തിരുവനന്തപുരം കാട്ടായിക്കോണത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാൾ സ്വദേശി മുപ്പതുകാരന്‍ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. കൊലപാതമെന്ന നിഗമനത്തില്‍ കൂടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
മങ്ങാട്ടുകോണത്ത് മഠത്തിൽമേലയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാഴി സംഘത്തിലെ ഒരാളാണ് മരിച്ച ഗോവിന്ദ്. ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിനൊന്ന് പേര്‍ താമസികുന്ന വീട്ടില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു.
ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചതിന് ശേഷം കെട്ടിതൂക്കിയിയെന്നാണ് പൊലീസ് സംശയിക്കുന്നത് . രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.
എന്നാല്‍ കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ചവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു നാട്ടുകാര്‍ കൈമാറുകയായിരുന്നു.പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറഞ്ഞു . ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് Dysp യും സ്ഥലത്തെത്തി.
കുണ്ടന്നൂരിലെ ബാറില്‍ വെടിവെപ്പ്. കുണ്ടന്നൂര്‍ ജംങ്ഷനിലുള്ള ഓജീസ് കാന്താരി എന്ന ബാര്‍ ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ചിറങ്ങിയ ആള്‍ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടിയിട്ടുണ്ട്.
സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ബാറിന്റെ ഭിത്തിയിലേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. വെടിവയ്പ്പ് കേസില്‍ പ്രതികള്‍ പിടിയില്‍. അഡ്വക്കേറ്റ് ഹറോള്‍ഡ് സുഹൃത്ത് റോജന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്ത ആള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉള്ളതായി പറയുന്നുണ്ട്. വെടിവെയ്പ്പിന്റെ കാരണവും വ്യക്തമായിട്ടില്ല. അടച്ചു സീല്‍ ചെയ്ത ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും.
ഒറ്റ സ്നാപ്പില്‍ ഒരു ജന്മസത്യം ഒതുക്കാനാവുമോ? കെവിൻ കാർട്ടർ എന്ന ഫൊട്ടോഗ്രഫറെ ലോകപ്രശസ്തനാക്കിയതും ആത്മഹത്യയിലേക്കു വഴിനയിച്ചതും ഒരേയൊരു ഫോട്ടോയാണ്. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞും, പട്ടിണിക്കോലമായ കുരുന്നിന്റെ അന്ത്യനിമിഷത്തിനായി കാത്തിരിക്കുന്ന കഴുകനും. ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ ആവാഹിച്ച ചിത്രം. വിമർശനശരങ്ങളിലും കുറ്റബോധത്താലും മുറിവേറ്റ കെവിൻ, ഓർമകളുടെ വെളിച്ചമണച്ചു മരണത്തിന്റെ ഇരുട്ടിലേക്കു നടന്നിട്ട് ജൂലൈ 27ന് 25 വർഷം.
‘ജീവിതത്തിന്റെ വേദന എല്ലാ സന്തോഷങ്ങളെയും മറികടക്കുന്നു. കൊലപാതകങ്ങളുടെ, മരണത്തിന്റെ, മൃതശരീരങ്ങളുടെ, പട്ടിണി കിടക്കുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്ത കുട്ടികളുടെ ഓർമകൾ.. അവയെല്ലാം എന്നെ വേട്ടയാടുന്നു. കെന്നിനടുത്തേക്ക് ഞാന്‍ പോകുന്നു, ഭാഗ്യമുണ്ടെങ്കിൽ കെന്നുമായി ഒത്തുചേരാം.’– ആത്മഹത്യാക്കുറിപ്പിൽ കെവിൻ കുറിച്ചിട്ടു. ദക്ഷിണ സുഡാനിൽനിന്നു പകർത്തിയ ചിത്രമായിരുന്നു കെവിനെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം.
ആഭ്യന്തരയുദ്ധം മൂലം ജനം നരകയാതന അനുഭവിച്ചിരുന്ന സുഡാനിലേക്കു ഭക്ഷണമെത്തിക്കാനുള്ളതായിരുന്നു ‘ഒാപ്പറേഷൻ ലൈഫ്‍ലൈൻ സുഡാൻ’ എന്ന യുഎൻ പദ്ധതി. സുഡാനിലെ അവസ്ഥ ലോകത്തിനു മുന്നിൽ എത്തിക്കുന്നതിനു ഫോട്ടോ ജേണലിസ്റ്റുകളെയും ക്ഷണിച്ചിരുന്നു. ലൈഫ് ലൈൻ സുഡാനിൽ അംഗമായിരുന്ന റോബർട്ട് ഹാഡ്‍ലിയാണു ജോവ സിൽവയോടും കെവിൻ കാർട്ടറോടും യാത്രയുടെ കാര്യം പറഞ്ഞത്. കാർട്ടറും സിൽവയും ഇതൊരവസരമായി കണ്ട് യുഎൻ സംഘത്തിനൊപ്പം ചേർന്നു.
കൊടും പട്ടിണിയുടെയും മരണത്തിന്റെയും ഭീകരത തളംകെട്ടി നിൽക്കുന്ന ദക്ഷിണ സുഡാനിലെ അയോഡിലേക്കു ഭക്ഷണമെത്തിക്കാൻ ഒരു വിമത പോരാളി സംഘടന യുഎന്നിന് അനുമതി കൊടുത്തു. ഹാഡ്‍ലി കാർട്ടറെയും സിൽവയെയും തങ്ങളുടെകൂടെ പോരുന്നതിനു ക്ഷണിച്ചു. ഭക്ഷണം വിതരണം ചെയ്യാനുള്ള 30 മിനിറ്റു മാത്രമേ ചെലവഴിക്കാനാവുകയുള്ളൂ എന്ന മുന്നറിയിപ്പും യുഎൻ സംഘം നൽകി. ഗറില്ല പോരാളികളുടെ ഫോട്ടോയെടുക്കുന്നതിനായി സിൽവ പോയപ്പോൾ കെവിൻ ഭക്ഷണവിതരണ ക്യാംപിലേക്ക് ഓടിയെത്തിയ പട്ടിണിക്കോലങ്ങളായ സുഡാനികളുടെ ചിത്രങ്ങളെടുത്തു.
പട്ടിണിയുടെയും മരണത്തിന്റെയും ദയനീയമായ അവസ്ഥ കണ്ട് മനംമടുത്ത കെവിൻ ഏതാനും ക്ലിക്കുകൾക്കുശേഷം ക്യാംപിലേക്കു മടങ്ങാനൊരുങ്ങവേ ഒരു കരച്ചിൽ കേട്ടു. ആ ഭാഗത്തേക്കു ചെന്ന കെവിൻ കണ്ടത് കൊടുംവെയിലത്തു തല കുമ്പിട്ടു കൂനിക്കൂടി നിലത്തിരിക്കുന്ന ഒരു കുട്ടിയെയാണ്. ശരീരത്തിലെ എല്ലുകൾ പുറത്തേക്ക് ഉന്തിനിന്നിരുന്നു. എഴുന്നേറ്റു നിൽക്കാൻപോലും ത്രാണിയില്ലാത്ത കുട്ടി ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു നിരങ്ങിനീങ്ങുകയായിരുന്നു. കെവിൻ കുട്ടിയുടെ അടുത്തേക്കു നീങ്ങിയതും ഏറെയകലെയല്ലാതെ ഒരു ശവംതീനി കഴുകൻ പറന്നിറങ്ങി.
നിലനിർത്താൻ പൊരുതുന്ന കുഞ്ഞ്. കുഞ്ഞിന്റെ ജീവൻ നിലയ്ക്കാൻ കാത്തിരിക്കുന്ന കഴുകൻ ചിറകു വിരിക്കുന്ന ഫോട്ടോയ്ക്കായി കെവിൻ കാത്തിരുന്നെങ്കിലും അതുണ്ടായില്ല. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റു മാത്രം. ആ ആംഗിളിൽത്തന്നെ ഫോട്ടോ പകർത്തി, കഴുകനെ ആട്ടിപ്പായിച്ചു കെവിൻ സുഹൃത്തുമൊരുമിച്ചു വിമാനത്തിൽ തിരികെ പറന്നു.
ലോകത്തെ ഞെട്ടിച്ച ഫോട്ടോ
ദക്ഷിണാഫ്രിക്കയിൽ മടങ്ങിയെത്തിയ കെവിൻ താനെടുത്ത ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുത്തു. 1993 മാർച്ച് 26 ലെ പത്രത്തിന്റെ ഒന്നാം പേജിൽ ആ ചിത്രം അച്ചടിച്ചുവന്നു. ലോക വ്യാപകമായി ചിത്രം പ്രചരിച്ചതോടെ, പിന്നീട് കുട്ടിക്കെന്തു സംഭവിച്ചു എന്നു ചോദിച്ച് നൂറുകണക്കിനു ഫോൺ വിളികളും കത്തുകളും ന്യൂയോർക്ക് ടൈംസ് ഓഫിസിലേക്ക് എത്തി. ‘കുട്ടിക്ക് ഭക്ഷണവിതരണ ക്യാംപിലെത്താനുള്ള ആരോഗ്യമുണ്ടായിരുന്നു. ക്യാംപിലെത്തിയോ എന്ന് അറിയില്ല’ – കാർട്ടറെ ഉദ്ധരിച്ച് പത്രം കുറിപ്പ് ഇറക്കി.
സുഡാനിലെ അത്യന്തം ഭീകരവും ദയനീയവുമായ അവസ്ഥ ലോകത്തിനു കാണിച്ചുകൊടുത്തെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന ഫൊട്ടോഗ്രഫർക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ചിത്രത്തിലുള്ള കഴുകനെക്കാൾ ക്രൂരനായ കഴുകൻ കെവിൻ കാർട്ടറാണെന്നു വരെ പ്രചാരണമുണ്ടായി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ചിത്രമെടുക്കാൻ കാത്തിരുന്നതിന്റെ കുറ്റബോധത്തിൽ നീറിയ കെവിന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. നീണ്ടകാലത്തെ പ്രണയബന്ധവും വഴിപിരിഞ്ഞതോടെ മാനസികമായി തകർന്ന കെവിൻ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽനിന്നും അകന്നു.
1994 ഏപ്രിൽ 12 ന് ന്യൂയോർക്ക് ടൈംസിൽനിന്നും കെവിനെ ആ സന്തോഷവാർത്ത വിളിച്ചറിയിച്ചു. ഏതൊരു പത്രപ്രവർത്തകനും ആഗ്രഹിക്കുന്ന പരമോന്നത അമേരിക്കൻ പുരസ്കാരം പുലിറ്റ്സർ പ്രൈസ് ‘സുഡാനിലെ പെൺകുട്ടി’ എന്ന ചിത്രത്തിന്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും അഭിനന്ദന പ്രവാഹങ്ങളായിരുന്നു. കുറ്റബോധത്താൽ നീറിക്കൊണ്ടിരുന്ന കെവിനെ പുലിറ്റ്സർ നേട്ടവും അഭിന്ദനങ്ങളും സ്പർശിച്ചതേയില്ല. അടുത്ത സുഹൃത്ത് കെൻ ഓസ്റ്റർബ്രൂക്ക് ഈ സമയത്തു കൊല്ലപ്പെട്ടത് കെവിനു കടുത്ത ആഘാതമായി.
മേയ് 23ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ തകർന്ന മനസ്സുമായി കെവിൻ പുലിറ്റ്സർ പുരസ്കാരം ഏറ്റുവാങ്ങി. കെവിന്റെ ഫോട്ടോ വീണ്ടും ചർച്ചയായി. ഫൊട്ടോഗ്രഫറുടെ ധാർമികത ചോദ്യം ചെയ്യപ്പെട്ടു. കെവിൻ എന്തുകൊണ്ടു കുട്ടിയ രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം പലരിൽനിന്നുമുയർന്നു. ജോലിയോടുള്ള ആത്മാർഥതയ്ക്കോ മാനുഷിക പരിഗണനയ്ക്കോ കൂടുതൽ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കിട്ടാതെ കെവിന്റെ മനസ്സ് ആടിയുലഞ്ഞു.
കടുത്ത വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിയ കെവിൻ 1994 ജൂലൈ 27ന് ഓസ്റ്റർബ്രൂക്കിന്റെ വിധവയെ സന്ദർശിച്ച ശേഷം തന്റെ പിക്കപ്പ് വാനുമായി കുട്ടിക്കാലം ചെലവഴിച്ച പാർക്ക്മോറിലേക്ക് പോയി. വാനിന്റെ പുകക്കുഴലിൽ ഒരു ഹോസ് ഘടിപ്പിച്ച് അതിന്റെ ഒരറ്റം വിൻഡോഗ്ലാസിലൂടെ ഡ്രൈവർ ക്യാബിനിലേക്ക് ഇട്ടു. അകത്തു കയറി വാക്മാനിൽ പാട്ടുകേട്ട് എൻജിൻ ഓണാക്കി. കാബിനുള്ളിലിരുന്ന് പുക ശ്വസിച്ച്, തന്റെ കുറ്റബോധത്തിൽനിന്നും എന്നേക്കുമായി മുക്തനായി.
അസ്വസ്ഥമായ കുട്ടിക്കാലം
1960 സെപ്റ്റംബർ 13ന് ജോഹാനസ്ബർഗിലാണു കെവിൻ കാർട്ടർ ജനിച്ചത്. വെളുത്ത വർഗക്കാരുടെ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ചെറുപ്പത്തിൽ തന്നെ കറുത്ത വർഗക്കാരോടുള്ള വിവേചനവും അനീതിയും കെവിനെ അസ്വസ്ഥനാക്കിയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഫാർമസി കോഴ്സിനു ചേർന്നു. വൈകാതെ അതുപേക്ഷിച്ചു നിർബന്ധിത സൈനിക സേവനത്തിനു ദക്ഷിണാഫ്രിക്കൻ സൈന്യത്തിൽ ചേർന്നു. അവിടെനിന്ന് ഒളിച്ചു കടന്ന് ഡിസ്ക് ജോക്കിയായി.
ആ ജോലി പോയപ്പോൾ കടുത്ത വിഷാദരോഗത്തിന് അടിമയായി, ആത്മഹത്യാശ്രമം നടത്തി. പിന്നീട് ക്യാമറ സപ്ലൈ ചെയ്യുന്ന ഒരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെയാണു ജീവിതം പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. ഫൊട്ടോഗ്രഫിയിൽ തൽപരനായിരുന്ന കെവിൻ 1983–ൽ സ്പോർട്സ് ഫൊട്ടോഗ്രഫറായി ജോലി തുടങ്ങി. 1984 ൽ ജൊഹാനസ്ബർഗ് സ്റ്റാർ പത്രത്തിനു വേണ്ടിയും പിന്നീട് റോയിട്ടേഴ്സ് തുടങ്ങിയ ഏജൻസികൾക്കുവേണ്ടിയും ജോലി ചെയ്തു.
നാൽവർ സംഘത്തിന്റെ ബാങ് ബാങ് ക്ലബ്
ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി ചെയ്തിരുന്ന കാലത്താണ് കെൻ ഓസ്റ്റർബ്രൂക്ക്, ഗ്രെഗ് മറിനോവിച്ച്, ജോവ സിൽവ എന്നിവരെ കെവിൻ കണ്ടുമുട്ടുന്നത്. നാലുപേരും ദക്ഷിണാഫ്രിക്കയിലെ വംശീയ അതിക്രമങ്ങൾക്കെതിരെ ക്യാമറ കൊണ്ട് പ്രതിഷേധിക്കുന്നവരായിരുന്നു. ബാങ് ബാങ് ക്ലബ് എന്ന പേരിലാണ് നാൽവർ സംഘം അറിയപ്പെട്ടിരുന്നത്. കറുത്ത വർഗക്കാർക്കാരെ പെട്രോളിൽ മുക്കിയ ടയർ കഴുത്തിലിട്ട് തീകൊളുത്തുന്ന നെൿലേസിങ് എന്ന കൊടുംക്രൂരത ലോകത്തിനു മുന്നിലെത്തിച്ചത് കെവിൻ കാർട്ടറുടെ ക്യാമറയാണ്.
1991 ൽ മറിനോവിച്ച് പുലിറ്റ്സർ പുരസ്കാരം നേടിയതോടെ ക്ലബിന്റെ പ്രശസ്തി ഉയർന്നു. 1994 ൽ കെവിൻ കാർട്ടറും പുലിറ്റ്സർ പ്രൈസ് നേടി. 1993 ലെ വേൾഡ് പ്രസ് ഫൊട്ടോഗ്രഫി മത്സരത്തിൽ കെൻ ഓസ്റ്റർബ്രൂക്ക് രണ്ടാം സ്ഥാനം നേടി. പ്രശസ്തിയോടൊപ്പം ദുരന്തങ്ങളും ക്ലബിനെ വേട്ടയാടി. 1994 ൽ ദക്ഷിണാഫ്രിക്കയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന പോരാട്ടം ക്യാമറയിലാക്കുന്നതിനിടെ കെൻ ഓസ്റ്റർബ്രൂക്ക് വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറിനോവിച്ചിന് ഗുരുതരമായി പരുക്കേറ്റു.
1994 ൽ കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തു. 2010 ൽ അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യത്തിനൊപ്പം പട്രോളിങ്ങിൽ പങ്കെടുക്കവേ മൈൻ പൊട്ടിത്തെറിച്ച് ജോവ സിൽവയ്ക്ക് ഇരുകാലുകളും നഷ്ടപ്പെട്ടു. മറിനോവിച്ചും സിൽവയും ചേർന്ന് 2000 ൽ ‘ദി ബാങ് ബാങ് ക്ലബ്: സ്നാപ്ഷോട്ട്സ് ഫ്രം എ ഹിഡൻ വാർ’ എന്ന പേരിൽ അവരുടെ അനുഭവങ്ങൾ പുസ്തകമാക്കി. ഇൗ പുസ്തകത്തെ ആധാരമാക്കി 2010 ൽ ‘ബാങ് ബാങ് ക്ലബ്’ എന്ന പേരിൽ സ്റ്റീവൻ സിൽവർ സംവിധാനം ചെയ്ത സിനിമയും പുറത്തിറങ്ങി.
ബാങ് ബാങ് ക്ലബിനെയും കെവിൻ കാർട്ടറെയും ആസ്പദമാക്കി ഡോക്യുമെന്ററികളും ഗാനങ്ങളും നിർമിക്കപ്പെട്ടു. മാനിക് സ്ട്രീറ്റ് പ്രീച്ചേഴ്സ് തങ്ങളുടെ ‘എവരിതിങ് മസ്റ്റ് ഗോ’ എന്ന ആൽബത്തിൽ കെവിൻ കാർട്ടർ എന്ന പേരിൽ ഗാനം ഉൾപ്പെടുത്തി. ആഭ്യന്തര കലഹങ്ങളും യുദ്ധങ്ങളും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും കോടിക്കണക്കിനു സാധാരണക്കാരെയും കുട്ടികളെയും ദുരിതങ്ങളിലേക്കു നയിക്കുന്നു.
പാകിസ്ഥാനിൽ സ്കൂൾ ആക്രമിച്ച് ഭീകരർ കൊന്നൊടുക്കിയ കുട്ടികൾ, സിറിയൻ യുദ്ധത്തിന്റെ ഇരയായ ഉമ്രാൻ ദഖ്നീശ്, യൂറോപ്പിലേക്കുള്ള പലായനത്തിനിടെ മുങ്ങി മരിച്ച സിറിയൻ കുരുന്ന് ഐലാൻ കുർദി, അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതിനിടെ പിതാവിനൊപ്പം റിയോ ഗ്രാൻഡെ നദിയിൽ മുങ്ങി മരിച്ച രണ്ടു വയസുകാരി വലേറിയ. ഇപ്പോൾ ഉക്രൈൻ റഷ്യൻ യുദ്ധത്തിൽ ഇരയാകുന്നവർ. ഇന്നും ആ കഴുകൻ ചിറകുവിടർത്താതെ ഇരകളെയും കാത്തിരിക്കുന്നു എന്നതാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്. കെവിന്റെ ചിത്രത്തിലെ കഴുകൻ ഒരു പ്രതീകമാണ്. യഥാർഥ കഴുകൻ ആരെന്ന ചോദ്യമാണ് ആ ചിത്രം ഇന്നും ലോകത്തിനു മുന്നിൽ ഉയർത്തുന്നത്.
ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ അയല്‍രാജ്യമായ അയര്‍ലണ്ടിലും ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നു.
അയര്‍ലണ്ടിലെ ഭരണമുന്നണിയിലെ ധാരണകള്‍ അനുസരിച്ച് ഡിസംബര്‍ 15ന് ഇപ്പോഴത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിക്കും. തുടര്‍ന്ന് ഡെയിലില്‍ ( ഐറിഷ് പാര്‍ലമെന്റ് ) ചേരുന്ന സമ്മേളനത്തില്‍ അന്ന് തന്നെ ഇന്ത്യന്‍ വംശജനായ ലിയോ വരദ്കറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും .അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇത് രണ്ടാം തവണയാണ് ലിയോ വരദ്കര്‍ എത്തുക.
1960 കളില്‍ ബ്രിട്ടനിലേയ്ക്ക് കുടിയേറിയ മുംബൈക്കാരനായ ഇന്ത്യന്‍ ഡോക്ടര്‍ അശോക് വരദ്ക്കറുടെയും അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള നഴ്സായ ബ്രിട്ടനില്‍ ജോലി ചെയ്ത മിറിയത്തിന്റെയും മകനായാണ് ലിയോ ജനിച്ചത്. ബ്രിട്ടനിലെ പരിചയവും പ്രണയവും ലിയോയുടെ രക്ഷിതാക്കളെ മിറിയത്തിന്റെ നാടായ അയര്‍ലണ്ടിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുകയിരുന്നു. അവരുടെ മൂന്നാമത്തെ കുട്ടിയായി 1979 ലാണ് ഡബ്ലിനിലെ റോട്ടുണ്ടാ ആശുപത്രിയില്‍ ലിയോ വരദ്ക്കര്‍ ജനിച്ചത്.
ട്രിനിറ്റി കോളജില്‍ നിന്ന് 2003 യില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ വരദ്ക്കര്‍ മുംബൈയില്‍ പ്രശസ്തമായ കെഇഎം ആശുപത്രിയിലാണ് പ്രവര്‍ത്തി പരിചയം നേടിയത് . മുന്‍നിര രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പ് ഏഴു വര്‍ഷം അദ്ദേഹം ഡോക്ടറായി ജോലി ചെയ്തിരുന്നു. മെഡിസിന്‍ രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ 1999 യില്‍ ബ്‌ളാഞ്ചഡ്‌സ് ടൗണില്‍ നിന്നും കൗണ്‍സിലറായി വിജയിച്ചു രാഷ്ട്രീയ ജീവിതം തുടങ്ങിയ വരദ്ക്കര്‍ 2003ല്‍ പാര്‍ലമെന്റില്‍ എത്തുകയും 2017ല്‍ അയര്‍ലണ്ടിന്റെ ചരിത്രം തിരുത്തിയെഴുതി കൊണ്ട് ഇന്ത്യന്‍ വംശജനായ ആദ്യ പ്രധാനമന്ത്രി ആവുകയായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വരദ്കറുടെ പാര്‍ട്ടിയായ ഫിനഗേലിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ,ധാരണയുണ്ടാക്കി ഭരണം തുടരുകയായിരുന്നു.
ആദ്യ രണ്ടര കൊല്ലം കഴിയുമ്പോള്‍ മിഹോള്‍ മാര്‍ട്ടിന്‍ സ്ഥാനം ഒഴിയണമെന്ന വ്യവസ്ഥയാണ് ഡിസംബര്‍ 15 ന് പാലിക്കപ്പെടുക.അതോടെ ഫിനഗേല്‍ നേതാവെന്ന നിലയില്‍ ലിയോ വരദ്കര്‍ വീണ്ടും പ്രധാനമന്ത്രിയാകും. 2015-ല്‍ അയര്‍ലണ്ടിലെ ദേശിയ വാര്‍ത്താ ചാനലിന് കൊടുത്ത അഭിമുഖത്തിലൂടെ താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ലിയോ വരദ്കര്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഫറണ്ടത്തിനും കാരണമായി.
ലോകമെമ്പാടും സമത്വത്തിന്റെ പ്രതീകമായി ലിയോ വരദ്കറെ ചിത്രീകരിക്കാന്‍ ഈ സംഭവം ഇടയാക്കി.തൊട്ടു പിന്നാലെ ആ പകിട്ടിലാണ് ലിയോ ദേശീയ നേതാവായി ഉയര്‍ന്നത്. 2008 മുതല്‍ 2011 വരെ നീണ്ടു നിന്ന ഐറിഷ് സാമ്പത്തിക പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ മുന്നിട്ടു നിന്നവരില്‍ ഒരാള്‍ ലിയോ വരദ്കറാണ്.എങ്കിലും സ്വവര്‍ഗാനുരാഗികള്‍ക്കും,ഗര്‍ഭ ചിദ്ര -പ്രൊ ചോയിസ് വാദികള്‍ക്കും അദ്ദേഹം നല്‍കുന്ന പിന്തുണ കാരണം പരമ്പരാഗത ക്രൈസ്തവ വിശ്വാസികള്‍ക്ക് ലിയോ വരദ്കറെ അത്ര പഥ്യമല്ല.
അയര്‍ലണ്ടിലെ ഇന്ത്യന്‍ ജനസംഖ്യയില്‍ അടുത്ത കാലത്തായി വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലിയോ കൈകാര്യം ചെയ്യുന്ന എന്റര്‍പ്രൈസ്,ഇന്നോവേഷന്‍,ട്രേഡ് വകുപ്പുകള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ കണ്ടെത്താനുള്ള ഏറെ പദ്ധതികള്‍ രൂപപ്പെടുത്തിയതാണ് മുന്‍ കാലങ്ങളെക്കാള്‍ തൊഴില്‍ കുടിയേറ്റം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായത്. ആശയ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരനാണ് ലിയോ വരദ്കര്‍. അത് കൊണ്ട് തന്നെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരും ലിയോ വരദ്കറെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയാണ്.
സീറോമലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾ കലോത്സവത്തിനായി ആതിഥേയർ ആയ ന്യൂപോർട്ട് സെന്റ് ജോസഫ് സ് പ്രോപോസ്ഡ് മിഷൻ അവസാനഘട്ട ഒരുക്കത്തിൽ ആണ് . പള്ളി കമ്മറ്റിയുടെനേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു . ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോവിഡാനന്തരം, സമൂഹ മാധ്യമങ്ങളിൽക്കൂടെയല്ലാതെ നടക്കുന്ന ആദ്യത്തെ കലോത്സവം ആയതിനാൽ അത്യന്തം ആവേശത്തോടെ ആണ് മത്സരാർത്ഥികളും മാതാപിതാക്കളും കലോത്സവത്തെ ഉറ്റുനോക്കുന്നത്.
രാവിലെ 9.30 യോടെ സൈന്റ്റ് ജൂലിയൻസ് സ്കൂളിലെ മെയിൻ ഹാളിൽ ആരംഭിക്കുന്ന ബൈബിൾ പ്രതിഷ്ഠയോടെ കലാമത്സരങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് ഒൻപതു സ്റ്റേജുകളിലായി വിവിധ മത്സരങ്ങൾ നടത്തപ്പെടും. വെകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന സമ്മാനദാനത്തോടെ കലോത്സവം സമാപിക്കും. എട്ടോളം മിഷനുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ ആണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ തനിനാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സെന്റ് ജോസഫ്‌സ് മിഷന്റെ നേതൃത്വത്തിൽ , വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ഈ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബർ 29 ന് സെന്റ് ജൂലിയൻ സ്കൂൾ ഹാളിലേക്ക് ക്ഷണിക്കുന്നതായി ന്യൂപോർട്ട് പള്ളി ട്രസ്റ്റിമാരായ റെജിമോൻ വെള്ളച്ചാലിൽ , പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു . കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലോത്സവ കോർഡിനേറ്റേഴ്‌സ് ആയ ജോഷിതോമസ് (07888689427 ,ന്യൂപോർട്ട്) തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കൂട്ടായി കൂടെ ചേർത്തു നടത്തും ഈശോ എന്ന ഗാനം ആലപിച്ച് ശ്രദ്ധേയ ആയിരിക്കുകയാണ് വെസ്റ്റ് യോർക്ക് ഷെയറിൽ നിന്നുള്ള ആഷ്‌ലി അലക്സ് മണ്ണത്താലിൽ. പ്രായത്തിൽ കവിഞ്ഞ പക്വതയും, സ്വര മാധുര്യവുമുള്ള മനോഹരമായ ഗാനത്തിലൂടെ ഭാവിയുടെ വാഗ്ദാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് ആഷ്‌ലി തൻറെ ആൽബത്തിലൂടെ . ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ ഗായക സംഘാംഗമായ ആഷ്‌ലി ഇതിനോടകം യൂറോപ്പിലെ ഏറ്റവും വലിയ കലാമാമാങ്കമായ ബൈബിൾ കലോത്സവം ഉൾപ്പെടെയുള്ള വേദികളിൽ ഗാനമാലപിച്ച് കൈയ്യടി നേടിയിട്ടുണ്ട് .

വൈക്കം, കുടവെച്ചൂർ മണ്ണത്താനിയിൽ കുടുംബാംഗമായ അലക്സിന്റെയും ബിന്ദുവിന്റെയും ഇളയ മകളായ ആഷ്‌ലി വെയ്ക്ക്ഫീൽഡ് സെൻറ് തോമസ് ബെക്കറ്റ് കാത്തലിക് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആഷ്ലിയുടെ സഹോദരി അഞ്ജലി എ ലെവലിന് ലീഡ്സ് നോട്ടർഡാം കാത്തലിക് കോളജിലെ ആദ്യവർഷ വിദ്യാർഥിനിയാണ്.

ആഷ്‌ലി ആലപിച്ച സംഗീത ആൽബത്തിന് വരികളും സംഗീതവും നൽകിയിരിക്കുന്നത് വെസ്റ്റ് യോർക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ഷിജോ തോമസ് ഇലഞ്ഞിക്കൽ ആണ്. ഷിജോയുടെ മിനി കഥകൾ വിശേഷ അവസരങ്ങളിൽ മലയാളം യുകെ വായനക്കാരുടെ ഇഷ്ട വിഭവമാണ്, ക്യാമറ കൈകാര്യം ചെയ്തത് അലക്സ് തരകൻ, അസോസിയേറ്റ് ഡയറക്ടർ റോയി നെല്ലിക്കുന്നേൽ, ഓർക്കസ്ട്ര ജസിൻ ജോൺ , സ്റ്റുഡിയോ – ശ്രീ മീഡിയാ സ്വരമാധുരിയിലൂടെ യുകെ മലയാളികളെ കൈയ്യിലെടുത്ത ആഷ്‌ലയുടെ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലിംഗായത്ത്(45) സന്യാസി മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗല്‍ ബന്ദേ മഠത്തില്‍ ലിംഗായത്ത് വിഭാഗത്തിലെ ബസവലിംഗ സ്വാമിയെയാണ് തിങ്കളാഴ്ച മുറിയുടെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും സംശയാസ്പദമായ ചില കോള്‍ റെക്കോഡുകള്‍ പൊലീസിന് ലഭിച്ചു. ബ്ലാക്ക്‌മെയില്‍ സന്ദേശങ്ങളായിരുന്നു ഇവ. ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തിയാണ് ബ്ലാക്ക്‌മെയില്‍ ചെയ്തതെന്നാണ് എഎന്‍ഐ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുറിയില്‍ നിന്നു കണ്ടെത്തിയ രണ്ട് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ ചിലര്‍ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തി സ്ഥാനത്തു നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യാപ്രരണയ്ക്ക് കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. 25 വര്‍ഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു മഠം മോധാവി. 1997ലാണ് അദ്ദേഹം മഠാധിപതിയാകുന്നത്. അടുത്തിടെ അദ്ദേഹം അതിന്റെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചിരുന്നു.
പതിവായി പുലര്‍ച്ചെ നാല് മണിക്ക് പൂജാമുറി തുറക്കാറുള്ള സന്യാസി തിങ്കളാഴ്ച രാവിലെ ആറുമണിയായിട്ടും തുറക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ചെന്ന് കതകില്‍ മുട്ടിയത്. എന്നാല്‍ കതക് തുറക്കുകയോ ഫോണ്‍ എടുക്കുകയോ അദ്ദേഹം ചെയ്തില്ല. പിന്നാലെ ജീവനക്കാര്‍ മുറിയുടെ പിന്നില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ അവര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന നടത്തിയ പരിശോധനയില്‍ ബ്ലാക്ക്‌മെയില്‍ ചെയ്തവരുടെ പേര് പരാമര്‍ശിക്കുന്ന കുറിപ്പ് കിട്ടിയെങ്കിലും ഈ വിവരം പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടവും മറ്റ് അന്ത്യകര്‍മ്മങ്ങളും പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.
ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചു. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് പരിശീലന ശേഷം നൽകിയത് എന്നാണ് പരാതി.
തുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള ചിലര്‍ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി. പേസര്‍മാര്‍ക്കെല്ലാം ഇന്നലെ പൂര്‍ണ വിശ്രമം അനുവദിച്ചിരുന്നു.
എന്നാല്‍ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉച്ചഭക്ഷണമായി സംഘാടകര്‍ നല്‍കിയത് തണുത്ത സാന്‍ഡ്‌വിച്ചായിരുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് പരിശീലനത്തിന് ശേഷം നല്‍കിയതെന്നും കഠിനമായ പരിശീലനത്തിനുശേഷം വരുമ്പോള്‍ സാന്‍ഡ്‌വിച്ച് മാത്രം മതിയാവില്ലെന്നും ഇന്ത്യന്‍ ടീം അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഫ്രൂട്സ്, ഫലാഫെല്‍ എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് സ്വന്തമായി സാന്‍ഡ്‌വിച്ച് ഉണ്ടാക്കി കഴിക്കാമെന്നായിരുന്നു മെനു കാര്‍ഡിലെ നിര്‍ദേശം. ഇതാണ് കളിക്കാരെ നിരാശരാക്കിയത്. സംഭവത്തില്‍ ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടർന്ന് ഐസിസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇന്നു മുതൽ താരങ്ങൾക്ക് ഇന്ത്യൻ ഭക്ഷണം നൽകാനുള്ള സംവിധാനം തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടി 20 ലോകകപ്പിൽ നെതർലൻഡ്സാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12030നാണ് കളി തുടങ്ങുക. പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജറായ ഉള്ളൂർ ഭാസി നഗർ സ്വദേശിനി കുമാരി ഗീത ആണ് മരിച്ചത്. 52 വയസായിരുന്നു. കെഎസ്ആർടിസി ബസിടിച്ചാണ് കുമാരി ഗീത മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ പനവിള ജങ്ഷനിലായിരുന്നു അപകടം നടന്നത്.
അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തിൽ ഭർത്താവ് ആംഡ് പോലീസ് ഇൻസ്പെക്ടർ പരമേശ്വരൻ നായർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അപകടത്തിൽപ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭർത്താവ് പരമേശ്വരൻ നായർ ദീർഘകാലം മുൻ മുഖ്യമന്ത്രി കെ.കരുണകരന്റെ ഗൺമാൻ കൂടിയായിരുന്നു. മക്കൾ: ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).
കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍നിന്നും ചാടി ജീവനൊടുക്കി യുവതി. ഏറണാകുളം ജില്ലയിലാണ് സംഭവം. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് ആത്മഹത്യ ചെയ്തത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.ഇരുപത്തിയൊന്നുവയസ്സായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടിയാണ് യുവതി മരിച്ചത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.