Latest News

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്‍ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്‍.

സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി പിടിയിലായത്.

സിംബാംബ് വെയിലെ ഹരാരയില്‍ നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ കാത്തു നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന്‍ വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്. മുരളീധരന്‍ മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്‍പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന്‍ ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.

മരണാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തുകാര്‍ ആണ് മൃതദേഹങ്ങൾ മമ്മിയാക്കി മാറ്റി സൂക്ഷിക്കുന്ന രീതി ആവിഷ്‌കരിച്ചത്. കാലങ്ങളോളം കേടുകൂടാതെ ശരീരത്തെ സൂക്ഷിക്കാന്‍ പ്രത്യേക രാസപദാർത്ഥങ്ങളും അവര്‍ മൃതശരീരത്തില്‍ പുരട്ടിയിരുന്നു. മാത്രമല്ല രത്‌നങ്ങളും ഭക്ഷണസാധനങ്ങളും വളര്‍ത്തുമൃഗങ്ങളുമൊക്കെ മമ്മിയ്‌ക്കൊപ്പം അടക്കിയിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇങ്ങനെ അടക്കം ചെയ്ത നിലയിൽ ധാരാളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ, 100 വർഷം മുൻപ് മരിച്ച രണ്ട് വയസുകാരിയുടെ സംരക്ഷിത മൃതദേഹം ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’ എന്ന വിശേഷണത്തോടെ ചർച്ചയാകുകയാണ്. മുൻപും ഇത് വാർത്തയായിട്ടുണ്ട്. 1920 ഡിസംബർ 2-ന് തന്റെ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പ് റൊസാലിയ ലോംബാർഡോ എന്ന പെൺകുട്ടി മരണമടഞ്ഞു. 1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ സ്പാനിഷ് ഫ്ലൂ പടർന്നു പിടിച്ചിരുന്നു. അതിനാൽ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരണപ്പെട്ടത് എന്നാണ് വിദഗ്ധരുടെ നിഗമനം.

റൊസാലിയയുടെ മൃതദേഹം വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ കാറ്റകോമ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. നൂറു വർഷത്തിന് ശേഷവും ഈ മൃതദേഹം യാതൊരു കേടുപാടുകളുമില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വാഭാവികമായും മൃതദേഹങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ അഴുകിത്തുടങ്ങും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ നൈട്രജൻ നിറച്ച ഒരു ഗ്ലാസ് കെയ്‌സിനുള്ളിലാണ് റോസാലിയയുടെ ശരീരം കിടക്കുന്നത്.ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1918 ഡിസംബര്‍ 13നായിരുന്നു റൊസാലിയയുടെ ജനനം.

മകളുടെ വേര്‍പാട് സഹിക്കാനാകാതെ പിതാവ് മാരിയോ ലൊംബാര്‍ഡോയാണ് മൃതദേഹം എംബാം ചെയ്ത് വയ്ക്കാന്‍ തീരുമാനിച്ചത്. ആല്‍ഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് പ്രത്യേക രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. ഈ ഗ്ലാസ് പെട്ടിക്കുള്ളിൽ ഇപ്പോഴും റൊസാലിയയുടെ മുടിയും ചർമ്മവും കേടുപാടുകൾ ഇല്ലാതെ ഇരിക്കുകയാണ്. എങ്കിലും അങ്ങനെ അഴുകാതിരിക്കുന്നതിനും പരിമിതികളുണ്ട്. അതിനാൽ തന്നെ റൊസാലിയ ഒരു ദുരൂഹതയായി തുടരുകയാണ്.

ചിലർ ഇത് മെഴുകുപ്രതിമയാണ് എന്നൊക്കെ പ്രചരിപ്പിച്ചു. മറ്റുചിലരാകട്ടെ ഈ മൃതദേഹം കണ്ണുചിമ്മിയെന്നും പറഞ്ഞു. എന്നാൽ ഇവയെല്ലാം ഒരു ഹിസ്റ്ററി ചാനൽ നടത്തിയ ഡോക്യൂമെന്ററിയിലൂടെ വ്യാജവാദങ്ങളായി തെളിയിക്കപ്പെട്ടു. കണ്ണുചിമ്മുന്നതായി തോന്നുന്നത് ഗ്ലാസ്സുകളിലൂടെ പ്രകാശം പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലാണിതെന്ന് അധികൃതരും വിശദീകരണം നല്‍കിയിരുന്നു.100 വർഷത്തിനുശേഷവും റൊസാലിയയുടെ അസ്ഥികൂടവും അവയവങ്ങളും കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നത് സ്കാനിംഗിലൂടെയും എക്സ്-റേയിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തലച്ചോറ് യഥാർത്ഥ വലുപ്പത്തിൽ നിന്നും 50 ശതമാനത്തോളം ചുരുങ്ങിയിട്ടുണ്ട്. എന്തായാലും ഇറ്റലിയിലെ ദുരൂഹമായ ഇതിഹാസങ്ങളിൽ പെടുകയാണ് റൊസാലിയ എന്ന മമ്മിയും.

ഷൂട്ടിംഗിനിടെയിൽ ഇറങ്ങിപ്പോകേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുമോൾ. ഒരു അഭിമുഖത്തിനിടെയാണ് അവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് നിന്നുള്ള ഒരു ഡാൻസ് സീനുണ്ടായിരുന്നു ഇതിലഭിനയിക്കുന്നതിനെടാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ഷൂട്ടിംഗ് രംഗങ്ങിലെ തുടർച്ച സംബന്ധിച്ചുണ്ടായ വാക്കുതർക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നുവെന്നും അനു പറഞ്ഞു. ഷൂട്ടിംഗ് രംഗങ്ങളുടെ തുടർച്ചയെ സംബന്ധിച്ച് 95 ശതമാനവും തനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താൻ ആ രംഗത്തിലഭിനയിച്ചത്.

അവസാനം പ്രശ്നം വഷളായതോടെ ആ വാക്കുതർക്കത്തിനിടെയിലും താൻ എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരെയും വിളിച്ച് സീൻ വിവരിക്കാൻ പറഞ്ഞു. എന്നാൽ ആർക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും അനു പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറാണ് തന്നോട് തർക്കിച്ചത്.

അവസാനം ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തന്റെ ഭാഗത്താണ് ശരിയെന്നും ബാക്കിയുള്ളവർക്കാണ് തെറ്റ് പറ്റിയതെന്ന് മനസിലായെന്നും അവർ പറഞ്ഞു. അവസാനം തനിക്ക് ആത്മാർത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകൻ പറഞ്ഞതായും അനുമോൾ കൂട്ടിച്ചേർത്തു.

രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത് കുമാർ പിടിയിലായത്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിലാണ് ഹെർണിയ ഓപ്പറേഷനെ സംബന്ധിച്ച് അറിയാനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി.

തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്ന് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുൻപും ഡോക്ടർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് എതിരെ പീഡനക്കേസിൽ ബംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ ടേപ്പ് പുറത്തുവന്നതിനെ തുടർന്നുള്ള കേസാണിത്. മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 മാർച്ച് 2ന് സ്വകാര്യ ടിവി ചാനലുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

നിത്യാനന്ദയ്‌ക്കെതിരെ ഒട്ടേറെ സമൻസുകൾ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് കാലാവധി തീർന്ന പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടന്നിരുന്നു. അതേസമയം, വിവാദ സ്വാമി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല.

2018 മുതൽ വിചാരണയിൽ നിന്നു വിട്ടുനിൽക്കുന്നതിനാൽ, 2020ൽ കോടതി ജാമ്യം റദ്ദാക്കി. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസും കർണാടക പോലീസിന്റെ സിഐഡി വിഭാഗം നിത്യാനന്ദയ്‌ക്കെതിരെ അന്വേഷിക്കുന്നുണ്ട്.

ഗുജറാത്തിൽ നിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തെ ഇന്റർപോൾ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് “യോഗ ” സെമിനാർ 2022ഓഗസ്റ്റ് 28ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, സൂം പ്ലാറ്റുഫോമിൽ നടക്കും. ഡോ : സന്ധ്യ കെ രാമകൃഷ്ണൻ നയിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാവരെയും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

ഡോ :സന്ധ്യ കെ രാമകൃഷ്ണൻ ഇക്കണോമിക്സ് ഡോക്ടറേറ്റും, ഇരുപത് വർഷത്തിലേറെയായി യോഗ മെഡിറ്റേഷൻ ട്രെയിനർ ആയും പ്രാക്ടീസ് ചെയ്യുന്നു. എച്ച്. എച്ച് ശ്രീ മാതാജി നിർമല ദേവിയുടെ യോഗ പ്രാക്ടീസ് അനുകരിക്കുന്നു.

“യോഗ ” മെഡിറ്റേഷനിലൂടെ കോവിടാനന്തര ശാരിരികവും, മാനസികവും ആയ അസ്വസ്ഥതകളെ എങ്ങനെ തരണം എന്നതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ്.

28/8/2022 ഞായറാഴ്ച 5 pm -6.30 pm.
ഇന്ത്യൻ സമയം 9.30pm-11pm.
Meeting ID 91795945063
Passcode 662854.

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യം പ്രായോഗികമല്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷത്തിനുമില്ല. പദ്ധതിക്ക് തറക്കല്ലിട്ടതും പാരിസ്ഥിതിക അനുമതി ലഭിച്ചതുമെല്ലാം കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരുകൾ ഉള്ളപ്പോഴാണ്. ശശിതരൂർ എം.പി അതിരൂപത അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകണമെന്ന നിലപാടാണ് സ്വീകരിച്ചത്.

7525 കോടിയുടെ നിർമ്മാണ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങുന്നത് നിസാരമായിരിക്കില്ലെന്നാണ് തുറമുഖ വകുപ്പിന്റെ നിലപാട്. ഇതുവഴിയുണ്ടാകുന്ന കേസും നഷ്‌ടപരിഹാരവും സർക്കാരിന് താങ്ങാവുന്നതിലും അധികമാകും. വിഴിഞ്ഞം വിഷയം നിയമസഭയിൽ നാളെ അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. മത്സ്യത്തൊഴിലാളികളെ പുനർഗേഹം പദ്ധതി വഴി മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും.

17.5 ഏക്കർ വിട്ടുനൽകുന്നതിൽ മൃഗസംരക്ഷണ വകുപ്പിനുള്ള എതിർപ്പ് ചർച്ചകൾക്കൊടുവിൽ ഇല്ലാതായെന്നാണ് സൂചന. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റുന്ന കാര്യത്തിലും ഉപസമിതി യോഗത്തിൽ തീരുമാനമുണ്ടാകും. വൈകിട്ട് നാലിനാണ് യോഗം.

ആന്റണിരാജു, എം.വി. ഗോവിന്ദൻ,കെ. രാജൻ, അഹമ്മദ് ദേവർകോവിൽ, അബ്‌ദുറഹ്മാൻ, ചിഞ്ചുറാണി എന്നിവരാണ് ഉപസമിതി അംഗങ്ങൾ.

മറ്റന്നാൾ നടക്കുന്ന ക്യാബിനറ്റിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന മണ്ണെണ്ണയുടെ കാര്യത്തിലും തീരുമാനമുണ്ടാകും. വ്യാഴാഴ്‌ചയോടെ മുഖ്യമന്ത്രി പ്രതിഷേധക്കാരുടെ യോഗം വിളിച്ചേക്കുമെന്നാണ് വിവരം. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പാരിസ്ഥിതക ആഘാതങ്ങളെപ്പറ്റി പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് സർക്കാർ അറിയിക്കാനാണ് സാദ്ധ്യത. തുറമുഖ നിർമ്മാണം നിറുത്തിവയ്‌ക്കാനാകില്ലെന്ന കാര്യവും ബോധിപ്പിക്കും. ഇതോടെ സമരം അവസാനിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

ഇന്നുമുതൽ കടലിലും സമരം

വിഴിഞ്ഞത്തെ സമരം ഇന്നുമുതൽ കടൽ മാഗവും നടത്താൻ സമരസമിതിയുടെ തീരുമാനം. പൂന്തുറ ഇടവകയുടെ നേതൃത്തിലാണ് കടൽ മാർഗം തുറമുഖം വളയുക. ചെറിയതുറ, സെന്റ് സേവിയേഴ്സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ മുല്ലൂരിലെ തുറമുഖ കവാടവും ഉപരോധിക്കും. 100ലധികം വള്ളങ്ങൾ ഒരേസമയം തുറമുഖത്തെ വലയം ചെയ്‌ത് പ്രതിഷേധിക്കും. സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ മതബോധന കേന്ദ്രങ്ങളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമരവേദിയിൽ പ്രാർത്ഥനാദിനം ആചരിച്ചു. സമരത്തിന് കെ.സി.ബി.സി പിന്തുണ അറിയിച്ചിട്ടുണ്ട്.

തീരശോഷണം പഠിക്കാൻ ജനകീയ സമിതി

തീരശോഷണത്തെപ്പറ്റി പഠിക്കാൻ ജനകീയ സമിതിക്ക് രൂപം നൽകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. നിയമസഭയിലും പാർലമെന്റിലും വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം.എൽ.എമാർക്കും എം.പിമാർക്കും സഭ കത്തയച്ചു. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യശാലകൾ തുറക്കുന്നത് നിരോധിച്ച കളക്‌ടറുടെ ഉത്തരവിനെ വികാരി ജനറൽ യൂജിൻ പെരേര സ്വാഗതം ചെയ്‌തു.

സൽമാൻ ഖാനെതിരെ ആരോപണവുമായി അദ്ദേഹത്തിന്റെ മുൻ കാമുകിയും നടിയുമായ സോമി അലി. ‘മേം നേ പ്യാര്‍ കിയ’ എന്ന ചിത്രത്തിന്റെ പോസ്റ്ററും നടി കുറിപ്പിനൊപ്പം പങ്കുവച്ചു. മറ്റുള്ളവരുടെ ദു:ഖത്തിൽ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് സൽമാൻ. സ്ത്രീകളെ തല്ലുന്നവനാണ് അദ്ദേഹം. അതിനാൽ സൽമാനെ ആരാധിക്കുന്നത് ആളുകൾ നിർത്തണമെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സംഭവം വിവാദമായതോടെ സോമി പോസ്റ്റ് പിൻവലിച്ചു.

ഒരു കാലത്ത് ഹിന്ദി സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. പാകിസ്ഥാനിൽ ജനിച്ച സോമി അമേരിക്കയിലാണ് പഠിച്ചതും വളർന്നതും. 1988ൽ മുംബയിലെത്തിയ സോമി അലി മോഡലിംഗിലായിരുന്നു തുടക്കം. പിന്നീട് സിനിമാ രംഗത്തേയ്ക്ക് വന്ന ഇവർ ഒമ്പത് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ആ കാലത്താണ് സോമി അലി നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാകുന്നത്. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച ശേഷം സോമി അലി അമേരിക്കയിലേക്ക് തിരിച്ചുപോയി. പിന്നീട് സിനിമയില്‍ അഭിനയിച്ചിട്ടില്ല. തന്നെ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു സോമി അലിയുടെ ആരോപണം. സല്‍മാനോടുള്ള ആകര്‍ഷണം തലയ്ക്ക് പിടിച്ച കാലത്താണ് താൻ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നതെന്നും, പ്രണയം തകർന്ന ശേഷം തന്നെ ഇന്ത്യയിൽ പിടിച്ചുനിർത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും സോമി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ സിസ്റ്റര്‍ ജോര്‍ജിറ്റ എസ്ഡി (മേരി ജേക്കബ് / കുട്ടിയമ്മ-83) 2022 ഓഗസ്റ്റ് 21-ന് ഞായറാഴ്ച വെകുന്നേരം 5.15-ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴയില്‍ അന്തരിച്ചു. സംസ്‌കാരം 22-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് ചെത്തിപ്പുഴ എസ്ഡി സെൻറ് ജോസഫ്സ് പ്രൊവിന്‍ഷ്യാള്‍ ഹൗസില്‍.

കര്‍ഷകപ്രമുഖന്‍ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തോമാ ചാക്കോ-ചമ്പക്കുളം വേലങ്കളം അച്ചാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: തങ്കമ്മ സേവ്യര്‍ വാളംപറമ്പില്‍ (എടത്വ), പരേതരായ പി.സി.തോമസ്, പി.സി.ചാക്കോ, ജേക്കബ് സെബാസ്റ്റിയന്‍, പി.സി.ജോസഫ്, പി.സി.മാത്യു, മേരിക്കുട്ടി, പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്‌ജെ.

സിസ്‌റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് (എസ്.ഡി / അഗതികളുടെ സഹോദരിമാര്‍) എന്ന സന്യാസസമൂഹത്തില്‍ 1959 ജനുവരി 15-നാണ് സിസ്റ്റര്‍ ജോര്‍ജിറ്റ (ജനനം: 1939 ഡിസംബര്‍ 30) ചേര്‍ന്നത്. 1961 ജനുവരി ഏഴിന് വ്രതസമര്‍പ്പണം നടത്തി. ചൊവ്വരയിലാണ് ജനറലേറ്റ്. പ്രൊവിഷനലേറ്റ് ചങ്ങനാശേരി ചെത്തിപ്പുഴയിലും. സഭയുടെ സുപ്പീരിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1964 സെപ്റ്റംബര്‍ ഒന്നിന് ജര്‍മനിയിലേക്ക് പോയി. അവിടെ സഭയുടെ ആദ്യ മഠം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1975-ല്‍ തിരിച്ചെത്തി കേരളത്തില്‍ ചാലക്കുടി കറുകുറ്റി മേലൂര്‍, മധ്യപ്രദേശിലെ സത്‌ന, തമിഴ്‌നാട്ടിലെ വെല്ലൂര്‍, മദ്രാസ് സാംതോം, കന്യാകുമാരി മാര്‍ത്താണ്ഡം മൂഞ്ചിറ, കര്‍ണാടകയിലെ ഹുസൂര്‍, കേരളത്തിലെ ആലപ്പുഴ, മങ്കൊമ്പ് നസ്രത്ത് തെക്കേക്കര, പാലാ മേവിട തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു.

അഗതികൾക്കും പ്രായമായവര്‍ക്കും മാനസികനില തെറ്റിയവര്‍ക്കുമായുള്ള ഭവനങ്ങളിലാണ് സിസ്റ്റര്‍ ജോര്‍ജിറ്റ പ്രധാനമായും സേവനം അനുഷ്ഠിച്ചിരുന്നത്.

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ​ ഗ്ലാമർ റോളുകളെപ്പറ്റി അവതാരകൻ ചോദിക്കുമ്പോൾ വളരെ ബോൾഡ് ആയാണ് സംയുക്ത മറുപടി നൽകുന്നത്.

ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറയുന്നുണ്ട്.

ഇന്നത്തെ നായിക നടിമാരുടെ അടുത്ത് ചോദിച്ചിരുന്നെങ്കിൽ അവതാരകനിട്ട് പൊട്ടിച്ചിട്ട് പോയേനെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമൻ്റ് ചെയ്യുന്നത്. മലയാളത്തിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണെന്നും.

അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്ക്രീനിൽ എത്തിയവർ പിന്നീട് തമിഴിലേക്ക് എത്തുമ്പോൾ ​ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറും. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഇതിനാണ് സംയുക്ത മാസ് മറുപടി നൽകിയത്.

RECENT POSTS
Copyright © . All rights reserved