ത് ആവശ്യത്തിനും വിളിപ്പുറത്തുണ്ടായിരുന്നു.

ഏറ്റവും വലിയൊരു ആഗ്രഹം ബാക്കി വെച്ചാണ് ഷഹാനയെ തനിച്ചാക്കി പ്രണവ് ഈ ലോകത്തോട് വിട പറഞ്ഞത്. എട്ട് വർഷത്തോളമായി വീൽ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന പ്രണവിന് ഷഹാനയുടെ കൂടെ കൈപിടിച്ച് നടക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പലപ്പോഴും ഈ ആഗ്രഹം സുഹൃത്തുക്കളുമായി പ്രണവ് പങ്കുവെച്ചിട്ടുണ്ട്. ഷഹാനയുടെ മുഖം തന്റെ നെഞ്ചിൽ ടാറ്റു ചെയ്ത് സസ്‍പ്രസ് നൽകിയ വീഡിയോ ദിവസങ്ങൾക്ക് മുൻപ് പ്രണവ് പങ്കുവെച്ചിരുന്നു.

അടുത്ത മാസം നാലാം തീയതി ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് പ്രണവ് വിടവാങ്ങിയത്. എട്ട് വർഷം മുൻപ് പട്ടേപ്പാടത്തിന് സമീപത്ത്‌വെച്ചാണ് പ്രണവിന്റെ ബൈക്ക് മതിലിലിടിച്ച് അപകടമുണ്ടായത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പ്രണവ് ഒരു വർഷത്തോളം ചികിത്സയിലായിരുന്നു.

സമരത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ച് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ക്യാന്‍സര്‍ വാര്‍ഡുകള്‍, എ&ഇ ഡിപ്പാര്‍ട്ട്മെന്റ്, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ എന്നിവയിലേത് ഉള്‍പ്പെടെ ആയിരക്കണക്കിന് നഴ്സുമാര്‍ അടുത്ത മാസം നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിനിറങ്ങും. ആദ്യമായാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റുകളിലെയും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ക്യാന്‍സര്‍ കെയര്‍, മറ്റ് സേവനങ്ങള്‍ എന്നിവയെയും സമരത്തില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തെ ഈ വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു.

എന്നാല്‍ നഴ്സുമാര്‍ ഈ വിധം സമരം ശക്തമാക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ നേതാക്കള്‍ വ്യക്തമാക്കി. ഇത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയും പ്രതികരിച്ചു.

രാജ്യത്തെ 120 എന്‍എച്ച്എസ് ട്രസ്റ്റുകളെ പണിമുടക്ക് ബാധിക്കുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. മുന്‍ സമരങ്ങളേക്കാള്‍ കൂടുതല്‍ ആശുപത്രികള്‍ ഇതോടെ പണിമുടക്കിനിറങ്ങും. ശമ്പളത്തിന്റെയും, ജീവനക്കാരുടെ എണ്ണത്തിന്റെയും പേരില്‍ സര്‍ക്കാരുമായി പോര്‍മുഖത്താണ് നഴ്സുമാര്‍. സമരങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നത് ഭയാനകമാണെന്നും, രോഗികള്‍ക്ക് ശക്തമായ തിരിച്ചടി നേരിടുമെന്നും എന്‍എച്ച്എസ് ശ്രോതസ്സുകള്‍ സമ്മതിക്കുന്നു. അടുത്ത മാസം സമരത്തിന് അനുകൂലമായി ജൂനിയര്‍ ഡോക്ടര്‍മാരും വോട്ട് ചെയ്താല്‍ സ്ഥിതി വഷളാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

19.7 ശതമാനം ശമ്പളവര്‍ദ്ധന തേടി സമരം ആരംഭിച്ച യൂണിയന്‍ ഇതിന്റെ പകുതിയെങ്കിലും ലഭിച്ചാലും ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് സൂചിപ്പിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. മാര്‍ച്ച് 1-ന് രാവിലെ 6 മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് അടുത്ത പണിമുടക്ക്. മുന്‍ സമരങ്ങളെല്ലാം ഡേ ഷിഫ്റ്റ് സമയങ്ങളില്‍, 12 മണിക്കൂര്‍ മാത്രമാണ് നീണ്ടുനിന്നത്.

ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. താരത്തിന്റെ കാര്‍ ആക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലായിരുന്നു സംഭവം. താരം സെല്‍ഫിയെടുക്കാന്‍ വിസമ്മിച്ചതാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ ഹോസ്റ്റലില്‍ വെച്ച് ഒരു സംഘം പൃഥ്വി ഷായോട് സെല്‍ഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. സെല്‍ഫി വീണ്ടും എടുക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സംഘം താരത്തിന് എതിരെ തിരിയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.

തുടര്‍ന്ന് അക്രമികളെ ഹോട്ടലില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പുറത്ത് കാത്തു നിന്ന അക്രമികള്‍ പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

ഈ സമയത്ത് പൃഥ്വി ഷാ കാറില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ നിന്നും മറ്റൊരു വാഹനത്തിലായിരുന്നു താരം മടങ്ങിയത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

തന്റെ 24 മത് വയസില്‍ ക്യാന്‍സര്‍ വന്നതിനെക്കുറിച്ചും അതിനെ വിജയകരമായി അതിജീവിച്ചതിനെക്കുറിച്ചും നടി മംമ്ത മോഹന്‍ദാസ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അടുത്തിടെ തന്നെ ബാധിച്ച ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

മംമ്തയുടെ വാക്കുകള്‍

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ ഈ രോഗവിവരത്തെ കുറിച്ച് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്. അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാന്‍ നാട്ടില്‍ വന്ന് പമ്പില്‍ എണ്ണ അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്.

അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല.

പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ആദ്യ ഡോസ് നല്‍കി 48 മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

15 ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടര്‍ന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 12-ാം തിയതിയാണ് ഉമ്മന്‍ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു.

കുടുംബം ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്നുള്ള തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു.

യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്‌സിക്കി 25 വർഷം നീണ്ട തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് വ്യാഴാഴ്‌ച പോസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിഗത അപ്‌ഡേറ്റിലൂടെ അറിയിച്ചു. വോജിക്കിക്ക് പകരം നീൽ മോഹനാവും എത്തുക.

ജനപ്രിയ ഹ്രസ്വ-ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയുമായി യുട്യൂബിന്റെ മത്സരം കടക്കുന്നതിനിടെയാണ് സിഇഒ മാറുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം”കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ” എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജിക്കി പറഞ്ഞു.

മുമ്പ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന അവർ 2014ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. അതേസമയം, സ്‌റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ, 2008ലാണ് ഗൂഗിളിൽ ചേർന്നത്.

നിലവിൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. അവിടെ യൂട്യൂബ് ഷോർട്ട്‌സും മ്യൂസിക്കും കൊണ്ട് വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ മൈക്രോസോഫ്റ്റിലും മോഹൻ ജോലി ചെയ്‌തിട്ടുണ്ട്. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അൽഫബറ്റ് ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ ഇടിവ് നേരിട്ടു.

RECENT POSTS
Copyright © . All rights reserved